വിശ്വസ്തതയോടെ, ചെന്നായ


k

a

t

h

a

വി. എം. ദേവദാസ്

ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല. ഈ നശിച്ച ആട്ടിരുന്‍ തോലുകളാണ് ഞങ്ങളെ കുഴപ്പത്തിലാക്കുന്നത്. ആട്ടിന്‍ തോലുകളില്ലാത്ത ഒരു ലോകത്തെപ്പറ്റിച്ചിന്തിച്ചു നോക്കൂ, അവിടെ ഞങ്ങള്‍ ചെന്നായ്ക്കള്‍ എത്ര പാവങ്ങളായിരിക്കും. പെണ്ണാടുകളെ നിരന്തരം പെറീപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍,  കുഞ്ഞാടിനെ മാറ്റിനിര്‍ത്തി അകിടില്‍ പിടിച്ചു വലിക്കുന്ന കറവക്കാരന്‍ , ദൈവനാമത്തിലോ അല്ലാതെയോ കഴുത്തറക്കുന്ന കശാപ്പുകാരന്‍,  വേവിച്ച മാംസക്കഷ്ണങ്ങള്‍ ഇളക്കിമറിയ്ക്കുന്ന കുശിനിക്കാരന്‍, നെയ്മണമുള്ള ആട്ടിന്‍ മാംസം ചവച്ചരച്ചുക്കുന്ന  തീറ്റക്കാര്‍, ചെവിടില്‍ കടുകുമണി വാരിയിട്ട് ആട്ടിന്‍ തലകുലുക്കം കണ്ടു രസിക്കുന്ന കുട്ടികള്‍, ആര്‍ത്തി കൂടിയതിനാല്‍ മുറിച്ചെടുക്കാതെ ചിലപ്പോള്‍ രോമം പറിച്ചെടുക്കുന്ന കച്ചവടക്കാര്‍ എന്നിവർക്കൊന്നുമില്ലാത്ത ക്രൂരത.. എന്തിനേറെ മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരനക്കിക്കുടിയ്‌‌ക്കുന്ന ഈസോപ്പുകഥയിലെ കുറുക്കന്റെ പോലും ക്രൂരതയെ പൂഴ്ത്തിവെച്ചുകൊണ്ടാണ് വെറുമൊരു ആട്ടിന്‍ തോലണിഞ്ഞതിന് ഞങ്ങളീ പഴി മുഴുവന്‍ കേള്‍ക്കുന്നത്.  പേരിൽ ഒരു “ചെ” കൂടിപ്പോയതു കൊണ്ടുമാത്രം കാട്ടിലെ മറ്റു നാല്‍ക്കാലികളെപ്പോലെ തന്നെ ജീവിക്കുന്ന ഞങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്ത ഇരുള്‍ പോരാളികളായി മാറ്റുന്നതും, ഞങ്ങൾ ആട്ടിന്‍ തോലണിയുമെന്ന് കളവുപറയുന്നതും രാഷ്ട്രീയപരമയാ അടവുനയമാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറയില്ല, പറയില്ല എന്ന് ഒരു നൂറു തവണ കുരച്ചാണയിട്ടതാണെങ്കിലും – നിങ്ങൾ വല്ലാതെ രാഷ്ട്രീയം കളിക്കുന്ന ഈ സാഹചര്യത്തിൽ  – അല്‍പ്പം രാ‍ഷ്ട്രീയപരമായല്ലാ‍തെ സംസാരിക്കാൻ വയ്യ. എത്ര അരാഷ്ട്രീയവാദിയായാലും രാഷ്ട്രീയം എന്റെയൊക്കെ ജീവിതത്തിൽ കയറി അങ്ങ് ‘ഇടപെട്ടുകളയും’ എന്ന പേടി കൊണ്ടും അല്ല; മറിച്ച് തീര്‍ത്തും രാഷ്ട്രീയ ജീവികളായ ആടുകളെ നിങ്ങള്‍ അരാഷ്ട്രീയമായി ഒരു മാതിരി ‘ആടെന്ത് അങ്ങാടിയറിഞ്ഞു’ മട്ടില്‍ ചിത്രീകരിക്കുന്നതു കൊണ്ടാണ്. ആടുകള്‍ അങ്ങാടിയറിയുന്നുണ്ട്. കുടമണി കെട്ടിയ നേര്‍ച്ചക്കൊറ്റന്മാര്‍ ആരെയും കൂസാതെ  വഴിയോരക്കടകളില്‍ ചെന്ന് ഓഹരി കൈപ്പറ്റുന്നുണ്ട്, വിശന്നു വിപ്ലവകാരികളായ ചിലര്‍ ചുമരില്‍ പതിഞ്ഞ പോസ്റ്ററുകള്‍ പതിച്ച മൈദമാവു സഹിതം ചവച്ചരയ്ക്കുന്നുണ്ട്, ചൂണ്ടു പലകകളില്ലാതെത്തന്നെ മട്ടന്‍ ബിരിയാണിയുടെ മണം ഹോട്ടലിലേക്കുള്ള നാടപ്പാതയില്‍ തിരക്കുകൂട്ടുന്നുണ്ട്, വഴിവക്കിലെ ആട്ടിന്‍ കാട്ടം ചവിട്ടാതെ വൃത്തിയാല്‍ തെന്നി നടക്കുന്നവര്‍ ആയുര്‍വേദ മരുന്നുകടയില്‍ ചെന്ന് അജമാംസ രസായനത്തിന് വിലകൊടുക്കുന്നുണ്ട്. അതിനാല്‍ മണിമണികളായി ചിതറിക്കിടക്കുന്ന ആട്ടിന്‍ കാട്ടവും, രൂക്ഷഗന്ധമുള്ള മൂത്രഗന്ധത്തിന്റെ നനവുപടര്‍പ്പും കണ്ട ശേഷവും  ആടുകിടക്കുന്നിടത്ത് പൂടപോലുമില്ലെന്ന ന്യായം പറയരുത് …  ഇനി ഞങ്ങളത്ര നന്മയുള്ളവര്‍ അല്ലെന്നു തന്നെ ഇരിക്കട്ടെ, പക്ഷെ നിങ്ങൾ ഞങ്ങളെ പ്രലോഭിപ്പിക്കുന്നതെന്തിന്? എന്ത്? ഇല്ലെന്നോ, നിങ്ങൾ ഞങ്ങളെ പ്രലോഭിപ്പിച്ചില്ലെന്നോ? ചുമ്മാ അങ്ങു പറഞ്ഞൊഴിയാതെ. ശബ്ദവും, ദൃശ്യവും ഒക്കെ രേഖപ്പെടുത്തി വെയ്ക്കുന്ന ഈ കാലത്ത് രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കുമെല്ലാം സ്വന്തം വായീന്നു വീണ വാക്കുകളെ തള്ളിപ്പറയാൻ കഴിയാതെയായിട്ടുണ്ട്. അതുകൊണ്ട് നിഷേധിക്കുന്നതിന് മുന്നെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ആദ്യമായി  തോമസ് ആല്‍വാ എഡിസന്‍ റെക്കോര്‍ഡു ചെയ്ത നഴ്സറിപ്പാട്ടെങ്കിലും ഓര്‍മ്മകാണുമല്ലോ?മേരിക്കുണ്ടൊരു  കുഞ്ഞാട്മേനി കൊഴുത്തൊരു കുഞ്ഞാട്..(വാസ്തവം പറഞ്ഞാല്‍ നാവില്‍ കൊതിയൂറുന്നുണ്ട്; അത് ജൈവീകവാസനയാണ് നാട്ടുനായ്ക്കളേ…) നിങ്ങള്‍ക്കു ചുമ്മാ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാണ് അതിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ച് വര്‍ണ്ണിക്കുന്നത്? നിങ്ങള്‍ മൃഗഭോഗികള്‍ ഒന്നുമല്ലല്ലൊ. പിന്നെന്തിനാണ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ അശ്ലീലതയോടെ ആടിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ചു പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിക്കുന്നത്? എന്നിട്ടും നിര്‍ത്തുന്നുണ്ടോ എന്നു നോക്കിക്കേ. പാല്‍നുര പോലെ വെളുത്താട്പഞ്ഞി കണക്കുമിനുത്താട്പക്കാ പ്രൊഫഷണലുകളായ വെളുത്ത വിദേശികളെ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹാര്‍ഡ്കോര്‍ പോ(ര്‍)ണ്‍ മൂവിയുടെ സകലമാന അശ്ലീലതയും ആ വരികളിലില്ലേ? മേരിയും, അവളുടെ ഒരു നശിച്ച കുഞ്ഞാടും. അതെങ്ങനാ… എല്ലാത്തിനും ചേര്‍ത്ത് ആ മേരിയെ പറഞ്ഞാല്‍ മതിയല്ലോ. അവള്‍ക്കുള്ളത് ആടായാലും, ‘ഇടയനാ’യാലും കുഴപ്പക്കാരായിരിക്കും. അത് മൂന്നരത്തരം… എല്ലാത്തിനുമുള്ളത് ഞാന്‍ വെച്ചിട്ടൊണ്ട്. തല്‍ക്കാലം  നിര്‍ത്തുന്നു…

വിശ്വസ്തതയോടെ,  ചെന്നായ

1 Response to “വിശ്വസ്തതയോടെ, ചെന്നായ”ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: