പ്രവാസി

കൊറിയനെ കുറിച്ച് കുറച്ച്

പ്രമോദ്. കെ.എം

“നമ്മുടെ മേശയ്ക്ക് സ്പാനിഷ് ഭാഷയിലും മേശയെന്നാണത്രെ പറയുക. നോക്കൂ, മേശ എന്ന് പറയുന്ന നൊടിനേരത്തേക്ക് സ്പാനിഷുകാര്‍ മലയാളികളാണ്. അടുത്ത വാക്ക് പറയുന്നതുവരെ അയാള്‍ മലയാളിയാണ്. ഉറങ്ങുന്ന കുറച്ചുനേരത്തേക്ക് അന്ധന്‍ അന്ധനല്ലാത്തതുപോലെ.
ഒരു വാക്ക് തനിച്ച് ഒരു ഭാഷയാണെന്ന് അന്യനാട്ടില്‍ കഴിയുമ്പോള്‍ വളരെ യാദൃച്ഛികമായി കേള്‍ക്കുന്ന മാതൃഭാഷയിലെ ഒരു വാക്കില്‍ നിന്ന് ഒരാള്‍ക്ക് തോന്നാം. അയാള്‍ പല അര്‍ത്ഥത്തില്‍ അത് കേട്ടുവെന്ന് വരാം”– [ കല്പറ്റ നാരായണന്റെ ‘ഭാഷാന്തരം’ എന്ന കവിതയില്‍ നിന്ന്]

‘ബാബു’ എന്ന് പേരുള്ളവര്‍ കൊറിയയില്‍ വരുമ്പോള്‍ ശ്രദ്ധിക്കണം. അതിന്റെ കൊറിയന്‍ ഭാഷയിലുള്ള അര്‍ത്ഥം പൊട്ടന്‍ , വട്ടന്‍ എന്നൊക്കെയാണ്. ഞാന്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയില്‍ ഒരു നേപ്പാളി വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. പുള്ളി കൊറിയയില്‍ വന്ന സമയത്ത് തന്റെ പേര് ‘ഭോജ് രാജ് പാന്ത്’ എന്നാണെന്നും സൌകര്യത്തിന് ‘ഭോജ്’ എന്ന് വിളിച്ചാല്‍ മതി എന്നും പറഞ്ഞു. കൊറിയക്കാര്‍ അതു കേട്ട് ആര്‍ത്തു ചിരിച്ചു, കാരണം ഭോജ് എന്ന് പറഞ്ഞാല്‍ യോനി എന്നാണ് കൊറിയയില്‍ അര്‍ത്ഥം!. സോജു എന്നു പേരുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക് സ്കൂളില്‍ . കൊറിയയിലെ ദേശീയ മദ്യമാണ് സോജു. മറ്റൊരു കൂട്ടുകാരന്റെ പേര് ‘തേജ്’ എന്നായിരുന്നു. ‘തേജ്’ എന്നാല്‍ കൊറിയയില്‍ പന്നി എന്നാണര്‍ത്ഥം. ‘ബിനു’ എന്നാല്‍ അര്‍ത്ഥം സോപ്പ് എന്നാണ്.നമ്മള്‍ ആണായാലും പെണ്ണായാലും ചേട്ടന്‍ , ചേച്ചി എന്നൊക്കെയാണല്ലോ മുതിര്‍ന്നവരെ അഭിസംബോധന ചെയ്യുക. പക്ഷെ കൊറിയയില്‍ പെണ്‍കുട്ടികള്‍ ചേട്ടനെ ‘ഉപ്പ’ എന്നും, ചേച്ചിയെ ‘ഒന്നി’ എന്നും വിളിക്കുമ്പോള്‍ ആണ്‍ കുട്ടികള്‍ ചേട്ടനെ ‘ഹ്യോങ്’ എന്നും ചേച്ചിയെ ‘നൂണ’ എന്നും വിളിക്കുന്നു. ‘അജശി’ എന്നാല്‍ അമ്മാവന്‍ എന്നും ‘അജ്മ’ എന്നാല്‍ അമ്മായി എന്നും അര്‍ത്ഥം. ‘ഒമ്മ’ എന്നത് അമ്മ, ‘അപ്പ’ എന്നത് അപ്പന്‍ . ‘ഹല്‍മോണി’ എന്നത് അമ്മമ്മ, ‘അറാബോജി’ എന്നത് അപ്പൂപ്പന്‍ .
മലയാളവാക്കുകളുമായി അര്‍ത്ഥത്തില്‍ സാമ്യമുള്ള പല വാക്കുകളുമുണ്ട് കൊറിയനില്‍ . ‘ വായോ’ എന്ന് പറഞ്ഞാല്‍ വരൂ എന്ന് തന്നെ അര്‍ത്ഥം. കുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ മുതിര്‍ന്നവര്‍ ‘സൂഷിമേ’ എന്ന് പറയും. ‘സൂക്ഷിച്ച്’ എന്നാണ് അതിന്റെ അര്‍ത്ഥം. ‘പുല്ല്’ എന്ന് പറഞ്ഞാല്‍ നമ്മുടെ പുല്ല് തന്നെ. ‘അറായോ?’ എന്ന് ചോദിച്ചാല്‍ അറിയാമോ എന്ന്.

ചുട്ടുപൊള്ളുന്ന ആഹാരം കഴിക്കുന്നതുകൊണ്ടാവാം കൊറിയക്കാര്‍ കൈക്ക് പകരം ‘ചൊക്കാരാ’ (ചോപ് സ്റ്റിക്) ഉപയോഗിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. നമ്മള്‍ ‘ഭക്ഷണം കഴിച്ചോ’ എന്ന് ചോദിക്കാന്‍ വായിലേക്ക് രണ്ടുമൂന്നു പ്രാവശ്യം കൈകൊണ്ടു പോകുന്ന ആംഗ്യഭാഷയാണല്ലോ ഉപയോഗിക്കുക. എന്നാല്‍ കൊറിയക്കാര്‍ ഒരു സാങ്കല്‍പ്പിക ‘ചൊക്കാരാ’ കൊണ്ട് രണ്ടുമൂന്നു പ്രാവശ്യം ഭക്ഷണം വായില്‍ കൊണ്ടുപോകുന്നതായാണ് കാണിക്കുക. ഞാന്‍ കൊറിയയില്‍ വന്ന ആദ്യദിനങ്ങളില്‍ ഇതു കണ്ടപ്പോള്‍ കരുതിയത് ‘പല്ലുതേച്ചോ ’ എന്ന് ചോദിക്കുന്നതായാണ്. ‘യെസ് യെസ് ’ എന്ന് പറഞ്ഞ ദിവസങ്ങളില്‍ എന്നെ കൂട്ടാതെ ഇവര്‍ ഭക്ഷണത്തിനു പോകാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്. കൊറിയന്‍ അരിയുടെ ചോറ് നല്ല പശിമയുള്ളതാണ്. ചൊക്കാരാ കൊണ്ട് ഒന്ന് ഇറുക്കിയാല്‍ അടലോടെ വരും. നമ്മുടെ കുത്തരിച്ചോറാണ് ചൊക്കാരാ കൊണ്ട് കഴിക്കുന്നതെങ്കില്‍ ഇവര്‍ ഓരോ വറ്റും പെറുക്കിയെടുത്ത് ചിലപ്പോള്‍ ഒരു കോപ്പ ചോറു തിന്നാന്‍ ഒരു ദിവസം തന്നെ എടുക്കും.:). ചോറിന്, ‘ബാപ്പ്’ എന്ന് പറയും. കിംചി ചികെ, സുന്തുപ്പു ചികെ, ഥ്വെഞ്ചാന്‍ ചികെ, തുടങ്ങിയ രുചികരമായ നിരവധി ‘ചികെ’ കള്‍ ഉണ്ട് . ചികെ എന്നാല്‍ സൂപ്പ് എന്നാണര്‍ത്ഥം. അതിന്റെ കൂടെ ചോറും ഉണ്ടാകും. സംക്യൊപ് സാല്‍ എന്നത് കൊറിയയിലെ വിശേഷപ്പെട്ട ഒരു ‘ബാര്‍ബിക്യു’ ആണ്. പന്നിയിറച്ചി വറുത്തെടുത്ത്, ഇലയില്‍ പൊതിഞ്ഞ്, നമ്മുടെ നാട്ടിലെ അപ്പൂപ്പനമ്മൂമ്മമാര്‍ മുറുക്കുന്നതു പോലെയാണ് സംക്യൊപ്സാല്‍ കഴിക്കേണ്ടത്.
കൊറിയയില്‍ ആദ്യകാലത്ത് അപരിചിതമായിരുന്ന പഴവര്‍ഗ്ഗങ്ങള്‍ അതിന്റെ ഇംഗീഷ് പേരിലാണ് അറിയപ്പെടുന്നത്. ‘പൈനാപ്പിള്‍ ’ ആണ് കൈതച്ചക്ക, ‘തൊമാത്തോ’ തക്കാളിയും ‘ബനാന’ വാഴപ്പഴവുമാണ്.
‘കമ്പ്യൂത്തൊ’ ആണ് കമ്പ്യൂട്ടര്‍ . ‘ഇന്തൊനെത്’ എന്നാല്‍ ഇന്റര്‍നെറ്റ്. ‘ഇന്തോ’ എന്നാണ് ഇന്ത്യക്ക് പറയുന്ന പേര്. ഹുണ്ടായ് എന്ന് നമ്മള്‍ പറയുമെങ്കിലും ഈ കൊറിയന്‍ കമ്പനി യഥാര്‍ത്ഥത്തില്‍ ‘ഹ്യോന്തേ’ ആണ്. സിയോള്‍ അല്ല ‘സൌള്‍ ’ ആണ് ദക്ഷിണകൊറിയയുടെ തലസ്ഥാനം.
പതിന്നാലു വ്യഞ്ജനാക്ഷരങ്ങളും പത്ത് സ്വരാക്ഷരങ്ങളുമാണ് കൊറിയന്‍ ഭാഷയായ ‘ഹങ്കുല്‍ ’ ലിപിയില്‍ ഉള്ളത്. ഹങ്കുല്‍ ലിപിയില്‍ എന്റെ പേര് ‘പ്റമോത്’ എന്നാണ് എഴുതുക. വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ ലിപിയെന്ന് മലയാളത്തെ വിളിക്കാമെങ്കില്‍ വട്ടങ്ങളും വരകളും മാത്രം കൊണ്ടുണ്ടാക്കിയ ലിപിയെന്ന് ഹങ്കുലിനെ വിളിക്കാം.

കഥ ഇതുവരെ.

പി.എം. അലി.


എത്ര വെള്ളം ഈ പാലത്തിന്നടിയിലൂടെ ഒഴുകി. വസന്തങ്ങളും ഹേമന്തങ്ങളും പലതു കഴിഞ്ഞു, പ്രവാസിയായിട്ട്. മേയ് 4, 1967 -നു നാടു വിട്ടു. വിവാഹം കഴിഞ്ഞിട്ടു അധികനാളുകളായില്ല. സഹധര്‍മ്മിണിയെ വിട്ടു പോരേണ്ടി വന്നതായിരുന്നു ഏറ്റവും വേദനാജനകം.

അന്നു നാടു വിടുമ്പോള്‍ വെറൂം 3 പൌണ്ടു മാത്രം ഇന്ത്യ സര്‍ക്കാര്‍ അനുവദിക്കും. അന്നു കാലത്തു ഒരു പൌണ്ടു 13 രൂപയാണു. ലണ്ടനില്‍ വന്നിട്ടു എനിക്കു ന്യൂകാസ്സിലില്‍ എത്തണം. അതിനു അന്നു 6-7 പൌണ്ടു വേണം. പിന്നെ എന്തെങ്കിലും കഴിക്കണമല്ലൊ. വായു ഭക്ഷണം കൊണ്ടു ജീവിക്കാന്‍ പറ്റില്ലല്ലൊ!

ഭാഗ്യത്തിനു എന്റെ ഭാര്യയുടെ പിതാവിന്റെ ഒരു സുഹൃത്തു അന്നു കൈറോയില്‍ യുനെസ്കൊയില്‍ ഒരു ഫിഷറി വിഭാഗത്തിന്റെ തലവന്‍ ആയിരുന്നു. ഡോക്ടര്‍ ജോബ്. എന്നെ അദ്ദേഹം അതിഥിയായി കൈറൊയിലേയ്ക്കു വിളിച്ചിരുന്നു. ആ മഹാമനസ്കന്‍ എനിക്കു സമ്മാനമായി 200 ഡോളര്‍ തന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

അങ്ങിനെ ലണ്ടനില്‍ . തീവണ്ടിയില്‍ ന്യൂകാസിലില്‍ എത്തിച്ചേര്‍ന്നു. ഇംഗ്ലണ്ട് എന്നെ എതിരേറ്റതു കറുത്ത മുഖവും ചിണുങ്ങിച്ചിണുങ്ങി പെയ്യുന്ന മഴയുമായിട്ടായിരുന്നു. എനിക്കന്നു സത്യം പറഞ്ഞാല്‍ തീരെ ഇഷ്ടമായില്ല ഈ നാട്. അന്നെന്നോടു ആരെങ്കിലും ഞാന്‍ ഇവിടെ സ്ഥിര താമസമാക്കുമെന്നു പറഞ്ഞിരുന്നെങ്കില്‍ അവന്റെ തല ഉടനെ പരിശോധിപ്പിക്കുവാന്‍ പറയുമായിരുന്നു.

വസന്താഗമനത്തൊടെ ഇവിടെ എത്തിയ എന്നെ എതിരേറ്റതു എല്ലില്‍ തുളച്ചു കയറുന്ന തണുപ്പും വടക്കന്‍ കടലിലെ ശീതളമായ കാറ്റുമായിരുന്നു. ഗ്രഹാതുരതയെ വിരഹ വേദന ആയിരം മടങ്ങു വര്‍ദ്ധിപ്പിച്ചു.

സബൂറ് ( എന്റെ ഭാര്യ) കൂടെയില്ലാതിരുന്ന കാലങ്ങള്‍ ഒരു ഒച്ചിനെ പോലെ വളരെ സാവധാനം മാത്രം നീങ്ങിക്കൊണ്ടിരുന്നു.

അന്നു വളരെ കുറച്ചു മലയാളികളെ ഇവിടെ ഉണ്ടായിരുന്നുള്ളു. അവരില്‍ സിംഹഭാഗവും ഉപരി പഠനത്തിനെത്തിയ ഡോക്റ്ററ്മാരായിരുന്നു. ആരെ കണ്ടാലും അവരൊക്കെ പരീക്ഷ ഇവിടെ വളരെ കടുപ്പമാണെന്നും, കൂടാതെ ഭാര്യയുമായി താമസിക്കാന്‍ ഒരു വീടോടു കൂടിയുള്ള ജോലി കിട്ടാന്‍പ്രയാസമാണെന്നും എപ്പോഴും പറയുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അന്നത്തെ നാല്ലൊരു ഭാഗം ഡോകറ്റര്‍മാരും വളരെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലെ സംസാരിച്ചിരുന്നുള്ളു.

ആദ്യത്തെ രണ്ടുമാസം ഞാന്‍ ന്യൂകാസിലില്‍ ഹൃദയ രോഗ വിഭാഗത്തില്‍ ശമ്പളം കൂടതെ ജോലി നോക്കി. അപ്പോള്‍ ഒരു സത്യം പകല്‍ വെളിച്ചം പോലെ തെളിഞ്ഞു കണ്ടു: ശമ്പളം ഇല്ലാതെ ജോലിചെയ്യുമ്പോള്‍ ആരും നമ്മെ വിലമതിക്കില്ല. കൂടാതെ ഒരു വീടെടുത്തു ഭാര്യയെയും കുഞ്ഞു മകളെയും കൊണ്ടുവരാന്‍ ആകില്ലെന്നും മനസ്സിലായി. ഉടനെ തന്നെ ഒരു ജോലിക്കു അപേക്ഷ അയച്ചു. താമസം കൂടാതെ എനിക്കു  ആ ജോലി കിട്ടുകയും ചെയ്തു. അപ്പോള്‍ സബൂറ് ഗര്‍ഭിണി ആയിരുന്നതു കൊണ്ടു പ്രസവാനന്തരം മാത്രമേ യാത്ര പറ്റൂ എന്നു വീട്ടില്‍ എല്ലാവരും ഉപദേശിച്ചു. അങ്ങനെ ഞാന്‍ 10 മാസത്തോളം ഏകാന്ത വാസം തുടര്‍ന്നു. അന്നു ഞാന്‍ മയൂരസന്ദേശം എഴുതില്ലെങ്കിലും നൂറു നൂറു കത്തുകളെഴുതുമായിരുന്നു!

അന്നൊക്കെ ഫോണ് വിളിക്കണമെങ്കില്‍, ഫോണ്‍ ബുക്കു ചെയ്യണം.ഒരു പ്രാവശ്യം ഫോണ്‍ വിളിച്ചാല്‍ ഒരാഴ്ച ജോലി ചെയ്യുന്ന ചിലവും. ഒരു ഗുണമുണ്ടായിരുന്നത്, ആശുപത്രിയില്‍ അന്നു ജോലി ചെയ്യുമ്പോള്‍ എല്ലാം വെറുതെ കിട്ടും. മുറി വാടക ഇല്ല, വസ്ത്രങ്ങളൊക്കെ സൌജന്യമായി കഴുകി തേച്ചു കിട്ടും. കൂടാതെ കാലത്തെ മുറിയില്‍ ഒരു മെയ്ഡ് വന്നു ബെട് കോഫിയും തരും.  ഇന്നാരും വിശ്വസിക്കയില്ല ഇതൊക്കെ കേട്ടാല്‍!

അക്കാലത്ത് ഇവിടെ അധികം പ്രവാസികള്‍ ഇല്ലായിരുന്നു. അതു കാരണം കടകളില്‍ ഒന്നും തന്നെ അരിയൊ, എന്നു വേണ്ട നമ്മുടെ തരത്തിലുള്ള ആഹാരം പാകപ്പെടുത്താന്‍ ആവശ്യമായ പദാര്‍ത്ഥങ്ങളോ ഒന്നും തന്നെ കിട്ടിയിരുന്നില്ല. മുപ്പതോ നാല്പതൊ മൈലുകള്‍ യാത്ര ചെയ്യണം, അല്പം അരിയും കറികള്‍ക്ക് അത്യാവശ്യമായിട്ടുള്ള സാധനങ്ങളും വാങ്ങിക്കുവാന്‍. ആദ്യം ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കൂട്ടുകാരായി ഒരു കല്‍ക്കട്ടക്കാരന്‍ ഡോക്റ്റര്‍ നന്ദയും ഒരു ഡോക്റ്റര്‍ തോമസും ഉണ്ടായിരുന്നു. തോമസ് മലയാളിയും വളരെ നല്ല മനുഷ്യനുമായിരുന്നു. നന്ദയെക്കാള്‍ നല്ല ഒരു മനുഷ്യനെ കണ്ടു കിട്ടുക പ്രയാസമായിരുന്നു. തങ്കം പോലുള്ള ഒരു മനുഷ്യന്. വിവാഹം കഴിഞ്ഞു ഭാര്യയെ ഒന്നിച്ചു അയയ്ക്കാന്‍ വീട്ടുകാര്‍ അനുവാദം കൊടുത്തില്ല. അതു കാരണം നന്ദയുടെ ജീവിതം എന്നും ദുഖത്തിലായിരുന്നു. എന്നും എന്നോടു പറയുമായിരുന്നു സബൂറ് വന്നു കഴിഞ്ഞാല് ഞങ്ങളുടെ വീട്ടില് വന്നു ഊണു കഴിക്കണമെന്നും എന്റെ ഭാര്യയെയും കുഞ്ഞു മോളെയും കാണണമെന്നും.

സബൂറ് വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലായിരുന്നില്ല നന്ദ ജോലിചെയ്തിരുന്നതു. ഒരു ദിവസം ഞാന്‍ നന്ദയെ ഫോണില്‍ വിളിച്ചപ്പോള്‍ ആശുപത്രിക്കാരു പറഞ്ഞു ആ നല്ല മനുഷ്യന്‍ ആത്മഹത്യ ചെയ്തുവെന്ന്. വിരഹ വേദന ആ ദീപം കെടുത്തി.

തോമസ്സു വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി അത്ര അടുപ്പത്തിലല്ലായിരുന്നു. രണ്ടു പേരും രണ്ടു ആശുപത്രികളിലായി ജോലി നോക്കി. തോമസ്സാണു എന്നെ അയിലക്കറി പാകം ചയ്യാന്‍പഠിപ്പിച്ചത്. നന്ദ എന്നെ കിച്ചുടി ഉണ്ടാക്കാനും പഠിപ്പിച്ചു! കിച്ചുടി അരിയും പരിപ്പും ചേര്‍ത്തുള്ള ഒരു വിഭവം ആണു. അങ്ങനെ എന്റെ ഗുരുക്കളായി ഇവര്‍ രണ്ടു പേരും കഴിഞ്ഞു. ഞാനാണു കടകളില് പോയി സാധനങ്ങള്‍ വാങ്ങിക്കുന്നത്. അതിനു വേണ്ട കാശു ഞങ്ങള്‍ വിഭജിച്ചെടുക്കും.

അന്നു വടക്കെ ഇംഗ്ലണ്ടിലായിരുന്നു ജോലി. ഓരോ കൌണ്ടിയുമനുസ്സരിച്ചു ഉച്ചാരണം വളരെ വ്യത്യസ്തമായിരുന്നു.

ഒരിക്കല്‍ അടുത്തുള്ള കടയില്‍ ഞാന് ഉരുളക്കിഴങ്ങു വാങ്ങിക്കാന്‍ പോയി ; കൂടെ ഉള്ളിയും മറ്റും . കടയില്‍ ചെന്നു  രണ്ടു പൌണ്ടു പൊട്ടാട്ടൊ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക്  ഒരു പിടിയും കിട്ടുന്നില്ല. പല തവണ ആവര്‍ത്തിച്ചു. രക്ഷയില്ല. ചെവി ഒന്നു പരിശോധിക്കണമെന്നു ഉപദേശിക്കാന്‍ തോന്നിയുമില്ല.  അവസാനം ചൂണ്ടിക്കാണിച്ചു കൊടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു : ‘ പൊട്ടേട്ടൊ” അങ്ങനെ ഇംഗ്ലീഷില്‍ ആദ്യ പാഠം വീണ്ടും.

പിന്നൊരിക്കല്‍ ബസ്സ് സ്റ്റോപ് നോക്കി നടന്ന് ആശുപത്രിയുടെ പുറത്ത് ഇറങ്ങി ഒരു സ്ത്രീയോടു ആരാഞ്ഞു.  ബസ് എന്നു പത്തു പ്രാവശ്യം പറഞ്ഞിട്ടും ഒരു പിടിയുമില്ല ആ സ്ത്രീക്ക്. അവസാനം ആംഗ്യ ഭാഷ തന്നെ വേണ്ടി വന്നു. അപ്പോള് അവര്‍ പറഞ്ഞു: ബസ്സല്ല. ബുസ്. ബസ് അങ്ങനെ ബുസ് ആയി മാറി. അവരുടെ ഭാഷയല്ലേ. യോറ്ക്ഷയറ്കാരിക്കു ബസ് ബുസ്സാക്കണമെങ്കില്‍ ഞാനാരാ തടസ്സം പറയാന്! അങ്ങനെ ഇംഗ്ലീഷില്‍ രണ്ടാം പാഠം പഠിച്ചു.

ആ ജോലിയില്‍ എന്റെ മേധാവിക്കു എന്നോടു വളരെ ഇഷ്ടമായി. ഒരു ദിവസം അദ്ദേഹം കണ്ടു തളര്‍ച്ച രോഗം എന്നു വിധിച്ച ഒരു രോഗിക്കു തളര്‍ച്ചയല്ല അതു നട്ടെല്ലിലുള്ള ഒരു വളര്‍ച്ച ആണെന്നു ഞാന്‍ പറഞ്ഞു. ആദ്യം അദ്ദേഹം സമ്മതിച്ചില്ലെങ്കിലും പിന്നീടുള്ള ടെസ്റ്റുകള്‍ എന്റെ ഊഹം ശരിയെന്നു സ്ഥാപിച്ചു. അവിടെ 8 മാസം ജോലിചെയ്തു പുതിയ സ്ഥലത്തേക്ക് ജോലിക്കപേക്ഷിച്ചപ്പോള്‍ എന്നെ ഒരു റെജിസ്റ്റ്രായി പ്രമോഷന് തരാമെന്നും അവിടെ തന്നെ നില്ക്കണം എന്നും ഉപദേശിച്ചു. ഞാന്‍ അദ്ദേഹത്തെ മുഷിപ്പിക്കാതെ തന്നെ വേറൊരു ജോലിയും വീടും സങ്കടിപ്പിച്ചു. അതോടെ സബൂറും മകള്‍ ആഷിയയും അടുത്തെത്തി. ഹേമന്തം കഴിഞ്ഞു വസന്തം വന്നു. കോകിലങ്ങള്‍ വീണ്ടും ഗാനാലാപം തുടങ്ങി; ജീവിതത്തിലും തൊടിയിലും.

മകള്‍ക്ക് അന്നു 4 മാസം മാത്രം പ്രായം. കൊച്ചിയില്‍ നിന്നും ബോംബയിലേയ്ക്കും അവിടെ നിന്നും ലണ്ടനിലേയ്ക്കുമുള്ള യാത്ര

ആഷിയയെ വല്ലാതെ ബാധിച്ചു. ലണ്ടന്‍ മുതല്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഡാറ്ലിങ്ങ്റ്റന്‍ എന്ന സ്ഥലം വരെ വാ തോരാതെ കരഞ്ഞു. ഞാനെത്ര ശ്രമിച്ചിട്ടും കുട്ടി കരഞ്ഞു കൊണ്ടേയിരുന്നു. അവസാനം വീട്ടിലെത്തി, കുളിപ്പിച്ചതിനു ശേഷം ‘ബേബി കട്ടിലില്‍ കിടത്തിയപ്പോള്‍ എന്നെ നോക്കി മനോഹരമായി ചിരിച്ചു. ഞാനെന്നും മകളോടു പറയാറുണ്ട് ആ പുഞ്ചിരി എന്റെ മനസ്സില്‍ ഞാന്‍ ഫ്രൈം ഇട്ടു സൂക്ഷിച്ചിട്ടുണ്ടെന്നു. വിഷാദമൂകനാകുമ്പോള്‍ ആ ചിത്രം എന്നോടു പറയും: ഒന്നു ചിരിക്കൂ

കുഞ്ഞു മോള് വരുന്നതു പ്രമാണിച്ചു ഞാന്‍ അവള്‍ക്ക് സബൂറിനും ആവശ്യമുള്ള വസ്ത്രങ്ങള്‍ ഒക്കെയും വാങ്ങിച്ചിരുന്നു. ഞാന്‍ വാങ്ങിയ ഉടുപ്പും അണിയിച്ചു പുതിയ പ്രാമില് കുഞ്ഞിനെ ഞങ്ങള്‍ രണ്ടുപേരും കൂടി ഉന്തിക്കൊണ്ടുപോകുമ്പോള്‍, പലരും പറയുമായിരുന്നു: ‘ യു ഹാവ് ഗൊട്ടു എ ബ്യൂറ്റിഫുള്‍ സണ്‍ ‘എന്നു. ഒരു ദിവസം സബൂറിനോടു ചോദിച്ചു ഇവരെന്താ മോളെ മോനാക്കിയതു എന്നു. സബൂറ് ചിരിച്ചു കൊണ്ടു പറഞ്ഞു, ആരെങ്കിലും പെണ്കുട്ടികള്‍ക്ക് ബ്ലൂ കളറ് വാങ്ങിക്കുമോ. അപ്പോള്‍ പഠിച്ചു വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരിക്കലും ഒറ്റ്യ്ക്കു പോകരുതെന്നും. ഭാര്യയുടെ സഹായം ഇതിനൊക്കെ ഒഴിച്ചു കൂടാന്‍ പാടില്ലെന്നുമുള്ള സത്യം മനസ്സിലാക്കി. അങ്ങനെ എന്റെ ഇവിടെയുള്ള താമസത്തില്‍ ആദ്യകാലങ്ങള്‍ കണ്ടും കേട്ടും പഠിക്കലായിരുന്നു.

അക്കാലത്തു ശമ്പളം തുച്ഛമായിരുന്നെങ്കിലും ജീവിതം സുഗമമായിരുന്നു. സാധനങ്ങള്‍ക്ക് വില വളരെ കുറവായിരുന്നു. 5 പൌണ്ടു കൊണ്ട് ഒരാഴ്ച്ചത്തെ വീട്ടു സാമാനങ്ങള്‍ വാങ്ങിക്കാന്‍ കഴിയും. ഇന്നു ആ സ്ഥാനത്തു നൂറൊ ഇരുന്നൂറൊ പൌണ്ടു വേണം. അഞ്ചു പൌണ്ടു കൊണ്ടു ഒരു റ്റാങ്ക് പെട്രോള്‍ കിട്ടുമായിരുന്ന അവസ്ഥ മാറി ഇന്നാ സ്ഥാനത്തു 60 പൌണ്ടു വേണം. ചിലവിനൊപ്പം വരവും കൂടി എന്നുള്ള്തു സത്യം.

അന്നു ജനങ്ങള്‍ കൂടുതല്‍ അടുപ്പം കാണിച്ചിരുന്നു. 1970 കളില്‍ കിഴക്കേ ആഫ്രിക്കയില്‍ നിന്നും മറ്റും ധാരാളം പ്രവാസികള്‍ വന്നതോടെ പല മാറ്റങ്ങളും വന്നു. അടുത്ത കാലത്തുണ്ടായ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉള്ളവരെ വല്ലതെ പരിഭ്രാന്തരാക്കി. ഏന്നിട്ടും നമ്മളോടുള്ള പെരുമാറ്റം ഇന്നും നല്ല നിലയില്‍ തുടരുന്നു.

സബൂറും മകളും വന്ന കാലത്തു എന്റെ വാര്‍ഡില്‍ ജോലിനോക്കികൊണ്ടിരുന്ന ചാര്‍ജ്ജ് നേഴ്സ് ഞങ്ങളോടു വളരെ സ്നേഹത്തിലാണു പെരുമാറിയിരുന്നതു. ആ മനുഷ്യന്‍ ഞങ്ങളെ വീട്ടില്‍ കൊണ്ടുപോകുകയും രുചിയുള്ള ആഹാരങ്ങള്‍ തരികയും ചെയ്യുമായിരുന്നു. കൂടതെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഞങ്ങളെ പലസ്ഥലങ്ങളിലും കൊണ്ടു പോകുമായിരുന്നു. ഞങ്ങള്‍ ആ സ്ഥലം വിട്ടിട്ടും ഞങ്ങളുടെ സൗഹാര്‍ദം അദ്ദേഹം മരിക്കുന്നതു വരേ തുടര്‍ന്നു. ഇന്നും അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളുടെ ഉറ്റ സുഹൃത്താണ്‌, അവരുടെ മക്കളും. അതിലൊരു മകള്‍ എന്റെ ഫേസു ബുക്ക് ചങ്ങാതിയും!

കഴിഞ്ഞ നാലു നൂറ്റാണ്ടുകള്‍ കണക്കിലെടുത്താല്‍ ഇവിടെ പല മാറ്റങ്ങളും വന്നു. തെരുവീഥികള്‍ കൂടുതല്‍ മലീമസമാകാന്‍ തുടങ്ങി. ഞാന്‍ വന്ന കാലത്ത് ഒരാളും ഒരു കടലാസ്സു കഷ്ണം പോലും വഴിയില്‍ ഇടുമായിരുന്നില്ല. ഇന്നു ആ സ്ഥിതി മാറി. ഫാസ്റ്റ് ഫുഡു വന്നതോടു കൂടി അതിന്റെ പാക്കറ്റും മറ്റും വഴിയില്‍ ഇടാന് തുടങ്ങി. കൂടതെ ച്യൂയിങ്കം തിന്നു അതു വഴിയിലിടുക ഒരു സാധാരണ കാര്യമായിത്തീര്‍ന്നു.

ഏറ്റവും വിനയത്തോടെ യാതൊരു തെറിവാക്കുകളും ഉപയോഗിക്കാതിരുന്ന ജന വിഭാഗം ഇന്നു രണ്ടാമത്തെ വാക്കു തെറിവാക്കെ ഉപയോഗിക്കു എന്ന വ്രതത്തിലാണു. ഇതു ഒരു പക്ഷേ അമേരിക്കന് സംസ്കാരം കണ്ണടച്ചു പകര്‍ത്തുന്നതിന്റെ ഫലം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതേ പ്രവണത തന്നെ ഇന്നു ഇന്ത്യ ഒട്ടുക്കും നാം കാണുന്നു.

അക്കാലങ്ങളില്‍ കക്കലും പിടിച്ചു പറിയും വളരെ കുറവായിരുന്നു. ഒരു പക്ഷേ മറ്റുള്ള നാടുകളില്‍ നിന്നുമുള്ള കുടിയേറിത്താമസം ഇതിനു വഴി തെളിച്ചു എന്നതും സത്യം.

എന്റെ ബിരുദാനന്തര പരീക്ഷകളും അതിനെത്തുടര്‍ന്നുള്ള പരിശീലനങ്ങളും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. എന്റെ അടുത്ത കൂട്ടുകാരന്‍ രാജന് ഉപദേശിച്ചു, പോകുന്നതിനു മുമ്പ് അമേരിക്കന്‍ പ്രവേശന പരീക്ഷ കൂടെ പാസ്സാകണമെന്നും, നാട്ടില്‍ പ്രാക്റ്റീസ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അമേരിക്കയില്‍ പോകാമെന്നും. അന്നു ഞാന്‍ പറഞ്ഞു നാട്ടില്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ വല്ല കച്ചവടവും ചെയ്യുമെന്ന്. ഇന്നും രാജനും ഞാനും കൂടി കൂടുമ്പോള്‍ ആ കാര്യം പറഞ്ഞു ചിരിക്കും. വലിയ സ്വപ്നങ്ങളുമായി എത്തി ഒരു കാറ്ഡിയോളൊജിസ്റ്റു ആയി ജോലി നോക്കിയ ഞാന്‍ ആ ജോലി കളഞ്ഞു തിരിച്ചു പോരേണ്ടി വന്നു. അന്നും പോകാം എന്നു പറഞ്ഞപ്പോള്‍ എന്റെ കൂടെ ഇറങ്ങി എന്റെ കൂട്ടുകാരി.

അങ്ങനെ വീണ്ടും വന്നു ഈ രാജ്യത്തു. ഇവിടെ നിന്നും പോകുന്നതിനു ആറു മാസം മുമ്പ് ഞങ്ങള്‍ക്ക് ഒരോമന പുത്രന്‍ ജനിച്ചു; എഹ്സാന്. രണ്ടു കുട്ടികളോടു കൂടി വീണ്ടും ആരംഭിച്ചു വിദേശ വാസം.

പല ജോലികളും ചെയ്തു. ഹോസ്പിറ്റല്‍, തിരക്കുള്ള പ്രാക്റ്റിസ്, ബിരുദാനന്തര വിദ്യാഭ്യാസത്തില്‍ പഠിപ്പിക്കുന്നവന്‍, അങ്ങനെ. കുട്ടികള്‍ രണ്ടുപേരും ഡോക്റ്റര്‍മാരായി ആശുപത്രികളില്‍ ജോലി ചെയ്യുന്നു. രണ്ടു പേരും അവരവരുടെ മേഖലകളില്‍ വിദഗ്ദ്ധന്മാരായാണു ജോലി നോക്കുന്നത്.

ഇവിടെ വളരെ സൌകര്യങ്ങള്‍ഉണ്ടു. വൈദ്യ സഹായം ആവശ്യമുള്ളവര്‍ക്ക് അതു സൌജന്യം. വിദ്യാഭ്യാസം യൂണിവേഴ്സിറ്റി വരെ സൌജന്യം. അറുപതു വയസ്സു കഴിഞ്ഞാല്‍ അവര്‍ക്ക് എല്ലാ മരുന്നുകളും സൌജന്യം. അറുപതു കഴിഞ്ഞവര്‍ക്ക് ബസ്സില്‍ സൌജന്യ യാത്ര. എല്ലാവര്‍ക്കും വായന ശാലകളില്‍ പ്രവേശനം സൌജന്യം. അങ്ങനെ നീളുന്നു പട്ടിക.

ഇപ്പോള്‍ ഞങ്ങള് രണ്ടുപേരും യാത്ര ചെയ്തും തോട്ടപ്പണികളിലും മറ്റും ഏര്‍പ്പെട്ടും കഴിയുന്നു. ജീവിതം ഒട്ടും വിരസമല്ല. ധാരാളം താല്പര്യങ്ങള്‍ ഞങ്ങള്ക്കുള്ളതിനാല്‍ ജീവിതം ആസ്വദിച്ചു കഴിയുന്നു. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ തരത്തിലുള്ള താല്പര്യങ്ങളാണുള്ളത്. പക്ഷി നിരീക്ഷണം, യാത്ര, നീന്തല്‍, വായന, ചിത്രകലാ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുക, നാടകങ്ങള്‍ കാണുക, ഇതൊക്കെ  പ്രിയങ്കരം.

ഇവിടെ ഞാന്‍ കണ്ട ഒരു പുണ്യം : രോഗികളോടു കാശു വാങ്ങിക്കാതെ നമുക്കു പ്രാക്റ്റീസ് ചെയ്യാം. മരുന്നെഴുതി കൊടുക്കുമ്പോള്‍ അതു ആരെയും തൃപ്തിപ്പെടുത്താനല്ല. രോഗിയുടെ രോഗത്തിനനുസ്സരിച്ചതു എഴുതാം. നാട്ടില് പ്രാക്റ്റിസ് തുടങ്ങിയപ്പോള്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ എന്ന സ്ഥലത്തുള്ള ഒരാശുപത്രിയില്‍ ആഴ്ച്ചയിലൊരിക്കല്‍ പോകുമായിരുന്നു. അന്നൊരിക്കല്‍ അവിടെയുള്ള ഒരു ഹാജിയാറ്ക്കു ഹാര്‍ട്ട് അറ്റാക്കു വന്നു. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിനു ഹാര്‍ട്ട് ഫൈലിയറും ഹാര്റ്റു ബ്ലോക്കുമായിരുന്നു. അദ്ദേഹം രക്ഷപ്പെട്ടു; എന്റെ സാമറ്ഥ്യമല്ല രോഗിയുടെ ഭാഗ്യം. അദ്ദേഹത്തിനു എന്നെ വളരെ ഇഷ്ടമായിരുന്നു. ഒരു നയാ പൈസ പോലും ഞാന്‍ കൈപറ്റിയുമില്ല. ഉച്ചയ്ക്കുള്ള ആഹാരം ഒഴികെ. അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാതെ വിടില്ല. ഞാനോ ഭക്ഷണക്കൊതിയനും. അതെല്ലാം കഴിഞ്ഞു അദ്ദേഹത്തിന്റെ ഗള്‍ഫില്‍ ജോലിചെയുന്ന സഹോദരന്‍ എത്തി. രണ്ടുമാസമെങ്കിലും കഴിഞ്ഞു കാണും അപ്പോള്‍. സഹോദരന്റെ നിര്‍ബന്ധ  പ്രകാരം എറണാകുള്ത്തുള്ള ഒരു ഡോക്റ്ററെ ചെന്നു കണ്ടു. ആ മനുഷ്യന്‍  അയാളായിരുന്നെങ്കില്‍ മൂന്നു മാസം കട്ടിലില്‍ നിന്നും എഴുന്നേല്പ്പിക്കില്ലായിരുന്നെന്നും പറഞ്ഞു വളരെ വില കൂടിയ മരുന്നുകളൊക്കെ എഴുതിക്കൊടുത്തു. ആ അനുജന്‍ ഒരു ദിവസം എറണാകുളത്തു എന്നെ കാണാന്‍ വന്നു, എന്റെ ചികിത്സ ശരിയായിരുന്നില്ല എന്നറിയിക്കാന്‍.  എന്റെ മരുന്നുകള്‍ക്ക് വില തുച്ചമായിരുന്നപ്പോള്‍ മറ്റേ ഡോക്റ്റരുടെ മരുന്നുകള്‍ക്ക് വളരെ വില കൂടുതലായിരുന്നെന്നും  അതു കൊണ്ടു എന്റെ മരുന്നുകള്‍തീരെ ഗുണമില്ലത്തതാണെന്നുമായിരുന്നു ആരോപണം. എനിക്കു ഈര്‍ഷ്യയും സങ്കടവും വന്നു. ഞാന്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ രക്ഷപ്പെട്ടു. ഞാന്‍ ഒരു കാശും വാങ്ങുയതുമില്ലല്ലോ.

അതു പോലെ പല സംഭവങ്ങളും എന്നെ മടുപ്പിച്ചു. തിരിച്ചു പോരല്‍ എളുപ്പമായിരുന്നില്ല. പലരും വഴക്കിട്ടു. ഭാര്യ കൂടെ നിന്നു. അന്നും ഇന്നും എന്നും. അതാണെന്റെ നേട്ടം; രണ്ടു മക്കളും.

എന്റെ സൗദി ഡ്രൈവിംഗ് ലൈസെന്‍സ്…


മുഹമ്മദ് മാറഞ്ചേരി

ഫുറ്റാന്‍… സൗദി യായ ഇന്‍സ്ട്രക്ടര്‍ നീട്ടി വിളിക്കുന്നു ..

ഞാന്‍ കേട്ട ഭാവം നടിച്ചില്ല ..എന്റെ പേരിനു പകരം വീട്ടുപേരിന്റെ ആദി വാക്ക് വെച്ചാണ് മൂപ്പരുടെ കസര്‍ത്ത് .. പാവം .. ആളെ കാണാതെ ഫോട്ടോ നോക്കി ഓരോരുത്തരുടെ അടുത്തും വരുന്നു അവസാനം എന്റെ അടുത്തും ..

ഇന്ത ഫുറ്റാന്‍ .. ലേഷ് മ ഇജി .. (നീയല്ലേ പുത്താന്‍ , പിന്നെന്താ വരാഞ്ഞത്)

ല, അന മുഹമ്മദ്‌ (അല്ല ഞാന്‍ മുഹമ്മദ്‌ ആണ്)

ശുഫ് ഹാദി സൂറ മല്‍ ഇന്ത ലാ,   മക്തൂബ് ഫുറ്റാന്‍ .. (ഈ ഫോട്ടോ നോക്ക് നീയല്ലേ, പുത്താന്‍ എന്നെഴുതിയിട്ടുമുണ്ട് )

നേരാണ് എന്റെ ഡ്രൈവിംഗ് ലൈസിന്സിന്റെ പേപ്പറില്‍ വീട്ടു പേരിന്റെ ആദ്യ വാക്ക് പുത്തന്‍ വീട്ടില്‍ ; ആ പാവം കരുതി അതെന്റെ പേരാണെന്ന്..

അങ്ങിനെ എന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ആദ്യ പടിയായ പരിശീലനം ആരംഭിച്ചു. സൗദി ട്രാഫിക് വിഭാഗം നേരിട്ട് നടത്തുന്ന സ്കൂളാണ്, പഠിച്ചു ലൈസെന്‍സും വാങ്ങി ഇറങ്ങാം . വണ്ടി ഓടിക്കാന്‍ അറിയുന്നവര്‍ക്ക് നേരിട്ട് സിഗ്നലുകള്‍ കൂടി പഠിപ്പിക്കുന്നിടത്തു പഠിക്കാം … കാര്‍ നേരെ ഓടിക്കാന്‍ എനിക്കറിയാം..പോരാത്തതിന്  ബോസിന്റെ ബ്യുക് കാര്‍ വളരെ നിസ്സാരമായ് ഞാന്‍ ഓടിച്ചതാണ്..റിവേര്‍സ് മാത്രമാണ് പ്രശനം..പിന്നെ ട്രാഫിക് നിയമങ്ങളും പഠിക്കണം അത്രേയുള്ളൂ..

ജാംബവാന്റെ കാലത്തുള്ള ടൊയോട കാര്‍ .. അതിന്റെ അക്സിലെട്ടരില്‍ കയറി നിന്നാലേ വണ്ടി മുന്നോട്ടു പോകു അത്രക്കും കടുപ്പം …ക്ലച് തേഞ്ഞു തേഞ്ഞു ഒരു പരുവം .. ബ്രേക്ക്‌ ല്‍ ചവിട്ടിയാല്‍ കാലിനു നീര് വരും .. സ്ടിയരിംഗ് എന്ന വളയം, തുരുമ്പു പിടിച്ചതാണോ ?  വെല്‍ഡ് ചെയ്തു പിടിപ്പിച്ച മാതിരി .. ഒന്ന് തിരിഞ്ഞു കിട്ടുമ്പോഴേക്കും ഉണ്ട ശാപ്പാട് ദഹിക്കും..   അത് കുറച്ചു കാലം തിരിച്ചാല്‍ ടീബി പിടിച്ചു മരിച്ചു പോകും. നല്ല ആരോഗ്യം വേണം.. എനിക്ക് മുന്‍പ് ഓടിച്ചവനും അത് തന്നെ പറഞ്ഞു ..ആകെ കൂടി നോക്കിയാല്‍ കാര്‍ പണി തരും എന്ന് ഉറപ്പു .

സ്കൂളിന്റെ ഡ്രൈവിംഗ് മൈതാനത്ത് തന്നെ ഒരു ഹൈവേ  റോഡിന്‍റെ  എല്ലാ വിധ സജ്ജീകരണങ്ങളും  ഒരുക്കിയിട്ടുണ്ട്.. സിഗ്നലുകളും . പോരാതെ ഹംപുകള്‍.. തിരിവുകള്‍ എല്ലാം… ഞാന്‍ വണ്ടിയില്‍ കയറി സീറ്റ് ബെല്‍ട്ടു മുറുക്കി.. കണ്ണാടി ശെരിയാക്കി.. എല്ലാം ഉറപ്പു വരുത്തി അല്ലാഹുവിനെ സ്മരിച്ചു ഗിയര്‍ മാറ്റി വണ്ടി മുന്നോട്ടു എടുത്തു..  വളരെ സാവകാശം ഗിയര്‍ രണ്ടിലേക്കും.. മൂന്നിലെക്കും മാറ്റി .. നേരെയുള്ള റോഡില്‍ കൂടി പോയി ചുറ്റി വളവുകളും തിരിവുകളും സിഗ്നലുകളും പിന്നിട്ടു തിരികെ ഇവിടെ തന്നെ വരണം..ഇന്‍സ്ട്രക്ടര്‍മാര്‍  സിഗ്നലിന്റെ അടുത്തും മറ്റു നിര്‍ത്തേണ്ട സ്ഥലങ്ങളിലും  ഉപദേശങ്ങള്‍ നല്‍കാന്‍ ഉണ്ടാകും.. ഞാന്‍ ആദ്യ സിഗ്നല്‍ കഴിഞ്ഞു കൈയും കാലും കുഴഞ്ഞു തുടങ്ങി .. പേശികള്‍ വേദനിക്കുന്നു.. എന്നാലും വളരെ നല്ല രീതിയില്‍ തന്നെ ഓടിച്ചു കൊണ്ടിരുന്നു .

ഇനിയുള്ളത് സാമാന്യം നല്ല ഒരു വളവു അത് കഴിഞ്ഞാല്‍ ഒരു ഹമ്പും …ഞാന്‍ വണ്ടി മുന്നോട്ടെടുത്തു..വീണ്ടും  ഗിയര്‍ മാറ്റി .. അക്സിലെട്ടരില്‍ കാല്‍ അമര്‍ത്തി വീണ്ടും ഗിയര്‍ മാറ്റി..ഇനി മുന്നിലുള്ളത് വളവാണ്.. ഞാന്‍ തയ്യാറായി .. കൃത്യമായി വണ്ടി ഓടിക്കാന്‍ ശ്രമിച്ചു..  സ്ടിയരിംഗ് സര്‍വ ശക്തിയും ഉപയോഗിച്ച് തിരിച്ചു.. അല്പം വേഗത കുറക്കാന്‍ ബ്രേക്ക്‌ കൊടുത്ത്.. പക്ഷെ ബ്രക്കിനു പകരം  അക്സിലെട്ടരില്‍ അമര്‍ത്തി ചവിട്ടി .. മുന്‍പില്ലാത്ത വിധം കാര്‍ കുതിച്ചു.. അതിര്‍ത്തി നിശ്ചയിക്കാന്‍ വെച്ച പ്ലാസ്റ്റിക്‌  പോളുകള്‍ ഓരോന്നായി ഇടിച്ചിട്ടു.. ഒരു ഇന്സ്ട്രുക്ടര്‍ പിന്നാലെ ഓടി  ഓരോ നിര്‍ദേശങ്ങള്‍ തരുന്നുണ്ട്.. പക്ഷെ എനിക്ക് പെട്ടെന്ന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല… എന്റെ ധൈര്യം  ഒക്കെ പോയി, ഇത് കണ്ട മറ്റൊരു ഇന്സ്ട്രുക്ടര്‍ മുന്‍പില്‍ നിന്ന് ഓടി വരുന്നു..കാര്‍ അയാളുടെ നേര്‍ക്ക്‌ തന്നെയാണ് പോകുന്നത് .. ഞാന്‍ മറ്റൊരു ദിശയിലേക്കു കാര്‍ തിരിക്കാന്‍ ശ്രമിച്ചെങ്കിലും   സ്ടിയരിംഗ്  എവിടെയോ ഉടക്കിയ പോലെ നേരെ തന്നെ നില്‍ക്കുന്നു.. ബ്രേക്ക്‌ ചെയ്യാനുള്ള ശ്രമം,  അതും വിജയിച്ചില്ല. എന്റെ പരിഭ്രമവും അതോടൊപ്പം പരിചയക്കുറവും .. വണ്ടി നേരെ തന്നെ പോകുന്നു.. ഓടി വരികയായിരുന്ന ഇന്‍സ്ട്രക്ടര്‍ അപകടം മണത്തു.. നേരെ എതിര്‍ ദിശയിലേക്കു ചാടി .. ഇന്‍സ്ട്രക്ടര്‍ തല നാരിഴക്കാന് രക്ഷപ്പെട്ടത്.. നേരെ കാണുന്നത് ചുറ്റു മതിലാണ്.. അതിനു മുന്‍പില്‍ മണല്‍ ചാക്കുകള്‍ അടുക്കിയിരിക്കുന്നു..  അവിടെ ഞാന്‍ കാര്‍ ബ്രാക്ക് ചെയ്തു നിര്‍ത്തി..

എനിക്ക് ഒന്നും സംഭവിച്ചില്ല ,, കാറിനു സംഭവിക്കാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല എങ്കിലും ഞാനായിട്ട് ഒരു കേടും  വരുത്തിയില്ല.. .. ഇന്‍സ്ട്രക്ടര്‍മാര്‍  പുറകെ ഓടി വരുന്നുണ്ടായിരുന്നു .. അവര്‍ എന്തൊക്കെയോ പറയുന്നുണ്ട്.. നീ എന്നെ ഇപ്പോള്‍ കൊന്നേനെ.. എവിടെ നോക്കിയ കാര്‍  ഓടിക്കുന്നത്.. അങ്ങിനെ പലതും .. ഞാന്‍ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല .. അല്‍പ സമയമെടുത്തു സമനില വീണ്ടെടുക്കാന്‍.. അറിയാവുന്ന മുറി അറബിയില്‍ ഞാന്‍ കാറിന്റെ പ്രശ്നങ്ങള്‍ പറഞ്ഞു .. പക്ഷെ മറ്റുള്ളവരും അതെ കാറാ ണ് ഓടിക്കുന്നത്.. അവര്‍ക്കില്ലാത്ത കുഴപ്പം എനിക്ക് മാത്രം എന്താ എന്നൊക്കെയാണ് പ്രതികരണം..

ഉടനെ തന്നെ എന്നെ തുടക്കക്കാരുടെ  ഇന്സ്ട്രക്ടരുടെ  അടുത്തേക്ക്‌ അയച്ചു..നന്നായി ഓടിച്ചു പഠിച്ചിട്ടു വരാന്‍ .. വളരെ പെട്ടെന്ന് തന്നെ ശെരിയായി പഠിച്ചു വീണ്ടും സിഗ്നല്‍ പഠിക്കാന്‍ അവിടെ വന്നു, ആ പഴയ കാര്‍ അവിടെ ഇല്ലായിരുന്നു..എന്റെ പരാക്രം ആ കാറിനു കഴുമരം വാങ്ങി കൊടുത്ത് എന്ന് പിന്നീടരിഞ്ഞു.. ഏതോ മൈതാനത്ത് സ്ക്രാപ്പായി കിടപ്പുണ്ടാവും .. പിന്നീട് അധികം ബുദ്ധിമുട്ടാതെ  ഞാന്‍ ലൈസന്സ് എടുത്തു .. എന്നാലും, എന്റെ ഇന്‍സ്ട്രക്ടര്‍ ഓടിയ ആ ഓട്ടം ഇന്നും കണ്മുമ്പില്‍ കാണുന്ന പോലെ.. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരു സംഭവം..

—————————

5 Responses to “പ്രവാസി”


 1. 1 ahamadmaruthayoor ഒക്ടോബര്‍ 22, 2010 -ല്‍ 11:31 am

  വിഭവങ്ങള്‍ ഒന്നിനൊന്നു മെച്ചം

 2. 2 savithri ഒക്ടോബര്‍ 23, 2010 -ല്‍ 9:33 am

  നല്ല വിവരണങ്ങള്‍ ….നന്നായിട്ടുണ്ട് എല്ലാം തന്നെ . പ്രമോദ് മലയാളം ഹങ്കല്‍ നിഘണ്ടു എഴുതും എന്ന് പ്രതീക്ഷിക്കുന്നു , കൊറിയന്‍ വാസം കഴിയുമ്പോഴേക്കും 🙂

 3. 3 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 1:30 pm

  പ്രമോദിന്റെ ലെഖനം വായിച്ചപോള്‍ ഒരു കഥ ഓറ്ത്തു പോയി.ഞാന്‍ കുറച്ചു ചൈനക്കാരെ ചികിത്സിക്കുമായിരുന്നു. അവര്‍ കഞ്ഞിക്കു കഞി എന്നും ഉവ്വു എന്നതിനു ഉവ്വു എന്നും പറയും. കഞ്ഞിക്കു കഞി എന്നു തായ്ലാണ്ടു കാരും വിയറ്റ്നാം കാരും പറയുന്നതു ഞങ്ങള്‍ അവിടെ യാത്ര ചെയ്തപ്പോള്‍ മനസ്സിലാക്കി.
  മ്മുഹമ്മദ് മാഞ്ചേരിയുടെ കഥ വയിച്ചപ്പോല്‍ ഞാന്‍ പ്രറ്ത്തിക്കുകയായിരുന്നു ഒന്നും പറ്റല്ലേ എന്നു.

 4. 4 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 4:04 pm

  പതിവിലും വ്യത്യസ്തമായ നല്ല മൂന്നു കുറിപ്പുകള്‍…. പത്രാധിപരോട് ഒരു അപേക്ഷ , ഈ കുറിപ്പുകള്‍ ഒരു പേജില്‍ മാത്രമായി ഒതുക്കാതെ മൂന്നു കുറിപ്പുകളും മൂന്നു പേജിലാക്കി കൊടുത്തിരുന്നേല്‍ കൂടുതല്‍ മെച്ചമായേനെ…

  മലയാളത്തിലെ പല വാക്കുകളും അറബിയിലും മറ്റു പല ഭാക്ഷകളിലും ഉപയോഗിച്ച് കേട്ടിട്ടുണ്ട്…പ്രമോദ് ഇനിയും കൊറിയന്‍ ജീവിത രീതികളെ കുറിച്ച് എഴുതണം.
  അലിയുടെ കുറിപ്പ് വളരെ കൌതുകത്തോടെ ആണ് വായിച്ചത്… ഇനിയും ഇത് പോലുള്ള കുറിപ്പുകള്‍ എഴുതണം…
  മുഹമ്മദില്‍ ഇത് പോലൊരു നല്ല എഴുത്തുകാരന്‍ ഉണ്ടെന്ന കാര്യം ഇടയ്ക്കിടയ്ക്ക് അറിയ്സിച്ചു കൊണ്ടിരിക്കണം…

 5. 5 mujeeb ഒക്ടോബര്‍ 27, 2010 -ല്‍ 6:51 am

  ജീവിത കഥകളുടെ രാജകുമാരന്‍ അലിക്കാ………….
  വളരെ നന്നായി എഴുതി.
  നന്ദി..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: