വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പുതിയ ജനപ്രതിനിധികള്‍ക്ക് കാര്യക്ഷമമായ പരിശീലനം

– പ്രൊഫ. എന്‍. രമാകാന്തന്‍

ഡയറക്ടര്‍, കില

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുതിയൊരു നിര ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുകയാണ്. അതില്‍ 50-55 ശതമാനവും വനിതകളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.     പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും ആദ്യമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണരംഗത്തേക്ക് കടന്നുവരുന്നവരാണ് എന്നതാണ് ഏറെ സവിശേഷമായ സംഗതി. ഉയര്‍ന്ന തോതിലുളള വനിതാ സംവരണവും രണ്ട്പ്രാവശ്യത്തിലേറെ മത്സരിക്കേണ്ടതിñ എന്ന ചില മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനവും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന കാഴ്ചപ്പാടും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തുടക്കക്കാരായ പുതിയൊരു നേതൃത്വനിര  കടന്നുവരുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇതൊരു പുതിയ സാധ്യതയും അതേസമയം വെല്ലു വിളിയുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചില തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് പുതിയൊരു നിര ജനപ്രതിനിധികളിലൂടെ കഴിയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സാധ്യത. അതേസമയം തന്നെ പുതുതായി കടന്നുവരുന്ന ജനപ്രതിനിധികള്‍ക്ക് പ്രദേശിക ഭരണ നിര്‍വഹണത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനാവശ്യമായ ശേഷിയും വൈദഗ്ദ്ധ്യവും വളര്‍ത്തിയെടുക്കുക എന്നതാണ്                       നേരിടാനുളള വെല്ലു വിളി. ഉയര്‍ന്ന ഭരണപാടവവും കാര്യപ്രാപ്തിയും കൈവരിക്കുന്നതിന് അതുകൊണ്ടുതന്നെ നിരന്തരമായ പരിശീലനം പുതിയ ജനപ്രതിനിധികള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

കേരളത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളും ജനകീയാസൂത്രണവും വിപുലമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളെ സൃഷ്ടിക്കുകയുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ ചുമതലകളാണ് ഇന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിറവേറ്റുന്നത്. പ്രാദേശിക വികസനത്തിന്റെ കേന്ദ്ര സ്ഥാപനങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനകം മാറിക്കഴിഞ്ഞു. പരിമിതമായ പൌരസേവനങ്ങള്‍ മാത്രം നിര്‍വഹിച്ചുപോന്നിരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ അധികാരവികേന്ദ്രീകരണത്തോടെ ജനജീവിതവുമായി ഏറ്റവുമടുത്ത ഒട്ടെല്ലാ വികസന ഉത്തരവാദിത്തങ്ങളുടെയും മുഖ്യചുമതലയിലേക്ക് വരികയുണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം ഭരണഘടനാപരമായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുളള കാര്യപ്രാപ്തിയും സാമൂഹ്യമായ അംഗീകാരവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നേരിടുന്നതിന് വഴിതുറക്കുകയും ചെയ്തു.

ഭരണഘടനാ വ്യവസ്ഥ – കേരള പഞ്ചായത്ത് രാജ് – മുനിസിപ്പല്‍ നിയമങ്ങളും ഉറപ്പാക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഉയര്‍ന്ന കാര്യശേഷിയും വൈദഗ്ദ്ധ്യവുമുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അത്യന്താപേക്ഷിതമാണ്.  ജനാധിപത്യഅധികാര വികേന്ദ്രീകരണത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നേതൃശേഷിയും സാമൂഹ്യമായി ശാക്തീകരിക്കപ്പെട്ടതുമായ പ്രദേശിക ഭരണനേതൃത്വം ഉണ്ടായേ മതിയാകൂ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പ്രാദേശിക ഭരണനിര്‍വ്വഹണത്തില്‍ നിയന്ത്രണവും നയരൂപീകരണത്തില്‍ മുന്‍കൈയ്യും ഉണ്ടാകേണ്ടതുണ്ട്. വികസനഭരണത്തിന്റെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായിരിക്കണം. പ്രാദേശിക വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ദീര്‍ഘവീക്ഷണവും പരിപാടിയും രൂപപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രധാനം ചെയ്യുന്നതിനും ആവശ്യമായ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നതിനും ജനപ്രതിനിധികള്‍ക്ക് കഴിയേണ്ടതുണ്ട്. ഇതിന് കഴിയണമെങ്കില്‍ നിരന്തരമായ പഠനവും അതുവഴി കൈവരിക്കേണ്ട കാര്യശേഷിയും ആര്‍ജ്ജിക്കുന്നതിന് ജനപ്രതിനിധികള്‍ക്ക് അവസരങ്ങള്‍ ലഭിച്ചേ മതിയാകൂ. അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ലക്ഷ്യങ്ങള്‍ക്കനുസൃതമായി പഞ്ചായത്തുരാജ് – നഗരപാലിക സംവിധാനത്തെ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനവും കാര്യപ്രാപ്തി വികസനവും അതുകൊണ്ടുതന്നെ അത്യന്താപേക്ഷിതമാണ്. അതോടൊപ്പം വികസന പ്രക്രിയയില്‍ പൌരസമൂഹത്തെയും എല്ലാ സാമൂഹ്യജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്നതിനും അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനും അതിലൂടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കുന്നതിനും ജനപ്രതിനിധികള്‍ നേതൃത്വപരമായ പങ്ക് വഹിക്കണം. ജനങ്ങളെ പ്രാദേശിക ഭരണ നിര്‍വഹണത്തിലും വികസന പ്രക്രിയയിലും പങ്കാളികളാക്കുന്നതിനുളള വേദികളായ ഗ്രാമസഭകളുടെയും വാര്‍ഡ് സഭകളുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുളള മനോഭാവവും ഈ പ്രതിനിധികളില്‍ വളര്‍ത്തിയെടുക്കുകയെന്നതും കാര്യപ്രാപ്തി വികസനത്തില്‍ പ്രധാനപ്പെട്ട സംഗതിയാണ്.

പുതുതായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അധികാരമേല്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് വിപുലമായതും അര്‍ത്ഥവത്തായതുമായ പരിശീലനം നല്‍കുന്നതിനുളള പരിപാടിക്ക് ഇതിനകം തദ്ദേശസ്വയംഭരണ വകുപ്പും ‘കില’യും രൂപകല്പന ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ പരിശീലന സ്ഥാപനങ്ങളെയും വികസന ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടാണ് ബൃഹത്തായ ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവഴി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പരിശീലനത്തില്‍ നിലനില്‍ക്കുന്ന ആവര്‍ത്തനങ്ങളും വിടവുകളും പാഴ്ച്ചെലവും ഒഴിവാക്കാന്‍ കഴിയുമെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് നൂറ് ദിവസത്തിനകം മൊത്തം വരുന്ന 21682 പേര്‍ക്കും സമയബന്ധിതമായി പരിശീലനം നല്‍കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ഓരോ ജനപ്രതിനിധിയ്ക്കും ഏറ്റവും കുറഞ്ഞത് 5 ദിവസത്തെ പരിശീലനം ലഭിക്കുമെന്നുറപ്പാക്കുന്നതാണ്. പ്രാദേശിക ഭരണനിര്‍വ്വഹണം, പ്രാദേശികാസൂത്രണം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്റ്, പൊതുമരാമത്ത് പ്രവൃത്തികളുടെ ആസൂത്രണവും നിര്‍വഹണവും, തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ക്ഷേമ വികസന പരിപാടികള്‍ എന്നീ വിഷയമേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.           ആദ്യഘട്ട പ്രാഥമിക പരിശീലനം പൂര്‍ത്തിയായതിനുശേഷം നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ക്ക് വിവിധ വിഷയമേഖലകളെ അടിസ്ഥാനമാക്കിയുളള തുടര്‍പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. പുതുതായി അധികാരത്തിലെത്തുന്ന അദ്ധ്യക്ഷന്മാര്‍ക്കും സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ക്കും 5 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞത് 30 ദിവസത്തെ പരിശീലനവും ഭരണസമിതി അംഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 ദിവസത്തെ പരിശീലനവും നല്‍കുകയെന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കിലയുടെയും പരിശീലന നയം. ഇതിനുപുറമെ ആവശ്യാധിഷ്ഠിതമായ വിവിധ കോഴ്സുകളില്‍ പങ്കെടുക്കുന്നതിനും ജനപ്രതിനിധികള്‍ക്ക് അവസരം നല്‍കുന്നതാണ്. നേതൃശേഷിയും പ്രവര്‍ത്തനക്ഷമതയും അര്‍പ്പണ മനോഭാവവുമുളള പുതിയൊരു നിര ജനപ്രതിനിധികളെ സൃഷ്ടിക്കുകയും അതുവഴി തദ്ദേശഭരണ സ്ഥാപനങ്ങളെ കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യപുരോഗതിക്ക് സംഭാവന ചെയ്യാന്‍ കഴിയുംവിധം സജ്ജമാക്കുകയെന്നതുമാണ് ഈ പരിശീലനങ്ങളുടെയാകെ വിപുലമായ ലക്ഷ്യം. സാമൂഹ്യ നീതിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായി പരിവര്‍ത്തനം വരുത്താന്‍ കഴിയുംവിധം തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റാന്‍ ഇത്തരം പരിശീലനങ്ങളിലൂടെ കഴിയും എന്നുതന്നെയാണ് വിശ്വാസം. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതത്തില്‍ ഇടപെടുന്നതിനും അവകാശബോധത്തോടെ ജീവിക്കാന്‍ കഴിയുന്നവരുമായ പുതിയൊരു പൌരസമൂഹത്തെ സൃഷ്ടിക്കാന്‍ ഇത്തരം പരിശീലനങ്ങള്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കുമെന്നുറപ്പാണ്. ഇതുവഴി പ്രാദേശിക ഭരണത്തെ ഉയര്‍ന്ന ജനാധിപത്യവത്കരണത്തിലേക്ക് നയിക്കാന്‍ കഴിയും.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ പരിശീലനത്തോടൊപ്പം തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമായ സംഭാവന ചെയ്യാന്‍ കഴിയുന്ന താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്കുളള പരിശീലനത്തിനും പരിപാടി തയ്യാറാക്കിയിട്ടുണ്ട്.

a          മാധ്യമപ്രവര്‍ത്തകര്‍

b          രാഷ്ട്രീയ – ബഹുജനസംഘടനാ പ്രവര്‍ത്തകര്‍

c          ഗ്രാമസഭാ ഫെസിലിറ്റേറ്റര്‍മാര്‍

d          വനിതാ ജനപ്രതിനിധികളുടെ കുടുംബാംഗങ്ങള്‍

e          ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍

f           തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍

പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രാദേശിക ഭരണ സംവിധാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ ഗ്രാമസഭകളെയും വാര്‍ഡുസഭകളെയും ശക്തിപ്പെടുത്തി ജനാധിപത്യപരമായ പ്രാദേശിക ഭരണം ഉറപ്പാക്കുന്നതിനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പൌരസമൂഹത്തെ സൃഷ്ടിക്കുന്നതിനും ഇത്തരം പരിശീലനത്തിലൂടെ കഴിയും. ഉയര്‍ന്ന സാമൂഹ്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നതും സംശുദ്ധമായ പ്രാദേശിക ഭരണത്തിന് നിര്‍ബന്ധിതമാകുന്നതുമായ സാഹചര്യം  ഇതുവഴി സൃഷ്ടിക്കാനാകും എന്നുതന്നെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സമയബന്ധിതമായി ഇത്രയേറെ വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നതിനും പരിശീലനത്തിന്റെ ഫലക്ഷമത വിലയിരുത്തുന്നതിനും വലിയൊരു നിര പരിശീലകരുടെയും വിദഗ്ദ്ധരുടെയും സഹായം അത്യന്താപേക്ഷിതമാണ്. ഒരേ സമയം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സംഘടിപ്പിക്കുന്ന പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍  600-ലധികം വരുന്ന പരിശീലകരുടെ നിര സജ്ജമാക്കുന്നതിനാവശ്യമായ പരിശ്രമങ്ങള്‍ ഇതിനകം ‘’കില’യുടെയും എസ്.ഐ.ആര്‍.ഡി.യുടെയും നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്നവരുടെ പഠനത്തിനും സംവേദനക്ഷമതയ്ക്കും യോജിച്ചവിധം പരിശീലനം സംഘടിപ്പിക്കുന്നതിനും പങ്കാളിത്ത പഠനരീതി അവലംബിക്കുന്നതിനും കഴിയുന്ന വലിയൊരു പരിശീലകരുടെ നിരയാണ് ഇതിന്റെ ഭാഗമായി തയ്യാറാക്കി വരുന്നത്. വിവിധ വിഷയ മേഖലകളിലെ വൈദഗ്ദ്ധ്യത്തോടൊപ്പം പ്രായോഗിക അനുഭവവും പരിജ്ഞാനവുമുളള പരിശീലകരെയാണ് മുഖ്യമായും ഈ പരിശീലനങ്ങളുടെ നടത്തിപ്പിനായി കണ്ടത്തിയിട്ടുളളത്. ജനപ്രതിനിധികളുടെ പ്രായോഗിക പ്രശ്നങ്ങള്‍ കണ്ടത്തുന്നതിന് സഹായകമായ ഫീല്‍ഡ് പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശീലനത്തിന് ആവശ്യമായ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുളളത്. മാത്രവുമñ, ജനപ്രതിനിധികളുടെ സംശയ നിവാരണത്തിന് സഹായകമായ ഓപ്പണ്‍ഫോറം പരിശീലനത്തിലുടനീളം സംഘടിപ്പിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നയരൂപീകരണത്തില്‍ നേതൃത്വം നല്‍കുന്നവരുടെയും സാന്നിദ്ധ്യം പരിശീലനത്തില്‍ ഉറപ്പാക്കുന്നതുമായിരിക്കും.

ബൃഹത്തായ ഈ പരിശീലന പരിപാടിയുടെ നടത്തിപ്പിനായി വര്‍ദ്ധിച്ച തോതിലുളള സാമ്പത്തിക സഹായം സംസ്ഥാന ബജറ്റില്‍ വകയിരുത്തിയെന്നത് ഏറെ സന്തോഷകരമാണ്. പരിശീലനത്തിനായി 6 കോടി 5 ലക്ഷം രൂപയാണ് ‘കില’യ്ക്ക് നടപ്പുവാര്‍ഷിക പദ്ധതി വിഹിതമായി അനുവദിച്ച് നല്‍കിയിട്ടുളളത്. ആവശ്യമെങ്കില്‍ തുടര്‍ന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്ര പഞ്ചായത്ത്രാജ് മന്ത്രാലയത്തിന്റെ സഹായവും പ്രയോജനപ്പെടുത്താന്‍ കഴിയും. പരിശീലനാന്തരം ജനപ്രതിനിധികള്‍ക്ക് തുടര്‍സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ ‘ഹെല്‍പ്ഡെസ്ക്’ സംവിധാനവും ‘കില’ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രായോഗിക പ്രശ്ന പരിഹാരത്തിനുള്ള വിദഗ്ദ്ധരടങ്ങിയ ഫീല്‍ഡ് ടീമിന്റെ സഹായവും ‘കില’ സജ്ജമാക്കുന്നതാണ്.

പരിശീലനത്തിലും തുടര്‍ന്നും ജനപ്രതിനിധികള്‍ക്ക് ഏറെ പ്രയോജനകരമായ “പഞ്ചായത്ത് ഭരണസഹായി” എന്ന കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. കൈപ്പുസ്തകത്തിന്റെ ഉപയോഗക്ഷമതയും സംവേദന ക്ഷമതയും ഉയര്‍ത്തുന്നതിന് ദൃശ്യസങ്കേതങ്ങളുടെ സാധ്യതയും കാര്‍ട്ടൂണിലൂടെയും ഗ്രാഫിക്സിലൂടെയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്എന്നതും ഏറെ ശ്രദ്ധേയമാണ്. പ്രാഥമിക ഘട്ട പരിശീലനത്തിനായി തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകത്തിന് പുറമെ പ്രധാനപ്പെട്ട ചോദ്യങ്ങളുംഉത്തരങ്ങളും സമാഹരിച്ചുകൊണ്ടുള്ള മറ്റൊരു പുസ്തകവും പഞ്ചായത്തിന്റെയും നഗരസഭകളുടെയും സേവനങ്ങളും അവ സംബന്ധിച്ച നിബന്ധനകളും ഉള്‍ക്കൊള്ളുന്ന മറ്റൊരു കൈപ്പുസ്തകവും പുതുതായി അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കുന്നതാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അധികാരമേറ്റാലുടന്‍ തന്നെ പരിശീലനം ആരംഭിക്കുന്നതിന് കഴിയും. 2010 നവംബര്‍ 13-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്ച്യുതാനന്ദന്‍ പരിശീലനങ്ങളുടെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ എന്നിവര്‍ സന്നിഹിതരാവും. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കൈപ്പുസ്തകങ്ങളുടെ  പ്രകാശനം നടത്തുന്നതാണ്. നൂറ് ദിവസം കൊണ്ട്സംഘടിപ്പിക്കുന്ന പരിശീലനങ്ങളുടെ വിശദമായ ‘പ്രോഗ്രാം കലണ്ടര്‍’ അന്നേദിവസം വിതരണം ചെയ്യുന്നതാണ്. ഓരോ തദ്ദേശഭരണത്തിലേയും ജനപ്രതിനിധികള്‍ക്ക് ഏതെല്ലാം വിഷയങ്ങളില്‍ ഏത് പരിശീലന കേന്ദ്രത്തില്‍ വച്ച്, ഏതെല്ലാം തീയതികളില്‍ പരിശീലനം ലഭിക്കും എന്ന് പ്രോഗ്രാം ഗൈഡില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. സമയബന്ധിതവും ആസൂത്രിതവുമായ പരിശീലനത്തിന് ഇതിലൂടെ കഴിയുമെന്നുറപ്പാണ്. സംസ്ഥാന ഗവണ്‍മെന്റിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പരിശീലനത്തോടും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലുമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് സമഗ്രമായ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാം ഗൈഡ്.

2010 നവംബര്‍ മാസം തന്നെ ‘കില’ യിലും എസ്.ഐ.ആര്‍.സി യിലും വച്ച് ഭരണസമിതി അദ്ധ്യക്ഷന്‍മാരുടെ മൂന്ന് ദിവസത്തെ പരിശീലനവും തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ  മേഖലാ കേന്ദ്രങ്ങളില്‍  വച്ച് സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ മൂന്ന് ദിവസത്തെ പരിശീലനവും സംഘടിപ്പിക്കുന്നതാണ്. അതോടൊപ്പം തന്നെ 2011 ജനുവരി മാസത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച് ജനപ്രതിനിധികള്‍ക്കായുള്ള മൂന്ന് ദിവസത്തെ പരിശീലനവും പൂര്‍ത്തിയാക്കുന്നതാണ്. അതിന്റെ തുടര്‍ച്ചയായി വിവിധ സ്റാന്റിംഗ് കമ്മിറ്റികളെ അടിസ്ഥാനമാക്കി ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത കൈവരിക്കാനും ഫലപ്രദമായ സ്ഥാപന മാനേജ്മെന്റ് ഉറപ്പാക്കാനും കഴിയുന്ന വിദഗ്ധ പരിശീലനം രൂപ കല്പന ചെയ്ത് നടപ്പാക്കുന്നതാണ്. ചുരുക്കത്തില്‍ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സമയബന്ധിതമായി ഉയര്‍ന്ന ഗുണമേന്മയുളള പരിശീലനം ചിട്ടയായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഉപസംഹാരം

ഭരണഘടന പകര്‍ന്നുനല്‍കുകയും പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജനാധിപത്യമൂല്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാവശ്യമായ അറിവും വൈദഗ്ദ്ധ്യവും മനോഭാവവും വളര്‍ത്തുന്നതിന് പര്യാപ്തമായ പരിശീലനം ജനപ്രതിനിധികള്‍ക്ക്യഥാസമയം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ‘കില’യും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും പരിരക്ഷ ആവശ്യമുളള പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും അവ ലഭ്യമാക്കുന്നതിനും ഇത്തരം പരിശീലനങ്ങള്‍ ഈ പ്രതിനിധികള്‍ക്ക് സഹായകമാവുമെന്നുറപ്പാണ്. ജനസൌഹൃദപരമായി പെരുമാറുന്നതിനും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കഴിയുന്ന പുതിയൊരു നിര ജനപ്രതിനിധികളെ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും. തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ നീതിപൂര്‍വ്വമായും സൌകര്യമായും വിനിയോഗിക്കുന്നതിലൂടെ ഉയര്‍ന്ന വിശ്വാസ്യതയിലേക്ക് പ്രാദേശിക ഭരണസംവിധാനം ഉയരുകയും ചെയ്യും. സുശക്തവും പ്രവര്‍ത്തനക്ഷമവുമായ തദ്ദേശഭരണ സ്ഥാപനങ്ങളെ സൃഷ്ടിച്ചുകൊണ്ട്പ്രാദേശിക ഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ വിപുലമായ ഇത്തരം പരിശീലനങ്ങളിലൂടെ കഴിയും.

ഃഃഃഃഃ

1 Response to “വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പുതിയ ജനപ്രതിനിധികള്‍ക്ക് കാര്യക്ഷമമായ പരിശീലനം”  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക്ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: