പഞ്ചായത്തീരാജ് പദ്ധതിരാജ് ആകുന്നു.

അധികാരവികേന്ദ്രീകരണം വിലയിരുത്തപ്പെടുന്നു.

ചോദ്യങ്ങള്‍

1. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ പഞ്ചായത്തീരാജ് ഭരണപരിഷ്കാരങ്ങള്‍ (അമന്‍മെന്റ് 73,74) അന്നുതൊട്ട് ഇന്നേവരെ പൊതുവില്‍ ഉണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു. നിലനില്ക്കുന്ന ഫെഡറല്‍ ഭരണ സം വിധാനത്തില്‍ അതുണ്ടാക്കിയ മാറ്റം എന്താണ്?
2. ശരിക്കും അധികാരവികേന്ദ്രീകരണം എന്ന ആശയം പൂര്‍ണ്ണമാകുന്ന തരത്തില്‍ നടപ്പിലായോ? ഇല്ലെങ്കില്‍ അതിന്റെ പരിമിതി എന്താണ്?
3. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇ. എം എസ്സിന്റെ പേര് ഉയര്ന്നു കേള്‍ക്കാറുണ്ട്. എന്താണ് അധികാരവികേന്ദ്രീകരണത്തില്‍ ഇ. എം. എസ്സിന്റെ സം ഭാവന
4. ഏതാണ്ട് 40% ത്തോളം അധികാരങ്ങള്‍ താഴേ തട്ടിലേക്ക് നല്കിയെന്നാണ് പറയുന്നത്. അത് യഥാര്ത്ഥത്തില്‍ സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തെ ദുര്‍ബപ്പെടുത്തിയിട്ടുണ്ടോ?
5. അടിസ്ഥാന അവശ്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ചുമതല നിലവില്‍ പഞ്ചായത്തിനാണ്. സ്വാഭാവികമായും അപ്പോള്‍ ഇത് സ്റ്റേറ്റിന്റെ ചുമതലയാവില്ല. ഇത് ജനതയുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്ന ലോകബാങ്ക് നയം പിന്തുടരലാണെന്ന ആരോപണമുണ്ടല്ലോ? എന്തു പറയുന്നു?
6. പ്രാദേശികകൂട്ടായ്മയില്‍ നിന്നും വികസനത്തിനു വിഭവം സമാഹരിക്കുക എന്ന ഒരു ആശയം ഉണ്ടായിരുന്നല്ലോ. ഇതും അരോപണവിധേയമായിട്ടുണ്ട്. ഈ ആശയത്തിന് ഇന്നും പ്രസക്തി ഉണ്ടോ?
7. വിദ്യാഭ്യാസം ആരോഗ്യം, ജലവിനിയോഗം തുടങ്ങിയ താഴേതട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അടിസ്ഥാന മേഖലകളില്‍ ഇതുകൊണ്ടുണ്ടായ മാറ്റം എന്താണ്? ഈ മേഖലകളുടെ ഗുണ നിലവാരത്തിലെ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു?

8. പ്രാദേശിക കൂട്ടായ്മകള്ക്കകത്തെ എന്‍. ജി. ഓ കളുടെയും അന്താരാഷ്ട്ര ഏജന്സികളുടെയും ഇടപെടലിനെ കുറിച്ച് എന്താണ് അഭിപ്രായം?
9. ഉദാഹരണത്തിന് ജലനിധിയെ കുറിച്ചു പറയാം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് മാറി ഉപഭോക്തൃഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ ജലവിഭവത്തെയാകെ ഉപയോഗപ്പെടുത്തി നടക്കുന്ന ജലനിധി പദ്ധതി നേരത്തെ പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുന്നില്ലേ?
10. ആസൂത്രണ ബോര്‍ഡിന്റെ റോള്‍ എന്താണ്? അത് പഴയതുപോലെ നിലനില്ക്കുന്നുണ്ടോ?
പ്രായോഗികതലത്തില്‍ പ്രോജക്റ്റ് തയ്യാറാക്കല്‍, പദ്ധതി നിര്‍ വഹണം, ഫണ്ട് ലഭിക്കുന്നതിലെ താമസം, ഓഡിറ്റിങ്ങ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങള് എന്താണ്?
11. ബ്യൂറോക്രസിയുടെ പതിവു ചട്ടക്കൂടുകള്ക്കകത്ത് തന്നെ സോഷ്യല് ഓഡിറ്റിങ്ങ് എന്ന ഏറ്റവും ആധുനികമായ ആശയം ഇടകലര്ത്തുന്നതിലെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
12. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നി ത്രിതല സം വിധാനങ്ങളുടെ അധികാരപരിധികള്‍ അവ കൈകാര്യം ചെയ്യുന്ന മേഖലകള്‍ ഇവയില്‍ എന്തെങ്കിലും അസുന്തലനം നിലനില്ക്കുന്നുണ്ടോ? ഉദാഹരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രധാന ബോഡി ആകുന്നുണ്ടോ?

13. സാമൂഹ്യകൂട്ടായ്മകളിലൂടെ വികസനം നടത്തുക എന്ന സങ്കല്പം നിലനില്ക്കുന്ന രാഷ്ട്രീയ ഘടന വഴി നടപ്പിലാകുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്? രാഷ്ട്രീയാതീതമായ ഇത്തരം സാമൂഹ്യസം വിധാനങ്ങള്‍ ക്രമേണ അരാഷ്ട്രീയമായ ഒരു സാമൂഹ്യാവസ്ഥക്ക് വഴിവെക്കുമോ?
14. നിലവില്‍ രാഷ്ട്രീയ അധികാരത്തിന്റേയും പാര്ട്ടി സംഘടനാസംവിധാനത്തിന്റേയും മേല് തട്ടുകളില്‍ നിന്ന് സ്ത്രീ സമൂഹങ്ങള്ക്ക് വേണ്ടത്ര പങ്കാളിത്തമില്ലല്ലോ എന്നാല് തദ്ദേശഭരണമേഖലയില് പങ്കാളിത്തം കൂടുതലാണ്. പുതിയ നിയമനിര്മ്മാണം അതിന്റെ തോത് കൂട്ടുകയും ചെയ്തിരിക്കുന്നു. ഭരണരംഗത്തും പൊതുപ്രവര്ത്തനരംഗത്തും ഇത് എന്ത് തരം മാറ്റങ്ങള് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്?
15. കേന്ദ്രീകൃത ഭരണത്തില്‍ വികസനകാര്യങ്ങളില് സംഭവിക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിനാണല്ലോ വികേന്ദ്രിതാസൂത്രണവും ഭരണ നിര് വഹണവും മറ്റും വരുന്നത്. വികസനകാര്യത്തിലെ തുല്യത ഉറപ്പ് വരുത്താന് ഈ സം വിധാനത്തിന് എത്രത്തോളം കഴിഞ്ഞു.

പ്രതികരണങ്ങള്‍

സി. പി. ജോണ്‍

മുന്‍ ആസൂത്രണബോര്‍ഡ് അംഗം സി.പി.ജോണ്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് സംസാരിക്കുന്നു.

ഗ്രാമസ്വരാജും അധികാരവികേന്ദ്രീകരണവും വ്യത്യസ്തമായ രണ്ട് സങ്കല്പ്പങ്ങളാണ്. ഗ്രാമസ്വരാജ് എന്നസങ്കല്പ്പം ഊന്നുന്നത് ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയാത്തത് ഒരു കമ്മ്യൂണിറ്റി ചെയ്യുക എന്നതാണ്. കമ്മ്യൂണിറ്റിക്ക് ചെയ്യാന്‍ സാധിക്കാത്തത് അതിനു മുകളിലുള്ളതിനെ ഏല്പ്പിക്കുക.അങ്ങനെ മുകളിലേക്ക് എന്നതാണതിന്റെ രീതി.അതേസമയം എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ തന്നെ ചെയ്യുക എന്നും ഇതിന് അര്‍ത്ഥമുണ്ട്. വ്യക്തിതന്നെയാണ് പ്രധാനം. അധികാരവികേന്ദ്രീകരണം ഇതല്ല. താഴേയ്ക്കു കൊടുക്കുക എന്നതാണിതിന്റെ രീതി.  ഇവിടെ ഒരു കാര്യം പ്രധാനമാണ്.decentralisationഉംdeligationഉം വ്യത്യാസമുണ്ട് എന്നതാണത്. ഡെലിഗേഷന്‍ ഓഫ് പവര്‍ എന്നത് എപ്പോഴും തിരിച്ചെടുക്കാമെന്നതാണ്. മറ്റേത് അതല്ല. അത് അവകാശമാണ്. അതായത് വികേന്ദ്രീകരണം എന്നാല്‍ താല്‍ക്കാലികമായി ഏല്‍പ്പിക്കലല്ല. എന്നെന്നേയ്ക്കുമായി നല്‍കലാണത്. decentralisation is superior to deligation. എത്ര മോശമായി ചെയ്താലും തിരിച്ചെടുക്കാനാകില്ല. അവരെ നന്നക്കാനേ പറ്റൂ. ഒരു ജനതയ്ക്ക് അധികാരത്തിന്റെ ആയുധം നല്‍കലാണത്.

ഇത് എത്രമാത്രം പ്രസക്തമാണ് ഈ പുതിയ കാലത്ത് എന്നതാണ് ഇനി ആലോചിക്കേണ്ടത്. ഇത് വിവരസാങ്കേതിക വിദ്യയുടെ കാലമാണെന്നു നമുക്കറിയാം.എല്ലാസൗകര്യങ്ങളും മുമ്പത്തേക്കാളുമുണ്ട്. കാര്യങ്ങളെല്ലാം മുകളില്‍ നിന്ന് തന്നെ വേണമിങ്കില്‍ നന്നായി ചെയ്യാം.പിന്നെന്തിനാണ് അധികാരം വികേന്ദ്രീകരിക്കുന്നത്? അവിടെയാണ് ജനാധിപത്യം എന്ന സങ്കല്പ്പം നിര്‍വ്വചിക്കപ്പെടുന്നത്. ജനാധിപത്യം എന്നാല്‍ നിര്‍വ്വഹണം മാത്രമല്ല. ജനങ്ങള്‍ തന്നെ സ്വയം ചെയ്യുക എന്നതാണതിന്റെ കാതല്‍. അധികാരങ്ങള്‍ ഏറ്റുവാങ്ങുന്ന പാത്രങ്ങളായി ജനങ്ങള്‍ മാറാതിരിക്കുക എന്നതാണ് ഇവിടെ പ്രധാനമായി വരുന്നത്.അല്പ്പം മോശമായാലും സ്വന്തം അടുക്കളയില്‍ പാകം ചെയ്യുക എന്നതാണതിന്റെ രാഷ്ട്രീയം. എത്രത്തോളം കൊടുക്കാന്‍ കഴിഞ്ഞു,എത്രത്തോളം അവര്‍ക്ക് നടത്താന്‍ കഴിഞ്ഞു എന്നതാണ് പ്രശനം. ഒരു ജനത പരസ്പരം ശാക്തീകരിക്കുക..!! ഇത് ലംബമല്ല,തിരശ്ചീനമാണ്. ജനാധിപത്യത്തിന്റെ ലംബാവസ്ഥ പരമാവധി കുറയ്ക്കുക. അതങ്ങനെ പരത്തിയിട്ടിരിക്കുകയാണ്. ഒന്നും ഒന്നിന്റെ മുകളിലല്ല. ഒന്നും ഒന്നിനേക്കാള്‍ വലുതുമല്ല. എല്ലാവരും അവരില്‍ത്തന്നെ പൂര്‍ണ്ണരാണ്. എല്ലാ ഘടകങ്ങളും അതില്‍ത്തന്നെ പൂര്‍ണ്ണമാകുക. ഇതിനെയാണ് quqlity of democracy എന്നു പറയുന്നത്. അതായത് ഒരു ജനതയുടെ വികാസത്തിന്റെ അളവുകോല്‍ ആ ജനതയ്ക്ക് ജനത്യ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ജനാധിപത്യത്തിന്റെ ഗുണനിലവാരമാണ് എന്നര്‍ത്ഥം. ഗുണനിലവാരം കുറഞ്ഞു എന്നതിന്റെ അര്‍ത്ഥം ആജനതയുടെ വികാസത്തിന് പൂര്‍ണ്ണതയില്ല എന്നാണ്. അങ്ങനെ വരുമ്പോള്‍ വികസനം എന്നാല്‍ പാലംകെട്ടലോ റോഡുണ്ടാക്കലോ അല്ല, ഒരു ജനത എത്ര ജനാധിപത്യപരമായി ജീവിക്കുന്നു എന്നതാണത്. ഓരോ പൗരനിലും ജനാധിപത്യപ്രക്രിയയിലുള്ള വിശ്വാസമാണ് ഗുണനിലവാരത്തിന്റെ ലക്ഷണം.

രാജീവ് ഗന്ധി കൊണ്ടുവന്ന പഞ്ചയത്തീ രാജ് നിയമത്തെ പരമാവധി mistify ചെയ്ത് അവതരിപ്പിച്ചുകൊണ്ടാണ് ജനകീയാസൂത്രണം ഇവിടെ അരങ്ങേറിയത്. അവര്‍ ഇതിനെ എന്തോ മഹാവിപ്ലവമായി അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത്രയും പ്രതീക്ഷകള്‍ നല്‍കി.ഒരു ജനാധിപത്യഭരണഘടനയ്ക്കകത്തുനിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരിമിതമായ ഉപകാരങ്ങള്‍ ചെയ്തു കൊടുക്കാനുള്ള ഉപകരണമാണ് പഞ്ചായത്തീരാജ്. അതിന് ജാതിയിലോ വര്‍ഗ്ഗബന്ധങ്ങളിലോ മാറ്റം വരുത്താനവില്ല. ഇത് മനസ്സിലാക്കാതെ ആ പ്രക്രിയയെ അനാവശ്യമായി മഹത്ത്വവല്‍ക്കരിച്ചു.  ഇതാണ് തെറ്റ്.എവിടെ പ്രതീക്ഷയുണ്ടോ അവിടെ നിരാശയുണ്ട്. അതാണ് സി.പി.എമ്മില്‍ത്തന്നെ ശത്രുക്കളുണ്ടായത്. ഇതിനുത്തരവാദികള്‍ എതിര്‍ത്തവരല്ല. മഹത്ത്വവല്‍ക്കരിച്ചവരാണ്. ഇത് സ്വര്‍ഗ്ഗമല്ല, നരകവുമല്ല. ഇതിന്റെ ഇടയിലെ ഭൂമി എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് അഭിസംബോധന ചെയ്യുന്നത്.. ഇതവര്‍ കണ്ടില്ല. ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും ഇതുകൊണ്ട് തീരുമെന്ന് അവരങ്ങു തീരുമാനിച്ചു. സ്വാഭാവികമായും അതൊരു blame game ആയി മാറി. എം.എന്‍.വിജയനല്ല അതിനുത്തരവാദി. ഇതിനെ അഭിനവ വിപ്ലവമാണെന്ന് വരുത്തിത്തീര്‍ത്ത ഇ.എം.എസ്സും തോമസ് ഐസക്കുമാണ്.

അതുകൊണ്ട് എനിക്കു പറയാനുള്ളത് പഞ്ചായത്തീ രാജിന്റെ expectation level ശാസ്ത്രീയമായി നിര്‍വ്വചിക്കണം. അതുവെച്ച് വേണം പഞ്ചായത്തീ രാജിനെ വിമര്‍ശിക്കാനും പ്രകീര്‍ത്തിക്കാനും.  ഈ ഘട്ടത്തില്‍ ഇത് നടപ്പിലാക്കിയതിന്റെ പോരായ്മയെക്കുറിച്ചും ചിന്തിക്കണം. ഒരു തരത്തില്‍ ഇത് ഒരു ‘പദ്ധതി രാജ്’ ആയി മാറുകായാണ്. എല്ലാം പ്ലാനുകളിലാണ്. അതിന്റെ ആസൂത്രണത്തിലാണ്. പദ്ധതി രാജ് വന്ന് വന്ന് പുതുതും വലുതുമായ കാര്യങ്ങള്‍ ചെയ്തുകൂട്ടുവാനുള്ള തത്രപ്പാടില്‍ പരമ്പരാഗതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യാന്‍ മറന്നുപോയി. ഉദാഹരണത്തിന്, പൊതുജനാരോഗ്യം എന്നത് കണ്ടമാനം ആശുപത്രിഉണ്ടാക്കലല്ല. അത് ജനങ്ങളുടെ അടിസ്ഥാനപരമായ പൊതുജനാരോഗ്യ ബോധം വളര്‍ത്തലാണ്.ഇതുണ്ടായില്ല.

ഇന്ന് അധികാരവികേന്ദ്രീകരണം ഒരുതരം beauracratic ആയാണ് നടക്കുന്നത്. അതായത് ഉദ്യോഗസ്ഥപരമാണെന്നര്‍ത്ഥം. മെംബര്‍മാര്‍ ഉദ്യോഗസ്ഥന്‍മാരെപ്പോലെ പെരുമാറാന്‍ നിര്‍ബന്ധിതരാണ്. ഒരു തൊഴിലാളിക്ക് അവന്റെ പണിവേഷത്തില്‍ പഞ്ചായത്തിലേക്ക് കയറിച്ചെല്ലാന്‍ കഴിയുമോ? കഴിയില്ല. കാരണം അടിസ്ഥാനപരമായി അത് ഒരു beauracratic setup ആണ്. തൊഴിലാളിക്കും സാധാരണക്കാരനും യഥേഷ്ടം കടന്നുചെല്ലാന്‍ കഴിയും വിധം ചെറുകൂട്ടായ്മകളായി പഞ്ചായത്തുകള്‍ വികേന്ദ്രീകരിക്കപ്പെടണം. ഇവിടെ ഒരു കാര്യം സൂചിപ്പിക്കനുള്ളത്, പഞ്ചായത്തുകളുടെ ഇന്നത്തെ വലുപ്പം കേരളീയസമൂഹം ചര്‍ച്ചചെയ്യണം എന്നതാണ്. സെക്രട്ടറിയറ്റില്‍ നിന്ന് അധികാരം താഴേയ്ക്ക് പകര്‍ന്നു നല്‍കിയാണ് ഇന്നത്തെ അധികാരമുള്ള പ്ഞ്ചായത്തുകളായതെങ്കില്‍, ഇന്ന് അധികാരത്തോടൊപ്പം വലുപ്പവും കൂടിയായപ്പോള്‍ പഞ്ചായത്തുകള്‍ കൊച്ചു സെക്രട്ടറിയറ്റായി മാറുകയാണ്. ഇത് വികേന്ദ്രീകരണസങ്കല്പ്പങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് പഞ്ചായത്തിന്റെ വലുപ്പം കുറയണം. ഒരു വാര്‍ഡ് ഒരു പഞ്ചായത്ത് എന്ന സ്ഥിതി വരണം. വാര്‍ഡിന് ഒരു ഇടം വേണം. വാര്‍ഡ് മെമ്പര്‍മാരെ അവിടെ വെച്ച് ജനങ്ങള്‍ക്ക് കാണാന്‍ കഴിയണം. ഒരോരുത്തരെയും ഓരോരുത്തര്‍ക്കും പരസ്പരം അറിയാന്‍ കഴിയണം. അപ്പൊഴാണ് ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലേക്ക് ഉയരാന്‍ കഴിയുക. debeaurocratisation ആവണം അതിന്റെ അടിസ്ഥാന സ്വഭാവം. ഇവിടെയും ഒരു കാര്യം പറയാതെ വയ്യ. നമ്മുടെ ഗ്രാമസഭകള്‍ ഉത്തരേന്ത്യയിലേതുപോലെയല്ല. ഇവിടെ ആര്‍ക്കും കേറിച്ചെല്ലാം. എല്ലാവര്‍ക്കും തുല്യ പരിഗണനയാണ്. ജാതിയോ മറ്റ് ഘടകങ്ങളോ തടസ്സമല്ല. ജന്മിമാരുടെ മേധാവിത്ത്വവും ഇവിടെയില്ല. പക്ഷേ ഇപ്പൊഴും നാം മറികടക്കേണ്ടത് ഗ്രാമസഭകളിലെ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്ത്വത്തെയാണ്. എല്ലാതരം കൂട്ടായ്മകളേയും ഗ്രമസഭയിലേക്ക്  കണ്ണിചേര്‍ക്കാന്‍ കഴിയണം. ഉദാഹരണത്തിന്, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, കക്ഷിരാഷ്ട്രീയത്തിനതീതമായി നിലനില്‍ക്കുന്ന പൗരസംഘടനകള്‍,പാലിയേറ്റീവ് പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം ഭരണഘടനയുടെ ഔദാര്യം ചോദിക്കാത്ത അതിഥികളാണ്. അത്തരം കൂട്ടയ്മകളെയെല്ലാം ഗ്രമസഭയില്‍ ഉള്‍ചേര്‍ക്കണം.

നികുതിപ്പണം സാധാരണക്കാരന്റെ വീട്ടുമുറ്റത്തെത്തുന്നു എന്നതാണ് വികേന്ദ്രീകരണത്തിന്റെ പ്രധാന ഗുണം. പണ്ട് ബന്തടുക്കയില്‍ ഒരു തൂക്കുപാലം വേണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് തിരുവനന്തപുരത്ത് വന്ന് തമ്പടിക്കണം. ഇന്നോ, അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് തന്റെ പഞ്ചായത്തിന് എത്ര കിട്ടുമെന്നും അത്രയേ കിട്ടൂവെന്നമുള്ള വിവരം അച്ചടിച്ച റക്കോഡായി പ്രസിഡന്റിന്റെ മുമ്പിലുണ്ട്..! മലബാറിന്റെ കാര്യത്തിലൊക്കെ ഇത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. മലബാറിന്റെ ഗ്രാമീണ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ പഞ്ചായത്തീ രാജ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? ഏത് കുഗ്രാമത്തിലെവീട്ടുമുറ്റത്തേയ്ക്കും റോഡ് സൗകര്യമുണ്ടായതാണ് അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം.

ഇനി വനിതാസംവരണത്തിന്റെ കാര്യമെടുക്കാം. പ്രകൃതിയുടെ ആണ്‍/പെണ്‍ വിഭജനം അല്‍ഭുതകരമാം വിധം കൃത്യതയുള്ളതാണ്. കുടുംബാസൂത്രണമുണ്ടായിട്ടും ഇത് പകുതിയും പകുതിയുമായിത്തന്നെ നില്‍ക്കുന്നു! ഈ ബയോളജിക്കല്‍ ഡിവിഷന് അനുഗുണമായി അധികാരവിഭജനം നടത്തുന്ന അത്യപൂര്‍വ്വം സ്ഥലങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. അധികാരം നേര്‍പകുതിയാക്കിയിരിക്കുന്നു. അപ്പൊഴും ഒരു വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രീയനേതൃത്ത്വത്തില്‍ പത്ത് ശതമാനം പോലും സ്ത്രീകളില്ല. പ്രധാനപെട്ട രാഷ്ട്രീയ പാര്‍ട്ടികളെയെടുക്കൂ. സി.പി എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ഒരു സ്ത്രീയാണുള്ളത്. അതാകട്ടെ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയുമാണ്. സോവിയറ്റ് യൂണിയനിലും ചൈനയിലും ഒരാള്‍ പോലുമില്ല. തീരുമാനങ്ങളെടുക്കുന്ന ഇടങ്ങളില്‍ സ്ത്രീസാന്നിധ്യം കുറവാണ്. പക്ഷേ, നമ്മുടെ പണിയിടങ്ങളിലോ, പണ്ടത്തെയും ഇപ്പൊഴത്തെയും പണിയിടങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. ഇനി ഇത് രാഷ്ടീയപ്പാര്‍ട്ടികള്‍ക്ക് കണക്കിലെടുക്കേണ്ടിവരും. അതായത്, പഞ്ചായത്തീ രാജ് കൊണ്ട് സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളേക്കാളുമധികം കേരളത്തിന്റെ രാഷ്ട്രീയകഷി ഘടനകളില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ പോകുകയാണ്. പുരുഷ കേന്ദ്രീകൃത രാഷ്ട്രീയത്തോട് അടിസ്ഥാനപരമായി കേരളം വിടപറയാന്‍ പോകുകയാണ്. മറ്റൊരു പ്രധാന കാര്യം രാഷ്ട്രീയനേതൃത്ത്വത്തിലെ സ്ത്രീസാന്നിധ്യം അക്രമങ്ങള്‍ക്ക് അറുതി വരുത്തും എന്നുള്ളതാണ്. രാഷ്ട്രീയ നേതൃത്ത്വം ഒരാളെ വെട്ടാന്‍ തീരുമാനിച്ചിട്ടു തന്നെയാണതു ചെയ്യുന്നത്. ഇത്തരം തീരുമാനമെടുക്കുന്ന കമ്മിറ്റികളില്‍ സ്ത്രീ സാന്നിധ്യമുണ്ടാകുന്നത് അക്രമങ്ങള്‍ക്ക് കുറവുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍, അധികാരത്തില്‍ സ്ത്രീയുടെ തുല്യപങ്കാളിത്തം ഒരു വലിയ സാമൂഹ്യപരീക്ഷണത്തിന്റെ തുടക്കമാണ്. അതായത് പഞ്ചായത്തീ രാജ് ലിംഗനീതിയുടേതടക്കമുള്ളവിഷയങ്ങളില്‍ ഒരു വലിയ സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയായി മാറാന്‍ പോവുകയാണ്.

ഇതൊക്കെപ്പറയുമ്പോഴും അഴിമതിയുടെ കാര്യം കാണാതെ പോകരുത്. പദ്ധതിരാജിന്റെയും കരാര്‍ സ്മ്പ്രദായത്തിന്റെയുമൊക്കെ ഫലമായി നമ്മുടെ പഞ്ചായത്തുകളില്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. മര്യാദയ്ക്ക് നടന്നിരുന്ന പലരും അഴിമതിക്കാരായി. പലതരം മാഫിയകളുടെ കാലമാണിത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്രമത്തില്‍ വരുത്തുന്ന കുറവ് അവരാണ് നികത്തുന്നത്. ഇത്തരം മാഫിയകളെല്ലാം ഈ അഴിമതിയുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ പരാതികൊടുക്കാന്‍ പോലും ഭയമാണ്. ഇത് നിയന്ത്രിക്കാന്‍ രാഷ്ട്രീയ നേതൃത്ത്വത്തിനോ സാംസ്കാരിക സംഘടനകള്‍ക്കോ കഴിയാതെ വരുന്നു. എന്ത് ചെയ്യാനാ? എന്നാണ് അവരൊക്കെ ചോദിക്കുന്നത്. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്. ഇതിനെതിരെ കര്‍ശനമായ നടപടിയുണ്ടാകണം. ഓംബുഡ്സ് മാന്റെ പരിശോധനയുണ്ടാകണം. ചെലവഴിക്കുന്ന തുകയുടെൊരു ഭാഗം ഇതിനു വേണ്ടിമാറ്റിവെച്ചിട്ടായാല്‍ പോലും ഓഡിറ്റിംഗും അഴിമതിനിര്‍മ്മാര്‍ജന പരിപാടികളും കര്‍ശനമാവണം. കൊടും കൊള്ളക്കാരായ രാഷ്ട്രീയനേതാക്കളുടെയും അഴിമതി ദല്ലാളന്മാരുടെയും മുന്നില്‍ പുരോഗമനക്കാരുടെ നട്ടെല്ലുപോലും വളഞ്ഞു പോകുന്നു. ഇതിനെതിരെ വലിയ ജനകീയ മുന്നേറ്റവുമുണ്ടാകണം. അല്ലെങ്കില്‍ എം.എന്‍.വിജയന്‍ പറഞ്ഞതുപോലെ, അഴിമതി ഒരു ഘട്ടം കഴിഞ്ഞാല്‍ ജനങ്ങള്‍ നിര്‍വ്വീര്യരാകും. അവരുടെ പൊട്ടന്‍ഷ്യാലിറ്റി നഷ്ടമാകും. അത് സമൂഹത്തെ വളരെ വലിയ വിപത്തിലേക്കാണ് നയിക്കുക.

0 Responses to “പഞ്ചായത്തീരാജ് പദ്ധതിരാജ് ആകുന്നു.”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: