ലോഗ് ‌ഓഫ്‌

k

a

t

h

a

എന്‍. എം. ഉണ്ണികൃഷ്ണന്‍

അന്നേരം ജാനറ്റ്‌ കുളിക്കാന്‍ പോയി…കുളി എന്നത്‌ അത്ര വലിയ കുഴപ്പമൊന്നുമല്ലാത്തതിനാല്‍ അവള്‍ മടങ്ങി വരുന്നതുവരെ ആ `ഠ’ വട്ടത്തില്‍ തന്നെ ഇരിക്കാനുള്ളതായിരുന്നു അരുണ്‍ രവിശങ്കറിന്റെ തീരുമാനം. അരുണ്‍ രവിശങ്കര്‍,വാര്‍ത്താ ഏജന്‍സിയുടെ സ്‌റ്റാഫ്‌ ഫോട്ടോഗ്രാഫര്‍.ഇപ്പോള്‍ കേന്ദ്ര തലസ്‌ഥാന പ്രദേശത്തെ ഇന്റര്‍നെറ്റ്‌ കഫേയില്‍. കാത്തിരിപ്പിന്‌ എങ്ങനെ പോയാലും പത്തുമിനുട്ടെങ്കിലും നീളം വരും. ഒരു വില്‍സ്‌ എരിക്കുന്നതിനുള്ള മതിയായ സമയം. പക്ഷേ, മടങ്ങിയെത്തുമ്പോള്‍ ഒരു പക്ഷേ ഇപ്പോഴത്തെ ക്യുബിക്കിള്‍ മറ്റാരെങ്കിലും കയ്യടക്കിയിരിക്കും.
`വേണ്ട പ്രിയേ.., തല്‍ക്കാലം നീ മടങ്ങിവരും വരെ ഒരു വില്‍സ്‌കാലത്തിനായി പുറത്തുപോകേണ്ട…’
ഇങ്ങനെ എത്രയെത്ര കാത്തിരിപ്പുകള്‍, എത്രയോ മിനുട്ടുകള്‍, ചിലപ്പോള്‍ മണിക്കൂറുകള്‍ വരെയും. വര്‍ഷങ്ങളേറെ…മഴമരങ്ങള്‍ തണല്‍വിരിക്കുന്ന പട്ടാമ്പിക്കോളജിലെ നീളന്‍ വഴികളില്‍, നന്നേകുറഞ്ഞ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ ക്രോസിംഗുകളെ ചാടിക്കടന്നു വരുന്നതും കാത്ത്‌… എത്രയെത്ര സമയങ്ങള്‍… പതിവുതെറ്റാതെ ജാനറ്റ്‌ ലോഗ്‌ഇന്‍ ചെയ്യുന്നു.അതിനിടയില്‍ ആദ്യമായാണ്‌ ഇങ്ങനെ കുളിയുടെ പേരു പറഞ്ഞു ജാനറ്റ്‌ മുങ്ങുന്നത്‌… .
അസൈന്‍മെന്റുകളൊന്നുമില്ലാത്ത വൈകുന്നേരം. ഐ.ടി.ഒയില്‍ രാവിലെയുണ്ടായ ബോംബുഭീഷണിയെത്തുടര്‍ന്നുള്ള തെരച്ചിലിന്റെ ചിത്രങ്ങള്‍ വായുവില്‍ പറന്നു പറന്നു ലോകത്തു വിവിധയിടങ്ങളിലുള്ള പത്രമോഫീസുകളില്‍ എഡിറ്റര്‍മാരുടെ കാരുണ്യം കാത്തു കിടക്കുന്ന സുന്ദര സായാഹ്‌നം. അരുണ്‍ കാത്തിരിക്കുകയാണ്‌. ജാനറ്റ്‌ കുളിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു മിസ്‌ഡ്‌കോള്‍ സംഗീതത്തില്‍ അരുണ്‍ അതു തിരിച്ചറിഞ്ഞു. പിന്നെ കുറച്ചു കഴിഞ്ഞ്‌…അങ്ങേയറ്റത്തു നിന്ന്‌ അനക്കങ്ങള്‍ ഒന്നുമേ ഉണ്ടാകാതിരുന്ന നേരത്തിനിപ്പുറം അരുണിന്റെ ഫോണ്‍ വീണ്ടും ശബ്‌ദിച്ചു. ഒന്നു വിറച്ചു. `അരുണ്‍, നെറ്റ്‌ കിട്ടണില്ല്യാ…’ ജാനറ്റിന്റെ വിഷമം മുഴുവന്‍ ഒറ്റ എസ്‌.എം.എസില്‍ അരുണ്‍ വായിച്ചെടുത്തു. `നാട്ടിലെ നശിച്ച നെറ്റ്‌’ എന്നു പറഞ്ഞ്‌ ഇനിയൊന്നും ചെയ്‌തു തീര്‍ക്കാനില്ലാത്ത രാവിലേക്ക്‌, നുരച്ചുപൊന്തുന്ന ഒരു ബിയര്‍ തണുപ്പിലേക്ക്‌ ഒളിക്കുകയല്ലാതെ മറ്റൊന്നും അരുണിനുമുമ്പിലില്ല. അല്ലെങ്കില്‍ എപ്പോഴും ഉണ്ടാകാവുന്ന ഭീതികളിലൊന്ന്‌ സംഭവിക്കണം. നഗരത്തിലൊരു പൊട്ടിത്തെറി. അല്ലെങ്കില്‍ പ്രധാനപ്പെട്ടവരാരെങ്കിലൂം മരിക്കണം. എവിടെയെങ്കിലും ഒരു ബോംബുഭീഷണിയെങ്കിലും.
ഒന്നും ഈ നിമിഷം സംഭവിച്ചുകൂടെന്നില്ല. രണ്ടുവര്‍ഷം മുമ്പ്‌ ദീപാവലി നാള്‍.ഒന്നുമുണ്ടാവല്ലേയെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചും പ്രാര്‍ഥിച്ചും ഇരിക്കുമ്പോഴാണ്‌ കൊണാട്ട്‌പ്ലേസിലെ മാര്‍ക്കറ്റുകള്‍ പൊട്ടിത്തെറിച്ചത്‌. ആഗ്രഹങ്ങളോ പ്രാര്‍ഥനകളോ ഒന്നിനെയും തടുക്കാനാവാത്തതാണെന്ന ഉത്തമബോധ്യത്തില്‍ ബിയറിലേക്കു മുങ്ങുന്നതിനു മുമ്പ്‌ മറ്റാരെങ്കിലും പച്ചവെളിച്ചം തെളിയിച്ചു കംപ്യൂട്ടറിനു മുമ്പിലുണ്ടോ എന്നു നോക്കി. `ജാനറ്റ്‌ ഇപ്പോള്‍ നീ.., കുളിച്ചു കൂടുതല്‍ സുന്ദരിയായിരിക്കും.’ഓഫ്‌ലൈനിലേക്ക്‌ സന്ദേശത്തെ വിരലില്‍ നിന്നു കീബോര്‍ഡിലേക്കു പകര്‍ന്നു തീര്‍ന്നതും ഇറാനില്‍ നിന്നു തസ്‌നിയുടെ `ഹായ്‌, മൈ ഇന്ത്യന്‍ ഫ്രണ്ട്‌’ സന്ദേശം അരുണിന്റെ മുന്നിലെ മോണിട്ടറിലേക്കു ചാടി വീണു. മറുപടിയായി എന്തെങ്കിലും പറയും മുമ്പ്‌ അടുത്ത സന്ദേശം. `ഇന്ത്യക്കാരാ നിന്റെ നാട്ടില്‍ തിരൂര്‍ എന്നൊരു സ്‌ഥലമുണ്ടോ?’തസ്‌നിയുടെ തിരൂര്‍ ചോദ്യത്തില്‍ അരുണിന്റെ കണ്ണില്‍കൂടി 611 പാസഞ്ചര്‍ കടന്നുപോയി. അന്ന്‌ അരുണ്‍ പട്ടാമ്പിക്കോളജിലായിരുന്നു. വിപ്ലവം അസ്‌ഥിക്കു പിടിച്ച എസ്‌.എഫ്‌.ഐക്കാരന്‍. പക്ഷേ, എത്രയോ വൈകുന്നേരങ്ങളില്‍ അതേ സഖാവ്‌, സഖാക്കളോടു കള്ളംപറഞ്ഞ്‌ ജാനറ്റിനൊപ്പം 611 പാസഞ്ചറില്‍ തിരൂരേക്കു പോയിരിക്കുന്നു. പട്ടാമ്പിയുടേയും തിരൂരിന്റെയും മഞ്ഞപ്പലക ബോര്‍ഡുകള്‍ക്കിയില്‍ ശ്വാസവും ചൂടുമേറ്റ ചൂടന്‍ പ്രണയനാളുകള്‍. `അതേ, തിരൂര്‍…എന്റെ ജാനറ്റിന്റെ നാട്‌.!എങ്ങനെയറിയാം നിനക്കു തിരൂരിനെ. എന്റെയും ജാനറ്റിന്റെയും തിരൂര്‍.’`അതേ ആയിരിക്കാം.പക്ഷേ..,’തസ്‌നി എന്തൊക്കെയോ ടൈപ്പ്‌ ചെയ്യുകയും പിന്നെ അതൊക്കെ മായ്‌ക്കുകയും ചെയ്‌തു. `അവിടെ നിന്റെ സഹോദരങ്ങള്‍ ഞങ്ങളുടെ ആള്‍ക്കാരെ വെട്ടിക്കൊന്നുവെന്ന്‌ നിന്റെ നാട്ടിലെ ഒരു പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്നു ഞാനിപ്പോള്‍ വായിച്ചതേ ഉള്ളൂ.’വല്ലാതെ വിയര്‍ത്തിരിക്കുന്നു. ഞാനൊന്നു കുളിക്കട്ടേയെന്നു പറഞ്ഞ്‌ ജാനറ്റും കുളിമുറിയില്‍ കയറും മുമ്പ്‌ അരുണിനോടു പറഞ്ഞിരുന്നു. നീ ഇപ്പോള്‍ തിരൂരില്‍ വന്നിരുന്നെങ്കില്‍ തെണ്ടിപ്പോയേനെയെന്ന്‌. ബൈക്കുകളിലെ യാത്ര നിരോധിച്ചിരിക്കുന്നു. പിന്നെങ്ങനെ നീയെന്നെ പിന്നിലിരുത്തി പറവണ്ണയില്‍ കടല്‍ കാണിക്കാന്‍ കൊണ്ടുപോകും. എന്നു ചോദിച്ചു നിര്‍ത്തി.
പറവണ്ണയാത്രകളുടെ ഓര്‍മകള്‍ നല്‍കിയാണ്‌ ജാനറ്റ്‌ കുളിക്കാന്‍ മുങ്ങിയത്‌. സത്യമായും, ജാനറ്റിനു കുളിമുറിയില്‍ കയറാന്‍ കണ്ട നേരത്തെ അരുണ്‍ തസ്‌നിയോടു സംസാരിക്കുമ്പോഴും വെറുത്തിരുന്നു. `അതേ തസ്‌നി,നീ കേട്ടിട്ടില്ലേ?തീരൂര്‍ ഇത്രയും നാള്‍ നല്ല നാടായിരുന്നു.’`ഇപ്പോഴോ?’തസ്‌നിയുടെ ചോദ്യം ചിഹ്നത്തിന്റെ വളഞ്ഞ രൂപത്തിനുള്ളില്‍ പിന്നെയും പിന്നെയും വളഞ്ഞു കുത്തി കൂടുതല്‍ ഉത്തരങ്ങള്‍ തിരഞ്ഞു. `ഇന്ത്യക്കാരാ, നമ്മള്‍ കണ്ടിട്ട്‌ രണ്ടു മാസമായി അല്ലേ?ഞാന്‍ ഈ ദിവസങ്ങളിലൊന്നും ചാറ്റ്‌ ചെയ്യാന്‍ വരാറില്ലായിരുന്നു. നിന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌, അവള്‍ എന്തു പറയുന്നു.
ഞാന്‍ നിന്റെ വര്‍ത്തമാനങ്ങളില്‍ നിന്നു നിന്നോടു ശരിക്കും അസൂയപ്പെടുന്നു.ഞങ്ങളാരും ഇങ്ങനെയൊന്നും പ്രണയിക്കാറില്ല എന്നു നിന്നോടു ഞാന്‍ പറഞ്ഞിട്ടില്ലേ?നമ്മള്‍ അവസാനമായി ചാറ്റ്‌ ചെയ്‌തതെന്നാണെന്ന്‌ ഓര്‍ക്കുന്നോ അരുണ്‍?അന്നു രാത്രി പുലര്‍ന്നപ്പോഴാണ്‌ അവര്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത്‌. അന്നു ഞങ്ങള്‍ക്ക്‌ അഷൂരാ ആയിരുന്നു. പിന്നെ ഇന്നാണു ഞാനെന്റെ കംപ്യൂട്ടര്‍ ഓണാക്കുന്നതു തന്നെ!.’ശരിയാണു തസ്‌നീ, ഞാനുമോര്‍ക്കുന്നു. അന്നാണു ഞാന്‍ ജാനറ്റിനെക്കുറിച്ചു നിന്നോടു പറഞ്ഞത്‌.’അരുണ്‍ തസ്‌നിയുമായി ഓര്‍മകള്‍ വീണ്ടെടുത്തു. അവള്‍ തിരൂരിനെക്കുറിച്ചു വീണ്ടും ചോദിക്കരുതേ എന്നായിരുന്നു അരുണ്‍ അപ്പോള്‍ ആഗ്രഹിച്ചിരുന്നത്‌. `അയാള്‍ സദ്ദാം, ഞങ്ങളുടെ ശത്രുവായിരുന്നു. ഞങ്ങളോടു പൊരുതാന്‍ അയാളെ ഞങ്ങളുടെ ശത്രുവാക്കിയവര്‍ തന്നെ അയാള്‍ക്കു കയറുമൊരുക്കി. എന്നിട്ടും, നീ പ്രണയാഘോഷത്തിലായിരുന്നിട്ടും…ഞങ്ങള്‍ അഷൂരാ തയാറെടുപ്പുകളിലായിരുന്നിട്ടും സദ്ദാം ഹുസൈനെ സ്‌നേഹിക്കണമെന്നാണ്‌ നീ എന്നോടു പറഞ്ഞത്‌.’`ശരിയാണു തസ്‌നീ…ഞാന്‍ ഒന്നും മറന്നിട്ടില്ല. ഞാന്‍ പിന്നെയും, പലവട്ടംഎന്നുമെന്നു പറയാം…നിന്നെ ചാറ്റ്‌ ചതുരങ്ങളില്‍ തിരഞ്ഞിരുന്നു. പക്ഷേ, കണ്ടു കിട്ടിയില്ല.തസ്‌നി എന്നൊരാളില്ലെന്നു ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങുകയായിരുന്നു. ഒരു തരത്തില്‍ ജാനറ്റ്‌, എന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌ ഞാന്‍ അങ്ങനെ വിശ്വസിക്കണമെന്നും ആ വിശ്വാസം സത്യമാകണമെന്നും ആഗ്രഹിക്കുന്നു തസ്‌നി.’`എന്ത്‌ അരുണ്‍?’തസ്‌നിയുടെ ചോദ്യം ചിഹ്നഹ്‌നത്തിനു പുറത്തേക്കു വീണ്ടും വളഞ്ഞുകുത്തി.`അറിയുമോ തസ്‌നീ,നിന്നെ ജാനറ്റിനു പേടിയാണ്‌.
ഞാന്‍ നിന്നോടിങ്ങനെ ഇടയ്‌ക്കിടെ ചാറ്റ്‌ ചെയ്യുന്നതു പോലും’`എന്നെ പേടിയോ?’തസ്‌നി വീണ്ടും ചോദ്യത്തിലേക്കു മറിഞ്ഞു വീണു. സത്യത്തില്‍ അരുണ്‍ ജാനറ്റിന്റെ വെറുമൊരു സംശയത്തില്‍ കൂടി തസ്‌നിയെ ചോദ്യത്തിലേക്കു മറിച്ചിടുകയായിരുന്നു. ലോകത്തെല്ലായിടത്തും ചോദ്യത്തിന്‌ ഒരേ രൂപമാണ്‌. ദാ ഇങ്ങനെ.(?) വളഞ്ഞുകുത്തി. എന്നെപ്പറ്റിച്ചുത്തരം കണ്ടെത്താമോ എന്ന പരിഹാസം കലര്‍ന്ന വെല്ലുവിളി പോലെ. അരുണ്‍ നീ അവളോടു പറഞ്ഞേക്കൂ… എന്നെ പേടിക്കേണ്ടെന്ന്‌. വെറുമൊരു പെണ്ണിനെപ്പോലെ ഞാന്‍ നിന്റെ മനസു കവരില്ലെന്ന്‌. നിന്റെ നെഞ്ചിലെ രോമങ്ങളില്‍ വിരല്‍ പരതി ഞാന്‍ നിന്നെ ചുംബനങ്ങള്‍ മൂടി സ്‌നേഹം പകര്‍ന്നു ഞാന്‍ നിന്നെ തട്ടിയെടുക്കില്ലെന്ന്‌. അതു നിങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്‌കാരമാകാനാണ്‌ ഞാനും ആഗ്രഹിക്കുന്നതെന്ന്‌. ഛെ… അതല്ല തസ്‌നീനിങ്ങള്‍ ഇറാന്‍കാരൊക്കെ തീവ്രവാദികളാണെന്നാണ്‌ എന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌, ജാനറ്റ്‌ മേരി ആന്‍ഡ്രൂസിന്റെ പേടി. എന്റെ നെഞ്ചില്‍ നീ വിരലുകള്‍ പരതി രോമങ്ങളേയും നെഞ്ചിന്‍ കൂടിനേയും തോല്‍പിച്ച്‌ ഹൃദയം കവര്‍ന്നെടുക്കുന്നതില്‍, ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തുന്നതില്‍ അവള്‍ ഭയക്കുകയോ അങ്ങനെയുണ്ടാകുമെന്ന്‌ അവള്‍ സ്വപ്‌നം കാണുക പോലുമോ ചെയ്യുന്നില്ല. അവള്‍ പറയുന്നതു എല്ലാ ഇറാന്‍കാരേയും പോലെ നീയുമൊരു തീവ്രവാദിയായിരിക്കുമെന്നു തന്നെയാണ്‌. ഞാന്‍, തീവ്രവാദി…?
അരുണ്‍ തസ്‌നിയുടെ ഓരോ ചോദ്യങ്ങളിലും ഉത്തരങ്ങളിലും സ്വയം തിരിച്ചറിഞ്ഞ ഞെട്ടലിലായിരുന്നു. തസ്‌നി വിരല്‍ ചാര്‍ത്തിയിട്ട വളഞ്ഞുകുത്തിയ ചോദ്യങ്ങളേക്കാള്‍ നിഗൂഢമായ ഞെട്ടല്‍. ഈ നേരത്ത്‌ ജാനറ്റിന്റെ മുറിയിലേക്കു ഇന്റര്‍നെറ്റ്‌ ബന്ധം പുനഃസ്‌ഥാപിക്കപ്പെടുകയും കുളിമുറിയുടെ വാതില്‍ക്കല്‍ മുറിച്ചിട്ട പറവണ്ണ യാത്രകളുടെ ഓര്‍മച്ചരട്‌ കൂട്ടിക്കെട്ടി വീണ്ടും ലോഗ്‌ ഇന്‍ ചെയ്യുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയായിരുന്നു അരുണ്‍. തസ്‌നിയുമായി വീണ്ടും കണ്ടെന്നും അവളും താനുമെന്തൊക്കെ പറഞ്ഞെന്നും ജാനറ്റിനോട്‌ പറയണമെന്ന്‌ അരുണിനു തോന്നി. ഒരു ചെറിയ ഇടവേള അരുണിനും തസ്‌നിക്കുമിടയില്‍ അനന്തരമുണ്ടായി. ലോഗ്‌ ഓഫ്‌ ചെയ്‌ത്‌ മുന്‍ തീരുമാനപ്രകാരം ബിയര്‍ തണുപ്പിലേക്ക്‌ താഴാനുള്ളതായി അരുണിന്റെ തീരുമാനം. പെട്ടെന്ന്‌നിമിഷത്തെ കീറിമുറിച്ച്‌പല കഷണങ്ങളാക്കിതസ്‌നി സൃഷ്‌ടിച്ച ഇടവേള മുറിക്കപ്പെട്ടുമറുപടികള്‍ ടൈപ്പ്‌ ചെയ്യുന്നതിനു സമയം നല്‍കാതെ തസ്‌നി ചാറ്റ്‌ ചതുരത്തിലേക്ക്‌ വരികള്‍ പകര്‍ന്നു. —അവര്‍ ഒരു നാള്‍ ഞങ്ങളേയും ആക്രമിക്കും. നിന്റെ ജാനറ്റ്‌ എന്നപോലെ അവരും പറയുന്നു ഞങ്ങളെല്ലാം തീവ്രവാദികളാണെന്ന്‌. ഇപ്പോള്‍ ഞങ്ങളുടേതു മാത്രമായിരിക്കുന്ന ഈ ആകാശത്ത്‌ അവരുടെ വിമാനങ്ങള്‍ മൂളിപ്പറക്കും. ഒരു രാത്രിയില്‍ ഇതേപോലെ അന്നും ചിലപ്പോള്‍ നമ്മള്‍ ചാറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ടാവും. അവര്‍ ആകാശത്തു നിന്നും വര്‍ഷിച്ചുപോകുന്ന ബോംബുകള്‍ ഞങ്ങളുടെ തെരുവുകളില്‍ അഗ്നി മഴ പെയ്യിക്കും.
പല തവണ ഭൂമി കുടഞ്ഞെറിഞ്ഞിട്ടും ഉയര്‍ത്തുനിന്നു ഞങ്ങളുടെ കൂടാരങ്ങളേയും കൊട്ടാരങ്ങളേയും അവര്‍ ചുട്ടെടുക്കും. നിന്നോടൊരു ബൈ പോലും പറയാനാകാതെ ചിലപ്പോള്‍ ഒരു വരി പോലും പൂര്‍ത്തിയാക്കാനാവും മുമ്പ്‌ ഈ ഇരുപ്പില്‍ ഈ കംപ്യൂട്ടറിനൊപ്പം ഇരുട്ടിലേക്ക്‌ അഗ്നിവര്‍ഷത്തിലേക്ക്‌ ഞാനുമങ്ങനെ മറഞ്ഞു തീര്‍ന്നേക്കാം. വീണ്ടുമൊരു വരി പിറക്കുമെന്ന അരുണിന്റെ പ്രതീക്ഷ തെറ്റിച്ച്‌ മറുപടിയായി അരുണ്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ്‌ തസ്‌നി ലോഗ്‌ ഓഫ്‌ ചെയ്‌തു.അപ്പോഴും ജാനറ്റ്‌ മടങ്ങിയെത്തിയിരുന്നില്ല. അവസാനവട്ടം പറവണ്ണയില്‍ നിന്നും മടങ്ങും മുമ്പ്‌ മണല്‍പ്പരപ്പില്‍ ആകാശം നോക്കിക്കിടക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ അരുണിന്റെ കൈത്തലമെടുത്ത്‌ ജാനറ്റ്‌ കൊടുത്ത ഉമ്മയുടെ ഓര്‍മ അരുണിനപ്പോഴുണ്ടായി. അതേ ഓര്‍മയില്‍ ജാനറ്റ്‌ ഇപ്പോള്‍ ഉറക്കത്തിലേക്ക്‌ കടന്നിരിക്കുമെന്ന്‌ അരുണ്‍ രവിശങ്കള്‍ സങ്കല്‍പിച്ചു. ഇനിയൊന്നും സങ്കല്‍പിക്കാനോ ആലോചിക്കാനോ സമയം കൊടുക്കാതെ അരുണ്‍ ലോഗ്‌ഓഫ്‌ ചെയ്‌ത്‌ പുറത്തിറങ്ങി. അരുണിനും ബിയറിനും ഇടയില്‍ മിനുട്ടുകളുടെ ദൂരം മാത്രം. ജീന്‍സിനുള്ളില്‍ ചെറിയ ഒച്ചയോടെ ഒന്നു വിറച്ചു.
അടുത്ത വിറയ്‌ക്കലിനു മുമ്പ്‌ ഫോണ്‍ അരുണ്‍ കയ്യിലെടുത്ത്‌ കീപാഡില്‍ ഒന്നമര്‍ത്തി. അക്ഷരങ്ങള്‍ തെളിഞ്ഞു. ഭിതി ബിയര്‍ നുരച്ചുപൊന്തുന്നതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. എവിടെയും എപ്പോഴും സംഭവിക്കാമായിരുന്ന ഒന്ന്‌. സ്വന്തം കണ്‍മുമ്പില്‍ പോലും, കൊണാട്‌ പ്ലേസിലെ ദീപാവലി നാള്‍… ഒരു രാത്രിയിലെ സ്വപ്‌നത്തില്‍ കണ്ട ചോരക്കളം.അരുണ്‍ ജാനറ്റിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ തിരഞ്ഞു. അടുത്ത സന്ദേശത്തിനും ഫോണിനും മുമ്പായി അരുണ്‍ റോഡിലൂടെ പാഞ്ഞു വരുന്ന ടാക്‌സിക്കു കൈ കാണിച്ചു. റെയില്‍വേ സ്‌റ്റേഷന്‍… അരുണ്‍ ടാക്‌സിക്കുള്ളിലേക്കു ചാടിക്കയറി.

1 Response to “ലോഗ് ‌ഓഫ്‌”


  1. 1 pl lathika ഒക്ടോബര്‍ 17, 2010 -ല്‍ 3:59 pm

    കഥയും, എഴുതിയ രീതിയും ഇഷ്ടപ്പെട്ടു. പുതിയ കാലത്തിന്റെ കഥ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: