അധികാര വികേന്ദ്രീകരണം ശരിക്കും നടപ്പായിട്ടില്ല

തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച്  മലയാളനാടിന്റെ ചോദ്യങ്ങളോട് ശ്രീ.എം.പി. പരമേശ്വരന്‍ പ്രതികരിക്കുന്നു……..

? രാജീവ്ഗാന്ധിയുടെ കാലത്ത് തുടങ്ങിയ പഞ്ചായത്തീരാജ് ഭരണപരിഷ്കാരങ്ങളില്‍ അന്ന് തൊട്ട് ഇന്നേവരെ ഉണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുണു..നിലനില്‍ക്കുന്ന ഫെഡറല്‍ഭരണസം വിധാനത്തില്‍ അതുണ്ടാക്കിയ മാറ്റം എന്താണ്?

* 73, 74 ഭരണാഘടനാ ഭേദഗതികളുടെ ഫലമായി ഇന്ത്യയിലുണ്ടായമാറ്റങ്ങളെ പൊതുവെ ‘അഭിലഷണീയം’ എന്നു പറയാം. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ കഴിഞ്ഞ20കൊല്ലത്തിനുള്ളില്‍ ഉണ്ടായ പ്രധാന മറ്റങ്ങളുടെ-അനഭിലഷണീയമായ മാറ്റങ്ങളുടെ-ഉറവിടം മറ്റൊന്നാണ്, ആഗോള സാമ്രാജ്യത്വമാണ്. അതിനെ എതിരിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ലെങ്കില്‍ കൂടി, അതിനായി ബോധപൂര്‍വ്വം ഉപയോഗിക്കാന്‍ പറ്റുമായിരുന്ന തദ്ദേശസ്വയംഭരണ സംവിധാനത്തെ ആ നിലയില്‍ ഉപയോഗിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ഇന്ത്യയിലെ ഫേഡറല്‍ സംവിധാനം തുടര്‍ച്ചയായി തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. വര്‍ദ്ധിച്ച തോതില്‍ അത് കേന്ദ്രീകൃതമായിക്കൊണ്ടിരിക്കയാണ്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നത് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യമായിരുന്നില്ല.

?അധികാരവികേന്ദ്രീകരണമെന്ന ആശയം പൂര്‍ണ്ണമാകുന്ന തരത്തില്‍ നടപ്പിലായോ ? ഇല്ലെങ്കില്‍ അതിന്റെ പരിമിതി എന്താണ്?

* അധികാര വികേന്ദ്രീകരണം ശരിക്കും നടപ്പായിട്ടില്ല. ശരിക്കും നടപ്പാകുക  എന്നു പറഞ്ഞാല്‍ ഗ്രാമസഭകള്‍ കാര്യം തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുക എന്നതാണ്. അതല്ല നടക്കുന്നത്.

?കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇ.എം.എസ്.ന്റെ പേര്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്താണ് അധികാര്‍ വികേന്ദ്രീകരണത്തില്‍ ഇ.എം.എസ്സ്.ന്റെ സംഭാവന?

* ഇ. എം.എസ്.1957മുതല്‍ക്ക് പഞ്ചായത്തീരാജിനും അധികാര വികേന്ദ്രീകരണത്തിനും വേണ്ടി വാദിച്ചിരുന്ന നേതാവാണ്. പഞ്ചായത്തിനെ അദ്ദേഹം സ്റ്റേറ്റിന്റെ, ഭരണകൂടത്തിന്റെ, ഭാഗമായാണ് കണ്ടത്. ഈ ഭരണകൂടം തങ്ങള്‍ക്കടുത്തു വരുമ്പോള്‍ കൂടുതല്‍, കൂടുതല്‍ പേര്‍ക്ക് അതിനെതിരായിട്ടുള്ള സമരത്തില്‍ പ്രത്യക്ഷ പങ്കാളികളാകാന്‍ കഴിയും എന്നദ്ദേഹം പ്രതീക്ഷിച്ചു. ജനങ്ങള്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്തു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആ സമരത്തിന്റെ ഭാഗമായിത്തീരുമെന്നദ്ദേഹം കണക്കുകൂട്ടി.

? ഏതാണ്ട് നാല്പ്പതു ശതമാനത്തോളം അധികാരങ്ങള്‍ താഴേത്തട്ടിലേയ്ക്ക് നല്‍കിയെന്നാണ് പറയുന്നത്. അത് യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ടോ?

* നാല്പ്പതു ശതമാനം അധികാരമല്ല, പണമാണ് പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. വിവിധ വകുപ്പ് തലവന്മാര്‍ക്ക് നല്‍കി അവരുടെ തീരുമാന പ്രകാരം ചെലവാക്കിയിരുന്ന പണമാണിത്. വകുപ്പ് തലവന്മാര്‍ക്കു പ്കരം പഞ്ചായത്താണ് ഇന്നു തീരുമാനമെടുക്കുന്നത്. അത്രമാത്രം. ഇത് സംസ്ഥാന സര്‍ക്കാരിനെ ഒരു തരത്തിലും ദുര്‍ബ്ബലപ്പെടുത്തുന്നില്ല.

? അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍ വ്വഹിക്കാനുള്ള ചുമതല്‍ നിലവില്‍ പഞ്ചായത്തിനാണ്. സ്വാഭാവികമായും അപ്പോള്‍ ഇത് സ്റ്റേറ്റിന്റെ ചുമതലയാവില്ല. ഇത് ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്ന ലോകബാങ്ക് നയം പിന്തുടരലാണെന്ന ആരോപണമുണ്ടല്ലോ.. എന്തു പറയുന്നു?

* പഞ്ചായത്ത് സ്റ്റേറ്റിന്റെ അഭിവാജ്യഘടകമാണ്. പഞ്ചായത്തിന്റെ ഉത്തരവാദിത്തമെന്നാല്‍ സ്റ്റേറ്റിന്റെ ഉത്തരവാദിത്തം തന്നെയാണ്. പഞ്ചായത്ത് രാജെന്ന സങ്കല്പ്പം ലോകബാങ്കിന്റെ ആശയമാണെന്നു പറയുന്നത്. ലോകബാങ്ക് ഉണ്ടാകുന്നതിനും എത്രയോ മുമ്പ് തന്നെ പഞ്ചായത്ത് ഉണ്ടായിരുന്നു.

? പ്രാദേശിക കൂട്ടായ്മയല് നിന്നും വികസനത്തിനു വിഭവം സമാഹരിക്കുക എന്ന ആശയം ഉണ്ടായിരുന്നല്ലോ.ഇതും ആരോപണവിധേമായിട്ടുണ്ട്. ഈ ആശയത്തിന് പ്രസക്തി ഉണ്ടോ?

* ഒരു ശരാശരി കേരളീയപഞ്ചായത്തിന്റെ വാര്‍ഷിക ദേശീയോല്പ്പാദനം ഏതാണ്ട് 80-100 കോടി രൂപ വരും. അതില്‍ 20-25 കോടി രൂപ നിക്ഷേപമാക്കി മാറ്റണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

? വിദ്യാഭ്യാസം, ആരോഗ്യം, ജലവിനിയോഗം തുടങ്ങിയ താഴേത്തട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട അടിസ്ഥാന

മേഖലകളില്‍ ഇതുെകാണ്ടുണ്ടായ മാറ്റം എന്താണ്? ഈ മേഖലകളുടെ ഗുണനിലവാരത്തിലെ മാറ‍റങ്ങളെ എങ്ങനെ  നോക്കിക്കാണുന്നു?

* നിഭാഗ്യ വശാല്‍ ഈ മൂന്നു മേഖലയും പൂര്‍ണ്ണമായി താഴേത്തട്ടിലേയ്ക്ക്- പഞ്ചായത്തിലേയ്ക്ക്- കൈമാറിയിട്ടില്ല. പഞ്ചായത്തുകള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. എവിടെയൊക്കെ ഉത്തരവാദിത്തം ശരിക്കും ഏറ്റെടുത്തിട്ടുണ്ടോ അവിടെയെല്ലാം ഈ മൂന്നു മേഖലകളിലും സംഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

? പ്രാദേശിക കൂട്ടയ്മകള്‍ക്കകത്തെ എന്‍.ജി.ഒ.  കളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയ്ം ഇടപെടലിനെക്കുറിച്ച് എന്താണ് അഭിപ്രായം?

* പ്രാദേശികമായി വളരുന്ന കൂട്ടായ്മകള്‍ – കുടുംബശ്രി, കുട്ടികളുടെ സംഘങ്ങള്‍, തൊഴില്‍ സംഘങ്ങള്‍ ഇത്യാദി‌‌- സ്വന്തം കാലില്‍ നില്‍ക്കണം. ‘ഇടപെടാന്‍’ ആരെയും അനുവദിക്കരുത്.

? ഉദാഹരണത്തിന് ജലനിധിയെക്കുറിച്ച് പറയാം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് മാറി ഉപഭോക്തൃഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ ജലവിഭവത്തെയാകെ ഉപയോഗപ്പെടുത്തിനടക്കുന്ന ജലനിധി പദ്ധതി നേരത്തെ പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുന്നില്ലേ?

* പഞ്ചായത്തുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യറായിരുന്നെങ്കില്‍ ഇന്നത്തെ ജലനിധി വരില്ലായിരുന്നു. വാട്ടര്‍ അതോറിറ്റി പരാജയപ്പെട്ടപ്പോഴാണല്ലോ പുതിയ രീതികള്‍ അന്വേഷിച്ചത്. വീണ്ടും അതോറിറ്റിയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് വിഡ്ഡിത്തമായിരിക്കും. പഞ്ചായത്താകെ – അധികാരികളും ജനങ്ങളും‌- തീരുമാനിച്ചാല്‍, കുടിവെള്ളത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.

? ആസൂത്രണ ബോഡിന്റെ റോള്‍ എന്താണ്? അത് പഴയപോലെ നിലനില്‍ക്കുന്നുണ്ടോ? പ്രായോഗിക തലത്തില്‍ പ്രോജക്ട് തയ്യാറാക്കല്‍, പദ്ധതിനിര്‍വ്വഹണം, ഫണ്ട് ലഭിക്കുന്നതിലെ താമസം, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങള്‍ എന്താണ്?

* ആസൂത്രണ ബോഡിന്റെ ധര്‍മ്മത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പ്രായോഗിക തലത്തില്‍ പദ്ധതിരൂപീകരിക്കല്‍, നിര്‍വ്വഹിക്കല്‍, ഫണ്ട്, ഓഡിറ്റ് എല്ലാരംഗത്തും പ്രശ്നങ്ങള്‍ ഉണ്ട്. അത്യന്തികമായി പ്ഞ്ചായത്തിനകത്തുതന്നെ ജനങ്ങളുടേതായ ഓഡിറ്റിംഗ് സംവിധാനം രൂപപ്പെട്ടാലേ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകൂ. പഞ്ചായത്തിന്റെ സാങ്കേതിക ശേഷി വര്‍ദ്ധിക്കുകയും വേണം.

?ബ്യൂറോക്രസിയുടെ പതിവ് ചട്ടക്കൂടിനകത്തു തന്നെ സോഷ്യല്‍ ഓഡിറ്റ് എന്ന ഏറ്റവും ആധുനീകമായ ആശയം ഇടകലര്‍ത്തുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്?

* ബ്യൂറോക്രസിയല്ല, സമൂഹമാണ് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തേണ്ടത്. അതിനു വേണ്ട സാമൂഹ്യ സംവിധാനങ്ങള്‍ ഉണ്ടാക്കണം. അതിന് സമൂഹം തയ്യാറായില്ലെങ്കില്‍ ഒന്നും നടക്കില്ല.

? ഗ്രമ പഞ്ചായത്ത്, ബ്ലൊക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ത്രിതലസംവിധാനങ്ങളുടെ അധികാരപരിധികള്‍, അവ കൈകാര്യം ചെയ്യുന്ന മേഖലകള്‍, ഇവയില്‍ എന്തെങ്കിലും അസന്തുലനം നിലനില്‍ക്കുന്നുണ്ടോ? ഉദാഹരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രധാന ബോഡി ആകുന്നുണ്ടോ?

* മൂന്നു തലത്തിലും അതിന്റേതായ ധര്‍മ്മങ്ങള്‍ ഉണ്ട്. അവ വേര്‍തിരിച്ചറിയാന്‍ ഇനിയും വേണ്ടത്ര ശ്രമങ്ങള്‍ നടന്നിട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം.

? സാമൂഹ്യ കൂട്ടയ്മകളിലൂടെ വികസനം നടത്തുക എന്ന സങ്കല്‍പ്പം നിലനില്‍ക്കുന്ന രാഷ്ട്രീയ ഘടന വഴി നടപ്പിലാകുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്? രാഷ്ട്രീയാതീതമായ ഇത്തരം സാമൂഹ്യ സംവിധാനങ്ങള്‍ ക്രമേണ അരാഷ്ട്രീയമായ ഒരു സാമൂഹ്യാവസ്ഥയ്ക്ക് വഴിവെയ്ക്കുമോ?

* സാമൂഹ്യ കൂട്ടയ്മ എന്നത് ഒരു രാഷ്ട്രീയ സ്ങ്കല്പ്പമാണ്. ജനാധിപത്യ സങ്കല്പ്മാണ്. രാഷ്ട്രീയം എന്നത് ജനങ്ങളുടേതാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടേതല്ല. രാഷ്ട്രീയമുള്ള ജനങ്ളുടെ കൂട്ടായ്മയാണ് രാഷ്ട്രീയ പാര്‍ട്ടി. ജനപങ്കാളിത്തം അരാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് പറയുന്നത് അശാസ്ത്രീയമാണ്.

? നിലവില്‍ രാഷ്ട്രീയാധികാരത്തിന്റെയും പാര്‍ട്ടി സം വിധാനത്തിന്റെയും മേല്‍ത്തട്ടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പങ്കാളിത്തമില്ലല്ലോ..എന്നാല്‍ തദ്ദേശഭണ മേഖലകളില്‍ പങ്കാളിത്തം കൂടുതലുമാണ്. പുതിയ നിയമനിര്‍മ്മാണം അതിന്റെ തോത് കൂട്ടുകയും ചെയ്തിരിക്കുന്നു. ഭരണരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇത് എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തം, പതുക്കെയാണെങ്കിലും,വലിയതോതില്‍ സ്ത്രീശാക്തീകരണത്തിന് സഹായകമാകും. ബോധപൂര്‍വ്വമുള്ള ശ്രമം നടത്തുകയാണെങ്കില്‍ കൂടുതല്‍ വേഗത്തിലും.

? കേന്ദ്രീകരണ ഭരണത്തില്‍ വികനകാര്യത്തില്‍ സംഭവിക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിനാണല്ലോ വികേന്ദ്രിതാസൂത്രണവും ഭരണനിര്‍വ്വഹണവും മറ്റും വരുന്നത്. വികസന കാര്യത്തിലെ തുല്യത ഉറപ്പു വരുത്താന്‍ ഈ സം വിധാനത്തിന് എത്രത്തോളം കഴിഞ്ഞു?

* ആനുകൂല്യ വിതരണത്തിലെ നീതിയും വികസനതുല്യത്യും രണ്ടും രണ്ടാണ്. ആദ്യത്തേത് കുറെയൊക്കെ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തേതിലെ പ്രശ്നം, വികസനത്തെ വേണ്ടത്ര ഗൗരവത്തോടെ ഇനിയും സമീപിച്ചില്ല എന്നതാണ്.

Advertisements

4 Responses to “അധികാര വികേന്ദ്രീകരണം ശരിക്കും നടപ്പായിട്ടില്ല”


 1. 1 sudheesh ഒക്ടോബര്‍ 22, 2010 -ല്‍ 3:32 am

  അടുത്ത് വരുന്ന ഭരണ കൂടവും , സോഷ്യല്‍ ഓടിറ്റിങ്ങും, , പഞ്ചായത്ത് തലത്തില്‍ തന്നെ 20-25% നിക്ഷേപമാകി മാറ്റലും …………
  നല്ല ലേഖനം ആയിട്ടുണ്ട് ……… നന്ദി

 2. 2 shajihan ഒക്ടോബര്‍ 23, 2010 -ല്‍ 10:29 am

  നന്നായിട്ടുണ്‍ട്. അധികാരമല്ല, 40% പണമാണ് കൊടുത്തിട്ടുള്ളതെന്നു പറയുന്നു.
  ശക്തമായ ഏകീക്രത കേന്ദ്ര നിയമംമൂലം ഇതിനൊരു മാറ്റം ഉണ്‍ടാക്കാം. ആദ്യം
  കേന്ദ്രം സംസ്ഥാങള്‍ക്ക് അര്‍ഹമായ അധികാരം നല്കട്ടെ

 3. 3 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 4:10 pm

  നന്നായി പറഞ്ഞു, വരും വര്‍ഷങ്ങളിലെ സര്‍ക്കാരുകള്‍ ഇതിനെ മുന്നോട്ടു നയിക്കട്ടെ എന്ന് പ്രത്യാശിക്കാം…പഞ്ചായത്ത് റോഡുകളുടെ കാര്യം ശോചനീയം, അതിലും മോശം റോഡരികിലെ മാലിന്യ കൂമ്പാരങ്ങള്‍ സംസകരിക്കാന്‍ ശ്രദ്ടിക്കാത്ത പഞ്ചായത്ത് ഭരണ സമിതികള്‍…എല്ലാം നേരെ ആകും എന്ന് കരുതാം അല്ലെ?

 4. 4 സതീഷ്‌ കുമാര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 5:12 pm

  ഇതെന്താപ്പാ ആസൂത്രണം , നടപ്പാക്കല്‍ , ആലോചന എന്നീ കാര്യങ്ങള്‍ ചട്ടപ്രകാരം നടത്തിയിരുന്നവരില്‍ നിന്നും ഒരു വീടിന്റെ പോലും കണക്ക് അറിയില്ലാത്ത എന്നെ പോലുള്ളവര്‍ 5 കൊല്ലം ഒരു കുറവും ഇല്ലാതെ ചെയ്യണമെന്നത് ഇത്തിരി അതിമോഹമല്ലേ .. തെറ്റിനെ കാണുന്ന നമ്മുടെ രീതി ഇനിയും മാറ്റാന്‍ സമയമായില്ലേ .. ക്കൂടുതല്‍ അറിയാന്‍ ലേഖകന്‍ ഡി. പി. ഇ. പി. നോക്കിയാല്‍ മതിയാകുമോ ? അതോ ഇനി ആദ്യമേ ….


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: