നേര്‍ച്ചകൊറ്റന്‍

s

t

o

r

y

k

a

t

h

a

 

മൊയ്തു വാണിമേല്‍


വേലിയേറ്റത്തില്‍ മുങ്ങിപ്പോയ ചെറു ദ്വീപാണ് സുലയ്യക്കുട്ടിയുടെ ഓര്‍മ. ഓര്‍ക്കാന്‍ മടിച്ച കാര്യങ്ങളെല്ലാംഒറ്റയടിക്കവള്‍ മറന്നു. വെള്ളത്തിനു മുകളില്‍ അനാഥമായ പുല്‍ത്തലപ്പു പോലെ വേരും തണ്ടുമില്ലാത്ത ഇത്തിരി ഓര്‍മ്മകള്‍ മാത്രമുണ്ട് ബാക്കി.മരിച്ചു പോയ ബാപ്പയെ വീടിന്‍റെ മുറികളിലെല്ലാം അവള്‍ തിരഞ്ഞു നടന്നു. ബാപ്പ അങ്ങാടിയില്‍പോയതായിരുന്നു അവളുടെ ബാക്കി നിന്ന ഓര്‍മ, ബലി പെരുന്നാളിന് വിശുദ്ധ മാംസമായി വീതിക്കപ്പെട്ട നേര്‍ച്ചകൊറ്റനെയാണ് അവള്‍ പിന്നീട് ചോദിച്ചത്. പെറ്റനാള്‍ തൊട്ട് തീറ്റിപ്പോറ്റിയ ആട്ടിന്‍ കുട്ടി . പാല്‍ നിറത്തില്‍ കറുത്തപുള്ളികളുള്ള, കണ്ണെഴുതിയ കൊറ്റന്‍.

അന്ന് സുലയ്യ കുട്ടിക്ക് എട്ടോ ഒമ്പതോ വയസ്സാണ് പ്രായം. തൊടിയില്‍ ആടുകളെ തീറ്റിക്കൊണ്ടിരുന്നവള്‍ പെട്ടെന്ന് ഓടിക്കിതച്ചുവന്നു. കിതപ്പിനാലവള്‍ക്ക് വീര്‍പ്പു മുട്ടി. കണ്ണുരുട്ടി കൈകാലുകളാല്‍ ആങ്ങ്യം കാട്ടി കാര്യം പറയാന്‍തുനിഞ്ഞു. എന്തോ കണ്ടു പേടിച്ച പോലെ അവള്‍ വിറക്കുകയായിരുന്നു. ഉമ്മ കണ്ടാല്‍ ജിന്നിനെയിറക്കാന്‍മന്ത്രിച്ചൂതിയ ചരട് അവള്‍ക് കെട്ടുമെന്ന് ഉറപ്പ്‌.പേടിച്ചരണ്ട കണ്ണുമായി ശ്വാസം പിടിച്ച്‌, നിര്‍ത്തി നിര്‍ത്തി അവള്‍ പറഞ്ഞു.- ഇക്കാക്കാ ആങ്ങളേം പെങ്ങളും ……ചങ്ക് മുറിഞ്ഞ ആടിന്‍റെ ഒടുക്കത്തെ നിലവിളി പോലെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്. സുലയ്യക്കുട്ടി യുടെകണ്ണുകള്‍ പൊട്ടിയൊലിച്ചു. ഗദ്ഗദം തൊണ്ടയില്‍ കുപ്പിച്ചില്ലായി തറഞ്ഞു. കിളി വാതിലിലൂടെ ഇക്കാക്കതൊടിയിലേക്ക്‌ നോക്കി. ആട്ടിന്‍കുട്ടികള്‍ ഇണചേര്‍ന്ന് കളിക്കുന്നു. തള്ളയാട് ഒന്നുമറിയാതെ പ്ലാവില ചവ്യ്ക്കുന്നു.ആങ്ങളയും പെങ്ങളും കാണിച്ച പാപത്തിന്‍റെ പൊരുള്‍ ഇക്കാക്കയറിഞ്ഞു. ചിരിക്കയോ അവളെ ശാസിക്ക്യോവേണ്ടതെന്നറിയാതെ അയാള്‍ പരുങ്ങി. പാപത്തിന്‍റെ ജന്തു യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങിനെ അനിയത്തിയോട്പറയും? വരാന്തയില്‍ കണ്ണ് തുറിച്ച് ഉടല് വിറച്ച് അവള്‍ നിന്നു. പിന്നെ തീരാ പകയോടെ തൊടിയിലിറങ്ങി പാണവടിമുറിച്ചെടുത്ത്‌ ആങ്ങളയെയും പെങ്ങളെയും പൊതിരെ തല്ലി. കാര്യമെന്തെന്നറിയാതെ അവ നിലവിളിച്ചു. അരിശംതോര്‍ന്നപ്പോള്‍ വടി വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടി. അടുക്കളയില്‍ ഒരു വിതുമ്പല്‍ പൊട്ടിയൊലിച്ചു.പാപം ചെയ്ത കുഞ്ഞാടുകളെ കുറേക്കാലം അവള്‍ തിരിഞ്ഞു നോക്കിയില്ല. അടികൊണ്ട പാടുകള്‍തടവിക്കൊടുത്തും പച്ച പ്പിലാവില പെറുക്കി തീറ്റിയും പിന്നീട് സുലയ്യക്കുട്ടി ആടുകളുടെ ചങ്ങാത്തംവീണ്ടെടുത്തു. എന്നിട്ടും കൊറ്റനാടിനെ കുറ്റിയില്‍ മുറുക്കി കെട്ടാന്‍ അവള്‍ മറന്നില്ല. മുന്‍കരുതലുകളുടെ കയറുപൊട്ടിച്ച് ആങ്ങളയും പെങ്ങളും വീണ്ടും ഇണചേര്‍ന്നു രമിച്ചു. ക്രമേണ പാപത്തിന്‍റെ നരകക്കാഴ്ചകള്‍ അവളെ പൊള്ളിക്കാതായി.അവസാനത്തെ ഉറക്കഗുളികയും കൊടുത്താണ് സുലയ്യക്കുട്ടിയെ ഉറക്കിയത്‌. മരിച്ച ബാപ്പയെയും കൊറ്റനെയും ചോദിച്ച് അന്ന് മുഴുവന്‍ അവള്‍ ബഹളം വെക്കുകയായിരുന്നു. അവളെ ഉണര്‍ത്തല്ലേയെന്നു ഇക്കാക്ക പടച്ചവനോടിരന്നു. ഉണര്‍ന്നാല്‍ പാതിരാക്കും അവള്‍ നരകം തീര്‍ക്കും. ചിത്തരോഗാശുപത്രിയില്‍പാതിരാക്കൊരാള്‍ ഉണര്‍ന്നു നില വിളിച്ചാല്‍ പിന്നെ രാവ് പകലാകും. മയങ്ങിത്തുടങ്ങിയ രോഗികള്‍ ഉണര്‍ന്ന് ആങ്ങ്യങ്ങളുടെയും അട്ടഹാസങ്ങളുടെയും നരക വാതില്‍ തുറക്കും.

സുലയ്യക്കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. യതീംഖാനയില്‍ നിന്ന് വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍കണിക്കൊന്ന പോലെ പൂത്തുലഞ്ഞ അനിയത്തിയെയാണ് കണ്ടത്. ആള്‍കണ്ണാടിക്ക് മുമ്പില്‍ അവള്‍മണിക്കൂറുകളോളം പനങ്കുലമുടി ചീകിമിനുക്കുന്നതും കണ്ണാടിയിലെ സ്വന്തം ഉടലില്‍ ഉറ്റു നോക്കി കള്ളപ്പുഞ്ചിരിപൊഴിക്കുന്നതും ഒളി കണ്ണാലെ ഇക്കാക്ക കണ്ടു.കടും നിറങ്ങളുള്ള ഉടുപ്പുകളണിഞ്ഞു സുറുമ എഴുതി പീലിവിരിച്ച മയിലിനെ പോലെയാണ് അവളെ കാണുക. ഉടലിന്‍റെ സൌഭാഗ്യം ഒറ്റയ്ക്കവള്‍ ആഘോഷിക്കയാണെന്ന്തോന്നും.അവളുടെ നോട്ടവും നടത്തവും ഉമ്മയെ അസ്വസ്ഥമാക്കി. ഉമ്മ അവളെ ശകാരിച്ചു കൊണ്ടേയിരുന്നു. അവളാകട്ടെ ഉമ്മയുടെ ഖല്‍ബില്‍ തീക്കനല്‍ കോരിയിട്ടു. ഉമ്മ അവയെല്ലാം കോരി എടുത്ത് മകന്‍റെ മനസ്സിലിട്ടു കത്തിക്കും.-തലേം മൊലേം വന്ന വാല്യക്കാരത്തിയാ… ആരാന്‍റെ അടുക്കളേല്‍ കഴിയേണ്ടോള…..

ഒരു നാള്‍ കൊറ്റനാടിന്‍റെ കഴുത്തില്‍ ചുകന്ന നേര്‍ച്ച സഞ്ചി കെട്ടിത്തൂക്കി ഉമ്മ അതിനെ അങ്ങാടിയിലേക്ക് ഇറക്കിവിട്ടു. തൊടി വിട്ടു പോകാന്‍ മടിച്ച കൊറ്റന്‍ സുലയ്യക്കുട്ടിയെ വിളിച്ച് ദീനമായി കരഞ്ഞു.സുലയ്യക്കുട്ടിയുടെ കൊറ്റന്‍ നേര്‍ച്ചകൊറ്റനായി കഴിഞ്ഞിരുന്നു. കഴുത്തിലൊരു സഞ്ചി തൂക്കി അത്ബലിപെരുന്നാള്‍ വരെ അലയണം. മഹല്ലുകാര്‍ അതിന് നേര്‍ച്ചതീറ്റകള്‍ നല്‍കും. നേര്‍ച്ച നാണയങ്ങള്‍ കഴുത്തിലെ നേര്‍ച്ച സഞ്ചിയില്‍ നിക്ഷേപിക്കും. നേര്‍ച്ച കൊറ്റനെ ആരും ഉപദ്രവിക്കില്ല. നാളെത്തും മുമ്പെ കൊന്നുതിന്നുകയുമില്ല. തീറ്റി കൊഴുപ്പിച്ച് ബലിദിനം വരെ മഹല്ലുകാര്‍ അതിനെ പോറ്റും.മൈലാഞ്ചി വേലി കടന്ന്‌, അമ്പേ കരഞ്ഞ്, കൊറ്റന്‍ അങ്ങാടിയിലേക്ക് നടന്നു പോകുന്നത് കിളി വാതിലിലുടെഅവള്‍ കണ്ടു. ഖല്‍ബില്‍ നിന്ന് പൊന്തിയ ഒരു നെടുവീര്‍പ് അവളെയാകെ ഉലച്ചു.യത്തീമായ പെണ്‍കുട്ടിയുടെ ഓരോ തുള്ളി കണ്ണീരിനും പരലോകത്ത് ബന്ധുക്കളും മഹാല്ലുകാരും മറുപടിപറയേണ്ടി വരും- ഉമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഒടുക്കം മഹല്ലിലെ മൂപ്പന്മാര്‍പിരിവെടുത്താണ് പണമുണ്ടാക്കിയത്. അവര്‍ യത്തീം കുട്ടിയ്ക്ക് ദാനപ്പണവും നേര്‍ച്ച പ്പണവും നല്‍കി. അവര്‍കൊണ്ട് വന്ന സ്വര്‍ണപ്പതക്കം കഴുത്തില്‍ കെട്ടിയപ്പോള്‍ സുലയ്യക്കുട്ടി തമാശയായി പറഞ്ഞു-ഇനിയെന്നെ ഇറക്കി വിടാലോ നേര്‍ച്ചകൊറ്റനെ പൊലെ…..കല്യാണദിവസം ഒപ്പന പാടുന്ന കൂട്ടുകാരികളോടോത്ത് മൈലാഞ്ചി വേലി കടന്ന്‌ പോയ അനിയത്തി. ഒരുബലിദാനത്തിന്‍റെ ഓര്‍മ പോലെ ആ രംഗം മനസ്സില്‍ ചോര തെറിച്ചു കിടന്നു.ഉമ്മയ്ക്കും ബന്ധുക്കള്‍ക്കും സന്തോഷത്തേക്കാള്‍ അഭിമാനമായിരുന്നു. യാത്തീമായ പെണ്ണിന് ഗള്‍ഫുകാരനെത്തന്നെകിട്ടിയല്ലോ! ഉടലാകെ പൂത്തുലഞ്ഞു നടന്നവള്‍ ഇനിയൊരു വീടരായി, അടുക്കള ചുമരുകള്‍ക്കുള്ളില്‍ ഒരുപഞ്ചാരക്കുപ്പിയായി പുകപിടിച്ചു നശിക്കണം. പര്‍ദയും മക്കനയുമിട്ട് സ്വന്തം ഉടലിനെ പാപിയുടെ ചോരക്കറപുരണ്ട കയ്യ് പോലെ ഒളിപ്പിക്കണം. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ദേശാടകനായി ഒരു മാസത്തെദാമ്പത്യം നുകരാനെത്തുന്ന ഭര്‍ത്താവ്. ജീവിതത്തിലൊട്ടാകെ അവള്‍ക് എത്ര മാസം ദാമ്പത്യമുണ്ടാകും? മുപ്പത്തഞ്ഞു മാസത്തെ വിരഹവും ഒരു മാസത്തെ ദാമ്പത്യവും! അനിയത്തിയുടെ ഭാവി ഇക്കാക്കയുടെ മനസ്സില്‍ പൊള്ളുന്ന അറിവായി. യാത്തീമായ പെണ്‍കുട്ടിയുടെ ഓരോതുള്ളി കണ്ണീരിനും….ഉയരമുള്ള ചുറ്റുമതിലിനകത്ത് അവള്‍ ഒച്ചയുമനക്കവുമില്ലാതെ ഒതുങ്ങി. ആകാശമേഘങ്ങള്‍ക്കിടയിലൂടെപറന്നെത്തുന്ന ഭര്‍ത്താവിനെ കാത്തുകാത്ത് കണ്ണീരൊഴുക്കി. കിനാക്കളില്‍ നിറഞ്ഞു. വിരഹത്തിന്‍റെയുംകാത്തിരിപ്പിന്‍റെയും രാപകലുകളില്‍ അവളറിയാതെ ഒരു മയില്‍പെണ്ണ് പീലി വിരിച്ചുണര്‍ന്നു. വിഹ്വലമായ ആകാഴ്ചയില്‍ അവള്‍ നടുങ്ങും. പിന്നെ ക്രൂരമായ ഒരാനന്ദത്തോടെ അതിനെ ചവു ട്ടിയരച്ചു. തലയിണയില്‍മുഖമമര്‍ത്തി കുമ്പിടും. ഓരോ തവണ ചവുട്ടി യാരക്കുംബോളും അത് കൂടുതല്‍ കരുത്തോടെ പീലിവിരിച്ച്ചെത്തും.പേടിപ്പെടുത്തുന്ന ഈ അറിവ് അവള്‍ മനസ്സിന്‍റെ കള്ളരകളില്‍ ഒളിപ്പിച്ചു വെച്ചു .ഉറക്കഗുളികയുടെ കാരുണ്യത്താല്‍ സുലയ്യക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങി. ഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയുംചെയ്തു. കിളിവാതിലിലൂടെ അവളുടെ ദീനമുഖം കാണാം. മോന്‍റെ മയ്യിത്ത് മടിയില്‍ കിടത്തിയ ഉമ്മയുടെവ്യാകുലതയാണ് അവളുടെ മുഖത്ത്.പാതിരാ കഴിഞ്ഞിരിക്കുന്നു. സുലയ്യക്കുട്ടിക്ക് കാവലായി ചിത്തരോഗാശുപത്രി യുടെ നനഞ്ഞ വരാന്തയില്‍ ചുമരുംചാരിയിരുന്ന് ഇക്കാക്ക നക്ഷത്രത്തോളമുയരത്ത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.അന്ന് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ മനസ്സിനകത്ത് ഒരിക്കലുമില്ലാത്ത പിടച്ചിലുകള്‍അവളറിഞ്ഞു. അന്നാദ്യമായി കുളിമുറിയില്‍ അവള്‍ ഒറ്റയ്ക്ക് വിവസ്ത്രയായി. കണ്ണാടിക്കു മുമ്പില്‍ സ്വന്തംഉടലിനെ അമ്പരപ്പോടെ നോക്കി നിന്നു. വിവാഹനാള്‍ മടക്കി വെച്ച പട്ടു സാരിയുടുത്തു. കണ്ണില്‍ സുറുമയെഴുതി.വീട്ടു മുറ്റത്തെ മരത്തണലില്‍ അവള്‍ പനങ്കുല മുടിയഴിച്ചു. ഭര്‍ത്താവ് ഗേറ്റ് തുറന്നു വരുമ്പോള്‍ സ്വബോധമില്ലാതെപനങ്കുല മുടി ചീകിച്ചീകി മിനുക്കി അവള്‍ ജ്വലിച്ചു നില്കയായിരുന്നു. എതിര്‍ വശത്തെ ഇരു നിലക്കെട്ടിടത്തിന്‍റെകിളിവാതിലിലൂടെ കാമം കത്തുന്ന രണ്ടു കണ്ണുകള്‍ അവളെ നക്കിയാറ്റുന്നത്‌ അയാള്‍ കണ്ടു. അവള്‍കണ്ടതുമില്ല. ഇടിവെട്ടുംപോലെ ഒരട്ടഹാസമായിരുന്നു പിന്നെ.അന്ന് രാത്രി, ഗാഡ്ഡനിദ്രയില്‍ ഭര്‍ത്താവ് ഒരു കത്രികയായി വന്നു. പനങ്കുലമുടി നൂറായിരം ചുരുളുകളായിമുറിയില്‍ ഫണമുയര്‍ത്തി ഇഴഞ്ഞു. പങ്കക്കാറ്റില്‍ മുടി ചുരുളുകള്‍ വായിലും മൂക്കിലും വന്നടിഞ്ഞ് അവളെവീര്‍പുമുട്ടിച്ചു. സുലയ്യക്കുട്ടി തലയിട്ടടിച്ചു. അലമുറയിട്ടു കരഞ്ഞു. അവളുടെ നിലവിളി ഭ്രാന്തമായഅലര്‍ച്ചകളായി…പുലമ്പലുകളായി….

ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് സുലയ്യക്കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടത്. കുഞ്ഞുമോന്‍ എവിടെയെന്നു തിരക്കിയ ഉമ്മയോടയാള്‍ കയര്‍ത്തു.-[‘ഓളതിനെ കൊല്ലും. പ്രാന്താ…നട്ടപ്രാന്ത്…’ഉമ്മയുടെ കണ്ണില്‍ ഒരു മിന്നല്‍ പുളഞ്ഞു. മകളെ കെട്ടിപ്പിടിച്ചു കരയുന്ന ഉമ്മയുടെ മുന്നില്‍ നിസ്സഹായനായിനില്‍ക്കയായിരുന്നു ഇക്കാക്ക. സുലയ്യക്കുട്ടി പെട്ടെന്ന് തലമറച്ച മക്കന അവന്‍റെ നേരെ വലിച്ചെറിഞ്ഞു. പനങ്കുലമുടിക്ക് പകരം നഴ്സറിക്കുട്ടിയുടെ തലമുടി!…മൂന്നാം നാള്‍ സുലയ്യക്കുട്ടിയെ മൊഴി ചൊല്ലിയ കത്ത് തപ്പാലില്‍ വന്നു. അന്നാണ് അവള്‍ക്ക് ഓര്‍മയുടെ ദ്വീപ്മുച്ചൂടും മുങ്ങിപ്പോയത്.

ബലിപെരുന്നാളിന്‍റെ തലേ രാത്രി ഉറക്കഗുളികയുടെ വീര്യത്തില്‍ തളര്‍ന്നു കിടക്കയായിരുന്നു സുലയ്യക്കുട്ടി.രാത്രിയുടെ നീലിച്ച ഇരുട്ടിലൂടെ നേര്‍ച്ചക്കൊറ്റന്മാരുടെ നിലവിളി അവളില്‍ പെയ്തിരിക്കാം. പ്രണയത്തിന്‍റെമൈലാഞ്ചി ചുവപ്പുമായി മനസ്സിലേക്കാരോ ചുംബനമായിറങ്ങിയിരിക്കാം. കാരണം എന്തായാലുംചിത്തരോഗാശുപത്രിയുടെ അടച്ചിട്ട വാര്‍ഡില്‍ നിന്ന് സുലയ്യക്കുട്ടി അപ്രത്യക്ഷയായിരിക്കുന്നു.ഈ നേരംവെളുപ്പാന്‍ നേരത്ത് എവിടെയാണവളെ തിരയുക?…ഇക്കാക്കയുടെ ഉള്ളിലാകെ തിയ്യായിരുന്നു. അവന്‍ ആശുപത്രിയുടെ ഉറുമ്പുമാടികള്‍ വരെ പരതി. ആരെല്ലാമോഎങ്ങെല്ലാമോ വെളിച്ചവുമായി തിരഞ്ഞിറങ്ങി.തളര്‍വാതം പിടിച്ചവനെപോലെ അവശനായിരിക്കുമ്പോഴാണ്‌ ഏതോ ചിലര്‍ തിരിച്ചുവന്നത്. അവരുടെ പുറകെഒരു ബലിയാടിന്‍റെ മനസ്സുമായി ഇക്കാക്ക നടന്നു.ഒടുക്കം തെരുവിന്‍റെ ഇരുള്‍ വരാന്തയില്‍ കീറിപ്പറിഞ്ഞ സാരിയും ചോരത്തുള്ളികളുമായി സുലയ്യക്കുട്ടിബോധംകെട്ടു കിടന്നു. വീതിക്കപ്പെട്ട ഇറച്ചിയുടെ നോവില്‍ കലങ്ങിയ നേര്‍ച്ചകൊറ്റന്‍റെ മുഖവുമായി

8 Responses to “നേര്‍ച്ചകൊറ്റന്‍”


 1. 1 Sunil || Upasana ഒക്ടോബര്‍ 22, 2010 -ല്‍ 4:18 am

  സുലയ്യയുടെ ചിതറിയ ചിന്തകളിലൂടെ നടന്നു. നനഞ്ഞു.

  നന്നായി എഴുതി
  🙂
  സുനില്‍ || ഉപാസന

 2. 2 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 8:12 am

  ഇറച്ചിയുടെ നോവില്‍ കലങ്ങിയ നേര്‍ച്ചകൊറ്റന്‍റെ മുഖവുമായി ……
  സുലയ്യക്കുട്ടി…ഇക്കാക്കയുടെ മനസ്സിലുടെ കടന്നു പോകുമ്പോള്‍
  ഒരു നനുത്ത നോവ്‌ ………
  നന്നായിരിക്കുന്നു ,,,,,,,

 3. 3 Muyyam Rajan ഒക്ടോബര്‍ 22, 2010 -ല്‍ 11:18 am

  Vayichathanu mump. ennalum nallath mosamavilla. Congratulations !

 4. 4 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 10:01 am

  ഹൃദ്യമായ നനവ്‌… സുലയക്കുട്ടി മനസ്സില്‍ കൂട് കൂട്ടി, ഒരു നനവായി അവിടിരിക്കുന്നു.

 5. 5 sethu menon ഒക്ടോബര്‍ 23, 2010 -ല്‍ 12:01 pm

  Well-twined story. I like the criss-cross spinned artwork of a story which is not easy to do.

 6. 6 P.M.Ali ഒക്ടോബര്‍ 24, 2010 -ല്‍ 2:14 pm

  സുലയ്യക്കുട്ടി, എത്ര എത്ര സുലയ്യക്കുട്ടികള്‍ ചിതറിക്കിടക്കുന്നു. കഥ നല്ല പോലെ പറഞ്ഞു; എവിടൊയൊ ഒരുന്‍ നൊംബരം സ്രിഷ്റ്റിച്ചുകൊണ്ടൂ.

 7. 7 മലബാറി ഒക്ടോബര്‍ 26, 2010 -ല്‍ 4:29 am

  നനഞ്ഞ മണ്ണില്‍ നഗ്ന പാതം ചവിട്ടുംബ്ബോള്‍ ഉണ്ടായ ആ നനുനനുപ്പ് ഇന്നു ഇപ്പൊള്‍ എനിക്കു വീണ്ടും അനുഭവപ്പെട്ടു

 8. 8 Mohamed Maranchery ഒക്ടോബര്‍ 28, 2010 -ല്‍ 9:47 am

  വീണ്ടും വായിച്ചു .. വല്ലാത്ത ഒരവസ്ഥ; പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ പരിമിതം ..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: