അധികാര വികേന്ദ്രീകരണം : കേരളത്തിന്റെ പാഠങ്ങളും പുതിയ വെല്ലുവിളികളും

അധികാര വികേന്ദ്രീകരണം :  കേരളത്തിന്റെ പാഠങ്ങളും പുതിയ വെല്ലുവിളികളും

പ്രൊഫ. എന്‍. രമാകാന്തന്‍
ഡയറക്ടര്‍, ‘കില’

അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരളം പരിശ്രമമാരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെയാണ് അധികാര വികേന്ദ്രീകരണത്തില്‍ കേരളം ദേശിയ-സാര്‍വ്വദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നത്. ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായും പ്രാദേശിക സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടും വികസന തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും കേരളം രൂപപ്പെടുത്തിയ മാതൃകയും രീതിശാസ്ത്രവും മൂന്നാം ലോകരാജ്യങ്ങള്‍ക്കാകെ ഇന്ന് പുതിയ പാഠം പകര്‍ന്നു നല്‍കുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിനായി ലോകത്തിലെ അറുപതിലധികം രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വ്യത്യസ്ഥമായ നിരവധി പരിശ്രമങ്ങളും വൈവിദ്ധ്യമാര്‍ന്ന പരീക്ഷണങ്ങളും നടന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളില്‍ നിന്നും പലതുകൊണ്ടും ശ്രദ്ധേയവും സവിശേഷവുമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ കഴിഞ്ഞത് എന്നതാണ് വസ്തുത. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ തനിമയും നൂതനത്വവും താഴെപ്പറയും പ്രകാരം സംഗ്രഹിക്കാം.

•    പ്രാദേശികാസൂത്രണത്തേയും അതിലൂടെയുളള ജനകീയ പങ്കാളിത്തത്തേയും അധികാര വികേന്ദ്രീകരണത്തിനുളള ഉപാധിയാക്കി മാറ്റാന്‍ കഴിഞ്ഞു.
•    ജനകീയ പങ്കാളിത്തം യാഥാര്‍ത്ഥ്യമാക്കുന്നതിനും  എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനാസൂത്രണത്തില്‍ ഇടപെടുന്നതിനും സഹായകമായ പങ്കാളിത്ത വേദികളും സംഘടനാ സംവിധാനങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു.
•    ഭരണഘടനാ നിയമത്തിന്റെയും സംസ്ഥാന പഞ്ചായത്ത്-നഗരപാലികാ നിയമത്തിന്റെയും അന്തസത്തയ്ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
•    പ്രാദേശിക ഭരണ സ്ഥാപനങ്ങളെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതിന് സഹായകമായ വികസന ഭരണ സംസ്കാരം രൂപപ്പെടുത്താന്‍ കഴിഞ്ഞു.
•    പ്രാദേശിക സാമ്പത്തിക വികസനത്തനിനും കേരളത്തിന്റെ പൊതുവായ സാമൂഹ്യ-സാമ്പത്തിക വികസനത്തിനും സഹായകമായ വിധത്തില്‍ വികസന നയങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാന്‍ കഴിഞ്ഞു.
•    പാവപ്പെട്ട ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാനവ വികസനത്തിനും സഹായമാകും വിധം വര്‍ദ്ധിച്ച പൊതുനിക്ഷേപം ആരോഗ്യ-വിദ്യാഭ്യാസ -ശിശു വികസന മേഖലകളില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു.
•    സ്ത്രീകളേയും സാമൂഹ്യമായി പിന്നോക്കം നല്‍കുന്ന ജനവിഭാഗങ്ങളെയും വികസന ഭരണത്തിലും പൊതു ജീവിത മണ്ഡലങ്ങളിലും ഇടപെടുന്നതിനും വികസന നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നതിനും പ്രാപ്തമാക്കാന്‍ കഴിഞ്ഞു.
•    സാധാരണ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ ഉദാ. പാര്‍പ്പിടം, കുടിവെളളം, ശുചിത്വസംവിധാനങ്ങള്‍, ഗതാഗത സൌകര്യങ്ങള്‍ എന്നിവ പ്രാപ്യമാക്കുന്നിന് കഴിഞ്ഞു.
•    പ്രാദേശിക ഭരണ സംവിധാനങ്ങളോട് ജനങ്ങള്‍ക്കുളള വിശ്വാസ്യതയും മതിപ്പും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു
•    ജനങ്ങളോട് ഉത്തരവാദിത്വപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥ സംവിധാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്നിനും കൂടുതല്‍ ജനസൌഹൃദപരമായ വികസന ഭരണ സംസ്കാരം വളര്‍ത്തുന്നതിനും കഴിഞ്ഞു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനപരമായ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി എന്നത് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. നിരവധി ഘടങ്ങള്‍ ഈ മാറ്റത്തെ സ്വാധീനിക്കുകയുണ്ടായി. അവയില്‍ ഏറ്റവും പ്രധാനം അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക വികസനത്തിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുളള യോജിച്ച കാഴ്ചപ്പാടും നിലപാടുകളുമാണ്. പ്രാദേശിക ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ പരിപൂര്‍ണ്ണായ അഭിപ്രായ സമന്വയം രൂപപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞു എന്നത് മഹത്തായ നേട്ടമാണ്. കൂട്ടുകക്ഷി മന്ത്രിസഭയുടെയും ഘടകകക്ഷികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും വിഭിന്നമായ ചിന്താഗതികളും കാലാകാലങ്ങളില്‍ ചില വെല്ലുവിളികള്‍ അധികാര വികേന്ദ്രീകരണത്തിനെതിരെ ഉയര്‍ത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കാന്‍ കഴിയില്ല. എങ്കില്‍ കൂടി ശക്തമായൊരു രാഷ്ട്രീയാടിത്തറ പ്രാദേശിക ഭരണ സംവിധാനത്തിന് രുപപ്പെടുത്താന്‍ ഇതിനക കഴിഞ്ഞതുകൊണ്ട് അത്തരം വെല്ലുവിളികളേയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ ഇതിനകം കേരളത്തിന് കഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൊതു ജനാധിപത്യവേദികളായ പഞ്ചായത്ത് അസോസിയേഷനുകളും മുനിസിപ്പല്‍ ചേമ്പറുമെല്ലാം പ്രതിരോധത്തിന്റെ ശേഷി കൈവരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇത്തരം വെല്ലുവിളികളെ നേരിടുന്നതിന് ഫലപ്രദമായി ഇടപെടുന്നതിനും ഇവയ്ക്ക് കഴിഞ്ഞു എന്നതും കേരളം നേടിയ അഭിമാനകരമായ നേട്ടമാണ്.

സുസ്ഥിരതയിലേക്ക് കേരളത്തിന്റെ അധികാരവികേന്ദ്രീകരണത്തേയും പ്രാദേശിക ഭരണ സ്ഥാപനങ്ങളേയും എത്തിച്ച മറ്റൊരു സുപ്രധാന ഘടകം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വിപുലമായ അധികാരങ്ങളും വികസന ചുമതലകളുമാണ്. വിവിധ തട്ടുകളിലുളള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വ്വചിക്കുകയും വേര്‍തിരിച്ച് നല്‍കുകയും ചെയ്യുകയുണ്ടായി. തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി മാതൃകാപരമായി ഉയരാന്‍ കഴിഞ്ഞ അനേകം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത “ഗ്രീന്‍ കേരള എക്സ്പസ്” ഇക്കാര്യം കേരളീയ സമൂഹത്തിനു മുമ്പില്‍ സാക്ഷ്യപ്പെടുത്തി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വികസന ഭരണത്തിന്റെ കേന്ദ്രസ്ഥാപനമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉയരാന്‍ കഴിഞ്ഞു എന്നത് അധികാര വികേന്ദ്രീകരണത്തിന്റെ സുസ്ഥാപിതമായ അവസ്ഥയെ സൂചിപ്പിക്കുന്നു.

കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ മറ്റൊരു സവിശേഷ ഘടകം വര്‍ദ്ധിച്ച തോതിലുളള വിഭവശേഷി താഴെതട്ടിലുളള തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച രാഷ്ട്രീയ ഇച്ഛാശക്തിയാണ്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന്റെ സ്ഥൂലതല ലക്ഷ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് പ്രാദേശിക പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗരേഖയ്ക്കനുസൃത്യമായി പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിനുളള പൂര്‍ണ്ണ സ്വാതന്ത്യ്രം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ തികച്ചും മാതൃകയാണ് ഇക്കാര്യത്തില്‍ കേരളം സൃഷ്ടിച്ചിട്ടുളളത്. അധികാര വികേന്ദ്രീകരണത്തില്‍ സാധാരണ ജനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍  ഉയര്‍ന്ന തോതില്‍ വിശ്വാസ്യത സൃഷ്ടിക്കുന്നതിനും വഴിതുറന്നത് സാമ്പത്തിക വികേന്ദ്രീകരണവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുളള വര്‍ദ്ധിച്ച തോതിലുളള വിഭവ വകയിരുത്തലുമാണ്.

കേരളത്തിലെ അധികാര വികന്ദ്രീകരണ വിജയിത്തിനിടയാക്കിയ മറ്റൊരു പ്രധാന ഘടകം പ്രാദേശിക ജനാധിപത്യത്തിലുളള വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭരണ നിര്‍വഹണത്തിലും വികസന പ്രക്രിയയിലും ഇടപെടുന്നതിന് ജനകീയാസൂത്രണ പ്രസ്ഥാനം വഴിതുറന്നു. ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സഹായമായി സൃഷ്ടിക്കപ്പെട്ട വേദികളും സൂക്ഷ്മതല സംഘടനാ സംവിധാനങ്ങളും പങ്കാളിത്ത ജനാധിപത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ രൂപപ്പെടുന്നതിന് സഹായകമായി. ഗ്രാമസഭകളെയും വാര്‍ഡ് സഭകളെയും ജനകീയ പങ്കാളിത്ത ഉത്സവങ്ങളാക്കി മാറ്റുന്നതിനും വികസന ഭരണത്തിന്റെ നിയന്ത്രണ സംവിധാനങ്ങളാക്കി മാറ്റുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ ജനങ്ങളും ഭരണ സംവിധാനവും തമ്മിലുളള അകലം ഇല്ലാതാക്കുന്നതിന് സഹായകമായി. പ്രാദേശിക ജനാധിപത്യത്തിന്റെ ജനകീയാടിത്തറയാണ് ഇതുവഴി വിപുലമായത് എന്ന് ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്നതാണ്.

കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ഘടകം ജനസൌഹൃദപരമായി പ്രവര്‍ത്തിക്കാന്‍ പ്രാദേശിക തലത്തിലുളള ഉദ്യോഗസ്ഥ സംവിധാനത്തെ വലിയൊരളവുവരെ നിര്‍ബന്ധിതമായി എന്നതാണ് ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ അധിഷ്ഠതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബ്യൂറോക്രാറ്റിക് സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണ സംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ഉത്തരവാദിത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും ജനസൌഹൃദപരമായ സമീപനം സ്വീകരിക്കുന്നതിനും കഴിയുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞു. പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനകം ആരംഭിച്ച ഫ്രണ്ട് ഓഫീസ് സംവിധാനവും ജനസേവന കേന്ദ്രങ്ങളും ഈ രംഗത്തെ അര്‍ത്ഥപൂര്‍ണ്ണമായ  പുതിയൊരു ചുവടു വെയ്പ്പായിരുന്നു. വികസന ഭരണത്തില്‍ ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടും ജനങ്ങളോടൊപ്പം നിന്നുകൊണ്ടും പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരാണെന്ന തിരിച്ചറിവിലേക്ക് എത്തിക്കാന്‍ അധികാര വികേന്ദ്രീകരണം വഴിതെളിച്ചു. ജനപ്രതിനിധികളും ഉദ്യോസ്ഥരും ജനങ്ങളും സംയോജിച്ച് പ്രവര്‍ത്തിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ച വികസന നേട്ടങ്ങള്‍ തികച്ചും വിസ്മയകരമാണ് എന്ന് കാണാന്‍ കഴിയും.

ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളോടൊപ്പം ഇന്ത്യയും സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടപ്പോഴും കേരളത്തിന് വലിയൊരളവു വരെ ആഗോളം സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികളില്‍ നിന്നും രക്ഷ നേടാനായത് അധികാര വികന്ദ്രീകരണത്തിന്റെയും പ്രാദേശിക വികസനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇടപെടുന്നതിന് സംസ്ഥാന ഗവണ്മെന്റ് നല്‍കിയ പ്രത്യേക സഹായത്തിന്റെയും ഫലമായാണ്. ഭക്ഷ്യോല്പാദന വര്‍ദ്ധനവിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഴിമതി വിമുക്തമായി നടപ്പാക്കുന്നിനും ദാരിദ്യ്രമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രത്യേകം വരുമാന വര്‍ദ്ധനവിന് സഹായകമായും നടപ്പാക്കുന്നതില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശക്തമായൊരു ജനകീയാടിത്തറയുളള പഞ്ചായത്ത് രാജ് സംവിധാനം കേരളത്തില്‍ ഉണ്ടായതുകൊണ്ട് മാത്രമാണ്. ദരിദ്യരായ സ്ത്രീകളുടെ സാമൂഹ്യശാക്തീകരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നിനും കഴിയും വിധം കുടുബശ്രീ സംവിധാനത്തിന് ഉയരാന്‍ കഴിഞ്ഞതും അധികാര വികേന്ദ്രീകരണത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്. ഇതെല്ലാംതന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ജനങ്ങള്‍ക്കുളള രക്ഷാകവചമായി പല വിധത്തില്‍ മാറി എന്നത് ഏറെ ശ്രദ്ധേയമാണ്.
മൂന്നാം ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായ കേരളത്തിലെ അധികാര വികേന്ദ്രീകരണം സ്ഥായിയാക്കി മാറ്റുന്നതിും നാടിന്റെ ഭരണ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനും തുടര്‍ന്നങ്ങോട്ട് കൂടുതല്‍ കതുതലോടുകൂടിയ പരിശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണ്.  ഇതില്‍ ഏറ്റവും പ്രധാനം അധികാര വികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അതിജീവിക്കുക എന്നതാണ്.  പുതുതായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ മുന്നിലുള്ള കടമയും  ഇതു തന്നെയായിരിക്കണം.  അധികാര വികേന്ദ്രീകരണം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം നല്കി പ്രവര്‍ത്തനക്ഷമമാക്കിയ ജനകീയ സംഘടനാ സംവിധാനങ്ങള്‍ വേണ്ടത്ര സജീവമായും കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവര്‍ത്തിക്കുന്നില്ല.  പ്രാദേശിക വികസനത്തില്‍ ഇത്തരം സംഘടനാ സംവിധാനങ്ങളിലൂടെ സാധ്യമായ അളവില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ കാര്യമായ പരിശ്രമം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്നില്ല.

ഓരോ പ്രദേശത്തിന്റേയും വികസനത്തിനായി ദീര്‍ഘകാല കാഴ്ചപ്പാടോടുകൂടിയ പരിപാടിയും ആസൂത്രണവും നടത്താന്‍ കഴിയുന്നില്ല.  വാര്‍ഷിക പദ്ധതിയില്‍ ലഭിക്കുന്ന വിഹിതം വിനിയോഗിക്കുന്നതിനായുള്ള പ്രൊജക്ടുകള്‍ തയ്യാറാക്കി നടപ്പാക്കുന്നതിലേക്കും അനായാസം ഫണ്ട് ചെലവഴിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലേക്കും പ്രാദേശികാസൂത്രണം പരിമിതപ്പെടുന്നു.

ഓരോ വികസനമേഖലയിലേയും ബന്ധപ്പെട്ട എല്ലാ ജനവിഭാഗങ്ങളുമായും കൂടിയാലോചിച്ചുകൊണ്ട് വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വികസന മുന്‍ഗണനകളും പരിപാടികളും തയ്യാറാക്കുന്നതിനു പകരം ഭരണസമിതിയിലെ സ്വാധീനമുള്ള ഏതാനും പേരുടെ മുന്‍ഗണനയിലേക്ക് വികസന പദ്ധതികള്‍ മാറുന്നു.  പ്രാദേശികാസൂത്രണത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും താല്പര്യവും ഇതിന്റെ ഫലമായി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.

പ്രാദേശിക വികസനത്തിനായി വിനിയോഗിക്കുന്ന വിഭവശേഷിയുടെ സിംഹഭാഗവും പൊതുമരാമത്ത് പ്രവൃത്തിയിലേക്ക്  വകയിരുത്തുന്നതിന്റെ ഫലമായി മാനവവികസനത്തിനും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും അര്‍ഹമായ പരിഗണന ലഭിക്കാതെ വരുന്നു.  സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു സേവന സംവിധാനങ്ങളുടെ ഗുണമേ• ഉയര്‍ത്തുന്നതിനായി പര്യാപ്തമായ വകയിരുത്തല്‍ ഇതുമൂലം ഉണ്ടാകുന്നില്ല.

പഞ്ചവത്സര പദ്ധതിയെന്ന സങ്കല്പനം ഇന്നും സാധ്യമാകാതെ നില്ക്കുകയും വാര്‍ഷിക പദ്ധതി തന്നെ യഥാസമയം തയ്യാറാക്കി വാര്‍ഷിക ബഡ്ജറ്റിനോടൊപ്പം സംയോജിപ്പിക്കാന്‍ കഴിയാത്തതിന്റെ ഫലമായി പ്രാദേശികപദ്ധതി നിര്‍വ്വഹണവും അനാവശ്യമായ കാലതാമസത്തിനിടയാക്കുന്നു.  ഇത് ആസൂത്രണത്തിന്റെ ഫലക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും പദ്ധതിലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ വരുന്നതിനും ഇടയാക്കുന്നു.

ജില്ലയുടെയാകെ പൊതുവായ വളര്‍ത്തയ്ക്കും സ്ഥൂലതല വികസന നേട്ടങ്ങള്‍ കൈവരിക്കുന്നതിനും സഹായകമായ സംയോജിത ജില്ലാപദ്ധതി തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക വികസനത്തിന് സഹായകമായ വിധത്തിലുള്ള സൂക്ഷ്മതല ആസൂത്രണം നടത്താന്‍ കഴിയുന്നില്ല.  ജില്ലാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക പദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ നേതൃത്വം നല്കുന്നതിലേക്ക് ഉയരാന്‍ ജില്ലാ ആസൂത്രണ സമിതികള്‍ക്ക് കഴിയുന്നില്ല.

പ്രാദേശിക പദ്ധതിയില്‍ ഇയര്‍ത്തിപ്പിടിക്കേണ്ടതും പൊതുവായി കൈവരിക്കേണ്ടതുമായ തദ്ദേശഭരണ സ്ഥാപനതല ലക്ഷ്യങ്ങള്‍ കണക്കിലെടുക്കാതെ വാര്‍ഡുതലത്തിലേക്ക് മാത്രം പ്രൊജക്ടുകള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഫലമായി പ്രൊജകുടകളുടെ എണ്ണം ക്രമാതീതമാ#ായി വര്‍ദ്ധിക്കുകയും വിഭവവിനിയോഗം ചെറിയ ചെറിയ പ്രൊജക്ടുകളിലേക്ക് വകയിരുത്തുന്നതിനും ഇടയാക്കുന്നു.  ഇത് പ്രാദേശികാസൂത്രണ ഫലക്ഷമത കുറയുന്നതിനിടയാക്കുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഏറിയ പങ്ക് ശ്രദ്ധയും പ്രാദേശികാസൂത്രണത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി ഭരണ നിര്‍വ്വഹണത്തിലും പൊതുസേവന ഗുണമേ• ഉയര്‍ത്തുന്നതിനു വേണ്ടത്ര പരിശ്രമം ഉണ്ടാകുന്നില്ല.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്ത ഘടകസ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും സേവനം പ്രാദേശിക വികസനത്തിലും ഭരണനിര്‍വ്വഹണത്തിലും ഉറപ്പാക്കാന്‍ കഴിയുന്നില്ല.  ഇതിന്റെ ഫലമായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയിലേക്കും ഏകോപനത്തിലേക്കും നയിക്കാന്‍ കഴിയുന്നില്ല.  വകുപ്പ്തല പരിപാടികളുടെ ഭാഗമായി സംയോജിപ്പിക്കാന്‍ കഴിയാത്തത്ര സാഹചര്യവും ഇതിന്റെ ഫലമായി നിലനില്ക്കുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ അനിവാര്യമായി ചെയ്യേണ്ട പൌരസേവനങ്ങള്‍ വേണ്ടത്ര കാര്യക്ഷമതയോടെ വിര്‍വ്വഹിക്കുന്നതിന് കഴിയുന്നില്ല.  ഇത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിനിടയാക്കുന്നു.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ സവിശേഷമായ സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി വികസനനേട്ടങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടത്ര കഴിയുന്നില്ല. ഇ വിഭാകം ജനങ്ങളുടെ മാനവവികസനത്തിനും ജീവിത ഗുണമേ• ഉയര്‍ത്തുന്നതിനും പ്രാദേശികപദ്ധതിയുടെ ഭാഗമായി ദീര്‍ഘകാല നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രാദേശിക വികസനവുമായും ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യമപ്പെടുത്തുന്നതിനും ഇയര്‍ന്ന സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതിനും വിലിയൊരു പങ്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല.

സ്ത്രീകളുടെ പൊതുവായ സാമൂഹ്യ പന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും വികസന പദ്ധതികളുടെയാകെ നേട്ടം സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിനും പ്രത്യേക പരിശ്രമങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല.  സ്ത്രീകളുടെ വികസനത്തില്‍ പാലിക്കപ്പെടേണ്ട തന്ത്രപരമായ ആവശ്യങ്ങള്‍ വേണ്ടത്ര പരിഗണന നില്കുന്നതിനും അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുന്നതിനും വലിയൊരു പങ്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല.

ഒന്നരപതിറ്റാണ്ടിന്റെ അനുഭവങ്ങളുമായാണ് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നാലാം തലമുറയില്‍പ്പെട്ട ജനപ്രതിനിധികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഈവര്‍ഷം ഒക്ടോബര്‍ മാസം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പുതിയൊരു നിര ജനപ്രതിനിധികള്‍ അധികാരമേല്‍ക്കും. അതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്നത് ഏറെ സവിശേഷത അര്‍ഹിക്കുന്നു. രാഷ്ട്രീയ അധികാര സ്ഥാനങ്ങളില്‍ നിന്നും സാമൂഹ്യജീവിത മണ്ഡലത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും വികസന നേട്ടങ്ങള്‍ അര്‍ഹമായ അളവില്‍ ലഭിക്കാതിരിക്കുകയും ചെയ്ത വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വികസന ഭരണത്തിന്റെ നേതൃത്വത്തിലേക്ക് കടന്നു വരുന്നതിനുളള വലിയൊരവസരം അധികാര വികേന്ദ്രീകരണം സൃഷ്ടിക്കുന്നു. കേരളം ഒരിക്കല്‍ കൂടി സ്ത്രീശാക്തീകരണത്തിനും സ്ത്രീനിതിയിലധിഷ്ഠിതമായ വികസന ഭരണത്തിനും ഇതിലൂടെ മാതൃകയാവുകയാണ്. കാര്യപ്രാപ്തിയും ഭരണനൈപുണ്യവുമുളള പുതിയൊരു നിര വനിതാ ജനപ്രതിനിധികള്‍ക്ക് രാഷ്ട്രീയ  നേതൃത്വത്തിലേക്ക് ഉയരുന്നതിനുളള അവസരം കൂടിയാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ പുതിയ പാഠങ്ങള്‍ സംഭാവന ചെയ്യാന്‍ പ്രാദേശിക ഭരണ നേതൃത്വത്തിലൂടെ  സ്ത്രകള്‍ക്ക് കഴിയുമെന്നുറപ്പാണ്. അധികാര വികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നതിലൂടെയും കാര്യക്ഷമമായും ജനക്ഷേമകരമായും പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും മാത്രമേ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുകയുളളൂ.

പ്രാദേശിക ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ജനാധിപത്യപരമായി പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുളള മുഖ്യമായ ഉപാധി. ജനങ്ങളെ വികസന ഭരണത്തില്‍ സാധ്യമായ എല്ലാ മേഖലകളിലും പങ്കാളികളാക്കുകയും ചടുലമായ ഇടപെടലിനുളള ശേഷിയിലേക്ക് ജനങ്ങളെ ഉയര്‍ത്തുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണ നല്‍കുന്ന സിവില്‍ സമൂഹത്തെ സൃഷ്ടിക്കുക എന്നതും ഏറെ സുപ്രധാനമാണ്. ജനങ്ങളിലുളള വിശ്വാസ്യത പ്രാദേശിക ഭരണാധികാരികളും പ്രാദേശിക ഭരണാധികാരികളിലുള്ള  വിശ്വാസ്യത ജനങ്ങളിലും ഉണ്ടാകുമ്പോഴാണ് ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത്. ജനങ്ങളും പ്രാദേശിക ഭരണ സംവിധാനവും തമ്മിലുളള സര്‍ഗ്ഗാത്മകമായ ഇത്തരമൊരു ബന്ധമാണ് അധികാര വികേന്ദ്രീകരണത്തിന്റെ വിജയവും. പുതിയ ജനപ്രതിനിധികള്‍ ഏറെ ശ്രദ്ധിക്കേണ്ടതും പ്രാദേശിക ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുമായിരിക്കണം.

****

0 Responses to “അധികാര വികേന്ദ്രീകരണം : കേരളത്തിന്റെ പാഠങ്ങളും പുതിയ വെല്ലുവിളികളും”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: