ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍

ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍

വി കെ ആദര്‍ശ്

ത്രിതല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. ഈ അവസരത്തില്‍ തിരഞ്ഞെടുപ്പിന്റെ ഭാവിവിജ്ഞാനീയത്തിലേക്ക്(ഫ്യൂച്ചറോളജി) ഒന്ന് എത്തിനോക്കാം. ഭാവി വിജ്ഞാനീയം എന്നാല്‍ നിലവിലുള്ള സാഹചര്യവും സാങ്കേതികവിദ്യയും വിലയിരുത്തി വരുംകാലത്ത് സംഭവിക്കാനിടയുള്ള സാധ്യതകളിലേക്കുള്ള ശാസ്ത്രീയമായ എത്തിനോട്ടമാണ്. ഇലക്ഷന്റെ കാതലായ ഭാഗമായ വോട്ട് രേഖപ്പെടുത്തലും അതിന്റെ എണ്ണിത്തിട്ടപ്പെടുത്തലും എങ്ങനെയാകും വരുംകാലത്ത് മാറ്റപ്പെടുന്നുണ്ടാവുക. നിലവിലുള്ള ഇലക്‍ട്രോണിക് വോട്ടിംഗ് മെഷീന്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കേവല അര്‍ത്ഥത്തില്‍ മാത്രമാണ് ഇലക്‍ട്രോണിക് എന്ന് പറയാനാവുക. അതായത് വോട്ട് രേഖപ്പെടുത്തുന്നതില്‍ കടലാസിനെ ഒഴിവാക്കി എന്ന മാറ്റം. ഇത് തന്നെ സാങ്കേതികമായും പ്രവര്‍ത്തനപരമായും ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു. പല വികസിത രാജ്യങ്ങളിലും ഇപ്പോഴും പൊതുതിരഞ്ഞെടുപ്പുകള്‍ കടലാസ് ബാലറ്റിലാണന്ന് കൂടി ഓര്‍ക്കുക. കടലാസ് ബാലറ്റില്‍ വിധി നിര്‍ണയിച്ചിരുന്ന കാലത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ എണ്ണലും- തര്‍ക്കത്തെ തുടര്‍ന്നുള്ള വീണ്ടും എണ്ണല്‍ ഒക്കെയായി രണ്ടു ദിവസം വരെ എടുത്തിരുന്നു. മാത്രമോ ചില അവസരത്തിലെങ്കിലും ബാലറ്റ് കടലാസ് കടത്തിക്കൊണ്ട് പോകുക, ഒളിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങളും ‘വിജയ’കരമായി നടത്തി ചിലരെ വിജയിപ്പിക്കാതെ കൊണ്ട് പോകാനും നമുക്കായിരുന്നു. എന്നാല്‍ ഇവി‌എം എന്ന ഇലക്‍ട്രോണിക് വോട്ടിംഗ് മെഷീന്റെ കടന്നു വരവോടെ ഈ വോട്ടെണ്ണല്‍ നീളം കേവലം മണിക്കൂറുകളായി മാത്രം ചുരുങ്ങി, റീ കൌണ്ടിംഗ് ഒക്കെ മിനിട്ടുകള്‍ മ്‍ാത്രം നീളുന്ന പരിപാടിയായി. ഇതൊക്കെ നമുക്ക് ഇപ്പോള്‍ പരിചിതമായ നേട്ടങ്ങള്‍ മാത്രം.

ഇതുകൊണ്ടുള്ള മറ്റോരു പ്രധാനനേട്ടം പരിസ്ഥിതിക്ക്‌ തന്നെയാണ്‌, ടണ്‍ കണക്കിന്‌ കടലാസാണ്‌ ലാഭിക്കാന്‍ സാധിക്കുന്നത്‌. വോട്ടെണ്ണലിന്‌ വേണ്ടിവരുന്ന പണച്ചിലവും മനുഷ്യാധ്വാനവും വളരെക്കണ്ട്‌ കുറയുവാന്‍ സാധിക്കുന്നു, എത്രയും പെട്ടെന്ന് തന്നെ വിധിതീരുമാനം ജനങ്ങളിലെത്തിച്ച് ജനാധിപത്യപ്രക്രീയ കൃത്യമായി പൂര്‍ണമാക്കാന്‍ സാധിക്കുന്നു.

എന്നാല്‍ ഇ.വി.എം ന്‌ ചില പോരായ്‌മകളുണ്ട്‌ ഒന്ന് ഇത് സാങ്കേതികമായി തിരുത്തല്‍ നടത്തി ക്രമക്കേട് നടത്താന്‍ സാധിക്കുമെന്ന് 2009 ലെ തിരഞ്ഞെടുപ്പ് വിധി വന്നതിന് പിന്നാലെ രാജ്യത്തെ ചില പ്രധാന കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു, എതായാലും അത് അങ്ങനെ ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇവി‌എം ന്റെ രൂപകല്‍‌പനയിലെ പാകപ്പിഴ മാത്രമായിരിക്കും,ഇത് കുറ്റമറ്റ സാങ്കേതിക വിലയിരുത്തലുകള്‍ക്കും മാറ്റത്തിനും വിധേയമാക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഈ ആരോപണങ്ങള്‍ വിരല്‍ചൂണ്ടുന്നത് എന്നാല്‍ അതിനൊപ്പം തന്നെ അടുത്ത ഘട്ടത്തിലേക്കുള്ള മെഷീന്റെ വളര്‍ച്ചാ പടവുകളിലേക്കും കയറാം. എന്തോക്കെയാണ് വരുത്തേണ്ട മാറ്റങ്ങള്‍ . 2004 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്റെ പിറ്റേദവസം മുംബൈയില്‍ നിന്ന്‌ പുറത്തിറങ്ങിയ വളരെ പ്രചാരമുളള ഒരു ഇംഗ്ലീഷ്‌ ദിനപത്രം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്‌ ഹാനീകരമായ വിവരങ്ങളാണ്‌ പുറത്ത്‌ വിട്ടത്‌. മഹാരാഷ്‌ട്രയിലെ മുംബൈ നോര്‍ത്ത്‌ മണ്‌ഡലത്തില്‍ കാനിവാലി പ്രദേശത്ത്‌ ഗോവിന്ദയ്‌ക്ക്‌ കൂടുതല്‍ പേര്‍ വോട്ടുനല്‌കിയെന്നും എന്നാല്‍ ബോഗീവാലിയില്‍ എതിരാളി രാംനായ്‌ക്ക്‌നെ കൂടുതല്‍പ്പേര്‍ തുണച്ചുവെന്നും പത്രം വെളിപ്പെടുത്തിയത്‌ പ്രദേശം തിരിച്ചുളള കൃത്യമായ കണക്കിന്റെ പിന്‍ബലത്തോടെയായിരുന്നു. പേപ്പര്‍ ബാലറ്റാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ വിവിധ ബൂത്തുകളുടെ ബാലറ്റുകള്‍ കൂട്ടികലര്‍ത്തി പ്രാദേശികമായ കണക്കെടുപ്പുകളെ ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇ.വി.എം. ഇത്തരത്തില്‍ വോട്ട്‌ കൂട്ടി കലര്‍ത്താന്‍ അനുവദിക്കുന്നില്ല. എന്താണ്‌ ഇതിന്‌ പരിഹാരം? അതോടൊപ്പം കൂടുതല്‍ മേന്മയോടെ എന്തെല്ലാം പരിഷ്‌ക്കാരം വരുത്തുവാന്‍ വിവരസാങ്കേതിക വിദ്യക്കാകും എന്ന്‌ പരിശോധിക്കുകയാണിവിടെ മുംബൈ നോര്‍ത്തില്‍ ത്‌ തലത്തില്‍ വരെയുളള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നത്‌ ഓരോ ഇ.വി.എം. ലെയും വോട്ട്‌ പ്രത്യേകമായി ശേഖരിച്ച്‌ കൂട്ടിയെടുക്കുന്നത്‌ മൂലമാണ്‌. ഒരു സെന്‍ട്രല്‍ സെര്‍വറുമായി വോട്ടെണ്ണുന്ന വേളയില്‍ ഇ.വി.എം നെ ബന്ധിപ്പിച്ചാല്‍ ഇപ്പോഴുള്ള പ്രശ്‌നം പൂര്‍ണമായും ഒഴിവാകും. മാത്രമല്ല ഇപ്പോള്‍ 3-4 മണിക്കൂര്‍ വരെയെടുക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയ ഏതാണ്ട്‌ ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യും. ബൂത്ത്‌ തിരിച്ചുളള ഫലം ലഭ്യമാകില്ല. പേപ്പര്‍ ടാബുലേഷന്‍ കുറയുമെന്നതിനൊപ്പം അപ്പോള്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ്‌ വഴി ഫലം നല്‍കി മാധ്യമപ്രവര്‍ത്തകരുടെ അലച്ചിലും ഒഴിവാക്കാന്‍ സാധിക്കും. മേല്‍ വിവരിച്ചത്‌ നിലവിലുളള ഇ.വി.എം ന്റെ പോരായ്‌മ പരിഹരിക്കാനുതകുമെങ്കില്‍ അടുത്ത സാധ്യത ഒരു സമ്പൂര്‍ണമായ മാറ്റം തന്നെ സൃഷ്‌ടിക്കും. ഈ സംവിധാനത്തെ ഓണ്‍ലൈന്‍ വോട്ടിംഗ്‌ എന്നു വിളിക്കാം. ജനാധിപത്യപ്രക്രിയയില്‍ പോളിംഗ്‌ ശതമാനം കുറയുന്ന പ്രവണതയാണ്‌ ലോകമൊട്ടാകെയുളള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇതിന്‌ പല കാരണങ്ങളുണ്ടാകാം. ആഗോളവല്‍കൃതമായി കഴിഞ്ഞ കേരളം പോലെയുളള സമൂഹത്തില്‍ നിന്നും എത്ര ലക്ഷം പേര്‍ ഗള്‍ഫ്‌ നാടുകളില്‍ പണിയെടുക്കുന്നുണ്ട്‌. അതിലും എത്രയോ കൂടുതല്‍ ആളുകള്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്‌ എന്തിനേറേ ഇന്‍ഫോസ് ,ടി സി എസ്, വിപ്രോ, മഹീന്ദ്രാ സത്യം തുടങ്ങിയ മുന്‍നിര ഐ ടി സ്ഥാപനങ്ങളില്‍ മാത്രം പത്ത് ലക്ഷത്തിലേറേ പേര്‍ പണിയെടുക്കുന്നുണ്ട്, ഇവരില്‍ എത്ര പേര്‍ കഴിഞ്ഞ തവണ സമ്മതിദാനാവകാശം രേഖപ്പെടുത്തി? . ജനാധിപത്യം എല്ലാജനങ്ങളുടെയും ക്രിയാത്മകമായ പ്രവര്‍ത്തനമായതിനാല്‍ ഇവര്‍ വോട്ട്‌ ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പേപ്പര്‍ ബാലറ്റിന്‌ പരിമിതികളുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ക്ക്‌ ഇതുവരെയും സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതും. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിന്റെ പ്രയോജനം നോക്കുക. പരസ്‌പരം ബന്ധിപ്പിച്ച വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ വിപ്ലവം തന്നെ സൃഷ്‌ടിക്കാനാകും. ഇതിനായി വോട്ടേഴ്‌സ്‌ ഐ.ഡി. കാര്‍ഡിലെ നമ്പരോ, പ്രത്യേകമായി നല്‍കപ്പെട്ട മറ്റ് മൌലികമായ അക്കമോ ഉപയോഗപ്പെടുത്താവുന്നതാണ്‌. എല്ലാവര്‍ക്കും ഇത്തരത്തിലെ കാര്‍ഡ്‌ നല്‍കി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ ആദ്യകടമ്പ കഴിഞ്ഞുവെന്ന്‌ പറയാം. എ.ടി.എം. കൗണ്ടര്‍ പോലെ പരസ്‌പരം ബന്ധിപ്പിച്ച സംവിധാനമായതിനാല്‍ പുതിയ സാധ്യതകള്‍ അനവധിയാണ്‌. ഏത്‌ വോട്ടര്‍മാര്‍ക്കും ഏത്‌ ബൂത്ത്‌ വഴിയും പോളിംഗ്‌ സമയത്തിനുളളില്‍ വോട്ട്‌ രേഖപ്പെടുത്താം.പോളിംഗ് എജ്ന്റുമാര്‍ തിരിച്ചറിയുന്നതെങ്ങനെ എന്ന ചോദ്യം ഉണ്ടാകാം, അതായത് നമ്മള്‍ നമുക്ക് നിര്‍ദ്ദേശിക്കപ്പെട്ട ബൂത്തില്‍ അല്ല വോട്ട് രേഖപ്പെടുത്തുന്നതെങ്കില്‍ ഉടന്‍ തന്നെ നമ്മുടെ ചിത്രമോ വീഡിയോയോ പ്രാഥമികമായി വോട്ട് ചേര്‍ത്തിരിക്കുന്ന ബൂത്തിലെ സ്ക്രീനില്‍ എത്തും ഉടന്‍ തന്നെ അവിടെയുള്ള പോളിംഗ് എജന്റുമാരുടെ അനുമതിയോടേ പോളിംഗ് ഓഫീസര്‍ അന്തിമാനുമതി നല്‍കും, ഇതിന്‍ പ്രകാരം ആര്‍ക്കും മറ്റൊരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്താം. രണ്ട്‌ ഭാഗങ്ങളുളള വോട്ടിംഗ്‌ മെഷീന്റെ മാസ്റ്റര്‍ യൂണിറ്റില്‍ പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ ലഭ്യമാകും. ശരിയാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ബാലറ്റ്‌ യൂണിറ്റിലേക്ക്‌ വോട്ടറെ അയയ്‌ക്കാം. അപ്പോള്‍ ബാലറ്റ്‌ യൂണിറ്റില്‍ വോട്ടറുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പേര്‌, ചിഹ്നം, ഫോട്ടോ എന്നിവ തെളിയും. എന്തിന്‌ വേണമെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ ചെറുവിവരണം വരെ ലഭ്യമാക്കാം. ടച്ച്‌ സ്‌ക്രീന്‍ വഴി അമര്‍ത്തുമ്പോഴേക്കും വോട്ട്‌ ചെയ്‌ത സ്ഥാനാര്‍ത്ഥിയുടെ വിവരം സ്‌ക്രീനില്‍ തെളിയും. ഇത്‌ ശരിയാണെങ്കില്‍ വോട്ടര്‍ക്ക്‌ അന്തിമമായി വോട്ട്‌ രേഖപ്പെടുത്തി തിരിച്ചുപോകാം. തിരുവനന്തപുരത്തുളള വോട്ടര്‍ക്ക്‌ മലപ്പുറത്തോ കാസര്‍കോട്ടോ ഉളള ബൂത്ത്‌ വഴി തന്റെ മണ്ഡലത്തിലെ വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നത്‌ ചില്ലറകാര്യമല്ലല്ലോ? ഒരു വോട്ടര്‍ക്ക്‌ ഒരു പ്രാവശ്യം മാത്രമേ വോട്ട്‌ രേഖപ്പെടുത്താന്‍ അനുവദിക്കുകയുളളൂ. അഥവാ കള്ള വോട്ട് ചെയ്യപ്പെട്ട് കഴിഞ്ഞെങ്കില്‍ പിടികൂടുന്നതെളുപ്പവുമാകും, ഈ വോട്ടറുടെ പേരിലുള്ള വോട്ട് എവിടെ എത് സമയത്ത് രേഖപ്പെടുത്തിയതെന്നും അതോടോപ്പമുള്ള ക്യാമറ ഒപ്പിയെടുത്ത വോട്ടറുടെ ചിത്രം/വീഡിയോ എന്നിവ സൂക്ഷ്മ പരിശോധന നടത്താം, മറിച്ച് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ വ്യാജനാണന്നിരിക്കട്ടെ ആ വോട്ടറെ പിടികൂടുന്നത് അതിനേക്കാള്‍ എളുപ്പമാകും എന്ന് പറയേണ്ടതില്ലല്ലോ!.യന്ത്രത്തില്‍ പിടിപ്പിച്ചിട്ടുളള ക്യാമറ വഴി വോട്ട്‌ ചെയ്യുമ്പോഴുളള ഫോട്ടോ കംപ്യൂട്ടര്‍ സൂക്ഷിക്കുകയും ചെയ്യും. ഭാവിയില്‍ തര്‍ക്കം ഉണ്ടാകുന്ന പക്ഷം സെര്‍വറില്‍ നിന്ന്‌ വോട്ടും, വോട്ടറുടെ ഫോട്ടോയും ഒക്കെ കോടതിക്ക്‌ പരിശോധനക്ക്‌ വിധേയമാക്കാം. ഇനി പുറം രാജ്യങ്ങളിലെ വോട്ടര്‍മാര്‍ക്ക്‌ അതാത്‌ എംബസികളില്‍ സജ്ജീകരിച്ചിട്ടുളള ഇത്തരം ഓണ്‍ലൈന്‍ വോട്ടിംഗ്‌ മെഷീന്‍ പ്രയോജനപ്പെടുത്താം. ഡെല്‍ഹിയിലോ, കൊല്‍ക്കത്തയിലോ ഉളള വോട്ടര്‍ക്കും ഇങ്ങനെ വോട്ട്‌ ചെയ്യാം. കേരളത്തിലെ കെട്ടിട നിര്‍മ്മാണരംഗത്തും മറ്റ് അനവധി തൊഴില്‍ മേഖലകളിലും അവിദഗ്ദ തൊഴിലാളികളായി എത്രയോ ആയിരം വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നു, ഇവര്‍ക്കും ഓറീസയിലേയോ,ബീഹാറിലെയോ വോട്ട് ഇവിടെ പ്രത്യേകമായി സജ്ജീകരിച്ച ഇ-പോളിംഗ് ബൂത്തില്‍ രേഖപ്പെടുത്താം. പുനരൂപകല്പന ചെയ്യുന്ന സംവിധാനം വഴി ‌ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താമെങ്കില്‍ അവരത്‌ പ്രയോജനപ്പെടുത്തുകയും ജോലി തടസ്സമില്ലാതെ നടക്കുകയും ചെയ്യും. ഇത്‌ മാത്രമല്ല ഓണ്‍ ലൈന്‍ വോട്ടിന്റെ നേട്ടം. കേന്ദ്രീകൃതസര്‍വറുമായി ഘടിപ്പിച്ചിട്ടുളളതിനാല്‍ പോളിംഗ്‌ തീരുന്ന അഞ്ച്‌ മണി കഴിഞ്ഞ്‌ അരമണിക്കൂറിനുള്ളില്‍ തന്നെ രാജ്യത്തെ മുഴുവന്‍ ഫലവും അറിയാനും സാധിക്കും. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ നേട്ടം വ്യക്തിയുടെ സ്വകാര്യത(Privacy) കുറയുകയും സമൂഹത്തിന്റെ സുതാര്യത(Transparancy) കൂടുകയും ചെയ്യുമെന്നതാണ്‌. എന്നായാലും ജനാധിപത്യത്തിന്‌ സുതാര്യത അത്യന്താപേക്ഷിതമാണല്ലോ? ഭാവിയില്‍ ഇന്റര്‍നെറ്റ്‌ വഴി വോട്ട്‌ രേഖപ്പെടുത്താനുളള സൗകര്യവും ഉള്‍പ്പെടുത്താന്‍ സാധിക്കും. കംപ്യൂട്ടര്‍ ഇല്ലാത്തവര്‍ക്ക്‌ ടെലഫോണിലെ ശബ്‌ദാനുവര്‍ത്തി (IVRS) സംവിധാനം വഴി വോട്ട്‌ ചെയ്യുന്നതും ആലോചിക്കാം. മൊബൈല്‍ ബാങ്കിംഗും ഒരു മിനുട്ടില്‍ തന്നെ അനേകകോടി കൊടുക്കല്‍ വാങ്ങലുകളും നടക്കുന്ന ഓഹരിചന്തയും ഇന്ന് മൊബൈല്‍ ഫോണിലൂടെയും മറ്റും ആക്ഷേപങ്ങള്‍ക്ക് ഇടകോടുക്കാതെ കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ടല്ലോ.

നൂറു കൊല്ലം മുമ്പ്‌ ഇന്റര്‍നെറ്റിന്റെ സങ്കല്‌പം ആരെങ്കിലും പറഞ്ഞെങ്കില്‍ അന്നത്തെ ശാസ്‌ത്രഞ്‌ജന്‍മാര്‍ പോലും പുച്ഛിച്ചുതളളുമായിരുന്നു. എന്തിന്‌ 1984 ല്‍ വില്യം ഗിബ്‌സണ്‍ എന്ന ശാസ്‌ത്രകഥാകാരന്‍ സൈബര്‍ സ്‌പെയ്‌സിനെ പറ്റി പറഞ്ഞപ്പോള്‍ വായനക്കാര്‍ക്കും നിരൂപകര്‍ക്കും അചിന്ത്യമായിരുന്നു. ഗിബ്‌സനെ നിര്‍ദയം ആക്ഷേപിക്കുകയും ചെയ്‌തു. സാങ്കേതിക വിദ്യയില്‍ ഇന്നത്തെ സങ്കല്‍പ്പം നാളത്തെ യാഥാര്‍ത്ഥ്യമാകും. 1865ല്‍ ജൂള്‍ വേര്‍ണ്‍ ‘എ വോയേങ്‌ ടു മൂണ്‍ ‘ എന്ന തന്റെ നോവലില്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്‌ ഭാവനയില്‍ കണ്ടപ്പോള്‍ ബാലിശമെന്നായിരുന്നു അന്നത്തെ വിമര്‍ശം. എന്നാല്‍ നൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ (1969‌) മനുഷ്യന്‍ സുരക്ഷിതനായി ചന്ദ്രനിലെത്തി. ഓണ്‍ ലൈന്‍ വോട്ടിംഗ്‌ അത്രക്ക്‌ അല്‍ഭുതം ജനിപ്പിക്കില്ലെങ്കിലും, എങ്ങനെ നടക്കും എന്ന്‌ ആശ്ചര്യപ്പെടാത്തവരുണ്ടാകില്ല. ഫിംഗര്‍ പ്രിന്റ്‌, റെറ്റിന ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ ബയോസാധ്യതകളും ഈ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുവാനായാല്‍ വോട്ടര്‍മാരെ തിരിച്ചറിയാനുളള സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. എ.ടി.എം കൗണ്ടര്‍ പോലുളള പോളിംഗ്‌ സ്റ്റേഷനുകള്‍ സമീപഭാവിയില്‍ തന്നെ നമുക്കിടയിലേക്കെത്തുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്നുപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ കേരളത്തിലെ പറവൂരിലാണ്‌ ആദ്യമായി വിജയകരമായ പരീക്ഷണം നടത്തിയത്‌. ഇന്ത്യയില്‍ ഏറ്റവും കൂടിതല്‍ ഇ-സാക്ഷരതയുമുളള കേരളം ഓണ്‍ ലൈന്‍ വോട്ടിംഗിലും ഒരു മാതൃക സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കുമോ, അങ്ങനെ കരുതാന്‍ ന്യായം ഉണ്ടല്ലോ!

1 Response to “ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍”


  1. 1 madhu ഒക്ടോബര്‍ 17, 2010 -ല്‍ 11:22 am

    പ്രിയ ആദര്‍ശ്

    ഈ ഒരു കാലത്തിനു വേണ്ടി കാത്തിരിക്കുന്നു

    എന്തിനാണ് സ്ഥാനാര്‍ഥിയുടെ എജെന്റ് അനുമതി നല്‍കുന്നത് ?

    റെറ്റിന identification ,കൈരേഖയുടെപരിശോധന എന്നിവയ്ക്ക് പുറമേ വോട്ടേഴ്സ് ഐഡന്റിറ്റി ചാര്‍ട് ഒരു ATM കാര്‍ഡ് പോലെ ഉപയോഗിക്കാന്‍ കഴിയണം.ഇത് ഉപയോഗിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് ,വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ ഏതൊരു രേഖയും പൌരനു ആവശ്യാനുസരണം നെറ്റില്‍ നിന്നും എടുക്കാന്‍ സാധിക്കണം


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: