രണ്ടു നയങ്ങളും സമീപനങ്ങളും

രണ്ടു നയങ്ങളും സമീപനങ്ങളും

സി. എന്‍. ചന്ദ്രന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഒക്‌ടോബര്‍ 23, 25 തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ കേരളം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ആറ് മാസത്തിനു ശേഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു ദിശാസൂചിക കൂടിയാണ്.  978 ഗാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും 59 മുനിസിപ്പാലിറ്റികളിലേയ്ക്കുംഅഞ്ചു കോര്‍പ്പറേഷനുകളിലേയ്ക്കുമായി 21612 ജനപ്രതിനിധികളെയാണ് ഇത്തവണ തിരഞ്ഞെടുക്കുക. ഒക്‌ടോബര്‍  27-ന് ഫലപഖ്യാപനം കഴിയുന്നതോടെ നവംബര്‍ 1-ന് പുതിയ ഭരണസമിതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  നിലവില്‍ വരും.  സാര്‍വ്വദേശീയ സംഭവങ്ങള്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ എന്നീ വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പില്‍   സജീവമായി ചര്‍ച്ച ചെയ്യപ്പെടും. എല്‍ ഡി എഫിന്റെ  കഴിഞ്ഞ നാലര വര്‍ഷത്തെ ജനകീയ  ഭരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രാദേശിക വികസനങ്ങളും എന്ന  പോലെ മേല്‍പ്പറഞ്ഞ രണ്ട് നയങ്ങളും സമീപനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

സാധാരണക്കാരനിലേയ്ക്ക് ഭരണത്തിന്റെ ഗുണഫലങ്ങള്‍ എത്തിക്കുന്നതിന് അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ എക്കാലത്തും മുന്‍കൈയെടുത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ ഡി എഫുമാണ്. 1957- ല്‍ അധികാരത്തില്‍ വന്ന  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം ലക്ഷ്യം വച്ചുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുജനാധിപത്യമുന്നണിയും അധികാരത്തില്‍ വന്നപ്പോഴെല്ലാം ഈ പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

1996 – 2001 ലെ ഒന്‍പതാം പദ്ധതിക്കാലത്താണ് സംസ്ഥാന പദ്ധതിയുടെ മൂന്നിലൊന്നും കൂടുതല്‍ അധികാരവും തദ്ദേശഭരണസമിതികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ അധികാരവും ധനവും താഴെത്തട്ടിലേയ്ക്ക് എത്തിയതോടെ വികസനത്തിന്റെ  ഒഴുക്ക് ഗ്രാമീണ തലത്തില്‍ കേരളത്തില്‍ കൂടുതല്‍  സംജാതമായി. 13  വര്‍ഷം കൊണ്ട് 16495 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. അടിസ്ഥാന സൗകര്യവികസനത്തില്‍ ഒരു കുതിച്ചുചാട്ടത്തിനാണ് ഇത് വഴിയൊരുക്കിയത്.

.

ആഗോളീകരണത്തിനുളള ബദല്‍ ഉയര്‍ത്തി, ഇന്ത്യയ്ക്ക് മാതൃകയായ  ജനക്ഷേമ പദ്ധതികളുമായാണ്    കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുകയാണ്. റേഷന്‍ സംവിധാനം തകര്‍ക്കുന്ന രീതിയില്‍ വരുത്തിയ വെട്ടിക്കുറവ്, പൊതുമേഖല നിക്ഷേപത്തില്‍ ന്യായമായ പരിഗണന നല്‍കാതിരിക്കല്‍, ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്ത് മുന്നില്‍ നില്‍ക്കുന്ന  കേരളത്തിന് ഒരു ഐ ഐ ടി എന്ന ദീര്‍ഘകാല ആവശ്യം അവഗണിക്കല്‍ പ്രകൃതി ദുരന്തനിവാരണത്തിന് ആവശ്യമായ സഹായം നിഷേധിക്കല്‍, റെയില്‍വേ സോണ്‍, കോച്ച് ഫാക്ടറി, കൊച്ചി – മെട്രോ റെയില്‍ പദ്ധതികള്‍ നീട്ടിക്കൊണ്ടു പോകല്‍, പ്രവാസി രംഗത്തിന്  കേരളം സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കാതിരിക്കല്‍  തുടങ്ങി അവഗണനയുടെ  പട്ടിക നീണ്ടുïപോകുകയാണ്.

കേന്ദ്രം അനുവര്‍ത്തിച്ച  ഇതേ ജനവിരുദ്ധ  നിലപാടുകള്‍ തന്നെയായിരുന്നു കഴിഞ്ഞ  യു ഡി എഫ്  സര്‍ക്കാരും പിന്‍തുടര്‍ന്നിരുന്നത്. പദ്ധതിവിഹിതം ഉയര്‍ത്തി കാര്‍ഷികമേഖലയുടെ രക്ഷയ്ക്കും ഉല്പാദനവര്‍ദ്ധനവിനും ഉതകുന്ന    ശക്തമായ നടപടികള്‍ സ്വീകരിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണ്. ഇത് കാര്‍ഷികമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ചു. കര്‍ഷകരെ ആത്മഹത്യാ മുനമ്പില്‍ നിന്ന് പിന്‍തിരിപ്പിക്കുന്ന നിലയില്‍ ഒട്ടേറെ ആശ്വാസപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു.  കാര്‍ഷിക കടം പെരുകി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി എന്നത് മാത്രമല്ല അവരുടെ കുടുംബത്തിന്  50,000 രൂപ  വീതം സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.   ഇന്ത്യക്കാകെ മാതൃകയായി നിലവില്‍ വന്ന  കര്‍ഷക കടാശ്വാസകമ്മീഷന്റെ നടപടിയുടെ ഭാഗമായിരുന്നു  ഇത്.

കൂടാതെ പലിശരഹിത വായ്പ നല്‍കി നെല്‍കൃഷിയെ ശക്തിപ്പെടുത്തി. നെല്ലിന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സംഭരണവില നല്‍കി. എല്‍ .ഡി. എഫ് അധികാരത്തില്‍ വരുമ്പോള്‍  7 രൂപയായിരുന്നത് ഇപ്പോള്‍ 12 രൂപയാക്കി ഉയര്‍ത്തി. കൃഷി ഇന്‍ഷുറന്‍സിനുള്ള  പുതിയ പരിപാടിയും ആവിഷ്‌ക്കരിച്ചു. 15000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി നെല്‍ കൃഷി വ്യാപിപ്പിച്ചു. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍  ശക്തമായ നടപടികളാണ് സ്വീകരിച്ചത്.  ജൈവപച്ചക്കറി ഉല്‍പാദനത്തിന്  പ്രത്യേക പരിഗണന നല്‍കി. 5000 ഹെക്ടറില്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കി. അധികമായി ഒരു ലക്ഷം ടണ്‍ പച്ചക്കറി ഉല്പാദനമാണ് ലക്ഷ്യം.

ഇന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 15000 കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും  സംസ്ഥാനത്തിന് കഴിഞ്ഞു. ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പങ്കാളിത്തം വളരെ പ്രധാനമായിരുന്നു. പൊതുവില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനമാണ് എല്‍ ഡി എഫ് സ്വീകരിച്ചത്. രാജ്യവ്യാപകമായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ വിലക്കയറ്റം തടയുന്നതിന്  കേരളം മാതൃക കാട്ടുകയാണ്. നിത്യോപയോഗ സാധനങ്ങള്‍  ന്യായവിലയ്ക്ക് കമ്പോളത്തില്‍ വിതരണം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. അതിശക്തമായ പൊതുവിതരണ സംവിധാനത്തിന്റെ  ഇടെപടല്‍ കാരണം ഇന്ത്യയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 701 കോടിയില്‍  നിന്ന് 2000 കോടിയായി. പ്രതിവര്‍ഷം ഔട്ട്‌ലെറ്റുകളില്‍   എത്തിയിരുന്ന   ഉപഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തില്‍   നിന്ന് ഒരു കോടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ ഓണം, റംസാന്‍ ആഘോഷവേളകള്‍ വിലക്കയറ്റത്തിന്റെ പിടിയില്‍ ഞെരുങ്ങാതെ കടന്നു  പോയത് ഇത്തരം നടപടികളിലൂടെയാണ്.

‘വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്റെ കൈയ്യില്‍ മാന്ത്രിക വടിയില്ല; കേരളം കൈക്കൊണ്ട മാതൃക ഇതര സംസ്ഥാനങ്ങളും പിന്തുടരണം’ എന്നാണ് കേന്ദ്രമന്ത്രി ചിദംബരം ലോകസഭയില്‍ പ്രസ്താവിച്ചത്.

ഒരു കിലോ അരിയ്ക്ക് 2 രൂപ നിരക്കില്‍ 25 കിലോ വീതം ഏകദേശം 42 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. 600 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. എന്നാല്‍ യു ഡി എഫ് ഭരണത്തില്‍  പൊതുവിതരണത്തിനായി നീക്കിവെച്ചത് 35 കോടി രൂപയാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന   വിലക്കയറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന  നടപടികള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ എല്‍. ഡി.  എഫ് അധികാരത്തില്‍   വന്നതോടെ ലാഭത്തിലാക്കി. ഇപ്പോള്‍ 32 പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 2008- 2009-ല്‍169.45 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം 239.75 കോടി രൂപയും ലാഭമുണ്ടാക്കി. എട്ട് പുതിയ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍  ആരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. നാല് വര്‍ഷത്തിനകം 1714 ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചു. പശ്ചാത്തലസൗകര്യമൊരുക്കി നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കില്ല എന്നതാണ് എല്‍ ഡി എഫ് നിലപാട്. കേന്ദ്രനയങ്ങള്‍ സൃഷ്ടിക്കുന്ന   പ്രതിബന്ധങ്ങള്‍ക്കിടയിലും വ്യാവസായിക രംഗത്ത് വന്‍നേട്ടം ഉണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പ്രഥമ പരിഗണനയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനായി 50 പട്ടയ മേളകള്‍ സംഘടിപ്പിച്ചു. 1,20,300 പേര്‍ക്ക് പട്ടയം നല്‍കി. ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് സ്ഥാപിച്ചതും ഇക്കാലത്താണ്. 14,048 ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ക്ക് കൈവശരേഖകള്‍ നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ആറളം, ആലക്കോട് എന്നിവിടങ്ങളില്‍ 6000 ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കി. സംസ്ഥാനത്ത് 31,000 ത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി പുരോഗമിക്കുന്നു. കൊല്ലം ജില്ലയില്‍ ഇത് പൂര്‍ത്തിയായി. രാജ്യത്ത് ഭൂരഹിത ആദിവാസികളില്ലാത്ത ആദ്യജില്ലയാണ് കൊല്ലം. ഇതേസമയം, മുത്തങ്ങയില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്ത ആദിവാസികളെ വെടിവച്ചുകൊന്ന നയമായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റേത്. വനാവകാശനിയമത്തിന്റെ ഭാഗമായി 10,000 ത്തോളം വനാവകാശ രേഖ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി. ഇടുക്കിയില്‍ കയ്യേറ്റം ഒഴിപ്പിച്ച്  1044 പേര്‍ക്ക് ഭൂമി നല്‍കുകയും ചെയ്തു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിലൂടെ 13672 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ഭവന നിര്‍മ്മാണരംഗത്ത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.ലക്ഷം വീടുകള്‍ നവീകരിക്കുന്നതിന് എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കി. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെയും നിര്‍മ്മിതി കേന്ദ്രയുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കി. 5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള സമഗ്രപദ്ധതിയായ ഇഎംഎസ് ഭവനപദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു.

വനം-പ്രകൃതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍മൂലം വനംകൊള്ളക്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനായി. ചന്ദനമാഫിയകളെയും കഞ്ചാവ് കൃഷിക്കാരെയും കര്‍ശന നടപടികളിലൂടെ ഒതുക്കാനായി. വനസംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ വനനയത്തിന് രൂപം നല്‍കിയത്. നമ്മുടെ മരം, ഹരിതതീരം, വഴിയോരത്തണല്‍, തെരുവിന് തണലായി തൊഴിലാളി, ഹരിത കേരളം തുടങ്ങിയ പദ്ധതികളെല്ലാം ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കിയത്.

സ്ത്രീ ശാക്തീകരണത്തിനുള്ള നടപടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50% സംവരണം സ്ത്രീകള്‍ക്കുവേണ്ടി നടപ്പിലാക്കിയത് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ്. ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകളെ സജീവമായി പ്രവര്‍ത്തന രംഗത്തിറക്കാന്‍ ഇതിലൂടെ കഴിയുന്നു. ഇതിന്റെ സദ്ഫലങ്ങള്‍ സ്ത്രീ സമൂഹത്തെ അഭ്യുന്നതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.

1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍  ആരോഗ്യ- വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന വികസന കാഴ്ചപ്പാടിനായിരുന്നു രൂപം നല്‍കിയത്.  കേരളത്തിന് ഈ രംഗങ്ങളില്‍ ലോക ശരാശരിയോടൊപ്പമെത്താന്‍ ഇതിലൂടെയാണ് കഴിഞ്ഞത്.

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിനും പാഠ്യപദ്ധതി മെച്ചപ്പെടുത്തി പഠന നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ തുടങ്ങി. യു ഡി എഫ്  ഭരണത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ട വിദ്യാഭ്യാസ മേഖല പുന:സംവിധാനം ചെയ്യാനും മുന്നോട്ട് പോകാനും നാലു വര്‍ഷംകൊണ്ടു കേരളത്തിന് കഴിഞ്ഞു.

പിന്നിട്ട നാലര വര്‍ഷം ആഗോളവല്‍ക്കരണത്തിനെതിരായ ദേശീയ ബദലാണ് കേരളം ഉയര്‍ത്തിയത്. സാമൂഹ്യ സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന, പൊതുമേഖല സംരക്ഷിക്കുകയും പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ബദല്‍ കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കിയത്. ഉല്പാദന വര്‍ദ്ധനവിന് ഊന്നല്‍ നല്കി. ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യമുണ്ടായി. കേരള വികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 1957 ല്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് സാമൂഹ്യ നീതി, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. ഇടതു ജനാധിപത്യ മുന്നണിയും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വികസന നയമാണ് കൈക്കൊള്ളുന്നത്. അധികാരവികേന്ദ്രീകരണത്തിനുള്ള നടപടികള്‍ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആരംഭിച്ചിരുന്നുെവങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മുന്‍കൈയുള്ള സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം അധികാര വികേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കുന്ന നടപടികള്‍ കേരളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. 1987 ല്‍ അധികാരത്തില്‍ വന്ന ജില്ലാ കൗണ്‍സിലും ഗ്രാമതലംവരെ അധികാര വികേന്ദ്രീകരണ നടപടികളാണ് സ്വീകരിച്ചത്.                                                        1996 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അര്‍ത്ഥവത്താക്കി. ഇതോടെ ഗ്രാമ വികസനത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു. 1996-2001 ഒമ്പതാം പദ്ധതിക്കാലത്ത് സംസ്ഥാന പദ്ധതിയുടെ മൂന്നില്‍ ഒന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. പണം നല്‍കുന്നതോടൊപ്പം അധികാരവും. ഇതേത്തുടര്‍ന്ന് വികസനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കഴിഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളായാണ് കണ്ടത്. അധികാര വികേന്ദ്രീകരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. നാലുവര്‍ഷം കൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കിയത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് നയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്.   എല്‍ ഡി എഫ് മുന്നോട്ടുവയ്ക്കുന്ന നയത്തിന് ജനങ്ങളുടെ വര്‍ദ്ധിതമായ പിന്‍തുണ ലഭിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. വ്യക്തമായ പരിപാടികളാണ് എല്‍ ഡി എഫ്  ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്

Advertisements

3 Responses to “രണ്ടു നയങ്ങളും സമീപനങ്ങളും”


  1. 1 sudheesh ഒക്ടോബര്‍ 22, 2010 -ല്‍ 3:51 am

    നല്ല വിവരണം …………..സാമൂഹ്യ നീതി, സമഗ്ര വികസനം …. ഇനിയും മുന്നോട്ട് പോകട്ടെ …… ആശംസകള്‍ ……… നന്ദി

  2. 2 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 4:52 pm

    ഒരു വശത്ത് മാത്രം നിന്നാണല്ലോ മാഷേ എല്ലാം നോക്കികാണുന്നത്‌… സമഗ്ര വികസനം… അതിനായിരിക്കട്ടെ ശ്രമം… കൂടെ ഉണ്ടാകും…


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: