1958- ലെ ഭരണപരിഷ്കാരകമ്മിറ്റി റിപ്പോര്‍ട്ട്: ഒരു വിശകലനം

സതീശ് ചന്ദ്രബോസ്

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ തന്നെ, അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ നൂതനമായ രാഷ്ട്രീയ സങ്കല്പമെന്ന നിലയിലും വികസന പരിപ്രേക്ഷ്യ്മെന്ന നിലയിലും രൂപാന്തരപ്പെട്ടിരുന്നു. എന്നാല്‍, 73, 74 ഭരണഘടനാ ഭേദഗതിപ്രകാരം നിയമപ്രാബല്യത്തോടെ നിലവില്‍ വന്നതും, ജനകീയാസൂത്രണമെന്നപേരില്‍ വിപുലമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ടതുമായ ഒരു രാഷ്ട്രീയ വികസന മാതൃക എന്നരീതിയില്‍നിന്ന് അത്രകണ്ട് വികാസം പ്രാപിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണം കാലാകാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് വിലങ്ങുതടിയായി നിലനിന്നുപോന്നിരുന്ന ജാതിയവും പ്രാദേശികവുമായ വേര്‍തിരിവുകളും അസമത്വവുമായിരുന്നു. ഇവയെ മറികടന്നുകൊണ്ട് ദേശീയവും പ്രാദേശികവുമായ ഐക്യം സ്ഥാപിച്ചെടുക്കുക് എന്ന രാഷ്ട്രീയ ലക്ഷ്യ്ത്തിന്റെ ഭാഗമായാണ് പല വികസന പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. 1958ആസസ്ത് 15ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.ന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്ക്കാര്‍ രൂപീകരിച്ച ഭരണപരിഷ്കാര കമ്മിറ്റി പ്രധാനമായും ലക്ഷ്യമിട്ടതും ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനയിരുന്നു.

പുതുതായി രൂപം കൊണ്ട ജനാധിപത്യ ക്ഷേമരാഷ്ട്ര സങ്കല്പ്പങ്ങള്‍ക്കനുരൂപമായാണ് 1958ലെ ഭരണപരിഷ്കാരക്കമ്മിറ്റി അധികാരവികേന്ദ്രീകരണം എന്ന ആശയം മുന്നോട്ടുവെയ്ക്കുന്നത്. ത്വരിതവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥയ്ക്ക് രൂപം നല്‍കുക എന്ന രാഷ്ട്രീയമായ അനവാര്യത തന്നെയായിരുന്നു പ്രസ്തുത ആശയത്തിന്റെ അവതരണത്തിനു പിന്നില്‍. അതേസമയം തന്നെ, നെഹ്റുവിയന്‍ പഞ്ചവല്‍സര പദ്ധതി വിഭാവനം ചെയ്യുന്ന കേന്ദ്രീകൃതമായ അസൂത്രണത്തിലധിഷ്ഠിതമായ വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യംകൂടി അധികാര വികേന്ദ്രീകരണം എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നതിലൂടെ കമ്മിറ്റി ലക്ഷ്യമിട്ടിരുന്നു. ഇന്ത്യന്‍ സാമൂഹ്യസാഹചര്യത്തില്‍ നേടിയെടുക്കാന്‍ പ്രായോഗിക ബിദ്ധമുട്ടുകള്‍ ഏറെയുള്ള, എന്നാല്‍ ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ  പ്രത്യേകം പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ രാഷ്ട്രമെന്ന സങ്കല്പത്തിനനുയോജ്യമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നതായിരുന്നു കമ്മിറ്റി മുമ്പോട്ടു വെച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍. ഭാഷാടിസ്ഥാനത്തില്‍ പുതുതായി രൂപംകൊണ്ട സംസ്ഥാനമായ കേരളത്തില്‍ അന്നു നിലവിലിരുന്ന പ്രത്യേകമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളാണ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് ഉപോല്‍ബലകമായി വര്‍ത്തിച്ചത്.


നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഭരണദേശവുമായി വിഭജിച്ചുകിടന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ വ്യത്യസ്തമായ രാഷ്ട്രീയാധികാരത്തിനും ഭരണവ്യവസ്ഥയ്ക്കും വിധേയമായി നിലനിന്നുപോന്നവയായിരുന്നു. 1949 ലെ തിരു-കൊച്ചി സംസ്ഥാനരൂപീകരണത്തോടും പിന്നീട് 1956ല്‍ മലബാര്‍ പ്രവിശ്യയുടെ കൂട്ടിച്ചേര്‍ക്കലോടും കൂടിയാണ് ഐക്യകേരളം പിറവിയെടുക്കുന്നത്. അതിനു ശേഷം 1957ല്‍ ഇ.എം.എസ്.ന്റെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്തിസഭ അധികാരത്തിലെത്തിയെങ്കിലും ഭരണപരിഷ്കാര കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നതു പോലെ, ഭരണവ്യവസ്ഥയൂടെ കാര്യക്ഷമതയെ അലോസരപ്പെടുത്തുന്ന തരത്തില്‍ പ്രാദേശികമായ വിയോജിപ്പുകളും വ്യത്യാസങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ അടിയന്തിര പരിഷ്കാരമെന്ന മാര്‍ഗ്ഗത്തിലൂടെ സര്‍ക്കാന്‍ ലക്ഷ്യമിട്ടത് സംസ്ഥാനത്തെ ജനാധിപത്യമാതൃകയിലുള്ള ഏകീകൃതവും ഐക്യരൂപ്യമുള്ളതുമായ ഭരണനടപടിക്രമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുക എന്നതായിരുന്നു. അമിതമായ കേന്ദ്രീകൃത സ്വഭാവമുള്ള ഭരണം നൂറ്റാണ്ടുകളോളം നിലനിന്നുപോന്നിരുന്ന ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ താഴേക്കിടയിലുള്ള ജനങ്ങളുളുടെ ഭരണപങ്കാളിത്തത്തിനുള്ള ശ്രമങ്ങളും സാധ്യതകളും കാലാകാലങ്ങളായി തകര്‍ക്കപ്പെടുകയാണുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് താഴേക്കിടയിലുള്ള ജനങ്ങളെക്കൂടി പ്രാദേശിക ഭരണ വ്യവസ്ഥയുടെ ഭാഗമാക്കുവാനും കഴിയുന്നത്ര അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുവാനും ലക്ഷ്യമിടുന്ന ഒരു പദ്ധതി കേരള സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ പഞ്ചവല്‍സരപദ്ധതിയെ ഒരു യഥാര്‍ത്ഥജനകീയാസൂത്രണ സംരഭമായിമാറ്റിത്തീക്കുക എന്ന ഉദ്ദേശ്യവും കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അധികാര വികേന്ദ്രീകരണം നടപ്പിലാകുന്നതിനായിയപൂര്‍ത്തിവോട്ടവകാശ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരടങ്ങിയ പഞ്ചായത്ത് ഭരണസമിതികള്‍ സ്ഥാപിക്കുവാനും നേരിട്ടു തിരഞ്ഞെടുക്കപ്പെടാത്ത പക്ഷം ഒരു വനിതാമെമ്പറെ ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യുവാനും ഭരണപരിഷ്കാര കമ്മിറ്റി നിര്‍ദ്ദേശിച്ചു. പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നതുകൂടാതെ പഞ്ചായത്തിനു പരിധിയില്‍ വരുന്ന പ്രാഥമികവിദ്യാലയങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പ് ഉത്തരവാദിത്തവും പഞ്ചായത്ത് സമിതികള്‍ക്ക് കൈമാറാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പഞ്ചായത്തുകളുടെ നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി നികുതി ഇനത്തില്‍ പഞ്ചായത്തുകള്‍ പിരിച്ചെടുക്കുന്ന വരുമാനത്തിന്റെ അന്‍പതു ശതമാനം നല്‍കവാനും ബാക്കി അന്‍പതു ശതമാനം ആവശ്യാനുസരണം പദ്ധതി വിഹിതമായും മറ്റും നല്‍കവാനുമാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. പഞ്ചായത്തുകള്‍ക്ക് മുകളിലായി പഞ്ചായത്ത് മെമ്പര്‍മാരടങ്ങിയ താലൂക്ക് കൗണ്‍സില്‍ എന്ന ഉപദേശകസമിതിയും അതിനു മുകളിലായി പഞ്ചായത്തിലേയും മുനിസിപ്പലിറ്റിയിലേയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, .എല്‍.എ.മാരുമടങ്ങിയ ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള ഒരു ജില്ലാതല സമിതിയും രൂപീകരിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതു കൂടാതെ പ്ഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരടങ്ങിയ ഒരു കൗണ്‍സില്‍ രൂപീകരിക്കണമെന്നും കൂടി കമ്മിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി.

ഭരണപരിഷ്കാരകമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമപ്രാബല്യം കൈവരിക്കാതെ കടലാസില്‍ ഒതുങ്ങുകയാണുണ്ടായത്. കമ്മിറ്റി മുമ്പോട്ടുവെച്ച ചില നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥതലത്തിലും ചില സമുദായങ്ങളുടെ ഇടയിലുമുണ്ടാക്കിയ അതൃപ്തിയായിരുന്നു ഇതിനു കാരണം. ഉദ്യോഗസ്ഥനിയമനങ്ങള്‍ക്ക് മാനദണ്ഡമായി സാമ്പത്തിക സംഭരണം ഏര്‍പ്പെടുത്തണമെന്നും പിന്നോക്ക വിഭാഗങ്ങളിലെ മുന്നോക്കക്കാരെ സംവരണ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള നിര്‍ദ്ദേശമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. താമസിയാതെ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിനും ഇ.എം.എസ്.മന്ത്രിസഭയുടെ പതനത്തിനും ശേഷം 1958ലെ ഭരണപരിഷ്കാരകമ്മിറ്റി നിര്‍ദ്ദേശിച്ച അധികാര വികേന്ദ്രീകരണ, ജനകീയാസൂത്രണ സംരഭങ്ങള്‍ പിന്നെയും പതിറ്റാണ്ടുകളോളം കടലാസ്സില്‍ തന്നെ തുടരുകയാണുണ്ടായത്.

1 Response to “1958- ലെ ഭരണപരിഷ്കാരകമ്മിറ്റി റിപ്പോര്‍ട്ട്: ഒരു വിശകലനം”  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: