ലോകകവിതയില്‍ സ്ത്രീ

തര്‍ജ്ജമ: രവികുമാര്‍ വാസുദേവന്‍

സാഫോ-

t

r

a

n

s

l

a

t

i

o

n

s

a

f

o

g

r

e

e

k

ഈ തറിയിലിനി നെയ്യുക വയ്യമ്മേ.
അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.

*

യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരുനാളു,മൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ.

*

മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും…

*

ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ
വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-
കാണാതെപോയതോ?
അല്ല, കൈയെത്താതെപോയത്.

*

എന്തിനോടുപമിയ്ക്കും,
നിന്നെ ഞാൻ പ്രിയനേ?
മുളംകൂമ്പു പോലെ നീ,
നേർത്തും വിളർത്തും.

*

മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു കണ്ണുപൊത്തുന്നു
നക്ഷത്രങ്ങൾ.

*

ദേവോപമനവൻ,
നിനക്കെതിരെയിരിക്കുന്നവൻ,
നിന്റെ ചുണ്ടിന്റെ മാധുര്യത്തിനു
കാതോർത്തിരിക്കുന്നവൻ.

അവന്റെ ചിരി കേൾക്കുമ്പോൾ
എന്റെ നെഞ്ചു പിടയ്ക്കുന്നു,
അവൻ മുന്നിലെത്തുമ്പോൾ
എന്റെ നാവിറങ്ങുന്നു,
കാളുന്ന തീയെന്റെയുടലെരിയ്ക്കുന്നു,
എന്റെ കണ്ണുകളിരുട്ടടയ്ക്കുന്നു,
എന്റെ കാതുകൾ കൊട്ടിയടയ്ക്കുന്നു,
ഞാൻ വിയർത്തുകുളിയ്ക്കുന്നു,
ഒരു വിറയെന്നിലൂടെപ്പായുന്നു,
വേനലിൽ പുല്ലു പോലെ ഞാൻ വിളറുന്നു.
മരണമടുത്തവളെപ്പോലെയാകുന്നു ഞാൻ.

*

വസന്തകാലസന്ധ്യയ്ക്ക്
പൂർണ്ണചന്ദ്രനുദിയ്ക്കുമ്പോൾ
ബാലികമാർ വട്ടമിരിയ്ക്കുന്നു
ബലിപീഠത്തിനു ചുറ്റുമെന്നപോലെ.

*

വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.

*

നീ മറന്നാലും ഞാനൊന്നു പറയട്ടെ:
നമ്മെയോർമ്മിക്കാനുണ്ടാവും
വരുംകാലത്തൊരാളെങ്കിലും.

റാബിയ-ഒരു സൂഫിഹൃദയം


*

*

*

*

*

*

*

ഒരു കൈയിൽ പന്തമുണ്ട്,
മറുകൈയിൽ  വെള്ളവും;
ഇതുമായി ഞാൻ പോകുന്നു
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള പ്രയാണികൾ.


*

ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.


*

എനിക്കുള്ള നേരം
ദൈവത്തെ സ്നേഹിക്കാൻ;
പിശാചിനെ വെറുക്കാൻ
എനിക്കില്ല നേരം.


*

എന്റെ ദൈവമേ,
എന്റെ പ്രാർത്ഥനയിൽ കലരുന്നു
പിശാചിന്റെ വചനങ്ങളെങ്കിൽ
അവ പെറുക്കിയെടുത്തു കളയേണമേ;
അതാവില്ല നിനക്കെങ്കിൽ
വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ
എന്റെ പ്രാർത്ഥനകളപ്പാടെ,
പിശാചിന്റെ വചനങ്ങളും
പിന്നെയുള്ളതുമൊക്കെയായി.


*

നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന
സർവതിൽ നിന്നും.


*

നിന്നെ പ്രണയിക്കാനെനിക്കുണ്ടു രണ്ടു വഴികൾ:
സ്വാർത്ഥം നിറഞ്ഞ വഴിയൊന്ന്,
നിനക്കു ചേർന്നതിനിയൊന്ന്.
എന്റെ സ്വാർത്ഥപ്രണയത്തിൽ
എനിക്കോർമ്മ നിന്നെ മാത്രം,
എന്റെ മറ്റേപ്രണയത്തിൽ
മുഖപടം മാറ്റുന്നു നീ,
എന്റെ കണ്ണുകൾക്കാവോളം നുകരാൻ
നിന്റെ തേജോമുഖം കാട്ടുന്നു നീ.


*

പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.


*

പ്രഭോ, നീ-
എന്റെ ആനന്ദം
എന്റെ ദാഹം
എന്റെ ഭവനം
എന്റെ ചങ്ങാതി
എന്റെ പാഥേയം
എന്റെ യാത്രാന്ത്യം
എന്റെ പ്രത്യാശ
എന്റെ സഹയാത്രി
എന്റെ അതിമോഹം
എന്റെ തീരാനിധി.


*

എന്റെ പ്രഭോ,
ഒരു കാലത്തെത്ര മോഹിച്ചതാണു നിന്നെ ഞാൻ.
നിന്റെ വീടിന്റെ മുന്നിലൂടെ നടക്കാൻ പോലും ഞാൻ മടിച്ചു.
ഇന്നു നീയെനിക്കായി വാതിൽ തുറന്നുവയ്ക്കുമ്പോൾ
കടന്നുവരാൻ ഞാനയോഗ്യ.


*

ദൈവമേ,
നാളെ, അന്ത്യവിധിനാളിൽ
നരകത്തിലേക്കാണെന്നെ നീ വിടുന്നതെങ്കിൽ
പുറത്തുപറയും ഞാനൊരു പരമരഹസ്യം;
അതു കേട്ടോടിയൊളിയ്ക്കുമല്ലോ നരകം
ഒരായിരം കൊല്ലത്തിനപ്പുറം.


*

ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.


*

തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ
തുറന്നുകിടക്കുന്ന വാതിലിൽ!


*

ഗുരുവെന്നല്ലേ,
നിങ്ങളഭിമാനിക്കുന്നു?
എങ്കിൽ പഠിക്കൂ!


*

എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.


*

എന്റെ ഹൃദയത്തിന്റെ ചുക്കാൻ പിടിക്കുന്നവനേ,
എന്റെ നെഞ്ചിലെരിയുന്ന കണ്ണേ,
നിന്നിൽ നിന്നെനിക്കൊരു മുക്തിയില്ലല്ലോ
എന്റെ നെഞ്ചിൽ പ്രാണനുള്ള കാലം.


*

എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.

ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും.


*

ദൈവമേ,
നിന്നെയോർമ്മയുള്ള കാലമേ
ഈ ലോകത്തെനിക്കു ജീവനുള്ളു;
നിന്റെ മുഖം കാണാതെ
എങ്ങനെ സഹിക്കും ഞാൻ പരലോകം?


*

നിന്റെ ദേശത്തൊരന്യ ഞാൻ,
നിന്റെ ഭക്തരിലേകാകിനി,
അതാണെന്റെ പരാതിയും.


*

നെഞ്ചിനും നെഞ്ചിനുമിടയിലൊന്നുമില്ല പ്രണയത്തിൽ,
വാക്കുകൾ പിറക്കുന്നതാസക്തിയിൽ നിന്നുമത്രേ.
രുചിയറിഞ്ഞതിന്റെ സത്യകഥനം:
രുചിയറിഞ്ഞവനറിയുന്നു,
വിവരിക്കുന്നവൻ പൊളി പറയുന്നു.
നിങ്ങളെ തുടച്ചുമാറ്റുന്ന ഒരു സാന്നിദ്ധ്യം:
അതിന്നതെന്നെങ്ങനെ വിവരിക്കാൻ നിങ്ങൾ?
അതിൽപ്പിന്നെയും നിങ്ങൾ ജീവിച്ചുപോവും,
ആ സാന്നിദ്ധ്യത്തിന്റെ ശേഷിപ്പായി,
ഒരു യാത്രയുടെ വടുക്കളായി.


*

ദൈവമേ,
നിന്റെ സൃഷ്ടികളൊച്ചപ്പെടുമ്പൊഴൊക്കെയും-
ഇലകളുടെ മർമ്മരം
അരുവിയുടെ കളകളം
കിളികളുടെ കലമ്പലുകൾ
നിഴലുകളുടെ ചാഞ്ചല്യം
കാറ്റിന്റെ ഹുങ്കാരം
ഇടിവെട്ടിന്റെ സംഗീതം-
ഞാൻ കേൾക്കുന്നതിങ്ങനെ:
“ഒറ്റദൈവം! അവനോടൊക്കില്ല മറ്റൊന്നും!”


*

ഞാൻ തന്നെ മതി
എന്റെ ഹൃദയത്തിനു കാവലായി.
അകത്തുള്ളതൊന്നും
പുറത്തേക്കു വിടില്ല ഞാൻ,
പുറത്തുള്ളതൊന്നും
അകത്തേക്കു കടത്തില്ല ഞാൻ.
ആരൊക്കെ വന്നുപോകട്ടെ,

കളിമണ്ണിന്റെ പുരയ്ക്കല്ല,
എന്റെ ഹൃദയത്തിനെന്റെ കാവൽ!


റാബിയ (713-801) – ഇറാക്കിലെ ബസ്രയി ജീവിച്ചിരുന്ന സൂഫി സന്യാസിനി.

അന്നാ ആഹ് മാത്തോവ

*

ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു…


ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു:
സന്ധ്യയ്ക്കു പള്ളിയിൽ പ്രാർത്ഥന,
വെള്ളനിറമുള്ള മയിലുകൾ,
അമേരിക്കയുടെ ഭൂപടങ്ങൾ,
പഴകിക്കീറിയെങ്കിലവയും.
അയാൾക്കു വെറുപ്പായിരുന്നു
കരയുന്ന കുഞ്ഞുങ്ങളെ,
ചായയ്ക്കു പഴങ്ങളെ,
ബാധ കൂടിയ സ്ത്രീകളെ.
…അയാൾക്കു ഭാര്യ ഞാനായിരുന്നു.


അവസാനത്തെ പാനോപചാരം


ഞാനുപചാരം ചൊല്ലുന്നു
മുടിഞ്ഞുപോയ നമ്മുടെ വീടിന്‌,
അത്രയ്ക്കു കയ്ക്കുന്ന ജീവിതത്തിന്‌,
നിനക്ക്,
ഒരുമിച്ചു നാം സഹിക്കുന്ന ഏകാന്തതയ്ക്ക്;
ഞാനുപചാരം ചൊല്ലുന്നു
തണുത്തു മരച്ച  കണ്ണുകൾക്ക്,
നമ്മെ ഒറ്റുകൊടുത്ത ചുണ്ടുകൾക്ക്,
ക്രൂരവും പരുക്കനുമായ ലോകത്തിന്‌,
നമുക്കു തുണയാവാത്ത ദൈവത്തിനും.


നാം നിസ്വരെന്നു നാം കരുതി…


നാം നിസ്വരെന്നു നാം കരുതി:
നമുക്കെന്നു പറയാൻ നമുക്കൊന്നുമില്ലെന്നും.
പിന്നെയൊന്നൊന്നായോരോന്നു നമുക്കു നഷ്ടമായപ്പോൾ,
ഓരോ നാളുമോർമ്മപ്പെരുന്നാളുകളായപ്പോൾ,
കവിതയെഴുത്തു തുടങ്ങി നാം-
ദൈവത്തിന്റെ മഹത്വത്തെപ്പറ്റി,
സമ്പന്നമായ ഭൂതകാലത്തെപ്പറ്റി.


ഭീതി…


ഭീതി
ഇരുട്ടിൽ വിരലുകളിളക്കുന്നു,
നിലാവിനെ മഴുത്തലപ്പിലേക്കു നയിക്കുന്നു,
ചുമരിനപ്പുറം
അപശകുനം പോലാരോ തട്ടുന്നു…


ചിത്രം ആഹ് മാത്തോവമോഡി ഗ്ലിയാനി വരച്ചത്

ഒനോനോ കോമാച്ചി (825-900)

(ജാപ്പനീസ്ടങ്ക)

എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നില്ക്കുന്നു ഞാൻ.

*

നിറം കെട്ടു വാടുന്നു പൂക്കൾ-
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ, തോരാതെ
മഴ നിന്നു പെയ്തതുമിങ്ങനെ.

*

എന്റെയുടലിനു ശരല്ക്കാലം
അവന്റെ തണുത്ത ഹൃദയം-
പഴുക്കിലകൾ കൊഴിയുമ്പോലെ
ദുഃഖിച്ചുവീഴുന്നു വാക്കുകൾ.

*

വിസ്മൃതിയുടെ പൂവിറുക്കാമെ-
ന്നോർത്തതേയുള്ളു ഞാൻ;
അവന്റെ ഹൃദയത്തിലതു
വളരുന്നതു കണ്ടു ഞാൻ.

*

അവനെയോർത്തുകൊണ്ടുറങ്ങുമ്പോഴോ
സ്വപ്നത്തിലവൻ വന്നു?
കാണുന്നതു സ്വപ്നമെന്നറിഞ്ഞിരുന്നെങ്കിൽ
ഉണരുമായിരുന്നില്ല ഞാൻ.

*

ശരല്ക്കാലരാത്രി ദീർഘമെന്നു പറയുന്നതു വെറുതെ.
അന്യോന്യം നോക്കിയിരിക്കുകയല്ലാ-
തൊന്നും ചെയ്തില്ല നാമിതേവരെ.
എന്നിട്ടുമിതാ, പുലരിയെത്തി!

*

അതിരില്ലാത്ത പ്രണയത്തിനടിമപ്പെട്ട ഞാൻ
അവനെത്തേടിയിറങ്ങണം;
സ്വപ്നത്തിൽ വഴിനടക്കുന്നതു
വിലക്കിയിട്ടില്ലല്ലോ ലോകമിതേവരെ.

*

കതിരിട്ട പാടത്തു ശീതക്കാറ്റിന്റെ താണ്ഡവം-
എനിക്കു പേടിയാവുന്നു,
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?

*

എത്രയോർമ്മകളുണ്ടായിരിക്കണമാ
പൈൻമരത്തിനും?
ആയിരമാണ്ടു കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നതു മണ്ണിലേക്ക്.

*

എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം.
ഞാനതിൽ കേറിയിരുന്നിട്ടേയുള്ളു,
തൂവാനമടിച്ചാകെക്കുളിച്ചുപോയ് ഞാൻ.

സെസീലിയ മെയെർലെസ്‌-കവിതകൾ


ഛായാചിത്രം

ഈ മുഖമെനിക്കുള്ളതല്ല
എത്ര നിർവ്വികാരം
വിഷാദഭരിതം
ശുഷ്കിച്ചതും.

ഈ ഒഴിഞ്ഞ കണ്ണുകളുമെനിക്കുള്ളതല്ല
ദുഃഖം കടുപ്പിച്ച വായയും.

ഈ ബലം കെട്ട കൈകൾ എനിക്കുള്ളതല്ല
എത്ര നിശ്ചലം
മരവിച്ചതും
മരിച്ചതും.

ഈ ഹൃദയമെനിക്കുള്ളതല്ല
പുറമെയ്ക്കു വെളിച്ചപ്പെടുന്നുപോലുമില്ലത്‌.

ഈ മാറ്റം ഞാനറിഞ്ഞതേയില്ലല്ലോ
എത്ര ലളിതം
സുനിശ്ചിതം
അനായാസം.

എനിക്കെന്റെ മുഖം നഷ്ടമായതേതു കണ്ണാടിയിൽ?

പാതിരാത്രിയുടെ കവാടങ്ങ

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ
അത്ര ഗാഢമാണു നിദ്രയാ മുഹൂർത്തത്തിൽ
അത്ര വ്യാപകം നിശ്ശബ്ദതയും.

ഉരുണ്ടുതുറക്കുന്നു കവാടങ്ങൾ
അറിയാതെ നിശ്വാസമുതിർക്കുന്നു നാം.

മാലാഖമാർ വരവായി സുവർണ്ണഗീതവും പാടി,
കഞ്ചുകങ്ങൾ പാറുന്നുണ്ടു പറുദീസയിലെ തെന്നലിൽ,
അറിയാത്ത ഭാഷയിൽ ഒഴുകുമ്പോലവർ പാടുന്നു.

പൂക്കളും കനികളുമായി മരങ്ങൾ പൊട്ടിപ്പുറപ്പെടുന്നു പിന്നെ,
വെയിലിന്റെ, നിലാവിന്റെ കതിരുകൾ തമ്മിൽപ്പിണയുന്നു,
മഴവില്ലിന്റെ നാടകളഴിയുന്നു,
നക്ഷത്രങ്ങൾ കലർന്നു പിന്നെ
മൃഗങ്ങളും വരവാകുന്നു.

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ.

ഇനി നേരമില്ലെന്നറിയുന്നു നാം,
ഇനിയില്ല കാണാൻ ഒരു കാഴ്ചയും,
വിട ചൊല്ലാനുയർന്നുവല്ലോ നമ്മുടെ കൈകൾ,
മണ്ണിന്റെ പിടി വിടുന്നു നമ്മുടെ കാലടികൾ,
പിറവികൾ തന്നാരംഭത്തിൽ വിളംബരപ്പെട്ടതീ യാത്ര,
അന്നേ സ്വപ്നത്തിൽ വെളിപ്പെട്ടതും.

മാലാഖമാർ വന്നു ക്ഷണിക്കുന്നു നമ്മെ,
സ്വപ്നമല്ലിതെന്നു നാം സ്വപ്നവും കാണുന്നു.

കുറിപ്പുകള്‍: പി. എല്‍. ലതിക

ഒനാണോ കൊമാച്ചി 825 -900 ;പ്രസിദ്ധ ജാ ജാപനിസ് കവയിത്രി.അസാധാരണ സൌന്ദര്യതതാല്‍ അനുഗൃഹീത ജനന സ്ഥലവും മരണവും വ്യക്തമായി രേഖപെടുതപ്പെട്ടിട്ടില്ല തീവ്രവും, ആസക്തവും ആയ പ്രണയവും ഏകാന്തതയും ബന്ധപ്പെട്ട ആകാംക്ഷകളും ആയിരുന്നു കവിതകളുടെ പ്രമേയം.

അന്നാ ആഹമാതോവ. 1889 -1966.യഥാര്‍ത്ഥ നാമം അന്ന ആന്ദ്രിയെവ്ന ഗോരെങ്കോ . ഉക്രൈനില്‍ ജനിച്ചു.റഷ്യന്‍ കവിതയിലെ ശക്തമായ സ്ത്രീ ശബ്ദം.സ്റാലിന്‍ ഭരണ കൂടത്തിന്റെ ക്രൂരതകല്കെതിരെ പട മിതത്വതോടെ എഴുതി.വാ മൂടികെട്ടാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ക് വഴങ്ങാതെ,അന്യ രാജ്യങ്ങളില്‍ രാഷ്ട്രീയാഭയം തേടാതെ ചെറുതും വലുതും ആയ കവിതകള്‍ എഴുതി.വിപ്ലവ കാലത്തും തുടര്‍ന്നും നശിപ്പിക്കപെട്ടത്‌ കൊണ്ട് അവരെ കുറിച്ചും രചനകളെ കുറിച്ചും വിശ്വസനീയമായ രേഖകള്‍ കുറവാണ്

റാബിയ ബസ്രി ; ആദ്യത്തെ സൂഫി സന്യാസിനിയായി കരുതപെടുന്നു.ആദ്യ കാല സൂഫി കവയിത്രികളില്‍ ഒരാളായും .എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇറാഖിലെ ബസ്രയില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപെടുന്നു.അവിവാഹിതയായി ജീവിച്ചു. കടുത്ത ദാരിദ്ര്യത്തിലും അടിമതതിലുംപതരാത്ത ദൈവവിശ്വാസമായിരുന്നു അവരുടെ മതം. സ്വര്‍ഗത്തെ കുറിച്ചുള്ള പ്രതീക്ഷയോ, നരകത്തെ കുറിച്ചുള്ള ഭയമോ അല്ല വിശ്വാസത്തിന്റെ കാതല്‍ എന്ന് വിശ്വസിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തു

സാഫോ ;630 -570 ബി സി ലെസ്ബോസേ ദ്വീപില്‍ ജീവിച്ച ഗ്രീക്ക് കവയിത്രി. ലെസ്ബോസേ എന്നാ പദത്തില്‍ നിന്നാണ് സ്വവര്‍ഗ പ്രേമത്തെ കുറിക്കുന്ന ലെസ്ബിയന്‍ എന്ന വാക് ഉണ്ടായത്. സ്ത്രീഹൃദയത്തിന്റെ വികാര വൈവിധ്യങ്ങള്‍ ആയിരുന്നു അവരുടെ തൂലിക പകര്‍ത്താന്‍ ശ്രമിച്ചത് . അലെക്സാന്ദ്രിയ ല്യ്ബ്രരി യില്‍ സാഫോ യുടെ കവിതകള്‍ ശേഖരിച്ചു പുസ്തകങ്ങള്‍ ആക്കി സൂക്ഷിച്ചിരിക്കുന്നു

Advertisements

4 Responses to “ലോകകവിതയില്‍ സ്ത്രീ”


 1. 1 dileep ഒക്ടോബര്‍ 22, 2010 -ല്‍ 4:34 am

  ഈ ഹൃദയമെനിക്കുള്ളതല്ല
  പുറമെയ്ക്കു വെളിച്ചപ്പെടുന്നുപോലുമില്ലത്‌.
  it’s nice..

 2. 2 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 3:43 pm

  മൂല്യങ്ങളോടു നീതി പുലറ്ത്തിക്കൊണ്ടൂ രവികുമാറ് വാസുദേവന്‍ ഈ കവിതള്‍ നമുക്കു നല്‍കുന്നു.മനോഹരമായ പരിവര്ര്ത്തനം. അനുമോദനങ്ങള്‍.

 3. 3 pl lathika ഒക്ടോബര്‍ 28, 2010 -ല്‍ 10:06 am

  vydeshikavum അപരിചിതവുമായ സ്ഥല കാല പശ്ചാത്തലങ്ങളില്‍ രചിക്കപെട്ട കവിതകള്‍ വ്യത്യസ്തമായ അനുഭവം നല്‍കുന്നു.രവികുമാറിന് നന്ദി.മലയാള നാടിനും.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: