ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍

വിപ്ലവത്തിന്റെ ഇടവഴികളില്‍ ജീവിതം മറന്നുവെച്ചുപോയ, ചരിത്ര പുസ്തകത്താളുകളിലെവിടെയും ഇടം പിടിക്കാതെ പോയ ഇങ്ങനെചിലരുണ്ട്….മൂല്യബോധത്തിന്റെ ഉരകല്ലായി ചരിത്രത്തില്‍ മറഞ്ഞിരിക്കുന്നവര്‍..അപദാനങ്ങളില്ലാത്തവര്‍…ആരാലും കൊണ്ടാടപ്പെടാത്തവര്‍… ഒരിക്കലും വെളിപ്പെടാത്തവര്‍..എന്നാല്‍ വെളിപ്പെട്ടുകൊണ്ടേയിരിക്കേണ്ടവര്‍…. കോങ്ങാട് ജന്മിയുടെ തല വെട്ടിയെടുക്കാന്‍ പോയ നക്സലൈറ്റ് മാണിക്കന്‍നായരെ ഈ ലക്കത്തില്‍ അറിയുക

ഏകോപനം:

പ്രകാശന്‍. പി. പി .
സന്തോഷ്. എഛ്. കെ

1970ജൂലൈ 30

രാത്രി 9 മണി

“എം.എന്‍.രാവുണ്ണിയുടെ നേതൃത്വത്തില്‍ എട്ടുപേര്‍ മുണ്ടൂര്‍ വഴി കോങ്ങാട് നാരായണന്‍ കുട്ടി നായരുടെ വീടിനു സമീപം എത്തി. അന്ന് അവിടെ എന്തോ വിശേഷം നടക്കുന്നുണ്ടായിരുന്നു. മുറ്റത്ത് കുറേ സ്ത്രീകളും കുട്ടികളും. സായുധരായ ഞങ്ങള്‍ നിമിഷനേരം കൊണ്ട് വീടിന്റെ ഉമ്മറത്തെത്തി. സ്ത്രീകളേയും കുട്ടികളേയും നിര്‍ബ്ബന്ധിച്ച് പല മുറികളിലാക്കി വാതിലടച്ചു. നാരായണന്‍ കുട്ടിനായര്‍ എവിടെ എന്നന്വേഷിച്ചു. കുളിക്കുകയാണെന്നറിഞ്ഞു. മറ്റാരെയും ഉപദ്രവിച്ചില്ല. കാരണവരെ തൊട്ടില്ല. ഞങ്ങള്‍ നാലുപേര്‍ പുറത്ത് കാവലിന്. രാവുണ്ണിയും ഭാസ്കരനും ഹംസയും ചാക്കോയും കുളിമുറിയുടെ വാതില്‍ക്കലെത്തി. ശബ്ദം കേട്ട് വാതില്‍ തുറന്ന നാരായണന്‍കുട്ടിനായര്‍ ഭയന്നു വിറച്ച് താക്കോല്‍ക്കൂട്ടം രാവുണ്ണിയെ ഏല്പ്പിച്ച് കൊല്ലരുതെന്ന് അപേക്ഷിച്ചു. ചാക്കോ കുറ്റപത്രം വായിച്ചു……..

1. നിസ്സാരകൂലിക്ക് തൊഴിലാളികളെ കഠിനമായി ജോലിചെയ്യിക്കുന്നു.

2. കൂലി ചോദിച്ചതൊഴിലാളികളെ ഗുണ്ടകളെ ഉപയോഗിച്ച്   ഭീകരമായി പീഡിപ്പിക്കുന്നു.

3. കൂലി കൂടുതല്‍ ചോദിച്ച ഒരു സ്ത്രീയെ മുലയരിഞ്ഞ് പാതി ജീവനോടെ കുഴിച്ചുമൂടി

4. പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുവന്ന് ലൈംഗീകമായി ഉപയോഗിക്കുന്നു.

5. മൂന്ന് ഭാര്യമാരില്‍ ഒരാളെ ലൈംഗീക വൈകൃതത്തിന് വഴങ്ങാത്തതിന് ചവിട്ടിക്കൊന്നു.

6. സ്വത്തില്‍ ഭാഗം കൊടുക്കാതിരിക്കാന്‍ സ്വന്തം മകനെ കൊന്നു കളഞ്ഞു.

കുറ്റങ്ങള്‍ ഒന്നുപോലും അയാള്‍ നിഷേധിച്ചില്ല. സമീപത്തുള്ള കുളത്തിന് സമീപത്തേയ്ക്ക് കൊണ്ടുവന്നു. ഞങ്ങള്‍ എട്ടുപേരും കുളത്തിനു സമീപം എത്തി. ജന്മിയുടെ തല്‍ വെട്ടിയെടുത്ത് മതിലില്‍ വെച്ചു. ‘ജന്മിത്വം തുലയട്ടെ! വിപ്ലവം ജയിക്കട്ടെ!…….. പറളി കിണാവല്ലൂര്‍ മൂത്തേടത്ത് വീട്ടില്‍ മാണിക്കന്‍ നാല്പത്തിയൊന്നു കൊല്ലം പഴക്കമുള്ള സംഭവം യാതൊരു വികാരമൂര്‍ച്ഛയുമില്ലാതെ വിവരിക്കുന്നു.

മാണിക്കേട്ടന്‍ തന്റെ നിറയൗവ്വനം കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന് ഉപാധികളില്ലാതെ സമര്‍പ്പിച്ചതിന്റെ ചരിത്രം പക്ഷേ, നമ്മുടെ വിപ്ലവ ചരിത്രപുസ്തകത്തിന്റെ താളുകളിലെവിടെയും എന്തുകൊണ്ടോ ഇടം നേടിയില്ല..!! മാണിക്കേട്ടന് അതില്‍ പരാതിയുമില്ല..!

ചാരു മജുംദാറിന്റെ നേതൃത്വത്തില്‍ നക്സല്‍ബാരിയില്‍ നടന്ന കര്‍ഷക കലാപം ഇന്ത്യയാകെ വ്യാപിച്ചു. കേരളത്തിലും അതിന്റെ അലയടികള്‍ ഉണ്ടായി. പാലക്കാട്ട് നടന്ന രഹസ്യ യോഗത്തില്‍ കുന്നിക്കല്‍ നാരായണന്‍ പ്രഖ്യാപിച്ചു. ‘ഇന്ത്യന്‍ വിപ്ലവത്തിനു സമയമായി. രാജ്യത്തിന്റെ മോചനം ആസന്നമായിരിക്കുന്നു. പടയാളികളാകാന്‍ തയ്യാറുള്ളവര്‍ ആരൊക്കെ? കുടുംബത്തെ ഉപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ ആരൊക്കെ?  നിമിഷങ്ങള്‍ നീണ്ട നിശ്ശബ്ദത… നീണ്ട നിശ്ശബ്ദതയ്ക്കൊടുവില്‍ അഗാധമായ ആവേശത്തോടെ മാണിക്കേട്ടന്‍ കൈ പൊക്കി… മാണിക്കേട്ടന്‍ തന്നെ പറയുന്നു….. “ഉടുമുണ്ടും ഷര്‍ട്ടും മാത്രം ധരിക്കുക. ഒന്നും കയ്യില്‍ വെക്കരുത്. മരിക്കാന്‍ തയ്യാറായി വരിക. ആഹ്വാനം ആവേശകരമായിരുന്നു…. പറഞ്ഞ ദിവസംതന്നെ ഞാന്‍ തല്‍ശ്ശേരിയില്‍ എത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പേര്‍. വലിയൊരു ബില്‍ഡിങ്ങിലായിരുന്നു രഹസ്യയോഗം. പെട്ടെന്ന് പോലീസ് വരുന്നെന്ന് ആരോപറഞ്ഞു. അകലെ ഒരുതെങ്ങിന്‍ തോപ്പിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ചു. രാത്രി അസമയം. ഏതൊക്കെയോ വഴിയിലൂടെ ഓടി. തെങ്ങിന്‍ തോപ്പിലെത്തി. അവിടെയാണ് ആയുധങ്ങള്‍ ശേഖരിച്ചു വെച്ചത്. അവിടെയും പോലീസ് വരുന്നെന്നറിഞ്ഞു. ഇരുമ്പുകമ്പികൊണ്ട് കെട്ടിയ ആയുധക്കെട്ടുകള്‍ കഴിയവുന്നത്ര ചുമലിലെടുത്ത് ഓടി. ഏഴുനഴിക. തോട്ടിലൂടെ.. പുഴ്യിലൂടെ..മലയിലൂടെ… അങ്ങനെ തലശ്ശേരിയിലെ സ്റ്റേഡിയത്തില്‍ 259 പേര്‍ ഒന്നിച്ചു കൂടി. അവിടെ വെച്ചു പ്ലാന്‍ തയ്യാറാക്കി. പോലീസ് സ്റ്റേഷന്‍ ആക്രമണം, പലചരക്കു കട കൊള്ള, പാലം തകര്‍ക്കല്‍ തുടങ്ങി പതിനാലു പ്ലാനുകള്‍. ആയുധം പങ്കുവെച്ചു. തലശ്ശേരി പോലീസ് സ്റ്റേഷനടുത്തെത്തി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. പോലീസ് വെടിവെച്ചു. തുരുതുരാ വെടികള്‍…ഓടി..വലിയ കാട്ടിലൂടെ…വയനാട്ടിലെ കമ്പമലയായിരുന്നു ലക്ഷ്യം. അവിടെ വര്‍ഗ്ഗീസും മന്ദാകിനിയും അജിതയുമുണ്ട്.” ഒറ്റ ശ്വാസത്തില്‍ മാണിക്കേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാലം പുനര്‍ജ്ജനിക്കുകയായിരുന്നു. കമ്പമലയിലേക്കുള്ള യാത്രാമദ്ധ്യേ പോലീസ് പിടിയിലായ മാണിക്കേട്ടനെ നേരെ കൊണ്ടുപോയത് എം.എസ്.പി.ക്കാരുടെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍,പേരാവൂര്‍ പോലീസ് സ്റ്റേഷനിലേക്കാണ്. പിന്നീടങ്ങോട്ട് ഭീകരമര്‍ദ്ദനത്തിന്റെ നാളുകളായിരുന്നു. ഇതിനിടയിലെപ്പൊഴോ കണ്ണൂര്‍ സെണ്ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുവന്നത് മാണിക്കേട്ടന്‍ ഇന്നും വര്‍ദ്ധിത് വീര്യത്തോടെ ഓര്‍ക്കുന്നു. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല, കെ.പി.ആര്‍.ഗോപാലനെ തളച്ച സെല്ലിലായിരുന്നു തന്നെയും തടവിലിട്ടതെന്ന അറിവ് അഭിമാനമായി മനസ്സില്‍ നിറയുന്നത് കൊണ്ടാണ്! ഇതിനിടയില്‍ ഒരുദിവസം എ.കെ.ജി.യും സുശീലയും ജയിലില്‍ വന്നത് മാണിക്കേട്ടന്‍ മറന്നിട്ടില്ല. പുല്‍പ്പള്ളിക്കേസില്‍ താന്‍ പ്രതിയല്ലെന്നും ചരിത്രം പറച്ചിലിന്റെ ഭാഷ സത്യസന്ധതയുടേതാവണമെന്നും ഇതിനിടയില്‍ മാണിക്കേട്ടന്‍ കര്‍ശനമായി ഓര്‍മ്മിപ്പിക്കുന്നു. “ഞാന്‍ പറയാത്ത വാക്കും വാചകവും അതില്‍ ചേര്‍ക്കരുത്.” പോയകാലത്തിന്റെ സമരാനുഭവങ്ങള്‍ വീറോടെ വാദിച്ച് സ്ഥാപിച്ചെടുക്കുന്നവര്‍ക്കിടയില്‍ ഈ മനുഷ്യന്‍ കൂടുതല്‍ വിനീതനാകുന്നു. “കോങ്ങാട് കേസ് പ്രതികള്‍ എന്ന നിലയില്‍ ഞങ്ങളെ ഒരുമിച്ച് താമസിപ്പിച്ചില്ല. പരസ്പരം കാണാന്‍ പോലും സമ്മതിച്ചില്ല. പ്രത്യേകം പ്രത്യേകം മുറികളില്‍ പൂട്ടിയിട്ടു. മൂന്നു മിനുട്ടു കക്കൂസില്‍ പോകാന്‍,മൂന്നു മിനുട്ട് കുളിക്കാന്‍. ഒരു മിനുട്ട് അധികമായാല്‍ മര്‍ദ്ദനം. ജയിലില്‍ ദുരിദം കൂടി. ചോറില്‍ കല്ലും നെല്ലും തലനാരും. പരാതി പറഞ്ഞാല്‍ അഞ്ചും ആറും പേര്‍ ചേര്‍ന്ന് മണിക്കൂറുകളോളം മര്‍ദ്ദിക്കും. പലരും അസഹനീയമായ പീഡനത്താല്‍ നിശ്ശബ്ദരായി. മൂന്നു പേര്‍ ഭ്രാന്തന്മാരായി..”

കാലം കുറവല്ലാത്ത അര്‍ത്ഥദീര്‍ഘമായ ജീവിതത്തിന്റെ ഇങ്ങേ തലയ്ക്കല്‍ മാണിക്കേട്ടന്‍ ഇപ്പോഴും സംതൃപ്തനാണ്. രോഗം കൂട്ടിനെത്തുന്ന വാര്‍ദ്ധക്യത്തില്‍ താന്‍ കൃസ്തീയ സഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും മാണിക്കേട്ടന് കൃത്യമായ ബോധ്യങ്ങളുണ്ട്.ഇത് തീവ്രവിപ്ലവക്കാരുടെ സ്വാഭാവിക പരിണാമമാണെന്നു കരുതിപ്പോയാല്‍ നമുക്ക് തെറ്റി. കുറ്റബോധത്തിന്റെ ലാഞ്ചന പോലുമില്ലാതെ മാണിക്കേട്ടന്‍ പറയുന്നു..”കോങ്ങാട് സംഭവം ഇന്ന് തെറ്റായി തോന്നിയേക്കാം. പക്ഷേ, അന്ന് അത് ശരിയായിരുന്നു..” ജന്മിത്വത്തിന്റെ തല കൊയ്യാന്‍ വീടും കുടുംബവും രക്തബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച ഈ വിപ്ലവകാരി ഏണ്‍പത്തി ഏഴാം വയസ്സിലെത്തിയെങ്കിലും ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാനിടയില്ല. കാരണം ജയിലറ്യ്ക്കുള്ളില്‍ നിലാവുദിക്കില്ലല്ലോ….

24 Responses to “ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍”


 1. 2 ജെയിംസ്‌ ഒക്ടോബര്‍ 22, 2010 -ല്‍ 3:05 am

  അവഗണിക്കപ്പെട്ടവനെ ആദരിക്കുന്ന, അറിയിക്കുന്ന ഈ പരമ്പര വളരെ ഹൃദ്യം.

 2. 3 savithri ഒക്ടോബര്‍ 22, 2010 -ല്‍ 5:03 am

  നീതിക്ക് വേണ്ടി പൊരുതിയ എത്ര ജീവിതങ്ങള്‍ ! നന്നായി അവതരിപ്പിച്ചു. നന്ദി

 3. 4 komath bhaskaran ഒക്ടോബര്‍ 22, 2010 -ല്‍ 5:04 am

  ഓഫീസി മുറിയിലെ എക്സിക്യൂട്ടീവ് ചെയറില്‍ ഇരുന്നു വായിക്കുകയാണെങ്കിലും
  മനസ്സും ശരീരവുമൊക്കെ എഴുപതുകളിലേക്ക് നീങ്ങുന്നു..
  വാക്കുകല്‍കതീതമാണ് ഈ പരിചയപ്പെടലിന്റെ സന്തോഷം..

 4. 5 Rajesh Mc ഒക്ടോബര്‍ 22, 2010 -ല്‍ 5:06 am

  ചരിത്ര പുസ്തകങ്ങള്‍ മറക്കരുതായിരുന്നു ഇവരുടെ നാള്‍ വഴികള്‍… കൌമാര യൌവ്വനങ്ങള്‍ വരും തലമുറയ്ക്ക് തീറെഴുതിക്കൊടുത്ത ഇവരുടെ ജീവിതത്തെ…

 5. 6 ഒ.കെ.സുദേഷ് ഒക്ടോബര്‍ 22, 2010 -ല്‍ 6:19 am

  ഹ ഹ ഹ…
  ചുരുക്കത്തിൽ ശ്രീനിവാസൻ ഉണ്ടാക്കണേ എന്ന് പ്രാർത്ഥനയുള്ള ഒരു സിനിമയെ പോലെ ഹൃദ്യം. മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ, എന്തൊരു വെയ്സ്റ്റ് കോരന്മാർ ഈ ഖലന്മാർ നക്സ്സലന്മാർ എന്നാലൊചിച്ചുപോയി!
  വേറൊരാളുടെ അന്വേഷണം കൊണ്ടെത്തിച്ചത് (http://surendranp.blogspot.com/2008/01/autumn-of-naxalite.html) പങ്കെടുത്തവരിൽ ഭാസ്ക്കരനായിരുന്നു കൊന്നത് എന്നായിരുന്നു. വേറൊരുത്തനും കൂടി സഹായിച്ചുവത്രെ. ഭാസ്കരന്റെ വിവരണം മേൽപ്പറഞ്ഞതിൽനിന്ന് വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. ചുരുക്കത്തിൽ, തങ്ങളിൽ ആരാണ് കൊന്നത് എന്നും എങ്ങിനെയാണ് തലയറുത്ത് മാറ്റിയത് എന്നു പോലും അവരിലാർക്കും കൃത്യമായി പറയാൻ പറ്റുന്നില്ല. ഒരാൾ കുളത്തിനരികെ കൊണ്ടുപോയി കൊന്നു എന്നാണെങ്കിൽ മറ്റൊരുവൻ വേറൊരു ഭാഗത്ത്. ഇതിനൊക്കെ പുറമെയാണ് ഇരയുടെ മകന്റെ ദൃശ്യവിവരണം. താക്കോൽ പഴുതിലൂടെ തലയറുത്തെടുക്കുന്നത് കണ്ടുവത്രെ കക്ഷി.

  ഒന്നുകിൽ ചെയ്തതിലെ അധമത്വം വധകർത്താക്കളെ അന്നേ തീണ്ടിയിരുന്നു. ജയിലിൽ ചായ കുടിയ്ക്കാൻ കിട്ടാത്തതിനും മര്യാദയ്ക്ക് തൂറാൻ സമ്മതിയ്ക്കാത്തതിനും അസാരം വിഷമം രേഖപ്പെടുത്തുന്നുണ്ടുതാനും. എന്തൊരു ഉലയ്ക്ക പുഴുങ്ങിയ നക്സിലഗാത്രന്മാർ! ചെയ്തതാണെങ്കിലോ ഒരു അക്രമിയെ കൂട്ടം ചേർന്ന് വധിയ്ക്കലും. പേടിച്ചിട്ട് എന്തൊക്കെയോ ചെയ്തതതുപോലുണ്ട്. എന്തൊയ്ക്കയാ അക്കാലത്ത് നാരായണൻകുട്ടി നായരെ പറ്റി പറഞ്ഞുണ്ടാക്കിയത്? കേട്ടിട്ടുണ്ടോ? അയാളൊരു കളരിയഭ്യാസിയായിരുന്നുവെന്ന്. ഒന്നും രണ്ടുമൊന്നും വന്നാൽ കൂട്ട്യാകൂടില്ലായിരുന്നുവത്രെ. അതോണ്ട് രാത്രിനേരത്ത് ഭാര്യയെകൊണ്ട് മേലാസകലം എണ്ണതേപ്പിച്ച് കുളിപ്പിച്ച് കൊണ്ടിരിയ്ക്കുമ്പോഴായിരുന്നു വലിച്ച് പുറത്ത് കൊണ്ടുവന്ന് കൊന്നത് എന്ന്. വെട്ടിയിട്ടും വെട്ടിയിട്ടും കഴുത്ത് മുറിയുന്നില്ലത്രേ. ക്ണാപ്പന്മാർ കൃത്യത്തിനു കൊണ്ടുപോയ കത്തിയെ ഒന്നു ഓർത്തുനോക്കൂ.

  കേരളത്തെ ഞെട്ടിവിറപ്പിച്ച ‘നൂസ്’ ആയിരുന്നുവത്രെ ഒരുകാലത്തിത്! എങ്ങിനെ?

  • 7 Pradheesh KP ഒക്ടോബര്‍ 10, 2011 -ല്‍ 11:31 pm

   Differences in narrations of the incident is a fact as you said. But there are some similarities too in these narrations. Bhaskaran says, there were 21 people ( 3 groups of 7 people), victim’s son says (in a short film made by baiju chandran) that he saw and heard the sound of cutting the head. In fact, there is a great deal of hiding of the original incident. Some says, the head was on the ground, while others say it is on the padippura, now manikyan nair says they placed it on the wall.

   And one more thing, in Bhaskaran’s narration, he says Ravunni read the charge sheet, here it is said that chacko did it.

   Activists do not have the courage even to disclose the original incident. If they are feeling guilty of what they have done, then they have to admit it. Otherwise they should show at least the courtesy to say the truth.

   Anyway, I also did not hear anything good about the victim Narayanankutty Nair and his elder brother. Anybody in Kongad will admit that. The whole villagers are against them.

   So no point in supporting them, though, I am not supporting the activists.

   I would like to get more interviews of the persons who took part in Kongad incident. I am also live in a nearby village to Kongad.

   Regarding the weapon they handled, I also have your opinion. They even could not chop the head in a single stroke.

   From where can I get the news papers of those days?

   Please let me know.

   Thanks and bye
   Pradheesh KP

 6. 8 ഫാബിയസ് ഒക്ടോബര്‍ 22, 2010 -ല്‍ 6:35 am

  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ ആത്മാവുള്ള മനുഷ്യര്‍.

 7. 9 SREEJITH ഒക്ടോബര്‍ 22, 2010 -ല്‍ 6:37 am

  ഇത്രയും നല്ല ഒരു ചരിത്ര സ്മരണ പങ്കുവെച്ചതിന് നന്ദി …..

 8. 10 pl lathika ഒക്ടോബര്‍ 22, 2010 -ല്‍ 12:05 pm

  വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍- ആര് തലവെട്ടി, എവിടെവെച്ചു…-അത് അത്രക് പ്രസക്തമാണോ? നാം അന്വേഷികുന്നത് ഒരു അപസര്പക കഥയുടെ കേന്ദ്ര രഹസ്യമല്ലല്ലോ .. സിദ്ധാന്തത്തിന്റെയും , പ്രയോഗരീതിയുടെയും ശരിതെറ്റുകള്‍ കാലത്തിനും വീക്ഷനങ്ങല്കും അനുസരിച്ച് മാറി കൊണ്ടിരിക്കും.എങ്കിലും ഒന്ന് മാത്രം . സമൂഹ മനസ്സാക്ഷിയുടെ പ്രതിനിധികള്‍ എന്ന സ്വയാര്‍ജിത ബോധം അണിഞ്ഞു നടത്തിയ പ്രാദേശിക നീതി നിര്‍വഹണത്തില്‍ ഈയാം പാറ്റകള്‍ പോലെ ,അഗ്നിക്കിരയായ വിരലിലെണ്ണാവുന്ന ഈ യൌവനങ്ങള്‍ പരിഹാസവും ആക്ഷേപവും അര്‍ഹിക്കുന്നില്ല.കാരണം അവര്‍ അധികാരത്തെ വിദൂരമായി പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. അവര്‍ ആദ്യം എത്തിയ പക്ഷികള്‍ ആയിരുന്നു … ആരുടെ കണ്ണുനീരും ഉപ്പു നിറഞ്ഞത്‌ തന്നെ. എങ്കിലും മുറിഞ്ഞു വീണ ആ ശിരസ്സ്‌ മാനുഷികതയുടെ അനുകമ്പ അര്‍ഹികുന്നുന്ടെന്നും തോന്നുന്നില്ല.

  • 11 ഒ.കെ.സുദേഷ് ഒക്ടോബര്‍ 22, 2010 -ല്‍ 3:04 pm

   വിശദാംശങ്ങൾ പ്രസക്തമാവുന്നത് അവർ അതിന്റെ കഥനം നിരവ്വഹിയ്ക്കാനൊരുങ്ങുമ്പോഴാണ്. അല്ലെങ്കിൽ അവർക്ക് അഭിമുഖങ്ങളോടു തന്നെ വൈമുഖ്യം കാണിയ്ക്കാമല്ലോ. അതൊന്നുമല്ല കാര്യം. അവർ അറപ്പോടെ ചെയ്ത ഒരു കാര്യമാണെന്നാണ് ആ ‘കൺഫ്യൂഷൻ’ കാണിയ്ക്കുന്നത്. ഒരാളുടെ തല മുറിച്ചെടുത്ത് എല്ലാവർക്കും കാണുന്ന വിധത്തിൽ വെയ്ക്കുക എന്നത് ചില്ലറ കാര്യമല്ല. അതിന് ഒരു ക്രിമിനൽ മനസ്ഥിതി വേണം. അന്ന് മാതൃഭൂമി പത്രത്തിൽ വന്ന ആ ചിത്രം എനിയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ കൃത്യവും അതിന്റെ പത്രചിത്രപ്രദർശനവും മലയാളിയുടെ മനസ്സിലെ ടെററിസത്തോടുള്ള ദീനാനുകമ്പയെ കാണിയ്ക്കുന്നു. അതൊരു ജനതയുടെ വയലൻസിനോടുള്ള ഗുപ്തമായ പ്രതിപത്തി കൂടിയാണ്.

   നക്സലിസം ഒരു റൊമാന്റിൿ മൂവ്മെന്റ് മാത്രം. അത് ഒരുപക്ഷെ നക്സൽബാരിയിൽ ഗൌരവപൂരവ്വം ആവശ്യമായിരുന്നതായിരിയ്ക്കാം. എന്നാൽ കേരളത്തിൽ അതങ്ങിനെ അല്ലായിരുന്നു എന്നതിനുള്ള തെളിവ് മലയാളികൾ അത്തരം ‘പരിഹാരങ്ങളെ’ തള്ളിക്കളഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.

   ജയിലിൽ നിന്ന് പുറത്തിറങ്ങിയവർ ഓരോരുത്തരായി പലമാതിരിയിൽ ആ പ്രസ്ഥാനത്തിൽ നിന്ന് ‘മതം മാറി’. മിക്കവരും കല്യാണവും കുട്ടികളും കുടുംബവുമായി വ്യവസ്ഥാപിതരായി. അവരുടെ കുട്ടികളോട് ആരുടേയെങ്കിലും തല പോയി വെട്ടിയെടുത്തു കൊണ്ടുവരാൻ പറയുമോ എന്നറിയില്ല. അവരെയെല്ലാം പഠിപ്പിയ്ക്കുന്ന രീതി കണ്ടാൽ അത് ചെയ്യാൻ പ്രേരിപ്പിയ്ക്കുമെന്നും തോന്നുന്നില്ല. വെട്ടാൻ പറ്റുന്ന തലയൊന്നും ഇക്കാലത്തും ഇല്ല എന്നതുകൊണ്ടും അല്ലല്ലൊ അങ്ങിനെ. പക്ഷെ ഇപ്പോഴും ഈ കോപ്പന്മാരോട് ഒന്നു ചെന്നു ചോദിച്ചുനോക്കൂ, അവരുടെ ആ മുൻകാല കൃത്യത്തെപറ്റി? അവരതിനെ ഉളുപ്പില്ലാതെ ഡിഫൻഡ് ചെയ്യും. അതിനെ ആർജ്ജവം എന്നല്ല നാം വിശേഷിപ്പിയ്ക്കേണ്ടത്, തങ്ങൾ എപ്പോഴും ‘ശരി’യാണെന്ന് സ്ഥാപിച്ചെടുക്കുന്ന ഹ്യൂമൻ സൈക്കോളജി എന്നാണ്. അതൊരു ഇൻസുലെയ്ഷനാണ്; ആത്മവിമർശനത്തിൽ നിന്നും അന്യവിമർശനത്തിൽ നിന്നും.

   അവരുടെ വധപ്രസ്ഥാനം വിജയിച്ചിരുന്നുവെങ്കിൽ നാമാരും ഫെയ്സ്ബുക്കിൽ വന്ന് ഇങ്ങിനെ കളി പറയുമായിരുന്നില്ല. ഇത്ര ആയുസ്സ് പോലും എത്തുമായിരുന്നില്ല. ഈ വിവരംകെട്ട പെർവെർട്ടഡ് കൊലപാതകികളാലോ അവരുടെ അനുയായികളാലോ നമ്മുടെ രണ്ടു തലമുറയെങ്കിലും ഇതിനകം ഒടുങ്ങിപ്പോയേനേ!

 9. 12 സതീശന്‍ പുതുമന ഒക്ടോബര്‍ 22, 2010 -ല്‍ 12:57 pm

  അക്കാലത്ത് പാലക്കാട്ട് നിന്ന് കോങ്ങാടിന്നപ്പുറത്തുള്ള ഞങ്ങളുടെ ഗ്രാമത്തിലേയ്ക്കുള്ള ബസ് യാത്രയില്‍,നാലോ അഞ്ചോ സ്റ്റോപ്പുകള്‍ക്ക് മുമ്പേ,കോങ്ങാട് ഇറങ്ങി, നടന്നു ഞാന്‍ നാലഞ്ചു തവണ. -വഴിയില്‍ കാണുന്ന ഗ്രാമീണരോട്, വെറുതെ ആ കൊലപാതകത്തില്‍ അവരുടെ അഭിപ്രായം അന്വേഷിക്കാരുണ്ടായിരുന്നു-ഓരോ അഭിപ്രായവും തുടങ്ങിയത് ‘ദുഷ്ടനായിരുന്നു -നാട്ടുകാരെ ഒരുപാട് ദ്രോഹിച്ചിട്ടു ണ്ട്’എന്ന അര്‍ത്ഥം വരുന്ന വാക്കുകളിലായിരുന്നു -വിശ്വാസത്തിന്റെ ശക്തിയില്‍, സമൂഹത്തില്‍ സ്ഥിതിസമത്വം വരുത്താമെന്ന മോഹത്തോടെ വ്യവസ്ഥിതിയോട് സന്ധിയില്ലാത്ത സായുധ സമരത്തിനു ഒരുങ്ങി ഇറങ്ങിയ ഒരു ചെറിയ സംഘം ആള്‍ക്കാര്‍ -എവിടെയും എത്താതെ മരിച്ചു പോയവര്‍ -യൌവനം മുഴുവന്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ തീര്‍ത്തവര്‍- കോടികളുടെ അഴിമതികളെ കുറിച്ചും സ്വജന പക്ഷപാതങ്ങളെക്കുറിച്ചും എം.എല്‍.എ.മാരുടെ കുതിരക്കച്ചവടങ്ങളെക്കുറിച്ചും വായിച്ചു രസിക്കുന്നതിന്നിടയ്ക്കുള്ള കമേഴ്സ്യല്‍ ഇന്റ്റര്‍ വെല്ലുകളില്‍ അവരെ ഓര്‍ക്കാനും അല്പം സമയം ആയിക്കൂടേ?

  • 13 ഒ.കെ.സുദേഷ് ഒക്ടോബര്‍ 22, 2010 -ല്‍ 6:28 pm

   അക്കാലത്ത് ഒരുവിധം ഗ്രാമങ്ങളിലെല്ലാം ഇത്തരം വില്ലന്മാരുണ്ടായിരുന്നു. ആരെയും വകവെയ്ക്കാതെ വില്ലത്തരം കാണിച്ചിരുന്നതു കൊണ്ട് അവരെയെല്ലാം എല്ലാവർക്കും തൊട്ടുകാണിച്ചുതരാൻ പോലുമാവുമായിരുന്നു. ഇന്നും അതേ തരം വില്ലന്മാർ ഇവിടങ്ങളിലെല്ലാമുണ്ട്. പണ്ടത്തേക്കാൾ കൂടുതലുണ്ട് എന്നു തന്നെ പറയാം. പക്ഷെ ഒരു മറയിട്ടാണ് വില്ലത്തരങ്ങളൊയ്ക്കെ എന്നേയുള്ളു വ്യത്യാസം. അത്തരക്കാരെയൊന്നും ഒരു സമൂഹത്തിനും തീർത്തും കൊന്നൊടുക്കാൻ കഴിയാറില്ല. ഇതെല്ലാം നന്നായി തൂത്ത് വൃത്തിയാക്കി ക്ലീൻ സ്ളെയ്റ്റിൽ ഒരു ജനതയെ വാർത്തെടുക്കൽ എന്ന വിക്രസ്സൊന്നും ഓർഗാനിൿ അല്ല. മാത്രമല്ല, അതിൽ നിന്നൊക്കെയാണ് റ്റോട്ടലിറ്റേറിയനിസം രൂപപ്പെടുന്നതും. വില്ലത്തരം കാണിച്ചിരുന്നവനേക്കാൾ ഒട്ടും മോശമല്ല അവന്മാരുടെ കഴുത്തറുക്കാൻ യുഗേ യുഗേ സംഭവിയ്ക്കുന്ന ഈ ഒരുങ്ങിപ്പുറപ്പെട്ടവരും. അങ്ങിനെ ജനങ്ങളുടെ പിരടിയ്ക്കിരുന്നവരാണ് സ്റ്റാലിനും മാവോയും പോൾ പോട്ടും മറ്റും. ഇതിനൊക്കെ പുറമെയാവും നമ്മുടെ ഈ ഛോട്ടാ കൊലപാതകികളെല്ലാം ശിക്ഷയനുഭവിച്ചവരാണ് എന്ന വസ്തുത. കൊലപാതകം നടത്തിയതിനു ശേഷം ശവത്തെ അനാദരിയ്ക്കുകയും അങ്ങേയറ്റം ഭർത്സനീയമായ രീതിയിൽ വിമാനുഷീകരണ കൃത്യത്തിന് അതിനെ വിധേയമാക്കിയതിനും ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നീതിസംഹിതയെ വെല്ലുവിളിച്ചതിനുമാണ് അവർ ശിക്ഷിയ്ക്കപ്പെട്ടത്. അവരോട് സഹതാപം കാണിയ്ക്കുന്നതും ഇരയെ നിസ്സാരവല്ക്കരിയ്ക്കുന്നതും ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന് തുല്യമാണ്. ഒരു കമ്മ്യൂണിസ്റ്റ് ദേശത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ ഒരു നിമിഷം പോലും പിഴയ്ക്കുവാൻ അനുവദിയ്ക്കാത്തതു പോലെ ഒരു ജനാധിപത്യ ദേശത്തിൽ ജനാധിപത്യ വിരുദ്ധരെ അങ്ങിനെ ചെയ്യുന്നില്ല. ആ ഇളവിനെ ദുരുപയോഗപ്പെടുത്തുന്നതു കൊണ്ടാണ് ഈ കൊലപാതകികളെ നമ്മുടെ ആളുകൾ ബോധമില്ലാതെ പിൻപറ്റുന്നത്. അതിനാൽ, അവർക്ക്, കമേഴ്സ്യൽ ഇന്റെരവെല്ലുകൾ പോകട്ടെ അവസാനം കളർ ബാൻഡ് പ്രത്യക്ഷപ്പെടുമ്പോൾ പോലും മുഖം കാണിയ്ക്കാൻ അവസരം കൊടുക്കരുത് എന്നേ ഞാൻ പറയൂ.

 10. 15 devaraj ഒക്ടോബര്‍ 22, 2010 -ല്‍ 7:26 pm

  തീര്‍ച്ചയായും അറിയപെടാത്ത ആത്മകഥ എഴുതാത്ത അല്ലെങ്കില്‍ ആരുടെയും എഴുത്തില്‍ കടന്നു വരാത്തവര്‍ മലയാള നാട്ടില്‍ വരുന്നത് വളരെ നല്ല കാര്യം.

  പി എല്‍ ലതിക, സതീശന്‍ പുതുമന, രണ്ടു പേരുടെയും സത്യ സന്ധമായ അഭിപ്രായം. ഓ കെ സുധീഷ്‌ എന്തോ തീരുമാനിച്ചു ഇറങ്ങിയ പോലുണ്ട്. നക്സല്‍ രാഷ്ട്രീയം ഇവിടെ ചര്‍ച്ചാ വിഷയം അല്ലെന്നു തോന്നുന്നു. പ്രകാശന്‍, സന്തോഷ്, അഭിനന്ദനങ്ങള്‍.

  • 16 ഒ.കെ.സുദേഷ് ഒക്ടോബര്‍ 23, 2010 -ല്‍ 3:41 am

   ‘എന്തോ തീരുമാനിച്ചിട്ടൊ’ന്നുമില്ല ദേവരാജ്, ഉദ്ദേശിച്ചതെല്ലാം തെളിച്ചെഴുതിയിട്ടുണ്ട്. അവർക്കൊരു അഭിമാനകരമായ ചരിത്രമൊന്നും ഓർമ്മിപ്പിയ്ക്കാനില്ല –ജനാധിപത്യത്തിൽ നിർഭയം ജീവിയ്ക്കുന്ന ജനാധിപത്യവിരോധികളുടേതൊഴിച്ച്.

 11. 17 vk ramachandran ഒക്ടോബര്‍ 23, 2010 -ല്‍ 3:19 am

  പ്രതികരണങ്ങള്‍ എന്തുമാവട്ടെ, മുഖ്യധാരാ ചരിത്രം മറന്നു പോയവരെ കഴിയുന്നേടത്തോളം പേരെ രംഗത്ത് അവതരിപ്പിക്കുക. അഭിനന്ദനങ്ങള്‍ .

 12. 18 രവിവര്‍മ ഒക്ടോബര്‍ 23, 2010 -ല്‍ 12:42 pm

  അര്‍ത്ഥം അറിയാദി പുലംപുന്നവരെ ഉധേശിച്ചല്ല ഈ പ്രതികരണം . ഞാന്‍ ഒന്നും പറയുന്നില്ല .പറയുന്നത് പ്രോഫെസ്സര്‍ കുഞ്ഞാമന്‍ ,പറയന്‍ .പറളിക്കാരന്‍ . പറഞ്ഞത് ഇന്ത്യ ടുഡേ –യുടെ ”കേരളം –നാല്‍പ്പതു വര്ഷം എന്ന പതിപ്പില്‍ .കുഞ്ഞാമന്‍ പറയുന്നു ..;; അന്നൊക്കെ പറയരെ മുക്കാലിയില്‍ കെട്ടി ഇട്ട് അടിക്കുക പതിവായിരുന്നു . എന്റെ അമ്മാവനെ അങ്ങിനെ തല്ലുന്നത് ഞാന്‍ കണ്ടു നിന്നിട്ടുണ്ട് . അന്ന് പറയര്‍ക്കു ആയിത്തമാണ് .എച്ചിലെ കഴിക്കാവു .എന്റെ സഹ പാടിയുടെ വീട്ടില്‍ കല്യാനത്തിനു ഞാന്‍ എച്ചില്‍ കഴിച്ചിട്ടുണ്ട് . അന്നത് അമൃതേത്ത് ആയിരുന്നു .നായര്‍ വധത്തിനു ശേഷം ഒറ്റ പറയന്‍ പോലും അങ്ങിനെ വേദനിചിട്ടില്ല .
  എവിടെ വെച്ചാണ് കത്തിപോക്കിയത് ,ആരൊക്കെ ചോര ഷര്‍ട്ടില്‍ പുരട്ടി എന്നൊക്കെ താക്കോല്‍ പഴുതിലൂടെ സൂക്ഷമമായി നോക്കുന്നവര്‍ ആ കാല ഘട്ടം മനസ്സിലാവത്തവര്‍ ആണ് . തോക്കിന്‍ കുഴലിലൂടെ മുതലാളിത്തം എന്ന് വിശ്വസിക്കുന്ന യന്തിരന്മാര്‍ .

 13. 19 രവിവര്‍മ ഒക്ടോബര്‍ 23, 2010 -ല്‍ 2:21 pm

  വല്യൊരു സ്വപ്നം ഇത്ര അപരാധമോ ? അത് പങ്കു വെക്കുന്നത് നീചത്യോ ? ഒരു സ്വപ്നവും പങ്കു വെക്കാത്തവര്‍ ,മുന്നോട്ടു വെക്കത്തവര്‍ ഇന്ന് ആ സുമനസ്സുകളെ ചോദ്യം ചെയ്യുമ്പോള്‍ ഞെട്ടിപ്പോവുന്നു .ഇന്ന് ചെയ്യുന്ന ത്യാഗത്തിനും മാനത്തിനും നാളെയും ഒരു വിലയുമില്ലേ ? മരുഭൂമി പോലെ മനസ്സുകള്‍ വരണ്ട ഉണങ്ങുന്നു അല്ലെ ?

  • 20 oksudesh ഒക്ടോബര്‍ 23, 2010 -ല്‍ 4:06 pm

   രവിവർമ്മ എന്നോടാണ് പ്രതികരിച്ചത് എന്നാണ് എങ്ങിനെനോക്കിലും തോന്നുക. എന്നോടാണെങ്കിൽ തുറന്നുതന്നെ ആയിക്കോളൂ; വിരോധം ഭാവിയ്ക്കില്ല.

   1970-കൾ എന്റേയും കുട്ടിക്കാലമാണ്. ആ വധം നടന്ന ഭാഗത്തിനടുത്തൊക്കെത്തന്നെയാണ് ഞാനെന്റെ കുട്ടിക്കാലം ചെലവഴിച്ചതും. അവിടെ താണ ജാതിഹിന്ദുക്കളോട് ഉയർന്ന ജാതിഹിന്ദുക്കൾ എങ്ങിനെയായിരുന്നു പെരുമാറിയിരുന്നത് എന്നത് നിങ്ങളിൽ പലരെപോലേയും എനിയ്ക്കുമറിയാം. അവിടെ ഒരു ബീഹാർ പോലെയൊന്നും ആ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നില്ല എന്നും ഞാൻ പറയാതെത്തന്നെ ആരും സമ്മതിച്ചുപോവും. പ്രൊ. കുഞ്ഞായൻ പറഞ്ഞതിനെ നിരാകരിയ്ക്കുകയല്ല. അതുണ്ടായിക്കാണും. പക്ഷെ നായരുടെ തലയറുത്തെടുത്തതിന് കാരണം അതൊന്നുമായിരുന്നില്ല എന്നാണ് കൊലപാതകികളുമായുള്ള പല അഭിമുഖങ്ങളിൽ നിന്നും മനസ്സിലായത്. മാത്രമല്ല, കുറ്റകൃത്യങ്ങളുടെ ലിസ്റ്റിൽ അങ്ങിനെയൊരു നിഷ്ഠൂര കർമ്മം അവരാരും എഴുതിച്ചേർത്തിട്ടുമില്ല. ആ വധം, ദൃഷ്ടാന്തത്തിനായി ചെയ്തത് മാത്രമായിരുന്നു എന്നാണ് എനിയ്ക്ക് മനസ്സിലായത്. ഒരു സാമ്പിൾ വെടി.

   പക്ഷെ അതൊന്നുമല്ല ഞാനുയർത്തിയ കാര്യം. കൊലപാതകികൾ അയാളെക്കാളും നീചരാവാനുള്ള ഉറച്ച സാദ്ധ്യതയേയാണ് ഞാൻ തുറന്നുകാണിച്ചത്. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ചതിനും അവനവന്റെ കാടൻ നിയമവാഴ്ച നടപ്പിലാക്കാൻ, അങ്ങേയറ്റം അപലപിയ്ക്കേണ്ട തരത്തിൽ ഒരു കൊലപാതകം നടത്തിയതിനും തുറുങ്കിലാക്കപ്പെട്ടവരാണവർ. അവർ നമ്മുടെ നാട് — ‘മലയാള നാടും’ കൂടെ — പിന്തുടരുന്ന നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി ശിക്ഷിയ്ക്കപ്പെട്ടവരാണ്. അവരെയും അവരുടെ കൃത്യത്തെയും ആദരിയ്ക്കുക എന്നാൽ നിങ്ങൾ ഈ നാട്ടിലെ ജനാധിപത്യ നിയമവ്യവസ്ഥയെ അംഗീകരിയ്ക്കാത്തവർ എന്നാണ് അർത്ഥം. അങ്ങിനെ ഒരു ഭീരുമാർഗ്ഗം നിങ്ങൾ ഒരു ഭാഗത്ത് പിന്തുടരുമ്പോൾ മറുഭാഗത്ത് ഇതേ ജനാധിപത്യ വ്യവസ്ഥ നല്കുന്ന എല്ലാ നന്മകളും കടന്നെടുത്തും ക്യൂ നിന്നെടുത്തും കരസ്ഥമാക്കിക്കൊണ്ടിരിയ്ക്കുന്നു. സ്വത്ത് വാങ്ങിച്ചു കൂട്ടുന്നു. സ്വന്തം ജാതികളിൽ നിന്നു മാത്രം വിവാഹം കഴിയ്ക്കുന്നു. ഈ ശിക്ഷയനുഭവിച്ച കൊലപാതകികൾ പോലും അവരുടെ കുട്ടികളെ ആധുനിക തൊഴിൽ കോഴ്സുകളിൽ ചേർത്ത് ഫലം കൊയ്യാൻ കാത്തുകെട്ടി തയ്യറായി നില്ക്കുന്നു. ഇത്രയും വലിയ ഹിപോക്രിസി മറ്റെവിടെ കാണും?

   അവർ അയാളെ കൊല്ലുക മാത്രമല്ല ചെയ്തത്; കഴുത്തിൽ മൂർച്ചയില്ലാത്ത മടവാളു പോലുള്ള ആയുധം കൊണ്ട് പലവട്ടം വെട്ടി തല ഉടലിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. ആ ഹീനകൃത്യം ആരാണ് ചെയ്തത് എന്നത് വെളിപ്പെടുത്താൻ അവർക്ക് നീണ്ട ശിക്ഷയനുഭവിച്ചിട്ടും ധൈര്യമില്ല. കാരണം അവർക്കറിയാം അതൊരു ഭയാനകമായ കൃത്യമായിരുന്നുവെന്ന്. അത് റ്റെററൈസ് ചെയ്യാൻ ഉദ്ദേശിച്ചുതന്നെ ചെയ്തതാണെന്ന്. പക്ഷെ, അങ്ങിനെ ഒരു കൃത്യം അനുഷ്ഠിച്ചതിനു ശേഷം അവർക്കിടയിൽ ജീവിതം സാധാരണ നിലയിലേയ്ക്ക് വരാൻ പ്രയാസമാവും. അതായിരിയ്ക്കാം കാരണമെന്ന് തോന്നുന്നു, അവർ അത് ചെയ്തയാളെ സംരക്ഷിയ്ക്കുന്ന മട്ടിൽ അവ്യക്തത ചാർത്തി പല ഇന്റരവ്യൂകളിലും അവതരിപ്പിച്ചു. എന്തിനായിരുന്നു അങ്ങിനെ അവർ ചെയ്തത് എന്നതിന് കാരണം ശരിയ്ക്കും തേടിയാൽ അവർ ആ കൃത്യത്തിൽ ഇപ്പോൾ യഥാർത്ഥത്തിൽ പശ്ചാത്തപിയ്ക്കുന്നുവെന്ന് കണ്ടെത്താനാവും. അത് സമ്മതിയ്ക്കുവാൻ പൊതുമലയാളിയുടെ ആ അധികം എല്ല് സമ്മതിയ്ക്കൊന്നിട്ടില്ലതാനും. അതിനു പകരം ആ പൊരിഞ്ഞ വിഡ്ഢികൾ എന്തോ ഒരു ദുർഭൂതം പിന്നാലെ പാഞ്ഞുവരുന്നുവല്ലൊ എന്നോർത്ത് ഉച്ചൈസ്തരം സിന്ദാബാദ് വിളിയ്ക്കുന്നു. അവനവന്റെ ഒറ്റപ്പെട്ട ആതമരോദനത്തെ, തേച്ചുകുളിച്ചാലും പോവാത്ത ആ കുറ്റപ്പെടുത്തുന്ന ശബ്ദത്തെ ആഴ്ത്തുന്ന വിധത്തിൽ ഉച്ചത്തിൽ സിന്ദാബാദ് വിളിയ്ക്കുന്നു. മതി പോരാതെ മുഷ്ടി ചുരുട്ടിയും വിളിയ്ക്കുന്നു സിന്ദാബാദ്. അതുകേട്ട് താങ്കളെ പോലെയുള്ളവർ രോമാഞ്ചം കൊള്ളുകയും എനിയ്ക്കു നേരെ കോപാകുലമായി നടന്നടുക്കുകയും ചെയ്യുന്നു; ‘അർത്ഥമറിയാതുള്ള പുലമ്പൽ’ എന്നൊക്കെ ക്ഷുഭിത-ധാർമ്മികനാട്യത്തിൽ ആക്രോശിയ്ക്കുകയും ചെയ്യുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ?

 14. 21 സതീഷ്‌ കുമാര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 5:02 pm

  അറിയപ്പെടാത്ത അവരുടെ ചരിതം പഴയകാലങ്ങ്ങ്ങള്‍ ഭാവനയില മാത്രം കണ്ടിരുന്ന എനിക്ക് പുതുമയുള്ള അനുഭവമായി. സമരങ്ങള്‍ നടത്തുമ്പോള്‍ പല തീരുമാനങ്ങളും
  എടുക്കുന്ന രീതിയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു. നന്ദി 🙂

 15. 22 biju kottila ഒക്ടോബര്‍ 24, 2010 -ല്‍ 1:29 am

  ഇതൊക്കെയാണു നമ്മുടെ പുതിയ ഒഞ്ചിയം ബുജികൾക്കു കാണിച്ചു കൊടുക്കേണ്ടത് ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ എന്നും പറഞ്ഞു താടിയും വച്ച് ചെഗുവേരയെയും നെഞ്ചത്തൊട്ടിച്ചു നടക്കുന്നവർ കാണേണ്ടത് ഇവരെ ഒക്കെ ആണു .. അതി വിപ്ലവത്തിന്റെ പാതയിലൂടെ നടന്നവരാ… ഇവരെല്ലാം .. ഇന്നോ…..? പക്ഷെ അന്ന് അതിന്റെ ആവശ്യകത ഉണ്ടായിരുന്നു ഇന്നതിന്റെ നാലിലൊന്ന് ആവശ്യകത പോലും ഇല്ല ഇപ്പൊ കേരളത്തിൽ ജനകീയ വിപ്ലവം മതി അത്രയേ ആവശ്യമുള്ളു…. അല്ലാതെ അതി വിപ്ലവവും കൊണ്ടു നടക്കുന്നവനു സ്ഥാനം പുറത്താണെന്ന് ജനങ്ങൾ വിധി എഴുതും ,


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: