സമരമുണ്ടാവുന്നതങ്ങനെയാണ്

സമരമുണ്ടാവുന്നതങ്ങനെയാണ്

മയിലമ്മ പറയുന്നു


തയ്യാറാക്കിയത്: പി. പി. പ്രകാശന്‍
കേരളപ്പിറവിയുടെ അമ്പത് വര്‍ഷം.നാടെങ്ങും ആഘോഷങ്ങള്‍.ദേശമംഗലം ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടരി സ്ക്കൂളിലെ കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ ഗ്രാമത്തിനുചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കുന്നു. ഉദ്ഘാടനം ചെയ്യുന്നത് മയിലമ്മ! മയിലമ്മയോ? ചിലര്‍ നെറ്റിചുളിച്ചു.ചിലര്‍ അറിവില്ലായ്മ നടിച്ചു.         നവമ്പര്‍ മുപ്പതാം തീയ്യതി മയിലമ്മ വന്നു… ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആരും നല്‍കാത്ത സമരാനുഭവം കേരളത്തിന് നല്‍കിയ പ്ലാച്ചിമട സമരനായിക സമരസമിതിനേതാവ് സ്വാമിനാഥനോടൊപ്പം പ്രായവും തളര്‍ച്ചയും വകവെയ്ക്കാതെ മനുഷ്യച്ചങ്ങലയില്‍ കണ്ണിയായി.

കുട്ടികള്‍ കൗതുകത്തോടെ അതിലധികം ആവേശത്തോടെ മയിലമ്മയെ നോക്കിനിന്നു. ഇങ്ങനെയും നേതാവോ..?അവര്‍ ആശ്ചര്യപ്പെട്ടു.കുട്ടികളുടെ സ്നേഹാധിക്യത്തില്‍ മയിലമ്മയ്ക്ക് കണ്ണുനിറഞ്ഞു.”ഈ മക്കള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാതായാല്‍…പ്ലാച്ചിമടയില്‍ അതാണുണ്ടായത്..” പ്രസംഗമധ്യേ വാക്കുകള്‍ മുറിഞ്ഞു. നാട്യക്കാരിയല്ലാത്ത ഈ സമരക്കാരിയെ കുട്ടികള്‍ ആവേശപൂര്‍വ്വം സ്കൂളിലേക്കാനയിച്ചു. സ്ക്കൂള്‍ ലൈബ്രറി ഹാളില്‍ മയിലമ്മ വിശ്രമിച്ചു. അന്ന് ഞങ്ങളൊട് ഒരുപാട് സംസാരിച്ചു..ഒട്ടും ഔപചാരികതയില്ലാതെ..കുറെയൊക്കെ കുറിച്ചെടുത്തു..മയിലമ്മ ഹൃദയം തൊട്ടുഴിഞ്ഞ വാക്കുകള്‍. കോടീശ്വരന്മാരുടെ പ്രലോഭനങ്ങളെ അതിജീവിച്ച് തൃശൂരിലെ ആശുപത്രിക്കിടക്കയില്‍ നിര്‍ദ്ധനയായി അവസാനിച്ച സമരനായിക പറയുന്നു…..

“ജീവിക്കാന്‍ വെള്ളം വേണം.ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയതെവന്നാല്‍..?പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍.ഞങ്ങലുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളര്‍ച്ച.ഒന്നാലോചിച്ചു നോക്കൂ.നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളര്‍ന്നവരാ ഞങ്ങള്‍. നിങ്ങള്‍ക്കാണിങ്ങനെ വന്നതെങ്കിലോ..?പുലര്‍ച്ചയ്ക്ക് ഉണര്‍ന്നാല്‍ മുഖം കഴുകണ്ടേ. അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായി ഞങ്ങള്‍ക്ക്. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതില്‍ക്കൂടുതല്‍ എന്തുവേണം..?

? കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയല്ലേ മയിലമ്മ.ഇത്രയും വലിയ സമരത്തിനിറങ്ങുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥ..?

* ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. എല്ലാവരും എല്ലാ ദിവസവും സമരത്തിനിറങ്ങിയാല്‍ ജോലിക്കാര് പോകും. കുടുബം പുലരണ്ടേ.ഇത് മനസ്സിലാക്കി ഞങ്ങള്‍ ഒരു തീരുമാനമെടുത്തു.ഒരു കുടുംബത്തില്‍ ഒരാള്‍ സമരത്തിനും ഒരാള്‍ ജോലിക്കും! വളരെ വൈകിയാണ് മറ്റുള്ളവര്‍ ഞങ്ങളോടൊപ്പം വന്നത്. ഇതിനിടയില്‍ ധാരാളം കടങ്ങള്‍,അതുകൊണ്ടുള്ള പ്രശ്നങ്ങള്‍ നിരവധി…ഇതിനെയെല്ലാം അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് മണ്ണും വെള്ളവും ഞങ്ങളുടേ താണെന്ന ഉറച്ചബോധ്യംകൊണ്ടാണ്.

? ഇതിനിടയില്‍ കോടതിയും കേസും വിധിയും ഒക്കെ  ഉണ്ടായല്ലോ?

* മനുഷ്യന്റെ അവസാനത്തെ ദൈവം കോടതിയാണല്ലോ.എന്നവെച്ച് എല്ലാവിധികളും വിശ്വസിക്കാനവില്ല. പ്രതീക്ഷിക്കാതെ വിധികള്‍ ജനങ്ങള്‍ക്കെതിരാവും. ഒരു കര്‍ഷകന്‍ ഉപയോഗിക്കുന്നത്രയും വെള്ളം കോളക്കാര്‍ എടുത്തോയെന്നാണ് കോടതി പറഞ്ഞത്. കര്‍ഷകനേയും കോള്‍ക്കമ്പനിയേയും ഒരുപോലെ കാണാന്‍ പറ്റുമോ..കര്‍ഷകനെടുക്കുന്ന വെള്ളം മണ്ണില്‍ത്തന്നെയാണുപയോഗിക്കുന്നത്. കോളക്കാരെടുക്കുന്നതോ.എനിക്ക് പറയനുള്ളതിതാണ്. നിയമപുസ്തകത്തിലുള്ളതുപോലെ പറയരുത്. നിലവിലുള്ള അവസ്ഥകൂടി കണക്കാക്കണം.

? അവര്‍ വലിയവരല്ലേ..അവരോട് സമരം ചെയ്യുമ്പോള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

*പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും സമരത്തിനിറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു.എന്തായാലും ജയിക്കുമെന്ന്.പ്രശ്നത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉറപ്പിച്ചോ..സമരം ജയിക്കും.

? കോളക്കമ്പനിക്കാര്‍ വലിയ സമ്പത്തുള്ളവരല്ലേ. അവര്‍ മയിലമ്മയെ സ്വധീനിക്കാന്‍ ശ്രമിച്ചെന്നു കേട്ടു..?

* അതൊക്കെയുണ്ടായി(ഒന്നു ചിരിച്ച്, അല്പ്പം നിര്‍ത്തിയിട്ട്)പ്ലാച്ചിമടയില്‍ കോളക്കമ്പനിക്കാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഡ്രസ്സും പാദസ്സരവുമെല്ലാം കൊടുത്തു, സമരത്തല്‍നിന്ന് പിന്മാറാന്‍. പക്ഷേ,ദാഹിക്കുന്ന മനുഷ്യന് വേണ്ടത് കുടിക്കാന്‍ വെള്ളമല്ലേ.പാദസ്സരമല്ലല്ലോ.രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ്സ് വെള്ളം കിട്ടാത്ത മനുഷ്യരെ ഒരാള്‍ക്കും സമരത്തില്‍നിന്ന്  പിന്മാറ്റാന്‍ കഴിയില്ല, പ്രശ്നങ്ങള്‍ നേരിട്ട് വരുമ്പോള്‍ സമരമുണ്ടാവും. അതാര്‍ക്കും തടയാനാവില്ല.

? പരിസ്ഥിതിപ്രശ്നങ്ങള്‍ നിരവധിയുണ്ടല്ലോ കേരളത്തില്‍.അവിടെയൊന്നും ഇത്ര വലിയ സമരമുണ്ടായിട്ടില്ല..?

*ഏതെങ്കിലും പ്രത്യേക പ്രദേശത്തെ ജനങ്ങളെ നേരിട്ട് ബാധിക്കട്ടെ.അപ്പോള്‍ കാണാം. സമരമല്ലാതെ മറ്റ് വഴിയില്ലെന്നുവരുമ്പോഴാണ് സമരമുണ്ടാവുന്നത്.ലോകത്തെല്ലായിടത്തും അങ്ങനെയാണ്.

? ഇതിനിടയില്‍ മയിലമ്മയ്ക്ക് അവര്‍ഡ് കിട്ടിയല്ലോ..?

* ഡല്‍ഹിയില്‍ വെച്ച് അവാര്‍ഡ് തരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചു,സോണിയാഗാന്ധിയില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന്.പക്ഷേ,എല്ലാവരും നിര്‍ബന്ധിച്ചു പോകാന്‍.അവസാനം പോകേണ്ടിവന്നപ്പോള്‍ ഞാന്‍ പ്ലാച്ചിമടയിലെ ഒരുകുപ്പി വെള്ളവും കൊണ്ടുപോയി.ഈവെള്ളം നിങ്ങള്‍ കുടിക്കുമോ എന്ന് ഞാന്‍ സോണിയാഗന്ധിയോട് ചോദിച്ചു. പാര്‍ലമെന്റില്‍ നിങ്ങള്‍ വെള്ളം കുടിക്കുന്നില്ലേ..?ഞങ്ങള്‍ക്കും ഞങ്ങടെ മക്കള്‍ക്കും വെള്ളം വേണം. കേരളത്തില്‍ വന്നാല്‍ കാണാമെന്നവര്‍ പറഞ്ഞു. പക്ഷേ,വന്നില്ല.

? ഈ കോള വിഷം കുറഞ്ഞതാണെന്നു പറയുന്നുണ്ടല്ലോ?

*അമേരിക്കയില്‍ ഇത് കുട്ടികള്‍ക്കിടയില്‍ നിരോധിച്ചതിന്റെ റിപ്പോര്‍ട്ട് ഞങ്ങടെ കയ്യിലുണ്ട്.

? ഇത്രയും വലിയ സമരമുണ്ടാകുമ്പൊഴും കേരളത്തില്‍ കോള നന്നായി വിറ്റഴിക്കുന്നുണ്ട്. എന്തു തോന്നുന്നു മയിലമ്മയ്ക്ക്..

*പ്ലാച്ചിമടയില്‍ കമ്പനിനിര്‍ത്തി. മറ്റുള്ളവരാണിവിടെ വില്‍ക്കുന്നത്. ഇനി നമ്മള്‍ വേണ്ടെന്നുവെയ്ക്കുകയേ നിവര്‍ത്തിയുള്ളൂ. ഒന്നും അമിതമായി ഊറ്റിയെടുക്കാന്‍ സമ്മതിക്കരുത്. വെള്ളത്തിനു വേണ്ടി ഓടേണ്ടിവരുന്നതില്പ്പരം ദുരിതം വേറെയില്ല. പണമുള്ളന് മാത്രം വെള്ളം എന്ന അവസ്ഥയിലേക്ക് മാറുകയാണ്. മദ്രാസില്‍ നാല്പ്പത് രൂപയ്ക്ക് നാല് ലിറ്റര്‍ വെള്ളം കിട്ടുന്നു.അതുകൊണ്ട് ജീവിക്കണം. വെള്ളത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ സമരത്തിനിറങ്ങുകയേ നിവര്‍ത്തിയുള്ളൂ.എന്തു വന്നാലും കോള കുടിക്കില്ലെന്ന് തീരുമാനിക്കണം.

? ഇത് ഭാരതപ്പുഴയുടെ തീരത്തുള്ള ഗ്രാമമാണ്. അമിതമായ മണലെടുപ്പ് പുഴയെ കൊല്ലുകയാണ്..

* ഭാരതപ്പുഴ മാത്രമല്ല, മറ്റ് പുഴകളും നാശത്തിലാണ്.മലകളാണ് നമ്മുടെ കാവല്‍ക്കാര്‍. ഇവ രണ്ടും നശിച്ചാല്‍ നാടു നശിക്കും.അതുകൊണ്ട് മണലെടുക്കലിനെ മാത്രമായി കാണരുത്. പ്രശ്നങ്ങളെ മൊത്തത്തില്‍ കാണണം. അപ്പൊഴേ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയൂ…

? ഈപ്രായത്തിലും ഓടിനടക്കുന്നു മയിലമ്മ.പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലല്ലോ..?

* അസുഖങ്ങളൊക്കിയുണ്ട്.പക്ഷേ,സമരത്തിന് പോകാതെ ജീവിക്കാനവില്ലെന്നുവന്നാല്‍ പോകുകതന്നെ. വായുവും വെള്ളവും ചീത്തയാവുന്നതിനെതെരെ എവിടെ സമരമുണ്ടായാലും ഞാന്‍ പോകും. മരിക്കുന്നതുവരെ പോകും. അതെന്റെ കടമയാ..

? പ്ലാച്ചിമടസമരത്തിന് മറ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞു. അതിനെക്കുറിച്ച്..

* ആദ്യം ഞങ്ങളൊറ്റയ്ക്കായിരുന്നു. പിന്നീടെല്ലാവരും വന്നു. അപ്പോള്‍ വലിയ സമരമായി.സമരം വലുതാവുന്നതങ്ങനെയാണ്.

ചിത്രത്തിന്‌ കടപ്പാട്: paalakkaad.blogspot.com

? സമരത്തിന്റെ ഭാവിയെക്കുറിച്ച്….?

*എല്ലാ സമരങ്ങള്‍ക്കും ഈ സമരം ആവേശമാണെന്ന് ഞങ്ങള്‍ക്കറിയാം.അതുകൊണ്ട് ഇതൊരു നല്ല തുടക്കമാണ്.ഞങ്ങള്‍ ഇനി അത് (കോളക്കമ്പനി)തുറക്കാന്‍ സമ്മതിക്കില്ല. അത്ര ശക്തമാണ് ഞങ്ങടെ സമരം…

പിന്നീട് കൊക്കൊകോളക്ക്,  പ്ലാച്ചിമടസമരത്തിന്, ‌ സമരസമിതിക്ക് , മയിലമ്മക്ക് എന്ത് സംഭവിച്ചു എന്നത് ചരിത്രം..!

4 Responses to “സമരമുണ്ടാവുന്നതങ്ങനെയാണ്”


 1. 1 PlLATHIKA ഒക്ടോബര്‍ 8, 2010 -ല്‍ 12:00 pm

  ചുറ്റുപാടുകളും, സ്വന്തം ജീവിതവുമാണ് അചാര്യനില്ലാത്ത ഈ വിപ്ലവത്തിന്റെ കാതല്‍. അവിടെ എതിരാളിക് മുട്ടുകുതാതെ വയ്യ. ഈ അഭിമുഖം ശ്രദ്ധേയം.

 2. 2 SUDHEESH ഒക്ടോബര്‍ 9, 2010 -ല്‍ 4:41 pm

  പ്രശ്നങ്ങള്‍ നേരിട്ട് വരുമ്പോള്‍ സമരമുണ്ടാവും. അതാര്‍ക്കും തടയാനാവില്ല…….

  ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആരും നല്‍കാത്ത സമരാനുഭവം കേരളത്തിന് നല്‍കിയ പ്ലാച്ചിമട സമരനായിക സമരസമിതിനേതാവ് ……

  മനസ്സില്‍ കുറിചിടെണ്ട വ്യക്തിയും കര്‍മ്മവും ……. THANX VERY…….

 3. 3 Pramod Kadavil Pushkaran ഒക്ടോബര്‍ 15, 2010 -ല്‍ 7:43 am

  രാഷ്ട്രീയ പാര്‍ട്ടികള്‍ ഓഫീസുകളില്‍ അടയിരിക്കുമ്പോള്‍ തെരുവുകളില്‍ ജനം നിലനില്‍പ്പിന് വേണ്ടി പോരടിക്കാന്‍ ഇറങ്ങും. സാധാരണക്കാരായ അവര്‍ക്കിടയില്‍ നിന്ന് സമരനായകര്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. മയിലമ്മ തത്വശാസ്ത്രങ്ങളുടെ സൃഷ്ടിയല്ല സാഹചര്യങ്ങളുടെ സൃഷ്ടിയാണ്, ആര്‍ക്കും തടയാനാവാത്ത കൊടുങ്കാറ്റ്. വന്‍മരത്തെ കടപുഴക്കാന്‍ അതിന് കഴിഞ്ഞു.. പക്ഷേ …… തെരുവ് നായയെക്കാള്‍ ദയനീയമായ അന്ത്യം….. ഒരു പക്ഷേ ഈ ഇന്‍റര്‍വ്യു തയ്യാറാക്കിയ പ്രകാശ്ജി പോലും അറിഞ്ഞിട്ടുണ്ടാവില്ല …. ആയമ്മയെ മരണം കൊണ്ടുപോയത്.
  പ്ലാച്ചിമട സമരം ലോകമറിഞ്ഞ നാള്‍ മുതല്‍ ഈ എളിയവന്‍ കൊക്കോകോള, പെപ്സി തുടങ്ങിയവ ഒന്നും ഉപയോഗിക്കാറില്ല. അത് ഇന്നും തുടരുന്നു… മറ്റോന്നിന്നുമല്ല മരിക്കുന്നത് വരെ ഈ സമര നായികയെ ഓര്‍ക്കുവാന്‍…………

 4. 4 devaraj ഒക്ടോബര്‍ 15, 2010 -ല്‍ 10:36 am

  നേരത്തെ വായിച്ചിരുന്നു. വളരെ നന്നായി


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: