കേരളം എന്ന മാതൃക

അന്വേഷണങ്ങള്‍

1. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ പഞ്ചായത്തീരാജ് ഭരണപരിഷ്കാരങ്ങള്‍ (അമന്‍മെന്റ് 73,74) അന്നുതൊട്ട് ഇന്നേവരെ പൊതുവില്‍ ഉണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു. നിലനില്ക്കുന്ന ഫെഡറല്‍ ഭരണ സം വിധാനത്തില്‍ അതുണ്ടാക്കിയ മാറ്റം എന്താണ്?
2. ശരിക്കും അധികാരവികേന്ദ്രീകരണം എന്ന ആശയം പൂര്‍ണ്ണമാകുന്ന തരത്തില്‍ നടപ്പിലായോ? ഇല്ലെങ്കില്‍ അതിന്റെ പരിമിതി എന്താണ്?
3. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇ. എം എസ്സിന്റെ പേര് ഉയര്ന്നു കേള്‍ക്കാറുണ്ട്. എന്താണ് അധികാരവികേന്ദ്രീകരണത്തില്‍ ഇ. എം. എസ്സിന്റെ സം ഭാവന
4. ഏതാണ്ട് 40% ത്തോളം അധികാരങ്ങള്‍ താഴേ തട്ടിലേക്ക് നല്കിയെന്നാണ് പറയുന്നത്. അത് യഥാര്ത്ഥത്തില്‍ സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തെ ദുര്‍ബപ്പെടുത്തിയിട്ടുണ്ടോ?
5. അടിസ്ഥാന അവശ്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ചുമതല നിലവില്‍ പഞ്ചായത്തിനാണ്. സ്വാഭാവികമായും അപ്പോള്‍ ഇത് സ്റ്റേറ്റിന്റെ ചുമതലയാവില്ല. ഇത് ജനതയുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്ന ലോകബാങ്ക് നയം പിന്തുടരലാണെന്ന ആരോപണമുണ്ടല്ലോ? എന്തു പറയുന്നു?
6. പ്രാദേശികകൂട്ടായ്മയില്‍ നിന്നും വികസനത്തിനു വിഭവം സമാഹരിക്കുക എന്ന ഒരു ആശയം ഉണ്ടായിരുന്നല്ലോ. ഇതും അരോപണവിധേയമായിട്ടുണ്ട്. ഈ ആശയത്തിന് ഇന്നും പ്രസക്തി ഉണ്ടോ?
7. വിദ്യാഭ്യാസം ആരോഗ്യം, ജലവിനിയോഗം തുടങ്ങിയ താഴേതട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അടിസ്ഥാന മേഖലകളില്‍ ഇതുകൊണ്ടുണ്ടായ മാറ്റം എന്താണ്? ഈ മേഖലകളുടെ ഗുണ നിലവാരത്തിലെ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു?

8. പ്രാദേശിക കൂട്ടായ്മകള്ക്കകത്തെ എന്‍. ജി. ഓ കളുടെയും അന്താരാഷ്ട്ര ഏജന്സികളുടെയും ഇടപെടലിനെ കുറിച്ച് എന്താണ് അഭിപ്രായം?
9. ഉദാഹരണത്തിന് ജലനിധിയെ കുറിച്ചു പറയാം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് മാറി ഉപഭോക്തൃഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ ജലവിഭവത്തെയാകെ ഉപയോഗപ്പെടുത്തി നടക്കുന്ന ജലനിധി പദ്ധതി നേരത്തെ പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുന്നില്ലേ?
10. ആസൂത്രണ ബോര്‍ഡിന്റെ റോള്‍ എന്താണ്? അത് പഴയതുപോലെ നിലനില്ക്കുന്നുണ്ടോ?
പ്രായോഗികതലത്തില്‍ പ്രോജക്റ്റ് തയ്യാറാക്കല്‍, പദ്ധതി നിര്‍ വഹണം, ഫണ്ട് ലഭിക്കുന്നതിലെ താമസം, ഓഡിറ്റിങ്ങ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങള് എന്താണ്?
11. ബ്യൂറോക്രസിയുടെ പതിവു ചട്ടക്കൂടുകള്ക്കകത്ത് തന്നെ സോഷ്യല് ഓഡിറ്റിങ്ങ് എന്ന ഏറ്റവും ആധുനികമായ ആശയം ഇടകലര്ത്തുന്നതിലെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
12. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നി ത്രിതല സം വിധാനങ്ങളുടെ അധികാരപരിധികള്‍ അവ കൈകാര്യം ചെയ്യുന്ന മേഖലകള്‍ ഇവയില്‍ എന്തെങ്കിലും അസുന്തലനം നിലനില്ക്കുന്നുണ്ടോ? ഉദാഹരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രധാന ബോഡി ആകുന്നുണ്ടോ?

13. സാമൂഹ്യകൂട്ടായ്മകളിലൂടെ വികസനം നടത്തുക എന്ന സങ്കല്പം നിലനില്ക്കുന്ന രാഷ്ട്രീയ ഘടന വഴി നടപ്പിലാകുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്? രാഷ്ട്രീയാതീതമായ ഇത്തരം സാമൂഹ്യസം വിധാനങ്ങള്‍ ക്രമേണ അരാഷ്ട്രീയമായ ഒരു സാമൂഹ്യാവസ്ഥക്ക് വഴിവെക്കുമോ?
14. നിലവില്‍ രാഷ്ട്രീയ അധികാരത്തിന്റേയും പാര്ട്ടി സംഘടനാസംവിധാനത്തിന്റേയും മേല് തട്ടുകളില്‍ നിന്ന് സ്ത്രീ സമൂഹങ്ങള്ക്ക് വേണ്ടത്ര പങ്കാളിത്തമില്ലല്ലോ എന്നാല് തദ്ദേശഭരണമേഖലയില് പങ്കാളിത്തം കൂടുതലാണ്. പുതിയ നിയമനിര്മ്മാണം അതിന്റെ തോത് കൂട്ടുകയും ചെയ്തിരിക്കുന്നു. ഭരണരംഗത്തും പൊതുപ്രവര്ത്തനരംഗത്തും ഇത് എന്ത് തരം മാറ്റങ്ങള് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്?
15. കേന്ദ്രീകൃത ഭരണത്തില്‍ വികസനകാര്യങ്ങളില് സംഭവിക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിനാണല്ലോ വികേന്ദ്രിതാസൂത്രണവും ഭരണ നിര് വഹണവും മറ്റും വരുന്നത്. വികസനകാര്യത്തിലെ തുല്യത ഉറപ്പ് വരുത്താന് ഈ സം വിധാനത്തിന് എത്രത്തോളം കഴിഞ്ഞു.

പ്രതികരണങ്ങള്‍

ടി.വി.രാജേഷ്

അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വാചാലരാകാറുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്തിന് കേന്ദ്രം തയ്യാറാകുന്നില്ല എന്നതാണ് അധികാര വികേന്ദ്രീകരണം നേരിടുന്ന പ്രതിസന്ധി. 64,65 ഭരണഘടന ഭേദഗതികളും 73,74 ഭരണഘടന ഭേദഗതികളും സംസ്ഥാനതലത്തില്‍ നിന്നും പ്രാദേശിക തലത്തിലേക്കുള്ള അധികാര പുനര്‍വിന്യാസം മാത്രമേ വിഭാവനം ചെയ്യുന്നുള്ളൂ. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ ചിലത് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ച് ആര്‍ക്കും ഭിന്നാഭിപ്രായമില്ല. കേന്ദ്രത്തില്‍ നിന്ന്  സംസ്ഥാനത്തേക്ക് പുതിയ അധികാരങ്ങള്‍ നല്‍കാതെ സംസ്ഥാനത്തില്‍ നിന്നും അധികാരം താഴോട്ട് നല്‍കാനാണ് ഈ ഭരണഘടന ഭേദഗതികള്‍ കൊണ്ട് ശ്രമിക്കുന്നത്. ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരണഘടനയ്ക്ക് യൂണിറ്ററി രാഷ്ട്രത്തിന്റെ സ്വഭാവമാണ് കൂടുതല്‍. ഭരണഘടന പ്രകാരം അധികാരങ്ങളില്‍ മിക്കവയും, നികുതി മാര്‍ഗ്ഗങ്ങളും, വായ്പയെടുക്കാനുള്ള അവകാശവും കേന്ദ്രത്തിനാണ്. സംസ്ഥാനഭരണത്തില്‍ സ്വേച്ഛാപരമായി കൈകടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ അനുഭവത്തിനിടയില്‍ ഉള്ള അധികാരത്തില്‍ പലതും കേന്ദ്രം കവര്‍ന്നെടുക്കുകയും, സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ ഇടപെട്ട് ഏകപക്ഷീയമായ തീരുമാനങ്ങള്‍ കേന്ദ്രം കൈക്കൊള്ളുകയും ചെയ്യുന്നു എന്നതാണ് അനുഭവം. കൂടാതെ സംസ്ഥാനത്ത് ലഭിക്കേണ്ട ധനസഹായം പണമായി നല്‍കുന്നതിനു പകരം സ്കീമുകളുടെ രൂപത്തില്‍ നല്‍കാനുള്ള പ്രവണതയും അനുദിനം ശക്തിപ്പെട്ടു വരുന്നു. സംസ്ഥാനങ്ങള്‍ക്ക് പണമായി നല്‍കുന്ന തുകയെക്കാള്‍ കൂടുതലാണ് കേന്ദ്രാവിഷ്കൃത സ്കീമുകളുടെ തുക. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അധികാരങ്ങള്‍ താഴേക്ക് നല്‍കിക്കൊണ്ടല്ലാതെ യഥാര്‍ത്ഥ വികേന്ദ്രീകരണം സാധ്യമാവുകയില്ല. താഴെത്തട്ടില്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി തീരുമാനിക്കാനും നടപ്പിലാക്കാനുമുള്ള അധികാരം താഴേത്തട്ടിനുണ്ടാകണം. അവിടെ ചെയ്തു തീര്‍ക്കാന കഴിയാത്തവ മാത്രമേ ബ്ളോക്കിനും മുകള്‍ത്തട്ടിലേക്കും നല്‍കേണ്ടതുള്ളൂ. ഇത്തരത്തില്‍ അടിമുടി അധികാരപുനര്‍വിന്യാസം അനിവാര്യമാക്കുന്ന നിരീക്ഷണമായിരുന്നു സ:ഇഎംഎസിനുണ്ടായിരുന്നത്. അധികാര വികേന്ദ്രീകരണത്തിന് ഇഎംഎസ് നല്‍കിയ സംഭാവന സൈദ്ധാന്തിക തലത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
1957ലെ കമ്മ്യൂണിസ്റ് മന്ത്രിസഭ രൂപം നല്‍കിയ ഭരണപരിഷ്കാര കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ഇഎംഎസ് ആയിരുന്നു. കേരളത്തിന്റെ ഭാവിഭരണ സംവിധാനത്തെക്കുറിച്ച് വളരെ സുപ്രധാനാമായ കാഴ്ചപ്പാട് ആയിരുന്നു ഈ കമ്മിറ്റി മുന്നോട്ടു വച്ചത്. രണ്ടുതട്ടുള്ള തദ്ദേശസ്വയംഭരണ സംവിധാനമാണ് ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. ജില്ലാതലത്തില്‍ ജില്ലാകൌണ്‍സിലും കീഴ്ത്തട്ടില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമായിരുന്നു അവ. ഇവയുടെ ചുമതലകള്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിയിരുന്നില്ല. മറിച്ച് റവന്യു ഭരണമടക്കമുള്ള ഭരണഘടനാ ചുമതലകളും ഉണ്ടായിരുന്നു. ഭരണപരിഷ്കാര കമ്മിറ്റിയുടെ ഭാഗമായി അസംബ്ളിയില്‍ അവതരിപ്പിച്ച ജില്ലാകൌണ്‍സില്‍ നിയമത്തില്‍ പടിപടിയായി ജില്ലാഭരണം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, കീഴ്ത്തട്ടിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും  ചെയ്യുന്ന സമഗ്രമായ ഒരു ഭരണസംവിധാനമായാണ് ജില്ലാകൌണ്‍സില്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും ബില്‍ പാസ്സാക്കാന്‍ കഴിയാതെ പോവുകയും ചെയ്തു. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണം 57ലെ കരട്ബില്ലിലെ അന്തസത്ത ചോര്‍ത്തിക്കളയുന്ന വിധത്തിലുള്ളതായിരുന്നു. ജില്ലാകൌണ്‍സിലുകള്‍ ഉപേക്ഷിക്കപ്പെട്ടു. പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് നാമാമാത്രമായ അധികാരമേ ലഭിച്ചുള്ളൂ. പിന്നീട് 67 ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ പഞ്ചായത്തീരാജ് ബില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ബില്‍ ജില്ലാകൌണ്‍സിലുകളെ പുനരുജ്ജീവിപ്പിച്ചു. ഇതില്‍ നിര്‍ണ്ണായകസംഭാവന ഇഎംഎസിന്റെ വകയാണെന്നത് ശ്രദ്ധേയമാണ്. ഇതുമൂലം ജില്ലാകൌണ്‍സിലുകള്‍ക്ക് ജില്ലാ ആസൂത്രണത്തിന്റെ ചുമതല കൂടി നല്‍കപ്പെട്ടു. ‘ജില്ലാഭരണകൂടം’ എന്ന പ്രയോഗം തന്നെ ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ഇഎംഎസ് ആണ് മുന്നോട്ട് വച്ചത്. മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് ഈ നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വന്ന സര്‍ക്കാരിന്റെ  കാലത്ത് ഈ ബില്‍ പാസ്സാക്കപ്പെട്ടു. പക്ഷേ നിയമം നടപ്പിലാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചില്ല. അവസാനം 1987 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്മെന്റാണ് നിയമം നടപ്പിലാക്കിയത്. എന്നാല്‍ ഈ നിയമത്തില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടായിരുന്നതിനാല്‍ ഇവ തിരുത്തുന്നതിനായി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് ശ്രീ.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 1990 ഫെബ്രുവരിയില്‍ ജില്ലാകൌണ്‍സിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തി പുതിയ ജില്ലാകൌണ്‍സിലുകള്‍ നലവില്‍ വന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജില്ലാകൌണ്‍സിലുകള്‍ ദുര്‍ബലമാക്കാനുള്ള ശ്രമം ആരംഭിച്ചു. എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി ജില്ലാകൌണ്‍സിലുകള്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കുന്നതിനുള്ള നിയമഭേദഗതി പുതിയ സര്‍ക്കാര്‍ പാസ്സാക്കി. അധികാരങ്ങള്‍ ഒന്നൊന്നായി പിന്‍വലിച്ചു. ജില്ലാകൌണ്‍സില്‍ സെക്രട്ടറിസ്ഥാനത്തു നിന്ന് കളക്ടറെ നീക്കം ചെയ്തു. അവസാനം ജില്ലാകൌണ്‍സില്‍ തന്നെ ഔപചാരികമായി ഇല്ലാതാക്കുകയും ചെയ്തു. കേരളത്തിന്റെ സുദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് തുരങ്കം വച്ചത് കോണ്‍ഗ്രസ്സും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാരുമായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനന്തമായ സാധ്യതകള്‍ കൂടി സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനും പ്രയോജനപ്പെടുത്തുകയെന്ന മഹാലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പിലാക്കിയത്.  സംസ്ഥാന രൂപീകരണത്തിനുശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനകീയ വിപ്ളവപ്രസ്ഥാനമാണ് ജനകീയാസൂത്രണം. അതുവരെ ദില്ലിയിലും, തിരുവനന്തപുരത്തും കേന്ദ്രീകരിച്ചിരുന്ന ആസൂത്രണത്തിന്റെ നേതൃത്വം പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മാത്രമല്ല ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പങ്കെടുക്കുന്ന ലക്ഷക്കണക്കിനാളുകളിലേക്ക് മാറിയിരിക്കുന്നു. ഇതുവരെ ആസൂത്രണ പ്രക്രിയയില്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ സമ്പത്തും വരുമാനവും വര്‍ദ്ധിപ്പിക്കാനാവശ്യമായ ഉത്പാദനമേഖല; വിശേഷിച്ചും കൃഷിയും, വ്യവസായങ്ങളും അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. സാമൂഹ്യമേഖലയുടെ വികസനത്തില്‍ ഊന്നി നില്‍ക്കുന്ന ആസൂത്രണമാണ് ഇതുവരെയുണ്ടായിരുന്നത്. അത് മാറ്റി ഉത്പാദനമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രസ്ഥാനമാണ് ജനകീയാസൂത്രണപ്രക്രിയ. ആശങ്കകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നുവെങ്കിലും വികസന പദ്ധതികള്‍ സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള കരുത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ച് കഴിഞ്ഞിരിക്കുന്നു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ പ്രവര്‍ത്തനം അടിസ്ഥാന സൌകര്യവികസന രംഗത്തും ഉത്പാദനരംഗത്തും സാമൂഹ്യക്ഷേമപദ്ധതികളിലും സംസ്ഥാനം വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ലഭിച്ച മികവുറ്റ സംവിധാനത്തിനുള്ള അവാര്‍ഡ് തദ്ദേസ്വയം ഭരണ രംഗത്ത് കേരളം കൈവരിച്ച വമ്പിച്ച മുന്നേറ്റത്തെ സ്ഥിരീകരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായും അഴിമതിരഹിതമായും നടപ്പിലാക്കിയതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ കേരളം അംഗീകാരം നേടിയിരിക്കുകയാണ്. കൂടാതെ സ്ത്രീസംവരണം 50 ശതമാനമാക്കുകയും സ്റാന്‍ഡിംഗ് കമ്മിറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഉല്പാദനമേഖലയ്ക്കുള്ള വിഹിതംകൂട്ടി, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വക മാറ്റുന്നതിനെതിരായ നടപടി, വനിതകള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതി, ദുര്‍ബലര്‍ക്കുള്ള ഘടകം എന്നിവ ചെലവഴിക്കപ്പെടുന്നുവെന്നുറപ്പാക്കി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സംസ്ഥാന തലത്തിലുള്ള പ്ളാനുകള്‍ പഞ്ചായത്ത്തല പ്ളാനുകളുടെ ഭാഗമാക്കി. വകുപ്പുതല പദ്ധതികളും ജനകീയാസൂത്രണം പദ്ധതികളും തമ്മില്‍ സംയോജനം സാദ്ധ്യമാക്കി; ജില്ലാ ആസൂത്രണ കമ്മിഷന്‍ ശക്തിപ്പെടുത്തി. ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിച്ച് ഡി.പി.സി.കള്‍ക്ക് സെക്രട്ടറിയേറ്റുകള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും കളക്ടര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ബ്ളോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്നു. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇത്തരമൊരു സംവിധാനം നിലവിലില്ല.  പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളലും 73-ാം ഭരണഘടന ഭേദഗതിയനുസരച്ച് ഡി.പി.സി.കള്‍ ഉണ്ടെങ്കിലും മുന്‍മന്ത്രിമാരുടേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഭരണകക്ഷിയിലെ നേതാക്കന്‍മാരുടേയും ലാവണമാണ് ഇത്. ജില്ലാ ആസൂത്രണബോര്‍ഡ് ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുകയുള്ളു. ഓരോ ജില്ലയുടേയും ആവശ്യകതകള്‍ മനസ്സിലാക്കുവാനും അതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കുവാനും അതുവഴി വികസനത്തിന്റെ അസന്തുലിതാവസ്ഥ മറികടക്കാനും കഴിയുമെന്നുള്ളതുമാണ് ജില്ലാതലത്തിലുള്ള ആസൂത്രണത്തിന്റെ ഏറ്റവും വലിയ മേന്‍മ.  ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കിത്തീര്‍ക്കാന്‍ സഹായകരമാകുന്നു. ബ്ളോക്കുതല സാങ്കേതിക ഉപദേശകഗ്രൂപ്പും, പഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പും ബാഹ്യമായ ഇടപെടലിന് അവസരമൊരുങ്ങുന്നുവെന്നും, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ഇല്ലാതാക്കും എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്്. ദേശീയതലത്തില്‍ തന്നെ Voluntary Technical Committee അംഗീകരിച്ചിട്ടുണ്ട്. ഇതിനെകുറിച്ചുള്ള  അിറവില്ലായ്മയല്ല സങ്കുചിത രാഷ്ട്രീയമാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കെതിരായ യു.ഡി.എഫ് വിമര്‍ശനത്തിന്റെ പിന്നിലെന്ന് വ്യക്തം. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് കല്പിപ്പിക്കാന്‍ അവകാശമില്ല. എങ്ങനെ കാര്യങ്ങള്‍ നടത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാം. പഞ്ചായത്ത് തലത്തില്‍ പ്രൊജക്ടുകള്‍  തയ്യാറാക്കുന്നതിന് ഭരണസമിതികള്‍ക്ക് വളരെയേറെ സഹായകരമാണ് വര്‍ക്കിംഗ് ഗ്രൂപ്പ്. ഉദാഹരണത്തിന് കൃഷിയുമായി ബന്ധപ്പെട്ട പ്രൊജക്ട് തയ്യാറാക്കുന്ന ഗ്രൂപ്പില്‍ ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഉണ്ടാകുന്നത് ആ പ്രൊജക്ട് കൂടുതല്‍ മെച്ചപ്പെട്ടതാക്കി തീര്‍ക്കുമെന്നുള്ളത് തീര്‍ച്ചയാണ്. പ്രൊജക്ടുകളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പിന്തുണ  സഹായകരമായി തീരുന്നുവെന്നുള്ളതാണ് നിലവിലുള്ള അനുഭവം. ഢീഹൌിമ്യൃേ ഠലരവിശരമഹ ഇീാാശലേേല യുടെ അദ്ധ്യക്ഷനായി അതത് പഞ്ചായത്തുകളില്‍ നിന്നുള്ള ഉദ്യേഗാസ്ഥര്‍ തന്നെയായിരിക്കണം. ഇതിന്റെ നടത്തിപ്പിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

•    പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കുറച്ചുകൂടി ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കണം.
•    വിഇഒ വിനെ പഞ്ചായത്തിന്റെ കീഴിലാക്കാണം.
•    റൂറല്‍ ഡെവലപ്പ്മെന്റ് സ്ഥാപനങ്ങളില്‍ ഉദ്യോഗക്കയറ്റം നല്‍കണം.
അടുത്ത തദ്ദേശസ്ഥാപനങ്ങളുടെ ഭരണസംവിധാനം നിലവില്‍ വരുന്നതുമുതല്‍ അടുത്ത 5 വര്‍ഷത്തെ നയപരിപാടികള്‍ എങ്ങനെയായിരിക്കണമെന്നും ഏതൊക്കെ വിധത്തില്‍ അത് നടപ്പിലാക്കണമെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് പദ്ധതി തയ്യാറാക്കും. ഇതൊടെ കുടിവെള്ളം, മാലിന്യസംസ്കരണം തുടങ്ങിയവയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇങ്ങനെ നടപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കാന്‍ ഡാറ്റാബാങ്ക് തയ്യാറാക്കും. ഇതനുസരിച്ച് 18 വയസ്സിനു താഴെയുള്ളവരുടെ കണക്കെടുക്കും. ഇത്തരത്തില്‍ കണക്കെടുക്കുമ്പോള്‍ ഇത്രയും വര്‍ഷം കഴിഞ്ഞാല്‍ അംഗന്‍വാടി, ആരോഗ്യം, മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് വ്യക്തമായ രൂപരേഖ ലഭിക്കും. രൂപരേഖ ലഭിക്കുകയാണെങ്കില്‍ പദ്ധതി തയ്യാറാക്കാന്‍ എളുപ്പമാണ്.
കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി നല്‍കിയത് ഇതിനു പുറമെ പൊതുഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കി.  ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഹിതവും, മറ്റു വിഹിതങ്ങളും ചേര്‍ത്താണ് പദ്ധതികള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. ഭവനം, കുടിവെള്ളം, അടിസ്ഥാനസൌകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അഭൂതപൂര്‍ണ്ണമായ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.  ഊര്‍ജ്ജസുരക്ഷാമിഷന്‍ പ്രവര്‍ത്തനത്തോടെ പാരമ്പര്യേതര ഊര്‍ജ്ജപദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നു.
തൊഴിലുറപ്പ് പദ്ധതികളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ അംഗീകാരം നേടിയെടുക്കുന്നതിന് ഇടയാക്കി. കൃഷിചെയ്തുകൊണ്ടിരുന്ന ഭൂമിയില്‍ കൃഷി തുടര്‍ന്നുകൊണ്ട് പോകാന്‍ പറ്റുന്ന രീതിയില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുക, തരിശായി കിടക്കുന്ന നിലം കൃഷിയോഗ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ത്രിതല പഞ്ചായത്തുകള്‍ നെല്‍കൃഷി രംഗത്ത് നടത്തിയ ഇടപെടല്‍ കാര്‍ഷികരംഗത്ത് വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്.
മാലിന്യസംസ്കരണപദ്ധതിയാണ് മറ്റൊന്ന്. ഇതിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജൈവമാലിന്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ ജൈവവളം ലഭിക്കും. ഇത് വേണ്ടരീതിയില്‍ കൃഷിക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന് വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തില്‍ 10 ടണ്‍ ജൈവവളം ഉല്പാദിപ്പിച്ച് നെല്ലുല്പാദനത്തിന് ഉപയോഗിച്ചു. നല്ല വിളവും ലഭിച്ചു. ഈ നെല്ലിന് 13 രൂപ വച്ച് കൊടുക്കുന്നതിനാല്‍ കര്‍ഷകരുടെ നില വളരെയധികം മെച്ചപ്പെട്ടു.
ഇതുപോലെ തന്നെ എലപ്പുള്ളി പഞ്ചായത്തില്‍ ആവിഷ്കരിച്ച ക്ഷീരപദ്ധതി വളരെയധികം വിജയിച്ചു. വര്‍ഷത്തില്‍ ഏഴര കോടി രൂപയാണ് പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലാഭമായി ലഭിച്ചത്. പശുക്കള്‍ക്ക് നല്‍കാനായി പ്രത്യേക ഇനം വിത്തുകള്‍ കൊണ്ട് വന്‍തോതില്‍ തീറ്റപ്പുല്ല് ഉല്‍പ്പാദിപ്പിച്ചു. തൊഴുത്തുകള്‍ നിര്‍മ്മിക്കാനും വൃത്തിയാക്കാനുമുള്ള സഹായങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കി. പശുവിനെ പരിപാലിക്കുന്നതിനുള്ള ചിലവുകള്‍ കഴിച്ച് 18000 രൂപയോളം ഓരേ കുടുംബത്തിനും വരുമാനമായി ലഭിച്ചു. ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന പാല്‍ സംഭരിച്ചെടുത്ത് വിതരണം നടത്താന്‍ ഒരു കൂട്ടം പെണ്‍കുട്ടികളെ ചുമതലപ്പെടുത്തി. ഇങ്ങനെ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പാലിന്റെ കുപ്പിയുടെ പുറത്ത് വീടിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിനാല്‍ ഓരോ വീടുകളില്‍ നിന്നും ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസ്സിലാക്കാന്‍ സാധിക്കും. നല്ലയിനം പശുക്കളെ കിട്ടാനില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പശുവിന് ഗുണമേ•യില്ല. തിരുവനന്തപുരം ജില്ലയിലെ വിതുരഫാമില്‍ നിന്ന് പോത്ത്, കാള എന്നിവയെ വളര്‍ത്താനായി ആദിവാസികള്‍ക്ക് നല്‍കും. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതിനെ തിരികെ ഫാമിലേല്‍പ്പിക്കും. രണ്ടുവര്‍ഷത്തോളം പരിപാലിച്ചതിന് കൂലിയായി 30000 രൂപ ആദിവാസികള്‍ക്ക് നല്‍കും. ഒളരെ ആവേശത്തോടെയാണ് ആദിവാസികള്‍ പോത്തിനെയും മൂരിയെയും വളര്‍ത്താനെടുക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ മണല്‍ പ്രദേശമാണ് ഭൂരിഭാഗവും. ഇതില്‍ കൃഷി ചെയ്താല്‍ വളരില്ല. കമ്പോസ്റ് വളം ഉണ്ടാക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി. 50 അംഗങ്ങളാണ് ഇതില്‍ ഉണ്ടാകുക. 10 ലക്ഷം രൂപ ഇതിനായി നീക്കിവച്ചു. പഞ്ചായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടായതിനാല്‍ കഞ്ഞിക്കുഴിയിലെ ബീമാഹോട്ടല്‍ ജൈവവളം വില്‍ക്കാന്‍ ഒരു മുറി സൌജന്യമായി നല്‍കി. ഓരോ വീട്ടുപറമ്പുകളിലും വളങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള പരിപാടിക്ക് രൂപം നല്‍കി. ഈ വളം ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത വഴുതന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഴുതനോത്സവം നടത്തി. ബിടി വഴുതനയ്ക്കെതിരായുള്ള ഒരു പ്രവര്‍ത്തനം തന്നെയായിരുന്നു ഇത്. ടിഷ്യുകള്‍ച്ചര്‍ രീതി ഉപയോഗിച്ച് നല്ലയിനം വിത്തുകള്‍ ഉല്പാദിപ്പിച്ചാല്‍ രോഗബാധയും തടയാം. നല്ല വിളവും ലഭിക്കും. വിദ്യാസമ്പന്നരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാവുന്ന ഒരു പദ്ധതി കൂടിയാണിത്.
മാരാരിക്കുളത്തെ മുഹമ്മ ഗ്രാമപഞ്ചായത്തില്‍ പ്രായംചെന്ന വിഭാഗങ്ങളെ പരിപാലിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഇത് പരിഹരിക്കാന്‍ പഞ്ചായത്തടിസ്ഥാനനത്തില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ഇവര്‍ പ്രായമായവരെ പരിപാലിക്കുകയും സ്വാന്തനമേകുകയും ചെയ്യുന്നു. ഇവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരു ഡോക്ടര്‍ ഈ ഗ്രൂപ്പിലുണ്ടാകും.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്റാന്റിംഗ് സബ്കമ്മിറ്റികള്‍ പഞ്ചായത്തിലെ വിദ്യാഭ്യാസപുരോഗതിക്കായ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിധത്തില്‍  ഇടപെടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  അധികാരമുണ്ട്. മാറനല്ലൂര്‍ പഞ്ചായത്തിലെ ഒരു സ്കൂളില്‍ സമയകൃത്യതയില്‍ വീഴ്ച വരുത്തിയതിന് ചില അദ്ധ്യാപകരെ മാറ്റി നിര്‍ത്തേണ്ടിവന്നു. കണ്ണൂര്‍ ജില്ലയിലെ പാലയാട് ഭാഗത്ത് ഇതുപോലെ കൃത്യതയില്‍ വീഴച് വരുത്തുന്ന അദ്ധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടുപോയി കണ്ട് വിവരം തിരക്കിയപ്പോള്‍ അവര്‍ കൃത്യത പാലിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എസ്എസ്എല്‍സി റിസള്‍ട്ട് 90ശതമാനുണ്ട്. സേ പരീക്ഷ റിസള്‍ട്ട് കൂടി ചേര്‍ത്താല്‍ 95% വരും വിജയം. ഇങ്ങനെ വിജയം വരിക്കുന്ന സ്കൂളുകള്‍ക്ക് പിന്നില്‍ അതത് പഞ്ചായത്തുകള്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. പഠനവീട് മിക്ക പഞ്ചായത്തുകളിലും ഇപ്പോള്‍ നിലവിലുണ്ട്. സൌകര്യകുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് വേണ്ട സൌകര്യം പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് മാത്രമേ കഴിയൂ.

ജലനിധി പദ്ധതി കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ജനക്ഷേമപദ്ധതിയാണ്. ഇത് ജനകീയാസൂത്രണത്തിന്റെ ഭാഗമല്ല. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വേള്‍ഡ്ബാങ്ക് സഹായം സംസ്ഥാനഗവണ്മെന്റിന് നലകും. പ്രാദേശികതലത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കും. ഇവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗുണഭോക്താക്കള്‍ ചെറിയതരത്തില്‍ ഷെയര്‍ മുടക്കിക്കൊണ്ടുമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യകാലങ്ങളില്‍ ഗുണഭോക്താക്കള്‍ 10 മുതല്‍ 20 ശതമാനം വരെ മുടക്കണമായിരുന്നു. ഇന്ന് അത് ഒരുപാട് കുറച്ചുകൊണ്ട് വന്നിട്ടുണ്ട്. ജലനിധി പദ്ധതിക്ക് ഉപയോഗിക്കുന്ന മീറ്റര്‍, പമ്പ്സെറ്റുകള്‍ എന്നിവ നിരീക്ഷിക്കുന്നതിന് ജോലിക്കാരെ നിയമിക്കണം. പക്ഷേ ഇവര്‍ക്ക് ശമ്പളം നല്‍കേണ്ടത് ലോക്കല്‍ അടിസ്ഥാനത്തിലുള്ള കമ്മിറ്റികളാണ്. എന്നാല്‍ വീടുകളിലേക്കാണ് കണക്ഷന്‍ എടുക്കുന്നതെങ്കില്‍ ജോലിക്കാരനെ നിയമിക്കാം. അവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍തലത്തില്‍ നല്‍കും. പബ്ളിക്ടാപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചിലവുകള്‍ പഞ്ചായത്തോ, സംസ്ഥാനഗവണ്മെന്റോ വഹിക്കണം. ഒരു ഭരണകാലത്തുണ്ടായിരുന്ന സ്കീമുകള്‍ ചെയ്ഞ്ച് ചെയ്യാന്‍ പിന്നീട് വരുന്ന ഗവണ്മെന്റുകള്‍ക്ക് പറ്റില്ല. ആകെ മാറ്റാവുന്നത് പദ്ധതി നടത്തിപ്പിനുള്ള ഒരു വിഹിതം വഹിക്കാമെന്നുള്ളതാണ്. പല ജലനിധി പദ്ധതികളും പ്രാദേശികതലത്തില്‍ ശ്രദ്ധ ചെലുത്താന്‍ ആളില്ലാത്തത് കാരണം മുന്നോട്ട് പോകുന്നില്ല.
എല്ലാ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ ആദ്യത്തെ സമ്പൂര്‍ണ്ണഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് പതിനൊന്നാം പദ്ധതി കാലത്ത് ഇഎംഎസ് സമ്പൂര്‍ണ്ണ ഭവനപദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മൂന്ന് ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്.
സോഷ്യല്‍ ഓഡിറ്റിംഗ് വളരെ നല്ലൊരു ആശയമാണ്. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അരുണറോയിയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വച്ചത്. ഇത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ അഴിമതിരഹിതമാക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനും വളരെയേറെ ഗുണം ചെയ്യുമെന്ന് പ്രായോഗികമായ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഞാന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ആദ്യമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് മാതൃകകാണിച്ചത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്നാണ് അരുണാറോയി തന്നെ ഇതിനിടെ തുറന്നു പറയുകയുണ്ടായി. കേരളത്തിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിംഗ് സമൂഹത്തിന്റെയാകെ അംഗീകാരവും പിന്തുണയും പിടിച്ച്പറ്റിയതായിരുന്നു. ഈ രീതി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ താല്പര്യവും വിശ്വാസ്യതയും വളര്‍ത്തിയെടുക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് വളരെയേറ പ്രയോജനപ്പെടും. നിലവിലുള്ള ത്രിതലപഞ്ചായത്ത് സംവിധാനം 73-74 ഭരണഘടനഭേദഗതിയുടെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ്. ജില്ലാസമിതികള്‍ക്ക് കീഴില്‍ പഞ്ചായത്ത് സമിതി എന്ന നിലയാണ് അഭികാമ്യമെങ്കിലും എഴുപതും എണ്‍പതും പഞ്ചായത്തുകളുള്ള ജില്ലകളില്‍ ഒരു മിഡില്‍ സംവിധാനം ആവശ്യമാണ്. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് എന്നീ ത്രിതലസംവിധാനങ്ങളുടെ അധികാരപരിധികള്‍ കൃത്യമായി വിഭജിക്കപ്പെട്ടതിനാലും അവര്‍ക്ക് അനുപൂരകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുള്ളത് കൊണ്ടും അധികാരപരിധിയില്‍ അസന്തുലിതനത്തിന്റേതായ പ്രശ്നം സാധാരണനിലയില്‍ ഉദിക്കുന്നില്ല. പ്രാദേശികകൂട്ടായ്മകള്‍ വികസനത്തിന് വിഭവം സമാഹരിക്കുക എന്ന ആശയം തള്ളിക്കളയേണ്ടതല്ല. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്ക് നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിയും. വിദ്യാലയങ്ങളുടെ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ധനരും നിരാശ്രയരുമായ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ക്കും ഇത്തരം സഹായങ്ങള്‍ വളരെയേറെ ഉപകാരപ്രദമായതിന്റെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
തീരുമാനമെടുക്കുന്ന വേദികളില്‍ സ്ത്രീകളുടെ സ്ഥാനമുറപ്പിക്കുന്നതിനും പാര്‍ലമെന്റിലും അസംബ്ളിയിലും 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിനുള്ള പോരാട്ടം തുടരുകയാണ്. കേന്ദ്രഗവണ്‍മെന്റ് ഗുരുതരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. എന്നാല്‍ കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് നല്കികൊണ്ട് മാതൃക കാണിച്ചു. സ്ത്രീസമൂഹത്തെയാകെ ഭരണപരവും സാമൂഹ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരാക്കികൊണ്ട്് മാത്രമെ ഭരണരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയൂ. ഈ കാര്യത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും കാര്യമായ ഇടപെടല്‍ നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നതാണ് വസ്തുത. കുടുംബശ്രീപോലുള്ള പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം നേടിയിട്ടുണ്ട്. നേതൃഗുണത്തിലും വനിതകള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. നയങ്ങള്‍ തീരുമാനിക്കുന്നതിലും വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലും നേതൃത്വം നല്കേണ്ടത് ഗവണ്‍മെന്റുകളും പ്രാദേശിക ഭരണകൂടങ്ങളുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ കൂട്ടായ്മകളുടെ സഹായം സ്വീകരിക്കുന്നതില്‍ പിശകില്ല. എന്നാല്‍ ഇത് ഭരണകൂടങ്ങള്‍ ചെയ്യേണ്ടുന്നതിന് പകരമാകരുത്.

0 Responses to “കേരളം എന്ന മാതൃക”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: