അല്പം

അല്പം

ജയേഷ്

മദ്യപാനം നടക്കുന്ന മുറിയിലേയ്ക്ക് മുൻ കൂട്ടി അറിയിക്കാതെ കയറിച്ചെല്ലരുത്

വളരെ നേരം നടന്നത് കൊണ്ടായിരിക്കണം, നടത്തത്തിന് വലിവുണ്ടായിരുന്നു. സന്ധ്യനേരത്തെ മുഷിപ്പിക്കുന്ന അരണ്ട വെളിച്ചത്തിലൂടെ വഴിവിളക്കുകളും വീടുകളും പ്രകാശിച്ച് കൊണ്ടിരുന്നു. ഗേറ്റ് തുറന്ന് വരാന്തയിലേയ്ക്കെത്തിയപ്പോൾ ചിതറിക്കിടക്കുന്ന ചെരുപ്പുകൾ കണ്ടു. അകത്ത് എന്തോ രഹസ്യം സംഭവിക്കുന്നതിന്റെ നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിൽക്കുന്നു. കോളിങ് ബെൽ അടിച്ചപ്പോൾ കസേരകൾ നിരങ്ങുന്നതിന്റേയും ആരൊക്കെയോ പിറുപിറുക്കുന്നതിന്റേയും ശബ്ദങ്ങൾ നേർത്തു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. തുറന്നതാരാണെന്നറിയില്ല, ഹാളിൽ ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്നവർ ഒരേ അച്ചിൽ വാർത്തെടുത്ത അസഹിഷ്ണുതയോടെയും ആകാംക്ഷയോടെയും നോക്കി. മേശപ്പുറത്ത് ഒളിപ്പിക്കാൻ പരാജയപ്പെട്ട ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ.

‘ ഹോ..നീയായിരുന്നോ..വാ..വാ..’ അവൻ ആശ്വാസത്തോടെ പറഞ്ഞു. വാതിലടച്ചേക്കാൻ ആം ഗ്യം കാണിച്ചു. മറ്റുള്ളവർ കുറച്ച് നേരത്തെ പിരിമുറുക്കത്തിൽ നിന്നും മുക്തരായി സിഗരറ്റ് കത്തിക്കാനും കപ്പലണ്ടി കൊറിക്കാനും തുടങ്ങി.

അവനെയൊഴിച്ച് മറ്റുള്ളവരെയാരേയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വലിഞ്ഞുകയറി വന്നയാളെ കൂടെ കൂട്ടണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എല്ലാവരുടേയും നെടുവീർപ്പുകളിൽ ഉണ്ടായിരുന്നു. അവൻ എല്ലാവരേയും സമാധാനിപ്പിക്കാനെന്ന വണ്ണം ഉറക്കെ ചിരിച്ചു. സന്ദർഭം അലിഞ്ഞു.

‘ ഫ്രണ്ട്സ്..ഇത് എന്റെ കൂട്ടുകാരൻ … കൂടുതൽ പരിചയപ്പെടുത്തലുകളൊക്കെ പിന്നീട്..ഇപ്പോൾ എല്ലാവർക്കും ഇവനെ അറിയാമെന്ന് മാത്രം വിചാരിക്കുക’ അവൻ പറഞ്ഞു. ഒന്ന് രണ്ട് പേർ പുച്ഛം കലർന്ന ചിരി ചിരിച്ചു. ബാക്കിയുള്ളവർ തലയാട്ടി ഒഴിഞ്ഞ് ഗ്ലാസ്സുകളെ നോക്കി.

വളരെ നേരമായി മദ്യപാനം നടക്കുന്നത് കൊണ്ടായിരിക്കണം, അന്തരീക്ഷത്തിന് വല്ലാത്ത ചുവയുണ്ടായിരുന്നു. പുറത്തെന്നത് പോലെ അകത്തും വെളിച്ചം വിഷാദിച്ചിരുന്നു. എല്ലാത്തിനുമുപരി, കെട്ട് പൊട്ടിച്ച് ചാടാനൊരുങ്ങുന്ന ഹിംസ മൃഗത്തെ അവിടെയെവിടെയോ കെട്ടിയിട്ടിരിക്കുന്നത് പോലെ ഒരു ഭീതി.

‘ നീ കൂടുന്നില്ലേ? ‘ അവൻ മേശയ്ക്കടിയിൽ നിന്നും കുപ്പിയെടുത്ത് ഗ്ലാസ്സുകളിൽ ഒഴിക്കാൻ തുടങ്ങി.

‘ ഇല്ല’ സ്വരത്തിൽ ആവുന്നത്ര മാർദ്ദവം വരുത്തിക്കൊണ്ട് പറഞ്ഞു.

‘ അതെന്താ? വേറെ വല്ലതുമുണ്ടോ? ‘

‘ ഇല്ല..ഞാൻ ചുമ്മാ കയറിയെന്നേയുള്ളൂ…പിന്നെ വരാം’

അവൻ തടഞ്ഞില്ല. വാതിൽ തുറന്ന് പുറത്തിറങ്ങി. ആകാശം കറുത്ത കമ്പിളി പോലെയുണ്ടായിരുന്നു. ഭൂമി, കീറിയ ആകാശം പോലെയും. ഗേറ്റ് അടച്ച് ചരൽ വിരിച്ച പാതയിലൂടെ നടക്കുമ്പോൾ തോന്നി, വരേണ്ടായിരുന്നെന്ന്.

സദസ്സിൽ നിന്നും പുറത്താക്കപ്പെട്ടവന് പിന്നെ ഒരിടത്തും സ്ഥാനമില്ല

വന്ന ദൂരമത്രയും തിരിച്ച് നടക്കണമെന്നോർത്തപ്പോൾ സങ്കടം തോന്നി. കാലുകൾ ഉള്ളതായി തോന്നുന്നില്ല. വളഞ്ഞും പുളഞ്ഞും പോകുന്ന ഇടവഴികളിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാലേ മെയിൻ റോഡിൽ എത്തുകയുള്ളൂ. സമീപത്തെങ്ങും ഒരു പെട്ടിക്കട പോലും കാണാനില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ലോകം ഉറക്കത്തിലേയ്ക്കും, ഉറങ്ങാത്തവർ ഏകാന്തതയിലേയ്ക്കും നീങ്ങുന്നു. ഇടയ്ക്കിടെ വഴിവിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. വൈകുന്നേരം പെയ്ത മഴ സൃഷ്ടിച്ച ചെറുജലാശയങ്ങൾ എപ്പോൾ വേണമെങ്കിലും കാലുകളെ നനയ്ക്കാം. എവിടെയൊക്കെയോ പട്ടികളുടെ ഭീകരമായ കുരകൾ മുഴങ്ങുന്നുണ്ട്.
നടത്തം തുടർന്നു. ഏതൊക്കെയോ എളുപ്പവഴികൾ ഓർമ്മയിൽ കളഞ്ഞ് പോയിട്ടുണ്ട്. ഇരുട്ടത്ത് തപ്പിയെടുക്കാൻ പ്രയാസം. വിഷമവും ദേഷ്യവും കലർന്ന് ഭൂതം കയറിയത് പോലെയായി. ഇന്നേ ദിവസം തന്നെ, അതും അസമയമടുക്കാറാകുമ്പോൾ ഇറങ്ങിത്തിരിച്ച അവനവനെത്തന്നെ പഴിച്ചാൽ മതിയല്ലോ!.
വിയർപ്പ് മുക്കിയ ജുബ്ബ ദേഹത്ത് ഒട്ടിപ്പിടിച്ച് അസൌകര്യമുണ്ടാക്കുന്നു. ഒപ്പം സ്വന്തം ശരീരത്തിന്റെ ഗന്ധവും. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ദുർബലമായ കാറ്റ് വീശാൻ തുടങ്ങി. വീടുകൾ കുറഞ്ഞ് കുറഞ്ഞ് വരുന്നു. നെൽ‌പ്പാടങ്ങളുടെ നടുവിലൂടെയുള്ള നീണ്ട മൺ പാത മുന്നിൽ അവ്യക്തമായി കണ്ടു. അനന്തത മാത്രമാണ് മുന്നിലെന്ന് തോന്നി. പോകേണ്ട മെയിൻ റോഡും ബസ്റ്റോപ്പും ആരോ ദൂരേയ്ക്ക് മാറ്റി നട്ടിരിക്കുന്നു. ഈ യുഗം മുഴുവൻ നടന്നാലും എത്താത്തത്ര ദൂരെ. പത്ത് പേർ ഒന്നിച്ച് നടന്നാലും എത്താത്തത്ര ദൂരെ. പിന്നെയാണ് വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ഒരാൾ. ആരോടെങ്കിലും വഴി ചോദിക്കാമെന്ന് വച്ചാൽ പരിസരത്തൊന്നും ഒരു പക്ഷിയെപ്പോലും കാണാനില്ല.

മൺ പാത ഒരു തരത്തിൽ അവസാനിച്ചത് കടൽ ത്തീരത്തേയ്ക്കായിരുന്നു. മീനിന്റെ മണമുള്ള കാറ്റ്. ചൂട് മാറാത്ത മണൽ. ദൂരെ ബോട്ടുകൾ മിന്നാമിനുങ്ങുകളെപ്പോലെ വെളിച്ചം കാണിക്കുന്നു. തിരകൾ ആരേയും നോവിക്കാത്ത വിധം വന്നും പോയ്ക്കോണ്ടുമിരുന്നു. മണലിൽ ഇരുന്നപ്പോൾ ദേഹമാകെ ഊർന്ന് വീഴുന്നത് പോലെ തോന്നി. വിശപ്പ് തുളച്ചെടുക്കുന്ന വയർ. വരണ്ട് നിശ്ചലമായ തൊണ്ട. കിതയ്ക്കുന്ന തലച്ചോർ.

കുറച്ച് നേരം തിരകളിൽ കാലിളക്കി നടന്നു. കടപ്പുറം ഉറങ്ങിക്കഴിഞ്ഞിരുന്നു. കരയ്ക്ക് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങൾ ഒറ്റയാന്മാരെപ്പോലെ നോക്കി. എഴുന്നേറ്റ് വന്ന് കൊമ്പുകൾ ചൂണ്ടുമെന്ന് തോന്നി. നടത്തം വേഗത്തിലാക്കി. തിരകൾ ആളുകളെ വിളിച്ച് കൂട്ടാൻ പോകുന്നത് പോലെ. ഓട്ടത്തിന് സമാനമായ വേഗത്തിൽ നടന്നു. ഉപ്പുകാറ്റേറ്റ് മുഖം വരണ്ടു. അടുത്ത് കണ്ട ഇടവഴി കയറി കടലിൽ നിന്നും രക്ഷപ്പെട്ടു. ആശ്വാസം, അവിടെ ഒരു ബസ്റ്റോപ്പുണ്ടായിരുന്നു.

ഭിക്ഷാടകർ അന്തിയുറങ്ങാൻ ഒരുക്ക് കൂട്ടുന്ന ബസ് വെയ്റ്റിങ് ഷെഡ്. മൂത്രത്തിന്റെ അസഹ്യമായ ഗന്ധം. കൊതുകുകളുടെ ആക്രമണം. ദൂരെ നിന്നും ഒരു വെളിച്ചം അടുത്തേയ്ക്ക് വരുന്നത് കണ്ടു. ബസ് അല്ല. ലോറിയോ മറ്റോ ആയിരിക്കണം. റോഡിലേയ്ക്കിറങ്ങി രണ്ട് കൈയ്യും നിവർത്തി കുരിശിലേറ്റപ്പെട്ടവനെപ്പോലെ നിന്നു. വണ്ടി അടുത്തെത്തി. ഒരു വാൻ ആയിരുന്നു.

‘ ടൌണിൽ എവിടെയെങ്കിലും….’ യാചനയുടെ സ്വരത്തിൽ..

ഒന്നും ഒന്നിനും പരിഹാരമാകുന്നില്ല, ഒരിക്കലും…
എപ്പോഴോ ഉറങ്ങിപ്പോയ പട്ടണം. സോഡിയം വിളക്കുകളുടെ കൂറ്റൻ പ്രകാശങ്ങൾ. തെരുവ്പട്ടികൾ ഒറ്റയ്ക്കും കൂട്ടമായും മേയുന്നു. വാനിൽ കിട്ടിയ നാമമാത്രമായ ഇരിപ്പിടം നടുവിനെ പരീക്ഷിക്കുന്നതായിരുന്നു. ഇരുന്ന് തോറ്റ് കനത്ത വേദനയോടെയാണ് ഇറങ്ങിയത്. മുഷിഞ്ഞ് നാറിയ നിലയിൽ ഏതോ നാട്ടിലേയ്ക്ക് നീളുന്ന റോഡിനരികിൽ നിൽക്കുമ്പോൾ കഴിഞ്ഞതെല്ലാം ആരോ പറഞ്ഞോർമ്മിപ്പിക്കുന്നത് പോലെ.
ഇരുവശത്തും മഴവെള്ളം കെട്ടി നിൽകുന്ന റോഡിലൂടെ നടന്നു. അല്പം വിശ്രമിച്ചാലേ എന്തെങ്കിലും തീരുമാനിക്കാൻ പറ്റൂ. കാലിൽ എപ്പോഴോ ഒരു ഞൊണ്ടൽ കയറിക്കൂടിയിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. എവിടെയോ മുറിഞ്ഞ പോലെ വേദനയുമുണ്ട്. പാന്റ് മുകളിലേയ്ക്ക് ഉയർത്തി നോക്കിയപ്പോൾ ഉപ്പുറ്റിയ്ക്ക് മുകളിലായി മുറിഞ്ഞ് ചോരയൊലിക്കുന്നത് കണ്ടു. എപ്പോൾ സംഭവിച്ചതാണെന്ന് ഓർമ്മിക്കാൻ കഴിഞ്ഞില്ല.

രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ഒരു തട്ടുകട കണ്ടു. ഒന്ന് രണ്ട് പേർ കഴിക്കുന്നുണ്ട്. ആഞ്ഞ് നടന്നു. ദാഹിക്കുന്നു. വെള്ളം കുടിച്ചില്ലെങ്കിൽ ഈ പട്ടണത്തിൽ കിടന്ന് മരിക്കും. ദോശക്കല്ലിൽ ചട്ടുകം കൊണ്ട് മുട്ടിക്കൊണ്ട് കടക്കാരൻ ആളുകളെ ആകർഷിക്കുന്നുണ്ട്.
മഗ്ഗിൽ വച്ചിരുന്ന വെള്ളം ആർത്തിയോടെ കുടിച്ചു. ആശ്വാസം തോന്നി. വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ പണം തികയില്ല. ആളുകൾ ഉള്ള സ്ഥലമായത് കൊണ്ട് കുറച്ച് മാറി നിന്നു. ബസ്സ് കിട്ടുന്നിടം ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം.

അല്പനേരം കഴിഞ്ഞപ്പോൾ ദോശ കഴിച്ചുകൊണ്ടിരുന്ന ഒരാൾ കൈ കഴുകി അടുത്ത് വന്ന് സിഗരറ്റ് കത്തിച്ചു. പാതിരാത്രിയിൽ ഒരിടത്ത് കണ്ടുമുട്ടുന്ന അപരിചിതർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള സൌഹൃദം അപ്പോഴും ഉളവായി.

‘ വല്ലാതെ വലഞ്ഞിരിക്കുന്നല്ലോ’ അയാൾ ചോദിച്ചു. അത് വരെ നടന്നതെല്ലാം അയാളെ വിശദമായി പറഞ്ഞ് കൊടുത്തു.

‘ ഹോ..അടുത്ത കാലത്തൊന്നും ഇങ്ങനെയൊരെണ്ണം ഞാൻ കേട്ടിട്ടില്ല..ഭയങ്കരം തന്നെ’

അയാൾ ഒരു കഥാകൃത്താണെന്ന് പറഞ്ഞു. ഒരാവശ്യവുമില്ലാതെ സാഹിത്യത്തെക്കുറിച്ചെല്ലാം സംസാരിച്ചു. വിശപ്പ് വാട്ടിയ മനസ്സോടെ എല്ലാം തലയാട്ടി കേട്ടു.

‘ അല്ലാ…നിങ്ങൾ ആരെയോ കാണാൻ പോയെന്ന് പറഞ്ഞല്ലോ..എന്തിനായിരുന്നു അത്?’

‘ കുറച്ച് രൂപാ കടം ചോദിക്കാൻ പോയതായിരുന്നു’

‘ എന്നിട്ട് കിട്ടിയില്ല അല്ലെ?’

‘ ഇല്ല’

‘ ഇനിയിപ്പോ..ഇവിടന്ന് ബസ്സൊന്നും കാണില്ല. ടൌണിൽ ആരെങ്കിലും പരിചയക്കാർ ഉണ്ടോ?’

‘ ഉണ്ട്..പക്ഷേ..രാവിലെയേ കാണാൻ പറ്റൂ’

‘ അപ്പോൾ രാവിലെ വരെ എന്ത് ചെയ്യും? ‘

‘ അറിയില്ല’

‘ ഉം..വല്ലാത്ത അവസ്ഥ തന്നെ…കഷ്ടം ‘ ഇത്രയും പറഞ്ഞ് അയാൾ ബൈക്ക് സ്റ്റാർട്ടാക്കി യാത്ര പറഞ്ഞു.

തട്ടുകടയിൽ തിരക്കൊഴിഞ്ഞിരുന്നു. കടക്കാരൻ ബീഡി വലിച്ച് ഒരു ബഞ്ചിലിരിക്കുന്നു. അടുത്തേയ്ക്ക് ചെന്ന് ജഗ്ഗിൽ ബാക്കിയുണ്ടായിരുന്ന വെള്ളം തൊണ്ടയിലൂടെ ഇറക്കിയപ്പോൾ എവിടെയോ കുടുങ്ങിപ്പോയ പോലെ..

5 പ്രതികരണങ്ങള്‍ to “അല്പം”


  1. 1 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 8:22 am

    ഒരു നല്ല വായന …
    ശൈലിയും നന്നായിരിക്കുന്നു ..

  2. 2 sabukattukkal ഒക്ടോബര്‍ 22, 2010 -ല്‍ 4:44 pm

    ജയേഷേ ,

    തങ്കള്‍ ഏത് നാട്ടുകാരനാ ?

  3. 3 Jayesh ഒക്ടോബര്‍ 23, 2010 -ല്‍ 2:19 am

    സാബു, ഞാൻ പാലക്കാട്ടുകാരനാണെന്നാണ് അവകാശപ്പെടാറുള്ളത്. ഇപ്പോൾ കൊച്ചിയിലാണ്.

  4. 4 Rajesh Mc ഒക്ടോബര്‍ 23, 2010 -ല്‍ 5:04 am

    നല്ല ഒഴുക്കുള്ള വായന…

  5. 5 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 10:33 am

    മനോഹരം ഈ അവതരണം.നന്നായി പറഞ്ഞു…അഭിനന്ദനങ്ങള്‍..


Leave a reply to അന്യന്‍ മറുപടി റദ്ദാക്കുക