അധികാരവികേന്ദ്രീകരണത്തിന്റെ പൊള്ളത്തരം

പി. ജെ. ജെയിംസ്

കെയ്നീഷ്യന്‍ സാമ്പത്തിക ശാസ്ത്രത്തിലൂന്നിയ നെഹ്റൂവിയന്‍ ക്ഷേമരാഷ്ട്രസങ്കല്പത്തോട് വിടപറയുവാന്‍ നിര്‍ബന്ധിതമാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളിലേക്ക് നയിക്കുന്ന ഐ എം എഫ് വായ്പയെ 1981-ല്‍ ഭീമമായ തോതില്‍ ഇന്ത്യാഗവണ്‍മെന്റ് ആശ്രയിച്ചു. അതേ ദശകത്തിന്റെ മധ്യത്തില്‍ ഈ പരിഷ്കാരങ്ങളെ സാധ്യമാക്കുന്ന സാമ്പത്തികനയങ്ങളുമായി അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി സര്‍ക്കാരാണ് പഞ്ചായത്തുകളെ നേരിട്ടു കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കുന്ന 63, 64 ഭരണഘടനാഭേദഗതികള്‍ക്ക് തുനിഞ്ഞത്. പാര്‍ലമെന്റിനകത്തും പുറത്തുമുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഫലവത്തായില്ല. ഇതിന്റെ തുടര്‍ച്ചയിലാണ് നവലിബറല്‍ നയങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമെന്ന നിലയില്‍ ത്രിതലപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും വിപുലമായ അധികാരങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഭേദഗതി അധികാരത്തിലേറിയതിന്റെ പിറ്റേവര്‍ഷം തന്നെ റാവു-മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പാസ്സാക്കിയത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണഘടനാബാധ്യത അധികാരികളില്‍ നിക്ഷിപ്തമാക്കിയത് 1992-ലെ 73-ഉം 74-ഉം ഭേദഗതികളാണ്.
ക്ഷേമരാഷ്ട്രനയങ്ങള്‍ അവസാനിപ്പിച്ച് ആഗോളവത്കരണ, ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കുകയെന്നതായിരുന്നു റാവുസര്‍ക്കാറിന്റെ ഉദ്ദേശ്യം. സാമൂഹികസേവനരംഗങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ പുതിയ നയങ്ങളുടെ ഭാഗമായി അവസാനിപ്പിക്കുന്ന മുറയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ അവ ഏറ്റെടുത്തു നടപ്പാക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളെ പരുവപ്പെടുത്തണമെന്ന നവലിബറല്‍ അജന്‍ഡയായിരുന്നു ഈ നീക്കത്തിന് പിറകില്‍. പങ്കാളിത്ത വികസനത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്ന കുടുംബശ്രീ, ജനശ്രീ തുടങ്ങിയ സ്വയം സഹായ സംഘങ്ങള്‍, മൈക്രോ ഫൈനാന്‍സ് സംഘങ്ങള്‍, എന്‍ ജി ഒകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം (ലോകബാങ്കിന്റെ ജലനിധി ഉദാഹരണം) പൊതുവിദ്യാഭ്യാസം (ഡി പി ഇ പി) പൊതുജനാരോഗ്യം, മാലിന്യനിര്‍മാര്‍ജനം, റോഡ് നിര്‍മാണം തുടങ്ങിയ സാമൂഹിക സേവന രംഗങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടതും ഈ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കുന്ന ഗ്രാന്റുകള്‍ക്ക് പുറമേ ലോക സാമ്പത്തികസ്ഥാപനങ്ങളും ഫണ്ടിംഗ് ഏജന്‍സികളും വായ്പയായും ഗ്രാന്റായും നല്‍കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കാന്‍ ജനകീയ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നും നിഷ്കര്‍ഷിക്കപ്പെട്ടു. ലോകബാങ്കുപോലുള്ള അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളെ ആശ്രയിക്കുന്ന കേന്ദ്ര-സംസ്ഥാനര്‍ക്കാരുകളെ പോലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നവ കൊളോണിയല്‍ സ്ഥാപനങ്ങളുടെ ആശ്രിതരായി മാറുകയായിരുന്നു ഫലം. നവലിബറല്‍ അജണ്ടയ്ക്കൊത്ത് പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയിലെ മുന്‍കൈ പ്രവര്‍ത്തകന്‍ (initiator) എന്ന നിലയില്‍ നിന്ന് ഒരു സഹായി (facilitator) മാത്രമായുള്ള ഭരണകൂടത്തിന്റെ പരിവര്‍ത്തനത്തെ സുഗമമാക്കാന്‍ അധികാരവികേന്ദ്രീകരണത്തിന് കഴിഞ്ഞു.
യഥാര്‍ഥ അര്‍ഥത്തിലുള്ള അധികാരവികേന്ദ്രീകരണമെന്നത് സമൂഹത്തിലെ അധികാരബന്ധങ്ങളില്‍ മാറ്റമുണ്ടാക്കലാണ്. അത് ഒരു സാമൂഹ്യമാറ്റമാണ് സൃഷ്ടിക്കുക. എന്നാല്‍ ഇവിടെ നടപ്പാക്കിയ അധികാരവികേന്ദ്രീകരണമാകട്ടെ നടേ പറഞ്ഞപോലെ നവലിബറല്‍ സമ്പദ്വ്യവസ്ഥ ശക്തമായി വേരൂന്നുന്നതിന് സഹായിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിലവിലുള്ള അധികാരഘടനയ്ക്കും സ്വത്തുബന്ധങ്ങള്‍ക്കും ഒരു പോറലുമേല്‍പ്പിക്കാതെ തികച്ചും അരാഷ്ട്രീയമായി മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ്. 80-കള്‍ വരെ ഇന്ത്യന്‍ ഭരണകൂടത്തിന് അധികാരവികേന്ദ്രീകരണത്തില്‍ കാര്യമായ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. ഗ്രാമസ്വരാജിനെയും ജനകീയാധികാരത്തെയും സംബന്ധിച്ച മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഭരണഘടനാപരമായ ബാധ്യത ആയിരുന്നില്ല. അതിനെ മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ ഒതുക്കാനാണ് സ്വാതന്ത്യ്ര കൈമാറ്റത്തിന്റെ കാലത്ത് കോണ്‍ഗ്രസ് ശ്രമിച്ചത്. ഏറെ കാലം ഗ്രാമപഞ്ചായത്തുകള്‍ക്ക് സവിശേഷമായ അധികാരങ്ങളോ സാമ്പത്തികവും രാഷ്ട്രീയവും ആയ ഉത്തരവാദിത്വങ്ങളോ ഉണ്ടായിരുന്നില്ല. അവ മിക്കപ്പോഴും ജാതിമേധാവികളുടെയോ ഭൂപ്രഭുക്കന്‍മാരുടേയോ ഗ്രാമീണ വരേണ്യവര്‍ഗത്തിന്റെയോ നിയന്ത്രണത്തില്‍ ഒതുങ്ങി. അധികാരവികേന്ദ്രീകരണം സംബന്ധിച്ച് 57-ല്‍ ബല്‍വന്ത്റായി മേത്താ കമ്മിഷനും 77-ല്‍ അശോക് മേത്താ കമ്മിഷനും രൂപീകരിച്ചു എന്നതൊഴിച്ചാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ മിക്കപ്പോഴും അവഗണിക്കപ്പെട്ടു. ഇവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വല്ലപ്പോഴുമൊക്കെ മാത്രമേ നടന്നിരുന്നുമുള്ളൂ. എന്നാല്‍ അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയായ ഫോര്‍ഡ് ഫൌണ്ടേഷന്‍ ഇന്ത്യയില്‍ ആവിഷ്കരിച്ച കമ്യൂണിറ്റി ഡവലപ്മെന്റ് പദ്ധതിയില്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കപ്പെട്ട പ്രാധാന്യം ഇതിന് ഒരപവാദമായിരുന്നു.
അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇ എം എസ് പ്രത്യേക താത്പര്യം കാണിച്ചിരുന്നു എന്ന് പറയാറുണ്ട്. യഥാര്‍ഥത്തില്‍ അദ്ദേഹമടക്കമുള്ളവര്‍ ശ്രമിച്ചത് ഉത്തരവാദിത്വങ്ങളുടെ വികേന്ദ്രീകരണത്തിനായിരുന്നു. ഇതുസംബന്ധിച്ച് 77-ല്‍ അശോക് മേത്താ കമ്മിഷന് അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഭരണപരിഷ്കാരപരം മാത്രമായിരുന്നു.

അധികാരങ്ങളും ഉത്തരവാദിത്വവും
യഥാര്‍ഥത്തില്‍ കേരളത്തില്‍ നടപ്പായത് അധികാരവികേന്ദ്രീകരണമല്ല. ഉത്തരവാദിത്വങ്ങളില്‍ കുറേ പ്രാദേശിക ഭരണസംവിധാനത്തെ ഏല്‍പ്പിക്കുന്നതിന്റെ മറവില്‍ അവ കൈയൊഴിയുക എന്ന ഭരണകൂട തന്ത്രമാണ്. അധികാരവികേന്ദ്രീകരണമെന്നത് തീരുമാനമെടുക്കാനും അതുനടപ്പാക്കാനുമുള്ള (വിഭവങ്ങള്‍ സമാഹരിക്കുന്നതിന്റെ രീതിയടക്കം) അവകാശം താഴെത്തട്ടിലേക്ക് നല്‍കലാണ്.
1996-2001 ലെ എല്‍ ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനപദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് മാറ്റിവെച്ചതിലൂടെയാണ് ജനകീയാസൂത്രണം രൂപം കൊള്ളുന്നത്. ഒരു മാതൃകാവികസന പദ്ധതിയെന്ന നിലയില്‍ ലോകബാങ്ക് അടക്കമുള്ള ഫണ്ടിംഗ് ഏജന്‍സികള്‍ അതുയര്‍ത്തിക്കാട്ടിയതിലൂടെ അതിന്റെ രാഷ്ട്രീയം വ്യക്തമാണ്. ഇന്നും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. ഈ നടപടിയും ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.  ജനകീയാസൂത്രണം പ്രക്ഷേപിച്ച അരാഷ്ട്രീയമായ വികസനസംസ്കാരത്തിന് സമാന്തരമായിട്ടാണ് കേരളീയസമൂഹം ഒരിയ്ക്കലും ദര്‍ശിച്ചിട്ടില്ലാത്തവിധം നവലിബറല്‍വത്കരണത്തിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റ് മൂലധന മാഫിയ ഇവിടത്തെ ഭൂമിയും വിഭവങ്ങളുമെല്ലാം കൈയേറാന്‍ ആരംഭിച്ചത്.  പ്രാ#ിദശികകൂട്ടായ്മകളില്‍ നിന്ന് വിഭവം സമാഹരിക്കുക എന്നത് സാമൂഹിക സേവനമേഖലകളിലെ സര്‍ക്കാര്‍ ഇടപെടല്‍ കുറച്ചുകൊണ്ടുവരിക എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണ്. പ്രാദേശികതലത്തില്‍ വിഭവസമാഹരണമല്ല ഇന്ന് നടക്കുന്നത് വിഭവങ്ങളെ കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കലുമാണ്. സ്വാഭാവികമായും വിഭവങ്ങളുടെ അപര്യാപ്തതയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എ ഡി ബി പോലുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അങ്ങിനെ കൂടുതല്‍ കൂടുതല്‍ രാജ്യം നവ കോളണീകരണത്തിന് വിധേയമാകുന്നു.

എന്‍ ജി ഒ കളും സ്വയം സഹായസംഘങ്ങളും
2000- മാണ്ടിലെ ഒരു കണക്കുപ്രകാരം ലോകത്തെമ്പാടും പത്തുലക്ഷത്തോളം എന്‍ ജി ഒകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം എന്‍ ജി ഒകള്‍ ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ്. വര്‍ഗവിഭജിതസമൂഹത്തിന്റെ ആവിര്‍ഭാവത്തോടുകൂടി കാരുണ്യപ്രവര്‍ത്തനങ്ങളും ഭൂതദയയില്‍ അധിഷ്ഠിതമായ നടപടികളും സമൂഹത്തിന്റെ ആദരവുപിടിച്ചുപറ്റുന്നതും ന• നിറഞ്ഞ ഒന്നുമായും കണക്കാക്കപ്പെട്ടു തുടങ്ങി. മിക്കപ്പോഴും മതപരമായ ഒരു കടമ എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കമഅടുപോന്നു.
എന്നാല്‍ നവലിബറല്‍ നയങ്ങള്‍ ലോകമെമ്പാടും പിടിമുറുക്കിയ കാലഘട്ടത്തിലാണ് എന്‍ ജി ഒകളുടെ എണ്ണത്തില്‍ വലിയ പെരുപ്പമുണ്ടായതെന്ന് ശ്രദ്ധേയമാണ്. 80-കള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഇത്തരം സംഘങ്ങള്‍ ഇന്ത്യയില്‍ ഈ സംഘങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു.


എന്നാല്‍ ഇന്ന് എന്‍ ജി ഒകളുടെ അകമഴിഞ്ഞ പിന്തുണയാണ് പ്രാദേശികവികസനത്തിന്റെ പേരില്‍ ആഗോളവത്കരണത്തിന് മാനവികമായ മുഖം മൂടി എടുത്തണിയാന്‍ ലഭിക്കുന്നത്. ആഗോളതലത്തില്‍ ഫിനാന്‍സ്മൂലധനത്തിന്റെ കേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന നവലിബറലിസം ഒരു വശത്തും അതിനെതിരെ ചെറുത്തുനില്‍ക്കേണ്ട തൊഴിലാളികളെയും ബഹുജനങ്ങളെയും ശാക്തീകരണത്തിന്റെയും പങ്കാളിത്തവികസനത്തിന്റെയും പേരില്‍ സൂക്ഷ്മതലങ്ങളിലൊതുക്കുന്ന പ്രാദേശികവത്കരണം മറുവശത്തും ഊര്‍ജിതമായി നടക്കുമ്പോള്‍ പൌരസമൂഹവാദികള്‍ക്കും ഉത്തരാധുനിക രാഷ്ട്രീയക്കാര്‍ക്കുമൊപ്പം എന്‍ ജി ഒകളും ഫിനാന്‍സ് മൂലധനത്തിന്റെ കടന്നുകയറ്റം സുസാധ്യമാക്കുന്നു. മൂലധനശക്തികള്‍ക്കെതിരെയുള്ള സംഘടിതപ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കാനുള്ള അജന്‍ഡയുടെ ഭാഗമായാണ് എന്‍ ജി ഒകള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹിക സേവനമേഖലകളിലെ ഗവണ്‍മെന്റ് ഉത്തരവാദിത്വം കൈയൊഴിയുന്നമുറയ്ക്ക് അതേറ്റെടുക്കാന്‍ പ്രാദേശികതലത്തില്‍ കഴിയുമെന്ന തോന്നലുണ്ടാക്കുന്നതിനാണ് ഭരണകൂടം ഇവയെ പ്രയോജനപ്പെടുത്തുന്നത്.  മുന്‍പ് സൂചിപ്പിച്ച പോലെ ഭൂമിയും വിഭവങ്ങളും ഊഹമൂലധന മാഫിയ കൈയേറുമ്പോള്‍, വികസനത്തിന്റെ മറപിടിച്ച് ഭരണ-പ്രതിപക്ഷ മുന്നണികളുടെ ഒത്താശയോടെ അവയെല്ലാം കൈയടക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി ചെറുക്കാനാകാത്ത വിധം കുടുംബശ്രീകളിലും ജനശ്രീകളിലും സ്വയം സഹായസംഘങ്ങളിലും മൈക്രോഫിനാന്‍സ് യൂണിറ്റുകളിലും ജനങ്ങള്‍ തളച്ചിടപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്.
കേരളത്തിലെ പ്രമുഖ മതസമുദായ സംഘടകളെല്ലാം സ്വയം സഹായസംഘങ്ങളും അയല്‍ക്കൂട്ടങ്ങളും കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ജനകീയാസൂത്രണത്തിന്റെ ബാക്കിപത്രമാണിത്. കേരളത്തിലെ കാത്തോലിക്കാ പള്ളി മാത്രം അരലക്ഷത്തോളം സ്വയം സഹായസംഘങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ജനങ്ങള്‍ നിരന്തരമായി അരാഷ്ട്രീയവത്കരണത്തിന് വിധേയമാകുകയാണ് ഇതിന്റെ ഫലം. ഈ പശ്ചാത്തലത്തിലാണ് ബി ഒ ടി പദ്ധതികളും പ്രത്യേക സാമ്പത്തിക മേഖലകളുമടക്കമുള്ള ജനവിരുദ്ധ വികസനപദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. കോര്‍പറേറ്റ് ശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കാറുള്ള കോടതിയോ എക്സിക്യൂട്ടീവോ ലജിസ്ളേച്ചറോ ഇത്തരം പദ്ധതികളുടെ കാര്യത്തില്‍ പഞ്ചായത്തുകളുടെ അഭിപ്രായം തേടാറില്ലെന്നതുതന്നെ അധികാരവികേന്ദ്രീകരണത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു.സേവനമേഖലലയ്്ക്ക് സംഭവവിച്ചത് ഉത്തരവാദിത്വ വികേന്ദ്രീകരണത്തിനൊപ്പം സംഭവിച്ച ഭരണകൂടത്തിന്റെ സേവനമേഖലയില്‍ നിന്നുള്ളപിന്‍വാങ്ങല്‍ ഏറ്റവുമധികം ബാധിച്ചത് വിദ്യാഭ്യാസ, ആരോഗ്യമേഖലകളെ ആണ്. ആരോഗ്യമേഖലയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ അവഗണിയ്ക്കപ്പെട്ടു. ആശുപത്രികളുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഏല്പിച്ചു. സാധാരണക്കാര്‍ക്ക് രോഗചികിത്സ അസാധ്യമാകുകയായിരുന്നു ഫലം. രോഗചികിത്സയുടെ രംഗത്ത് പൊതുവായ ഊന്നലിനു പോലും വ്യത്യാസമുണ്ടായി. ദരിദ്രജന്യരോഗങ്ങളില്‍ നിന്ന ്ജീവിതശൈലീരോഗങ്ങളിലേക്കായി ഊന്നല്‍. അതിനര്‍ഥം സാധാരണക്കാരന് രോഗചികിത്സ നിഷേധിക്കപ്പെടുന്നു എന്നാണ്. ജീവിതശൈലീരോഗങ്ങള്‍ അധികവും ബാധിക്കുക ഉപരി-മധ്യവര്‍ഗ്ഗക്കാരെയാണ്. ഒരുതരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സംസ്കാരം ആതുരശുശ്രൂഷാ സേവനരംഗത്തു വളര്‍ന്നുവന്നതും അവയവവില്പനപോലുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടതും ഈ രംഗത്തെ സര്‍ക്കാര്‍ പിന്‍മടക്കത്തിന്റെ ഭാഗമായാണ് സംഭവിച്ചത്.വിദ്യാഭ്യാസരംഗത്താകട്ടെ സ്വകാര്യവത്കരണവും വര്‍ഗീയവത്കരണവുമാണ് നടക്കുന്നത്. ഈ രംഗത്തെയും ഉത്തരവാദിത്വം സര്‍ക്കാര്‍ കൈയൊഴിഞ്ഞതുകാാെണ് ഇങ്ങിനെ സംഭവിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തും വിദേശമൂലധനത്തിന്റെ കടന്നുവരവിന് അനുകൂലമായ നയമാണ് അധികാരികള്‍ കൈക്കൊള്ളുന്നത്. ഇത്തരത്തിലുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ ജനങ്ങളില്‍ തത്കാലം അധികാരം തങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന തോന്നലുണ്ടാക്കുകയും അതേസമയം ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യം ശക്തമാക്കുകയും ചെയ്യുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഉത്തരവാദിത്വ വികേന്ദ്രീകരണം.

5 Responses to “അധികാരവികേന്ദ്രീകരണത്തിന്റെ പൊള്ളത്തരം”


 1. 1 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 7:40 am

  ഒരു കാലത്ത് നമ്മുക്കുണ്ടായിരുന്നു സമ്മിശ്ര സമ്പദ്ഘടന
  നെഹ്‌റു വിഭാവനം ചെയുത …

 2. 2 devaraj ഒക്ടോബര്‍ 22, 2010 -ല്‍ 6:38 pm

  കഴിഞ്ഞ ലക്കത്തിലെയും ഈ ലക്കത്തിലെയും പഞ്ചയാത്തീരാജും അധികാര വികേന്ദ്രീകരണ ചര്‍ച്ചയും വായിച്ചു. എം പീ പരമേശ്വരന്റെയും പി ജെ ജയിംസിന്റെയും എഴുത്ത് വളരെ ശ്രേദ്ധെയമായി. അഭിനന്ദനങ്ങള്‍

 3. 3 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 3:52 pm

  പഞ്ചായത്ത് രാജിനെ കുറിച്ചുള്ള ഈ ലേഖനം തികച്ചും വ്യത്യസ്തവും ശ്രദ്ധേയവും ആയി. നല്ല അറിവുകള്‍ പങ്കു വച്ച് തന്നതിന് മലയാള നാടിനും ജയിമ്സിനും നന്ദി. ഇതെഴുതിയ ജയിംസിനെ കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തിയാല്‍ നന്ന്..

 4. 4 kabeer katlat ഒക്ടോബര്‍ 30, 2010 -ല്‍ 2:11 pm

  Dr. P J James is Central Executive Committee member of CPI (ML). He was economic professor at Pala St. Thomas College and left job for full time political activity. He wrote some noted political and economical books and numerous articles. He can be reached at: ananthujames@gmail.com and tel: + 91 9447153507


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: