ഞണ്ട്

നര്‍ഗിസ്

പൂപ്പരുത്തിയുടെ തണല്‍ പറ്റി തോട്ടിലെ വേലിയേറ്റത്തിലേക്ക് കാലിറക്കി അയാള്‍ ഇരുന്നു.ഉച്ച വെയിലിന്റെ ചൂടിനെ അവഗണിച്ച് പരുത്തി മരത്തിന്റെ ഓരം ചേര്‍ന്നിരിക്കുകയായിരുന്നു അയാള്‍.തോട്ടിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന ഒന്നിടവിട്ട പാഴ്മരങ്ങളില്‍ വലകള്‍ കെട്ടിയിട്ടിട്ടുണ്ട്.സൈക്കിള്‍ റിമ്മില്‍ പഴയ കൊതുകു വലകള്‍ പിരിച്ചുണ്ടാക്കിയ അഞ്ച് ഞണ്ടുപിടുത്തകള്‍.

കുറേ കാലത്തിനു ശേഷമാണല്ലൊ ഇങ്ങനെ ഒരു അവസരം തരപ്പെട്ടുകിട്ടിയതെന്നാലോചിച്ച് അയാള്‍ സന്തോഷവാനായിരുന്നു.നര കയറി ത്തുടങ്ങിയ തന്റെ അനുസരണയില്ലാത്ത മുടിയില്‍ കൈവിരലുകളോടിച്ചു കൊണ്ട് വെട്ടിത്തിളങ്ങുന്ന ഒഴുക്കുവെള്ളവും നോക്കി അമര്‍ത്തിച്ചിരിച്ചു.മറുകരെ ഇലക്ട്രിസിറ്റി ആപ്പീസാണ്.ഉയരത്തിലുള്ള ഇരുമ്പിന്‍ അസ്ഥികൂടങ്ങളില്‍ കറണ്ട് കമ്പികള്‍ കത്തി നില്‍ക്കുന്നു.കമ്പി വേലികള്‍ കവച്ച്് തോട്ടുവക്കിലേക്ക് തള്ളിനില്‍ക്കുന്ന പേരമരം നിറയേ പച്ചകായ്ക്കള്‍.പരുത്തിയിലകളില്‍ നിന്നു കാണാനൂല്‍ വഴി ഊര്‍ന്നിറങ്ങുന്ന പുഴുക്കളുടെ എണ്ണം കനത്തപ്പോള്‍ പുറം ചൊറിഞ്ഞു കൊണ്ടയാള്‍ എഴുന്നേറ്റു.ഒട്ടിയ വയറ്റില്‍ നരച്ചു പിഞ്ചിയ തുണി ഒന്നു കൂടി മുറുക്കിക്കുത്തി വലകള്‍ക്കരികിലേക്ക് നടന്നു.

ഇതിപ്പോള്‍ താന്‍ മൂന്നാം തവണയാണ് വലകള്‍ ഉയര്‍ത്തി നോക്കുന്നത്.ഒരു കുഞ്ഞു ഞണ്ടു പോലും കുരുങ്ങിയിട്ടില്ല.ഇരയായ് കൊളുത്തി വെച്ചിരുന്ന മത്തിത്തലകള്‍ വാ പിളര്‍ന്നു നില്‍ക്കുന്നു.തോട്ടില്‍ വെള്ളം പിന്നേയും കയറിയിട്ടുണ്ട്.കരിങ്കല്‍കെട്ടിലെ വിടവുകളില്‍നിന്ന് ഞണ്ടുകള്‍ ഊളിയിട്ടിറങ്ങിയിട്ടുണ്ടാകും .ചട്ടിയില്‍ കറിമസാലയ്ക്കൊപ്പം തിളയ്ക്കുന്ന ഞണ്ടിന്റെ കൊതിപ്പിക്കുന്ന മണം അയാളെ പിന്നെയും വിശപ്പിനെകുറിച്ചോര്‍മ്മിപ്പിച്ചു.

ഇരകള്‍ ഭദ്രമായി കെട്ടിയിട്ടില്ലെ എന്നു ഒന്നു കൂടി ഉറപ്പു വരുത്തി,വലകളോരൊന്നായി വെള്ളത്തിലേക്ക് കറക്കിയെറിഞ്ഞു.തലകീഴായി വീണ രണ്ടു വലകള്‍ ഒന്നു കൂടി വീശിയെറിഞ്ഞ് തോട്ടിലാഴ്ത്തി ചരടറ്റം മരകമ്പുകളില്‍ കെട്ടിയിട്ടു.ഏതൊക്കെയോ വള്ളിച്ചെടികള്‍ പൂത്തു നില്‍ക്കുന്ന കാട്ടുപൊന്തകള്‍ക്കിടയില്‍ മൂത്രശങ്ക തീര്‍ത്ത് അയാള്‍ വീണ്ടും പരുത്തിച്ചുവട്ടിലേക്കു നടന്നു.

മൂന്നു കൊല്ലം മുന്‍പ് ഇവിടെയെല്ലാം കമ്മ}ണിസ്റ് പച്ചകളായിരുന്നു.ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കും.ഒരു മനുഷ്യന്‍ മറഞ്ഞിരുന്നാലും ഉടനെയൊന്നും കണ്ടു പിടിക്കാന്‍ കഴിയില്ല.അയാളുടെ ചുണ്ടില്‍ നിന്നും വികൃതമായ ചിരി ഉയര്‍ന്നു.കുറച്ചകലെ ആടിനു പുല്ലു ചെത്തുകയായിരുന്ന സ്ത്രി മുഖമുയര്‍ത്തി പരുത്തിച്ചോട്ടിലേക്കു നോക്കി.ചിരി ഉച്ചത്തിലായൊ എന്നു സംശയിച്ച് അയാള്‍ തല തിരിച്ച് വേലിയേറ്റവും നോക്കി നിന്നു.

നാലാം തവണയും വലകള്‍ ശൂന്യമായി കണ്ടപ്പോള്‍ അയാള്‍ നിരാശയിലായി.വലയില്‍ ചെളിയോടൊപ്പം കുടുങ്ങിയ തവളാപ്പൊട്ടനെ കാല്‍ വിരലുകള്‍ കൊണ്ട് തൂക്കിയെടുത്ത് തോട്ടിലേക്കിട്ടു.വെയില്‍ ചാഞ്ഞു തുടങ്ങി.ഏതോ സദ്യയുടെ അവശിഷ്ടങ്ങള്‍ കിഴക്കു നിന്നു ഒഴുകി വന്നു.വിടര്‍ന്നൊഴുകിയ തൂശനിലയില്‍ ബാക്കിവന്ന ചോറിന്റെ പൊട്ടുകള്‍ അയാളെ വിവശനാക്കി.നാട്ടിലേക്കു വരാന്‍ തോന്നിയ നിമിഷത്തെ പ്രാകിക്കൊണ്ട് പുറം മാന്തുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

കരിയിലകള്‍ വീണൂ കിടക്കുന്ന കടവരാന്തയിലേക്ക് അയാള്‍ ഒന്നു പാളി നോക്കി.തേഞ്ഞു വെളുത്ത ഓര്‍മ്മയില്‍ പച്ചപ്പട്ടുപാവാടയും,ചുവന്ന പൊട്ടും കുത്തിയ,തിളങ്ങുന്ന പച്ചവളകളിഞ്ഞ ഒരു ആറു വയസ്സുകാരി തെന്നി മറയുന്നു.അടച്ചുതഴുതിട്ട ഒറ്റപ്പെട്ട ആ കടമുറിയില്‍ അവളുടെ നേര്‍ത്ത രോദനം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും.ഒന്നു കാതോര്‍ത്താല്‍ ഇപ്പോഴും അയാള്‍ക്കവളുടെ കൊഞ്ചലുകള്‍ കേള്‍ക്കാം.തന്റെ വലകളും നോക്കിയിരിക്കുന്ന അവളൂടെ കണ്ണിലെ സൌഹൃദമളക്കാം.ഒടുവില്‍ ആ കിളുന്തു ശരീരത്തിന്റെ ഊഷമളതയും അറിയാം. അടുപ്പിലെ തീയില്‍ വേവേണ്ടത് ഞണ്ടിറച്ചിയില്ല, അവളുടെ കുരുന്നു മാംസമാണെന്നയാള്‍ക്കു തോന്നി .ഒളിച്ചോട്ടവും, നാടുതെണ്ടലും കഴിഞ്ഞ് താന്‍ വീണ്ടും ഈ തേയ്ക്കാത്ത കല്‍പ്പടവില്‍ വന്നെത്തി.അവളോ ആ പാവടക്കാരി..?

തനിക്കവളെ കൊല്ലണമെന്നുണ്ടായിരുന്നില്ല.പക്ഷെ,തന്റെ ഉണര്‍വ്വിനിടയില്‍ എപ്പോഴൊ അവള്‍ മരിച്ചു പോയി.കിതപ്പാറികഴിഞ്ഞപ്പോഴാണ് അവളുടെ തുറന്ന കണ്ണുകളും,തറയില്‍ ഒഴുകിപ്പരക്കുന്ന ചോരയും കണ്ടത്.കുറേ കുലുക്കി നോക്കി,അനക്കമില്ല.പേരു വിളിക്കണമെന്നുണ്ടായിരുന്നു.അതിനു തനിക്കവളുടെ പേരറിഞ്ഞിട്ടു വേണ്ടെ…?.മുറിയിലെ അഴുക്കില്‍ കിടന്നിരുന്ന പാവാടയില്‍ തന്നെ ചുരുട്ടിയെടു ത്ത് അവളെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.ഇത്തിരി കനപ്പെട്ട വല ആഞ്ഞു കറക്കി വീശുന്നതിനപ്പുറം തനിക്ക് അന്നേരമൊന്നും തോന്നിയിരുന്നില്ലെന്ന് അയാള്‍ ഓര്‍ത്തു.

പിന്നെ എത്ര മണിക്കൂറുകള്‍ പച്ചകള്‍ക്കിടയില്‍ പതുങ്ങിയിരുന്നെന്ന് തിട്ടപ്പെടുത്താന്‍ വയ്യ.ആ സമയം നോക്കി കടവരാന്തയില്‍ വന്നു കിടന്ന ഒരു തമിഴന്‍ ചെക്കനെ നാട്ടുകാര്‍ തച്ചുടച്ച്് പോലീസിലേല്‍്പ്പിച്ചെന്നറിയാന്‍ കഴിഞ്ഞു.പാവാടക്കാരിയുടെ ശവം കണ്ടു കിട്ടിയോ……….? അറിയില്ല.ഒഴുക്കില്‍ അറബിക്കടലില്‍ എത്തിയിട്ടുണ്ടാകും,അല്ലെങ്കില്‍ ഞണ്ടുകള്‍ ഇറുക്കി,ഇറുക്കി അറുത്തെടുത്ത് ഓരോ മാംസത്തുണ്ടുകളും തിന്നു തീര്‍ത്തുണ്ടാകും.
എത്ര നേരമായി താന്‍ ആ കടവരാന്തയും നോക്കി നില്‍ക്കുന്നു . അയാള്‍ പരിഭ്രമത്തോടെ ചുറ്റിലും നോക്കി.പുല്ലുചെത്തുകാരി പോയിക്കഴിഞ്ഞിരുന്നു.അവളുടെ ആട്ടിന്‍കുട്ടി ഇലക്ട്രിക് പോസ്റില്‍ മേലുരുമ്മി നില്‍പ്പുണ്ട്.വിശപ്പ് അങ്ങേയറ്റം കണ്ടു കഴിഞ്ഞു.ഇനിയും പിടിച്ചു നിന്നാല്‍ താന്‍ തല കറങ്ങി തോട്ടില്‍ വീണേക്കും.അയാള്‍ പതിയെ എഴുന്നേറ്റു.ഇപ്പോള്‍ ഒഴുക്ക് നിശ്ചലമാണ്.ഇനിയും ഒന്നും കുടുങ്ങിയിട്ടില്ലെങ്കില്‍ ഇന്നു മുഴുപ്പട്ടിണിയാണ്.അയാള്‍ വലകള്‍ ഓരോന്നായ് ഉയര്‍ത്തിനോക്കി.നാലുവലകളും ശൂന്യം.ഇരകള്‍ പഴയപടി വാ പിളര്‍ന്നു നില്‍ക്കുന്നു.അഞ്ചാമത്തെ വല ഉയര്‍ത്തിയപ്പോഴെ നിറഞ്ഞു നില്‍ക്കുന്ന ഭാരം അയാളറിഞ്ഞു.കനപ്പെട്ടതെന്തോ ഉണ്ട്.ഏകദേശം മൂന്നു മണിക്കൂറോളം വെയില്‍ കൊണ്ടതിനു ഊക്കനൊരു ഞണ്ടിനെ കിട്ടിയിരിക്കുന്നു.അയാളുടെ സന്തോഷത്തിനതിരില്ല.വല പുല്ലിനു മേലെ കുടഞ്ഞിട്ടു.അയാള്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതിലേക്കും വച്ചു വലിയ ഞണ്ടായിരുന്നു അത്.ഇത്തരത്തിലൊന്ന് ആഴക്കടലില്‍ പോലും ഉണ്ടാകാനിടയില്ല.ചുരുക്കത്തില്‍ നല്ല മുഴുത്ത തല പോലെ.അതിന്റെ ഉടലാകമാനം പച്ച നിറമായിരുന്നു.കണ്ണൂകളോടു ചേര്‍ന്ന് ഒരു കുഞ്ഞു വട്ടത്തില്‍ ചുവന്ന പുള്ളി.ചുവപ്പു കാലുകളില്‍ പച്ച നിറത്തില്‍ വളയങ്ങള്‍.

വിഭ്രാന്തിയോടെ അയാള്‍ ചുറ്റും നോക്കി.ആരുമില്ല,ആട്ടിന്‍കുട്ടിയെ കാണാനുമില്ല.നേരെ മുന്‍പില്‍ ആക്രമിക്കാന്‍ കരുത്തുള്ള കാലുകള്‍ ഉണ്ടായിരുന്നിട്ടും അയാളെ നോക്കി നിശ്ചലമായിരിക്കുന്ന ഊക്കന്‍ ഞണ്ടു മാത്രം.
അതിന്റെ കാലുകള്‍ തല്ലിയുടക്കാന്‍ അയാള്‍ മരക്കഷണമുയര്‍ത്തി. കാട്ടുപൊന്തകള്‍ക്കിടയില്‍ നിന്നാണെന്നു തോന്നുന്നു,അസുഖകരമായ വേഗതയേറിയ കാറ്റ് അയാള്‍ക്ക് കുറുകെ കടന്നു പോയി.ആ കാറ്റില്‍ കടവരാന്തയിലെ കരിയിലകള്‍ എമ്പാടും പറന്നകന്നു.ശൂന്യമായ തിണ്ണയില്‍ അടച്ചിട്ട കടമുറിയില്‍ നിന്നു ഇളം ചോര വാര്‍ന്നു പരക്കുന്നത് അയാള്‍ വ്യക്തമായും കണ്ടു.അയാള്‍ക്ക് തല കറങ്ങുന്നുണ്ടായിരുന്നു.അപ്പോഴും അയാളെ സാകൂതം നോക്കിക്കൊണ്ട്,പച്ചവളയങ്ങളുള്ള കൈകള്‍ ഉയര്‍ത്തി ശൂന്യതയില്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ട് തലവണ്ണമുള്ള ഞണ്ട് പുല്ലില്‍ തന്നെയിരുന്നു.താഴെ തോട്ടില്‍ വേലിയിറക്കം തുടങ്ങിക്കഴിഞ്ഞു.

**************************

13 Responses to “ഞണ്ട്”


 1. 1 sabukattukkal ഒക്ടോബര്‍ 22, 2010 -ല്‍ 4:35 pm

  നര്‍ഗീസ്

  എഴുതൂ എഴുതൂ

 2. 3 Rajesh Mc ഒക്ടോബര്‍ 23, 2010 -ല്‍ 4:57 am

  നര്‍ഗ്ഗീസ്… നന്നായിട്ടുണ്ട്…

 3. 5 sethu menon ഒക്ടോബര്‍ 23, 2010 -ല്‍ 7:21 am

  How brilliantly Nargis illustrate a wierd experience of a childhood memory..I remember the nuances of the story she rendered verbally,sometime back when we visited her manzil. It was as sweet as the Ifthar, Shihab and Family gave us.No doubt Nargis wil be one of the best story-teller within no time.Congrats.

 4. 7 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 10:22 am

  നര്‍ഗീസ് മനോഹരമായി എഴുതി. ഇനിയും എഴുതുക… ഈ പുതിയ കഥകാരി മറ്റൊരു കമലാദാസ് ആയിക്കൂടെന്നില്ല.

 5. 9 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 3:29 pm

  കഥ പറയ്യനുള്ള നര്‍ഗ്ഗീസിന്റെ കഴിവു ഈ കഥ വ്യക്തമാക്കുന്നു.കഥയുടെ ആരംഭത്തില്‍ നിന്നു കഥയുടെ അവസാനം ഊഹിക്കാനെ കഴിയില്ല. നല്ല ഭാഷ.അനുമോദനങ്ങള്‍.

 6. 10 basheer ഒക്ടോബര്‍ 24, 2010 -ല്‍ 3:36 am

  sundharamaaya swapnathil ninnum thilakkunna uchaveyilikkunarnnapole

 7. 11 basheer ഒക്ടോബര്‍ 24, 2010 -ല്‍ 3:43 am

  shantha sundharamaaya oru swapnatthil ninnum thilakkunna uchaveyililekku njettiyunarnn pole

 8. 12 pl lathika ഒക്ടോബര്‍ 28, 2010 -ല്‍ 10:28 am

  തെളിമയാര്‍ന്ന അക്ഷര ചിത്രങ്ങള്‍… എഴുത്തുകാരിക്ക് ആശംസകള്‍


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: