ഡ്രൈവിണി

അമ്പത് കൊല്ലം കഴിഞ്ഞ് നടന്നേക്കാവുന്നതെന്ന് പറഞ്ഞ എണ്‍പതു കൊല്ലം മുമ്പ് എഴുതിയ കഥ

ഡ്രൈവിണി

മൂര്‍ക്കോത്ത് കുമാരന്‍

കഥ തന്നെ, പക്ഷേ, ഇന്നത്തെ കഥയൊന്നുമില്ല; കഴിഞ്ഞ കഥയുമല്ല. അങ്ങിനെയുള്ള കഥകള്‍ വളരെ പേര്‍ എഴുതീട്ടുണ്ട്.. ഇപ്പഴും എഴുതുന്നുണ്ട്.. ഇത് അമ്പതുകൊല്ലം കഴിഞ്ഞാല്‍ നടക്കുന്ന കഥയാണ്.

പെണ്ണുങ്ങള്‍ പറഞ്ഞുപറഞ്ഞു പുരുഷന്മാരെ കേവലം കീഴടക്കിയിരിക്കുന്നു. സ്വാതന്ത്യ്രം മാത്രമല്ല. അതിന്നപ്പുറവും കൈവശപ്പെടുത്തിക്കഴിഞ്ഞു. സര്‍ക്കാരുദ്യോഗവും നിയമസഭാ മെമ്പര്‍ സ്ഥാനവും അധികവും അവരുടെ കൈയ്യിലായി. പോലീസകാരും മോട്ടോര്‍ ഡ്രൈവര്‍മാരും അധികവും അവര്‍ തന്നെ. എന്തിനധികം പറയുന്നു, ഇന്നു പുരുഷന്മാര്‍ക്കുള്ള സ്ഥാനം സ്ത്രീകള്‍ക്കായിരിക്കുന്നു. കല്യാണി, നാരായണി, മാധവി, ദേവയാനി, സരോജിനി, ശ്രീദേവി മുതലായ പേരുകള്‍ അധികം കേള്‍ക്കാതായി അവയെല്ലാം ഒന്നോ രണ്ടോ അക്ഷരത്തില്‍ ചുരുക്കി തറവാട്ടു പേരുകളോടും ചില കൃത്രിമ പേരുകളോടും ചേര്‍ത്തുവഹിക്കപ്പെടുകയായി. മിസ്സ്. നരിങ്ങോടന്‍, മിസ്സിസ്സ്. നരിങ്ങോടന്‍, മിസ്സ്. പി. പാര്‍പ്രം, മിസ്സിസ്സ് കെ. എസ്. നരവല്ലി, മിസ്സിസ് എം. ആര്‍. നാരങ്ങാപ്രം എന്നിങ്ങനെയുള്ള പേരുകളല്ലാതെ പത്രങ്ങളില്‍ കാണാതായി. അവരൊക്കെ ബി.എ.ബി.എല്‍.; എം.എ; എല്‍.ടി.;എം.ബി,ബി.എസ്.; ബി.ഇ: മുതലായ പരീക്ഷകള്‍ ജയിച്ചിരിക്കുന്നു. പലരും ഇംഗ്ളണ്ടിലും ജര്‍മ്മനിയിലും ജപ്പാനിലും അമേരിക്കയിലും പോയി പഠിച്ചു വന്നിരിക്കുന്നു. അങ്ങനെയുള്ള കാലഘട്ടത്തിലാണ്.

മിസ്സിസ് ഒലവക്കോട്, മിസ്റര്‍ ഒലവക്കോട്ട് നാരായണനെ ഭര്‍ത്താവായി വരിച്ചിട്ടു പത്തുകൊല്ലമായി. നാരായണന്‍ കായബലവും നല്ല സൌന്ദര്യവും വിശേഷിച്ച് അനുസരണയും ഉള്ള ഭര്‍ത്താവായിരുന്നതിനാല്‍ മിസ്സിസ് ഒലവക്കോട് പത്തുകൊല്ലം വളരെ സന്തോഷത്തോടു കാലം കഴിച്ചു. അതിനുശേഷം അല്പം മടുപ്പുവന്നു. ഇരുപത്തഞ്ചാം വയസ്സില്‍ കണ്ടിരുന്ന നാരായണനെയല്ല മുപപ്പത്തഞ്ചാം വയസ്സില്‍ കണ്ടതു. മിസ്സിസ് ഒലവക്കോട്, ക്ളബ്ബില്‍ നിന്നു രാത്രി പതിനൊന്നുമണിക്ക് മടങ്ങിവരുന്നതു നാരായണന് അത്രസുഖമില്ലെന്ന് അയാളുടെ മുഖസ്വാഭാവം വെളിപ്പെടുത്താറുണ്ട്. അതും മിസ്സിസ് ഒലവക്കോടിന്റെ മനസ്സിന് അത്ര പൊരുത്തമുള്ള കാര്യം അല്ലാതായിരിക്കുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ ഒന്നു മാറി എടുത്താലോ എന്നൊരു ശങ്ക. ശങ്ക, ആലോചനയ്ക്കുവിഷയമായി. അതിനെപ്പറ്റി ഗൌരവമായി ആലോചിക്കയായി. ഭാഗ്യവശാല്‍, സര്‍വ്വ സാധാരണമായി അനുസരിക്കാറുള്ള സന്താന നിയന്ത്രണതന്ത്രം ഉപയോഗിച്ചിരുന്നതിനാല്‍ മിസ്സിസ് ഒലവക്കോട് പ്രസവിക്കാന്‍ സംഗതി വന്നിരുന്നില്ല.

എന്നാല്‍ ഒരുബുദ്ധിമുട്ടുണ്ട്. പഴയ ഒരു നിയമം നടപ്പിലുണ്ട്. ഭാര്യാ ഭര്‍ത്താക്കള്‍ തമ്മില്‍ വേര്‍പ്പെടണമെങ്കില്‍  ഭര്‍ത്താവ് കോടതിയില്‍ആ കാര്യം സമ്മതിച്ചു ഹര്‍ജി കൊടുക്കണം, ഈ നിയമം ഭേദപ്പെടുത്തുവാന്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള സ്ത്രീകള്‍ക്കു സാധിക്കുമായിരുന്നു. അത് ഇതുവരെ ചെയ്തില്ല. ‘’എത്ര കഷ്ടമൊരുപക്ഷേ നിനച്ചാല്‍‘’ എന്നുമിസ്സിസ് ഒലവക്കോട് ഇപ്പഴ് ആലോചിച്ചു. വിവാഹ മോചനത്തിന്. ഭാര്യ കോടതിയില്‍ ഒരു ഹരജികൊടുത്താല്‍ മതിയെന്നും ആ കാര്യത്തില്‍ ഭര്‍ത്താവോട് അഭിപ്രായം ചോദിക്കുവാനോ, അയാളുടെ തെളിവെടുക്കാനോ ആവശ്യമില്ലെന്നും, നിയമത്തില്‍ ഭേദഗണിവരുത്തുവാന്‍ ഒരു ബില്‍ തയ്യാറാക്കി നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കിക്കാന്‍ കാലതാമസം നേരിടും. അതുകൊണ്ട് മിസ്സിസ് ഒലവക്കോട് ഒരു വിദ്യ ആലോചിച്ചു.

തന്റെ മോട്ടോര്‍ ഡ്രൈവരുടെ ഒഴിവും വന്നു. ’ കാക്കയും വന്നു പനമ്പഴവും വീണു‘ എന്ന് ആ മഹതി വിചാരിച്ചു. സാമാന്യം സുന്ദരിയും യുവതിയും ആയ ഒരു സ്ത്രീയെ ഡ്രൈവര്‍ സ്ഥാനത്തുനിയമിച്ചു. ഡ്രൈവര്‍ എന്ന പദത്തിന് ഒരു സ്ത്രീലിംഗം ഉണ്ടായിരിക്കുന്നു, ഡ്രൈവിണി. മിസ്സിസ് ഒലവക്കോട്, ഡ്രൈവിണിയായി മിസ്സ്. കൊക്രശ്ശേരിയെ നിയമിച്ചു.

പിറകില്‍ കഴുത്തിനും മധ്യം അതിരാക്കി വെട്ടിച്ചുരുക്കിയ തലമുടിയും പാര്‍സി സമ്പ്രദായത്തില്‍ ധരിച്ച ഉടുപ്പും (ഖദാല്ല) നല്ല മുഖശ്രീയും ഉള്ള ആ യുവതിയെ മിസ്സിസ് ഒലവക്കോട് തന്റെ മുറിക്കകത്തു വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു.

‘’പിന്നെ? മിസ്റര്‍ ഒലവക്കോടിനെ കണ്ടില്ലെ? നല്ല ആളാണ്. എന്നെ വളരെ സ്നേഹമാണ്. എനിക്കും അതെ. പക്ഷേ-പക്ഷേ- മറ്റു വന്ന തരുണിയും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നു കണ്ടാല്‍ മനസ്സുമാറാന്‍ എളുപ്പമാണ്. എനിക്കതു വലിയ അവമാനമായിരിക്കും. എന്നാലും ഞാന്‍ സ്നേഹിക്കുന്നതിലും അധികം സ്നേഹിക്കുന്നു എന്നു വരട്ടെ അയാളുടെ മനസ്സംതൃപ്തിയാണ് എനിക്കു തൃപ്തി. വല്ലതരുണിയും അയാളെ സ്നേഹിക്കുന്നുവെന്നു വരട്ടെ-ഞാന്‍ സന്തോഷപൂര്‍വ്വം അനുകൂലിക്കും, എന്നല്ല, വിവാഹബന്ധം വേര്‍പ്പെടുത്തുവാന്‍ കോടതിയില്‍ അയാള്‍ ഹരജി കൊടുപ്പാന്‍ പോകുന്ന ദിവസം, സ്ത്രീക്ക് ഞാന്‍ അയ്യായിരം ഉറുപ്പികയ്ക്കു ചെക്കെഴുതിക്കൊടുക്കും അക്കാര്യത്തില്‍ അശേഷം സംശയിക്കണ്ടാ. നിനക്കുകാര്യം മനസ്സിലായില്ലേ?‘’

മിസ്സ് കൊക്രശ്ശേരി: ‘’മനസ്സിലായി, മനസ്സിലായി, ധാരാളം മനസ്സിലായി. നിങ്ങളുടെ ഇഷ്ടം സാധിക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും…‘’

*                      *                      *

ഒരുദിവസം വൈകുന്നേരം നാരായണന്‍ തന്റെ ഭാര്യയോ ഇങ്ങനെ ചോദിച്ചു.

‘’എന്താ നിങ്ങള്‍ക്ക് ഒരു കണ്ഠിതം? ഞാന്‍ വല്ലതും ചെയ്തുവോ? എന്നോട് ദേഷ്യമാണോ?

മിസ്സിസ് ഒലവക്കോട്: (തുറന്നു പറയാന്‍ വളരെ മടിയുള്ളതായി നടച്ച്) പറഞ്ഞിട്ടെന്താണ്. നിന്റെ തെറ്റല്ല. ആ ഡ്രൈവിണിയെ നിയമിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കേണ്‍തായിരുന്നു. അവള്‍ നിന്നെ നോക്കുന്ന നോട്ടം എന്നിക്കത്ര പിടിക്കുന്നില്ല. കാറില്‍ കയറ്റുമ്പോഴും കാറില്‍ നിന്ന് ഇറക്കുമ്പോഴും നിന്റെ നേരെ അവള്‍ കണ്ണെറിയുന്നതു ഞാന്‍ കാണാറുണ്ട്.

മിസ്റര്‍: ചീ അങ്ങനെയൊന്നും വിചാരിക്കരുത്. അവന്‍ എന്നോടു നിങ്ങളുടെ ഭര്‍ത്താവവെന്ന നിലയില്‍ ബഹുമാനമാണല്ലോ കാണിക്കാറ്.

മിസ്സിസ് ഒല: അതെന്തോ ഞാന്‍അറികയില്ല. ഇഷ്ടംപോലെ ആവാം. എനിക്കു വിരോധമില്ല.

നാരായണന്റെ മോട്ടോര്‍കാര്‍ സഞ്ചാരം കൂടെക്കൂടെയായിത്തുടങ്ങി. ഭാര്യവല്ല സഭയിലോ, ക്ളബിലോ പോയാല്‍ അവളെ അവിടെയാക്കി കാര്‍ മടക്കിക്കൊണ്ട് വന്നു. നാരായണന്‍ അതില്‍ കയറി സഞ്ചരിക്കുകയായി. ഒരു ദിവസം കാറില്‍ ഡ്രൈവീണിയുടെ അടുത്ത സീറ്റില്‍ ഇരുന്നിരുന്ന നാരായണന്‍ അവളോടു ഇങ്ങനെ പറഞ്ഞു:

‘’കേട്ടില്ലെ. എന്റെ മിസ്സിസിന് എന്നോട് മുമ്പത്തെപ്പോലെ സ്നേഹമില്ലാതായിരിക്കുന്നു. ഞാന്‍ മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എനിക്ക് വിവാഹമോചനത്തിന് ഹരജി കൊടുത്തുകൂടയോ?

ഡ്രൈവിണി: “നിശ്ചയമായും. എന്തുകൊണ്ട് പാടില്ല? പ്രത്യേകിച്ചും ആ സ്ത്രീ നിങ്ങളിലും അനുരാഗിണിയാണെങ്കില്‍ കഴിയുന്ന വേഗം അങ്ങനെ ചെയ്യണം.”

അന്നു രാത്രി നാരായണന്‍ തന്റെ രഹസ്യം ഭാര്യയോട് തുറന്നു പറഞ്ഞു:

“നിങ്ങള്‍ പരിഭ്രമിക്കരുത്. ഞാന്‍ കാര്യം തുറന്നുപറയാം. ഞാന്‍ മറ്റൊരു സ്ത്രീയില്‍ അനുരാഗിയായിരിക്കുന്നു. അവളെ ഞാന്‍ വിവാഹം ചെയ്യാന്‍ ഉറച്ചിരിക്കുന്നു. നിങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു. എന്തു ചെയ്യാം. ഈ വകകാര്യങ്ങള്‍ സാധാരണ സംഭവിക്കാറില്ലേ? അതുകൊണ്ട് ക്ഷമിക്കണം”

മിസ്സിസ് ഒലവക്കോടു വലിയ കണ്ഠിതം അഭിനയിച്ചു. നാരായണന്‍ അല്പം കരഞ്ഞു. അവള്‍ ചോദിച്ചു: ”എന്നാല്‍ വിവാഹമോചനം വേ?ണ്ടെ അതിന്ന് എപ്പഴാണ് ഹരജി കൊടുക്കുന്നത്. ”

നാരായണന്‍: “നാളെത്തന്നെ”

ഇങ്ങനെ പറഞ്ഞു, നാരായണന്‍ മുറിയില്‍ നിന്നും കടന്നുപോയി. ഭാര്യ വാതില്‍ അടച്ചു. ചിരിച്ചുതുടങ്ങി: അവള്‍ക്കു സന്തോഷം കൊണ്ട് നൃത്തം ചെയ്യണമെന്നു തോന്നു. കാലും കയ്യും ബാക്കി ചില കളികളൊക്കെ കളിച്ചു.

കസാലയില്‍ ഇരുന്നു. ”എന്റെ വിദ്യ എങ്ങനെ ഫലിച്ചു.” എന്നു തന്നത്താന്‍ പറഞ്ഞു. കൂടുതുറന്നുവിട്ട പക്ഷിയെപ്പോലെ ആഹ്ളാദിച്ചു.

പിറ്റെദിവസം രാവിലെ നാരായണന്‍ തന്റെ പെട്ടിയും മറ്റു സാമാനങ്ങളും എടുത്തുകെട്ടുന്നതുകൊണ്ട് മിസ്സിസ് ഒലവക്കോട് വലിയ ദുഃഖവും നിരാശയും മറ്റും നടിച്ചു. അവന്‍ കാറില്‍ കയറി. ഡ്രൈവിണി തന്റെ യജമാനത്തിയോടു യാത്രപറയാനെന്ന പോലെ അകത്തേക്കുചെന്നു. യജമാനത്തി ഒരു കടലാസ്സുമടക്കി ലക്കോട്ടിലാക്കി അത് അവളുടെ കയ്യില്‍ കൊടുത്തു. അതു സംശയമില്ല, അയ്യായിരം ഉറുപ്പികയുടെ ചെക്കായിരുന്നു.

കാര്‍ ഇളകുന്ന ശബ്ദം മിസ്സിസ് ഓലവക്കോടു കേട്ടു. വാല്യക്കാരനെ വിളിച്ച് കുപ്പിയും ഗ്ളാസ്സും കൊണ്ടു വരുവാന്‍ പറഞ്ഞു. ഒരു ഡോസ്സ് ഒഴിച്ചു സോഡയും ചേര്‍ത്തുകുടിച്ചു അല്പം കഴിഞ്ഞ് പിന്നെയും ഒരു ഡോസ്സ് കഴിച്ചു. സന്തോഷത്തിലും സന്താപത്തിലും അടക്കത്തിനുള്ള സിദ്ധൌഷധമാണ്, വിസ്കിയും സോഡയും ഇപ്പോള്‍ അതു പുരുഷന്മാര്‍ക്കേ പഥ്യമാകുന്നുള്ളൂ. സ്ത്രീകള്‍ക്കു സന്തതന്ത്യ്രം വര്‍ക്കിന്തോറും അവര്‍ക്കും അതു നല്ല പഥ്യമാകും.

പത്തു മിനിട്ടു കഴിഞ്ഞു. കാര്‍ മടങ്ങിവന്നു. ആരാണതില്‍? നാരായണന്‍! ഇതെന്തു കഥ?

“ഇതെന്തു കഥ? നീയെന്തു മടങ്ങിവന്നു?“ എന്നു ഭാര്യ ചോദിച്ചതിന്നു നാരായണന്‍ ഇങ്ങനെ പറഞ്ഞു.

“ഏ: ഞാന്‍ പോണില്ല. എനിക്കു മറ്റൊരു ഭാര്യയും വേണ്ടാ. നിങ്ങള്‍ എന്നെ ഇത്രഅധികം സ്നേഹിക്കുന്നുവെന്നും ഞാന്‍ അറിഞ്ഞോ? ഞാന്‍ ബാങ്കിന്റെ അടുക്കെ എത്തിയപ്പോഴല്ലെ അറിഞ്ഞത്? ഡ്രൈവിണി നീ കൊടുത്ത ചെക്കു കാണിച്ചുതന്നു. അയ്യായിരം ഉറുപ്പിക! എന്നെ വിവാഹം കഴിക്കാതെ അവള്‍ ഓടിപ്പോകേണ്ടതിന്നു. അയ്യായിരം ഉറുപ്പിക! എന്നെ വിവാഹം കഴിക്കാതെ അവള്‍ ഓടിപ്പോകേണ്ടതിന്നു പകരം നിങ്ങള്‍ അവള്‍ക്ക് അയ്യായിരം ഉറുപ്പിക കൈക്കൂലി കൊടുത്തു. ഇല്ലേ? എന്നെ വിട്ടുനില്‍ക്കാന്‍ അശേഷം മനസ്സില്ലെന്നല്ലെ ഇതിന്റെ സാരം. അതിന്നു വേണ്ടി അയ്യായിരം ഉറപ്പിക നഷ്ടപ്പെടുവാന്‍ പോലും എന്റെ ഭാര്യയും രക്ഷാ കര്‍ത്രിയും ആയ നിങ്ങള്‍ ഒരുങ്ങിയില്ലെ? ഇല്ല. ഞാന്‍ പോകയില്ല. ഒരിക്കലും നിങ്ങളെ വിട്ടുപോകയില്ല.“

6 Responses to “ഡ്രൈവിണി”


  1. 1 dileep kumar k g ഒക്ടോബര്‍ 6, 2010 -ല്‍ 2:35 pm

    ഹ …ഹ …ഹ… തകര്‍പ്പന്‍

  2. 4 khan ഒക്ടോബര്‍ 8, 2010 -ല്‍ 7:45 pm

    kadichathum poyi pidichathum poyi enthoru deerkhaveekshanam. salute to moorkothu kumaran

  3. 5 സതീശന്‍ പുതുമന ഒക്ടോബര്‍ 10, 2010 -ല്‍ 9:49 am

    പഠിച്ചു വളര്‍ന്നത് ഒലവക്കോട് ആയതുകൊണ്ടാവാം കഥയോട് പ്രതീക്ഷിച്ചതില്‍ കവിഞ്ഞ ഒരിഷ്ടം -ഒ.ഹെന്‍ റി കഥകളെ ഓര്‍മ്മിപ്പിക്കുന്നു അവസാനത്തെ ട്വിസ്റ്റ്‌-(സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മ വരുന്ന കാലത്തെ പറ്റിയായിരുന്നു, ചിത്രമേള എന്ന പരീക്ഷണ ചിത്രത്തിലെ ഒരു ചിത്രം -വഴിയില്‍ നിന്ന് ,കടന്നുപോകുന്ന ആണ്‍ കുട്ടികളെ ‘കമന്റ്’അടിക്കുന്നത് പെണ്‍ കുട്ടികള്‍ -വിവാഹത്തിന് മുമ്പുള്ള ചടങ്ങ് പെണ്ണ് കാണലിനു പകരം ‘ആണ് കാണല്‍ ‘-സിനിമയുടെ അവസാനം ഒരു ശസ്ത്രക്രിയയിലൂടെ, ഭാസി എന്ന കഥാപാത്രം (അടൂര്‍ ഭാസി) ‘ഭാസന്‍’ ആയി മാറുന്നു)-ഇത്തരം കഥകള്‍,ഭാഷ കടന്നു പോന്ന വഴികളറിയാന്‍ വായനക്കാരെയും രചനാരീതികളില്‍ വന്ന മാറ്റങ്ങള്‍ അറിയാന്‍ സാഹിത്യ വിദ്യാര്‍ ത്ഥികളെയും സഹായിക്കും


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: