പെണ്‍കവിതയിലെ പുതുമാണ്‍പുകള്‍

പെണ്‍കവിതയിലെ പുതുമാണ്‍പുകള്‍

e

s

s

a

y

ഗീത

അമ്മയെന്നു വിളിച്ചവളെ പുരുഷന്‍ സ്വന്തം പരാക്രമങ്ങളുടെ കാല്‍ക്കീഴിലിട്ടു ചതച്ചതിന്റെ ദൈന്യങ്ങള്‍ തൊണ്ണൂറുകള്‍ തൊട്ട് മലയാള കവിത സവിശേഷമായി ഏറ്റുവാങ്ങിയിട്ടുണ്ട്. സംവേദന ഭാവുകതകളില്‍ വ്യതിയാനങ്ങള്‍ കാര്യമായുണ്ടായില്ലെങ്കിലും തലമുതിര്‍ന്ന കവികളുടെ പ്രമേയസ്വീകരിണത്തില്‍ ഇതിനുകുലമായി മാറ്റങ്ങള്‍ സംഭവിച്ചു. ഒ. എന്‍.വിയുടെ പെങ്ങള്‍, സ്വയംവരം, സുഗതകുമാരിയുടെ പെണ്‍കുഞ്ഞ് സച്ചിദാനന്ദന്റെ ‘കയറ്റം’ 90 ളില്‍ തുടങ്ങി  എത്രയോ ഉദാഹരണങ്ങള്‍. സ്ത്രീകവിതകളുടെയും സ്ത്രീപക്ഷകവിതകളുടെ സമാഹരണമായിരുന്നു മറ്റൊരു പ്രവണത. അവയെ വായിച്ചതും എഡിറ്റുചെയ്തു സമാഹരിച്ചതും മുന്‍തലമുറയിലെ പ്രസിദ്ധരും പ്രഗത്ഭരുമായവരുടെ കവികള്‍ തന്നെയായിരുന്നു. 30 ഇന്ത്യന്‍ കവിയിത്രികള്‍ (1990, സമ്പാ. സച്ചിദാനന്ദന്‍), സ്ത്രീലോക കവിത (1993, സമ്പാ. ദേശമംഗലം രാമകൃഷ്ണന്‍), പെണ്‍വഴികള്‍ (1994, സമ്പാ. കെ.ജി.ശങ്കരപ്പിള്ള) എന്നിവ ഉദാഹരണങ്ങള്‍. കവിതയിലും കാവ്യ പഠനങ്ങളിലുമൂന്നിക്കൊണ്ട് പുറ ത്തിറങ്ങിയ സമകാലീനകവിതയും കവിതാ സംഗമവും സ്ത്രീയുടെ മാത്രമല്ല     സ്ത്രീക്കുവേണ്ടിയുള്ള എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുസ്വീകരിച്ചു. അയല്‍പക്കക്കാരികളായ കുട്ടിരേവതിയും മാലതിമൈത്രിയും മലയാളകവിതയിലെ ഒഴിച്ചുകൂടാ. സ്ത്രീസാന്നിധ്യരുളായി, മാറുകയും ചെയ്തു. ഇതാണ് ഈ പഠനത്തിന്റെ പശ്ചാത്തലം. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍  മലയാളത്തിലെ സ്ത്രീകവിതയില് സംഭവിച്ചുകൊണ്ടിരിക്കുന്ന വിസ്ഫോടനങ്ങളാണ് ഈ അന്വേഷണം ശ്രദ്ധിക്കുന്നത്.

ഒന്ന്:

ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗകുമാരിയ്ക്കും ശേഷം മലയാളകവിതയില്‍ കേട്ട വ്യത്യസ്തമായ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു.  അന്നോളം അപരിചിതമോ അനാവൃതമോ ആയ ഒരു മേഖലയാണ് മൃഗശിക്ഷകനിലൂടെ മലയാളസ്ത്രീകവിതയില്‍ തുറക്കപ്പെട്ടത്. “ഞാന്‍ മൃഗമാണെങ്കിലുമരുതിനിക്കൂട്ടില്‍ക കുടുങ്ങിക്കൂടുവാന്‍” എന്നാല്‍ശിക്ഷകന്റെ നോട്ടത്തില്‍ മൃഗത്തിന്റെ കണ്ണുകള്‍ കുനിഞ്ഞുപോ കുന്നു. മൃഗത്തിനു ഭേദിക്കാനാവാത്ത തടവുകള്‍ ഭേദിച്ചുകൊണ്ടു പുറത്തുകിടക്കുന്നവളാണു

തച്ചന്റെമകള്‍. മനുഷ്യബന്ധങ്ങളുടെ ലോലമായ പട്ടുനൂല്‍ക്കെട്ടുകള്‍ പൊട്ടിച്ചുകൊണ്ട്. ആരും അവളെ അനുഗമിക്കുന്നില്ല. വാഴ്ത്തുന്നുമില്ല. ഉളിപ്പെട്ടിയും മുഴക്കോലുമായി ഒറ്റക്കു പുലര്‍ന്നുകൊള്ളാമെന്ന ആത്മവിശ്വാസമാണവളെ നയിക്കുന്നത്. പറയിപ്പെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂര്‍ തച്ചനെ വിച്ഛേദിക്കുന്നവളാണ് ഈ പിന്‍തലമുറക്കാരി. ഇന്നും ആശാരിപ്പണിയില്‍ സ്ത്രീകള്‍ ഏറെയൊന്നും മുമ്പോട്ടുവന്നിട്ടില്ലെന്നത് കവിതക്കുപുറത്തുള്ള ജീവിതം (?) “ഒറ്റയാന്റെ വനാന്തരം മന്നിടം”. വ്യവസ്ഥക്കതീതമായ കര്‍തൃത്വം വികസിച്ച അവസ്ഥയില്‍ കാടും നാടും തമ്മില്‍ഭേദമില്ല. നാട്ടുകാടുകളെ ഒറ്റയടിക്കു മറിക്കടക്കാന്‍ കഴിവുള്ള ഒറ്റയാനായ ഈ മകള്‍ മലയാളകവിതയിലെ സ്വതന്ത്രകര്‍തൃത്വപ്രതീകമാകുന്നു.
പാര്‍വതിയുടെ ശരീരാവയവങ്ങളെ ഒന്നൊന്നായി ചുംബിച്ച കീഴോട്ടിറങ്ങിയ മഴത്തുള്ളിയില്‍ കാളിദാസകവിതയുടെ ആണ്‍ നോക്കുടക്കി.. എന്നാലിതല്ല വിജയലക്ഷ്മിയുടെ കവിതയിലെ മഴത്തുള്ളി. മഴ തന്‍ മറ്റോതോമുഖമാണതു കാണുന്നതും കാണിക്കുന്നതും. മഴ ജീവിതത്തിന്റെ സമസ്തഭാവന കളിലേക്കും സംക്രമിക്കുന്നു. തെളിഞ്ഞ ഇളനീര്‍ച്ചാലുകളിലേക്കല്ല കലങ്ങിയ അഴുക്കുചാലിലേയ്ക്ക് അതൊഴുകുന്നു. ദേവാസുരത്തിലെ സ്ത്രീ മഴയെപ്പോലെ വനവ്യാഘ്രമായി അവള്‍ പ്രിയനെ സ്നേഹിക്കുന്നു. അവന്റെ വ്രണങ്ങളെ വാത്സല്യത്തോടെ നക്കിത്തുടയ്ക്കുന്നു. എന്നാലവള്‍ അവനെ പല്ലും നഖവും കൊണ്ടു മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.
സംഘര്‍ഷങ്ങളേറെ അന്നഭവിക്കുന്ന ഒരു സ്ത്രീ ഹൃദയംകൊതിക്കുന്നത്. ‘ഉദയലിംഗിയാകാനത്രെ. അതിന് സ്വസ്ഥത,സമാധാനം സുഖം. കാരണം “അനുരാഗം മൂലം വിവശമാകേണ്ട മാതൃത്വം കുടുംബം പാചകം അടിമത്തം പിന്നെ സമത്വവും വേണ്ട ഇണങ്ങര്‍വേണ്ട. തനിക്കു താന്‍മാത്രം മതിയാകും. അപമാനം കൊണ്ടു ദഹിച്ചു പോകേണ്ടതില്ല. വംശത്തിന്റെ വിശുദ്ധി കാക്കേണ്ടതുമില്ല .ഇരയും വേട്ടക്കാരിയും താന്‍ തന്നെയാകുന്നു.
എന്റെ ശരീരം വിശന്നു പൊരിഞ്ഞൊരു വന്യമൃഗം.
അതു പല്ലും നഖങ്ങളും
നെഞ്ചിലേക്കാശ്തിക്കടിക്കുകയാണെന്നെ
തിന്നിടൊം തോറും പെരുകിട്ടുന്നങ്ങനെ (ഇര)
തന്റെ “പ്രണയത്തില്‍” ഏറ്റവും അഗാധമായത് ഏറ്റവും മധുരിക്കുന്ന പാപം. ലോകം സുന്ദരമാകുന്നത് അതാതില്‍ ശുദ്ധ സംഗീതമായി പ്രണയം നിറയുന്നതുകൊണ്ടാകുന്നു. ആകാശവും സാഗരവുമെന്നിയേ ഉള്ളം തിളച്ചൊഴുകുന്ന ലാവയുടെ മഹാപ്രവാഹമാണത്. “നീയറിഞ്ഞില്ലൊരിക്കലും താങ്ങുവാനാകൊലാ നിനക്കീ വിഭ്രമത്തിനെ” അതുകൊണ്ടൊരുവള്‍ക്ക് സ്വന്തം പ്രണയത്തെത്തന്നെ പ്രണിയിക്കേണ്ട ഗതികേടാണ്. ഇത് ഒരു പരിധിവരെ കാല്പനികതയുടെ വഴിയുമാണ്. കരളുരുക്കിപ്പണിഞ്ഞ കിനാവുകളാണിവ. സിംഹം അലറുന്നതുപോലെ കവിക്കുള്ളില്‍ ‘സ്നേഹം’
അന്ധനാം സിംഹത്തെപ്പോല്‍
സാന്ധ്യശോഭയില്‍ മൌനം
കൊള്‍കയാം കവിക്കുള്ളം
തകരുന്നൊരാസ്നേഹം
ഈ സ്നേഹമാണു കവിയെ കവിയും പ്രണയിനിയുമാക്കുന്നത്.
ശിക്ഷകന്‍മെരുക്കിയിട്ടും മെരുങ്ങാത്ത ഒരു മൃഗം വിജയലക്ഷ്മിയുടെ കവിതയില്‍ പതുങ്ങിയിരിക്കുന്നു.
എനിക്കുമറ്റൊരു മൃഗമാവണം പച്ചപ്പുല്ലുതിന്നുകയും സ്വച്ഛമായതുകുടിക്കുകയും അനുസരണയോടെ ചെന്നായ്ക്കു തലകുനിക്കുകയും ഒരിക്കലും ചിരിക്കാതെ അകത്തേയ്ക്കുമാത്രം കരയാറുള്ള ഇവള്‍ സന്തം സ്പര്‍ശത്താല്‍ മിനുസപ്പെട്ടവളാണ് (പറയാം). പറയാനുള്ള സമുദ്രത്തെ ഇവളെങ്ങനെ വാക്കുകളിലൊതുക്കും? അവള്‍ കൊതിക്കുന്നവന് എന്തുകൊണ്ടിവളെ അറിയുന്നില്ല? അത്രമേല്‍ ഇതുനിനക്കുസ്വന്തമായതുകൊണ്ടോ? (മണ്‍കുടം) തന്നെ കാത്തിരിക്കുന്ന ദൈവം പ്രണയമാകുന്നു. അതുകൊണ്ട് “എഴുതപ്പെട്ട പ്രണയകാവ്യങ്ങള്‍ നമ്മെക്കുറിച്ചുള്ളതല്ല അവ ഇനിയും എഴുതപ്പെടേവയാണ്” (എന്നെ കാത്തിരിക്കുന്ന ദൈവം) ഇവള്‍ കാളിന്ദി കുടിച്ചുവറ്റിയ വിരഹിണിരാധയല്ല. കടല്‍ കടന്നെത്തിയ അഗ്നിശുദ്ധയുമല്ല. ഇടതും വലതും പ്രിയവും ഹിതവും പറഞ്ഞുകൊണ്ടുതോഴിമാരില്ല. ഓര്‍ത്തിരിക്കാന്‍ ഗാന്ധര്‍വവുമില്ല. കവികള്‍ ഇന്നോളം വര്‍ണിവ്ഹ്വ്ഹോളല്ലിവള്‍ പിന്നെയോ?” “പച്ചായാമൊരു പെണ്ണ് വിയര്‍ക്കുന്നവള്‍ മണ്ണുപറ്റിയ പാദം മണ്ണിലുന്നിയേ സ്വയം നില്‍പോള്‍”(സമവാക്യങ്ങള്‍) അതൃശ്യവും അതിപരിചിതവുമായ ഒരു പുരുഷസാന്നിധ്യം അസാന്നിധ്യം കൊണ്ടാണുസാന്നിധ്യമറിയിക്കുന്നത്. അവന്റെ ഒരേയൊരു വാക്കിനായി കാത്തിരിക്കല്‍. ഒരിക്കല്‍ മാത്രം ഇളം ചുവപ്പായ പാദങ്ങളുടെ കീഴ്വടിവ് അവളുടെ ഉള്ളം കൈയില്‍ ഒരുമാത്രതങ്ങിനിന്നു. അപ്പോഴാ പെരുവിരല്‍ സമ്മാനിച്ച ‘ഒറ്റമണല്‍ത്തരി’ അതാകുന്നു ആനന്ദവും വേദനയും. “അതിനുചഉം തിളങ്ങുന്ന മിനുസം വന്നു മൂടുന്നതും ഒടുവിലത് എന്നില്‍ നിന്നടരാനാവാതെ ഉരുണ്ടു തിളങ്ങുന്നതും നീ എങ്ങനെ അറിയാന്‍….” എന്നെ മെരുക്കുവാന്‍ നിന്റെ നോട്ടങ്ങള്‍ക്കുമാത്രമേകഴിയൂ. എന്റെപൂക്കാലം എന്റെ വേനല്‍ എന്റെ മഴയും മകരവും എല്ലാം നിന്നിലാണ്” ഇടിമിന്നലിലൂകളുടെ ഉത്സവമായ ഈ പ്രേമം ഉച്ചരിക്കപ്പെടാത്ത വാക്കുകളില്‍ പ്രണയികള്‍ക്കു പരസ്പരം അളന്നെടുക്കാം. പരസ്പരം നക്കിത്തുടക്കുന്ന പുലിക്കുട്ടികള്‍. പ്രിയമെന്തെന്നു പരസ്പരമറിയുന്ന ഇവര്‍ക്ക് “വിനീതം മിഴിയിണതാഴ്ത്തിയ വന്യമൃഗങ്ങള്‍ മുരള്‍ച്ചയൊതുക്കിയ ഭാവവിശേഷ” മാണത്. മെരുക്കപ്പെടുന്ന പരുക്കല്‍ സ്പര്‍ശങ്ങള്‍. ഇപ്പോഴതിന് എരിവും പുളിയുമില്ല. ഈ സഹജ പ്രണയത്തിന്റെ വന്യതയെ വീണ്ടെടുക്കാന്‍ കൊതിക്കുന്ന വിജയലക്ഷ്മിയുടെ കവിത മെരുക്കപ്പടുന്നതിനൊടുള്ള പ്രതിഷേധമറിയിക്കുന്ന മുരള്‍ച്ചകളാണ്. ഒച്ച കുറഞ്ഞത്. ചിലപ്പോള്‍ ദിഗന്തങ്ങളെ വിറപ്പിക്കുന്ന വിധം ഒച്ചയുയര്‍ന്നതും.

താളബദ്ധവും വൃത്തബദ്ധവുമായിരുന്ന പെണ്‍കവിതഗദ്യവടിവുകളിലേക്കും നീങ്ങുന്നു. സമാകാലിക പ്രശ്നങ്ങളോട് വാച്യമായി പ്രതികരിക്കുന്നു-കാക്ക. ഇനിയെന്തുവില്‍ക്കും വീട്, കറുത്തമണ്ണ്, പാവപ്പെട്ടവരുടെ ദൈവം, വര എന്നിങ്ങനെ. ആഗോളനിക്ഷേപമേളകകളില്‍ നിന്നു നമ്മുടെ ആകാശവും നക്ഷത്രവും പക്ഷികളും എങ്ങനെരക്ഷപ്പെടും? പെരുമടിശ്ശീലക്കാര്‍ക്ക് വില്ക്കപ്പെടുകയാണ് മാറ്റും വെയിലും മഴയും മണ്ണും മലയും മരവും മാറാട് കലാംപം, മുത്തങ്ങാസമരം, കരിമണല്‍ ഖനനം, ഇറാക്കുയുദ്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളോട് പ്രത്യക്ഷമായിത്തന്നെ സംവാദിക്കാന്‍ തയ്യാറാകുന്നുവെന്നതാണ് വിജയലക്ഷ്മികവിതയ്ക്കു വന്ന  പ്രകടമായമാറ്റം. കവിയുടെ പ്രണയവും സര്‍ഗാത്മകതയും ഒന്നതയാകുന്ന അന്തരികസംഘര്‍ഷങ്ങള്‍ക്കൊപ്പം കവിയും സമൂഹവും തമ്മിലുള്ള ബാഹ്യസംഘര്‍ഷങ്ങളും ഇടം നേടുന്നുവെന്ന് കവിതയുടെ മുതിര്‍ച്ചയും സന്തുലിതയും തെര്യപ്പെടുത്തുന്നു. കാവ്യശൈലിയിലും പ്രമേയസ്വീകരണത്തിലും വന്നുകൊണ്ടിരിക്കുന്ന പിടിയയച്ചില്ലുകള്‍ ഇതിനു തെളിവത്രേ.

രണ്ട്.


ശിരസ് ആകാശത്തേക്കുയര്‍ത്തി ഉറച്ചകാല്‍വെപ്പുകളോടെ സൂര്യനഭിമുഖമായി ഭൂമിയുടെ അറ്റത്തേക്കു നടന്നുപോകുന്ന പ്രണയിനിയാണ് റോസ്മേരിയുടെ കവിത. സെമത്തികമായ ഒരു ഭവുകതലം ഇവ ആവശ്യപ്പെടുന്നു. കേരളീയമോ സവിശേഷമോ ആയ സന്ദര്‍ഭങ്ങള്‍ കവിതയിലില്ല. ബൈബിളിള്‍ പഴയനിമത്തിന്റെ ഭാഷയോടും ശൈലിയോടും ഇവ അടുത്തുനില്ക്കുന്നു.

കൂട്ടുകാരനായ വായനക്കാരനെ സ്നേഹിതനെന്നുസംബോധന ചെയ്യുന്നു ‘ചിതറിയ ചിലവരികളെക്കുറിച്ച്.’ കഥപറയാനും പാടാനുമിവള്‍ക്കുനേരമില്ല. പകുതിക്കുവെച്ചു മുറിഞ്ഞുപോകുന്നു. അനന്തമായ ഗാര്‍ഹികകര്‍ത്തവ്യങ്ങള്‍ ഇവളെ കാത്തിരിക്കുന്നു. കുഞ്ഞ്, ഭര്‍ത്താവ്, അടുക്കള. എങ്കിലുമിവള്‍ക്കു പറഞ്ഞേതീരു. കുലവധുവിന്റെ മൃദുമൊഴിഴകളും ശബ്ദമില്ലാച്ചീരികളും മൃദുപാദപതനങ്ങളും ‘അനാമിക’ ക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. അനാമികക്ക് അരുമാകാം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമിവള്‍ വിദ്യുല്ലതയാകുന്നു. ഉറക്കമായ് വിദ്യുല്ലത-പണികളില്‍ മുഴുകികഴിഞ്ഞവള്‍ ഒരു നാള്‍ പണിപാതിക്കുവച്ചുനിര്‍ത്തി തളര്‍ന്നുവീണു. രാത്രിയില്‍ മലങ്കാറ്റ് കുന്നിറങ്ങി ഇരമ്പിവന്നു. “അടിയുലഞ്ഞിളകിയവള്‍ കുലസ്ത്രീയുടെ മുറമറന്ന്” കാറ്റുപറഞ്ഞ വഴിയേ പോയി. അവളുടെ താലിച്ചരടറ്റു. വസ്ത്രമഴിഞ്ഞുപോയി. ധാത്രിയവളെ വിളിച്ചു പാട്ടുപാടി മാറോടു ചേര്‍ത്തുറക്കി.

ഓരോനവവധുവും “പറിച്ചുനടപ്പെട്ട ചെടി”യാണ് നവവധു ജനാലക്കു പുറത്തുനട്ട ശതാവരിച്ചെടി ഗ്രാമത്തിന്റെ ഗന്ധങ്ങള്‍സൂക്ഷിച്ചുകൊണ്ട് മുറ്റി വളര്‍ന്നു. വധു മെലിഞ്ഞുവിളര്‍ത്തു. ശതാവരി ഇവളെ ക്ഷണിച്ചു. അവളൊരു കാറ്റലയായി ജനാലക്കു പുറത്തെത്തി. എന്നാല്‍ “നിരതെറ്റിയാര്‍ക്കുന്ന പട്ടുമുളപ്പര്‍ടപ്പെ”ന്ന് ശ്വശ്രു ശതാവരിയെ പിഴുതെറിഞ്ഞു. അപ്പോഴേക്ക് ശതാവരി അവളുടെ ആത്മാവിലേക്കു പറിച്ചു നടപ്പെട്ടിരുന്നു. ആര്‍ക്കും കാണാനാകാതെ, ഒരു യജമാനര്‍ക്കും പറിച്ചെറിയാനാകാത്തവിധം. അതാകാശത്തെ പ്പുല്കാന്‍ വെമ്പി. പ്രമാണങ്ങള്‍ ലംഘിക്കപ്പെടാന്‍ എത്ര എളുപ്പമാണ്. സഹചരാ എന്ന സംബോധനയോടെയാണ് വളരെ ചെറിയ മോഹങ്ങള്‍ ആരംഭിക്കുന്നത്. കൂടെ സഞ്ചരിക്കുന്നവന്‍ ഒരു വളുടെ ആഗ്രഹങ്ങള്‍ ഇങ്ങനെ- നിലാവിന് നക്ഷത്രങ്ങളെ നോക്കി കടപ്പുറത്ത് മലര്‍ന്നുകിടക്കുക, നഗരമധ്യത്തില്‍ പ്രതിമയുടെ കല്പടവില്‍ ചൂളം വിളിച്ച് അലസമായി കിടക്കുക കള്ളിമുണ്ടു വാരിച്ചുറ്റി കായലോരത്തെ ഷാപ്പില്‍ നിന്ന് ഒരു കോപ്പ കള്ളുമോന്തുക നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ഈ മോഹങ്ങള്‍ ഒരുവള്‍ക്ക് അസാധ്യമാണ്, അതുകൊണ്ടവള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ വ്യവസ്ഥയുടെ നാഥനായ പുരുഷന്‍ അസ്വസ്ഥനാകുന്നു. അസഹിഷ്ണുവാകുന്നു. അവളുടെ ഗാനം വ്യത്യസ്തമായാല്‍, അമിതാഹ്ളാദത്താല്‍ ഉന്മത്തയായിത്തീര്‍ന്നാല്‍, നിശ്ചയിച്ച പാതയില്‍ നിന്നൊരല്പം വ്യതിചലിച്ചാല്‍ അവള്‍ക്കു ഭ്രാന്താണെന്നവന്‍ വിധിക്കുകയായി. അവള്‍ക്കാകട്ടെ നിയതമായ സഞ്ചാരപഥങ്ങളും ആവിഷ്കരണോപാധികളും മതിയാകാതെ വരുന്നു. നിയമങ്ങള്‍തെറ്റിച്ചു സ്വപ്നം കണ്ടുതുടങ്ങിയാല്‍ അവളെ ആലിംഗനം ചെയ്യുന്നവന്റെ കൈകള്‍ അയയുകയും അരമനവാതിലുകള്‍ അവള്‍ക്കുനേരെ അടയുകയും. എങ്കിലും ആരണ്യകരുടെ പുത്രി ജാബാലയെയും ഉട്ടക്കാതെ പിഞ്ഞിപ്പോയ കോടിമുണ്ടായിമാറിയ യശോധരയെയും കവിത കിനാവുകാണുന്നു. നിഷ്ഫല പ്രണയിനിയായ വാസവദത്തയെ തേടുന്നു. മുരിങ്ങമരത്തിനു പിന്നിലെ ഒറ്റ നക്ഷത്രം ലാജവന്തിയുടെ കാഴ്ചയെന്നറിയുന്നു. ‘വനഹര്‍മ്യ’വുമാകുന്നു. ലാജവന്തി-കാത്തിരിപ്പ്. പിരിത്യക്തകളുടെ നേര്‍ക്ക് അവളവില്ലാത്ത കാരുണ്യം ചൊരിയുന്നു.

സമഭാവത്തോടെ കവിതസ്നേഹിതനെ ക്ഷണിക്കുന്നു ‘എനിക്കു നിന്നോട് പറയാനുള്ളത്’. രാജാവ് ദാസിയെ, ദൈവം ഭക്തയെന്നപോലെയല്ല ആണ് പെണ്ണിനെ സമീപിക്കേണ്ടത്. പുരുഷതേജസ്സിനാല്‍ നിറകാന്‍ തക്ക ഹൃദയദാരിദ്ര്യം പെണ്ണിനില്ല.

ഒരു സമ്രാട്ട്, മറ്റൊരു

സമ്രാട്ടിനോടെന്നപോലെ

ഒരു സ്നേഹിതന്‍

സ്നേഹിതനോടെന്നപോലെ

സമഭാവത്തോടെ നീ വരിക

മഞ്ഞുമലയില്‍ നിന്നുദ്ഭവിക്കുന്ന അരുവിപോലെയാണ് ഒരു സ്ത്രീയുടെ സ്നേഹം. അതു പങ്കുവെച്ചാലൊടുങ്ങുന്ന ദ്രവ്യമല്ല. പരിരക്ഷിക്കേണ്ടുന്ന പാഴ്വസ്തുവുമല്ല.

മലരണിക്കാടുകള്‍ വിട്ടിറങ്ങിയ രമണന്‍ ചന്ദ്രികയെ വേള്‍ക്കുന്നു. (ഹാ രമണാ) രമണന്‍ ഓടക്കുഴല്‍ ദൂരെയെറിഞ്ഞിരിക്കുന്നു. ഇടയനില്ലാതെ ആട്ടിന്‍പറ്റങ്ങള്‍ ചിതറി. ഇത് ചരിത്രത്തെതള്ളിപ്പറയലും വായനക്കാരനെ വഴിയാധാരമാക്കലുമാണ്. രമണന്‍ ചന്ദ്രകയില്‍ ലയിച്ചു പോയി. സത്രത്തിലെ രാത്രിയില്‍ ഒരുവള്‍ ഇടയനായ രമണനെ കാത്തിരിക്കുന്നു. ‘എന്നെ ചന്ദ്രികയെന്നു വിളിക്കരുതേ’ യെന്നാണവളുടെ അപേക്ഷ. ഇവിടെ ചന്ദ്രിക അപരയാണ്. പ്രണയം മഴവില്ലുപോലെ അകലെ ആകാശക്കീഴെ പ്രണയമൊടങ്ങി മമതയുടെ അവസാനകണ്ണിയും കുടഞ്ഞുതെറിപ്പിച്ചവള്‍. കാത്തുവെക്കാന്‍ ഒന്നുമില്ലാത്തവള്‍. സന്തം നിഴല്‍ പോലും തുണ വേണ്ടാത്ത ഇവള്‍മറ്റൊരു ലോകമന്വേഷിക്കുന്ന പ്രണയിനിയാണ്. മണ്ണിനേക്കാള്‍ വിണ്ണിനെ നോക്കുന്നതാണിവള്‍ക്കിഷ്ടം. മനുഷ്യരുമായുള്ള ഇടപാടുകളവസാനിക്കുന്നതോടെ ഇവള്‍ക്ക് ഇണക്കമില്ലാത്ത വേഷങ്ങള്‍ അഴിച്ചുവെക്കാം. യഥാര്‍ഥ ലോകത്തിന്റെ അപരമായ സാങ്കല്പികലോകം. അതു ‘വെള്ളില്‍പ്പക്ഷിയുടെ വീടാ’കുന്നു പ്രണയം നടഷ്ടപ്പെട്ട പുരുഷന്‍ നിസ്സാഹായനും ദു:ഖിതനുമാണ്. അവനു രാവും പകലും വ്യര്‍ത്ഥമാണ്. കാറ്റിനൊപ്പം ചൂളംവിളിക്കുന്നവള്‍ തന്നെ കാമിച്ചുവരുന്ന പുരുഷനോടു പറയുന്നു സമയമായില്ലെന്ന്. വാസവദത്തയുടെ നിഷ്ഫലപ്രണയം അവളെ ചിലതു പഠിപ്പിച്ചിരിക്കുന്നു. പുരുഷകാമത്തിന്റെ, സ്വാര്‍ത്ഥത്തിന്റെ, അഹന്തയുടെ സീല്‍ക്കാരങ്ങള്‍ തുടങ്ങുമ്പോള്‍ അവളെത്തേടിച്ചെല്ലാം. അന്നവന്റെ തപിക്കുന്ന ഹൃയത്തെ അവള്‍ ആത്മാവോടുചേര്‍ക്കും. ഋശ്യശൃംഗനും മഗ്ദലനക്കാരി മറിയവും ഇണചേരുന്ന കാലമാവുമോ അത്?

സമൃദ്ധശരീരത്തിനപ്പുറം ആത്മാവുണ്ടെന്നറിയാത്ത പ്രണയികള്‍ ചുറ്റമ്പലം തൊഴുതു മടങ്ങുന്ന ഭക്തരാണ്. അവരോടു പ്രണയികള്‍ ചുറ്റമ്പലം തൊഴുതുമടരുന്ന ഭക്തരാണ്. അവരോട് കവിത അഭ്യര്‍ത്ഥിക്കുന്നു. ‘ശ്… ഒച്ചയുണ്ടാക്കരുത്’  റോസ്സാ മറിയ അവളെ തന്നെ അന്വേഷിക്കുന്നു. അവള്‍ സ്നേഹിച്ച ജീവിതം അത്ര അത്ര നന്നായല്ല അവളോടു പെരുമാറിയത്. ജീവി തത്തില്‍ പരാജയമേറ്റു വാങ്ങിയവള്‍  മൃത്യുലിഖിതത്തില്‍ ഇങ്ങനെ കുറിച്ചുവെക്കാനാഗ്രഹിച്ചു.

“റോസ്സാമാറിയാ: തനിയേ ഈ ഭുമിയിലേക്കുവന്ന്

ഏതാണ്ടെല്ലായ്പ്പോഴും തനിയെ തന്നെ സഞ്ചരിച്ച്

ഇടക്കു വെച്ചൊരുനാള്‍ യാത്രയവസാനിപ്പിച്ച്

തനിയെതന്നെ മടങ്ങിപ്പോയവള്‍

അസ്ഥിരത സ്ഥിരമായുള്ളവള്‍

നിതാന്തവും ഭദ്രവുമായ സ്നേഹത്തെത്തിരഞ്ഞു പരാജിതയായവള്‍

ഹൃദയങ്ങളെ തിരഞ്ഞുതിരഞ്ഞ്

ശരീരങ്ങളില്‍ തന്നെയെത്തിച്ചേര്‍ന്നവള്‍

ചപല, സ്വപ്നാടനക്കാരി…”

എന്താണു തന്റെ കവിതയെന്നു കണ്ടെത്താനും വിളിച്ചു പറയാനും റോസ് മേരി ശ്രമിക്കുന്നു- “എന്റെ കവിത” തീവ്രനൊമ്പരങ്ങള്‍ക്കിടയില്‍ നിന്നാണ് ഒരു പെണ്ണിന്റെ കവിത പിറക്കുക. പങ്കുവെക്കപ്പെടാത്ത വേദനകള്‍ മനസ്സിലുണ്ടാക്കിയ മുറിവുകളില്‍ നിന്നിറ്റുന്ന ചോരയാണത്-“ഞാന്‍ തന്നെയാണ് എന്റെ കവിത” എഴുത്തുകാരി തന്നെയാകുന്നു എഴുത്ത്. അഭേദാവസ്ഥ കവിയിത്രി കവിതയില്‍ നിന്നഭിന്നയാണെന്ന സത്യവാങ്മൂലം റോസ്മേരിയുടെ കവിതകള്‍.

മൂന്ന്:

അടിവയറ്റിന്റെ പിടച്ചിലിലൂടെ പ്രിയനെ തിരിച്ചറിയാനും പ്രണയിക്കാനും പെണ്ണിനേ കഴിയുവെന്നും വി.എം. ഗിരിജയുടെ കവിതകള്‍ പ്രഖ്യാപിക്കുന്നു. പ്രണയത്തെ പ്പറ്റി യുള്ള ലജ്ജകള്‍ സ്ത്രീകവിത വെടിഞ്ഞു തുടങ്ങിയിട്ട് കാലം കുറച്ചായി. പെണ്‍ പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ ആദര്‍ശ വത്കരിച്ചു ബാലാമണിയമ്മയും രാധാകൃഷ്ണപ്രതീകത്തിലൂടെ സുഗതകുമാരിയും കൈവെള്ളയില്‍ സൂക്ഷിച്ച ഒരൊറ്റ മണല്‍ത്തരിയായി വിജയലക്ഷ്മിയും അപ്പോഴും ഇണചേരലിനെ രൂപ പരമായോ ശാരീരികമോ ആയി ആവിഷ്കരിക്കാന്‍ മലയാളത്തില്‍ പെണ്‍കവിത മടിച്ചുനില്‍ക്കുകയായിരുന്നു. തൊണ്ണൂറുകള്‍ വരെ. എന്നാല്‍ ഗിരിജയുടെ കവിതകള്‍ പ്രണയത്തെ പെണ്‍ മേനി കൊണ്ടെഴുതുന്നു. ശരീരം കൊണ്ടുള്ള എഴുത്ത്. പെണ്ണിന്റെ ചുണ്ടുകള്‍, മുലകള്‍ ഒക്കെ കവിതയില്‍ സജീവവും സക്രിയവുമാകുന്നു.. അപ്പോള്‍ ആണ്‍ ശരീരം ഇവരുടെ കാഴ്ചയും അനുഭവവുമാകുന്നു. എന്താണൊരു പെണ്ണ്? എന്താണവളുടെ ശരീരം? ഇവക്കിടയില്‍ എങ്ങനെയവളുടെ പ്രണയം? ഗിരിജയുടെ കവിതകളില്‍ അറാമിന്ദ്രിയം കൊണ്ടുള്ള ഒരു ദിവ്യാനുഭൂതിയല്ല പ്രണയം. അതൊരാല്‍ബമാകുന്നു. ആല്‍ബം മറിച്ചുനോക്കി കാണുനുള്ളതാണ്. കാഴ്ചയുടെ ലോകം കവിതയില്‍ തുറക്കപ്പെടുകയാണ്. ഇന്നോളം ആണ്‍കവിത വര്‍ണിച്ചുതീര്‍ത്ത അലംകൃതബിംബങ്ങളല്ല പെണ്ണിനു ശരീരവും മനസ്സുമെന്ന് നേരില്‍ കാട്ടിക്കൊടുപ്പുകൂടിയാകുന്നു ഇക്കവിതകള്‍.

പുരാവൃത്തങ്ങളിലെ പല സ്ത്രീകഥാപാത്രങ്ങളെയും ഗിരിജയുടെ കവിതകള്‍ പുനരാനയിക്കുന്നു-ലോപാമുദ്ര. ശുര്‍പ്പണഖ, ചിത്ര എന്നിങ്ങനെ അഗസ്ത്യനൊത്തുള്ള രാത്രി കാട്ടാറിനെ പ്പോലെ മദിച്ചുയര്‍ന്നും കാടിനെപോലെ പൂത്തുലഞ്ഞും സ്വന്തമാക്കാന്‍ കൊതിപ്പവളാണു ലോപാമുദ്രാ അവളണിഞ്ഞൊരുങ്ങുന്നതു പുരുഷനാല്‍ അനാവൃതയാക്കപ്പെടാന്‍ “നിന്‍ വിരലാല്‍ അഴിച്ചീടുവാന്‍ മാത്രം” ക്ഷതുസ്നാതയായ അവള്‍ പൂവും പട്ടം അംഗരാഗവുമണിയുന്നു.  അന്നും പെണ്ണും തമ്മിലും സവര്‍ണാവര്‍ണര്‍ക്കിടയിലുമുള്ളസംഘര്‍ഷമായി കവികളില്‍ നഗരകാനനങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു. ശുര്‍പ്പണഖയിലും ചിത്രയിലും. ശുര്‍പ്പണഖയെ ആകര്‍ഷിച്ച രാമനും ചിത്രയെ മോഹിപ്പിച്ച അര്‍ജുനനും കുലനിയമങ്ങള്‍ പാലിക്കാന്‍  അല്പകാലത്തേക്ക് കാട്ടിലെത്തിയ സുവര്‍ണരാജാക്കളാണ്. ഗുരുക്കളുപദേശിച്ച വിജ്ഞാനപരിധിയില്‍ മാത്രം ഒതുങ്ങിപ്പോയ രത്നാന്വേഷികള്‍. പരാക്രമവും സ്നേഹവും കൊണ്ട് അവരെ കാട്ടുപെണ്ണുങ്ങള്‍ പരാജയപ്പെടുത്തുന്നു. പ്രണയത്തിലും ലൈംഗികബന്ധത്തിലുള്ള പെണ്ണിന്റെ മേല്‍ക്കൈ ആണിന്റെ തപോവനങ്ങളെ ചുട്ടെരിക്കുന്നു.

” പടയാളി അങ്കം കുറിക്കും പോലെ

ഞാവനോടു ചോദിച്ചു

നിയെന്നെ സ്നേഹിക്കുമോ?” (ചിത്ര)

“ചുണ്ടുകള്‍/വിരല്‍ത്തുമ്പുകള്‍/ചെവി/മൂക്ക്/കണ്ണീര്/നനയിച്ച മുലകള്‍/കരളും/നഷ്ടപ്പെട്ട്/മറ്റൊരു ഞാനാകുമോ?” ശുര്‍പ്പണഖ അര്‍ജുനന്‍ ഒരിക്കലും മെരുക്കിയിട്ടില്ലാത്ത കാട്ടുകുതിരയാണുചിത്ര. അവളുടെ കക്ഷത്തിനും യോനിക്കും കറുകക്കാടിന്റെ മണം, ചുണ്ടു ഞാവല്‍പ്പഴങ്ങള്‍, മുലകള്‍ അവനുപേരറിയാത്ത കാട്ടുപഴങ്ങള്‍,അവളുടെ നാവ് ആസക്തിയുള്ള പാമ്പ്, കൈകള്‍ കാട്ടുവള്ളികള്‍, വിരലുകള്‍ മുരുക്കിന്‍ പൂക്കള്‍. അവന്റെ പര്‍ണശാലകളെ തകര്‍ത്തൊഴുകുന്ന പുഴയായി ചിത്രമാറി. കാട്ടിലെപോലെ നഗരത്തില്‍ സ്ത്രീ ആര്‍ത്തലയുന്ന ജ്വാലയല്ല വിരല്‍ തൊട്ടുണര്‍ത്തുന്ന വീണയും ഇരുളില്‍ മാത്രം വിരിയുന്ന നാണപ്പൂവുമാണ്. പെണ്ണക്കല്‍പ്രതിമയാണ്‌.എന്നാല്‍ കാട്ടുപെണ്ണില്‍ മനസ്സിനും ശരീരത്തിനും ഒരേ ഭാഷയാണ്‌. പ്രണയം സൂര്യനും ജ്വലിക്കുന്ന മനസുമാണ്. നഗരരാജവിനെ പ്രണയിച്ചാല്‍ ചിറകുകള്‍ കരിഞ്ഞു മണ്ണില്‍ വീഴുകയാണവളുടെ വിധി.

‘ചെറിയ കരിപുരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്നത്തിലൊരുവനുണ്ട്.’ “അവന്റെ ലിംഗം ചിറകുമുളച്ചുയരുന്ന ഒരപൂര്‍വ പറവയായി അവളെ ആകാശത്തിലേക്കുയര്‍ത്തുന്നു.” എന്നലിവന്‍ പാതിയുറങ്ങി കുട്ടിയെ തള്ളിമാറ്റി അവകാശം സ്ഥാപിച്ചവനല്ല ഇവളുടെ ഉടലും കരളും ‘നിശ്ബദഹരിതവന’മാകുന്നു. ജൈവമായ  വന്യതകള്‍ നിശ്ബ്ദമാകാനെന്തേ? ഒരുതരം മെരുക്കപ്പെടലും ഇവിടെയും നടക്കുന്നു. പുരുഷന് ഉടലും ഉയിലും നല്‍കിയ സ്ത്രീക്ക് ചവിട്ടിനില്‍ക്കാനുള്ള മണ്ണാണു സ്നേഹം. കിടപ്പറയിലേക്കു പറിച്ചു നടുമ്പോള്‍ ഇണകള്‍ക്കിടയില്‍ മുരടിച്ചുപോകുന്ന വനവൃക്ഷമാണത്. പ്രകൃതിയും നനവും പച്ചപ്പുമാണ്. ഏകയായ പ്രണയിനി വനാന്തരങ്ങളിലൂടെ അലയുകയാണ്. പലപ്പോഴും തിരസ്കൃതയും ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവളുമാണിവള്‍.

“വിരല്‍ നിന്റെ മാറിടത്തില്‍ കറുകക്കാടുപോലെ

ഇല, മണ്ണ്, വെള്ളം

വിയര്‍പ്പ് വെയില്‍

നിലാവെല്ലാം

മണക്കുന്ന മാറിടത്തില്‍

നെഞ്ചില്‍ ചെവിചേര്‍ക്കു

പൊന്തിവരുമൊരാദിവലാപം” (സംയോഗം)

എന്നാലീ പ്രണയം കൊണ്ടാണവളുടെ കവിതക്ക് ഇലകള്‍ മുളയ്ക്കുന്നത്. മനസില്‍ പച്ചപ്പുപരക്കുന്നത്-“കവിത മരമാണ്” ഞാന്‍ സ്വയമൊരു മരമായിരുന്നുവെന്ന അറിവിലേക്ക് ഇവിടെനിന്നു കുറച്ചേയുള്ളു ദൂരം. മരമാകാനും വേണമല്ലോ മണ്ണ്. അപ്പോള്‍ മണ്ണം മരവും ഒന്നു തന്നെയാകുന്നു – പ്രണയം

വിത്തിനോടു വിശ്വാകാരന്‍ പറഞ്ഞത് പ്രണയത്തിന്റ പകര്‍പ്പുകള്‍ പലതെന്നായിരിക്കും അപ്പോള്‍ നനവ് മഴ വെള്ളത്തില്‍ നിന്നു കടലിലേക്കു പരക്കാം പ്രണയമായി കിടക്കുന്നതു കടലിലെ ഉപ്പുനീരാണ്. മധുരിപ്പിക്കുന്ന പുഴനീരുമാത്രമല്ല പേരിനു നിലനിര്‍ത്തുക. അതിനാല്‍ ജീവനും പ്രണയത്തിനും ചിലപ്പോള്‍ കടലിന്റെ മണമാകാം. നിലാവിനെ അവളിലൂറുവാന്‍ കനിഞ്ഞാല്‍ അവള്‍ ശങ്കച്ചുനിന്നപ്പോഴൊക്കെ പ്രണയത്താല്‍ ഈ കടല്‍ കടക്കണമെന്ന് കരുത്തുനില്കിയവനും കടലില്‍ ജ്ഞാനസ്നാനത്തില്‍ ഉപ്പുവെള്ളത്തില്‍ നിന്നുയരുന്നവെന്നെ സ്വപ്നം കാണുന്നു അവന്റെ മുടി. മഴ പെയ്യുന്ന മരം പോലെയാകുന്നു.

ആശാന്റെ പ്രണയസങ്കല്പത്തോടുള്ള സംവാദങ്ങളാണ് ‘മാംസനിബദ്ധമോ രാഗം’, ‘തരുതലത്തില്‍’ എന്നിവ ദിവാകരന്റെ ഉപദേശങ്ങളോട് ഗിരിജയുടെ നളിനി പ്രതികരിക്കുന്നതിങ്ങനെ. “പ്രണയചന്ദിക പ്രകൃതിഞാനില്ലേ മൃതിയെ വെല്ലുവാന്‍ പച്ച ചുരത്തിനീ സൂര്യനായ് ഉദിച്ചേനില്ക്കുക” പെണ്ണ് മണ്‍കുടിലിലും അന്നു കല്‍വീട്ടിലുമാണ്. നിലാവുമിര്ട്ടും ചേര്‍.ത്തു കുഴച്ചാണു മണ്‍കുടിലുണ്ടാക്കുക. മഴയും വെയിലുമറിയാം. എന്നാല്‍ കാതില്ലാത്ത സുന്ദരശില്പമാണു കല്‍വീട് അവളുടെ ശരീരം സുതാര്യമാണ്. ശരീരത്തിലൂടെ അവളുടെ മനസ്സിനെ തൊടാം അറിയാം. മനസുകൊണ്ടുവള്‍ക്കു മഴയും വെയിലുമേല്ക്കാം. എന്നാല്‍ ആണിന്റെ മനസും ശരീരവുമോ? അറിയാത്ത ഒരുവനെ പ്രണയിക്കാന്‍ പെണ്ണിനു വയ്യാ. എന്നാല്‍ അറിയുന്ന ഒരുവന്റെ അപരനെ ഇവള്‍ കൊതിക്കുന്നു. അവനെ യോര്‍ത്തു പനിച്ചുപൊള്ളുമ്പോഴും അവനാരെന്നവള്‍ക്കറിയില്ല. ഭാഷ, വിയര്‍പ്പ്, ചിരി, കരച്ചില്‍ ഒന്നുമറിയില്ല. അവനൊത്ത് കാട്ടിലലയാനവള്‍ കൊതിക്കുന്നു. പച്ചയുടെയും പക്ഷിയുടെയും ഭാഷകള്‍ അവളില്‍ നിന്നു പഠിച്ചവന്‍ സ്വാതന്ത്ര്യത്തിന്റെ പാപമറിഞ്ഞപ്പോള്‍ അവളെ വിട്ടുപോകുന്നു. കുരുവിയുടെ പറക്കല്‍ പഠിച്ചവന്‍ പറന്നകന്നു എന്നാലുമവന്‍ തിരിച്ചുവന്നേക്കാം. അവന്‍ പിരിഞ്ഞുപോയപ്പോള്‍ അവനോടൊപ്പം പച്ചയും കാടും പാട്ടും പൂവും നിലാവും മണ്ണും അവള്‍ക്കു നഷ്ടമാകുന്നു. ഒരു വീണ്ടെടുപ്പാകുന്നു ഇവള്‍ക്കു പ്രണയം. ജൈവം, വന്യം അതുതന്നെയാണ്. ഇവളുടെ ജീവിതവും കവിതയും സ്വയം ഒരപരയാവുകയും അപരനെ തേടുകയും ചെയ്യുന്നു അത്. ആകാശത്തിനു ചോടെ  പച്ചിലകള്‍ക്കിടയില്‍ മണ്ണില്‍പ്പൂണ്ട് ആകെ നനഞ്ഞകുതര്‍ന്നു നില്‍ക്കുന്ന നഗ്നയായ  ഒരേയൊരു പ്രണയിനിയാണ് ഗിരിജയുടെ മിക്കവാറും കവിതകള്‍.

നാല്:

ദൈനംദിനജീവിതമാണ് അനിതാതമ്പിയുടെ കവിതകളില്‍ നിറഞ്ഞു നില്ക്കുന്നത്.

“കണ്ണുപൂട്ടിയുറങ്ങുന്ന വീട്ടിന്‍

മണ്‍കരിപ്പുകള്‍ പൊതിയ മുറ്റം

ചൂലുകൊണ്ടടിച്ചോര്‍ലെയാക്കുമ്പോള്‍

രാവിലെ നടു വേദനിക്കുന്നു.”  (മുറ്റ മടിക്കുമ്പോള്‍)

രാവിലെ വീട്ടു കണ്ണുതുറക്കുമ്പോഴേക്ക് മുറ്റം വൃത്തിയായിരിക്കുന്നു. പത്രം വീട്ടിലെത്തുമ്പോള്‍ മറ്റെല്ലാവര്‍ക്കും അതു വായിക്കാം. എന്നാല്‍മുറ്റമടിച്ചവള്‍ കുറച്ചുകാപ്പി കുടിക്കാന്‍ മോഹിക്കുന്നു. ഒരുവളുടെ ജീവിതം ഇവിടെ തുടരുന്നു. പിന്നീട് കയറ്റിറക്കങ്ങളിലൂടെ. വഴിപോക്കരില്ലാത്ത വഴികളിലൂടെ ഇവള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

അമ്മിഞ്ഞയും അമ്മയും മീനാക്ഷിക്ക് ഒന്നുതന്നെ കൊച്ചുകൈപ്പടം അമ്മിഞ്ഞമേല്‍ പൊത്തിയാണു മീനാക്ഷി അപരവസ്തുക്കളെസ്വന്തമാക്കുക. “ഇതെന്റെ സ്കൂള്‍/ ഇതെന്റെ ബാഗ്/എന്റെ കളര്‍ പെന്‍സില്‍ “/കുട്ടുകാരി. തിത്തുവും പൂത്തിരിപുസ്തകവും അക്കുത്തിക്കുത്തുകളിയുമത്രേ, കൂടാതെ “എന്റെ അമ്മ” യെന്ന് അവള്‍ കൈപ്പത്തി അമ്മിഞ്ഞ മേല്‍ വെക്കുന്നു. ഒരേ വസ്തുവിനെ പലവാക്കുകള്‍ കൊണ്ടുകുറിക്കുമ്പോള്‍ അനുഭവം മാറുന്നു. ഉദാ, ഊണ്, ചോറ്, മാമു.  ചോറ് മാമുവാകുമ്പോഴുള്ള മാറ്റമാണ് മുല അമ്മിഞ്ഞയാകുമ്പോള്‍ സംഭവിക്കുന്നത്.

അപ്പോള്‍ അതൊരു ലൈംഗീക അവയവമല്ല. ഓരോ അവയവത്തിനും ഒരു ധര്‍മ്മം മാത്രമല്ല ഉള്ളത്. വിജയലക്ഷ്മിയുടെ’ദോശ’ ഇണകള്‍ക്കിടയിലെ ‘കടുഭാവ’ത്തിന്റെ പ്രതീകമാകുന്നു. “നേരിയ പട്ടുകണക്കെ സുവര്‍ണ്ണം മൂടുപടം പോല്‍ വൃത്താകാര നിലാവു നുറുങ്ങുകള്‍ പോലെയിളം ചൂടേറ്റു മൊരിഞ്ഞൊരു നേര്‍മ്മകള്‍”. നല്ല നാടന്‍ തേങ്ങയില്‍ മുളകും കറിവേപ്പിലയും ഇഞ്ചിയും അരച്ച സമ്മന്തിയാണതിന് ഉപദംശം. ജീവിതത്തിന്റെ കൈപ്പും എരിവും പുളിയുമൊക്കെയാണത്. അനിതാ തമ്പിയുടെ കവിതകള്‍ അടുക്കളരുചികള്‍ക്കിടം നല്‍കുന്നതിങ്ങനെ.
“തൈരില്‍മുക്കിയുണക്ക്ക്കിയ മാങ്ങ
പപ്പടം കാച്ചിയ വെളിച്ചെണ്ണയില്‍
വഴറ്റിയുടച്ച ഉള്ളിമുളക്
പനിനാവില്‍ പൊട്ടിത്തെറിക്കുന്ന
കാന്താരിച്ചത
ഉള്ളിച്ചമ്മന്തിയും ഉപ്പുമാങ്ങയും
എണ്ണ നാരങ്ങയും
പഴമാങ്ങ പിഴിഞ്ഞചോറ്
കുറുക്കിയ കാളന്‍”  (രുചിപ്പെരുമാള്‍)
ഈ രുചികളൊക്കെ ഒരുവളുടെ ചോറുവെയ്പ്പിന്റെ അനുബന്ധങ്ങളാണ്.
“പതുക്കെ പതുക്കെ
ഓരോ വറ്റില്‍നിന്നും
നീരു വലിഞ്ഞു തുടങ്ങി
തിളച്ചു നുരഞ്ഞിരുന്നതെല്ലാം
തിങ്ങി വാര്‍ന്നു തുടങ്ങി  (അന്നം)
അടപ്പലകകൊണ്ട് വാര്‍ത്തു കമഴ്ത്തി മഴയിലേക്കിറങ്ങിപ്പോയവളാണ് വീടിന്റെ വിശപ്പാറ്റിയത്.
തനിക്കു മുമ്പേ നടക്കുന്നവള്‍, സാരി ചെരിച്ചേറ്റുമ്പോള്‍ ‘മൃദുരോമ ചാരിയാം കണ്‍ങ്കാല്‍ കണ്ടു’ പാവം തോന്നിയ വൈലോപ്പിള്ളി എന്ന പൂര്‍വ്വ കവിയോട് ഈ പുതിയ പെണ്‍ കവിത പ്രതിവചിക്കുന്നു. “മൃദുരോമ ചാരുതയില്ലാതായ തോല്‍ വെടിച്ച കാല്‍ വണ്ണകളാണു”തന്റേതെന്ന്. ഒരു ഭംഗിയുമില്ലാത്ത് കൈകള്‍, വിണ്ട വിരലുകള്‍, വയര്‍ മടക്കില്‍ പിറവിച്ചെറുപുള്ളികള്‍, കനം ചോര്‍ന്ന മുടിക്കെട്ട്, തളര്‍ന്നിടിഞ്ഞ മുലകള്‍, താന്ന കണ്‍തടങ്ങള്‍, നഷ്ടമായ അഴകുകള്‍, ഉണരുകയും നടനം ചെയ്ത് തളരുകയും ചെയ്യും. അതോടെ വോള്‍ട്ടേജ് മങ്ങും, വെള്ള നില്‍ക്കും, അരിയുഴുന്നരയ്ക്കാന്‍ വൈകിപ്പോകും. നഗരത്തില്‍ വണ്ടികാത്തു നിന്നപ്പോള്‍ കൈകാലുകള്‍ വിടര്‍ത്തി വീശി നര്‍ത്തകിമരമായവള്‍ തന്നെ ഈ പാവം. “അറ്റമില്ലാതെഴുന്ന ഭൂമിക്കു മേല്‍ ഒറ്റ ഞാണായ് വലിഞ്ഞുമുറുകിയ ‘ദിഗംബര്‍’യുമാണിവള്‍” പെരുമഴയെ സ്തംഭിപ്പിച്ചുകൊണ്ട് നട്ടുച്ചയ്ക്ക് ഞരമ്പുകള്‍ വലിഞ്ഞു മുറുകി തെരുവെലേക്കോടിയവളും ഇവളത്രേ. മാനത്തേയ്ക്കവളെ പുണര്‍ന്നങ്ക്കാന്‍ വെമ്പി മഴ.
“മേഘമാകണോ താരമാകണോ മിന്നലായ് നിത്യ നര്‍ത്തകി?
കാറ്റിന്‍ കൈ പിടിക്കുന്ട്ട്റ്റുകാരി
രാത്രിയില്‍ ജഗത് സ്നേഹമാകും നിശ്ശബ്ദതയാകണോ നിനക്ക്”
എന്നാല്‍ ഇവള്‍ ‘മെരുക്ക’പ്പെട്ടവളാണ്. വീട്,കുഞ്ഞ്,വീട്ടുകാരന്‍.അതിനാല്‍ മഴ്യ്ക്കലിഞ്ഞു പോവുകേ നിവര്‍ത്തിയുള്ളൂ. രാത്രി വാനിലെ നക്ഷത്രങ്ങള്‍, പാട്ടു പെയ്യും മുകില്‍ ക്കാടുകള്‍, വേനലിന്റെ വിയര്‍പ്പ്, നീലക്കിനാവണ്ടികള്‍ ഒക്കെയും ഇവള്‍ക്കു വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനാകുന്നു ഇവളുടെ ‘പ്രാര്‍ത്ഥന’- രാവെനിക്കു മഴയായിരിക്കണേ കാറ്റെനിക്കു ചിറകായിരിക്കണേ, ലോകമെന്റെ മനസ്സായിരിക്കണേ, മൃത്യുവെന്റെ ഉയിരായിരിക്കണേ…
പ്രണയിനിയുടെ മനമെരിഞ്ഞ പ്രാര്‍ത്ഥന വെയിലെരിയല്ലേ എന്നെങ്കില്‍ ‘വേനലിന്റെ അവസന’മായി.  എന്നാലിവള്‍ പ്രണയിനിയുടെ കണ്ണുകളില്‍ രൂപം കൊള്ളുമ്പോഴേയ്ക്കു ലോകം അവളെ മായ്ച്ചു കളഞ്ഞേക്കാം (കാഴ്ച.) തന്നെ കോറിയിടാനിവള്‍ ശരീരം ‘എഴുത്താ’ക്കുന്നത്. ജലം വാര്‍ന്നു നഗ്നമായ ഉടല്‍. ജനലിലൂടെ തൊട്ട കാറ്റില്‍ നനവിന്റെ ഉടയാടപോലും പാറിപ്പോയി. വെറിവേനല്‍ നാണം മറന്നുപോയി. “മരം പെയ്യും പോലെ മുടിയിഴകള്‍ മാത്രം ഉടലിന്മേല്‍ ഓര്‍മ്മയില്‍നിന്നെഴുതുന്നുണ്ട്”. പക്ഷേ, ഈ എഴുത്ത് വെള്ളം കൊണ്ട് രണ്ടു മൂന്നു വരകള്‍ മാത്രം. വറ്റിപ്പോകുന്നവ. ചെരുപ്പുകുത്തിയെപ്പോലെ എഴുത്തുകാരിയുടേയും വിരലുകള്‍ പിണഞ്ഞു തേഞ്ഞവ. “ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം,പ്രണയം പ്രശംസ മറ്റിനം…” ആ വിരലുകള്‍ തൊടുമ്പോഴേ ആത്മാവിനേ മാത്രം അറിയുന്ന പുസ്തകം പൊള്ളുന്നു. എങ്കിലും ഇവള്‍”പകലിരവായ് പിറക്കുന്ന കവിതയില്‍ കാറ്റുപോലെ വികസിക്കുന്ന ജീവിതം” കൊതിക്കുന്നു. അപ്പോഴേയ്ക്കും മഴ. മരച്ചോട്ടിലിരുന്നു കവിത വായിക്കുന്ന ഇവള്‍ പുസ്തകം പൂട്ടുന്നു. ചുണ്ടത്തഞ്ഞ ദാഹജലം തട്ടിത്തളരുന്നതു പോലെ കാത്തു കത്തിരുന്ന എന്തോ ഒന്ന് കൈവിട്ടുപോകുന്ന ഉല്‍കണ്ഠക്കാരിയാണ് അനിതാ തമ്പിയുടെ കവിത.
അഞ്ച്:
കാടോ മരമോ മഴയോ സ്വപനം കാണുന്ന നഗരത്തില്‍ നിന്ന് ഉള്‍നാട്ടിലേക്കെത്തുവാനും പുതിയ കാലത്തെ പെണ്‍കവിത് ധൈര്യപ്പെടുന്നു. നാട്ടുചൂരും ചുവയും ചൊടിയുമുള്ള കവിതകളമായി രാധാമണി ഐങ്കലത്ത് കൂട്ടത്തില്‍ ഒത്തിരി വ്യത്യസ്ഥയാകുന്നു. നമ്മുടെ ഭാഷയും ഭക്ഷണവും ആഗോള തീന്മേശയിലെ വിഭവങ്ങളായിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് രാധാമണി ഐങ്കലത്തിന്റെ ‘ചെരവനാക്കാ’ണ്. തേങ്ങയുടച്ചതിനിടയില്‍ ചെരവനാക്കെങ്ങോട്ടോ കടന്നു കളഞ്ഞു. ഇവള്‍ക്ക് മിക്സര്‍ ജാറിലെ വെറ്റ് ഗ്രൈന്ററിലെ ബ്ലേഡ് മതിയാകുന്നില്ല. കാരണം നാടന്‍ പാചകത്തിന്റെ ലിയൊരരങ്ങാണിവള്‍ക്ക് ഒരുക്കാനുള്ളത്.
“കറിക്കു ചിരകണം
കാളനു മയത്തിലരച്ചുരുട്ടാന്‍
ഓലനു തമ്പാലൂറ്റാന്‍
അവിയലിനു തലങ്ങും വിലങ്ങും ചതച്ചിടാന്‍
എരിശനു കറുമുറാ വറുക്കാന്‍
ചമ്മന്തിക്കു പൊടി മയക്കാന്‍”
ചാനലുകളിലെ മാജിക് ഷെഫ്, മാജിക് ഓവന്‍, വാല്‍ക്കണ്ണാടി പ്രിയം വദകള്‍ വെച്ചുവിളമ്പിത്തരാത്ത നാടന്‍ വിഭവങ്ങളാണിവ. ഇതേ ചിരവനാക്കിലാണിവള്‍ “വാക്കുടച്ചു ചിരകു”ന്നത്. സ്വന്തം അരം കൊണ്ട് ചിരവനാക്കിന്റെ പല്ലുകള്‍ രാകി രാകിയിവള്‍ ശരിപ്പെടുത്തും. ഇങ്ങനെ കൂര്‍പ്പിച്ചെടുത്ത വാക്കുകളിലാണമ്മ കഥ പറയുക. അമ്മ കുടിച്ച നോവിന്റെ തുടര്‍ക്കഥ. “കനലടുപ്പില്‍ വീണെരിഞ്ഞതക്ഷരം/ തിളച്ചു തൂവിയതുയിരിന്‍ ഗീതകം. കഥയില്ലാത്തവളുടെ ഇക്കഥ ഉണ്ണിമ്മു മടുത്തുവെങ്കില്‍ അവനു അച്ഛന്റെ കഥകള്‍ കേള്‍ക്കാം. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തു വരാന്‍ അനിയത്തി തിടുക്കം കൂട്ടുന്നു- “എന്റെ കരള്‍ കടഞ്ഞെടുത്തുരുക്കു തുമ്പിനാല്‍ ഉണര്‍ച്ചതന്‍ പുത്തന്‍ കഥയെഴുതുവാന്‍.” അടുത്ത തലമുറയിലെ ശക്മായ പെണ്ണെഴുത്തിനെ അമ്മ സ്വപ്നം കാണുന്നു.
“അടുപ്പത്തെ കടലയിലേക്ക് തേങ്ങമസാല വറുങ്ങനെയോ വെറുങ്ങനെയോ എന്ന് ഉള്ളി തക്കാളിയോടു സംശയിക്കുമ്പോള്‍” പെണ്ണിന്റെ ഗൃഹപാഠം തുടങ്ങുന്നു- വറുത്തരച്ച് (ലോപസന്ധി)പെറുക്കിയടി(സമസ്ത പദം) അലക്കി വിരിക്ക് വിരിച്ചലക്ക്(സാമാന്യവാക്യം.) അടുപ്പത്തെ കനലില്‍ വീണ് കവിത ഉരുകിനീറിപ്പിടയുമ്പോള്‍ കാറ്റു ചുഴറ്റിയിട്ടു കൊടുക്കുന്നു, ” ഒരു വാക്കിന്നാ പിടിച്ചോ”. അകത്തു കടക്കാന്‍ പതിയെ വാതില്‍ തുറന്നു തരൂവെന്ന് പറഞ്ഞ ‘അവനാ’ണീ വാക്ക്. ഇവള്‍ക്കിവനെ സല്‍ക്കരിക്കന്‍ നേരമില്ലല്ലോ. മുറ്റമടിച്ചു പാത്രം മോറണം. വിറകു കീറി അടുപ്പില്‍ തീ കൂട്ടണം എയ്ക്കണം പച്ചക്കറിയുംപാലും പാത്രവും വാങ്ങണം ബസ്സില്‍ കയറി ജോലിക്കു പോണം എഴുതണം പ്രസംഗിക്കണം പ്രകടനത്തില്‍ പങ്കെടുക്കണം തിരക്കുകള്‍ തീര്‍ന്ന് അവളവനെ തേടി. അവന്‍ വന്നില്ല. ഒടുവില്‍ ചത്തുപോയ അക്ഷരങളില്‍ ചികഞ്ഞുപെറുക്കി അവളവനെ വീണ്ടെടുത്തു.

കോളനീകരണത്തോടെ നമുക്ക് നഷ്ടപ്പെട്ടത് നാട്ടു ദൈവങള്‍ കൂടിയാണു. അവരെയൊക്കെ അപരിഷ്കൃതരെന്നും അവരിലുള്ള വിശ്വാസത്തെ അന്ധവിശ്വാസമെന്നും തള്ളിക്കളയാന്‍ സായ്പാണു നമ്മോടു പറഞ്ഞത്. വെളുത്തവന്‍ തന്ന ഏകദൈവത്തെ അവതാരമായ മര്യാദാപുരുഷോത്തമനാക്കി രൂപം മാറ്റി നമ്മുടെ ഭക്തി കവിത മോക്ഷം പ്രാപിച്ചു. അമ്മയും അച്ഛനും മകനും മകളും ചേച്ചിയും അനിയത്തിയും കൂട്ടുകാരനും കാമുകിയും കാമുകനും ഉണ്ണിയുമൊക്കെയായ ആണും പെണ്ണും കുഞ്ഞും മരവും മൃഗവും മത്സ്യവും പക്ഷിയുമായ പലപല ദൈവങളേയും ഉത്തമ മണിപ്രവാളത്തില്‍ നാം ഒരേ തരമായി നിലവാരപ്പെടുത്തി. വെളുത്തവന്റെ ശാസനത്തിനു വിധേയരായവര്‍ ഇവുടുത്തെ സര്‍പ്പക്കാടുകള്‍ വെട്ടി വെളുപ്പിച്ചു. ആധുനികതയും ശാസ്ത്രവും ജയിച്ചതായും ലോകം പുരോഗമിച്ചതായും നമ്മള്‍ വിശ്വസിച്ചു. നവോത്ഥാനകാലത്തു നിന്നും വ്യത്യസ്തമായി അതേതുടര്‍ന്നുവന്ന ആധുനികത ആഗോളമൂലധന നിക്ഷേപങള്‍ നേരിട്ടു സ്വീകരിച്ചു. സമൂഹത്തിലും സാംസ്കാരികത്തിലും ജീവിതത്തിലും ഇതിന്റെ തിരുത്തലുകള്‍ കൂടിയുള്‍പ്പെട്ടതാണു പുതിയ കാലം.

എപ്പൊഴും ദൈവങള്‍ കവയിത്രിക്കൊപ്പമുണ്ട്. കൊത്തങ്കല്ലാടാന്‍ കുട്ടിച്ചാത്തനും അട്ടക്കളമെഴുതാന്‍ അഞ്ജനമണിനാഗവും പരിഭവിക്കന്‍ ഉണ്ണിഗണപതിയും ഇണങ്ങാനും പിണങ്ങാനും കൃഷ്ണനും സങ്കടമിറക്കന്‍ ശിവനും ഇടവും വലവുംഭഗവതിമാര്‍. ഇവര്‍ക്കിരിക്കന്‍ അലങ്കരിച്ച് മണിമന്ദിരങള്‍ വേണ്ട മുക്കാലി പീഠമോ നാലു മരക്കൂടോ മതി. ഒരിതള്‍ പൂവ് ഒരു തിരി നാളം ഉള്ളുതൊട്ടൊരു വിളി. എളുപ്പം തൃപ്തിപ്പെടുത്താവുന്ന ഈ ദൈവങ്ങള്‍ക്ക് വെടിക്കെട്ടിനു നസ്രാണിയും കച്ചോടത്തിനു മാപ്ലയും വേണം. അതോടെ ദൈവങ്ങള്‍ ഹിന്ദുവിന്റേതു മാത്രമല്ലാതാകുന്നു എല്ലവരുടേതുമാകുന്നു. പാവപ്പെട്ട നമ്മുദെ സ്ഥിതി കൊണ്ട് ഈ പരകോടി ദൈവങ്ങളെ മറുനാടന്‍ പരിഷ്കാരത്തിന്റെ പേരില്‍ നാമെന്തിനാണൂ വലിച്ചെറിയുന്നത്?

വെളുത്ത ബലരാമന്‍ കാളിന്ദിയെ മെരുക്കുമ്പോള്‍ നമ്മളതിനെ ജലസേചനമെന്നു വിളിച്ചു “വന്‍ കരിംകള്ളിയാം കാളിന്ദി നിന്നെ ഞാനെന്‍ കരി കൊണ്ട് വലിച്ചിഴക്കും”

എന്നാല്‍ ആദിവാസി പ്രശ്നങളുടെ നേരറിയുമ്പോല്‍ നമുക്കീ മര്‍ത്യവീര്യത്തെ അഭിനന്ദിക്കാന്‍ കഴിയാതെ വരുന്നു. രാധാമണി അയിങ്കലത്തിന്റെ “കാളിന്ദി” ഇങ്ങനെ നിരവധി വായനക്കര്‍ക്കു വഴങ്ങുന്ന പാഠം കൂടിയാകുന്നു ” കറുമ്പി നിന്നുടെ കുറുമ്പും വമ്പുമെന്‍ കരബലത്താല്‍ ഞാനകലെ പായിക്കു”മെന്നു ബലരാമനറുമ്പോള്‍ കാളിന്ദി കണ്ണനെ , ബലരാമന്റെ അനുജനെയന്വേഷിക്കുന്നു. പ്രേമത്തില്‍ മുരളിയൂതി മനം കവര്‍ന്നവന്‍. എന്തിനാണു ബലരാമനിങ്ങനെ ക്ലേശപ്പെടുന്നത്? അവന്റെ അനുജന്‍ വന്നുകൊള്ളട്ടെ

” ഒരൊറ്റ മാത്ര വന്നവന്‍ വിളിക്കുകില്‍

ഒഴുകുവാനിവള്‍ വിസമ്മതിക്കുമോ

അവന്‍ കലലോലന്‍ അറിവായ് ഇഷ്ടമായ്

നിറവായ് താങ്ങായ് അരികിലുണ്ടെങ്കില്‍

വ്യഥയാല്‍, കാളിന്ദി തിരിഞ്ഞൊഴുകുമോ

വെയിലിലമ്പാടി വരണ്ടുപോകുമോ?

കറുത്ത ഇടയനെ പ്രേമിക്കുന്ന കാട്ടുപെണ്ണിനെ ചൂഷണം ചെയ്യുന്ന വെളുത്ത ബലിഷ്ഠന്‍. പെണ്‍ പ്രണയത്തിന്റെ ഏകോച്ചുവത. ജൈവപ്രകൃതിയുടെ അലിവും നിറവും. കാളിന്ദിക്ക് ഒരേ സമയം സ്ത്രീ വായനയും ദലിത് വായനയും പാരിസ്ഥിതിക വ്യഖ്യാനവും സാധ്യമാണു.

മലയാളത്തിലെ അപൂര്‍വം കറുത്ത കവിതകളില്‍ ഒന്നായി കാളിന്ദിയെന്ന പെണ്‍ കവിതയെ അടയാളപ്പെടൂത്താം.

സ്നേഹം, മകള്‍, അമ്മ, ഭ്രാന്തി എന്നിങ്ങനെയുള്ള നുറുങ്ങുകളും കവിതകളുടെ കൂട്ടത്തിലുണ്ട്. അടുക്കള തന്ന് അക്ഷരവും ദുഖം തന്ന് സ്വപ്നങ്ങളും കൊണ്ടുപോയ അമ്മയോട് സവിശേഷമായൊരു മമതാതലം കവിതകള്‍ പുലര്‍ത്തുന്നു. പിറന്നാളൂട്ടുമ്പോള്‍ അമ്മ പിന്നെയും പിന്നെയും പാലൂട്ടുകയാണു അമ്മയില്ലാത്ത കുട്ടിക്കു പിറന്നാളില്ല” എന്നു ‘പിറന്നളമ്മ’. ” ഓമനേ അമ്മത്തുലാസിന്‍ തട്ടില്‍ നിറയെ നീ കദനങ്ങളും ഏതു തട്ടാണു താഴ്ന്നീടുന്നൂ?” വെന്നു ‘തുലാസ്” അമ്മയെന്ന പെണ്ണിന്റെ കണ്ണീര്‍ നോവുകള്‍ തിരിച്ചറിയല്‍ മാത്രമല്ലിതു. അമ്മയോടു മകള്‍ പുലര്‍ത്തുന്ന ദൃഢമായ ഈ സാഹോദര്യം പുരുഷനിര്‍ണയത്തിലെ അമ്മ രതിയെന്ന ഈഡിപ്പല്‍ ഭാവമോ പുതിയ വ്യാഖ്യാനങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി പ്രണയമോ അതോ അതിലപ്പുറമുള്ള വല്ലതുമൊക്കെയോ?

നാട്ടു കഴ്ച്കളും നാട്ടുപദങ്ങളും നിറയെയുള്ള നാട്ടുമലയാളത്തിന്റെ തെളിമ രാധാമണി അയിങ്കലത്തിന്‍ കവിതകളില്‍ നിറയെയുണ്ട്. കൊല്ലാന്‍ കൊണ്ടുപോകൂന്ന കന്ന്, എടവത്തിലെ കൊന്ന, മുക്കാലിപ്പീഠം, നാലൂമരക്കൂട്, തീയൊളിച്ച് ചോന്ന കണ്ണ്, ഓളം വേണ്ടാ വട്ടങ്ങള്‍, രാവാട, ഉയിരൂമുര്‍ച്ചയും, ഏരിശന്‍, കറുമുറ,ഏന്നിങ്ങനെ പോറ്റുന്ന കന്നിനേയും മീനം മേടത്തിലെ പൂത്തുന്ജ്ഞകൊന്നയുമറിയാവുന്നവര്‍ക്കുള്ളത്. ഇവയില്‍ തന്നെ ഓളം വേണ്ടാ വട്ടങ്ങള്‍, രാവാട എന്ന തരം പുതു പ്രയോഗങ്ങള്‍ ഭാഷയോടുള്ള കൂറ്‌ പ്രഖ്യാപിക്കുന്നു. ബോധപൂര്‍വ്വമുള്ള സിദ്ധാന്തജാഡകളല്ല നേരനുഭവ ങ്ങളാണു കവിതയുടെ ശക്തി. നിത്യ ജീവിതത്തിലെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചറുപിറുന്നനെ ചിലതു തനിയെ പുലമ്പുന്ന, ഒരിത്തിരി കുസൃതിയും കുന്നായ്മയുമൊക്കെയുള്ള തനി ഉള്‍നാട്ടുപെണ്ണിനെ പോലാകുന്നു രാധാമണിയുടെ കവിത.

ആറ്‌:

കവിതയുടെ വരേണ്യമായ പഴയ രാജപാതയിലേക്കു പുതിയ പെണ്ണുങ്ങള്‍ ഇടിച്ചു കയറിക്കൊണ്ടിരിക്കയാണു. അങ്ങനെ കവിതയൊഴുക്കും വഴിമാറിക്കൊണ്ടിരിക്കുന്നു . ഒ വി ഉഷ, ലളിതാലെനിന്‍, പി. പി. ജാനകിക്കുട്ടി, പ്രമിളാദീവി, സാവിത്രിരാജീവന്‍, ഇന്ദിര അശോക് എന്നിങനെ ഒരു മുതിര്‍നിരയും അതോടൊപ്പം കവിതാ ബാലക്രിഷ്ണ്‍ന്‍, ബിലു സി നാരയനണ്‍, രജനി മന്നാഡിയാര്‍, ലോപ, ധന്യാരാജ് എന്നിങ്ങനെ തുടര്‍നിരയും ഈ പഠനത്തില്‍ നിന്നും ഒഴിവായിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും ഒരു പരിധി വരെ ആപേക്ഷികവും അപൂര്‍ണവുമായിരിക്കും. ആ നിലക്ക് ഈ പഠനത്തിലെ തെരെഞ്ഞെടുപ്പുകളും കുറ്റമറ്റതായിരിക്കില്ല. പ്രാതിനിധ്യരീതിക്ക് പരിമിതികളുണ്ടെന്നിരിക്കെത്തന്നെ അതിന്റെ സാധ്യതകളെ ഉപയോഗിക്കുകയാണു പ്രായോഗികമായത്. അതിനാലിങ്ങനെ നിഗമനങള്‍ ക്രോഡീകരിക്കുന്നു.

1.വീടകത്തുനിന്നു പുറത്തുകടക്കാന്‍ കഴിയാതെ പുതിയ പെണ്‍ കവിത വിഷമിക്കുന്നു. വിജയലക്ഷ്മി തൊട്ടു രാധാമണി വരെയുള്ളവരുടെ കവിതകളില്‍ വീട് ഒരു തടവറയാണു. രക്ഷപ്പെടാന്‍ കൊതിച്ചു പുറത്തീക്കോടാന്‍ വെമ്പുന്നു. എന്നാല്‍ വീട്ടുപടിക്കലെത്തുമ്പോള്‍ കേള്‍ക്കുന്ന അധികാരസ്പര്‍ശമുള്ള ഒരു വിളി, കുഞ്ഞു കരച്ചില്‍, പാത്രം വീഴുന്ന ഒച്ച- കവിത പരിഭ്രമിച്ചു അകത്തേക്കുതന്നെ പിന്തിരിഞ്ഞോടുകയായി. വിയര്‍ത്തു കിതച്ച്.

2.കൂട്ടത്തില്‍ അടുക്കളപ്പുക മണക്കാത്തത് രോസ്മേരിയുടെയും ഗിരിജയുടെയും കവിതകള്‍ . വിജയലക്ഷ്മി, അനിതാതമ്പി, രാധാമണി അയിങ്കലത്ത് എന്നിവരില്‍ രുചിഭേദങ്ങളായും പാചകമട്ടുകളായും കവിതയില്‍ അടുക്കള ഇടം നേടുന്നതു കാണാം.

3.സ്ത്രീജീവിതം മുഖ്യധാരയില്‍ നിന്നു പ്രാന്തവത്കൃതമാണു. എന്നലിതിനു ഒരൊറ്റ മുഖമല്ല ഉള്ളത്. നിലവിലുള്ള സ്ത്രീജീവിതത്തിന്റെ നിലവാര മാതൃകകള്‍ മാത്രമാണു പുതിയ പെണ്‍ കവിതയിലേക്ക് കടന്നുവന്നിരിക്കുന്നത്. സ്ത്രീ ജീവിതത്തിന്റെ തന്നെ പുറമ്പോക്കുകളോ വളവുകളോ തിരിവുകളോ മറുപുറങ്ങളോ കവിതകളില്‍ അനുഭവപ്പെടുന്നില്ല.

4.മെരുക്കലിന്റെ വേദനകള്‍ എല്ലാ കവിതകളിലുമുണ്ട്. ഒതുക്കിപ്പിടിച്ച മുരള്‍ച്ചകളും അറിയാതെ പുറത്തുവരുന്ന അലര്‍ച്ചകളും അടക്കിയ തേങ്ങലുകളും പരുവപ്പെടുത്തലിനോടുള്ള കലാപങ്ങളാകുന്നു. സ്വയം വീണ്ടെടുപ്പിന്റെയും കണ്ടെടുക്കലിന്റെയും അനിവാര്യമായ വഴികളിലേക്ക് കവിത എത്തിച്ചേരുന്നതങ്ങനെയാണ്‍. പുറം ലോകം മാറ്റിവെച്ച് അതു കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക് വലിയുന്നു. ഏറ്റവും അകത്തു നിന്നു മറ്റൊരു പുറത്തെ പറിച്ചെടുത്ത് പുറത്തേക്ക് വലിച്ചിടുന്നതിന്റെ നോവും ഈ കവിതകളില്‍ എവിടെ തൊട്ടാലുമറിയാം.

5.വിഷയവും വിഷയിയും തമ്മിലുള്ള അഭേദാവസ്തയാണു പെണ്‍കവിതയുടെ മറ്റൊരു സവിശേഷത. എഴുത്തിനെ എഴുതുന്നവളില്‍ നിന്നു അടര്‍ത്തിയെടുക്കാന്‍ കഴിയായ്ക. കവിതയെഴുത്തിലെ സംഘര്‍ഷങ്ങള്‍ പെണ്‍ജീവിതത്തിന്റേതു തന്നെയായിരിക്കുന്നു.

6.പൂര്‍വ്വകാവ്യങ്ങളെ വിചേഛ്ദിക്കുന്ന പ്രവണത കവിതകളില്‍ പ്രകടമാണു.ഉദാ: കാളിദാസന്‍ ഞ്ജാനപ്പാന, നളിനി, രമണന്‍, പൂതപ്പാട്ട്, കണ്ണീര്‍പ്പാടം എന്നിവയുടെ നിലപാടുഅളെ പ്രശ്നവത്ക്കരിക്കുന്നു.

7.രാധാമണി അയിങ്കലത്തിന്റെ കവിതയൊഴിച്ചുള്ളവയില്‍ നഗര ജീവിതം തുടിക്കുന്നു. നഗരത്തിലിരുന്നു കൊണ്ടുള്ള കാഴ്ചകളും അനുഭവങ്ങളും ഓര്‍മ്മകളും കിനാവുകളുമാണിവ നിവേദിക്കുന്നത്. ആ ‘സോഫിസ്റ്റിക്കേഷന്‍’ ഭാഷയില്‍ പ്രകടമാകുന്നു. മലയാളത്തിന്റെ പ്രാദേശിക ഭേദങല്‍ കാവ്യശൈലിയെ ബാധിക്കുന്നതേയില്ല. ഉള്‍നാട്ടുജീവിതവും ഭായഷയുമാണു രാധാമണിയുടെ പ്രത്യേകത.

8.പ്രണയഭാവത്തിന്റെ അതിതീവ്രമായ സംഘര്‍ഷങള്‍ എല്ലാ കവിതകളും പങ്കുവെക്കുന്നു. നിരാസത്തിന്റെ , തിരസ്കാരാത്തിന്റെ, അവഗണയുടെ തീക്തമായ അനുഭവങളാണു ഇന്നോളം പ്രണയികള്‍ പ്രണ്‍യിനികള്‍ക്കു നല്‍കിയത്. സഹ്യമായ നിരാശയും അപമാനവും.. സ്വയം ഒരപരയായി ഇവള്‍ മാറുന്നു. മറ്റുചിലപ്പൊള്‍ അപരിചിതവും അദൃശ്യവുമായ അപരസാന്നിധ്യമാക്കി അവനെ മാറ്റുന്നു. ആത്മപീഡനത്തിന്റെയും പരപീഡനതിന്റെയും ഭാരം ഇവള്‍ ഏറ്റെടുക്കുന്നു. തന്നുള്ളിലെ പ്രണയംആവിഷ്കരിക്കാനോ അതവനിലേക്ക് സംക്രമിപ്പിക്കാനോ ശ്രമിക്കുന്നവള്‍ അനാവൃതയാകുന്നു. ഈ അനാവരണമാകുന്നു ഇവളുടെ എഴുത്ത്. അതിനിവള്‍ക്കൊരു മറുഭാഷ വേണം.അങ്ങനെ എഴുത്തിനായി നഗ്നമായ ശരീരമോ മനസ്സോ ആത്മാവുതന്നെയോ ഇവള്‍ ധൂര്‍ത്തടിക്കുന്നു.

9.കവിതകളില്‍ ഒന്നും തന്നെ പുരുഷന്‍ പെണ്ണിന്റെ ആദര്‍ശമാതൃകയാകുന്നില്ല. പെണ്ണെന്ന നിലക്കുള്ള വ്യത്യാസങ്ങളെ പെണ്ണായിത്തന്നെ ഇവ അടയാളപ്പെടുത്തുന്നു.

10.അഞ്ച് പഠനമാതൃകകളും അഞ്ച് വ്യതിരിക്ത കാവ്യശൈലികള്‍ തന്നെ. ഒരാളുടേത് മറ്റൊരാളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തം . പ്രമേയസ്വീകരണത്തിലും ആവിഷ്കാര രീതിയിലുമുള്ള വൈവിധ്യം കൂടുതലുള്ളത് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വിജയലക്ഷ്മി കവിതകളിലാണ്. ഏറ്റവും ഇളയ രാധാമണിയും ഈ വഴിക്കാണ്. എന്നല്‍ ഗിരിജയുടേയും റോസ്മേരിയുദേയും കവിതകളില്‍ വൈവിധ്യങ്ങളില്ലെന്നു മാത്രമല്ല,ഏകാന്തതകൊണ്ട് ചിലപ്പോഴെങ്കിലും വിരസമാവുകയും ചെയ്യുന്നു. ഏതു പരിമിതികള്‍ക്കുള്ളിലുംഇവയോരോന്നും പുതിയകാല ജീവിതത്തെ അവഗണിക്കും മട്ടില്‍ നേരു നേരായി പകര്‍ത്തുന്നു. സംവേദന ഭാവുകതകളിലെ പെണ്മയെയറിയിച്ചുകൊണ്ടുതന്ന.

ആശ്രയിച്ചത്: വിജയലക്ഷ്മി, റോസ്മേരി, വി എം ഗിരിജ, അനിതാതമ്പി, രാധാമണി അയിങ്കലത്ത് എന്നിവരുടെ കവിതകളെ

Advertisements

10 Responses to “പെണ്‍കവിതയിലെ പുതുമാണ്‍പുകള്‍”


 1. 1 മനോജ് കുറൂര്‍ ഒക്ടോബര്‍ 22, 2010 -ല്‍ 3:22 pm

  ടീച്ചറുടെ പഠനം നന്നായി. തെരഞ്ഞെടുത്ത കവികളുടെ കവിതകള്‍ ആഴത്തില്‍ത്തന്നെ വിശകലനം ചെയ്തിരിക്കുന്നു. ഓരോ കവിയുടെയും വഴികളുടെ പിരിവുകള്‍ എവിടെയെന്നും കൃത്യതയോടെ വിവരിച്ചിരിക്കുന്നു. ഈ ശ്രമത്തിനു നന്ദി. എങ്കിലും സാവിത്രി രാജീവന്‍ ഈ തെരഞ്ഞെടുപ്പില്‍ത്തന്നെ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ നന്നായിരുന്നു. ഈ പതിപ്പില്‍ ഉള്‍പ്പെട്ട കവികളെ എങ്ങനെ സമീപിക്കുന്നു എന്നുകൂടി അറിയാന്‍ ആകാംക്ഷയുണ്ട്. കവിതയ്ക്കുവേണ്ടി അധികം നിരൂപകര്‍ സമയം കണ്ടെത്താത്ത ഒരു കാലത്ത് സൂക്ഷമായ ഒരു വിശകലനം നിര്‍വഹിച്ചതിലുള്ള പ്രത്യേകസന്തോഷം ഒന്നുകൂടി രേഖപ്പെടുത്തട്ടെ.

 2. 2 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:57 pm

  മനോജ്‌ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു…. ഈ ലക്കത്തിലെ കവിതകളെ എങ്ങനെ നോക്കി കാണുന്നു എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍…. ഒരു ആഗ്രഹം പോലെ…. പക്ഷെ ടീച്ചറുടെ പഠനം നന്നായി… നല്ല അവഗാഹതോട് കൂടിയ പഠനം… ഒന്നിലും സംതൃപ്തി ലഭിക്കാത്തവര്‍ ആണോ കവയിത്രികള്‍? കവിതകള്‍ വായിക്കുമ്പോള്‍ സംശയം? പരാതിപ്പെട്ടികളുടെ ഭാണ്ഡം ആണോ അവര്‍ പേറി നടക്കുന്നത്?

 3. 3 jyothi ഒക്ടോബര്‍ 24, 2010 -ല്‍ 12:19 am

  പെൺകോലായിലെ ഈ ആമുഖപഠനത്തിന്റെ പ്രസക്തി എത്രത്തോളം എന്നു മനസ്സിലാവുന്നില്ല. അഞ്ചുകൊണ്ട് അഞ്ചിനെത്തന്നെ പഠിക്കാനാവില്ല എന്നിരിക്കേ അഞ്ചുകൊണ്ട് അഞ്ഞൂറിനെ അവതരിപ്പിക്കാൻ ശ്രമിച്ചത് തീരെ ശരിയായില്ല(കൊതിക്കെറുവു പറയുന്നതല്ല,കവികളിൽ സ്വന്തം സ്ഥാനം എവിടേയാണെന്ന നല്ല വിശ്വ്വാസത്തോടേയാണ്‌ എഴുതുന്നത് ).ഇ- മാധ്യമമമാവുമ്പോൾ വിഷയത്തിനു ഇത്രഗൗരവം മതി എന്നു വെച്ചാണോ?
  സാവിത്രിരാജീവൻ ലളിതാലെനിൻ,ദേവി ,സുജാതാദേവി, പ്രമീളാദേവി, ലക്ഷ്മീദേവി,ഗീതാഹിരണ്യ്യൻ , ആശാലത,ഇന്ദിരാ അശോക്, വി കെ ഹേമ,ബിന്ദുകൃഷ്ണൻ,കണിമോൾ, എം പി പവിത്ര,കവിതാ ബാലകൃഷ്ണൻ,സംപ്രീത,അഭിരാമി,ഒന്നാഞ്ഞു തിരഞ്ഞാൽ പെറുക്കിയെടുക്കാവുന്നവ ഇനിയും. ദേവസേന,സറീന, ഹേനാരാഹുൽ,ഡോണമയൂര തുടങ്ങിയ ബ്ളോഗർമാർ വേറെ..ചിലരുടേയൊക്കെ പേരെങ്കിലും പരാമർശിച്ചിട്ടുണ്ടെന്നതു മറക്കുന്നില്ല.
  ‘എല്ലാ തിരഞ്ഞെടുപ്പുകളും ഒരു പരിധി വരെ ആപേക്ഷികവും അപൂര്‍ണവുമായിരിക്കും. ആ നിലക്ക് ഈ പഠനത്തിലെ തെരെഞ്ഞെടുപ്പുകളും കുറ്റമറ്റതായിരിക്കില്ല. പ്രാതിനിധ്യരീതിക്ക് പരിമിതികളുണ്ടെന്നിരിക്കെത്തന്നെ അതിന്റെ സാധ്യതകളെ ഉപയോഗിക്കുകയാണു പ്രായോഗികമായത്. അതിനാലിങ്ങനെ നിഗമനങള്‍ ക്രോഡീകരിക്കുന്നു.’

  വായിക്കാതെ വിട്ടുപോയവയെക്കുറിച്ച് ലേഖിക സ്വയം ന്യായീകരിക്കുന്നതുകൊള്ളാം .
  ഒന്നിലും സംതൃപ്തി ലഭിക്കാത്തവര്‍ ആണോ കവയിത്രികള്‍? കവിതകള്‍ വായിക്കുമ്പോള്‍ സംശയം? പരാതിപ്പെട്ടികളുടെ ഭാണ്ഡം ആണോ അവര്‍ പേറി നടക്കുന്നത്?
  ഒരാളുടെ സംശയം സംശയം
  ശരിയാണ്‌ കവിതകൾ വായിക്കാതെ ഈ പഠനം മാത്രം വായിക്കുന്നവർ
  ക്ക്
  ഈ സംശയം തോന്നുക സ്വാഭാവികം

  അതല്ലെങ്കിൽപിന്നെ കോലായയയോട് നീതിപുലർത്താൻ അതിലെത്തിയ കവിതകളുടെ പഠനം ആവാമായിരുന്നു . അതും നടന്നില്ല..
  ചുരുക്കത്തിൽ ഇല്ലത്തൂന്നിറങ്ങി അമ്മാത്തേയ്ക്ക്..

 4. 4 ശ്രീകുമാര്‍ കരിയാട് ഒക്ടോബര്‍ 24, 2010 -ല്‍ 2:59 am

  പി. ഗീത തന്റെ പതിവ് സ്ത്രീ തീവ്രവാദം ഇവിടെയും തുടരുന്നു. സാവിത്രി രാജീവനെപ്പോലുള്ള , പ്രാതിനിധ്യസ്വഭാവമുള്ള കവികളെ ഒഴിവാക്കിയത്, തെറ്റുതന്നെയാണ്. അന്തസുണ്ടെങ്കില്‍ ഗീത അവരോട് മാപ്പുപറയണം.

 5. 5 rajan nair ഒക്ടോബര്‍ 24, 2010 -ല്‍ 7:43 am

  ഗീതാ,
  ഗീതയുടെ –എഴുത്ത്‌ വായിച്ചു. ശരിക്കും മനസ്സിരുത്തി തന്നെ.
  ഉള്ളത് പറയട്ടെ. ഉലക്കക്കടിക്കല്ലേ..
  നാട്ടിന്‍പുറങ്ങളിലെ വിടുകളില്‍ വന്നിരുന്ന് ഹസ്തരേഖശാസ്ത്രം പറയുന്ന കുറത്തിയെ ഓര്‍മവന്നു ഇത് വായിച്ചപ്പോള്‍.
  ചുമ്മാ മുറ്റത്ത് വന്നിരുന്ന് മുറുക്കിത്തുപ്പി വൃത്തികേടാക്കി …
  what I felt is that you didnt read any of the poets or there poems correctly or seriosly, not even attempted. Just felt that you were trying to insult woman poets …
  for whom?
  രാജന്‍.

 6. 6 mumthazmymoonath ഒക്ടോബര്‍ 26, 2010 -ല്‍ 7:45 am

  ഗീത പതിവ് ശ്യ്ലിയില്‍ നിന്ന് മാറാതെ നിരൂപിച്ചു.ഗീതയ്ക് കവിതയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തീരെ ആഴമില്ലാതതാണ് എന്ന് വീണ്ടും തെളിയിച്ചു.പുതിയ കവിതയെ പറ്റി പറയുന്നെന്ന മട്ടില്‍ പണ്ട് പറഞ്ഞതൊക്കെ ആവര്‍ത്തിക്കുന്നു.ഗീതയുടെ ആ പഴയ പുസ്തകത്തെ ഗീത അനുകരിച്ചു കൊണ്ടേയിരിക്കുന്നു.ഭാഷാപോഷിണിയിലെ രാമായണം വായനയിലും ഇത് തന്നെ കാണാം.പുതിയ tools കണ്ടെതെണ്ടാതിന്റെ ആവശ്യകത ഗീത മനസിലാക്കുക

 7. 7 devaraj ഒക്ടോബര്‍ 29, 2010 -ല്‍ 8:07 pm

  വളരെ ഗഹനമായ പഠനം, അതെ സമയം ഒരു കവിത പോലെ ആസ്വാദ്യം. നല്ല സൂക്ഷ്മത. കവിതയിലെ ഒരു സാദാരണക്കാരന്‍ എന്ന നിലക്ക് എനിക്ക് ഇത് ഒന്നുകൂടി വായിക്യണം. ഗീത (ചിലത് വായിച്ചിട്ടുണ്ടെന്നല്ലാതെ ആരാന്നെന്നു എനിക്കറിയില്ല). എന്തായാലും മലയാള നാട്ടില്‍ ഇത്തരം ഒരു ലേഖനം എഴുതിയതിനു നന്ദി.

  മലയാള നാട് അട്മീനുകളെ അഭിന്ദിക്കുന്നു.

 8. 8 ഗീത നവംബര്‍ 1, 2010 -ല്‍ 3:28 pm

  കവിതാപഠനത്തിന്റെ പ്രതികരണങ്ങള്‍ കണ്ടു. എന്നെ വാഅയിച്ചതിനും വിലയിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയുണ്ട്. സാവിത്രി രാജീവനെ പഠനത്തില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന മനോജിന്റെ അഭിപ്രായം. 1997- ല്‍ പുറത്തിറങ്ങിയ എന്റെ കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്‌ എന്ന പുസ്തകത്തില്‍ സാവിത്രി രാജീവന്റെ കവിതയെക്കുറിച്ചുള്ള വായന ഉണ്ട്. അതിലപ്പുറം അവരുടെ കവിതകളെ പറ്റി ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല മനോജേ. സ്വയം ആവര്‍ത്തിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.
  ഇനി സാവിത്രി രാജീവനോട് മാപ്പ് ചോദിക്കണം എന്നത്. ഇത് ഒരഭിപ്രായത്തിന്റെയോ നിര്‍ദ്ദേശത്തിന്റെയോ സ്വരമായിട്ടല്ല എനിക്ക് അനുഭവപ്പെടുന്നത്. ഏകപക്ഷീയമായ ഒരു ആജ്ഞ ആയിട്ടാണ്‌. എന്റെ പഠനത്തില്‍ ആരെ ഉള്‍പ്പെടുത്തണം എന്ന് തിരുമാനിക്കേണ്ടത് ആത്യന്തികമായി ഞാന്‍ തന്നെ ആണ്‌. അവരവരുടെ മുന്‍ ഗണനയനുസരിച്ചുള്ള പ്രതിനിധികളെപ്പറ്റി ആര്‍ക്കും എഴുതാവുന്നതാണ്‌. ആരും തടയുന്നില്ല. അതിലെല്ലാം അവരുദ്ദേശിക്കുന്ന ചിലരെ മറ്റുള്ളവരുടെ പഠനം ഉള്‍പ്പെടുത്തിയില്ല എന്നത് മാപ്പ് ചോദിക്കേണ്ട ഒരു കുറ്റമായി കരുതാനുള്ള വിഡ്ഡിത്തം എനിക്കില്ല. അത് മറ്റൊരുതരം തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്‌. ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുന്നത്.
  പിന്നെ ഫെമിനിസ്റ്റ് തീവ്രവാദമെന്ന ആരോപണം. സരിയാണ്‌. ഇത്രയധികം പുരുഷാധിഷ്ഠിതം ആയ സാസ്ംകാരികലോകത്ത് ഫെമിനിസ്റ്റ് തീവ്രവാദിയായിരിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. പെണ്ണിനു വേണ്ടി സംസാരിക്കുന്ന പെണ്ണിനെ ഫെമിനിസ്റ്റ് തീവ്രവാദിയെന്ന് അധിക്ഷേപസ്വരത്തില്‍ കുറ്റപ്പെടുത്തുന്ന ഏത് ആണധികാരിയും ഇപ്പറയുന്ന ഫെമിനിസ്റ്റ് തീവ്രവാദത്തിന്റെ സാധൂകരണമായി തിരിച്ചറിയുകയും ചെയ്യുന്നു.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm
 2. 2 പെണ്‍കവിതയിലെ പുതുമാണ്‍പുകള്‍ | indiarrs.net Classifieds | Featured blogs from INDIA. ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 24, 2010 -ല്‍ 7:24 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: