രാമചന്ദ്രന്‍

രാമചന്ദ്രന്‍

s

t

o

r

y

ലാസര്‍ ഷൈന്‍

 

എനിക്ക് നന്നായി തണുക്കുന്നുണ്ട്. ഇലക്കോണുകളില്‍ നിന്ന് കണ്ണീര്‍ തണുപ്പിറ്റു വീഴുന്നുമുണ്ട്. ഈ സെമിത്തേരിയില്‍ കല്ലറകള്‍ക്കു നടുവില്‍ ഞാന്‍ മാത്രം. പച്ചമണ്ണിന്റെ നനവ്. വയലറ്റ് പൂക്കളുടെ മണം. കുരിശുകളുടെ നിഴലുകള്‍. എനിക്ക് സഹിക്കാനാവുന്നില്ല. കരയാന്‍ കഴിയുന്നുമില്ല.

.

നന്ദിതാദാസിന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഐശ്വര്യാ റായ് അടുക്കളപ്പുറത്തിരുന്ന് മീന്‍ വെട്ടുന്നുണ്ടായിരുന്നു. കുളിക്കടവില്‍ നിന്ന് അസിന്‍ തോട്ടുങ്കല്‍ കയറി വരുന്നുണ്ട്. കഴുത്തൊപ്പം വെള്ളത്തില്‍ ബിപാഷ ബസു കിടപ്പുണ്ട്. പാലു കൊടുക്കാന്‍ പോയ നയന്‍താര പുല്ലും ചുമന്ന് എതിരെ വന്നു. പക്ഷേ, എനിക്ക് നന്ദിതയുടെ വീട്ടിലേയ്ക്കാണല്ലോ പോകേണ്ടത്.

.

നന്ദിത വീട്ടില്‍ ഉണ്ടായിരുന്നില്ല. അവള്‍ തേന്‍ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. വീടു നിറയെ തേനീച്ചകളുടെ മുരള്‍ച്ചയാണ്. ടി.വി വെച്ചിട്ടുണ്ട്. പക്ഷെ ഒന്നും കേള്‍ക്കാനാവുന്നില്ല. തേനീച്ചകളുടെ മുരള്‍ച്ചയില്‍ ചെവി പൊട്ടി പോകും. അവറ്റകള്‍ സ്‌ക്രീനിലുമുണ്ട്. മുറ്റത്തും വരാന്തയിലുമെല്ലാം തേനീച്ചകള്‍ തന്നെ. നന്ദിതയുടെ അമ്മ ഒരു ഗ്ലാസ് സര്‍ബത്ത് തന്നു. തേനീച്ചകള്‍ ഗ്ലാസിന്റെ വക്കില്‍ പറന്നിരുന്നു. എനിക്ക് ഓക്കാനം വന്നു. പിന്നെയും കുറെ നേരം നോക്കിയിരുന്നു. വെയിലിനു ചൂടു കുറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചിറങ്ങി. പിന്നില്‍ നിന്ന് അമ്മ പറഞ്ഞു; ഓളിനി ഈച്ചകള്‍ക്ക് തീറ്റ പെറുക്കാന്‍ കാട്ടില്  കേറിക്കാണും. അതാ ഇത്ര വൈകണതേയ്.

.

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് നാട്ടില്‍ വന്നതിനു ശേഷം സൈക്കിള്‍ വാടകയ്ക്ക് കൊടുത്ത് ജീവിക്കുന്ന രാമചന്ദ്രന്റെ വീട്ടില്‍ ഞാന്‍ ചെന്നു. കുറെ വാടക പറ്റാണ്. നാണം തോന്നിയില്ല. ഒരു സൈക്കിള്‍ ചോദിച്ചു. താക്കോല്‍ എടുത്തു തന്ന് രാമചന്ദ്രന്റെ ഭാര്യ ചോദിച്ചു; എപ്പ വരും. ഞാന്‍ ഒന്നും പറഞ്ഞില്ല. സൈക്കിളിനു കാറ്റുണ്ടോയെന്ന് നോക്കി.

.

നന്ദിതയെ കാണണം. അകലെ കാട് കാണാം.

.

പക്ഷേ, സൈക്കിള്‍ കാട്ടിലേയ്ക്കല്ല പോയത്. രണ്ടു ദിവസം നിര്‍ത്താതെ ചവിട്ടി. അങ്ങിനെ ഞാനിവിടെ എത്തി.

.

എന്റെ പേര് കാസനോവ. വേഷം നീല ജീന്‍സും കറുത്ത ഷര്‍ട്ടും. പോക്കറ്റില്ല.

.

സൈക്കിള്‍ പഞ്ചറായതുകെണ്ട് ഇവിടെ നിര്‍ത്തി. കുറെ തള്ളി. സൈക്കിള്‍ നന്നാക്കുന്നവരാരും ഇവിടെയില്ല. ഞാന്‍ സൈക്കിളുമായി നടന്നു. വിശക്കുന്നുമുണ്ട്.

.

ഇവ്ടാരുമില്ലേ..

ആരാ..

വഴിപോക്കനാണേയ്…

ങ്ഹും എന്താ..

ന്റെ സൈക്കിളു പഞ്ചറായി.

എങ്ങോട്ടാ..

അറീല്ല…

തീരുമാനിച്ചിട്ടില്ല..

എങ്കി ആ വരാന്തേല് കെടന്നോ. നാളെ നോക്കാം.

.

സൈക്കിളില്‍ കാറ്റടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. ഒരുത്തി. ഞാന്‍ എഴുന്നേറ്റിരുന്നു. അവള്‍ ഭേദ്യം തുടങ്ങി.

കട്ടതാ..

അല്ല. വാടകയാ…

എവ്ട്ന്നാ..

നാട്ടീന്ന്നാ

നാടെവിടാ

ആ…

.

ഇവളുടെ പേര് ചന്ദ്രിക. അപ്പന് സൈക്കിളു പണിയായിരുന്നു. ചത്തു പോയി. പിന്നെ ഇവള്‍ ഈ പണി ചെയ്തു. ഞാന്‍ അവളുടെ കൂടെക്കൂടി.

എന്തു പണി അറിയാം- അവള്‍

ഒരു പണീം അറീല്ല- ഞാന്‍

ഞാമ്പണി പഠിപ്പിക്കട്ടെ- അവള്‍

ങ്ഹാ- ഞാന്‍

.

അന്നു രാത്രി അവള്‍ പറഞ്ഞു- മഴയുണ്ട്. അകത്തേക്ക് കേറി കെടന്നോ

.

ഞങ്ങള്‍ക്ക് രണ്ട് മക്കളുണ്ടായി. ഒരാണും പെണ്ണും. പക്ഷേ, രണ്ടും ആണാണെന്ന് പറഞ്ഞാ മതീന്ന് അവള്‍ പറഞ്ഞു. ആയ്‌ക്കോട്ടേന്ന് ഞാനും. രണ്ടിനും ഞാന്‍ നിക്കറും ഷര്‍ട്ടും മേടിച്ചു. സ്‌ക്കൂളിലും ആണായി തന്നെ അവളെ ചേര്‍ത്തു. പേര് രാമചന്ദ്രന്‍. ചന്ദ്രികേടെ അച്ഛന്റെ പേരാ.

.

വീട്ടിന്നേ മുള്ളിയിട്ടു പോണമെന്നും സ്‌ക്കൂളില്‍ചെന്നാല്‍ മുള്ളരുതെന്നും തിരിച്ചു വീട്ടില്‍ വന്നേ മുള്ളാവൂ എന്നും  രാമചന്ദ്രനെ ചന്ദ്രിക പഠിപ്പിച്ചു. അവളുടെ ചേട്ടന്‍ അരുണിനോടും സ്‌ക്കൂളില് മുള്ളരുതെന്ന് പറഞ്ഞു. ബാക്കീള്ള കുട്ട്യോളൊക്കെ മുള്ളൂല്ലോ ഞങ്ങക്കും മുള്ളണമെന്ന് വാശി പിടിച്ച് രാമചന്ദ്രന്‍ കരഞ്ഞു. അന്നവളെ ചന്ദ്രിക പൊതിരെ തല്ലി. തടുക്കാന്‍ ചെന്ന എനിക്കും കിട്ടി.

.

ഇന്നലെ പകല്‍ ഞാനും ചന്ദ്രികയും കൂടി ചന്തയില്‍ പോയി. മക്കള്‍ക്ക് പുതിയ നിക്കറുകളും വാങ്ങി. തിരിച്ചു വന്ന് വാതില്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയി. മക്കളു രണ്ടിനും തുണിയില്ല. അരുണ്‍ മുട്ടു കുത്തിയിരുന്ന് രാമചന്ദ്രന്റെ മുള്ളുന്ന സാധനം കാണുകയാണ്. ചന്ദ്രിക അലറി കരഞ്ഞ് പുറത്തേക്കോടി. കുറെ ദൂരം ഞാന്‍ പിന്നാലെ ഓടി. കിതച്ചപ്പോള്‍ തിരികെ പോന്നു. അവള് ഓടി ചെന്ന് കൊക്കേല് ചാടി.

.

മക്കളെ രണ്ടിനെയും നിക്കറും ഇടീച്ചാണ് ഞാന്‍ പള്ളീല് കൊണ്ടു പോയത്. ശവമടക്കു കഴിഞ്ഞിട്ടും ഞാനിവിടെ തന്നെ നിന്നു.

.

രാത്രി  ഞാന്‍ വീട്ടിലെത്തി. പഴയ സൈക്കിള്‍ എടുത്തു. നിറയെ കാറ്റടിച്ചു. രാമചന്ദ്രന്‍സൈക്കിള്‍-4 എന്ന നമ്പരു പോലും മാഞ്ഞിട്ടില്ല. രാമചന്ദ്രനും അരുണും ഉറങ്ങുകയാണ്. മരിച്ചേന്റന്ന് ചന്ദ്രിക വാങ്ങിയ രണ്ടു നിക്കറുകളും പൊതിഞ്ഞെടുത്തു. രാമചന്ദ്രനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. അവളെ സൈക്കിളിന്റെ മുന്നിലിരുത്തി. നിക്കറ് പൊതി കാരിയറില്‍ വെച്ചു. സൈക്കിള്‍ ഒച്ചയുണ്ടാക്കാതെ റോഡു വരെ തള്ളി. എന്നിട്ടു ചവിട്ടി. രാമചന്ദ്രന്‍ ചോദിച്ചു; അപ്പാ നമ്മളെങ്ങാട്ടാ..അവളുടെ നെറുകയില്‍ ഞാനുമ്മ വെച്ചു. എന്നിട്ട് പറഞ്ഞു- എടാ.. നീ മിണ്ടാണ്ടിരി.

.

സൈക്കിള്‍ മടക്കി കൊടുക്കുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു; ഞാനാ ബിസിനസ് നിര്‍ത്തി. ഇത്രേം കാലം കഴിഞ്ഞാണേലും തനിക്കിതു തിരിച്ചു കൊണ്ടു വരാന്‍ തോന്നീല്ലോ. താനീ സൈക്കിള് എടുത്തോ.എന്താ തന്റെ മോന്റെ പേര്.അവള്‍ പറഞ്ഞു- രാമചന്ദ്രന്‍.രാമചന്ദ്രന്‍ ചിരിച്ച്, അവളെ ദേഹത്തേയ്ക്ക് ചേര്‍ത്ത് അമര്‍ത്തി പുന്നാരിപ്പിച്ചു; എന്റെ പേരു തന്നെ!!

4 പ്രതികരണങ്ങള്‍ to “രാമചന്ദ്രന്‍”


  1. 2 Rajesh Mc ഒക്ടോബര്‍ 23, 2010 -ല്‍ 4:58 am

    വ്യത്യസ്തമായ ഒരു കഥ പറച്ചില്‍… ഇഷ്ട്ടപെട്ടു…

  2. 3 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 10:26 am

    കഥ പറഞ്ഞ രീതി ഇസ്ടപ്പെട്ടു..കഥയും

  3. 4 P.M.Ali ഒക്ടോബര്‍ 24, 2010 -ല്‍ 2:22 pm

    കഥാകഥനം ഗംഭീരം. ഒരിക്കല്‍ തിടങ്ങിയാല്‍ അവസാനം വരെ വായനകാരനെ പിടിചു നിറുത്തുവാനുള്ള കഴിവു.


ഒരു അഭിപ്രായം ഇടൂ