കടലാസില്ലാത്ത വിദ്യാഭ്യാസം

e

s


s

a

y

കെ. വി. പരമേശ്വരന്‍


വര്‍ത്തമാനകാലത്തിന്റെ വരദാനമാണ്‌ കമ്പ്യൂട്ടര്‍ . ലോകത്തിലാകെ അഞ്ച്‌ കമ്പ്യൂട്ടറിന്റെ ആവശ്യമേയുള്ളുവെന്ന്‌ ഐ ബി എമ്മിന്റെ തലവനായിരുന്ന തോമസ്‌ ജെ വാട്സണ്‍ 1943ല്‍ പ്രസ്‌താവിച്ചു എന്ന്‌ പറയപ്പെടുന്നത്‌ തെറ്റോ ശരിയോ ആവട്ടെ, ഇന്ന്‌ കമ്പ്യൂട്ടറിന്റെ വിവിധരൂപത്തില്‍ ഒരാള്‍ക്ക്‌ ഒന്നിലധികം എന്നതിനു പുറമെ, ആഗോള കമ്പ്യൂട്ടര്‍ ശൃംഖലയുടെ ആവിര്‍ഭാവത്തോടെ ഒരാള്‍ക്ക്‌ ഒരു ലക്ഷം എന്ന അവസ്ഥയും നിലനില്‍ക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ മറ്റൊരു മേലക്കും അവകാശപ്പെടാനാവാത്ത അത്ഭുതകരമായ വളര്‍ച്ചയാണ്‌ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ നാം കണ്ടത്‌. അത്‌ ഇന്നും അനുസ്യൂതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ വിവരസംസ്കരണശേഷിയും വേഗതയും ഇരട്ടിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം അവയുടെ വലുപ്പവും വിലയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ആശാവഹമായ ഈ പ്രവണത ഏത്‌ സാധാരണക്കാരനും കമ്പ്യൂട്ടര്‍ കയ്യിലൊതുങ്ങുന്നതാക്കുന്നു. വാസ്‌തവത്തില്‍ , മറ്റെല്ലാറ്റിനുമുപരി ആഗോളഗ്രാമം എന്ന സങ്കല്‍പ്പത്തിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നത്‌ കമ്പ്യൂട്ടറാണ്‌ എന്ന്‌ നിസ്സംശയം പറയാം .
കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ ഈ വളര്‍ച്ച നമ്മുടെ ദൈനംദിന ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാന്‍ സഹായിച്ചുവെങ്കിലും അതിന്റെ അനന്തസാദ്ധ്യതകള്‍ ഇനിയും വളരെയധികം ജനോപകാരപ്രദവും പരിസ്ഥിതിസൌഹൃദപരവുമായ മേഖലകളില്‍ വിനിയോഗിക്കാനാവും . ഇന്ന്‌ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ വിപ്ളവകരമായ മാറ്റം സൃഷ്ടിക്കാവുന്ന ഒരു മേഖലയാണ്‌ കടലാസിന്റെ നിര്‍മ്മാര്‍ജ്ജനം . കടലാസും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം സുവിദിതമാണ്‌. വനനശീകരണത്തിന്റെ ഇരുപത്‌ ശതമാനവും കടലാസ്‌ നിര്‍മ്മാണത്തിനു വേണ്ടിയാണ്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഒരു കിലോ കടലാസുല്‍പ്പാദിപ്പിക്കുന്നതിന്‌ മൂന്നര കിലോ മരം വേണം . അത്‌ മൂന്ന്‌ കിലോ കാര്‍ബണ്‍ ഡയോക്സൈഡ്‌ പുറന്തള്ളുന്നു. അതായത്‌, കടലാസുല്‍പ്പാദനം ഒരേ സമയം പ്രകൃതി വിഭവങ്ങള്‍ ശോഷിപ്പിക്കുകയും അന്തരീക്ഷത്തിലേക്ക്‌ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളി പരിസ്ഥിതി സംതുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യുന്നു. അതേ സമയം ഇന്ത്യയിലെ മൊത്തം കടലാസുപഭോഗം 2007ലെ കണക്കു പ്രകാരം 70ലക്ഷം ടണ്ണായിരുന്നുവെങ്കില്‍ അത്‌ 2015 ആകുമ്പോഴേക്ക്‌ ഇരട്ടിയാവുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌. കടലാസ്‌ രഹിത കാര്യാലയങ്ങള്‍ എന്ന ആശയം പുതിയതല്ലെങ്കിലും , ഒരു പക്ഷേ അതിനേക്കാള്‍ ഫലപ്രദമായി ഇത്‌ പ്രാവര്‍ത്തികമാക്കാവുന്ന ഒരു മേഖലയാണ്‌ വിദ്യാഭ്യാസം .
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം കൊമ്പുകോര്‍ക്കുന്നതാണ്‌ സാധാരണ കണ്ടുവരുന്നത്‌. എന്നാല്‍ ഇവിടെ അവ പരസ്പരം കൈകോര്‍ത്തു പിടിക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്ന, ഏകദേശം 9 ഇഞ്ച്‌ മാത്രം വലുപ്പമുള്ള ‘നെറ്റ്‌ ബുക്കുകളും , ലിനക്സ്‌, ഉബുന്റു, ഓപ്പന്‍ ഓഫീസ്‌ എന്നീ സൌജന്യ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച്‌ ടെക്സ്റ്റ്‌ പുസ്‌തകങ്ങളും നോട്ടുപുസ്‌തകങ്ങളും അപ്പാടെ ഒഴിവാക്കാവുന്നതാണ്‌. എല്ലാ ടെക്സ്റ്റ്‌ പുസ്‌തകങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കി ഇന്റര്‍നെറ്റ്‌ വഴി വിതരണം ചെയ്യാം . ഇതിന്‌ ‘അക്ഷയ’ പോലുള്ള സേവനകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം . (അതല്ലാതെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ മാത്രമായുള്ള എജുസാറ്റ്‌ പോലുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസത്തിനു മാത്രമായി കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കാവുന്നതാണ്‌. ഇത്‌ പ്രാദേശിക ഭാഷ സംബന്ധമായ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ ഇന്ത്യയിലാകെ ഒരൊറ്റ വിദ്യാഭ്യാസ സംവിധാനവും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ സഹായിക്കും .) കുട്ടികള്‍ക്ക്‌ അവ തമ്മില്‍ തമ്മില്‍ കൈമാറുകയും ചെയ്യാം . കൂടാതെ ഓരോ സ്കൂളിനും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും അവ മറ്റു സ്കൂളുകളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം സജജീകരിക്കുകയും വേണം . (ഇത്‌ സ്വാഭാവികമായും , വിദ്യാഭ്യാസ മേലയില്‍ കടലാസ്‌ രഹിത കാര്യാലയങ്ങള്‍ എന്ന അവസ്ഥയിലേക്ക്‌ നയിക്കും .) പിന്നെ വേണ്ടത്‌ എല്ലാ കുട്ടികള്‍ക്കും മുമ്പ്‌ പറഞ്ഞതുപോലുള്ള സൌജന്യ സോഫ്റ്റ്‌വെയറോടു കൂടിയ, ചെറിയ, ഭാരം കുറഞ്ഞ നെറ്റ്ബുക്കുകളാണ്‌. ഇത്രയും വലിയ ഒരു വിപണി തുറക്കപ്പെടുമ്പോള്‍ അവ ഇപ്പോഴത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്നതാണ്‌. അതിനെ പുറമെ സര്‍ക്കാരില്‍ നിന്നും സബ്സിഡിയും നല്‍കണം .


അത്തരം കമ്പ്യൂട്ടറുകളില്‍ വളരെ പ്രധാനമായ ഒരു സവിശേഷതയുണ്ടായിരിക്കണം -ഒപ്റ്റിക്കല്‍ പേനയുപയോഗിച്ച്‌ എഴുതുകയും അത്‌ അതേപടി സൂക്ഷിച്ചുവെക്കാനുമുള്ള സൌകര്യം . അങ്ങനെ ഇലക്‌ട്രോണിക്‌ കൈപ്പട അല്ലെങ്കില്‍ ഡിജിറ്റല്‍ കൈപ്പട സാര്‍വ്വത്രികവും അംഗീകൃതവുമായ ഒരു സവിശേഷതയായി മാറും . അത്തരം പേനകള്‍ സാധാരണ പേനകള്‍ പോലെ സൌകര്യമായി പിടിച്ചെഴുതാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്യാന്‍ പ്രയാസമുണ്ടാവില്ല. അങ്ങനെയാവുമ്പോള്‍ സാധാരണ കൈപ്പടയും ഡിജിറ്റല്‍ കൈപ്പടയും തമ്മില്‍ അതിന്റെ വ്യക്ത്യാധിഷ്ഠിതവും മനശ്ശാസ്‌ത്രപരവുമായ എല്ലാ അര്‍ത്ഥതലങ്ങളിലും യാതൊരു വ്യത്യാസവുമുണ്ടായിരിക്കുകയില്ല. ദൈനംദിന പഠന സംബന്ധമായ എല്ലാ പ്രവൃത്തികളും ഈ രീതിയില്‍ നിര്‍വ്വഹിക്കണമെന്ന്‌ നിഷ്ക്കര്‍ഷിക്കുകയാണെങ്കില്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ടൈപ്പിങ്‌ വേഗത വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമത നിര്‍ണ്ണയിക്കുന്ന ഘടകമാവുകയില്ല. മാത്രമല്ല, കയ്യെഴുത്ത്‌ എന്ന കഴിവിന്‌ വംശനാശം സംഭവിക്കാതെ നിലനിര്‍ത്താം , പേന മുതലായ എഴുത്തുപകരണങ്ങളോട്‌ വിട പറയേണ്ടി വരുമെങ്കിലും .
ഇവിടെ മറ്റൊരു വന്‍ സാദ്ധ്യത ഒളിഞ്ഞു കിടക്കുന്നു. ഒരോ വിഷയത്തിന്റെ പാഠ്യപദ്ധതിയിലും ധാരാളം അനുയോജ്യമായ ദൃശ്യ ശ്രാവ്യ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ പഠനം ഒരു ബഹുമാദ്ധ്യമ അനുഭവമാക്കാന്‍ നിഷ്പ്രയാസം സാധിക്കും . ഇത്‌ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ലോകോത്തര നിലയിലേക്ക്‌ ഉയര്‍ത്തുന്നതോടൊപ്പം പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും . മാത്രമല്ല, പാഠ്യപദ്ധതിയുടെ കാലാനുസൃതമായ പരിഷ്കരണത്തിന്‌ ഇന്നത്തെപ്പോലെ എല്ലാ പുസ്തകങ്ങളും മാറ്റി പുതിയ പുസ്‌തകങ്ങള്‍ അച്ചടിക്കേണ്ട ആവശ്യമില്ല; ആവശ്യമായ മാറ്റങ്ങള്‍ മാത്രം വരുത്തി കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ വിതരണം ചെയ്‌താല്‍ മാത്രം മതി.
പാഠ്യസംബന്ധമായ എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറില്‍ നേരിട്ട്‌ ചെയ്യാവുന്നതാണ്‌. വിദ്യാര്‍ത്ഥികളുടെ പക്കല്‍ ഒരു കൊച്ചു കമ്പ്യൂട്ടര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇങ്ങനെ കുട്ടികളുടെ ഭാരവുമ്, അവരെ ചുമക്കുന്ന വാഹനങ്ങളുടെ ഭാരവും കുറയും. കടലാസിനായി മുറിക്കുന്ന വൃക്ഷങ്ങളും അവ കൃഷി ചെയ്യുന്ന സ്ഥലവും പ്രകൃതിക്ക്‌ തിരിച്ചു നല്‍കാം . അതേസമയം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ആയിരക്കണക്കിന്‌ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും .
സമീപഭാവിയില്‍ തന്നെ കമ്പ്യൂട്ടറുകള്‍ സൌരോര്ജ്ജ ബാറ്ററികള്‍ കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സാങ്കേതികവിദ്യ വികസിക്കുമെന്ന്‌ പ്രതീക്ഷിക്കാം . അതോടുകൂടി കമ്പ്യൂട്ടറുകള്ക്ക്‌ പരിപൂര്‍ണ്ണ സ്വാതന്ത്യ്രം ലഭിക്കും . അതോടൊപ്പം തന്നെ കമ്പ്യൂട്ടറുകളുടെ വയര്‍ലെസ്സ്‌ ശൃംഖലകള്‍ വര്‍ദ്ധിച്ച തോതില്‍ ഉപയോഗിച്ചു കൊണ്ട്‌ പരീക്ഷകള്‍ നടത്തുകയും ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കുകയും ചെയ്യാം . ഇന്നത്തെ രീതിയില്‍ പുസ്‌തകങ്ങള്‍ അടുക്കി വെച്ചിട്ടുള്ള ലൈബ്രറികള്‍ ഇപ്പോഴത്തെ മനുസ്ക്രിപ്റ്റ്‌ ലൈബ്രറികള്‍ പോലെ ഒരു പുരാവസ്‌തു സ്ഥാപനമായി മാറുന്ന കാലം അതിവിദൂരമല്ല. പുസ്‌തകം പോലെ കയ്യില്‍ പിടിച്ച്‌ വായിക്കാന്‍ പാകത്തില്‍ ഇ-ബുക്‌ റീഡര്‍ ഇപ്പോള്‍ത്തന്നെ വിപണിയിലെത്തിക്കഴിഞ്ഞുവെന്ന്‌ ഓര്‍മ്മിക്കുക.

ഇപ്പറഞ്ഞതെല്ലാം ഒറ്റയടിക്ക്‌, ഒന്നോ രണ്ടോ കൊല്ലങ്ങള്‍ കൊണ്ട്‌ സാധിക്കും എന്ന വ്യാമോഹമൊന്നും നമ്മുടെ വ്യവസ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കുമുണ്ടായിരിക്കുകയില്ല. എങ്കിലും ഇന്ന്‌ നമുക്ക്‌ ലഭ്യമായ വിദ്യാഭ്യാസ വിദഗ്ധരുടേയും കമ്പ്യൂട്ടര്‍ വിദഗ്ധരുടേയും മാനവവിഭവശേഷി ഏകോപിച്ചുകൊണ്ട്‌ പടി പടിയായി, ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാല്‍ സമീപഭാവിയില്‍ത്തന്നെ ലക്ഷ്യം കൈവരിക്കാനാവുമെന്നതില്‍ യാതൊരു സംശയവുമില്ല. അത്‌ വര്‍ത്തമാനകാലമുയര്‍ത്തുന്ന വെല്ലുവിളിയായ ഒരു നവഭാരതസൃഷ്ടിയിലേക്കുള്ള ഉറച്ച കാല്‍വെപ്പായിരിക്കും .

0 പ്രതികരണങ്ങള്‍ to “കടലാസില്ലാത്ത വിദ്യാഭ്യാസം”



  1. ഒരു അഭിപ്രായം ഇടൂ

ഒരു അഭിപ്രായം ഇടൂ