കണ്ണുകള്‍ കണ്ടുകൊണ്ടേ ഇരിക്കട്ടെ

നേത്രദാനം മഹാദാനം

അജീഷ് കുമാര്‍

കൂട്ടുകാരെ, നിങ്ങള്‍ക്ക് അസ്നയെ അറിയുമോ? 2009 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നേടിയ അസന അസ്ലാം. ഗീതു മോഹന്‍ദാസിന്‍റെ കേള്‍ക്കുന്നുണ്ടോയിലെ നായിക. ജന്‍മനാ രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആ കുട്ടി ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്‌. അതുപോലെ കാഴ്ച നഷ്ട്ടപ്പെട്ട എത്രയോ കുട്ടികള്‍ ഉണ്ടെന്നറിയാമോ. ഒരു രാത്രി കറന്റ് പോയാല്‍ K.S.E.B- യെ പഴിക്കുന്ന നമ്മള്‍ കാഴ്ച ഇല്ലാത്തവരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. നിറവും രൂപവും എന്തെന്നറിയാത്തവര്‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കും ജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല.

കാഴ്ച്ചയുടെ പ്രാധാന്യം എത്രത്തോളം ആണെന്ന് നമ്മുക്കെല്ലാം അറിയാം. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണ്. നമ്മുടെ അറിവിന്റെ 80 ശതമാനവും നാം നേടുന്നത് കണ്ണിലൂടെയാണ്. അതുകൊണ്ടാണ് കാഴ്ചയില്ലാത്ത ഒരു വ്യക്തി 80 ശതമാനം മരിച്ചതിനു തുല്യമാണെന്ന് പറയുന്നത്.

കാഴ്ച ഇല്ലാത്തവരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യ യാണ്. ലോകത്താകമാനമുള്ള 37 മില്യണ്‍ അന്ധജനങ്ങളില്‍ 18 മില്യന്‍ ഇന്ത്യയിലാണ് (WHO-NPCB-survey 1986-1989 പ്രകാരം 12 മില്യണ്‍ ) . അതില്‍ 75 ശതമാനം ആളുകള്‍ക്കും കാഴ്ച തിരിച്ചു കിട്ടാവുന്നതരത്തിലുള്ള അന്ധതയാണ്‌. പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. കണ്ണിലെ തിമിരം, അധി മര്‍ദം, നേത്ര നാഡിയുടെ രോഗങ്ങള്‍, നേത്ര പടലം സുതാര്യമായി പോവുക എന്നീ പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. തിമിര ശസ്ത്രക്രീയയെ കുറിച്ച് ആളുകള്‍ വളരെയധികം ബോധവാന്മാര്‍ ആയതുകൊണ്ട് തിമിരം മൂലമുള്ള അന്ധത ഒരു പരിധിവരെ കുറഞ്ഞു വരികയാണ്.

പക്ഷെ ഇന്നും നേത്ര പടലത്തിലെ അന്ധതയെക്കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ല എന്നുള്ളതാണ് സത്യം. ഇന്ത്യയില്‍ ഉള്ള അന്ധരില്‍ 1.4 മില്യന്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ അന്ധതയില്‍ 26 ശതമാനവും നേത്ര പടലത്തിലെ അന്ധത മൂലമാണ്. അണുബാധ, ആഴത്തിലുള്ള മുറിവുകള്‍, പൊള്ളല്‍, പോഷക ആഹാരക്കുറവു (vitamin-A) ജന്മനാ ഉള്ള തകരാറുകള്‍ എന്നിവ കൊണ്ട് കണ്ണിലെ സുതാര്യമായ നേത്ര പടലം വെളുത്ത്‌ പോകാം. ഇങ്ങനെ നേത്ര പടല അന്ധത ബാധിച്ചവര്‍ക്കാണ് നേത്ര ദാനം കൊണ്ട് ഗുണം ലഭിക്കുന്നത്.

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 6 മില്യനില്‍ അധികം ആളുകള്‍ നേത്ര ദാനത്തിലൂടെ കാഴ്ച തിരിച്ചുകിട്ടാന്‍ സാധ്യത ഉള്ളവരായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത് 2 .5 ലക്ഷത്തില്‍ അധികം നേത്രപടലങ്ങലാണ്. എന്നാല്‍ ഇന്ത്യയില്‍ മുഴുവനുമുള്ള 109 നേത്ര ബാങ്കുകള്‍ ഒരുവര്‍ഷം ശസ്ത്രക്രീയ ക്കായ് ശേഖരിക്കുന്നത് 25000 കണ്ണുകള്‍ മാത്രം, അതില്‍ തന്നെ 30 ശതമാനം പല കാരണങ്ങള്‍ കൊണ്ട് ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. അതിനാല്‍തന്നെ ശസ്ത്രക്രിയയ്ക്കുവേണ്ടി പേരു രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ അനവധിയാണ്. നേത്ര ദാനത്തെക്കുറിച്ച് ജനങ്ങള്‍ എത്രത്തോളം ബോധവാന്മാര്‍ ആകേണ്ടിയിരിക്കുന്നു എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ദാനം ചെയ്യാന്‍ കൂടുതലാളുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഇവരുടെ ജീവിതത്തില്‍ വെളിച്ചം കടന്നുചെല്ലുകയുള്ളു.

നേത്ര ദാനത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ പൊതു ജനങ്ങള്‍ക്ക്‌ ഇല്ലെന്നു മാത്രമല്ല, പല തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുമുണ്ട്.

പൊതുവേ ആളുകള്‍ കരുതുന്നതു നേത്രഗോളം അപ്പാടേ മാറ്റിവയ്ക്കുന്നു എന്നാണ്. ദാതാവിന്‍റെ കണ്ണ് മുഴുവനായിട്ടാണ് എടുത്തു മാറ്റുന്നതെങ്കിലും, ശസ്ത്രക്രിയവഴി കണ്ണിന്‍റെ മുന്‍ഭാഗത്തുള്ള സുതാര്യമായ നേത്രപടലം അഥവാ കോര്‍ണിയ മാത്രമേ മാറ്റിവയ്ക്കപ്പെടുന്നുള്ളു.

നേത്രം ദാനം ചെയ്യുന്നത് ജീവിച്ചിരിക്കുമ്പോഴാണെങ്കിലും സമ്മത പത്രം പ്രാവര്‍ത്തികം ആകുന്നത് മരണ ശേഷം മാത്രമാണ്. ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിന്ന് ഒരു കാരണവശാലും കണ്ണ് സ്വീകരിക്കില്ല.

മരണശേഷം കണ്ണ് എടുക്കാന്‍ കണ്ണിന്‍റെ ഉടമതന്നെ നേരത്തേ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരിക്കണം എന്നു നിര്‍ബന്ധമില്ല. മരിച്ചയാളിന്‍റെ അടുത്ത ബന്ധുക്കളുടെ, അതായത് അമ്മ, അച്ഛന്‍, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി മുതലായവരുടെ സമ്മതമുണ്ടെങ്കില്‍ കണ്ണ് എടുക്കാം. നേത്രദാന സമ്മതപത്രം നല്‍കിയിരുന്ന വ്യക്തിയാണെങ്കിലും അടുത്ത ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതം വേണമെന്നു കോര്‍ണിയ ട്രാന്‍സ്പ്ലാന്‍റേഷന്‍ ആക്റ്റില്‍ വ്യവസ്ഥയുണ്ട്. ഈ ബന്ധുക്കളില്‍ ഒരാളെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേത്രദാനത്തിനു കണ്ണെടുക്കുന്നതു നിയമവിരുദ്ധമാണ്.

കണ്ണുകള്‍ നീക്കംചെയ്താല്‍ മൃതദേഹം വികൃതമാകുമോ എന്നു പലരും സംശയിക്കുന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല. കണ്ണുകള്‍ നീക്കം ചെയ്താല്‍ ആസ്ഥാനത്തു കൃത്രിമമായ നേത്രഗോളം വച്ച് കണ്‍പോളകള്‍ ഒരു തുന്നല്‍വഴി കൂട്ടിച്ചേര്‍ക്കും. പിന്നെ ഒരാള്‍ക്കും കണ്ണുകള്‍ നഷ്ട്ടപ്പെട്ടത്‌ മനസ്സിലാക്കാന്‍ കഴിയുകയില്ല.

ഏതു പ്രായത്തിലുള്ളവര്‍ക്കും നേത്രം ദാനം ചെയ്യാം. ഏറ്റവും നല്ലത് 16നും 65നും ഇടയില്‍ പ്രായമുള്ളവരുടെ കണ്ണുകളാണ്. തിമിര ശസ്ത്രക്രിയ കഴിഞ്ഞവരുടെയും കണ്ണുകള്‍ ദാനം ചെയ്യാം. എന്നാല്‍, മഞ്ഞപ്പിത്തം, പേ വിഷബാധ, എയ്ഡ്സ്, തലച്ചോറിനെ ബാധിക്കുന്ന ചില പ്രത്യേക വൈറസ് രോഗങ്ങള്‍ എന്നിവ ബാധിച്ചവരുടെ കണ്ണ് എടുക്കാറില്ല.

മരണം നടന്നു നാലുമണിക്കൂറിനകം(ഏറ്റവും നല്ലത് 2 മണിക്കൂറിനകം) കണ്ണുകള്‍ നീക്കം ചെയ്തു ശീതീകരിച്ചു സൂക്ഷിച്ചാല്‍ മാത്രമേ അവ പ്രയോജനപ്പെടുകയുള്ളു. മരണവിവരം ഉടന്‍തന്നെ അടുത്തുള്ള നേത്രബാങ്കില്‍ അറിയിച്ചാലേ നിശ്ചിത സമയപരിധിക്കുള്ളില്‍ ഡോക്റ്റര്‍മാര്‍ക്കു വന്നു നേത്രം സ്വീകരിക്കാന്‍ കഴിയൂ. നേത്ര ബാങ്കിന്‍റെ സേവനം തികച്ചും സൌജന്യമാണ്.

ഒരാള്‍ മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ ദുഃഖാവസ്ഥയില്‍ നേത്രബാങ്കില്‍ വിവരമറിയിക്കാന്‍ ഓര്‍മിച്ചെന്നു വരുകയില്ല. നേത്രദാനത്തിന്‍റെ കാര്യം ബന്ധുക്കളെ ഓര്‍മിപ്പിക്കാനും ഉടനേ ഏറ്റവും അടുത്തുള്ള നേത്രബാങ്ക് അധികൃതരെ അറിയിക്കാനും നേത്രദാനം സ്വീകരിക്കാന്‍ വരുന്ന ടീമിനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും സുഹൃത്തുക്കള്‍ക്കും, സ്ഥലത്തെ സാമൂഹിക സംഘടനകള്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുമാണു ഏറ്റവും സഹായം ചെയ്യാന്‍ സാധിക്കുന്നത്.

നേത്ര ദാന സമ്മത പത്രം ഒപ്പിട്ടട്ടുള്ള വ്യക്തികള്‍ അതിന്റെ ഒരു കോപ്പി വീട്ടില്‍ ഫ്രെയിം ചെയ്തു വെച്ചാല്‍ നേത്ര ദാനതെക്കുരിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ഓര്‍ക്കുന്നതിന് സഹായകമാവും.

മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതു വലിയ പുണ്യ പ്രവൃത്തിയായാണു ജൈനമതക്കാരും ബുദ്ധമത വിശ്വാസികളും കരുതുന്നത്. മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ഒരാള്‍ ദാനം ചെയ്താല്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കാന്‍ ഉപകരിക്കും. ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍, ഇ.എം.എസിന്‍റെ പത്നി ആര്യ അന്തര്‍ജനം, മുന്‍ എംപി സുരേന്ദ്രനാഥ് തുടങ്ങിയവര്‍ കണ്ണുകള്‍ ദാനം ചെയ്ത പ്രമുഖരില്‍ ചിലരാണ്.
ഏതാനും വര്‍ഷം മുന്‍പ് ഒരു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിനി അപകടത്തില്‍ മരിച്ചപ്പോള്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ നേത്രദാനത്തിനു മുന്നോട്ടു വന്നത് അന്നു വലിയ വാര്‍ത്തയായിരുന്നു. ഇതു മറ്റു പലര്‍ക്കും നേത്രദാനത്തിനു പ്രചോദനമാകുകയും ചെയ്തു.

ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനം നേത്ര ദാനമാണ്, എന്നാല്‍ അത് പ്രാവര്‍ത്തികം ആകുന്നതോ മരണത്തിനു ശേഷവും. ഒരാള്‍ക്ക്‌ കാഴ്ച ദാനം ചെയ്യുക എന്നത് അയാള്‍ക്ക്‌ പുതിയ ഒരു ജീവിതം കൊടുക്കുന്നതിനു തുല്യമാണ്. നിങ്ങളിലൂടെ മറ്റുള്ളവര്‍ ഈ ലോകത്തെ കാണട്ടെ. ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ്.

കേരളത്തിലെ നേത്ര ബാങ്കുകള്‍:

തിരുവനന്തപുരം കണ്ണാശുപത്രി (RIO)- 0471 2304046

ചൈതന്യ ഐ ഹോസ്പിറ്റല്‍ -0471 2447183

ജില്ല ആശുപത്രി കൊല്ലം -0474 2750206, 2742004

മെഡിക്കല്‍ കോളേജ് ആലപ്പുഴ -0477 2251443

മെഡിക്കല്‍ കോളേജ് കോട്ടയം -9446481766

ലിറ്റില്‍ ഫ്ലവര്‍, അങ്കമാലി – 0484 2452546

മെഡിക്കല്‍ കോളേജ് തൃശൂര്‍ -0487 2200310-320

ജൂബിലി മിഷന്‍, തൃശൂര്‍-0487 2420136, 2420361,2421650

അഹല്യ ഐ ഹോസ്പിറ്റല്‍ -0492 3235100-108

ജില്ലാ ആശുപത്രി, മഞ്ചേരി – 0483 2766880

മൌലാന ആശുപത്രി, മലപ്പുറം -0493 3307300

അല്‍ സലാമാ , മലപ്പുറം -0493 3393123

മെഡിക്കല്‍ കോളേജ്, കോഴിക്കോട് -0495 2357457

കോം ട്രസ്റ്റ്‌ ഐ ഹോസ്പിറ്റല്‍, കോഴിക്കോട്- 0495 2723793

മലബാര്‍ ഐ ഹോസ്പിറ്റല്‍, കോഴിക്കോട് -0495 236730
ജില്ലാ ആശുപത്രി, കണ്ണൂര്‍ – 0497 2731234

2 Responses to “കണ്ണുകള്‍ കണ്ടുകൊണ്ടേ ഇരിക്കട്ടെ”


  1. 1 sajith ഒക്ടോബര്‍ 29, 2011 -ല്‍ 10:36 am

    പൊതു സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇത്തരം ലേഖനങ്ങള്‍ക്ക് കഴിയട്ടെ


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: