വീണ്ടുമെത്തുന്ന കവിതയില്‍

e

s

s

a

y

വീണ്ടുമെത്തുന്ന

കവിതയില്‍

ആറ്റൂര്‍ രവിവര്‍മ്മയുടെ പിറവി
എന്ന കവിതയെപ്പറ്റി

കേട്ട ഒച്ചയും കണ്ട കാഴ്ചയും അടയാളമായതുകൊണ്ടു കൂടിയാണ്. ലോകത്തില്‍ ആധുനികത പിറന്നത്. അഥവാ, ഒരേ സമയം ലോകം കേട്ടുകേള്‍വിയും പലരുടേയും കാഴ്ചയുമാകുന്നു. അതിനാല്‍, ദേവകി നിലയങ്ങോട് ആദ്യത്തെ ബസിനെപ്പറ്റി കേട്ടതും പിന്നീട് കണ്ടതും പിന്നീട് അതില്‍ സഞ്ചരിച്ചതും എഴുതുമ്പോള്‍ “അങ്ങനെ ആധുനികത പിറന്നു എന്ന സന്തോഷവും പകരുന്നു.” “ആധുനികത” ശബ്ദത്തോടെ വന്ന് അതിനെ കാണിക്കുന്നു. ശബ്ദങ്ങള്‍ നമ്മെ കാഴ്ച്ചകളിലേക്കും നയിക്കുന്നു. കണ്ടതും കേട്ടതും പിന്നീട് വായിക്കുന്നതുപോലെ, “ആധുനികത” അതിന്റെ സ്വന്തം കഥ ഒരു ചരിത്രസ്മരണയാക്കുന്നു. ചരിത്രം നാം വായിച്ചു മനസ്സിലാക്കിയതെന്തോ അതും.

എന്നാല്‍ “ആധുനികത” ആശയങ്ങളുടേയും കൂടി കാലമാകുന്നു.

പറഞ്ഞതുതന്നെ പറയുന്ന പെരുമഴയും കാണുമ്പോഴും കാണാതിരിക്കുമ്പോഴും ഒരേപോലെ ഇരിക്കുന്ന ഇരുട്ടും ആവര്‍ത്തിച്ചുറപ്പിക്കുന്നത് എന്താകുമെന്നായിരുന്നു ആറ്റൂര്‍ രവിവര്‍മ്മയുടെ “പിറവി” എന്ന കവിതയിലെ ആദ്യത്തെ വരികള്‍. ഒരു കവിതയുടെ നാലു വരികളില്‍ ആ കവിത എങ്ങനെ വായിക്കണമെന്നു പറഞ്ഞുതന്ന സന്ദര്‍ഭം മൌനത്തിന്റേയും പരിശീലനം ലഭിച്ച കാഴ്ചകള്‍ അവിടെയായിരുന്നു.

കണ്ണടച്ചാലും തുറന്നാലും

ഒന്നുപോലായോരിരുട്ടത്ത്

പറഞ്ഞതുതന്നെ പറയുന്നു

പെരുമഴ നിര്‍ത്താതെന്‍ കാതില്‍

ആറ്റൂരിന്റെ കവിതകളിലാണ് “ആധുനികത” ശബ്ദത്തിന്റെ മാത്രമല്ല, മൌനത്തിന്റേയും ചരിത്രം ഓര്‍മ്മിപ്പിച്ചത്. അടയാളങ്ങള്‍ വെച്ച് കടന്നു പോയതിന്റെ ഓര്‍മ്മയായിരുന്നില്ല അത്. സംസ്കാരത്തെ വര്‍ത്തമാനത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെടുത്തുന്ന ഒരു സമസ്യയായി അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് “പിറവി” പോലെ ആറ്റൂരിന്റെ പല കവിതകളും വര്‍ത്തമാനത്തിന്റെ ഏറ്റവും ഉത്ബുദ്ധമായ ഭാഷകൊണ്ട് രചിക്കപ്പെട്ടതും. അതിനാല്‍ ഈ കവിത “പിറവി”, രാഷ്ട്രീയപരമായും വായിക്കാമെന്ന് പല കാവ്യവിമര്‍ശകരും പറഞ്ഞു.

പറഞ്ഞതെന്തും എപ്പോഴും മാറ്റി പറയാനുള്ള അവകാശം “ആധുനികത” സാഹിത്യത്തിനും സമ്മാനിച്ചിരിക്കുന്നു.കാലത്തിന്റെയല്ല മാധ്യമത്തിന്റെ കരുത്തിലാണ് എന്നാണ് “ആധുനികത” സാഹിത്യത്തെ വര്‍ത്തമാനത്തിന്റെ സൌന്ദര്യമാക്കിയത്. അതുകൊണ്ടുതന്നെ “പിറവി” യെ വായിച്ചവര്‍ പലരും ആ കാലത്തെ മലയാള ഭാവനയുടെ രാഷ്ട്രീയ – ഇടങ്ങളിലുമെത്തി. ഒരു പക്ഷെ ഈ വരികള്‍ മതി ആ കാലത്തെ ഓര്‍മ്മിക്കാനും വര്‍ണ്ണിക്കാനും.

കൂക്കി വിളിച്ചു…………..

കൂട്ടകിട്ടാതെ മടങ്ങുന്നു.

വാരിക്കളഞ്ഞോരിരുട്ടെല്ലാം

കുന്നോളം പൊങ്ങുകയായിരുന്നു.

തന്റെ തന്നെ ഒച്ചയെ കൂക്കി വിളിച്ചു, ആ ഒച്ചക്ക് കൂട്ടുകിട്ടാതെ മടങ്ങി, എങ്കില്‍ ബാക്കിയാവുന്ന ഒച്ച മൌനത്തിന്റെ തന്നെ ശബ്ദവലയം സൃഷ്ടിച്ചു. ആറ്റൂരിന്റെ കവിതകള്‍ കാവ്യവിമര്‍ശനത്തിന്റെ ഒരു രീതിയില്‍ അവയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ നല്‍കുന്നില്ല. ഭാവനയെ ആത്മസംവാദത്തിലേക്കു മടക്കി വിളിക്കുന്ന ഈ കവിതകളുടെ രീതി നമ്മുടെ കവിത അധികം പരീക്ഷിച്ചിട്ടില്ല. 1975-ല്‍ എഴുതുന്ന “പിറവി”  അക്കാലത്തെ “സാമൂഹ്യ വ്യവസ്ഥയുടെ പ്രേരണ”  വഹിക്കന്നുഎന്നു പറയാനാകും.

കാട്ടുതീ കത്തുന്ന പോലെയാണ്

കണ്ണടച്ചാലും ഞാന്‍ കാണുന്നു

കടലുകളി•ല്‍ തടയുന്നു.

കൊടുങ്കാറ്റിളകുന്ന പോലൊന്ന്

കാതുകള്‍ രണ്ടിലും മൂളുന്നു.

തൊട്ടു മുമ്പേ എഴുതിയ “സംക്രമണം” (1974), പിന്നെ “പിറവി”  ഇവടെകുറിച്ച് പറയുമ്പോള്‍ എഴുപതുകളില്‍ ആറ്റൂര്‍ എഴുതിയ പ്രധാനകവിതകളിലെല്ലാം ക്രൂരതയുടെയോ ഹിംസയുടേയോ തീക്ഷ്ണ ബിംബങ്ങളുണ്ടെന്നാണ് പ്രശസ്ത കലാവിമര്‍ശകന്‍ കെ.സി.നാരായണന്‍ പറഞ്ഞത്. ഇതു ശരിയുമാണ്. “പിറവി” യുടെ കാലത്തുതന്നെ മറ്റൊരു കാവ്യവിമര്‍ശകന്‍, എം.ഗംഗാധരന്റെ പഠനത്തില്‍ ഇങ്ങനെയാണത്. സങ്കീര്‍ണ്ണമായ കാവ്യബിംബ സങ്കലനത്തിലെത്തുന്ന ഈ കവിതക്ക്  സ്വപ്ന രൂപമാണുള്ളതെന്ന് ഗംഗാധരന്‍ പറഞ്ഞു. ഇരുട്ട്, പെരുമഴ, കാട്ടുതീപോലൊന്ന് എവിടെയോ, ആരുടേയൊ കൂട്ടത്തില്‍ പിറക്കുന്ന ഒരു ഉണ്ണി, പുതിയ ദര്‍ശനത്തിന്റെ പിറവിയാണോ, പുതുസംരംഭമാണോ എന്നറിയാത്തതാണ് ആ സ്വപ്നസമാനവരികള്‍ എന്ന് അദ്ദേഹം പറഞ്ഞു. “ഇതില്‍ കൂടുതല്‍ ഒന്നും വ്യക്തമല്ല.”

തീര്‍ച്ചയായും ഒന്നും വ്യക്തമല്ലാത്ത ഒരു കാലമായിരുന്നു അത്. കവിതയുടെ മാത്രമല്ല. കാലത്തിന്റേയും. പീഡിതരെ വിമോചിപ്പിക്കാനെത്തുന്ന ആശയങ്ങളും സംഘടനകളും തെളിച്ചത്തോടും തീര്‍ച്ചയോടും നിന്നിരുന്നെങ്കിലും. ലോകം ചിന്തിക്കുന്ന ആരിലും സമ്മിശ്രമായ ഒരനുഭവമായിരുന്നു ആ അവ്യക്തതയുടെ ഒരു നേര്, “റിബല്‍”

എന്ന സങ്കല്‍പ്പം വ്യക്തിയുടെ വീണ്ടെടുപ്പായിരുന്നെങ്കില്‍ ആ സങ്കല്‍പ്പം, ആ നിമിഷം തന്നെ, ലോകത്തിലേക്ക് ചിതറിയിരുന്നു. ആശയങ്ങളും സംഘടനകളും നേരിട്ടതും ഈ ചിതറലിനെയായിരുന്നു. ആറ്റൂരിന്റെ കവിതകളില്‍ ഒരു പക്ഷെ, കൂടുതല്‍ വായിക്കപ്പെട്ട രചനകള്‍ (സംക്രമണം, ക്യാന്‍സര്‍) അങ്ങനെയൊരു സന്ദര്‍ഭത്തെ ഓര്‍മ്മിച്ചു. വാക്കുകളെയാണ് തപ്പുന്നതെന്ന്, തന്റെ കാവ്യജീവിതത്തിന്റെ തന്നെ അടിസ്ഥാനധാരയും അതാണെന്ന് ആ കവിതകളിലൂടേയും ആറ്റൂര്‍ പറഞ്ഞുവെച്ചിരുന്നെങ്കിലും.

ഭൂമിയില്‍ ഒരു ഉണ്ണിയുടെ പിറവി “തിരുപ്പിറവി”  പോലാവുന്നത് വരാനിരിക്കുന്ന വിപര്യയങ്ങള്‍ക്കൂടി ആ പിറവിക്കും മുമ്പേ അവതരിപ്പിക്കുന്നതിലാണ്. ആ വിപര്യയങ്ങള്‍ ഹിംസയും ക്രൂരതയും പാപവുമെല്ലാമാണ്. തി•യുടെ ആ ആവാസസ്ഥലം ലോകം വ്യക്തിക്ക് സമ്മാനിക്കുന്ന ഭാവനകൂടിയാകുന്നുവെന്നാണ് കവിത നേരിടുന്നത്. യുക്തിബദ്ധമായ ബിംബങ്ങളുടെ പുന:സംവിധാനം കവിത ശ്രദ്ധിക്കുന്നു.

എണ്‍പതുകളുടെ ആദ്യത്തോടടുക്കുമ്പേഴേക്കും ആറ്റൂരിന്റെ ആറ്റൂരിന്റെ കവിതകള്‍ ഇങ്ങനെയൊരു പാരായണക്ഷമത ഉപേക്ഷിക്കുന്നു. അയുക്തികതയിലാണ് ആ കവിത പിന്നീട് ജീവിക്കുന്നതും. അങ്ങനെയൊരു അയുക്തികതയില്‍ നിന്ന്, “പിറവി ”  യിലേക്കുള്ള മടക്കം, മുപ്പത്തിനാലു കൊല്ലം മുമ്പ് എഴുതിയ ഒരു രചനയെ കാണുക എന്നു മാത്രമാണെങ്കില്‍ “ലോകം വ്യക്തിക്കു സമ്മാനിക്കുന്ന ഭാവന”, ഒന്നും കാണിക്കുന്നില്ല. തന്റെ ഇതിവൃത്തത്തെ (പിറവിയെ) ഈ കവിത ചില്ലകള്‍കൊണ്ടും പേരുകള്‍ കൊണ്ടും തേടിയിരുന്നുവെങ്കില്‍, ആ ഇതിവൃത്തം കവിതയെ അന്നേ ഒരു പ്രവൃത്തിയായി കണ്ടിരുന്നു. ആ കവിത ഓര്‍മ്മിക്കുമ്പോള്‍ ഇവ ശരിക്കും അവസാനവാക്കുകളുമായിരുന്നു.

എവിടേയാണതെന്നറിയാതെ

ഏതു വഴിയേന്നോരാതെ

മുന്നോട്ടു നീങ്ങുവാന്‍ വയ്യാതെ

പിന്നോക്കം വയ്ക്കാന്‍ പറ്റാതെ

ചില്ലകള്‍ കൊണ്ടു ഞാന്‍ തപ്പുന്നു.

വേരുകള്‍ കൊണ്ടു ഞാന്‍ തേടുന്നു.

കവിതയെ ആത്മബോധമുള്ള ഭാഷകൊണ്ടുകൂടി തിരിച്ചറിയാനുള്ള ഒരു ശ്രമമായിരുന്നു ഇതെന്ന് ഇന്നു നമുക്ക് കൃത്യമായും അറിയാന്‍ കഴിയും. ബിംബങ്ങള്‍ക്കും ആശയങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഈ കവിത അതിനെ വാക്കുകള്‍കൊണ്ടു മാത്രം ഇപ്പോള്‍ പരിചയപ്പെടുത്തി. ഭാഷയുമായുള്ള ബന്ധം കവിത ഉറപ്പാക്കുന്നത്. അങ്ങനെയാണെന്നും പരിചയപ്പെടുത്തി. എഴുത്തുകാര്‍ തങ്ങളുടെ ഭാവനയില്‍ ഭാഷയുടെ ജീവിതവും തിരയുന്നു. എന്നാല്‍ വായനക്കാര്‍ ഉണ്ടാവുന്നത് “വര്‍ത്തമാനത്തിന്റെ രസ” ത്തില്‍ നിന്നും സാഹിത്യം, അതിന്റെ വായനക്കാരെ ഈ രസത്തിലും നിങ്ങള്‍ പരിചയപ്പെട്ട ഭാഷയുടെ പരീക്ഷിക്കപ്പെടാത്ത ഒരു സാധ്യത ഉണ്ടെന്നു സാങ്കേതികമായി ബോധ്യപ്പെടുത്തുന്ന ഒരു മാധ്യമം കൂടിയാവുന്നു. നമ്മുടെ കവിതക്ക് ഭാവനയുടെ അത്ഭുതകരമായ പ്രവൃത്തികള്‍പരിചയപ്പെടുത്തിയത് ആധുനിക കവിതകളായിരുന്നു. എന്നാല്‍, അവരില്‍ നിന്നെല്ലാം ആറ്റൂര്‍ രവിവര്‍മ്മ വേര്‍പ്പെട്ടത് തന്റെ കവിതയുടെ പാരായണ യോഗ്യതയെ തന്റെ തന്നെ കവിതകള്‍കൊണ്ട് പരീക്ഷിച്ചായിരുന്നു. – ഒരു തരം മൌലികവാദത്തോളം നീങ്ങിനില്‍ക്കുന്ന ഭാഷയെ കുറിച്ചുള്ള “അതിശ്രദ്ധ” ആധുനികതയുടെ സ്ഥലത്തുനിന്നും ഈ കവിതകള്‍ മുമ്പോട്ടെടുത്തു. ആറ്റൂരിനോടൊപ്പം തന്നെ എഴുതിയ ആധുനികതയുടെ പ്രധാനപ്പെട്ട കവിതകള്‍ പലരും സാമൂഹികമായ ആവശ്യമായി കവിതയെ ശ്രദ്ധിച്ചും അങ്ങനെ തങ്ങളുടെ ഭാവനയെ വ്യക്തിപരമായ (പൌര) പരിണാമത്തിന്റെ അടയാളമായി ഗ്രഹിച്ചു നീങ്ങുമ്പോഴായിരുന്നു ഇത്.

ഇങ്ങനെ ആ തിരച്ചിലിനെ ഒന്നുകൂടി പിന്തുടരാന്‍ പറ്റും:

ഗൃഹാതുരത്വത്തോടെ എന്നാല്‍ കവിതയിലും സൌന്ദര്യ ശാസ്ത്രപരമായൊരു വീണ്ടെടുപ്പിനെയാണ് ഓര്‍മ്മിക്കുന്നത്. കവിതയിലും ഒരു പുനരാവിഷ്ക്കരണമെന്നതിനേക്കാള്‍ വര്‍ത്തമാനത്തോടെ തന്നെയുള്ള ഒരു സമീപനത്തെയാണ് അത് കരുതലിലെടുക്കുന്നത്. എന്നാല്‍, ആശയങ്ങളിലൊ അനുഭവങ്ങളിലോ വീണ്ടും എത്താനുള്ള പലതരം വിശേഷങ്ങളുടെ രീതി എന്നാണ് ഗൃഹാതുരത്വത്തോടെ എന്നാല്‍ ആധുനികതക്കുശേഷവും പലരും മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ “ചരിത്രം എന്നത് വായിക്കുന്നതാണ്” എന്ന വിവേകം പലപ്പോഴും നഷ്ടപ്പെട്ടു. വ്യക്തിയൊ സമൂഹമോ ആശയമൊ വൈവിധ്യങ്ങളോടെ ചെന്നുപെടുന്ന ഒരു വിചാരലോകം എന്നു മനസ്സിലാക്കേണ്ടിയിരുന്ന ചരിത്രത്തെ ഒരു ഭൌതികയാഥാര്‍ത്ഥ്യം പോലെ നേരിട്ടു. നമ്മുടെ കലാവിമര്‍ശനത്തിന്റെ ഒരു പരിമിതിയും ഇതായിരുന്നു. ഭാവനയുടെ സംവാദശേഷി കവിതക്കും കവിക്കും കിട്ടിയത് വായനയിലേക്കു വേണ്ടവിധം പകര്‍ന്നു കിട്ടിയില്ല.

ആറ്റൂര്‍ രവിവര്‍മ്മ ഈ സന്ദര്‍ഭത്തെ നേരിട്ടത് തന്റെ കവിതയുടെ ഭാഷയെ “ആത്മഭാഷണ” ത്തിന്റെ തലത്തിലേക്ക് നിര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ തലത്തിലേക്ക് നിര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരഭിമുഖത്തിലെ ഒരു വരി കടമെടുക്കുകയാണെങ്കില്‍, “പൊതുവഴിയില്‍ കൂടി അധികം നടക്കാറില്ല” എന്ന് ഈ കവിതകളും മാറിപണിതു. വളരെ സാധാരണമാണ് കവിതയുടേയും രീതി എന്ന് അത് ബിംബങ്ങളുടേയും ചിഹ്നങ്ങളുടേയും അഥവാ കവിതയുടെ അംഗീകൃത അപര – ഭാഷയെ ഉപേക്ഷിച്ചുകൊണ്ട് എഴുതി. കവിതയെ സമകാലികമാക്കുക എന്നല്ല ഭാഷയുടെ ഊര്‍ജ്ജസ്രോതസ്സുകളിലേക്കു നയിക്കുകയാണ് പ്രധാനം എന്നു തോന്നിപ്പിച്ചു.

എന്നാല്‍ ഇതിന്റെ ഒരു വിപരീതഫലം ആധുനികതയു കവിതകളില്‍ സംഭവിച്ചു. അവരില്‍ പലരിലും കവിത ഭാഷയുടെ ലളിതബുദ്ധിയായി. ചിലപ്പോള്‍ കൌതുകമുള്ള വളവുതിരിവുകളായി. ചിലപ്പോള്‍ വാക്കുകളുടെ വശങ്ങളില്‍ വെട്ടി നിര്‍ത്തിയ കാഴ്ച്ചയായി. കവിത ഉയരങ്ങളില്ലാത്ത പ്രവൃത്തിപോലെയുമായി. ആറ്റൂരിലേക്ക് മടങ്ങി വരുമ്പോള്‍ ഇങ്ങനെയൊരുവിപര്യയം ആ കവിതകളുടെ പുതിയ സന്ദര്‍ഭത്തില്‍ അന്തര്‍ഹിതമാണോ എന്ന് ഗൌരവമായി തന്നെ നമ്മുടെ സംശയിക്കാനാകും. ചില്ലകള്‍ കൊണ്ടു തപ്പാനും വേരുകള്‍ കൊണ്ടു തേടാനും മൌനത്തെ ഭാവന ചെയ്യാന്‍ അല്ലെങ്കില്‍ ആ കവിതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടു കാരണങ്ങള്‍ കൊണ്ട് മൂമ്പു പറഞ്ഞ സംശയം ആറ്റൂരിന്റെ കവിതകളില്‍ അസ്ഥാനത്ത് ആണെന്ന് സമ്മതിക്കേണ്ടിയും വരും.

ഒന്ന്, ഒരാളുടെ ഭാവന, അതിന്റെ രീതികള്‍, തുടര്‍ച്ച, സവിശേഷമായ ഒരു സാമൂഹ്യക്രമത്തിനകത്ത് പാരമ്പര്യമായി തുടരുന്നു എന്ന് ഈ കവിതകള്‍ വിശ്വസിച്ചില്ല. അഥവാ, “ചരിത്രത്തോടൊപ്പം നടക്കാന്‍ ” വിസമ്മതിച്ചു.

രണ്ട്, തന്റെ കവിതയുടെ ഭാഷ ആത്മസംവാദം കൂടിയാകുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കവിതയുടെ തന്നെ ആന്തരികജീവിതം, ഭാവനയെകുറിച്ച് വ്യക്തി പരമായൊരു പ്രസ്താവം ആഗ്രഹിച്ചു.

– കരുണാകരന്‍

0 Responses to “വീണ്ടുമെത്തുന്ന കവിതയില്‍”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: