ബാലചന്ദ്രന്‍ ചുള്ളിക്കാട്…അനുഭവങ്ങള്‍ ഓര്‍മ്മകള്‍ …

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, വായനകള്‍, കാഴ്ചകള്‍. കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു സൂക്ഷ്മസഞ്ചാരം. അഭിമുഖങ്ങളും ഓര്‍ത്തെടുക്കലുകളും ആലാപനങ്ങളും ദൃശ്യരൂപങ്ങളും കോര്‍ത്തിണക്കിയ ഒരു വ്യത്യസ്ത പരമ്പര..
മലയാളനാട് ബ്ലോഗ് പതിപ്പില്‍ ആരംഭിക്കുന്നു.
ഏകോപനം: രവിവര്‍മ്മ

ലോകം ക്ഷോഭത്തിനും പ്രതിരോധത്തിനും പ്രക്ഷോഭത്തിനും നടുവില്‍ കനലാട്ടം ആടുമ്പോളാണ്‌ ബാലചന്ദ്രന്റെ കവിത ഒരു വിസ്ഫോടനം പോലെ പെയ്തിറങ്ങിയത്’. ‘ മുട്ടി തുറക്കുന്നു ഞാന്‍ മുഴു ഭ്രാന്തിന്റെ കത്തും ജനാലകള്‍ ”എന്ന് ബാലചന്ദ്രന്‍ എഴുതിയപ്പോള്‍ അത് പുതുമുറ കവിതയിലേക്കുള്ള ഒരു വാതായനം കൂടി തുറന്നിട്ടു.
മാതൃഭൂമി ബുക്ക്‌ മാനേജര്‍ ആയിരുന്ന ജി .എന്‍. പിള്ള മരണ കിടക്കയില്‍ വെച്ച്  ബാലചന്ദ്രനോട് പറഞ്ഞു ”കവി ആവുക എന്നതിനര്‍ത്ഥം ഭൂമിയിലെ കണ്ണീര്‍ മുഴുവന്‍ ഒരു തുള്ളി തൂവാതെ കൈകുടന്നയില്‍ ഏറ്റു വാങ്ങുക എന്നാണ്‌ ” സ്വന്തം അനുഭവങ്ങള്‍ ,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശിവജി ഗണേശന്റെ പടം ഇറങ്ങിയത്‌ ഓട്ടോവില്‍ വിളിച്ചു പറഞ്ഞു നടന്ന കാലം .സച്ചിദാനന്ദനെ ചേര്‍ത്ത് പറഞ്ഞാല്‍ ”മൃണ്‍ മയമായ ശരീരത്തിന്റെ സുഖാന്വേഷണങ്ങളും ഹിരണ്മയമായ ആത്മാവിന്റെ അര്‍ത്ഥാന്വേഷണവും ഒരു പലായനമായി മാറി ബാലചന്ദ്രന് ..ആ അനുഭവങ്ങള്‍ കവിതയും ഗദ്യത്തില്‍ ചിദംബരം സ്മരണകളുമായി മലയാളിക്ക് ഉത്തേജനമായി.
ബാല്യം മുതല്‍ തുടങ്ങിയ അനാദിയായ സഞ്ചാരം ,കണ്ടുമുട്ടിയ അറിയപ്പെടുന്നവര്‍ ,അറിയപ്പെടാത്തവര്‍ .അനുഭൂതികളുടെ ലോകം ,നാടകം .അഭിനയം,സിനിമ,പോക്കുവെയില്‍ ,സീരിയല്‍ ,തിരക്കഥ …നടന്നു തീര്‍ത്ത യാത ഭാഗങ്ങള്‍ ബാലചന്ദ്രന്‍ ഇവിടെ വരും ദിവസങ്ങളില്‍ പങ്കിടുന്നു .പി കുഞ്ഞിരാമന്‍ നായരും ഇടശ്ശേരിയും വി കെ എന്നും വൈലോപ്പിള്ളിയും തൊട്ടു ഏറ്റവും പുതിയ കവികളും കവിതകളും പൂര്‍വസൂരികളും കടന്നു വരുന്നു. ഇതിലൂടെ …ചിദംബരം സ്മരണകളുടെ രണ്ടാം ഭാഗം പോലെ …

ആദ്യഭാഗം

1)ബാലചന്ദ്രന്റെ അടുത്ത കവിത എന്ന് ?

എന്റെ കവിതയെഴുത്ത് പരിപൂർണ്ണമായും പ്രചോദനത്തെ ആശ്രയിച്ചിരിക്കുന്നു. പ്രചോദനമാകട്ടെ, അനൈച്ഛികവും. അതിനാൽ ഇനിയൊരിക്കലും കവിത എഴുതിയില്ലെന്നുവരാം. അടുത്ത നിമിഷംതന്നെ ഒരു കവിത എഴുതിയെന്നു വരാം. ഏറെനാൾ കഴിഞ്ഞ് എഴുതിയെന്നും വരാം.എനിക്കൊന്നും അറിയില്ല.

2) ബാലന്‍ എഴുതി തിളങ്ങിയ കാലഘട്ടത്തിന്റെ സമൂഹവും രാഷ്ട്രീയവും ഇന്നുമായി ഒന്ന് താരതമ്യം ചെയ്യാമോ?

അക്കാലത്ത് സമൂഹത്തിൽ മതരാഷ്ട്രീയവും സമുദായരാഷ്ട്രീയവും വർഗ്ഗീയതയും വിഭാഗീയതകളും ഇന്നത്തെയത്ര ശക്തമായിരുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള സാമൂഹ്യതിന്മകൾ ഇത്രമേൽ നഗ്നവും സർവ്വസമ്മതവും ആയിരുന്നില്ലെന്നു തോന്നുന്നു. സാമൂഹ്യനീതി എന്നെങ്കിലും നടപ്പാവും എന്ന നേരിയ ഒരു പ്രതീക്ഷയുടെ അവസാനത്തെ കനലുകൾ തൊഴിലാളികളിലും ഇടത്തരക്കാരിലും എരിഞ്ഞിരുന്നു. പ്രത്യയശാസ്ത്രവും ആശയങ്ങളും ആദർശങ്ങളും ചർച്ചാവിഷയമെങ്കിലും ആയിരുന്നു.മനുഷ്യർ മറ്റുമനുഷ്യരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ദിവസം സ്വപ്നംകണ്ട കുറെ ചെറുപ്പക്കാർ ഉണ്ടായിരുന്നു.
എങ്കിലും കേരളത്തിൽ അന്നു ഭൂരിപക്ഷം ജനങ്ങളും വിപ്ലവബുദ്ധിജീവികളുടെകൂടെയായിരുന്നില്ല, കോൺഗ്രസ്സിന്റെയും കരുണാകരന്റെയും കൂടെയായിരുന്നു.കേരളത്തിലെ ജനങ്ങൾ സായുധ വിപ്ലവ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ കേരളജനത മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായി അവരോധിച്ചു. ഒ.എൻ.വി.കുറുപ്പിനെ തോല്പിച്ച് ചാൾസിനെ ജയിപ്പിച്ച കേരളത്തിലെ ജനങ്ങൾ ബുദ്ധിജീവികളുടെ വാക്കുകൾക്കു പുല്ലുവിലപോലും കല്പിക്കുന്നില്ല.

ഇന്ന് സമൂഹത്തിൽ പ്രായോഗികതയ്ക്കും യാഥാർത്ഥ്യബോധത്തിനുമാണു പ്രാധാന്യം. സാമൂഹ്യനീതി വിദൂരസ്വപ്നംപോലുമല്ല. അധികാരവും പണവുമാണ് സമൂഹത്തിന്റെ ഭരണശക്തി. മതങ്ങളുടെയും സമുദായങ്ങളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളൂടേയും എല്ലാം ലക്ഷ്യം രാഷ്ട്രീയാധികാരവും സമ്പത്തുമാണ്.കുത്തകകൾക്കു പ്രകൃതിവിഭവങ്ങളുടെയും ഭൂമിയുടെയും നിയന്ത്രണം കൈമാറുന്ന ഇടനില മാത്രമായി ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നു.
എങ്കിലും ഇന്ന് പട്ടികജാതി പട്ടികവർഗ്ഗക്കാർ, പലതരത്തിൽ‌പ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിങ്ങനെ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ചും പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചും ചിന്തിക്കുകയും , ആ രംഗത്തു പ്രവർത്തിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങളും വ്യക്തികളും ഉണ്ട്. പക്ഷേ അവർക്കൊന്നും രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തികസാമൂഹ്യ മഹാശക്തികളെ സ്വാധീനിക്കാൻ കഴിയുന്നില്ല.

സാമൂഹ്യനീതി നടപ്പാക്കൻ സമഗ്രാധിപത്യത്തിനു കഴിയും എന്ന ധാരണ സോവിയറ്റ് യൂണിയന്റെ പതനത്തോടെ തകർന്നു. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ജനാധിപത്യവ്യവസ്ഥയാണു ഭേദം എന്നു ചരിത്രം തെളിയിച്ചു, എന്നാൽ മതരാഷ്ട്രവാദവും മതതീവ്രവാദവും വർഗ്ഗീയതയും ഇന്നു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ഏറ്റവും വലിയ ഭീഷണിയായി വളർന്നുവന്നിരിക്കുന്നു.
ഇന്ന് സമൂഹത്തിൽ പ്രായോഗികതയ്ക്കും യാഥാർത്ഥ്യബോധത്തിനുമാണു പ്രാധാന്യം.സാമൂഹ്യനീതി വിദൂരസ്വപ്നംപോലുമല്ല. അധികാരവും പണവുമാണ് സമൂഹത്തിന്റെ ഭരണശക്തി.മതങ്ങളുടെയും സമുദായങ്ങളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളൂടേയും എല്ലാം ലക്ഷ്യം രാഷ്ട്രീയാധികാരവും സമ്പത്തുമാണ്.കുത്തകകൾക്കു പ്രകൃതിവിഭവങ്ങളുടെയും ഭൂമിയുടെയും നിയന്ത്രണം കൈമാറുന്ന ഇടനില മാത്രമായി ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നു.

wordsworth's garden

3) ഈയിടെ ചില നല്ല വിദേശ കവിതകള്‍ വിവര്‍ത്തനം ചെയ്തു കണ്ടു. ഒരു പക്ഷെ കാല്‍ നൂറ്റാണ്ടായി അത്ര വ്യപകമല്ലാത്ത ഒരു പ്രവണത ആണല്ലോ ഇത് .സച്ചിദാനന്ദനും ബാലനും വേറെചിലരും അന്ന് നെരുദ അടക്കമുള്ള പ്രമുഖരുടെ രാഷ്ട്രീയ കവിതകള്‍ മലയാളത്തിനു നല്‍കി .പിന്നീടു പുറം ലോകവുമായുള്ള മലയാള വായനക്കാരന്റെ ബന്ധം അറ്റു എന്ന് തന്നെ പറയാം .ഇത് നമ്മുടെ കവിതയെ എങ്ങിനെ സ്വാധീനിച്ചു ?

1970കളിൽ, അന്താരാഷ്ട്ര കാവ്യഭാവുകത്വവുമായി മലയാള ഭാവുകത്വത്തെ പൊരുത്തപ്പെടുത്താനും, വിപ്ലവരാഷ്ട്രീയത്തിന്റെ പ്രചാരണത്തിനും വേണ്ടിയാണ് ലോകസോഷ്യലിസ്റ്റ് കവിതകളുടെ തർജ്ജമകൾ ഉണ്ടായത്. സച്ചിമാഷ് ഇപ്പോഴും ലോകകവിതകൾ തർജ്ജമചെയ്യുന്നുണ്ട്.

പരന്ന വായന എനിക്കില്ല. ഇഷ്ടമുള്ള പഴയ ചിലത് ആവർത്തിച്ചു വായിക്കും. അത്രേയുള്ളു.അതിനാൽ ഇന്നത്തെ മലയാളകവിതയുടെ സ്ഥിതിയെക്കുറിച്ച് ഒരഭിപ്രായം പറയാൻ എനിക്കു യാതൊരു യോഗ്യതയും ഇല്ല. അതൊക്കെ അറിവുള്ളവർ പറയട്ടെ.

പ്രചോദനം ഇല്ലാത്തതുകൊണ്ട് ഞാനിപ്പോൾ കവിതയിൽ സജീവമല്ല.എന്നാൽ വായനയ്ക്കിടയിൽ ഉള്ളിൽത്തട്ടുന്ന കവിതകൾ തർജ്ജമ ചെയ്തുകൂടെ എന്നു ഈയിടെ ചില സുഹൃത്തുക്കൾ ചോദിച്ചു. അങ്ങനെ ചില തർജ്ജമകൾ ചെയ്തു.അത്രേയുള്ളു.

4 ) സച്ചിദാനന്ദന്‍ എന്ന കവിയില്‍ വിപ്ലവും അറ്റ് വരുന്നു എന്നും അദ്ദേഹം മതത്തെ മനുഷ്യാവകാശത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു എന്നും അപവാദമുണ്ടല്ലോ.

ജീവിതാനുഭവവും ലോകാനുഭവവും വായനയും പഠനവുമൊക്കെ മനുഷ്യന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തും.തെറ്റാണെന്നു ബോദ്ധ്യപ്പെടുന്ന വിശ്വാസങ്ങൾ ഉപേക്ഷിക്കും. മനുഷ്യസഹജമാണ് അതൊക്കെ. കവിയും ഹന്ത മനുഷ്യനല്ലയോ.വിപ്ലവം നടത്തേണ്ടതു ജനങ്ങളാണ്.ജനങ്ങൾക്കു വിപ്ലവം വേണ്ടെങ്കിൽ സച്ചിദാനന്ദൻ എന്തുചെയ്യാനാ?

മുസ്ലീം രാഷ്ട്രങ്ങളും മുസ്ലിംവർഗ്ഗീയവാദികളും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ സച്ചിദാനന്ദൻ അടക്കം പല ബുദ്ധിജീവികളും എതിർക്കാറില്ല. മുസ്ലിംവർഗ്ഗീയവാദികളുടെ പ്രസിദ്ധീകരണങ്ങളുമായി ഈ ബുദ്ധിജീവികൾ എപ്പോഴും സഹകരിക്കാറുമുണ്ട്. അത് അവരുടെ ഇഷ്ടം എന്നല്ലാതെ എന്തുപറയാൻ?

5)പെണ്ണെഴുത്ത്‌? എന്ത് പറയുന്നു?

ഷേക്സ്പിയര്‍ ഭവനത്തിനു മുന്നില്‍

സ്ത്രീകൾക്ക് നീതികിട്ടണം എന്ന ആവശ്യം ന്യായമാണ്. അതിലധികമൊന്നും പെണ്ണെഴുത്തിനെക്കുറിച്ചുപറയാൻ വേണ്ടത്ര അറിവ് എനിക്കില്ല.
6 ) ഇന്നത്തെ കേരളത്തില്‍ കവിത സ്വീകരിക്കാന്‍ ഒരു വായനാ സമൂഹം നില നില്‍ക്കുന്നതായി തോന്നുണ്ടോ?

രണ്ടായിരാമാണ്ടിൽ എന്റെ കവിതകളുടെ ഒരു വലിയ സമാഹാരം പ്രസിദ്ധീകരിച്ചു.ഓരോ പതിപ്പും രണ്ടായിരം കോപ്പി.ഇപ്പോൾ ഏഴാം പതിപ്പാണ്. ഈ വസ്തുതയിൽനിന്നും ഞാൻ അനുമാനിക്കുന്നത് മലയാളികളിൽ ചെറിയ ഒരു വിഭാഗം വായനക്കാർ എന്റെ കവിതപോലും വായിക്കുന്നുണ്ടെന്നാണ്.

7 ] ബാലന്‍ ദൈനംദിന വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മുതിരുന്നില്ല. എന്താണ്?
ഈ പശ്ചാത്തലത്തില്‍ സുകുമാര്‍ അഴീക്കൊടുമായി പ്രത്യേകിച്ചു അദ്ദേഹത്തിന്റെ സിനിമ സമരവുമായി ഉള്ള മനോഭാവം എന്താണ് ?

മാനസികവും ശാരീരികവുമായ ആരോഗ്യം ഇല്ലാത്തതുകൊണ്ടാണ് ദൈനംദിനവിഷയങ്ങളിൽ പ്രതികരിക്കാത്തത്.. അഴീക്കോട്സാറിന്റെ കാര്യത്തിൽ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് എന്റെ ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

8 ) ബാലന്‍ സീരിയല്‍ നടനായത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിഭവം ഉണ്ടല്ലൊ.

സീരിയൽ അഭിനയം എനിക്ക് ഇഷ്ടമാണ്. അതിന് അവസരവും ലഭിക്കുന്നു. അതുകൊണ്ട് അഭിനയിക്കുന്നു. പരിഭവവും വിമർശനവും പരദൂഷണവും സഹിച്ചു നല്ല ശീലമുണ്ട്.അതിനാൽ സാരമില്ല.

9)എഴുത്തും എഴുത്തുകാരന്റെ മദ്യപാനവും വീണ്ടും ചര്‍ച്ച ആയിരിക്കുന്നു മദ്യപാന കാലവും ഇല്ലാത്ത കാലവും അറിയുന്ന ബാലന് എന്ത് തോന്നുന്നു ?

കുടിക്കാന്‍ തോന്നിയപ്പോൾ ഞാൻ കുടിച്ചു. വേണ്ടെന്നു തോന്നിയപ്പോൾ നിർത്തി.അതിനാൽ ഇക്കാര്യത്തിൽ ഒരു തത്ത്വം പറയാൻ എനിക്ക് യോഗ്യതയില്ല. മദ്യപാനം എഴുത്തുകാരന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.ശല്യം സമൂഹത്തിനും ഉണ്ടാവുമെങ്കിലും.

വര: പി. ആര്‍. രാജന്‍

10) ബാലന്റെ നര്‍മ ബോധം സാധാരണ കവിതകളില്‍ കാണാറില്ല എന്നാല്‍ സ്വകാര്യസംഭാഷങ്ങളില്‍ ഒരു ചാക്യാരുടെ ഫലിതബോധം കാണാം .ഇതിനു പ്രത്യേക കാരണം ഉണ്ടോ ?

ഹാസ്യം ഇഷ്ടമാണ്. പക്ഷെ കവിതയെഴുതാൻ ഹാസ്യമല്ല, കരുണവും രൌദ്രവുമൊക്കെയാണ് എന്നെ പ്രചോദിപ്പിക്കുക. കാരണം അറിയില്ല

11)മലയാളത്തിലെ ഇപ്പോഴത്തെ നിരൂപണ ശാഖയെ കുറിച്ച് എന്താണ് അഭിപ്രായം ?അത് എഴുത്തിനെ എന്നതിലുപരി എഴുത്തുകാരെ കേന്ദ്രീകരിച്ചു പോവുന്നുണ്ടോ? ഒരു തരം താര പ്രാമാണ്യം? കെപി അപ്പന് ശേഷം ഏത് നിരൂപകനെ ആണ് ബാലചന്ദ്രന്‍ മലയാളത്തില്‍ ഗൌരവത്തോടെ കാണുന്നത്? കെ. പി. നിര്‍മല്‍കുമാര്‍ അടക്കം ചിലര്‍ വളരെ സജീവമായി രംഗത്തുണ്ടല്ലോ .അവരെ കുറിച്ച് ബാലന്‍ എന്ത് പരയുന്നു?

ഞാൻ ഒരു ബുദ്ധിജീവിയല്ല.ബുദ്ധിജീവിഭാഷ മനസ്സിലാവുകയുമില്ല എനിക്ക്. ഇഷ്ടമുള്ള സാഹിത്യം വായിക്കും എന്നല്ലാതെ സാഹിത്യ സിദ്ധാന്തങ്ങളൊന്നും ഞാൻ പഠിച്ചിട്ടില്ല. ഇപ്പോഴത്തെ നിരൂപണങ്ങളും പഠനങ്ങളും വായിക്കാൻ ആവശ്യമായ വിദ്യഭ്യാസം എനിക്കില്ല.പലതും വായിച്ചാൽ മനസ്സിലാവില്ല.വളരെ ഗഹനം ക്ലിഷ്ടം..ആ നേരം കൊണ്ട് ആശാൻ‌കവിത ഒന്നുകൂടി വായിക്കാമല്ലൊ എന്നു കരുതും.അതിനാൽ ഈ വിഷയത്തിൽ ഒന്നും പറയാനില്ല.

14 Responses to “ബാലചന്ദ്രന്‍ ചുള്ളിക്കാട്…അനുഭവങ്ങള്‍ ഓര്‍മ്മകള്‍ …”


 1. 1 മുജീബ് സെപ്റ്റംബര്‍ 19, 2010 -ല്‍ 11:58 am

  മറ്റൊന്നും കിട്ടാതെ ആയപ്പോള്‍ പ്രസിദ്ധീകരിച്ച പോലെ തോന്നുവോ?

 2. 2 പരമേശ്വരന്‍ സെപ്റ്റംബര്‍ 19, 2010 -ല്‍ 1:50 pm

  പ്രചോദനം ഇല്ലാത്തതുകൊണ്ട് എഴുതുന്നില്ല എന്നത് ഏതു എഴുത്തുകാരനും പറയാന്‍ മടിക്കുന്ന ഒരു ദു:ഖസത്യമാണെന്ന് തോന്നുന്നു. അത് തുറന്നു പറയാനുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തന്റേടം പ്രശംസ അര്‍ഹിക്കുന്നു.

 3. 3 RENADEV സെപ്റ്റംബര്‍ 19, 2010 -ല്‍ 2:17 pm

  മലയാളിയെ കവിത മൂളിക്കാന്‍ പഠിപ്പിച്ച ഒരു പച്ച മനുഷ്യനാണ് ചുള്ളിക്കാട്..തിളയ്ക്കുന്ന രോഷമായും,അപഹസിക്കപ്പെട്ട പോരാളിയായും,കാലങ്ങള്‍ താന്ടിയ അദ്ദേഹം,ഇന്നു തികച്ചും പക്വമതിയായ ഒരു കവിയുടെ സാര്തകതയിലാണ്..

 4. 4 asish സെപ്റ്റംബര്‍ 19, 2010 -ല്‍ 3:22 pm

  ചുള്ളിക്കാടിന്റെ കവിതകള്‍, മഴ തീര്‍ന്നിട്ടും പെയ്യുന്ന മരം പോലെ, വായനാസുഖം നല്‍കുന്നു. സീരിയല്‍ നടനം പോലെ അദ്ദേഹത്തിന് ഇഷ്ടമുള്ളത് എന്തും ചെയ്യാന്‍ വ്യക്തി സ്വാതന്ദ്ര്യം അനുവദിക്കുന്നു… എങ്കിലും കേരളത്തിലെ കാവ്യാസ്വാതകര്‍ ആനന്തധാരകല്‍ക്കായി കാത്തിരിക്കുന്നു…

 5. 5 devaraj സെപ്റ്റംബര്‍ 19, 2010 -ല്‍ 6:32 pm

  ചുള്ളിക്കാടിന്റെയും രവിവര്‍മയുടെയും പ്രകാശനം വളരെ ഇഷ്ടപ്പെട്ടു. ആദ്യ ഭാഗത്തിലെ ഒന്നാം ഭാഗം വായിച്ചപ്പോള്‍ അനിക്ക് ഓര്മ വന്നത് ജോണ്‍ എബ്രഹാം മരിച്ചപ്പോള്‍ ഓ വി വിജയന്‍ പറഞ്ഞതാണ്‌. ഒരു പക്ഷെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒന്നും ഒരുപക്ഷെ ജോണ്‍ ജീവിച്ചാല്‍ കിട്ടി കൊള്ളണം എന്നില്ല (ഓര്‍മ). വളരെ സത്യം.

  രണ്ടാം ഖണ്ഡികയില്‍ രവിവര്‍മ പെട്ടന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു. “കേരളത്തിലെ ജനങ്ങൾ സായുധ വിപ്ലവ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ കേരളജനത മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായി അവരോധിച്ചു.” ചുള്ളിക്കാടിന്റെ നിരീക്ഷണം വളരെ ശരി.

  “കുത്തകകൾക്കു പ്രകൃതിവിഭവങ്ങളുടെയും ഭൂമിയുടെയും നിയന്ത്രണം കൈമാറുന്ന ഇടനില മാത്രമായി ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നു.” ഇന്നത്തെ ഭരണകൂടത്തിന്റെ ശരിയായ നിര്‍വചനം.

  എന്നാല്‍ അടുത്ത പാരഗ്രാഫില്‍ എന്തോ പന്തികേടു തോനുന്നു. “എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ജനാധിപത്യവ്യവസ്ഥയാണു ഭേദം എന്നു ചരിത്രം തെളിയിച്ചു,[ചരിത്രത്തിനു ഫുള്‍ സ്റ്റോപ്പ്‌ ?] എന്നാൽ മതരാഷ്ട്രവാദവും മതതീവ്രവാദവും വർഗ്ഗീയതയും ഇന്നു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ഏറ്റവും വലിയ ഭീഷണിയായി വളർന്നുവന്നിരിക്കുന്നു. [ഇവിടെ സോഷ്യലിസം എങ്ങനെ വരുന്നു].
  ജനാധിപത്യം വേറെ സോഷ്യലിസം വേറെ അല്ലെ ?

  രവിവര്‍മ വീണ്ടും കവിതയിലേക്ക് — ചുള്ളിക്കാടിന്റെ ഉത്തരം പ്രതീക്ഷിച്ച പോലെ തന്നെ.

  അടുത്ത ഖണ്ടികയിലും വളരെ അര്‍ത്ഥവത്തായ ഉത്തരമാണ്.

  ഇങ്ങനെ ഓരോ വാക്കും വാചകങ്ങളും വളരെ ഉചിതമായും സത്യസന്ദമായും പറഞ്ഞിരിക്കുന്നു.

  വളരെ ഇഷ്ടം നന്നായി കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. ഇനിയുമുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  മലയാള നാടിന്റെ അട്മിനുകള്‍ക്ക് പ്രത്യേകം നന്റി….

  • 6 ബാലചന്ദ്രൻ ചുള്ളിക്കാട് സെപ്റ്റംബര്‍ 20, 2010 -ല്‍ 1:55 am

   @Devaraj. അധികാരത്തിന്റെ സാമൂഹ്യവൽക്കരണമാണു ജനാധിപത്യം. ദേശീയസമ്പത്തിന്റെ ജനാധിപത്യവൽക്കരണമാണു സോഷ്യലിസം.രണ്ടും അന്തഃ സത്തയിൽ ഒന്നുതന്നെ.ജനാധിപത്യം ഇല്ലാത്ത സോഷ്യലിസവും സോഷ്യലിസം ഇല്ലാത്ത ജനാധിപത്യവും അപൂർണ്ണമോ പരിമിതമോ ചിലപ്പോൾ അർത്ഥശൂന്യമോ ആണ്.

   • 7 പരമേശ്വരന്‍ സെപ്റ്റംബര്‍ 20, 2010 -ല്‍ 5:51 am

    വളരെ ശരി. അത് പക്ഷെ, സോഷ്യലിസ്ടുകള്‍ക്ക് മനസ്സിലാവുകയുമില്ല ജനാധിപത്യത്തിനു സാക്ഷാത്കരിക്കാന്‍ പറ്റുകയുമില്ല. അതാണ്‌ ദുരന്തം.

   • 8 devaraj സെപ്റ്റംബര്‍ 20, 2010 -ല്‍ 7:38 pm

    ഉത്തരത്തില്‍ ഞാന്‍ തൃപ്തന്‍.

   • 9 devaraj സെപ്റ്റംബര്‍ 20, 2010 -ല്‍ 7:40 pm

    ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഉത്തരത്തില്‍ ഞാന്‍ ത്രിപ്തന്‍.

   • 10 ഒ.കെ.സുദേഷ് സെപ്റ്റംബര്‍ 21, 2010 -ല്‍ 6:35 pm

    അധികാരത്തിന്റെ സാമൂഹ്യവല്ക്കരണത്തിൽ സമ്പത്തിന്റെ സാമൂഹികവല്ക്കരണവും ഉള്ളടങ്ങുന്നു. എന്നാൽ അത് സമഷ്ടിവാദപരമല്ല എന്നുമാത്രം. സമഷ്ടിവാദം ഒരു നല്ല സ്വപ്നമാണ്; ആകയാൽ യുടോപ്യനും. അതിനെ കുറച്ചൊക്കെ പ്രയോഗത്തിൽ വരുത്താമെങ്കിലും ഫലത്തിൽ സമ്പത്ത് വീണ്ടും അത് നന്നായി കൈകാര്യം ചെയ്യാനറിയുന്നവരുടെ ഒരു ന്യൂനപക്ഷത്തിനു കീഴിൽ വന്നടിയും. അത് ഇടപെടുന്ന മനുഷ്യരുടെ ഹിതാഹിതത്തെ ആശ്രയിച്ച് സംഭവിയ്ക്കുന്നതല്ല. അത് കാശിന്റെ സ്വഭാവമാണ്. അതെവിടേയും നില്ക്കില്ല; ആരുടെ അടുത്തും സ്ഥിരമായി പാർക്കില്ല. കറങ്ങുന്നതാണ് അതിന്റെ സ്വഭാവം. ചക്രം എന്നത് വെറുതെ വന്നുവീണ പേരെന്ന് കരുതിയോ? അങ്ങിനെ സംഭവിക്കാതിരിയ്ക്കണമെങ്കിൽ സമഗ്രാധിപത്യം വേണം. അത് തിരിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കും എന്നു മാത്രമല്ല സമ്പത്തിന്റെ വിതരണത്തെ സംബന്ധിയ്ക്കുന്ന സമഭാവനയെ നെടുകാലം നിലവിൽ നിലനിറുത്തുകയുമില്ല. ചുരുക്കത്തിൽ സോഷലിസം അഥവാ സമഷ്ടിവാദം എന്നത് വെറും ചാണകം മാത്രമാകുന്നു. വെറുതെ ബ്ളാ-ബ്ളാ അടിയ്ക്കാൻ സമയവും സൌകര്യവും ഉണ്ടെങ്കിൽ, ഒരു പരിപ്പുവട കൂടി എടുക്കട്ടെ എന്നു ചോദിയ്ക്കാം എന്നർത്ഥം. അതിനും കാശ് കൊടുക്കണം എന്നുമർത്ഥം.

 6. 11 സുനിൽ പണിക്കർ സെപ്റ്റംബര്‍ 20, 2010 -ല്‍ 5:31 am

  മലയാള കവിതയിൽ പകരം വയ്ക്കാനാവാത്ത
  സാന്നിധ്യമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്‌…
  സത്യസന്ധമായ മറുപടികൾ…
  അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു…

 7. 13 K Viswanath സെപ്റ്റംബര്‍ 23, 2010 -ല്‍ 8:17 am

  നാരായണഗുരുവും സ്വാമിജിയും ഒക്കെ ജീവിച്ചിരുന്നപ്പോള് ജീവിക്കാന് കഴിയാഞ്ഞ ഒരു ദുഖത്തിന്റെ ഒരു അംശം മാറുന്നത്, ചുള്ളിക്കാട് ജീവിച്ചിരിക്കുമ്പോള് ഞാനും ജീവിച്ചിരിക്കുന്നു എന്ന് ഓര്ക്കുമ്പോഴാണ്.. ഇന്ന് എഴുത്തുകാരന്റെ വ്യക്തി ജീവിതവും എഴുത്തിനൊപ്പം വായിക്കപെടുന്നു…പൂവിട്ടു വിമര്ശിക്കാന് അറിയില്ല. അത് പഠിച്ചിട്ടില്ല.. കച്ചവടത്തില് ആണെങ്ങില് Ethical Trading Initiatives…എന്ന് പറയും…

 8. 14 ഡെയ്സി, കാവാലം സെപ്റ്റംബര്‍ 29, 2010 -ല്‍ 4:40 pm

  ബാലചന്ദ്രൻ ചുള്ളിക്കാട് വളരെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. അറിയപ്പെടുന്ന ഒരു കവിയാണെങ്കിലും വാക്കുകളില്‍ വിനയം നിറഞ്ഞിരിക്കുന്നു. സമൂഹത്തിന്‍റെ ചട്ടക്കൂടുകളിലും ധാരണകളിലും തളയ്ക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത, സ്വത്വം അറിയാവുന്ന, ഒരു വ്യക്തിയെ …..കവിയെ….ഇവിടെ കാണാന്‍ സാധിക്കുന്നു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: