തസ്കര പ്രവര്‍ത്തനത്തിന്റെ ഉത്തരാധുനിക പരിസരം

തസ്കര പ്രവര്‍ത്തനത്തിന്റെ
ഉത്തരാധുനിക പരിസരം

k

a

t

h

a

a

– സാബു കോട്ടുക്കല്‍

പ്രൊഫ. അന്‍പയ്യന്‍ അടുത്തദിവസം മലയാളം എം.എ. ക്ളാസില്‍ ഉത്തരാധുനിക സാഹിത്യ ത്തെക്കുറിച്ച് സിദ്ധാന്തിക്കേണ്ട കാര്യങ്ങള്‍ ഉദ്ധരണിസഹിതം മനസ്സില്‍ സ്വരൂപിച്ചുകൊണ്ട് പാതിമയക്കത്തില്‍ കിടക്കുമ്പോഴാണ് സ്വീകരണമുറിയില്‍ എന്തോ തകര്‍ന്നുവീഴുന്ന ഒച്ചകേട്ടത്. വല്ലപൂച്ചയോ മറ്റോ ആകുമെന്ന് വിചാരിച്ച് പ്രൊഫസര്‍ സ്വീകരണമുറിയിലെത്തി വിളക്കുതെളിയിച്ചു. പ്രൊഫസര്‍ സ്തംഭിച്ചു നിന്നുപോയി. ടി.വി.യ്ക്ക് മുകളില്‍ ഭദ്രമായി വച്ചിരുന്ന 2500 രൂപ വിലയുള്ള ചൈനീസ് പൂച്ചട്ടി നിലത്ത് ചിതറിക്കിടക്കുന്നതാണ് പ്രൊഫസര്‍ കണ്ടത്. മാവോയുടെ കവിതകളിലെ ഗൃഹാതുരത്വത്തെക്കുറിച്ച് ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ ചിലവില്‍ ചൈനയില്‍ പോയി വന്നപ്പോള്‍ പ്രൊഫസര്‍ പൊന്നുപിള്ള, പ്രൊഫസര്‍ അന്‍പയ്യനുവേണ്ടി വാങ്ങികൊണ്ടുവന്നതായിരുന്നു സ്ഫടിക നിര്‍മ്മിതമായ ആ പൂച്ചട്ടി. ‘നമ്മുടെ സൌഹൃദത്തിന്റെ നിത്യസ്മാരകമായി ഈ പൂച്ചട്ടി എക്കാലവും സൂക്ഷിക്കപ്പെടണം’ എന്ന അടിക്കുറിപ്പോടെയാണ് പ്രൊഫസര്‍ പൊന്നുപിള്ള അത് സമ്മാനിച്ചത്. അക്കാര്യം ഓര്‍ത്തപ്പോള്‍ പ്രൊസഫര്‍ക്ക് തീരെ സഹിക്കാതായി.,

പ്രൊഫസര്‍ ദു:ഖത്തോടെ നിലത്ത് കുത്തിയിരുന്ന് പൂച്ചട്ടിയുടെ ചിതറിയ കഷണങ്ങള്‍ കൈകുമ്പിളില്‍ വാരിയെടുത്തുകൊണ്ട് ജനാലയ്ക്കലേക്ക് നടന്നു. ജനാലയുടെ കമ്പി ഒരു സുന്ദരിയുടെ നിതംബത്തിന്റെ ആകൃതിയില്‍ വളഞ്ഞിരിക്കുന്നത് കണ്ട് പ്രൊഫസര്‍ പെട്ടെന്ന് നിന്നുപോയി. ഒരു തസ്ക്കരന്‍ അകത്തുകടന്നു എന്ന വസ്തുതതയുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞ പ്രൊഫസര്‍ എന്തെങ്കിലും ഒരായുധത്തിനായി പരതികൊണ്ട് മേശവലിപ്പു തുറന്നു. അപ്പോള്‍ അലമാരയ്ക്ക് പിന്നില്‍ നിന്നും ഒരു ശബ്ദം പുറപ്പെട്ടുവന്നു.

“പ്രൊഫസര്‍ എന്നോടു ക്ഷമിക്കണം! താങ്കള്‍ അന്വേഷിക്കുന്ന കത്തി ഇപ്പോള്‍ എന്റെ കയ്യിലാണ്.”

പ്രൊഫസര്‍ ഒന്നു ഞെട്ടി. ഹാരത്!. എന്ന് ഉറക്കെ ചോദിച്ചുകൊണ്ട് ഒന്നുരണ്ടടി പിന്നോട്ടുനീങ്ങിയ പ്രൊഫസര്‍ പിന്നിലെ കസേരയില്‍ തട്ടി വീഴേണ്ടതായിരുന്നു. എന്നാല്‍ വീഴ്ചയുടെ സാദ്ധ്യതയില്‍ നിന്ന് മെയ് വഴക്കത്തോടെ കുതറിമാറിയ പ്രൊഫസര്‍ തന്റെ ഒച്ച എത്ര നേര്‍ത്തും വിറയാര്‍ന്നുമിരിക്കുന്നു എന്ന് ബോദ്ധ്യപ്പെട്ടുകൊണ്ട് തകര്‍ന്നു നിന്നു. അപ്പോള്‍ അലമാരക്ക് പിന്നില്‍ നിന്നും ശബ്ദം തുടര്‍ന്നു.

“അങ്ങ് വെറുതേ ഭയക്കുന്നു. എനിക്കങ്ങയെ ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല. സത്യം പറഞ്ഞാല്‍ അങ്ങയോട് വളരെയധികം കടപ്പെട്ടിരിക്കുന്ന ഒരുവനാണ് ഞാന്‍.”

പ്രൊഫസറുടെ ഭയം ഒട്ടൊക്കെ വിട്ടുമാറി എന്ന് തോന്നിയ സമയത്ത് അലമാരയ്ക്ക് പിന്നില്‍ നിന്നും ഒരു മുഖംമൂടി രംഗപ്രവേശം ചെയ്തു. ആ കാഴ്ച പ്രൊഫസറെ കൂടുതല്‍ വിഷമിപ്പിച്ചു. എങ്കിലും പെട്ടെന്ന് നുരഞ്ഞുപൊന്തിയ കോപം പ്രൊഫസറില്‍ നിന്ന് വാക്കുകളായി പുറത്തുചാടി.

“നീ ആരാണ്? എന്താണ് നിനക്ക് വേണ്ടത്?”
പ്രൊഫസറുടെ ചോദ്യത്തിനു മറുപടി നല്‍കാതെ മുഖം മൂടി സാവധാനം നടന്നുചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നു. എന്നിട്ട് തനിക്കഭിമുഖമായ കസേര ചൂണിക്കാണിച്ചുകൊണ്ടുകൊണ്ട് മുഖംമൂടി പറഞ്ഞു.

“പ്രൊഫസര്‍, താങ്കളെന്തിന് ഭയക്കുന്നു? അനാവശ്യമായി ധൃതി കാണിക്കുന്നു. താങ്കളാ കസേരയിലിരിക്കുക. അഭിമുഖമായ രണ്ടു കസേരകളിലിരുന്ന് സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്നമേ നമുക്കിടയിലുള്ളൂ.”

ഫ്രൊഫസര്‍ക്ക് തൊണ്ടവരളുന്നുണ്ടായിരുന്നു. എങ്കിലും മുഖംമൂടി കാണിച്ച കസേരയിലേക്ക് സാവധാനം ഇരുന്നുകൊണ്ട് പ്രൊഫസര്‍ പറഞ്ഞു.

“മുഖംമൂടിക്കുള്ളില്‍ മുഖം ഒളിപ്പിച്ചുവച്ചുകൊണ്ട് എന്തഭിമുഖം? ആ വാക്കിന്റെ അര്‍ത്ഥം നിനക്കറിയുമോ?”

മുഖംമൂടി കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. “താങ്കള്‍ വലിയ പ്രാസപ്രിയനാണെന്ന് കേട്ടിട്ടുണ്ട്. ദ്വിതീയാക്ഷര പ്രാസവാദത്തില്‍ താങ്കള്‍ കേരള വര്‍മ്മയുടെ പക്ഷക്കാരനാണെന്നും കേട്ടിട്ടുണ്ട്. താങ്കളുടെ പാണ്ഡിത്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ….”

“ഒരു പക്ഷേയുമില്ല, നീയാമുഖംമൂടി അഴിക്കുക. പിന്നെ മതി സംസാരമെല്ലാം.” പ്രൊഫസര്‍ ഇടയ്ക്ക് കയറി പറഞ്ഞു.

അതിന് മറുപടിയായി മുഖംമൂടി കുറേ നേരം മൌനമായിരുന്നു. പിന്നെ കത്തിയുടെ വായ്ത്തലയിലൂടെ സാവധാനം വിരലോടിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇപ്രകാരം പറഞ്ഞു.

“താങ്കളിപ്പോള്‍ പറഞ്ഞത് വിഡ്ഢിത്തമാണ്. ഞാനിതഴിച്ചെവയ്ക്കുന്നതോടെ വെളിച്ചത്തിന്‍കീഴേ നടക്കുന്ന നിഴല്‍നാടകം പോലെ എല്ലാം അര്‍ത്ഥശൂന്യമാവും, ഇതിനുള്ളിലായിരിക്കുന്നിടത്തോളം മാത്രമേ താങ്കളോടെനിക്ക് മനുഷ്യത്വത്തോടെ പെരുമാറാനാവൂ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ താങ്കളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് ഞാനിത് ധരിച്ചിരിക്കുന്നത്.”

പ്രൊഫസര്‍ നിഗൂഢമായ ദൃഷ്ടികളോടെ മുഖം മൂടിയെ നിരീക്ഷിച്ചു കൊണ്ട് കസേരയില്‍ തറഞ്ഞിരുന്നു. അയാളുടെ വാക്കുകളിലെ ദു:സ്സൂചന പ്രൊഫസറെ ഉലയ്ക്കുകതന്നെ ചെയ്തു.

“രണ്ട് കാര്യങ്ങളാണ് താങ്കള്‍ക്കറിയേണ്ടത്.” മുഖംമൂടി തുടര്‍ന്നു, “ഒന്ന് ഞാനാര്, രണ്ടാമത്തേത് എന്റെ ലക്ഷ്യം. എന്നാല്‍ എന്റെ ഒന്നാമത്തെ ഉത്തരം തന്നെ രണ്ടാമത്തെ ചോദ്യത്തെ ഏതാണ് അപ്രസക്തമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം കേട്ടുകൊള്ളൂ. ഞാനൊരു തസ്കരനാണ്. അങ്ങയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുത്തരാധുനിക തസ്കരന്‍.”

മുഖംമൂടിയുടെ ഈ മറുപടി പ്രൊഫസറുടെ സമനില തെറ്റിക്കുന്നതായിരുന്നു.അദ്ദേഹം ക്ഷോഭിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.

“മതി, നീ സംസാരിച്ചത് മതി.” മുഖംമൂടിയെ ആശങ്കയിലാക്കുവാനായി പ്രൊഫസര്‍ ഇത്രയും കൂടി പറഞ്ഞു. “നിന്റെ ശബ്ദം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി നിനക്കീ മുഖംമൂടിയുടെ ആവശ്യമില്ല.”

എന്നാല്‍ മുഖംമൂടിയില്‍ യാതൊരു വിധ ചാഞ്ചല്യവും പ്രൊഫസര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.

“ഈ ദൌത്യത്തിന് പുറപ്പെടും മുന്‍പ് എനിക്കിതിന്റെ വ്യക്തമായ ഒരു തിരക്കഥയുണ്ടായിരുന്നു.” മുഖംമൂടി പറഞ്ഞു തുടങ്ങി. “പക്ഷേ ഇടയ്ക്കുവച്ചുള്ള താങ്കളുടെ ഇടപെടല്‍ അതില്‍ തിരുത്തുകള്‍ വരുത്തി. ഇനിയിപ്പോള്‍ ശുഭകരമായ ഒരു പരിസമാപ്തിയാണ് വേണ്ടത്. തീര്‍ച്ചയായും ഇതൊരു ട്രാജഡിയാകരുതെന്ന് എനിക്കാഗ്രഹമുണ്ട്. രസകരമായ ഒരു കോമഡിയായി ഇതവസാനിപ്പിക്കുവാന്‍ താങ്കളുടെ സഹകരണം സാദരം പ്രതീക്ഷിക്കുന്നു.”

വടിവൊത്ത വാക്കുകളില്‍ മുഖംമൂടി പറഞ്ഞ കാര്യങ്ങള്‍ക്കു പിന്നില്‍ പതുങ്ങിക്കിടക്കുന്ന വലിയ ഭീഷണി അക്ഷരാര്‍ത്ഥത്തില്‍ ഫ്രൊഫസറെ തളര്‍ത്തിക്കളഞ്ഞു. പ്രൊഫസര്‍ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പിവെള്ളമെടുത്തു പെട്ടെന്ന് കുടിച്ച് തീര്‍ത്തിട്ട് കസേരയില്‍ വന്നിരുന്നു.

‘ബുദ്ധിവിവേകത്തെ അതിക്രമിക്കരുത്, ബുദ്ധിയും വിവേകവും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴേ ജീവിതവിജയം കൈവരൂ.’ ആറാം ക്ളാസില്‍ രേവമ്മ ടീച്ചര്‍ പറഞ്ഞ ജീവിതപാഠം പ്രൊഫസര്‍ക്ക് പെട്ടെന്നോര്‍മ്മവന്നു. ശബ്ദത്തില്‍ അനുനയഭാവം കലര്‍ത്തി പ്രൊഫസര്‍ പറഞ്ഞു.

“ശരി, താങ്കള്‍ക്കെന്താണ് വേണ്ടത്.?”

“ഇപ്പോഴാണ് താങ്കള്‍ ഒരു ബുദ്ധിമാന്റെ ലക്ഷണം കാണിച്ചത്. ഇരിക്കട്ടെ. ഞാനെന്റെ ആവശ്യം പറയാം. അതിനുമുമ്പ് ഞാന്‍ സംക്ഷിപ്തമായി പറയുന്ന ഈ ആത്മകഥ താങ്കളൊന്നു കേള്‍ക്കണം.”

പ്രൊഫസര്‍ മുഖംമൂടിയുടെ വാക്കുകള്‍ക്കായി കാതുകൊടുത്തു.മുഖംമൂടി പറഞ്ഞുതുടങ്ങി.

“എനിക്ക് അമ്മയും രണ്ടു സഹോദരിമാരുമാണുള്ളത്. അഞ്ചുസെന്റ് പുരയിടവും ഓടിട്ട ഒരു കെട്ടിടവുമാണ് ഞങ്ങള്‍ക്ക് ആകെയുള്ള സ്വത്ത്. നാലു വര്‍ഷം മുമ്പ് ഒരത്യാവശ്യം വന്നപ്പോള്‍ വീടും പുരയിടവും പണയപ്പെടുത്തി ഭൂപണയബാങ്കില്‍ നിന്ന് ഒരു ലോണ്‍തരപ്പെടുത്തിയിരുന്നു. അതിപ്പോള്‍ പലിശ സഹിതം അന്‍പതിനായിരം രൂപയായിരിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ബാങ്കുകാര്‍ അത് ജപ്തിചെയ്തു കൊണ്ടുപോകും.” ഇത്രയും പറഞ്ഞിട്ട് മുഖംമൂടി മൌനമായിരുന്നു. പ്രൊഫസര്‍ ചോദിച്ചു.

“അതുകൊണ്ട്?”

മുഖംമൂടി പറഞ്ഞു, “താങ്കള്‍ യു.ജി.സി.യുടെ സ്കെയില്‍ വാങ്ങുന്ന സീനിയര്‍പ്രൊഫസറല്ലേ. യു.ജി.സിയുടേത് അത്ര മോശമായ സ്കെയിലണെന്ന് എനിഭിപ്രായമില്ല. മാത്രമല്ല, താങ്കള്‍ അവിവാഹിതനുമാണ്.”

“അതുകൊണ്ട്?”

“പ്രൊഫസര്‍ എന്നെ സഹായിക്കാന്‍ താങ്കള്‍ക്കേ കഴിയൂ.” മുഖംമൂടി പറഞ്ഞു.
മുഖംമൂടിയുടെ വാക്കുകള്‍ പ്രൊഫസറെ ചൊടിപ്പിക്കാന്‍ പോന്നതായിരുന്നു. എങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് കണ്ട് പ്രൊഫസര്‍ അനുനയത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു.

“താങ്കള്‍ ഉദ്ദേശിക്കുന്ന അത്രയും പണം എന്റെ കയ്യിലില്ല. എണ്ണിപ്പെറുക്കിയാല്‍ ഒരയ്യായിരം രൂപ കാണും. അതുവേണമെങ്കില്‍ തരാം.”

“ഞാനിതു പ്രതീക്ഷിച്ചതാണ്. അന്‍പതിനായിരം രൂപാകെട്ടിപ്പൂട്ടി വീട്ടിനകത്ത് സൂക്ഷിക്കാന്‍ മാത്രം ബുദ്ധിശൂന്യനാണ് താങ്കളെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല.” മുഖംമൂടി പറഞ്ഞു.

“ഭാഗ്യം! താങ്കള്‍ക്ക് അത്രയും മനസ്സിലായല്ലോ!” പ്രൊഫസര്‍ ആശ്വാസംകൊണ്ടു.

“പക്ഷേ, അതുകൊണ്ട് എന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലല്ലോ” മുഖംമൂടി പ്രവചിച്ചു.

“പിന്നെ ഞാനെന്തു ചെയ്യും.” പ്രൊഫസര്‍ ഇപ്രകാരം പറഞ്ഞിട്ട് ഉടനേ കൂട്ടിച്ചേര്‍ത്തു. ബാങ്കില്‍എനിക്ക് കുറച്ച് പണം കിടപ്പുണ്ട്. താങ്കളെ സഹായിച്ചാല്‍ കൊള്ളാമെന്നും എനിക്കുണ്ട്. താങ്കളൊരു കാര്യം ചെയ്യൂ. നാളെ ഇതേ സമയത്ത് വരൂ. ഞാന്‍ പണം തരാം.”

അതിനു മറുപടിയായി മുഖംമൂടിയില്‍ നിന്ന് ഒരു പൊട്ടിച്ചിരിയാണ് പുറപ്പെട്ടത്. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു.

“ഇതാണ് താങ്കളുടെ കുഴപ്പം. കാര്യങ്ങള്‍ ഏതാണ്ട് ശരിയായി വരുമ്പോള്‍ താങ്കളുടെ വളഞ്ഞബുദ്ധി പ്രവര്‍ത്തിച്ച് എല്ലാം കുഴപ്പിത്തിലാക്കും.”

“പിന്നെ ഞാനെന്തുവേണം.” പ്രൊഫസര്‍ക്ക് ക്ഷമ നശിച്ചു.

“ഞാന്‍ വിശദമാക്കാം. മുഖംമൂടി പറഞ്ഞു. വിലപിടിപ്പുള്ള പല വീട്ടുസാമാനങ്ങളും ഇതിനകത്തുണ്ട്. രൊക്കം തരുന്ന അയ്യായിരം രൂപ കഴിച്ച് ബാക്കിതുകയ്ക്ക് ഞാനവ നിശ്ചിത വിലയിട്ടെടുക്കുന്നു. ഞാന്‍ എല്ലാം കരുതിത്തന്നെയാണ് വന്നിട്ടുള്ളത്. മിനിലോറി പുറത്തുകിടപ്പുണ്ട്.”

തിളച്ചുമറിയുന്ന കോപത്തെ നിയന്ത്രിച്ച് വിരലുകള്‍ ഞൊടിച്ചുകൊണ്ട് പ്രൊഫസര്‍ കുനിഞ്ഞിരുന്നു. പ്രൊഫസറുടെ മറുപടിക്കായി മുഖംമൂടി കാത്തിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും മറുപടി കിട്ടാഞ്ഞ് അക്ഷമനായിത്തീര്‍ന്ന മുഖംമൂടി കയ്യിലിരുന്ന കത്തി ടീപ്പോയിലേക്ക് ആഞ്ഞൊരു ഏറുവച്ചുകൊടുത്തു. കത്തിയുടെ മുന ടീപ്പോയില്‍ തറഞ്ഞ് അല്‍പനേരം അതവിടെനിന്നു വിറച്ചു. പ്രൊഫസര്‍ ഒന്നു ഞെട്ടി. മുഖം ഭയംകൊണ്ട് കോടി. വിയാര്‍ന്ന ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു.
“ശരി, നിങ്ങളുടെ ഇഷ്ടംപോലെ നടക്കട്ടെ.”

മുഖംമൂടി സന്തോഷത്തോടെ എഴുന്നേറ്റ് ടി.വി.യ്ക്ക് മുന്നില്‍ ചെന്നു നിന്നു. എന്നിട്ട് പ്രൊഫസറോടു ചോദിച്ചു.

“ഇതിനെന്തു വിലകൊടുത്തു സാര്‍?”
പ്രൊഫസര്‍ താല്‍പര്യമില്ലാതെ പറഞ്ഞു. “ഇരുപത്തി രണ്ടായിരം ഉറപ്പിക.”
“സാധനം തെറ്റില്ല, പക്ഷേ അല്‍പ്പം പഴക്കമുണ്ട്.” മുഖംമൂടി.
“പതിനൊന്നുമാസം” പ്രൊഫസര്‍.
“ശരി, പതിനൊന്നെങ്കില്‍ പതിനൊന്ന്. ഞാന്‍ തര്‍ക്കിക്കുന്നില്ല.”

“പതിനോരായിരം രൂപാ വിലയിടാം. എന്താപോരേ?” മുഖംമൂടി ചോദിച്ചു. അപ്പോള്‍ പ്രൊഫസര്‍ ധൃതിയില്‍ ചാടിയെഴുന്നേറ്റുകൊണ്ട് “പറ്റില്ല അതു പറ്റില്ല.. ഇരുപതിനായിരമെങ്കിലും കിട്ടണം.” എന്നു പറഞ്ഞു.

അപ്പോള്‍ മുഖംമൂടിയില്‍ നിന്ന് പരിഹാസദ്യോതകമായ ഒരു ശബ്ദം പുറപ്പെട്ടു. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. “താങ്കള്‍ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. സാധനത്തിന്റെ ന•യൊന്നും പറഞ്ഞിട്ട് കാര്യമില്ല. സെക്കന്റ് ഹാന്റ് വില്‍പ്പനയാണ്. വില കുത്തനേകുറയും. പിന്നെ ഞാനായതുകൊണ്ട് പറയുകയാ.. പതിനയ്യായിരം രൂപയ്ക്ക് ഉറപ്പിക്കുന്നു.”

പ്രൊഫസര്‍ പിന്നീടൊന്നും പറഞ്ഞില്ല. മുഖംമൂടി മ്യൂസിക് സിസ്റത്തിനടുത്തേക്ക് നടക്കുന്നതുകണ്ട് പ്രൊഫസറുടെ നെഞ്ചിടിപ്പൂകൂടി. മ്യൂസിക് സിസ്റത്തില്‍ തഴുകികൊണ്ട് മുഖംമൂടി പ്രൊഫസറെ ഒന്നു നോക്കി. പ്രൊഫസര്‍ അപ്പോഴേക്കും നോട്ടം പിന്‍വലിച്ചുകളഞ്ഞു.

“താങ്കളിത് ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു.” മുഖംമൂടിയുടെ ഈ ചോദ്യത്തിന് ഇല്ല എന്നൊരു വാക്കില്‍ പ്രൊഫസര്‍ ഉത്തരം പറഞ്ഞു.

“എന്തുവിലയായി?” മുഖംമൂടി.
“ഇരുപത്തയ്യായിരം” പ്രൊഫസര്‍
“വാങ്ങിയിട്ട് എത്രനാളായി ” മുഖംമൂടി
“ഒരാഴ്ചയായിട്ടില്ല, വേണമെങ്കില്‍ പേ ബില്ല് കാണിക്കാം.” പ്രൊഫസര്‍.

“തീര്‍ച്ചായും വേണം. ബില്ല്, വാറണ്ടി കാര്‍ഡ്, കാറ്റലോഗ്.. ഇതിന്റെ മാത്രമല്ല. എല്ലാറ്റിന്റേയും രേഖകള്‍ വേണം. ഇക്കാലത്ത് ഇതൊന്നുമില്ലെങ്കില്‍ പിന്നെങ്ങനെ റീ സെയില്‍ നടക്കും.” ഇത്രയു പറഞ്ഞുകൊണ്ട് മുഖംമൂടി ഒരു മൂളിപ്പാട്ടുപാടികൊണ്ട് മ്യൂസിക് സിസ്റത്തിന്റെ പ്ളേ സ്വിച്ചില്‍ വിരലമര്‍ത്തി. അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ഗുലാം അലി പാടിത്തുടങ്ങി.. ചുപ്…കെ.ചുപ്.. കേലിയേ…

“ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞത് കള്ളം. ഉരുപ്പടി കൊള്ളാം. ബെറ്റര്‍ പെര്‍ഫോമന്‍സ്. ഇരുപതിനായിരം രൂപാ തികച്ച് വിലയിടാം.” മുഖംമൂടി തൃപ്തിയോടെ പറഞ്ഞു.

പ്രൊഫസര്‍ മൂക്കത്തു വിരല്‍വെച്ചുപോയി.

ഒരാഴ്ചകൊണ്ട് അയ്യായിരം രൂപ നഷ്ടം. നല്ല കഥ തന്നെ! “ശരി! ശരി! എല്ലാം ഒന്നുവേഗത്തില്‍ കഴിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.” പ്രൊഫസര്‍ നീരസത്തോടെ പറഞ്ഞു. “എനിക്കും ധൃതിയുണ്ട്. മുഖംമൂടി പറഞ്ഞു. എങ്കിലും എല്ലാമൊന്ന് നേരെ ചൊവ്വേ നോക്കിയെടുക്കാതെ പറ്റുമോ? ങാ… അപ്പോള്‍ അയ്യായിരം + പതിനയ്യായിരം = ഇരുപതിനായിരം. ഇരുപതിനായിരം+ ഇരുപതിനായിരം = നാല്പതിനായിരം. ഇനിയും പതിനായിരം രൂപയുടെ ഉരുപ്പടികൂടി കണ്ടെത്തണം.”

ഇത്രയും പറഞ്ഞിട്ട് മുഖംമൂടി മുറിയിലാകെ കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

“ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഏ.സി…. ഇവയിലൊന്ന് കൊണ്ട് കാര്യം ഒതുക്കാം. ഫ്രിഡ്ജും വാഷിംഗ് മെഷീനും റീസെയില്‍ വാല്യുകുറവാണ്. പിന്നെയുള്ളത് ഏ.സി.യാണ്. കുറച്ചുപഴക്കമുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല.” അല്‍പ്പസമയത്തെ ഇടവേളയ്ക്ക് ശേഷം മുഖംമൂടി പറഞ്ഞു.

“ഇനിയും നമ്മള്‍ സംസാരിച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പറഞ്ഞപണവും രേഖകളും തന്നാല്‍ എനിക്കു പോകാം.”

പ്രൊഫസര്‍ മറുപടിയൊന്നും പറയാതെ മുറിക്കുള്ളിലേക്ക് കയറിപ്പോയി. അപ്പോള്‍ മുഖംമൂടി വാതില്‍ മലര്‍ക്കെ തുറന്നുവെച്ചു. എന്നിട്ട് രണ്ടുകയ്യിലെയും ചൂണ്ടുവിരല്‍ വായില്‍ കടത്തി നീട്ടി ഒരു വിസിലടിച്ചു. അപ്പോള്‍ ഗേറ്റിങ്കലൂടെ ഒരു മിനിലോറി റിവേഴ്സില്‍ മുറ്റത്തേക്കുവന്നു. പ്രൊഫസര്‍ പണവും രേഖകളുമായി തിരിച്ചുവന്നപ്പോള്‍ മുഖംമൂടി അതുവാങ്ങി പരിശോധിച്ചിട്ട് പ്രൊഫസറുടെ സഹായത്തോടുകൂടി സാധനങ്ങള്‍ വണ്ടിക്കുള്ളില്‍ കയറ്റിവെച്ചു. പിന്നെ മുഖംമൂടി ഒരഭ്യാസിയെപ്പോലെ ലോറിക്ക് പിന്നിലേക്ക് ചാടിക്കയറി. വണ്ടി സാവധാനം മുന്നോട്ടു നീങ്ങിയപ്പോള്‍ മുഖംമൂടി തന്റെ കയ്യിലിരുന്ന കത്തി ഇതാ പിടിച്ചോ… എന്നു പറഞ്ഞുകൊണ്ട് പ്രൊഫസര്‍ക്ക് നേരേ എറുഞ്ഞു കൊടുത്തു. പ്രൊഫസര്‍ സ്തബ്ധനായി നോക്കിനില്‍ക്കെ വണ്ടി മുന്നോട്ടു നീങ്ങികൊണ്ടിരുന്നു. അപ്പോള്‍ വണ്ടിയില്‍ നിന്ന് ഉച്ചാരണ സ്ഫുടതയോടെ ഇംഗ്ളീഷിലുള്ള ഒരുദ്ധരണി പ്രൊഫസര്‍ ഇപ്രകാരം കേട്ടു.

“ Indeed a joke is a joke only if you are outside the bowl, by contrast, the Kafkan takes us outside, into the guts of a joke, into the horor of the comic.”

കാഫ്കയുടെ കൃതികളെക്കുറിച്ച് മിലന്‍കുന്ദേര പറഞ്ഞ ഈ വാക്യം താന്‍ കഴിഞ്ഞദിവസം ഒന്നാംവര്‍ഷം മലയാളം എം.ഏ. ക്ളാസില്‍ ഉദ്ധരിച്ചതാണല്ലോ എന്നോര്‍ത്ത് തകര്‍ന്നുപോയ പ്രൊഫസര്‍ പൊട്ടിപ്പോയ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ നിലത്ത് കുത്തിയിരുന്നുപോയി.

Advertisements

7 Responses to “തസ്കര പ്രവര്‍ത്തനത്തിന്റെ ഉത്തരാധുനിക പരിസരം”


 1. 2 സുനിൽ പണിക്കർ ഒക്ടോബര്‍ 7, 2010 -ല്‍ 6:18 am

  രസകരം ഭീകരാ..രസകരം..
  ഇപ്പൊ എവിടെയാ…?
  സുനിൽ പയറ്റുവിളയെ മറന്നുകാണില്ലെന്ന്‌ കരുതുന്നു.

 2. 4 sabukattukkal ഒക്ടോബര്‍ 11, 2010 -ല്‍ 5:52 pm

  സുനില്‍ ,കമന്റു കണ്ടു .ഇപ്പോള്‍ പട്ടാമ്പി കോളേജില്‍ .

  കുറെക്കാലമായി മുങ്ങി നടക്കുന്നു .സന്തോഷ്‌ ഋഷികേശും

  പി .പി.പ്രകാശനും ചേര്‍ന്ന് സൈബറില്‍ പൊക്കി .

  ഇപ്പോള്‍ വരകള്‍ ?വിളിക്കുക 9447456153

 3. 5 സുനിൽ പണിക്കർ ഒക്ടോബര്‍ 12, 2010 -ല്‍ 5:58 am

  വീണ്ടും കണ്ടതിൽ സന്തോഷം..
  ഞാൻ ഇപ്പോൾ കോയമ്പത്തൂരിൽ..
  എഴുത്തും വരയും ഇപ്പോൾ ബ്ലോഗിൽ മാത്രം.
  ഞാൻ വിളിക്കാം. ഇത്‌ എന്റെ നമ്പർ: 09698849517
  എഴുത്ത്‌, വര, ജീവിതം = പണിക്കർ സ്പീക്കിംഗ്‌…സമയമുള്ളപ്പോൾ നോക്കുക..

 4. 7 pl lathika ഒക്ടോബര്‍ 17, 2010 -ല്‍ 4:09 pm

  ആശങ്ക വേണ്ട ഒരു സന്ദര്‍ഭത്തെ, ലാഘവത്തോടെ ഹാസ്യത്തിന്റെ തുടിപ്പോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോട് അടുത്ത സംഭവങ്ങള്‍ നടക്കാരുമുണ്ട്!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: