അങ്ങനെ ഇന്നലെ താഴെ ആകാശം


p

o

e

m

വി. എം. ഗിരിജ

( സ്റ്റുഡിയൊ രാത്രി 27 09 10 )

അങ്ങനെ ഇന്നലെ താഴെ ആകാശം….
ഭൂമി മേലെ, മോളില്‍!

കടലുകളുടെ അടിത്തട്ടുകള്‍
വെളിച്ചം കണ്ടു അന്തം വിട്ടു…
മുത്തുകള്‍ രത്നങ്ങള്‍ നക്ഷത്രങ്ങളായ്
തിളങ്ങി…
കടലാനകള്‍ തിമിംഗലങ്ങള്‍
വെള്ളത്തില്‍ പിടിച്ചു തൂങ്ങിയാടി…
വെള്ളമാണേറ്റവും കുഴങ്ങിയത്
താണ നിലത്തേക്കൊഴുകി ശീലിച്ച
ചൂടും തണുപ്പും ഉപ്പും മിനുപ്പുമുള്ള നനവുതുള്ളികള്‍
അങ്ങോട്ടുമിങ്ങോട്ടും കലര്‍ന്ന്
പുതിയ ഒരു ദ്രാവകമുണ്ടായി.
താഴേക്കു നോക്കാനറിയാത്ത മലകള്‍ പര്‍വതങ്ങള്‍
പള്ളികള്‍ കൊട്ടാരങ്ങള്‍
പുതുനഗരങ്ങള്‍
സ്വയം പടര്‍ത്തിക്കൊണ്ടിരിക്കുന്ന മണലും മരുഭൂമിയും
എല്ലാം
മുറം ചേറ്റിയാലെന്ന പോലെ
ഉയര്‍ത്തപ്പെട്ടപ്പോല്‍
കലര്‍ന്നു എന്നല്ല
മഞ്ഞുരുക്കുന്ന ചുടുകാറ്റുകളും
കൈലാസമേഘങ്ങളും
കലര്‍ന്നു ചരിത്രം ഇല്ലാതാക്കി.

ആകാശമാണെങ്കില്‍,
കോശങ്ങളില്‍ നിന്ന് ചിറകുകള്‍ മുളപ്പിച്ചു.
നക്ഷത്രങ്ങളില്‍ക്കിടയില്‍ മനുഷ്യമുഖങ്ങള്‍ തിരുകി…
ഉടയാടകള്‍ മേഘങ്ങള്‍ മാത്രമാക്കി..
കൃഷിയിടങ്ങള്‍‍, കെട്ടിടങ്ങള്‍,
കിണറുകള്‍, അടുക്കളകള്‍,
കലകള്‍, വൈദ്യുതിട്ടവറുകള്‍,
സിനിമാശാലകള്‍, വിദ്യാലയങ്ങള്‍…..
ഒന്നുമില്ലാതെ മനുഷ്യരുടെ കാലടികളെ
ശൂന്യതയിലേക്ക് മോചിപ്പിച്ചു.
ആകാശം അതു വരെയുള്ള ചരിത്രത്തിന്‍റെ
സാധ്യത പോലും മായ്ച്ചു കളഞ്ഞു.

പോന്നേ…. നിന്‍റെ കൈകള്‍
കൈകളില്‍ നിന്ന്
ചോരക്കറകള്‍, ശ്വാസം മുട്ടിച്ചത്തവരുടെ ഓര്‍മ്മകള്‍
തോട്ടികള്‍ പിടിച്ച മലപ്പാട്ടകളുടെ നാറ്റം
കാഞ്ചിത്തഴമ്പ്
മായ്ച്ചു…
മണ്ണ്, കുനുകുനുയിലകള്‍,കുഞ്ഞിവിരലുകള്‍
മുലകളുടെ മ്ലാനമുഖങ്ങളെ
തൊട്ടുതഴുകി
പാലും തേനും നിറച്ച സ്നേഹവായ്പുകള്‍
മാത്രമായി കൈകള്‍
ആ കൈകള്‍ ചുരുട്ടിയുയര്‍ത്താനാണത്രെ
ഏറ്റം എളുപ്പം.

വിത്തിന്‍റെ ഒരരുവി
മുളച്ചു വരുമ്പോള്‍

ആകാശങ്ങളില്‍ വള്ളിത്തലപ്പുകളൊ
ഭൂമിയില്‍ വേരുപടലങ്ങളൊ
എന്നറിയാതെ
പൂത്ത്
കായ്ച്
കൊഴിഞ്ഞു
തളിര്‍ത്തു

ഇന്നലെ കടല്‍ത്തിരകളില്‍
വീഴാതെ പിടിച്ചു നില്‍ക്കാന്‍
മീനുകള്‍ തോണികള്‍
സ്രാവുകള്‍ തിമിംഗലങ്ങള്‍
പാട്ടുപാടും ദേവതകള്‍
അതിലാണത്രെ തൂങ്ങിയാടിയത്..

ഇന്നലെ…………

8 Responses to “അങ്ങനെ ഇന്നലെ താഴെ ആകാശം”


 1. 1 jp ഒക്ടോബര്‍ 22, 2010 -ല്‍ 6:53 am

  കവിത വായിച്ച് വലിയ പരിചയമൊന്നും ഇല്ല.
  പണ്ടൊക്കെ സുകന്യ – തേജസ്വിനി – ഗീത ടീച്ചര്‍ – ശ്രീദേവി മുതലായവരൂടെ കവിതകള്‍ നോക്കാറുണ്ടായിരുന്നു.

  ഗിരിജയുടെ കവിത വായിച്ചു.
  ഇനി മലയാളനാട്ടില്‍ കവിതയുടെ ഓഡിയോ ഫയലും കൂടി ചേര്‍ത്ത് കിട്ടിയാല്‍ കൊള്ളാമായിരുന്നു ലിറിക്സിനോടൊപ്പം.

  കവിത കൊള്ളാം – നന്നായിട്ടുണ്ട്.

  ഭാവുകങ്ങള്‍

 2. 2 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 7:45 am

  വിത്തിന്‍റെ ഒരരുവി
  മുളച്ചു വരുമ്പോള്‍

  ആകാശങ്ങളില്‍ വള്ളിത്തലപ്പുകളൊ
  ഭൂമിയില്‍ വേരുപടലങ്ങളൊ
  എന്നറിയാതെ…..

  ഇഷ്ട്ടമായി …ഈ ചിന്തകള്‍ …

 3. 3 മനോജ് കുറൂര്‍ ഒക്ടോബര്‍ 22, 2010 -ല്‍ 3:38 pm

  കീഴ്മേല്‍ മറിയുന്ന കാഴ്ചകളിലും ഗിരിജ കരുതിവയ്ക്കുന്ന തീവ്രമായ വൈകാരികത ഈ കവിതയെ യാന്ത്രികമാകാമായിരുന്ന ഒരു ആവിഷ്കാരകൌതുകത്തില്‍‌നിന്ന് ഏറെ ഉയര്‍ത്തി നിര്‍ത്തുന്നു. വളരെ ഇഷ്ടപ്പെട്ട ഒരു കവിത. നന്ദി 🙂

 4. 4 dileep kumar k g ഒക്ടോബര്‍ 23, 2010 -ല്‍ 6:04 am

  ഒന്നുമില്ലാതെ മനുഷ്യരുടെ കാലടികളെ
  ശൂന്യതയിലേക്ക് മോചിപ്പിച്ചു….ഇഷ്ട്ടമായി നന്ദി

 5. 5 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 1:35 pm

  വളരെ ഇഷ്ട്പെട്ടു. ഇതൊക്കെ വായിക്കാന്‍ കഴിയുന്നതേ ഭാഗ്യം.ഇത്ര ദൂരെ ഇരുന്നു കൊണ്ടു.

 6. 6 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:58 pm

  ആധുനിക മനുഷ്യന്‍റെ നേരെ പിടിച്ച ഒരു കണ്ണാടി

  വരികള്‍ക്കിടയിലെ രോഷം,, ധാര്‍മ്മികം..!

 7. 7 devaraj ഒക്ടോബര്‍ 24, 2010 -ല്‍ 6:18 pm

  അയ്യപ്പന്‍റെ മരണത്തിനു ശേഷം ഇത് വായിക്കുമ്പോള്‍ …. ഈ പെണ്‍കോലായിലെ ഏറ്റവും നല്ല കവിത എന്ന് എനിക്ക് തോന്നുന്നു


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: