ബാലചന്ദ്രന്‍ ചുള്ളിക്കാട് : അനുഭവങ്ങള്‍.. ഓര്‍മ്മകള്‍ ..

ബിന്ദു

(സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ധാരാളം കവിതകളും കഥകളും ഉണ്ടായി. അക്കൂട്ടത്തിൽ എന്റെ ഈ ചെറു നെടുവീർപ്പും.)

 

ആരാണ് നമ്മുടെ ബോധത്തെ ചങ്ങല വലിച്ചു നിർത്തിയത്?

കഴിഞ്ഞ നൂറ്റാണ്ടിനും അടുത്ത നൂറ്റാണ്ടിനുംഇടയ്ക്കുള്ള പാലത്തിൽ

ഒരു നിമിഷംചരിത്രം നിശ്ചലമായി.

കരകാണാത്ത നിദ്ര.

ഹിമപിണ്ഡത്തിൽ ഇടിച്ച്  നമ്മുടെ മഹാസ്വപ്നം തകർന്നുപോയി.

ഓരോ മസ്തിഷ്ക കോശവും ഓരോ ഭ്രാന്താശുപത്രിയായി.

അവയിൽ ചരിത്രാതീതമായ കൊടുങ്കാറ്റുകൾ തടവിലായി.

മനുഷ്യവംശം മഹാപരാധങ്ങൾ മറന്നുപോകുന്നു.

മറവിയുടെ ജലനിരപ്പ് ഉയർന്നുവരുന്നു.

ആരും ആരെയും വിശ്വസിക്കുന്നില്ല.

ആരും ആരെയും സ്നേഹിക്കുന്നില്ല.

ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല.

കാപ്പിരി കൊട്ടിവെച്ചുപോയ ചെണ്ടപോലെ ഭൂമി.

ഇപ്പോൾ രക്തം നിശ്ശബ്ദമായിരിക്കുന്നു.

——————

b

a

l

a

c

h

a

n

d

r

a

n

c

h

u

l

 

 

a

a

1. ബിന്ദു എന്ന കവിതയുടെ സാഹചര്യം?സമാഹാരങ്ങളില്‍ നിന്ന് ആ കവിത എങ്ങനെ ചോര്‍ന്നുപോയി? സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അന്ന് എങ്ങനെയാണ്‌ ഒരു വ്യക്തി എന്ന നിലയില്‍ ബാധിച്ചത്? കമ്യുണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയെ ഇന്ന് ഒരു അകലത്തില്‍ നിന്ന് എങ്ങനെ നോക്കി കാണുന്നു?

ഉ: എന്റെ നാട്ടിലെ ജന്മിത്തവ്യവസ്ഥയും അടിമത്തവും ജാതിവിവേചനവും അവസാനിപ്പിക്കാനുംപാവപ്പെട്ടവർക്കു മനുഷികമായ അന്തസ്സ് വീണ്ടെടുക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട്.ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, സാമൂഹ്യനീതി സാക്ഷാത്കരിക്കാനും മനുഷ്യനെ സ്വാർത്ഥതയിൽ നിന്നു പരാർത്ഥതയിലേക്കു വിമോചിപ്പിക്കാനും കമ്മ്യൂണിസത്തിനു കഴിയും എന്നു ചറുപ്പംതൊട്ടു ഞാൻ വിശ്വസിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും തെറ്റുകുറ്റങ്ങൾ നേതൃത്വത്തിന്റെകുറ്റമാണെന്നും കമ്മ്യൂണിസത്തിന്റെ കുറ്റമല്ല എന്നുമായിരുന്നു എന്റെ വിശ്വാസം.

സോവിയറ്റ് യൂണിയന്റെ പതനം 1985ൽ ആരംഭിക്കുകയും1991ൽ പൂർത്തിയാവുകയുംചെയ്തു. അതിന്റെ കാര്യകാരണങ്ങൾ അറിഞ്ഞുവന്നപ്പോൾ കമ്മ്യുണിസത്തിലുള്ള അന്ധവിശ്വാസം തകർന്നു.. വിശ്വാസം തകരുമ്പോൾ സമൂഹത്തിൽ മാത്രമല്ല, വ്യക്തിയിലും അരക്ഷിതത്വബോധം ഉണ്ടാവും. അതിന്റെ പ്രതികരണമായിരുന്നു ‘ബിന്ദു’എന്ന കവിത. അതു മാതൃഭൂമി ആഴ്ചപ്പതിപ്പിനു അയച്ചുകൊടുത്തു. പക്ഷെ അവർ തിരസ്കരിച്ചു. പിന്നെ വർഷങ്ങൾക്കുശേഷം കുങ്കുമം വാരിക ഒരു കവിത ചോദിച്ചപ്പോൽ അതു കൊടുത്തു.പിന്നെ അതിന്റെ കാര്യം മറന്നുപോയി. ഈയിടെ പഴയഒരു കടലാസുകെട്ടിൽനിന്ന് അതു കണ്ടുകിട്ടി.

സാമ്പത്തികഘടന, സാമ്പത്തികപ്രവർത്തനം, ഉല്പാദനം,വികസനം,സാംസ്കാരികവും സാമൂഹ്യവുമായ വൈവിധ്യം,മനുഷ്യാവകാശം, ജനാധിപത്യാവകാശം അഭിപ്രായസ്വാതന്ത്രം തുടങ്ങി അനെകം കാര്യങ്ങളിലെ തെറ്റായ നയങ്ങളാണു കമ്മ്യൂണിസ്റ്റ് രാഷ്ടങ്ങളുടെ തകർച്ചയ്ക്കു കാരണം. സമഗ്രാധിപത്യം മാനവപ്രശ്നങ്ങൾക്ക് പരിഹാരമല്ല എന്ന വാസ്തവത്തിനും ഈ ചരിത്രം അടിവരയിടുന്നു.

2. ബിന്ദു എന്ന കവിതയില്‍ ആത്മീയമായ ഒരു തലം ശക്തമാകുന്നുണ്ട്. ബാലേട്ടന്റെ കവിതയില്‍ തന്നെ പ്രകടമായ ഒരു മാറ്റം?ഇന്‍ഡ്യന്‍ എന്നതിനേക്കാള്‍ യൂറോപ്പ് അനുഭവിച്ച ഒരു ആത്മീയപ്രതിസന്ധിയോട് ആണ്‌ അതിന്‌ ചാര്‍ച്ച എന്ന് തോന്നുന്നു. കമ്യുണിസത്തിനകത്തെ ആത്മീയതയുടെ അഭാവത്തെ കുറിച്ച് വിജയനും ഉത്കണ്ഠപ്പെട്ടിരുന്നല്ലോ.
ഉ: വിദ്യാർത്ഥിജീവിതകാലത്ത്, റഷ്യൻസാഹിത്യം പഠിക്കുമ്പോൾ, ക്രിസ്തുമതത്തിനു റഷ്യൻ ജനതയിലുള്ള സ്വാധീനത്തെക്കുറിച്ചു പഠിച്ചിരുന്നു.കമ്മ്യൂണിസത്തിൽ ക്രൈസ്തവ ആത്മീയതയുടെ ചില അംശങ്ങൾ റഷ്യൻ ജനത കണ്ടിരുന്നു. റൈബിന്റെ പീഡാനുഭവത്തിൽ ക്രിസ്തുവിനെ ദർശിക്കുന്ന ഗോർക്കിയുടെ അമ്മ തന്നെ തെളിവ്. പരാർത്ഥം പ്രാണത്യാഗം ചെയ്യാൻ ഒരുവനെ സന്നദ്ധനാക്കുന്ന ധാർമ്മിക ശക്തിയാണ് ആത്മീയത. അധികാരമോഹത്തിന്റെ സമഗ്രാധിപത്യത്തിൽ ഈ ആത്മീയത അസ്തമിച്ചുപോയി. ആ ശൂന്യതാബോധം ഈ കവിതയിലുണ്ടാവാം.
3. പിന്നീട് തീര്‍ത്തും ഇന്‍ഡ്യന്‍ ആയ ഒരു ദാര്‍ശനിക തലം, പ്രത്യേകിച്ച് ബൗദ്ധര്‍ശനത്തിന്റേത് ചുള്ളിക്കാടിന്റെ കവിതകളില്‍ കാണാം അവസാനം എഴുതിയ അപൂര്‍ണ്ണം എന്ന കവിത പോലും ഉദാഹരണം? ദാര്‍ശനിക ദാരിദ്ര്യം യൂറോപ്യന്‍ കവിതയെ അപേക്ഷിച്ച് ഇന്‍ഡ്യന്‍ കവിതകള്‍ക്കുണ്ടെനു തോന്നുന്നു.

ഉ;ദർശനം എന്നത് വലിയ അർത്ഥമുള്ള ഒരു വാക്കാണ്.പ്രപഞ്ചവും മനുഷ്യനും-അംശവും അംശിയും-തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അനുഭൂതിനിഷ്ഠമായ അവബോധമാണു ദർശനം. ആ വാക്കുകൊണ്ട് വിശേഷിപ്പിക്കവുന്ന പ്രജ്ഞാബലം എന്റെ കവിതയ്ക്ക് ഇല്ലതന്നെ. ചില ക്ഷണികബോധങ്ങളും വെളിപാടുകളും ഭൂതോദയങ്ങളും കാഴ്ചപാടുകളും ചിന്തകളും തോന്നലുകളുമൊക്കെ ഉണ്ടെന്നേയുള്ളു. ഇവയുടെ അവിയൽ‌പരുവത്തിലുള്ള ആകെത്തുക ഒരു ദർശനം ആവുകയില്ല.സംശയങ്ങളും ആന്ധ്യങ്ങളും വൈരുദ്ധ്യങ്ങളുംകൊണ്ടുള്ള ജടിലത എന്റെ കവിതയുടെ വലിയൊരു പരിമിതിയാണ്.

4. ദാര്‍ശനികതയെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും ആശാനിലേക്കു പോകും. ബാലേട്ടന്‍ ഏറ്റവും സൂക്ഷ്മമായി പിന്‍ തുടര്‍ന്ന കവി. ആശാന്റെ കവിതയിലെ വേദാന്ത സാന്നിധ്യത്തെയും ഗുരുവിന്റെ വേദാന്ത കവിതകളെയും എങ്ങനെ താരതമ്യം ചെയ്യുന്നു?

ഉ: യോഗാനുഭൂതിയിൽനിന്നും ജനിച്ച ,മന്ത്രസ്വഭാവമുള്ള, തന്ത്രീലയസമന്വിതമായ ദാർശനിക കാവ്യങ്ങളാണു ശ്രീനാരായണഗുരുദേവന്റെ വേദാന്ത കാവ്യങ്ങൾ.

ഉദാ: ദൈവദശകം.

പാണ്ഡിത്യാധിഷ്ഠിതവും പ്രകടനപരവും കരകൌശലപ്രധാനവും അനുഭൂതിശൂന്യവും ലയരഹിതവുമായ മസ്തിഷ്കകാവ്യങ്ങളാണു കുമാ‍രനാശാന്റെ വേദാന്തകാവ്യങ്ങൾ.

ഉദാ: നിജാനന്ദവിലാസം.

a
s
a
n
5. സമകാലിക ലോകത്തേക്ക് വരട്ടെ. രണ്ട് കവികളിലൂടെ മലയാളകവിത വീണ്ടും ആദരിക്കപ്പെട്ടു. ഒ .എന്‍ .വി അയ്യപ്പന്‍.. എന്ത് തോന്നുന്നു?

ഉ: രണ്ടുപേരെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ഭാഗ്യത്തിൽ അസൂയപ്പെടുന്നു. എങ്കിലും എന്റെ അഭിരുചി വേറെയാണ്.

6. സത്യത്തില്‍ അക്കാദമികള്‍ക്ക് സാഹിത്യത്തില്‍ എന്ത് ചെയാനുണ്ട്?

ഉ: ഭരണകക്ഷിയുടെ സാംസ്കാരികതാല്പര്യം നടപ്പാക്കുന്ന ഏജെൻസി മാത്രമാണ് അക്കാദമി. എഴുത്തുകാരന്റെ പ്രതിഭയാണു സാഹിത്യം സൃഷ്ടിക്കുന്നത്.അതിൽ അക്കദമി എന്തു ചെയ്യാൻ?

a

c

a

d

e

m

i

7. നിശ്ശബ്ദതയുടെ നീണ്ടകാലത്തും ചുള്ളിക്കാട് കവിതകള്‍ ബെസ്റ്റ് സെല്ലറായിതുടരുന്നു. ചുള്ളിക്കാട് കവിതകള്‍ എട്ടാം പതിപ്പിലായി. കവിതയില്‍ ,സ്വന്തം കവിതയില്‍ വിശ്വാസക്കുറവുണ്ടോ?

എന്റെ മുൻതലമുറയിൽനിന്നും സ്വന്തം തലമുറയിൽനിന്നും പിൻതലമുറയിൽനിന്നും കടുത്ത വിമർശനവും ശത്രുതയും അസഹിഷ്ണുതയും പരദൂഷണവും വധശ്രമവും സസന്തോഷം നേരിട്ട, ഇപ്പൊഴും നേരിടുന്ന, ഒരു എഴുത്തുകാരനാണു ഞാൻ.ഞാൻ കവിയല്ലെന്നും, ആണെങ്കിൽത്തന്നെ ഞാനും എന്റെ കവിതയും കാലഹരണപ്പെട്ടു എന്നും പുതുകവികളും പുതു നിരൂപകരും എപ്പോഴുംആഘോഷിക്കുന്നതു കാണാം.എന്നിട്ടും,ഞാൻ നിശ്ശബ്ദനായിരുന്ന ഇക്കഴിഞ്ഞ ദശകത്തിൽ മാത്രം, ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (ഡീ.സി.)‘ ഏഴു പതിപ്പുകളായി 14000 കോപ്പികൾ വിറ്റുപോയതെങ്ങനെ എന്നത് എനിക്ക് ഒരത്ഭുതമാണ്.

അന്യരുടെ അഭിപ്രായം നോക്കിയല്ല, സ്വന്തം പാരായണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വായനക്കാർ കവിതയെ വിലയിരുത്തുക എന്നു വ്യകതം.കവി സ്വന്തം കവിതയിൽ വിശ്വസിച്ചിട്ട് എന്തുകാര്യം? വായനക്കാർ വിശ്വസിക്കണ്ടെ? ഞാൻ എനിക്കു തോന്നിയപ്പോൾ തോന്നിയതൊക്കെ തോന്നിയപോലെ എഴുതി. ആചാര്യന്മാരുടെയോ നിരൂപകരുടെയോ വായനക്കരുടെയോ അഭിപ്രായമനുസരിച്ച് എഴുതിട്ടിയില്ല.ബാക്കിയെല്ലാം വായനക്കാർ തീരുമാനിച്ചോട്ടെ. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സാഹിത്യപരിചയം എന്നെ ബോദ്ധ്യപ്പെടുത്തിയത് ഞാൻ ഒരു ചെറിയകവിയാണ് എന്നത്രേ. A minor poet.  ഒരു അല്പപ്രതിഭ.

8. കവിതയും വന്ന് വന്ന് റിയാലിറ്റി ഷോക്ക് പാകമായി. മാമ്പഴം എന്ന പരിപാടി ശ്രദ്ധിച്ചു കാണുമല്ലോ? എന്താണ്‌ അഭിപ്രായം കവിതാലാപനത്തെയും ചൊല്‍ക്കാഴ്ചക്കാലത്തെയും എങ്ങനെ വിലയിരുത്തുന്നു?

പ്രിന്റ്മീഡിയത്തിൽ മാത്രമേ കവിത പാടുള്ളു  എന്ന അന്ധവിശ്വാസം എനിക്കില്ല. കവിത പാടാം, പറയാം, ദൃശ്യവൽകരിക്കാം, അഭിനയിക്കാം.പക്ഷെ ഏതുരൂപത്തിലായാലും കാവ്യാനുഭൂതി ഉളവാക്കിയാലേ അതു കവിതയാകൂ.

ഭയം

ഞെട്ടിയുണർന്നു ഞാൻ.

വാതിലിൽ മുട്ടുന്നതാര്?

ജാലകത്തില്‍ച്ചന്ദ്രദംഷ്ട്ര.

മലങ്കാറ്റുവീശും മുഴക്കം.

മറ്റൊരാള്‍കൂടി മുറിയിലുണ്ടെന്നപോല്‍

തപ്പിത്തടഞ്ഞൂ മനസ്സ്.

കത്തിയോ വാളോ മഴുവോ?

എത്രമേല്‍ നീണ്ട നിമിഷം!

9. വിട്ടുപോകാത്ത ഭയങ്ങള്‍..?

ഉ:മരണഭീതി, രോഗഭീതി, പതനഭീതി, ദാരിദ്ര്യഭീതി, അപമാനഭീതി, ധർമ്മഭീതി, ശത്രുഭീതി, അധികാരഭീതി- സാമൂഹ്യവും വൈയക്തികവുമായ എത്രയോ ഭയങ്ങളിലാണു ലൌകിക ജീവിതം. സമൂഹത്തിലെ അരക്ഷിതാവസ്ഥ വ്യക്തികളിൽ രഹസ്യമായ പ്രാണഭയം ഉണ്ടാക്കും.

അതൊക്കെ എനിക്കും ബാധകമാണ്.

ചുള്ളിക്കാട് കവിതകളുടെ രണ്ട് തര്‍ജ്ജമകള്‍

Winter in Stockholm.

Balachandran chullikkad.

(English translation: Kamala das)

At the beginning of winter,

at dusk, below 0 degree cold,

in Stockholm, at Drotninggartten*,

I saw Death rummaging through some woollens

at a second-hand clothing stall-

I fled in fear.

At the Readberg Restaurant**,

on the table, two candles,

two rosettes of flame

to be snuffed out by a breath.

Framed on the wall,

Marlin Manro,

her skirt raised by the wind.

A fatal beauty raped by Death.

It was then I spotted

Strindberg’s ghost and old Ingmar Bergman

supping together at one table,

adjacent to mine.

I asked Bergman:

“Sir, why did u let decrepit Death***

roam the streets of the city?

You could’ve trapped it in a celluloid frame.”

In a sepulchral tone,

audible to the poet and the mad,

Strindberg asked me:

“Did u visit the last of my homes?

Did u see the bed I died in?”

Meekly I answered:

“I stay in a hotel that bears your name

I sleep in the bed where you

breathed your last.”

Strindberg said:

“In the royal playhouse

tonight my drama**** will be on.

Go, see it.

Stop disturbing the old and the dead.”

At the royal theatre hall,

a possessed Christer Hendrickson.*****

In the frail human voice of the actor,

truth as Strindberg learned,

and in vast despair,

boom on and on.

“Man has no children,

Only woman has children.

The future is theirs

while we die childless.

O’ Jesus meek and mild,

look upon this little child”. ******

Strindberg, you trap forty years of a disorderly life

into a dim lit rectangle for two full hours.

I sense it throbbing.

Can your grip contain it?

I sense its tumultuous throb.

At this darkened auditorium,

oceans and oceans away,

I remember my wife, my son.

Strindberg asks:

“Are you sure your wife belongs to you?

Are you sure you begot your son?

In reality, who owns anyone, friend?”

I rise and roar:

“You’re insane totally

And I hear his guffaw from nearby.

Perhaps it was not laughter.

Perhaps it was the Baltic Sea

reciting its moody verse.

A breeze from nineteenth century blew in

chilling the archipelago.

My heart is a pyre,

nearly burnt out,

wrapped in embers.

In a coat pierced by bullets,

Death sits nearby

warming its hands.

(1997)

—————————//———————–

*A street in Stockholm. **A restaurant in Stockholm. *** Character in the film ‘Seventh

seal’.

**** Strindberg’s play ‘Father’ played in Kung’s dramtiska. *****Actor who played the

role of Captain.

******Captain’s last words.

Tobacco

Balachandran Chullikkad

(English translation: T.K.Ramachandran)

It’s at Manhattan, New York,

that I saw

the name board of a Cuban restaurant.

Seeing it, my blood growled once.

And the music there reminded me that

the equator is far far away.

Lying submerged in the ghostly violet light were

the primal forms.

Two naked dancers

entwined in a half dance.

I stuffed a dollar

in the ribbon of the thigh of one.

A wave of self-destructive tenderness

washed over me.

A seagull was roosting over my heart.

I asked a Negro boy:

“Which is the most potent drink of Cuba?”

Thousand years of exploitation.

Thousand years of fortitude.

Thousand years of struggle.

A thousand years of history.

The arid smell

of barks and green leaves,

of unsheathed words,

of algae and diesel,

of gunpowder and tobacco.

Tobacco of exploitation.

Tobacco of sufferance and fortitude.

Tobacco of struggles.

Tobacco of history.

The liquid

distilled out of primordial love

which would make

even corpses dance.

I remember nothing.

The century of liberation lies

lies buried under

the deep blanket of snow.

Yet in the deep,

words lie undecayed

harking for the call of the trumpet.

I remember nothing.

As I opened my eyes,

all I saw was

a tough Negro face

and a clear blue sky that framed it.

The face asked:

What is your name?

My name…………….

(2004)

——————————–//———————–

16 Responses to “ബാലചന്ദ്രന്‍ ചുള്ളിക്കാട് : അനുഭവങ്ങള്‍.. ഓര്‍മ്മകള്‍ ..”


 1. 1 dileep ഒക്ടോബര്‍ 22, 2010 -ല്‍ 4:51 am

  ചുള്ളിക്കാടിന്‍റെ കവിതകളും ..
  ചിദംബരസ്മരണകളും ..
  നല്‍കിയ വേവ്…
  ഇനിയും ആറിയിട്ടില്ല..
  ഇന്ന് ജീവിതം പൊള്ളിത്തുടങ്ങിയപ്പോള്‍…
  വീണ്ടും ചുള്ളിക്കാടിനെ വായിക്കുന്നു…

 2. 2 Rajesh Mc ഒക്ടോബര്‍ 22, 2010 -ല്‍ 5:19 am

  കവിതകളുടെ വായന എന്നതില്‍ കവിഞ്ഞ് അദ്ദേഹം പറഞ്ഞപോലെ കാവ്യാനുഭൂതി ഉളവാക്കുന്ന ആലാപനവും അതിന്റെ സ്വീകാര്യതയും ശ്രീ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിതകള്‍ക്ക് ആരാധകരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു…

 3. 3 ഫാബിയസ് ഒക്ടോബര്‍ 22, 2010 -ല്‍ 6:50 am

  “അന്യരുടെ അഭിപ്രായം നോക്കിയല്ല, സ്വന്തം പാരായണാനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് വായനക്കാർ കവിതയെ വിലയിരുത്തുക” ചുള്ളിക്കാട് മാഷിന്‍റെ കവിതകള്‍ക്ക് സാധാരണക്കാരന്‍റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന ഒരു ശക്തിയുണ്ട് .

 4. 4 മനോജ് കുറൂര്‍ ഒക്ടോബര്‍ 22, 2010 -ല്‍ 1:19 pm

  ‘ഞാൻ കവിയല്ലെന്നും, ആണെങ്കിൽത്തന്നെ ഞാനും എന്റെ കവിതയും കാലഹരണപ്പെട്ടു എന്നും പുതുകവികളും പുതു നിരൂപകരും എപ്പോഴും ആഘോഷിക്കുന്നതു കാണാം.എന്നിട്ടും,ഞാൻ നിശ്ശബ്ദനായിരുന്ന ഇക്കഴിഞ്ഞ ദശകത്തിൽ മാത്രം, ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (ഡീ.സി.)‘ ഏഴു പതിപ്പുകളായി 14000 കോപ്പികൾ വിറ്റുപോയതെങ്ങനെ എന്നത് എനിക്ക് ഒരത്ഭുതമാണ്.’

  ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിയല്ല എന്നൊരു വിമര്‍ശനം പിന്നീടുവന്ന ഒരു കവിയില്‍‌നിന്നും കേട്ടതായി ഓര്‍മയില്ല. ‘കവിതകള്‍ കാലഹരണപ്പെട്ടു’ എന്ന രീതിയിലും വിമര്‍ശനങ്ങളുള്ളതായി തോന്നുന്നില്ല. പക്ഷേ പിന്നീടുവന്ന കവികള്‍ക്ക് സ്വാഭാവികമായും ചുള്ളിക്കാടിന്റെ വഴി പിന്തുടരാനാവില്ലല്ലൊ. അവര്‍ ഓരോരുത്തരും അവരുടെ കാലത്തെ അവരവരുടേതായ രീതിയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചപ്പോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതപോലെയായില്ല എന്ന വിമര്‍ശനം നിരന്തരം കേട്ടിട്ടുണ്ടുതാനും. (ഈയിടെയായി എന്തോ അങ്ങനെ അധികം കേള്‍ക്കാറില്ല) മലയാളിയുടെ കാവ്യബോധം ഇപ്പോഴും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുമായി എത്രത്തോളം ചേര്‍ന്നിരിക്കുന്നു എന്നതിനു തെളിവാണല്ലൊ അദ്ദേഹത്തിന്റെ കവിതാപുസ്തകത്തിന്റെ പ്രചാരം. ഈ ഉത്തരത്തിലെ ഐറണിയില്‍ മുഴങ്ങുന്ന ചുള്ളിക്കാടിന്റെ സ്വതസിദ്ധമായ ധ്വനനശേഷി രസിപ്പിക്കുന്നു 🙂 (വിമര്‍ശനമാണെന്നു കരുതരുതേ. അതിന്റെ രസം ആസ്വദിക്കുന്നു എന്നുതന്നെയാണു പറഞ്ഞത് 🙂 )

  • 5 വി.എസ്.ജ്യോതികുമാര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 5:25 am

   ഞാന്‍ പിന്താങ്ങുന്നു… 🙂

  • 6 ബാലചന്ദ്രൻ ചുള്ളിക്കാട് ഒക്ടോബര്‍ 24, 2010 -ല്‍ 11:12 am

   @മനോജ്: ആധുനിക കവികളാരും പുതുകവികളെ വിമർശിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല.മറിച്ച് അവരെ തങ്ങളുടെ അനന്തരാവകാശികളായി പ്രഖ്യാപിച്ച്, അവർക്കു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി അവരെ പരമാവധി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. കേരളകവിത, സമകാലീനകവിത, ഇന്ത്യൻ ലിറ്ററേച്ചർ,പുതുമൊഴിവഴികൾ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാരും പല പുതുകവികളുടെയും അവതാരികാകാരന്മാരും എന്ന നിലയിൽ അയ്യപ്പപണിക്കർ, കെ.ജി.എസ്, ആറ്റൂർ,സച്ചിദാനന്ദൻ തുടങ്ങിയ കവികൾ പുതുകവികളുടെ രക്ഷകർത്താക്കളായിരുന്നു എക്കാലത്തും.സച്ചിദാനന്ദനാകട്ടെ,
   പുതുകവികളുടെ രചനകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത് അവരെ വിശ്വപ്രസിദ്ധിയിലേക്കു നയിച്ചു.

   ഇനി മുഖ്യധാരാപ്രസിദ്ധീകരണങ്ങളോ? മാതൃഭൂമി, കലാകൌമുദി, ഭാഷാപോഷിണി, മാധ്യമം,സമകാലീനമലയാളം തുടങ്ങിയ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ, കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏറ്റവും കൂടുതൽ പ്രസിദ്ധീകരിക്കപ്പെടുന്നത് പുതുകവികളുടെ രചനകളാണ്.മുഖ്യധാരയിൽ എത്രയോ കാലമായി പുതുകവിതാചർച്ച നടന്നുവരുന്നു.ഡി.സി. ബുക്സ്, കറന്റ് ബുക്സ് എന്നീ മുഖ്യധാരാപ്രസിദ്ധീകരണങ്ങളല്ലേ പുതുകവിതക്കൂട്ടം, പുതുമൊഴിവഴികൾ എന്നീ പുസ്തകങ്ങളും അനേകം പുതുകവിതാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചത്?

   ഇനി സർക്കാരോ? പല പുതുകവികളെയും സഹിത്യ അക്കാദമി അവാർഡുകൾ നൽകി ആദരിച്ചു. ഇനിയും ആദരിക്കാൻ പോകുന്നു. അനേകം പുതുകവികളുടെ കവിതകൾ എത്രയോ കാലമായി സ്കൂൾ-കോളെജ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

   ഇനി poetry international എന്ന site നോക്കു. ആരൊക്കെയാണു മലയാളകവിതയെ രാഷ്ട്രാന്തരീയ തലത്തിൽ പ്രതിനിധീകരിക്കുന്നത്?
   സച്ചിദാനന്ദനെയും കെ.ജി.എസ്സിനെയും കൂടാതെ ഇ.വി.രാമകൃഷ്ണൻ, എസ്.ജോസഫ്, പി.പി.രാമചന്ദ്രൻ,രാഘവൻ അത്തോളി, വീരാൻ‌കുട്ടി എന്നീ പുതുകവികൾ മാത്രമല്ലെ?( അക്കിത്തവും സുഗതകുമാരിയും പോലും ഇല്ല.)

   അപ്പോൾപ്പിന്നെ ആരാണിവിടെ പുതുകവിതയെ വിമർശിക്കുന്നത്? എന്ത് അംഗീകാരത്തിന്റെ കുറവാ‍ണു പുതുകവികൾക്ക്?

   എനിക്കെതിരായ വിമർശനങ്ങളുടെ ഒരു വൻ ശേഖരം എന്റെ കയ്യിലുണ്ട്.അതിൽ പുതുകവികളുടെയും പുതുനിരൂപകരുടെയും സംഭാവന ഒട്ടും ചെറുതല്ല.ചില പുതുകവികൾ എനിക്കെതിരായി നടത്തിയ ഗൂഢാലോചനകളുടെയും ദുർമന്ത്രവാദങ്ങളുടെയും സംസ്കാരശൂന്യമായ കഥകൾ ഇവിടെ പറയാൻ കൊള്ളുന്നതല്ല.അതൊക്കെ ഓർത്തു പറഞ്ഞുപോയതാണ്.

   • 7 athe ഒക്ടോബര്‍ 26, 2010 -ല്‍ 6:34 am

    “ഗൂഢാലോചനകളുടെയും ദുർമന്ത്രവാദങ്ങളുടെയും സംസ്കാരശൂന്യമായ കഥകൾ ”

    ithu possibla aanennu thonniyathu facebookil angamaayappolanu

   • 8 മനോജ് കുറൂര്‍ ഒക്ടോബര്‍ 26, 2010 -ല്‍ 6:55 am

    പ്രിയകവേ, പുതുകവികളും മുതിര്‍ന്ന കവികളും തമ്മില്‍ എന്നുള്ളതിനെക്കാള്‍ കവികള്‍ തമ്മിലുള്ള സംവാദത്തിലും സ്നേഹം നഷ്ടപ്പെടാതെതന്നെയുള്ള വിമര്‍ശനത്തിലുമൊക്കെ എപ്പോഴും സന്തോഷമേ തോന്നാറുള്ളൂ. അതു സാധ്യമാകുന്ന ഒരു ഗോത്രബന്ധം കവിതാരംഗത്തുള്ളവര്‍ തമ്മില്‍ നിലനില്‍ക്കണം എന്നും എപ്പോഴും ആഗ്രഹിക്കാ‍ാറുണ്ട്. സച്ചി മാഷിന്റെ കാര്യം ഉദാഹരണം. ചിലപ്പോഴൊക്കെ വികാരഭരിതനാകുമെങ്കിലും പിന്നീടുള്ള കവികളുമായി വ്യക്തിപരവും സംവാദപരവുമായ ഒരു ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണല്ലൊ അദ്ദേഹം പുതുകവിതാവിവര്‍ത്തനങ്ങളും ഒപ്പം വിമര്‍ശനങ്ങളും നിര്‍വഹിക്കാറുള്ളത്. ഞാനറിയുന്ന പുതുകവികളും അങ്ങനെതന്നെയാണെന്നു തോന്നുന്നു. ‘യുവകവി വിമര്‍ശകനോട്’, ‘ആട്ടിന്‍‌കാട്ടം’ തുടങ്ങിയ കവിതകളില്‍ സച്ചിദാനന്ദന്‍ പുതുകവിതയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടല്ലൊ. എങ്കിലും അദ്ദേഹവും പിന്നീടുള്ള കവികളുംതമ്മില്‍ വൈയക്തികമായ വിദ്വേഷം ഉണ്ടായതായി തോന്നുന്നില്ല. മുതിര്‍ന്ന കവികളുടെ കവിതകളെ എപ്പോഴെങ്കിലും വിമര്‍ശിക്കേണ്ടി വന്നാലും അത് ഒരിക്കലും സ്നേഹം നഷ്ടപ്പെടുന്ന തരത്തിലാവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കറുണ്ട്. എന്റെ ഗവേഷണവിഷയംതന്നെ താങ്കള്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കവികളെക്കുറിച്ചായിരുന്നു എന്നും ഓര്‍ക്കട്ടെ. (ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ജി., ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, ഇടശ്ശേരി, പി., ബാലാമണിയമ്മ എന്നിവരുടെയും തുടര്‍ന്ന് അയ്യപ്പപ്പണിക്കര്‍, കക്കാട്, ആറ്റൂര്‍, കാവാലം, ഗോവിന്ദന്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ഞുണ്ണി എന്നിവരുടെയും കവിതകളിലെ രൂപപരമായ പരീക്ഷണങ്ങളായിരുന്നു വിഷയം. കൂടാതെ അയ്യപ്പത്ത്, ആര്‍. രാമചന്ദ്രന്‍, സുഗതകുമാരി എന്നിവരുടെ കവിതകളെക്കുറിച്ചുള്ള സാമാന്യനിരീക്ഷണങ്ങളും) ഗവേഷണത്തിന്റെ പേരിലായാലും ആ കവിതകള്‍ ആവുന്നത്ര ശ്രദ്ധയോടെ വായിക്കാനായി എന്നത് എന്റെ വലിയ ഭാഗ്യമാണ്. മുതിര്‍ന്ന കവികളോടുള്ള സമീപനം എന്തെന്നതിന് ഉദാഹരണമായി മാത്രമാണ് ഇക്കാര്യം പറഞ്ഞത്.

    പുതുകവികളിലാരെങ്കിലും താങ്കള്‍ക്കെതിരേ ഉപജാപങ്ങള്‍ നടത്തിയെങ്കില്‍ താങ്കളെപ്പോലെതന്നെ അര്‍ഹിക്കുന്ന അവജ്ഞയോടെ ഞാനും അതിനെ അവഗണിക്കുന്നു. കവികള്‍ തമ്മിലുള്ള ഗോത്രബന്ധം എന്ന പഴയ വിശ്വാസം തുടരാന്‍‌തന്നെയാണ് എനിക്കിഷ്ടം. വിമര്‍ശങ്ങള്‍ പുതുകവികള്‍ തമ്മിലും സാധ്യമാകുന്നത് ഇത്തരം ഒരു ഗോത്രബന്ധം നിലനില്‍ക്കുന്നതുകൊണ്ടാണെന്നു തോന്നുന്നു. അവരില്‍ ആരെയും എത്ര രൂക്ഷമായും വിമര്‍ശിക്കാവുന്ന സാഹചര്യമുണ്ടാകുന്നത് സൌഹൃദത്തിന്റെ കരുത്തുകൊണ്ടാണല്ലൊ. താങ്കളോട് ബഹുമാനവും സ്നേഹവുമല്ലാതെ വിദ്വേഷത്തിന്റെ ഒരു കണിക പോലും എനിക്കില്ല എന്നു പറഞ്ഞുകോള്ളട്ടെ. ഉപജാപങ്ങള്‍ക്ക് ഇല്ലാതാക്കാനാവാത്ത കരുത്ത് താങ്കളുടെ കവിതയ്ക്കുണ്ടല്ലൊ. സംവാദങ്ങളും ഉപജാപങ്ങളും രണ്ടാണെന്നുതന്നെ കരുതുന്നു.

    പോയട്രി ഇന്റര്‍നാഷനല്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിതയുടെ പ്രാതിനിധ്യത്തില്‍ എനിക്കും സംശയമുണ്ട്. അതില്‍ താങ്കള്‍ സൂചിപ്പിച്ച കവികളും താങ്കളും ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രധാനകവികള്‍ ഉള്‍പ്പെടേണ്ടതുണ്ട്. മലയാളത്തിലെ നല്ല വിവര്‍ത്തകര്‍ ഇക്കാര്യത്തില്‍ മുന്‍‌കൈ എടുക്കും എന്നു പ്രതീക്ഷിക്കട്ടെ.

    പുതുകവിതയ്ക്ക് സംകാലികമാധ്യമങ്ങളില്‍ ഇടം‌കിട്ടുന്നത് സ്വാഭാവികമല്ലേ? അതു മുതിര്‍ന്ന കവികളുടെ ഇടം അതുകൊണ്ട് ഇല്ലാതാകുന്നു എന്നു ഞാന്‍ കരുതുന്നില്ല. മുതിര്‍ന്ന കവികള്‍ എഴുതുന്നതിനെ മാധ്യമങ്ങളോ വായനക്കാരോ ആഘോഷിക്കുന്നതിലും ഒരു അസഹിഷ്ണുതയും എനിക്കില്ല എന്നുകൂടി ചേര്‍ക്കട്ടെ. താങ്കളുടെ മറുപടിയില്‍ വളരെ സന്തോഷം. നന്ദി 🙂

 5. 9 joshytk ഒക്ടോബര്‍ 22, 2010 -ല്‍ 4:10 pm

  ബാലചന്ദ്രന്‍ ച്ചുള്ളിക്കാടുമായുള്ള അഭിമുഖം വളരെ ആവേശത്തോടെയാണ് വായിച്ചത് . ഞാന്‍ വായിക്കാന്‍ തുടങ്ങുന്നിടത്ത് കേട്ട ഒരു പരുക്കന്‍ ശബ്ദമായിരുന്നു ചുള്ളിക്കാടിന്റെത്.ആ ശബ്ദമാകട്ടെ എന്നെ അനുഭവിപ്പിച്ചത് എന്റെ ചെറിയ അമ്മാവനായിരുന്നു. ഒരു പുലരി എവിടെയോ ചുവന്നിരിക്കുന്നു എന്നറിഞ്ഞു അത് തേടി പോയ ഒരാള്‍, അയ്യാള്‍ കയറിവന്നത് കുറെ കവിതയുമായി. ഇന്നും അയാള്‍ മനസിന്റെ താളം വീണ്ടെടുക്കാന്‍ ഉറക്കെ ചൊല്ലുന്നത് ചുള്ളിക്കാടിനെ. അതുകൊണ്ട് തന്നെ ചുള്ളിക്കാടിനെ എനിക്കിഷ്ട്ടമാണ്.ആരെന്തൊക്കെ പറഞ്ഞാലും ..
  ഒരു സംശയം ” പരാര്‍ത്ഥം പ്രാണത്യാഗം ചെയ്യാന്‍ ഒരുവനെ സന്നദ്ധനാക്കുന്ന ധാര്‍മിക ശക്തിയാണ് ആത്മീയത എന്ന നിരിക്ഷണം ഒരു കല്ലുകടിയായി തോന്നുന്നു.ചുള്ളിക്കാട് അങ്ങനെ തന്നെ ആണോ പറഞ്ഞതെന്ന് ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

 6. 10 devaraj ഒക്ടോബര്‍ 22, 2010 -ല്‍ 5:56 pm

  “ആചാര്യന്മാരുടെയോ നിരൂപകരുടെയോ വായനക്കരുടെയോ അഭിപ്രായമനുസരിച്ച് എഴുതിട്ടിയില്ല.” അത് തുടങ്ങിയാല്‍ അന്ന് കവി മരിക്കും.

  ഈ പംക്തി കുറച്ചു കൂടി subject oriented ആയാല്‍ കൊള്ളാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്.

  ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലുള്ള ഒരു കവിക്ക് കവിതയെ കുറിച്ച് ഒരു പാട് പറയാനുണ്ടാകും (മറ്റാര്‍ക്കും അത് പറയാനും പറ്റില്ല). അത് കേള്‍കാന്‍ എന്നെ പോലെ പലരും ഉണ്ടാകും എന്ന് തോന്നുന്നു.

 7. 11 വി.എസ്.ജ്യോതികുമാര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 5:21 am

  ഭയവും ആത്മനിന്ദയും അപകര്‍ഷതാ ബോധവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ശൂന്ന്യതാ ബിംബങ്ങള്‍ ബാലേട്ടന്റെ ഒട്ടുമിക്ക കവിതകളിലും നിറഞ്ഞു നിന്നിരുന്നു.
  സ്നേഹവും ലാളനകളും അന്യമായിരുന്ന ഒരു വലിയ സമൂഹം ആ കവിത പടര്‍ത്തിയ അഗ്നിയില്‍ ഊളിയിട്ട് നിര്‍വൃതിയടഞ്ഞു. എനിയ്ക്ക് ബാലേട്ടന്റെ കവിതകള്‍ ഇഷ്ടമാണ്. ഓ.എന്‍. വി യുടെയും മധുസൂദനന്‍ നായരുടെയും കവിതകള്‍ ഇഷ്ടമാണ്.
  മനോജ് കുറൂരിന്റെ കവിതകളും ഇഷ്ടമാണ്. ഈ കവികളുടെയെല്ലാം കയ്യില്‍ ഒരു കാന്തം ഉണ്ട്…എന്നേപ്പോലുള്ള വായനക്കാരനെ അവന്റെ അറിവോ സമ്മതമോ കൂടാതെ അവരുടെ രചനകളിലെയ്ക്ക് ആവാഹിച്ചെടുക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങള്‍ ബഹിര്‍ഗമിപ്പിയ്ക്കുന്ന ഒരത്ഭുത കാന്തം..!!!

 8. 12 asish ഒക്ടോബര്‍ 23, 2010 -ല്‍ 3:12 pm

  ‘ചുള്ളിക്കാടിന്റെ കവിതകള്‍’ ഒരു വിശുദ്ധ ഗ്രന്ഥമായി ഞാന്‍ സൂക്ഷിച്ചിരിക്കുന്നു… വികാര-വിചാര വേലിയേറ്റങ്ങളില്‍ ഒരു വിശ്വാസി തന്റെ വിശ്വാസ ഗ്രന്ഥത്തെ സമീപിക്കുന്ന പോലെ ഞാനും ‘ചുള്ളിക്കാടിന്റെ കവിതകളെ’ സമീപിക്കുന്നു… വീണ്ടും വീണ്ടും വയിച്ചുകൊണ്ടേ ഇരിക്കുന്നു. ആവേശവും ആനന്ദവുമാണ് ആ കവിതകള്‍…
  ‘അല്പപ്രതിഭ’ എന്റെ മനസ്സില്‍ വിശ്വപ്രതിഭയാണ്… നന്ദി..

 9. 13 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:10 pm

  ജോണ്‍ അബ്രഹാമിനും അയ്യപ്പനും ശേഷം മലയാളത്തിന്റെ സ്വന്തം എന്ന് പറയാന്‍ ജാടകളില്ലാത്ത ബാലേട്ടന്‍ മാത്രം…. എന്തും എവിടെയും വെട്ടിത്തുറന്നു പറയുവാനുള്ള ചങ്കൂറ്റം …. ശരിക്കും ഒരു റിബല്‍…. ആ റിബലിനെ ആണ് എനിക്കിഷ്ടം. കാരണം എനിക്കും ഒരു റിബല്‍ ആകണം. അല്ലെങ്കില്‍ എന്നിലും ഒരു റിബല്‍ മറഞ്ഞു കിടപ്പുണ്ട്… നന്മ മാത്രം ആശംശിക്കുന്നു കവിക്ക്‌…. ഇനിയും ഞങ്ങളെ ത്രസിപ്പിക്കുവാനുള്ള ബാല്യം ആ കണ്ണുകളില്‍ ഒളിഞ്ഞു കിടപ്പുണ്ട്…

 10. 14 ജെയിംസ്‌ ഒക്ടോബര്‍ 24, 2010 -ല്‍ 2:50 am

  ബാലചന്ദ്രന്‍ ചുള്ളിക്കാട്, മലയാളികളുടെ വികാരം ആണ്, മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ കവി. ഇന്നും മലയാളത്തില്‍ മറ്റേതൊരു കവിക്കും കിട്ടാത്ത ആരാധനന കവിത എഴുത്ത് നിര്‍ത്തിയിട്ടും ചുള്ളിക്കാട് മാഷിനു ലഭിക്കുന്നു. അന്യന്‍ പറഞ്ഞത് ശരിയാണ്, സാധാരണ മനുഷ്യരോട് സംവദിക്കുക അതായിരുന്നു കവി ചെയ്തിരുന്നത്.

  “ആചാര്യന്മാരുടെയോ നിരൂപകരുടെയോ വായനക്കരുടെയോ അഭിപ്രായമനുസരിച്ച് എഴുതിട്ടിയില്ല” പക്ഷെ അദേഹം എഴുതിയത് കേരളീയ മനസ്സിന്റെ ആത്മഗതം ആയിരുന്നു.

 11. 15 P.M.Ali ഒക്ടോബര്‍ 26, 2010 -ല്‍ 10:55 am

  നാല്പതിലേറെ കൊല്ലങ്ങള്‍ക്കു മുംബു നാടു വിട്ട ഞാന്‍ മറ്റുള്ളവരുടെ നിരൂപണത്തിലൂടെ ഈ കവിയെ ആദ്യം കണ്ടു. ഡോക്റ്റര്‍ എം.ലീലാവതി വളരെപ്പുകഴ്ത്തി എഴുതിയ ഒരു പഠനമായിറ്രുന്നു അതു. നാട്ടില്‍ വന്നപ്പോള്‍ ആദ്യം തെടിപ്പിടിച്ചതും ആ കവിതകളായിരുന്നു.ഇന്നും വായ്ക്കത്ത കവിതകള്‍ തേടുന്നു. എഴുത്തു നിറുത്തി എന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ഇതു വായിച്ചപ്പോള്‍ സന്തോഷവും. നന്മ നേരുന്നു, തണുത്ത ഈ നാട്ടില്‍ നിന്നും.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: