ഓപ്പയുടെ മകള്‍

ഓപ്പയുടെ മകള്‍
(എ. വി. മീനാക്ഷിയമ്മയുമായി അഭിമുഖം)

ഗീത

എങ്ങനെയാണ്‌ ഒരു സ്ത്രീ ചരിത്രത്തില്‍ അടയാളപ്പെടുക? എങ്ങനെയാണ്‌ സ്ത്രീയുടെ ചരിത്രമുണ്ടാകുക? വാസ്തവത്തില്‍ ഇതു രണ്ടും രണ്ടാണ്‌. എന്നാലിവ പരസ്പരബന്ധിതങ്ങളും ആണ്‌. നിലവിലുള്ള മുഖ്യധാരാചരിത്രം അപൂര്‍ണ്ണമാണ്‌. ഇന്നോളമുണ്ടായത് എല്ലാ മണ്ഡലങ്ങളിലും അധികാരിയായ പുരുഷന്റെ ചരിത്രമാണ്‌.

മുഖ്യധാരാ ചരിത്രം അവഗണിച്ചു പോയ നിരവധി മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ സ്ത്രീചരിത്രത്തിന്റേത്. സ്ത്രീ ചരിത്ര നിര്‍മ്മിതിയുടെ രീതി ശാസ്ത്രം തന്നെ വേണ്ട രീതിയില്‍ വികസിതമായിട്ടുണ്ടെന്ന അഭിപ്രായം എനിക്കില്ല.. അതത് പ്രദേശങ്ങള്‍ അതതു കാലങ്ങള്‍ എല്ലാം പരിഗണിക്കപ്പെടേണ്ടുന്ന ഒരിടമാണത്. റഫറന്‍സ് പുസ്തകങ്ങള്‍ മാത്രം മതിയാവില്ല കാരണം ചരിത്രം നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീകളെപറ്റിയുള്ള അടയാളങ്ങള്‍ ബോധപൂര്‍ വ്വം രേഖപ്പെടാത്ത സ്ഥിതിക്ക് അവ എവിടെയൊക്കെ ആരിലൊക്കെ അബോധമായി ഉള്ളടങ്ങിയിരിക്കുന്നു എന്ന് അന്വേഷിക്കുകയേ സാധ്യമായിട്ടുള്ളൂ.

പുരുഷ നിര്‍മ്മിത ചരിത്രത്തിന്റേയും അക്കാദമിക ചരിത്രത്തിന്റെയും അംഗീകൃത വഴികളില്‍ നിന്ന് മാറി നടന്നു കൊണ്ടാണ്‌ എ വി കുട്ടിമാളുവമ്മയെന്ന ചരിത്ര നായികയെ ഞാനന്വേഷിച്ചത്.

വാമൊഴിചരിത്രത്തിന്റെ സാധ്യതകള്‍ മാത്രമാണ്‌ ഉപയോഗിച്ചത്. അവരെ അറിയുന്ന സ്ത്രീകളെ മാത്രമാണ്‌ ഞാനാശ്രയിച്ചത്. പുരുഷന്മര്‍ സ്ത്രീകളെ പറ്റി സംസാരിച്ചു കഴിഞ്ഞു. ഇനി സ്ത്രീകള്‍ക്കെന്തു പറയാനുണ്ട് എന്നതായിരുന്നു പ്രശ്നം. ഇത് കുറ്റമറ്റ ഒരു വഴിയാണെന്നോ ഒരേറ്റൊരു വഴി ഇത് മാത്രമാണെന്നോ കരുതുന്നില്ലെന്ന് പ്രത്യേകം പറയട്ടെ. ഞാനവലംബിച്ച വഴി ഇതാണെന്ന് മാത്രം. എന്നാല്‍ ഇനിയുമെത്രയോ കൂടുതല്‍ ദൂരം നടക്കേണ്ടാതുണ്ട് എന്ന് ഞാന്‍ കരുതുന്നു. ആ നിലക്ക് ഈ അഭിമുഖം എ വി കുട്ടിമാളുവമ്മ എന്ന സമരനായികയുടെ ചരിത്രത്തിലേക്കുള്ള ഒരാമുഖം മാത്രമാണ്‌.

കേരള രാഷ്ട്രീയചരിത്രത്തിലെ സ്ത്രീയവസ്ഥകളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട പരമ്പരയിലെ ഒരു ഭാഗമായിരുന്നു ആനക്കര വടക്കത്ത് ജി സുശീല (മാധ്യമം ആഴ്ചപ്പതിപ്പ് – 2006 ഒക്റ്റോബര്‍  9 പുറം  10-13)  ഗാന്ധിയുടെയും മാര്‍ക്സിന്റെയും വഴികളില്‍ മനുഷ്യവിമോചനം അന്വേഷിച്ചു മുന്നിട്ടിറങ്ങിയ സ്ത്രീകളുടെ ഒരു നിര തന്നെയുണ്ട് ആനക്കര വടക്കത്ത് തറവാട്ടില്‍. അമ്മുസ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, സുശീലാമ്മ, സരോജിനിയമ്മ എന്നിങ്ങനെ. അവര്‍ ഒരേ കുടുംബത്തിലെ അംഗമായിരിക്കുമ്പോഴും വ്യത്യസ്തവഴികളില്‍ മനുഷ്യമോചനം അന്വേഷിച്ചിറങ്ങിയവരാണ്‌.  സ്ത്രീകളുടെ രാഷ്ട്രീയത്തിന്റെയും കലയുടെയും വിഭിന്ന മണ്ഡലങ്ങളില്‍- മൃണാളിനി സാരാഭായ്, മല്ലിക തുടങ്ങിയവര്‍ – ഈ കുടുംബാംഗങ്ങള്‍ വ്യവഹരിച്ചതായി കാണാം.

മീനാക്ഷിയമ്മ

 

അമ്മു സ്വാമിനാഥന്‍ ഗാന്ധിയന്‍ വഴികളിലൂടെ സഞ്ചരിച്ച് ക്വിറ്റ് ഇന്‍ഡ്യാ സമരമുള്‍പ്പെടെയുള്ളവയില്‍ പങ്കെടുത്ത് ജെയില്‍‍ വാസം വരിച്ചു. തുടര്‍ന്നു വന്ന ക്യാപ്റ്റന്‍ ലക്ഷ്മിയാകട്ടെ മാര്‍ക്സിയന്‍ വിമോചനമാര്‍ഗമാണ്‌ സ്വീകരിച്ചത്. തുടര്‍ച്ചക്കാരിറയായ മൃണാളിനി സാരാഭായ് കലയിലൂടെയാണ്‌ മനുഷ്യവിമോചനത്തിന്റെ വഴികള്‍ അന്വേഷിച്ചത്. ഇതിനര്‍ത്ഥം പെണ്ണുങ്ങള്‍ അവര്‍ കുടുംബത്തിനുള്ളിലായാല്‍ പോലും  വെറും ഒരു പറ്റം ആയിരുന്നില്ലെന്ന് തന്നെയാണ്‌. ഏത് പെണ്ണിനെയും ചരിത്രപരമായി തിരിച്ചറിയാന്‍ ഈയൊരു വിശാല ഭൂമിക നമുക്ക് ആവശ്യമാണ്‌.

ആനക്കര വടക്കത്ത് തറവാടിന്റെ പ്രതാപപ്രൗഢികളല്ല ഇവിടുത്തെ വിഷയം. നാടുമായി ബന്ധപ്പെട്ട പലതരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകൊണ്ട് അത്തരം സവര്‍ണ്ണാഹന്തകളുടെ ഉരുക്ക് കോട്ടകളില്‍ പെണ്ണുങ്ങള്‍ എങ്ങനെ വിള്ളല്‍ വീഴ്ത്തിയെന്നതാണ്‌.  എ വി കുട്ടിമാളുവമ്മ ഈ വിച്ഛേദപാരമ്പര്യങ്ങളിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു എന്നതാണ്‌ അവരുടെ പ്രസക്തി.

സുശീലാമ്മയുമായുള്ള അഭിമുഖത്തില്‍ എ. വി. കുട്ടിമാളുവമ്മയെ പറ്റിയുള്ള രണ്ട് പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്.

എ. വി. സുശീലാമ്മ

1. “എ. വി. കുട്ടിമാളുവമ്മ ബന്ധുവല്ലേ?”

“അതെ അവര്‍ അച്ഛന്റെ മരുമകളായിരുന്നു. പക്ഷേ ഇവിടെ അധികകാലം താമസിച്ചിട്ടില്ല. അവരുടെ അച്ഛന്‍ എ വി ഗോപാലമേനോന്‍ ഡിസ്ട്രിക്റ്റ് കലകറ്ററായിരുന്നു. ആന്ധ്രയിലും തമിഴ് നാട്ടിലുമൊക്കെ ആയിരുന്നു അധികം. ഇടക്കൊക്കെയേ നാട്ടില്‍ വരൂ. കുട്ടിമാളുവമ്മ കോഴിപ്പുറത്ത് മാധമേനോനെ വിവാഹം കഴിച്ച ശേഷമാണ്‌ കേരളരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ആറു മാസം മാത്രം പ്രായമായ മകളെ കയിലെടുത്ത് സത്യഗ്രഹത്തിനിറങ്ങി.  അറസ്റ്റു വരിക്കാന്‍ അവര്‍ക്ക് ധൈര്യം വന്നു. മീനാക്ഷി എന്ന മകള്‍ അങ്ങനെ ജെയില്‍ വാസം വരിച്ചു.”

2. 1924  ലെ ക്വിറ്റ് ഇന്‍ഡ്യാ സമരത്തെ തുടര്‍ന്ന് ഇന്‍ഡ്യ ഇളകി മറിഞ്ഞ കാലം. ഡു ഓര്‍ ഡൈ എന്ന മുദ്രാവാക്യവും അന്നത്തെ രാഷ്ട്രീയാവസ്ഥയും തന്നെ ആവേശഭരിതയഅക്കിയ അനുഭവം സുശീലാമ്മ എന്നോട് വിവരിച്ചു. ക്വിറ്റ് ഇന്‍ഡ്യാ സമരത്തിനു ശേഷം  1943 ജനുവരിയില്‍ മദിരാശി സെക്രട്ടറിയേറ്റു പിക്കറ്റിങ്ങ്. വെല്ലൂറ് ജെയിലില്‍ സുശീലാമ്മ തടവു ശിക്ഷയനുഭവിക്കുമ്പോള്‍ ഒരാഴ്ചകഴിഞ്ഞ് കുട്ടിമാളുവമ്മയും അമ്മുസ്വാമിനാഥനും ഡെറ്റിന്യൂ തടവുകാരായി എത്തിയതായി അവരോര്‍ക്കുന്നു. കുട്ടിമാളുവമ്മ ഒരു വര്‍ഷം തടവില്‍ കിടന്നുവെന്നും.

( തൃശ്ശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച എന്റെ പെണ്‍ കാലങ്ങള്‍ എന്ന പുസ്തകത്തില്‍ ഇത് പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം.)

എ. വി. കുട്ടിമാളുവമ്മ

 

എ. വി. കുട്ടിമാളുവമ്മയുടെ അതിതീവ്രമായ രാഷ്ട്രീയജീവിതത്തിന്റെ മുദ്രകളായി സുശീലാമ്മയുടെ ഈ പരാമര്‍ശങ്ങളെ നമുക്കു വര വുവെക്കേണ്ടിവരുന്നു.  ആണ്‍ ചരിത്രങ്ങളില്‍ നാമമാത്രമായോ ചിലപ്പോള്‍ ഖണ്ഡിക മാത്രമായോ ആശ്രയമായി പരാമര്‍ശിക്കപ്പെട്ട ഒരുവള്‍ ആകേണ്ടവളല്ല എ.വി.കുട്ടിമാളുവമ്മയെന്നതിന് സുശീലാമ്മയുടെ വാക്കുകള്‍ തന്നെയാണ് സാക്ഷ്യം. പൊതു പ്രവര്‍ത്തകയായ ഒരമ്മയെ മകള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനാണ് ഈ അഭിമുഖഭാഗം ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഒരു സ്ത്രീ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിലും കുടുംബത്തിനുള്ളിലും എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടിവരികയെന്ന ആലോചനയ്ക്ക് തുടക്കമാകാന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എന്തിന്റെ പേരിലായാലും 50 ശതമാനം സ്ത്രീകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സമയത്ത് പഴയതലമുറക്കാരിയുടെ രാഷ്ട്രീയാനുഭവം എങ്ങനെ കുറിച്ചുവെക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. നില്‍ക്കുന്നിടം കുഴിച്ചുകുഴിച്ചാണ് ഏതുപെണ്ണും സ്വന്തം പാരമ്പര്യം കണ്ടെത്തുക.

? കൈക്കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മയോടൊപ്പം ജയിലിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്

* ശരിയാണ്. എന്നെ പ്രസവിച്ച് നാല്പ്പതു ദിവസം കഴിഞ്ഞപ്പോഴാണ് അമ്മ അറസ്റ്റുചെയ്യപ്പെടുന്നത്. 1931ല്‍. അമ്മയാണു കുറ്റക്കാരി. കുറ്റം ചെയ്യാത്തതുകൊണ്ട് കുട്ടിയെ അറസ്റ്റുചെയ്യാന്‍ വകുപ്പില്ലെന്ന് അധികാരികള്‍ പറഞ്ഞത്രേ. എന്നെ കൂടെക്കൊണ്ടുപോകാന്‍ അമ്മയെ അവര്‍ സമ്മതിച്ചില്ല. ജെയിലില്‍ വെച്ച് പാലുവന്ന് അമ്മയുടെ മുല നീരു കെട്ടി വീര്‍ത്തു. ഡോക്ടര്‍ പരിശോധിച്ചു. അദ്ദേഹം പറഞ്ഞത്രേ, ഞാനിവരെ പരിശോധിക്കുന്ന ഡോക്ടറാണ്. ഇവര്‍ക്കുള്ള ചികില്‍സ കുട്ടി കൂടെയുണ്ടാവുകയാണ്. ഞാനതാണ് മരുന്നായി നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അമ്മയോടൊപ്പം ജയിലിലേക്ക് എനിക്കും പ്രവേശനം കിട്ടി.

? അമ്മയും അച്ഛനും രാഷ്ട്രീയപ്രവര്‍ത്തകരായിരുന്നു.ഏറെ തിരക്കും അപകടവുമുള്ള സ്വാതന്ത്ര്യസമരകാലം. മാതാപിതാക്കളുടെ പരിചരണം ലഭിക്കേണ്ടിയിരുന്ന ബാല്യകാലം അനാഥമെന്ന് തോന്നിയോ?

* അങ്ങനെ തോന്നിയെന്ന് പറയാന്‍ പറ്റില്ല. ആനക്കര വടക്കേടത്തല്ല ഞങ്ങളധികമുണ്ടായിരുന്നത്. അച്ഛന്റെ വീട്ടിലായിരുന്നു. അവിടന്നാണ് ഞങ്ങളൊക്കെ സ്ക്കൂളില്‍ പോയിരുന്നത് അച്ഛന്റെ അമ്മയാണ് വളര്‍ത്തിയത്. അവരുണ്ടായതുകൊണ്ട് പ്രയാസങ്ങളറിഞ്ഞില്ല. അച്ഛനേം അമ്മയേയും ഞങ്ങള്‍ കാണാറില്ല. രാവിലെ ഞങ്ങളെണീക്കണേന്റെ മുമ്പേ, ചെലപ്പൊ സ്ക്കൂളില്‍ പോണേന്റെ മുമ്പ് അവരെങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും. ഞങ്ങള്‍ സ്ക്കൂളീന്ന് വരുമ്പോഴേക്കും അവര് വേറെ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും.

? ആ സമയത്തെ അനുഭവങ്ങളെപറ്റിയൊക്കെ അമ്മ പറയാറുണ്ടായിരുന്നോ?

* അതൊന്നും അന്നമ്മ ആലോചിച്ചിട്ടുതന്നെയില്ല. അന്നൊക്കെ അതു പറയാന്‍ തന്നെ… നമ്മളെന്നെ നമ്മളെപ്പറ്റി പറയാന്നുള്ളത്…ഇപ്പഴല്ലേ അങ്ങനെയൊക്കെ..

? ആദ്യം ജെയിലില്പ്പോയത് ഓര്‍മ്മയുണ്ടവില്ലല്ലൊ. ഓര്‍മ്മവെച്ച ശേഷം അമ്മ ജയിലില്‍ പോയിട്ടുണ്ടോ/

* ഉവ്വുവ്വ്…പിന്നേം ഒന്നുരണ്ടു തവണ പോയിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പോയിട്ടുണ്ട്…. വല്ല്യമ്മയുടെ കല്യാണക്കാലത്ത്… കൊല്ലത്തിന്റെ കണക്കൊന്നും ഓര്‍മ്മല്യാ…ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുമ്പോള്‍ ഒരു പ്രാവശ്യം അമ്മയെക്കാണാന്‍ ഞങ്ങളെ വെല്ലൂര്‍ ജെയിലില്‍ കൊണ്ടോയിട്ടുണ്ട്. അന്ന് ജയിലില്‍ അച്ഛനുമുണ്ടായിരുന്നു. പിന്നെ അച്ഛനെ അവിടന്ന് മാറ്റി… എവടക്കാന്ന് ഓര്‍മ്മിക്കാന്‍ പറ്റ്ണില്യ…

? സ്വാതന്ത്ര്യം കിട്ടിയശേഷം അമ്മ രാഷ്ട്രീയത്തില്‍ സജീവമായിരുന്നോ?

* സജീവം തന്നെയാര്‍ന്നു. കെ പി സി സി പ്രസിഡന്റായിരുന്നു. മൂന്നു തവണ എം.എല്‍.എ. യായിരുന്നു. എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടതാണ്. എതിരാളി വന്നപ്പൊ അമ്മ നിര്‍ത്തി. നാട്ടുകാര്ടെ പണം ചെലവാക്കി നിക്ക് എം.എല്‍.എ.ആവണ്ടാന്നമ്മ പറഞ്ഞു. പിന്നെ 1956ല്‍ കേരളം വന്നപ്പൊ എം.എല്‍.എ. ആവാന്‍ അച്ഛന്‍ അമ്മയെ കൊറേ നിര്‍ബന്ധിച്ചു. അപ്പൊ അമ്മ പറഞ്ഞൂ, വേണ്ടാ മന്ത്രീടെ ഭര്‍ത്താവാവണംന്നില്യാന്ന്..

? നിങ്ങള്‍ എത്ര മക്കളാണ് ? ആരെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയോ?

* ഞങ്ങള്‍ നാലു മക്കളാണ്. ഞങ്ങളാരും രാഷ്ട്രീയത്തിലിറങ്ങിയില്ല. മൂത്ത ജ്യേഷ്ഠന്‍ ആര്‍മ്മിയിലായിരുന്നു. എന്തേ പ്രവര്‍ത്തിക്കാത്തതെന്നു ചോദിച്ചാല്‍ പോവാന്‍ തോന്നിപ്പിച്ചില്ല ദൈവം. അതിനു നന്ദിയുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയം കാണുമ്പോ… പോവാത്തത് എത്ര നന്നായീന്ന് തോന്നുണു..

? ഒരു കാര്യം കൂടി ചോദിക്കട്ടെ. ആനക്കര വടക്കടത്ത് പല രാഷ്ട്രീയധാരകളുണ്ടല്ലോ. അതേപ്പറ്റി…?

* അത്പ്പോ എല്ലാ ദിക്കിലും ഉണ്ടാവൂല്ലോ ഇല്ലേ. പക്ഷ്ജേ അമ്മേടെ മക്കളാരും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.

ദേശീയ സമരകാലത്തെ സജീവരാഷ്ട്രീയത്തിന്റെ നേര്‍ തുടര്‍ച്ചയാണിത്. നവോത്ഥാനാനന്തരം സ്വാതന്ത്യ പൂര്‍വ്വ ആധുനീകതയുടെ ഘട്ടത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു പോയതായി മുഖ്യധാരാചരിത്രവും ശരിവെക്കുന്നു. പെണ്ണിന്റെ മുഴുവന്‍ ഊര്‍ജ്ജവും പുറത്തെടുക്കുന്നതിലും അവളുടെ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വം വികസിപ്പിക്കുന്നതിലും കുടുംബത്തിനുള്ളിലെ ആണ്‍പെണ്‍ ബന്ധങ്ങളുടെ പങ്കെന്തായിരുന്നുവെന്ന അന്വേഷണം ഇവിടെ തുടങ്ങുന്നു. അമ്മയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം അവരുടെ വിവാഹ ജീവിതം പോലെ അഭികാമ്യമായ ഒന്നായി മക്കള്‍ക്കു തോന്നുന്നില്ല. എന്തുകൊണ്ട് ? എന്തുകൊണ്ട് ?

8 Responses to “ഓപ്പയുടെ മകള്‍”


 1. 1 komath bhaskaran ഒക്ടോബര്‍ 22, 2010 -ല്‍ 4:55 am

  “നില്‍ക്കുന്നിടം കുഴിച്ചുകുഴിച്ചാണ് ഏതുപെണ്ണും സ്വന്തം പാരമ്പര്യം കണ്ടെത്തുക”.

 2. 3 Mohamed Maranchery ഒക്ടോബര്‍ 23, 2010 -ല്‍ 2:44 pm

  1996 ല്‍ “തൃത്താല” എന്ന ഒരു മാഗസിന്റെ DTP ചെയ്തതോര്‍ക്കുന്നു .. അന്ന് ഞങ്ങള്‍ എടപ്പാളിലെ ആദ്യ DTP സെന്റര് “ഡസ്ക് ടെക് കംപുറെര്സ് (ഇന്ന് പാര്‍ക്ക്‌ ഓഫ്സെറ്റ്) തുടങ്ങിയ സമയം .. മാഗസിന്റെ പകുതിയും ആനക്കര വടക്കത്തെ തറവാടിനെയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ആ കുടുംബം നല്‍കിയ സംഭാവനകളും വിശദമായി പ്രതിപാദിച്ചിരുന്നു .. മാഗസിന്റെ കോപ്പി കാണാന്‍ കഴിഞ്ഞില്ല.. ഈ കുറിപ്പ് വായിച്ചപ്പോള്‍ വീണ്ടും ഓര്‍മകളിലേക്ക്… നന്ദി…

 3. 4 pl lathika ഒക്ടോബര്‍ 28, 2010 -ല്‍ 9:11 am

  സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം,ദേശീയബോധം ,രാജ്യത്തുടനീളം അലയടിച്ച ആത്മാഭിമാനം സ്ത്രീകളെയും സമരത്തിന്റെ മുഖ്യധാരയിലെതിച്ചു. ഉന്നതകുലജാതരും വിദ്യാ സമ്പന്നരും ആയവര്‍ ത്യാഗമാനോഭാവത്തോടെ ആഡംബരങ്ങള്‍ വലിച്ചെറിഞ്ഞു . അത്തരം ഒരു ജീവിതത്തിന്റെ ചില അസുലഭ സന്ദര്‍ഭങ്ങള്‍ ലേഖനം വെളിപെടുതുന്നു.നല്ലത്.
  “പെണ്ണിന്റെ മുഴുവന്‍ ഊര്‍ജ്ജവും പുറത്തെടുക്കുന്നതിലും അവളുടെ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വം വികസിപ്പിക്കുന്നതിലും കുടുംബത്തിനുള്ളിലെ ആണ്‍പെണ്‍ ബന്ധങ്ങളുടെ പങ്കെന്തായിരുന്നു”…”അമ്മയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം അവരുടെ വിവാഹ ജീവിതം പോലെ അഭികാമ്യമായ ഒന്നായി മക്കള്‍ക്കു തോന്നുന്നില്ല. എന്തുകൊണ്ട് ? ” ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരമായി ഗീത കണ്ടെത്തിയത് എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്.

 4. 5 parvathy manoharakrishnan സെപ്റ്റംബര്‍ 1, 2011 -ല്‍ 1:11 am

  could all this be translated to English also,so that more people could read it?

 5. 6 laxmi menon സെപ്റ്റംബര്‍ 1, 2011 -ല്‍ 3:25 am

  Great to see Meenu velliamma and ofcourse oppa velliammas pic!!!well-written too !!

 6. 7 parvathy manoharakrishnan സെപ്റ്റംബര്‍ 1, 2011 -ല്‍ 4:32 am

  some of the details in the article require corrections…..for one, father of A.V.Kuttimalu Amma was Shri.Perumpilavil Govinda Menon…for more, the author may please contact Smt.A.V.Meenakshi again


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക്ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: