കവിത – കീഴ്ത്തട്ടിലേക്ക് ചുരക്കേണ്ട കിനിവ്

കവിത-കീഴ്ത്തട്ടിലേക്ക് ചുരക്കേണ്ട കിനിവ്

പുരസ്കൃതനായ വിഷ്ണുനാരായണന് നമ്പൂതിരിയുടെ കാവ്യസംസ്കാരം മുന്‍ നിര്‍ത്തി എളിയ ഒരു കുറിപ്പ്.

പ്രൊഫ. കെ. പി. ശങ്കരന്‍


കവിത ശ്രദ്ധിക്കുന്ന തിരക്കുകൊണ്ടോ എന്തോ, വൈലോപ്പിള്ളിയുടെ ഇരു കാവ്യ നാടകങ്ങള്‍ നാം കാണാതെ പോയി. ഇവ അരങ്ങത്ത് അവതരിപ്പിക്കയുണ്ടായോ എന്ന് അന്വേഷിക്കാതിരിക്കുകയാവും ഭേദം. ഇവയില്‍ അദ്യത്തേതായ ‘ഋശ്യശൃംഗന്‍’ ഡെല്‍ഹിയില്‍ അരങ്ങേറിയതായി ഓംചേരി ഒരിക്കല്‍ വെളിപ്പെടുത്തിയതായി ഓര്‍മ്മവരുന്നു. നാടകം എന്ന നിലയ്ക്ക് സാധ്യത ഒട്ടും കുറവില്ലാത്ത രണ്ടാമത്തേതോ-‘അലക്സാണ്ടര്‍’ എന്ന ആ കൃതി ഇന്ത്യന്‍ സത്തയുടെ സൂക്ഷ്മശില്പ്പമായിട്ടും വല്ലൊരുസംവിധായകനേയും ആകര്‍ഷിച്ചതായി കേട്ടില്ല. പോട്ടെ, അരങ്ങിന്റെ സൗഭാഗ്യം മാറ്റി നിര്‍ത്തുക; വൈലോപ്പിള്ളി എന്ന പ്രതിഭയുടെ വരിഷ്ഠമായ പ്രകാശം വഴിയുന്ന “ഋശ്യശൃംഗനും അലക്സാണ്ടറും” വായനക്കരെങ്കിലും വഴിയാം വണ്ണം മനസ്സിരുത്തുകയുണ്ടായോ?…

ഇവിടെയാകും വൈലോപ്പിള്ളിക്ക് പിന്നത്തെ തലമുറയില്‍ ലഭിച്ച മികച്ച വിദ്യാര്‍ത്ഥി ആര് എന്ന പ്രശ്നത്തിന്റെ പ്രസക്തി. എനിക്കു തോന്നുന്നു, അതു വേറാരുമല്ല, വിഷ്ണുനാരായണന്‍ നമ്പൂതിരി തന്നെ. 1956 മെയ് മാസത്തില്‍ ഒന്നാം പതിപ്പ് ഇറങ്ങിയ ഈ ഇരുനാടകങ്ങള്‍ രണ്ടാം പതിപ്പിലേക്ക് കടക്കുന്നത് 1974 സെപ്റ്റംബറിലത്രേ. രണ്ടാം പതിപ്പിന്റെ സവിശേഷമായ അനുഗ്രഹം ‘നാടകത്തിലെ കവിത’ എന്ന പേരില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി അവതാരികാരൂപത്തില്‍ എഴുതിയ ആസ്സല്‍ പഠനമാണ്. “ഭാരതീയ ജനവര്‍ഗ്ഗത്തിന്റെ അഗാധചേതനയെ സ്പര്‍ശിച്ചുകൊണ്ടല്ലാതെ ഈ നാടകത്തിലൂടെ മനസ്സു നടത്തുവാന്‍ നമുക്ക് കഴിയില്ല”എന്ന് ആ പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നും ഈ നാടകങ്ങളില്‍ അഭിരമിക്കുക എന്ന പ്രക്രിയ താന്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു എന്നതിന് ഈയിടെ അദ്ദേഹം നടത്തിയ ചില പ്രഭാഷണങ്ങള്‍ തെളിവു നല്‍കുന്നു. ‘ഭാനുവിന്’ എന്ന ഒറ്റവാക്കിലുള്ള സമര്‍പ്പണത്തിന്റെ പൊരുളും ഋശ്യശൃംഗ’നിലെ ദര്‍ശനത്തോട് അതിനുള്ള പിണച്ചിലും വിശദമാക്കിയത് വിഷ്ണുവിന്റെ ഉള്‍ക്കാഴ്ചയെ ഉദാഹരിക്കുന്നു.


മറ്റൊരു ഉദാഹരണമാണ്, എന്നാലും, ഈ കുറിപ്പിന് ഉത്തേജകമായി ഞാന്‍ ഉപജീവിക്കുന്നത് ‘അലക്സാണ്ട’റിലെ ഒരു പ്രകരണം. പുരുഷോത്തമന്‍ തടവില്‍ പിടിക്കപ്പെട്ട് അലക്സാണ്ടറുടെ സന്നിധിയില്‍ ആനീതനാവുകയാണ്. ആ വ്യക്തിത്വം ക്രമത്തില്‍ അലക്സാണ്ടറുടെ ആദരം നേടുന്നു. താന്‍ എങ്ങനെ വേണം അങ്ങോട്ടു പെരുമാറുക എന്നാരാഞ്ഞതിന് പുരുഷോത്തമന്റെ അചഞ്ചലമായ ഉത്തരം: “ഒരു രാജാവിനോടു പെരുമാറും പോലെ.” ‘പ്രൗഡമായ’ ഈ വാക്കിനെ അലക്സാണ്ടര്‍ക്ക് അഭിമനിക്കാതെ വയ്യ എന്നായി. അദ്ദേഹത്തിന്റെ വാക്കും അപ്പോള്‍ തുല്യമായ അനുപാതത്തല് പ്രൗഡമാവുന്നു: “താങ്കളുടെ ഉയിരിനും ആറടിയിലധികം പൊക്കമുണ്ട്” ഈ വാക്യത്തെ മുന്‍ നിര്‍ത്തി വിശേഷിച്ചു വല്ല നിരീക്ഷണവും വിഷ്ണുവിന്റെ കവിതയില്‍ വാര്‍ന്നു വീണില്ല. ഇതില്‍ കാളിദാസ സംസ്കാരം ഉപസ്കരിച്ചിരിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തിയത് വഴിയേ ആവാം. നേരിട്ടു സംഭാഷണത്തിലും വൈലോപ്പിള്ളിയെ സ്മരിക്കുന്ന ഒരു സമ്മേളനത്തിലും അദ്ദേഹം ഈ ആശയം അവതരിപിച്ചത് എനിക്ക് തുലോം ഉന്മേഷകരമായിത്തോന്നി. കുമാരസംഭവത്തിലെ ഒരു വാക്യമത്രേ സമാന്തരം. പരമേശ്വരനു വേണ്ടി പാര്‍വ്വതിയെ വധുവായി ചോദിക്കാന്‍ സപ്തര്‍ഷിമാര്‍ ഹിമവാനെ സമീപിച്ച സന്ദര്‍ഭം. ആദരം, വിനയം, ആഹ്ലാദം‌- എല്ലാം തുളുമ്പുന്ന സല്‍ക്കാരത്തെത്തുടര്‍ന്ന്, അംഗിരസ്സ് ആഗമനോദ്ദേശ്യം അറിയിക്കുന്നതിനു മുമ്പ് ഹിമവാനെ അനുമോദിക്കുകയാണ്.

“മനസ: ശിഖരാണാം ച

സദൃശീ തേ സമുന്നതി:”

[“താങ്കളുടെ മനസ്സിനും കൊടുമുടികള്‍ക്കുമുള്ള ഔന്നത്യം ഒരേ കിടയ്ക്കുള്ളതത്രേ” എന്നു മാരാരുടെ പരിഭാഷ”] തക്ക സന്ദര്‍ഭത്തില്‍ ഉണര്‍ന്നു വരാനും താന്‍ ഏര്‍പ്പെടുന്ന കവിതാവിശകലനത്തില്‍ ഉപയോഗപ്പെടുത്താനും ഉള്ള സജ്ജീകരണമായി കാളിദാസനെ വിഷ്ണു സ്വാംശീകരിച്ചിരിക്കുന്നു എന്ന് ആ വശം സംഗ്രഹിക്കട്ടെ.

മൂന്നു കവികളേയാണ് താന്‍ ഏറ്റവുംവിലമതിക്കുന്നതായി വിഷ്ണു സാക്ഷ്യപ്പെടുത്താറ്. വൈലോപ്പിള്ളി, കാളിദാസന്‍, യേറ്റ്സ്. ഇതില്‍ മൂന്നാമത്തെ ആളെ പല പ്രസംഗങ്ങളിലും പരാമര്‍ശിച്ചതിന്റെ സ്മൃതിയല്ലാതെ, ലിഖിത രൂപത്തില്‍ എന്തെങ്കിലുമൊന്ന് പെട്ടെന്ന് ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല. വൈലോപ്പിള്ളിയെയും കാളിദാസനെയും കുറിച്ചാവട്ടെ, താന്‍ എമ്പാടും എഴുതിയിട്ടുമുണ്ടല്ലോ. അതായത്, ആരംഭത്തില്‍ ഞാന്‍ സ്വരൂപിച്ച നിഗമനത്തിന് മറ്റൊരു വ്യാപ്തി സിദ്ധിക്കുന്നു: നമ്മുടെ തലമുറയില്‍ കാളിദാസനു കൈവന്ന ഏറ്റവും നല്ല വിദ്യാര്‍ത്ഥിയും വിഷ്ണുതന്നെ. കാളിദാസന്റെ കാവ്യസത്ത ആഗിരണം ചെയ്യുക, അതിന്റെ അനന്തമായ ആവിഷ്കാര പ്രഭേദങ്ങള്‍ അറിയുക, ആസ്വദിക്കുക- ഇത്തരം വിവിധ പ്രക്രിയകളിലൂടെ പുഷ്കലമായ ഒന്നത്രേ ആ വിദ്യാര്‍ത്ഥിത്വം. ഇളം നാളിലേ ആരംഭിച്ചതാണല്ലോ കാളിദാസനോടുള്ള ആ തന്മയീഭാവം. ഇത് ഏതെല്ലാം തലങ്ങളില്‍ ഫലിച്ചു എന്നതിന് ഒറ്റ ദൃഷ്ടാന്തം മാത്രം നിര്‍ധരിക്കട്ടെ: ഋതുസംഹാരത്തിന് താന്‍ തയ്യാറാക്കിയ സരളവും മധുരവുമായ പരിഭാഷ അടുത്ത കാലത്ത് വേറിട്ട ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തിയല്ലോ. (ഋതുസംഹാരം: കേരളസാഹിത്യ അക്കാദമി-2005) അതിനു ആമുഖമായി ‘കാളിദാസന്റെ ഉദയരാശി’ എന്ന പേരില്‍ ഒരു പ്രബന്ധം കൊടുത്തിരിക്കുന്നു. ഏതു കവിയും പാരമ്പര്യത്തിന്റെ സൂക്ഷ്മമായ സ്രോതസ്സിലേക്ക് വേരിറക്കേണ്ടതുണ്ടെന്നും, അങ്ങനെ ഇറക്കിയാലത്തെ മെച്ചമെന്തെന്നും ആ പ്രബന്ധം നമുക്ക് സര്‍ഗ്ഗാതമകമായ വിശ്വാസം നല്‍കുന്നു.

കാളിദാസന്‍ എന്നുവെച്ചാല്‍ വിഷ്ണുവിന് സൗന്ദര്യപ്പൊലിമമാത്രമല്ല, സംസ്കാര ഗരിമ കൂടിയാകുന്നു. ആ സംസ്കാരമാവട്ടെ, ജീവിതനിഷേധിയല്ലതാനും. പാര്‍വ്വതീ പരമേശ്വരന്മാരുടെ മധുവിധു നൂറ്റമ്പതുകൊല്ലം നീണ്ടുനിന്നു എന്നതിലോ, അതിന്റെ ലോഭകമായ ലീലകള്‍ കവി നിരത്തുന്നു എന്നതിലോ സദാചാരത്തിന്റെ പുരികം ചുളിക്കുന്ന പാകത്തിലുള്ളതല്ല വിഷ്ണുവിന്റെ സഹൃദയത്വം. ‘ഹിമഗന്ധം’ എന്ന കിടയറ്റൊരു കവിതയില്‍ നിന്ന് (ഉത്തരായണം എന്ന സമാഹാരം-പൂര്‍ണ്ണ പബ്ലിക്കേഷന്‍,കോഴിക്കോട് 2006) ഒടുക്കത്തെ ഖണ്ഡം മാത്രം ഉദ്ധരിക്കട്ടെ:

“ഹിമഗന്ധമുറയുന്നു

വെണ്മണല്‍ വിരിപ്പിങ്കല്‍

ഇഴപൊട്ടിയോരിലഞ്ഞി-

പ്പൂവരഞ്ഞാണം

ഇടകുരുങ്ങിക്കിട-

ക്കുന്നൂ; കെട്ടൂര്‍ന്ന

നിഴല്‍മൂടിയുലഞ്ഞു

ചിതറുന്നു,രേതോമേഘം

ഇഴുകിവിണ്ണാറോളം

ഒഴുകിപ്പരക്കുന്നു.”

വിവരണാതീതമായ അനുഭൂതി, ദൃശ്യബിംബങ്ങള്‍ വിന്യസിച്ച് വിനിമയം സാധിക്കുന്ന ഈ പ്രകരണത്തില്‍ നിന്ന് ഒരു പ്രയോഗം മാത്രം പ്രത്യേക ശ്രദ്ധയില്പ്പെടുത്തട്ടെ: ‘രേതോമേഘം’. അങ്ങനെയൊരു രൂപകം വേറൊരു കവിയും സൃഷ്ടിച്ചിട്ടുണ്ടാവില്ല എന്നാകുന്നു എന്റെ വിശ്വാസം. കഴിഞ്ഞില്ല, ഈ ഖണ്ഡത്തിന് ഒരു വിതാനം കൂടിയുണ്ട്.

“ഒരു തരിയതില്‍ സൗര-

യൂഥമാകുന്നൂ;

റ്റൊരു തരി വിളിപ്പെട്-

ന്നൂ കാളിദാസനായ്!”

ഈ വാക്യത്തിന്റെ കലാശത്തില്‍ സ്ഥാനപ്പെടുന്ന ആശ്ചര്യചിന്നമാവും, ഭാവസൂചനയ്ക്കുള്ള അത്തരം ഉപായങ്ങളില്‍ ഏറ്റവും ചരിതാര്‍ത്ഥ്യം ഉണര്‍ത്തുന്ന ഒന്ന് എന്നുദ്ദേശിക്കുക. എന്തെന്നാല്‍, കാളിദാസന് ഇത്ര വ്യതിരിക്തമായൊരു ഉല്പ്പത്തി കഥ വേറെ ആര്‍ക്കു സാധിക്കും സങ്കല്പ്പിക്കാന്‍ !

തെറ്റിദ്ധരിക്കരുത്: ഇങ്ങനെയൊന്നിന്റെ പിന്‍ബലത്തില്‍ വിഷ്ണുവിന്റെ കാളിദാസീയത കൊണ്ടുചെന്നു പ്രതിഷ്ടിക്കാനല്ല എന്റെ തുനിവ്. അത്ര അസാധരണം എന്നു തോന്നിയതു കൊണ്ട് ഇതിലൊന്ന് തൊട്ടു എന്നേയുള്ളൂ. അതുപോലെ അനേകം അടരുകളും ആവിര്‍ഭാവങ്ങളും കലര്‍ന്ന വിപുലമായ ഒരു വിഷയമാകുന്നു ആ കാളിദാസീയത. ഇന്നു പ്രകൃതിയോടു തുടരുന്ന അളവറ്റ അത്യാചാരം, അതിന്ന് ഇടമൊരുക്കിക്കൊടുക്കുന്ന നെറികെട്ട അധികാരം- എല്ലാറ്റിനോടും പ്രതിരോധിക്കാനുള്ള വീറും വിഷ്ണുവിന് കാളിദാസന്‍ തന്നെ ചുരത്തിക്കൊടുക്കുന്നു. ‘തേവാരി’എന്ന കവിത(ഉത്തരരാമായണം എന്ന സമാഹാരം തന്നെ) മാതൃക. ഇടിക്കലും പൊടിക്കലും പൊടിപൊടിക്കുന്ന ഹിമാലയ പ്രാന്തത്തിന്റെ ഇന്നത്തെ അവസ്ഥ ഈ കവിതയുടെ ആദ്യത്തെ ഖണ്ഡങ്ങളില്‍ നടുക്കുന്ന യാഥാര്‍ത്ഥ്യമായി ആവിഷ്കരിക്കുന്നു. പഴയ ഗ്രാമീണ ശാലീനതയ്ക്കു പകരം, ‘ഇതേതു മായാപുരി!’ എന്ന പകപ്പാണ് ഇന്ന് അവിടം അനുഭവപ്പെടുത്തുന്നത്. അപ്പോഴും പ്രത്യാശ പറ്റെ കെട്ടുപോകുന്നില്ല എന്നതു ശ്രദ്ധേയം. “വന്‍ ചുരം താണ്ടുവോര്‍ക്കിന്നും കുളിര്‍ജലക്കുമ്പിള്‍ നിവേദിച്ചു കാത്തുനില്പ്പുണ്ടൊരാള്‍” എന്നതു വിഷ്ണുവിനെ വിസ്മയിപ്പിക്കുന്നു. ആ കാത്തുനില്‍ക്കുന്ന പെണ്‍കിടാവിനു പീതാംബരി എന്നു പേര്. കവി ആ പ്രദേശത്തെ പ്രകൃതിയുടെ വര്‍ണ്ണപ്പൊലിമകൂടി ‘പീതാംബരി’ എന്ന പേര് ആവാഹിക്കുന്നു. എന്നല്ല. ‘ശരന്മോഹിനി പാര്‍വ്വതി’ എന്ന് അവള്‍ക്ക് വിശേഷണവും അണിയിക്കുന്നു. ഏതു കെട്ടകാലത്തും മനുഷ്യ സമൂഹത്തിന് കുളിരും തണലും ചൊരിയാന്‍ കവിത എന്ന സുകൃതം കാത്തനില്‍ക്കും എന്ന വിശ്വാസം കൂടിയാവാം ഈ സന്ദര്‍ഭത്തിന്റെ പരോക്ഷമായ വിളംബരം.

“വെട്ടാന്‍ മഴുവുമായെത്തുന്ന കൈയിലും

ഇറ്റുന്നു തേനുറവായ് നിന്‍ കൃപാകണം”

എന്ന അഭിനന്ദനത്തില്‍, കാട്ടാളനെ കവിയാക്കുന്ന സംസ്കാരപ്രിവര്‍ത്തനത്തോടുള്ള ആരാധന അന്തര്‍ഭവിക്കുന്നുണ്ടല്ലോ.  പ്രശസ്തമായ ‘ഉജ്ജയിനിയെലെ രാപ്പകലുകളു’ടെ ഒടുക്കത്തെ ഖണ്ഡംകൂടി ഈ കുറിപ്പിലേക്ക് ഞെരുക്കിക്കേറ്റി എന്നു വരുത്തട്ടെ. ആ പുണ്യനഗരത്തില്‍ ഇന്ന് മഴ പൊടിക്കാതായിരിക്കുന്നു. എരിപകലാണ് ഇപ്പൊഴത്തെ യാഥാര്‍ത്ഥ്യം. വാനം ദയാഹീനമായി നരച്ചു നില്‍ക്കുന്നു.മണ്ണോ വേരു ചത്തു കഷണ്ടിയായി വിളര്‍ത്തും. പല പുകിലുകളും പെരുമകളും നടക്കുന്നതായി വാര്‍ത്ത. (രണ്ടുനാള്‍ മുമ്പ് കൊടിയിറങ്ങിയ കോമണ്‍വെല്‍ത്ത് കളിയുടെ വക മാറിയ പത്തിപ്പുകള്‍ ഇവിടെ ഇടയ്ക്കിടെ കോടികള്‍ കല്‍ക്കി കൊണ്ടുപിടിക്കാറുണ്ടല്ലോ) ‘മഴ തൂകും വാണമൊന്നു വരുന്നതായും’കൂട്ടത്തില്‍ കേള്‍ക്കാകുന്നു.(സുഗതകുമാരിയുടെ ഒരു പഴയകവിതയുണ്ട്,’ കാളിദാസ്മരണ’. 1960കളുടെ ഉത്തരാര്‍ദ്ധത്തിലോ മറ്റോ ഉദിച്ച ഒന്ന് അതിലുമതെ, ‘വേനലിന്നോളം തല്ലും വന്ധ്യമാം വാനത്തിന്റെ കാനലും നോക്കി തളര്‍ന്നിരിക്കുന്ന വിരഹിണി’ എന്നാണ് സമകാലികതയുടെ ദാരുണചിത്രത്തിന്റെ ആരംഭം.)വന്നില്ല, കാത്തിരുന്ന മഴ കനിഞ്ഞില്ല, ജനത പൊറുതികെട്ടു. ഇനി വിഷ്ണുവിന്റെ ആഹ്വാനം പുതിയ മാരിമുകില്‍കള്‍ പിറക്കട്ടെ എന്നത്രേ. ദുര്‍ഭരണത്തിനെതിരെ ഉയര്‍ത്തെഴുന്നേല്പ്പിനുള്ള ആഹ്വാനവുമാണിത്. വാളെടുത്ത വെളിച്ചപ്പാടുകള്‍ക്ക് വാഴാനുള്ളതല്ല നാട്. നാലു പുത്തന്ന് അറ വില്‍ക്കുന്ന വിദഗ്ദ്ധന്മാരെയും വയ്യ, ആ വാഴ്ച വിശ്വസിച്ച് ഏല്പ്പിക്കാന്‍. പിന്നെ ആര് എന്നാണെങ്കില്‍, താഴേത്തട്ടു തൊട്ടു പരക്കെ പ്രാതിനിധ്യമുള്ള അര്‍ത്ഥവത്തായ വ്യവസ്ഥയാവണം നമ്മുടെ ജനാധിപത്യം.

“പൊടിയണിക്കൂന്തല്‍ മീതേ ഒഴിഞ്ഞ മണ്‍കുടം പേറും

ഒരു കന്യ; തുരുമ്പിക്കുമൊരു കലപ്പ;

തളിര്‍ നാമ്പുനുള്ളിടുമ്പോള്‍ വിലപിക്കും കരം; അന്തി-

ക്കറിയാതെ കൂമ്പുമുള്ളില്‍ കിനിയും മൗനം”

ഇങ്ങനെ തികച്ചും കാവ്യാത്മാകമായ ശൈലിയിലാണ് ആ പ്രാതിനിധ്ത്തിന്റെ സാര്‍വ്വത്രികത വിഷ്ണു ശില്പപ്പെടുത്തുന്നത്. ഇവരുടെ പ്രതീകമാകുന്നു താന്‍ വിളിച്ചുണര്‍ത്തുന്ന പെരുമേഘപ്പട. ‘ധൂമജ്യോതിസ്സിലിലമരുത്തുക്കളുടെ സന്നിപാതം’ എന്ന മേഘഘടനയ്ക്ക് ആന്തരമില്ല. പക്ഷേ, ഓരോ ഘടകവും ഉരുത്തിരിയുന്നത് വേറെ വിധത്തിലാണെന്നു മാത്രം.

“ഇതാ ചിന്തകളാല്‍ ധൂമം, വെളിവിനാല്‍ തീപ്പൊരികള്‍

അലിവിനാല്‍ കുളിര്‍വെള്ളം, പ്രാണനാല്‍ കാറ്റും”

ഇത്തരത്തില്‍ ഉയിര്‍ക്കൊള്ളുന്ന മേഘം ആഴിതൊട്ട് അളകയോളം പരക്കണം; എന്നിട്ടു വേണ്ടും മണ്ണിലേക്ക് അഭിസരിക്കയും വേണം എന്നാകുന്നു ഉല്‍ബോധനം. സംഘടിതവും സമ്രോല്‍സുകവും സര്‍ഗപ്രവണവുമായ ജനകീയ ശക്തിക്ക് ഇത്ര അനുരൂപമായ ഒരു പ്രതീകം അടുത്തകാലത്തൊന്നും മലയാളകവിതയില്‍ ആവിര്‍ഭവിച്ചതായി ഓര്‍ക്കുന്നില്ല.

‘മണ്ണിലേക്കഭിസരിക്ക വീണ്ടും!’ എന്ന സമാപനം ഈ പ്രതീകത്തിന്റെ പൊരുളിനെ അതീവ സാന്ദ്രമാക്കുന്നു.” ജനജീവിതത്തിന്റെ കീഴ്നിലങ്ങളിലേക്ക് കിനിയുന്ന അലിവാവണമല്ലോ യഥാര്‍ത്ഥകവിത. അങ്ങനെയാവുന്നില്ല എന്നതോ പോവട്ടെ, നിലവുമായി ബന്ധമേ നിഷേധിക്കുന്ന കേവലം ആകാശവാണങ്ങളായി നിമിഷനേരം കണ്ണുചിമ്മിക്കുക, പിന്നെ ഇരുട്ടിന് കൊഴുപ്പുകൂട്ടുകയും‌- ഇങ്ങനെയൊരു വിപരിണാമത്തിലേക്കല്ലേ മലയാളത്തിലെ പുതുകവിത പൊതുവേ പെട്ടുപോവുന്നത് എന്നു പേടിക്കാറുമായിട്ടുണ്ടല്ലോ. ഈ അഭിസന്ധിയില്‍, മണ്ണിലേക്ക് മടങ്ങുന്ന അലിവിന്റെ ചാലുകളാവട്ടെ കവിത എന്ന് കാളിദാസനെ അവലംബിച്ചു കൊണ്ട് വിഷ്ണു നടത്തുന്ന ആഹ്വാനം വെറുതെയാവില്ല എന്നാശിക്കുക.” അങ്ങനെയൊക്കെയാണല്ലോ പുരസ്കൃതനായ കവിയോടു നാം നീതി പുലര്‍ത്തേണ്ടത്.

3 Responses to “കവിത – കീഴ്ത്തട്ടിലേക്ക് ചുരക്കേണ്ട കിനിവ്”


 1. 1 സതീശന്‍ പുതുമന ഒക്ടോബര്‍ 22, 2010 -ല്‍ 1:55 pm

  ലേഖനത്തില്‍ ഞാന്‍ വായിച്ചത് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അല്ല ,ശ്രീ കെ.പി. ശങ്കരനെയാണ് -വര്‍ഷങ്ങളേറെയായി ശാന്തസുന്ദരമായി ഒഴുകുന്ന ആ ഗദ്യം വായിച്ചിട്ട്-തനിക്കിഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചു പറയുമ്പോഴും ഇളം മധുരമുള്ള,മയമുള്ള വാക്കുകള്‍ മാത്രം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ള എഴുത്തുകാരന്‍-കേശവദേവിന്റെ കൃതിയിലെ പോരായ്മകളെ കുറിച്ച് എഴുതിയതിനു ശേഷം,പണ്ട്, മൂപ്പരെഴുതി’…സ്വന്തം കൃതികളെ മറ്റൊരാള്‍ വിലയിരുത്തുന്നതും ദേവിന് ഇഷ്ടപ്പെടാനിടയില്ല -വിരോധമില്ല -പച്ചീര്‍ക്കില്‍ ധാരാളം ഉള്ള നാടാണല്ലോ കേരളം -ചെത്തി ശരിയാക്കി വെച്ചുകൊള്ളട്ടെ’ (തന്നെ എതി ര്‍ത്തെഴുതുന്നവര്‍ക്ക് പച്ചീര്‍ക്കില്‍ കൊണ്ടു തുടയ്ക്ക് നല്ല അടി കിട്ടും എന്ന അര്‍ത്ഥത്തില്‍ ദേവ് എഴുതിയിരുന്നു )
  ഇവിടെ ,കവിതയിലെ ആധുനിക രീതികളോട് വിപ്രതിപത്തി പ്രകടിപ്പിച്ചു കൊണ്ടു എഴുതിയ അവസാനത്തെ ഖണ്ഡിക നോക്കുക –

 2. 2 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 4:06 pm

  പണ്ഡിതനും വിനീതനുമായ ഈ കവിയെ കണ്ടറിയാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ടെനിക്കും.എനിക്കു ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ തന്ന പരിക്രമത്തിന്റെ പതിപ്പില്‍ അദ്ദേഹം എഴുതി : ‘ ദീവഗിരിയിലെ പഴനാളുകള്‍ ഓറ്ത്തു കൊണ്ടൂ.

  ഉണ്മയുണ്മയില്‍ ചേറ്ന്നാല്‍
  ഉമ്മിണിവലുതായി-
  ട്ടൊന്നുളവാകും;
  എന്നു വൈക്കം മുഹമ്മദു ബഷീരിനുള്ള അറ്പ്പണത്തില്‍ അദ്ദേഹമഴുതിയതു ഞാനോറ്ത്തു പോകുന്നു.
  ഒരു വലിയ മനുഷ്യനേ ആ വരികള്‍ എഴുതാനാവൂ.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: