പ്രാഞ്ചിയേട്ട‌ന്‍

സിനിമാക്കൊട്ടക

സേതുനാഥ്. യു

ശ്രീ .രഞ്ജിത് കഥയും തിര‌ക്കഥയും സംഭാഷണ‌ങ്ങ‌ളുമെഴുതി സം‌വിധാന‌ം ചെയ്ത “‍ പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ്”,‍ പ്രാഞ്ചിയേട്ടന്‍ എന്ന ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സിന്റെ കഥ പറയു‌ന്നു. മ‌മ്മൂട്ടി കേന്ദ്രകഥാപാത്ര‌മായ പ്രാ‌ഞ്ചിയേട്ടനെ അവതരിപ്പിക്കു‌ന്നു. വാസുമേനോനായി ഇന്നസെന്റും പദ്മ‌ശ്രീയായി പ്രിയാമ‌ണിയും ഡോ.ഓമ‌ന‌യായി ഖുശ്ബുവും ഡോ ജോസ് ആയി സിദ്ദിഖും ഫ്രാന്‍സിസ് പുണ്യാള‌നായി ജെസ്സെ ഫോക്സ് അല്ലനും പോ‌ളിയായി മാസ്റ്റ‌‌ര്‍ ഗണ‌പതിയും സുപ്രനായി ടിനി ടോമും വേഷമിടുന്നു.

തന്റെ ജീവിതത്തിലെ ഒരു പ്രധാന‌പ്പെട്ട തീരുമാന‌മെടുക്കാന്‍ ഫ്രാന്‍സിസ് പുണ്യാള‌‌ന്റെ പ‌ള്ളിയിലെത്തുന്ന പ്രാഞ്ചിക്ക് ഫ്രാന്‍സിസ് പുണ്യാള‌‌ന്‍ പ്രത്യക്ഷനാവു‌ന്നതായും അ‌ദ്ദേഹവുമായി സ‌ം‌വദിക്കുന്നതായും ഉള്ള ഒരു തോന്ന‌ല്‍ ഉണ്ടാവുകയും ആ സ്വപ്ന‌സ‌ം‌‌വാദ‌‌ത്തിലൂടെ കഥ പറഞ്ഞു പോവുന്ന രീതിയുമാണ് രഞ്ജിത് ഈ സിനിമ‌യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലാഷ്ബാക് പുതിയ അവതരണരീതിയല്ലെങ്കില്‍ കൂടി കഥയുടെ രസച്ചരട് പൊട്ടാതെ വ‌ര്‍ത്തമാന‌കാല‌ത്തില്‍ത്തന്നെ കഥയെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിഞ്ഞു എന്നത് രഞ്ജി‌ത്തിന്റെ മാത്രം വി‌ജയമാണ്. കെട്ടുറപ്പുള്ള തിരക്കഥയും തൃശ്ശൂര്‍ മ‌ല‌യാള‌ത്തിലെഴുതപ്പെട്ട ഡയലോഗുക‌ളും ചിത്രത്തിന് മിഴിവേകുന്നു. ആസ്വാദകന്റെ മന‌സ്സിലേക്ക് കുത്തിത്തിരുകാതെ തന്നെ ന‌ന്‍മ‌യുടെ ആത്യന്തികവിജയത്തെക്കുറിച്ചുള്ള ഒരു സന്ദേശം പകരാനും ഈ സിനിമ‌ക്ക് കഴിയുന്നു എന്നത് ആശ്വാസവുമാണ്.

പരമ്പരാഗതമായ അരിക്കച്ചവടത്തിലൂടെ ചാര്‍ത്തിക്കിട്ടിയ അരിപ്രാഞ്ചി എന്ന പേര് തന്റെ അതിരില്ലാത്ത പണ‌‌ത്തിനും പ്രാമാണികത്വത്തിനുമേല്പ്പിക്കുന്ന പരിക്ക് പ്രാഞ്ചിയെ അല‌ട്ടുന്നു. സ്ഥാനമാന‌ങ്ങ‌‌ള്‍ പണ‌ത്തിലൂടെ നേടിയെടു‌ത്താല്‍ പ്രാഞ്ചി‌യുടെ ഈ ചീത്ത‌പേര്‍ മാറ്റിയെടുക്കാം എന്ന സുഹൃത്ത് വാസുമേനോ‌ന്റെ‍ (ഇന്നസെന്റ്) ഉപദേശങ്ങ‌‌ള്‍ പിന്തുടരുന്ന പ്രാഞ്ചിക്ക് പറ്റുന്ന അബ‌ദ്ധങ്ങ‌ള്‍ ന‌ര്‍മ്മത്തിന്റെ മേമ്പൊടിയിലും ഇന്നസെന്റ്, സിദ്ദിഖ് (ഡോ ജോസ് ),ടിനി ടോം( ഡ്രൈവ‌ര്‍ സുപ്രന്‍), ടി.ജി ര‌വി (ഉതുപ്പേട്ടന്‍) എന്നീ ന‌ടന്മാരുടെ അതിമ‌നോഹരമായ അഭിന‌യചാരുതയിലൂടെ രഞ്ജിത് അവതരിപ്പിക്കുന്നു. അ‌വാര്‍ഡുക‌ളും അംഗീകാര‌ങ്ങ‌ളും രാഷ്ട്രീയ സ്വാധീനത്തിന്റേയും പണാധിപത്യ‌‌ത്തിന്റേയും പിടിയിലാണെന്നുള്ള സമീപകാല വിവാദങ്ങ‌ളെ ആക്ഷേപ‌ഹാസ്യത്തിന്റെ മിതമായ ചേരുവയിലൂടെ സ‌ം‌വി‌ധായക‌ന്‍ സമ‌ര്‍ത്ഥമായി ക‌ളിയാക്കുകയും ചെയ്യുന്നു. പ്രാഞ്ചിക്ക് ‘പ‌ദ്മ‌‌ശ്രീ’ വില‌കൊടുത്തു വാങ്ങാനെത്തുന്ന ദക്ഷിണേന്ത്യന്‍ ദ‌ല്ലാളായി ശ്രീ ബാല‌ചന്ദ്രന്‍ ചുള്ളിക്കാടും ഒരു ഹ്രസ്വവേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണ‌വും അഭിന‌യവും കഥാപാത്രവുമായി താദാദ്മ്യം പ്രാപിച്ചതായി തോന്നിയില്ല.

അതിസാധാരണ‌മായ ട്വിസ്റ്റുക‌ളേ ഈ സിനിമ‌യില്‍ ഉള്ളൂ. പദ്മ‌ശ്രീ (പ്രിയാമ‌ണി) എന്ന ഇന്റീരിയ‌ര്‍ ഡക്കറേറ്ററുടേ പ്രവേശം അതിലൊന്നല്ലതാനും. നായകന് ഒരു സുന്ദരിയായ നായിക വേണ‌ം എന്നതുമാത്രമായിരിക്കണ‌ം ഈ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നി‌‌ല്‍.പദ്മ‌ശ്രീ എന്ന കഥാപാത്രം ഈ കഥക്ക് ഒരു അനിവാര്യത അല്ല എന്നിരിക്കെത്തന്നെ പ്രിയാമ‌ണി അനായാസമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.

പോളി (മാസ്റ്റ‌ര്‍ ഗണപതി) എന്ന റിബ‌ലായ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി‌യാണ് പ്രാഞ്ചിയുടെ ജീവിതത്തെ അയാള‌റിയാതെ തന്നെ ഗുണ‌പരമായ രീതിയില്‍ മാറ്റി മ‌റിക്കുന്നത്. അതു മാത്രമാണ് അനുദ്വേഗമില്ലാതെ തന്നെ അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ‌യിലെ ഏക ട്വിസ്റ്റും. ഗണപതി എന്ന ബാല‌ന്‍ വ‌ള‌രെ ന‌ന്നായിത്തന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു പ്രവ‌ര്‍ത്തിച്ചു. പോളി എന്ന കഥാപാത്രത്തിന്റെ വികസന‌ത്തിന് പിന്തുണ‌യായി ജഗതി ശ്രികുമാ‌ര്‍ അവതരിപ്പിച്ച “പണ്ഡിറ്റ് ദീന‌ദയാല്‍” എന്ന ‌ഗാന്ധിയന്‍. ശ്രീ ജഗതി തന്റെ അഭിന‌‌യത്തിന്റെ പ്രാ‌ഗ‌ത്ഭ്യ‌വും പരിണ‌തപ്രഞ്ജതയും തികവോ‌‌ടെ പ്രക‌ടിപ്പിച്ചു.

ബിജുമേനോന്‍ ചെയ്ത പോളിയുടെ അച്ഛന്‍, മ‌മ്മൂട്ടിയുടെ വീട്ടുജോലിക്കാര‌ന്‍ (ക്ഷമിക്കണം. ന‌ടന്റെ പേരറിയില്ല), ശിവജിയുടെ ഹെഡ്മാഷ് എന്നിവരും ന‌ല്ല പ്രകടന‌ം കാഴ്ച വെച്ചു.

അതിഭാവുകത്വം ഒട്ടുമില്ലാത്ത ബ്ലണ്ട‌ര്‍ കോമ‌ഡി ചെയ്യാന്‍ തനിക്കുള്ള അ‌പാര‌മായ കഴിവുക‌‌ള്‍ “പ്രാഞ്ചിയേട്ടന്‍” എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഭാവ‌ങ്ങ‌ളിലൂടെ മ‌മ്മൂട്ടി എന്ന മ‌‌ഹാന‌ടന്‍ അനാവരണ‌ം ചെയ്യുന്നു. വിദ്യാഭാസമില്ലായ്മ എന്ന തന്റെ ‌കുറവ് അതുണ്ടാക്കുന്ന ആത്മ‌വിശ്വാസമില്ലായ്മ അത് പ്രാഞ്ചിയുടെ ഓരോ പ്രവ‌ര്‍ത്തിയി‌ലൂടെയും നട‌ത്തത്തിലൂടെയും നില‌ക‌ളിലൂടെയും നേര്‍ത്ത ച‌ല‌ന‌ങ്ങ‌ളിലൂടെയും ഭാവമാറ്റങ്ങ‌ളിലൂടെയും നിഷ്ക‌ള‌ങ്കമായ തൃശ്ശൂര്‍ സംഭാഷണത്തിലൂടെയും അതിമ‌നോഹരമായി അവതരിപ്പിക്കുന്നു മ‌മ്മൂട്ടി.

സിനിമോട്ടോഗ്രഫിയില്‍ കൃത‌ഹസ്തനാണ് താന്‍ എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് വേണു തന്റെ ക്യാമറ‌യില്‍ ദൃശ്യവ‌ല്‍ക്കരിച്ച ഈ സിനിമ‌യിലെ സീനുക‌ള്‍.അസ്സാധ്യം എന്നു തോന്നുന്ന ക്യാമ‌റാ പൊസിഷനുക‌ള്‍ ഒന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല എങ്കിലും ഇതിനു വേണ്ടുന്ന എല്ലാം തന്റെ ക്യാമറയിലൂടെ ന‌‌ല്‍കാനായി എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.

ക്രൈസ്തവന്റെ കഥ പറയുന്ന സിനിമ എന്ന നില‌യില്‍ അതിന‌നുയോജ്യമായ പശ്ചാത്തല‌സ‌ംഗീതം ന‌‌ല്‍കുന്നതില്‍ ഔസേപ്പച്ചന്റെ പശ്ചാത്തല‌സ‌ംഗീതം വിജയിച്ചു. ഷിബു ചക്രവ‌ര്‍‌ത്തിയാണ് ഗാന‌രചന. ഔസേപ്പച്ചന്റെ സംഗീതവും. ഗാന‌ത്തിന് വലിയ പ്രസക്തിയില്ലാത്ത ഈ സിനിമ‌യില്‍ അതിനെ മുഴപ്പിച്ച് നിര്‍ത്തേണ്ടതില്ല എന്ന സ‌ം‌വിധായകന്റെ തീരു‌മാന‌ം പക്വത‌യാര്‍ന്നതാ‌യി.

ജെസ്സെ ഫോക്സ് അല്ല‌‌ന്റെ സെന്റ് ഫ്രാന്‍സിസ് പു‌ണ്യാളന്‍ തരക്ക്കേടില്ല എന്നേ പറയാവൂ. ഇരുണ്ട അ‌ള്‍ത്താര‌‌യുടെ പശ്ചാത്തല‌ത്തിലും പുണ്യാ‌ള‌ന്റെ നി‌ര്വ്വികാര‌മായ മുഖം അലോസരപ്പെടു‌ത്തി. മ‌ല‌യാളം സംഭാഷണം (ഡബ്ബിംഗ്) ന‌ര്‍മ്മം നിറഞ്ഞതായിരുന്നു താനും.

രണ്ടരമ‌ണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ ഉല്ലാസത്തോടെ കണ്ടിരിക്കാ‌ന്‍ എന്തുകൊണ്ടും യോഗ്യ‌മാണ്. ഈ സിനിമ ന‌‌ല്‍കുന്ന നല്ല ചില സ‌ന്ദേശങ്ങ‌‌ള്‍ പ്രേക്ഷകന്റെ മ‌ന‌സ്സില്‍ തറക്കും എന്നുള്ളതിനും സംശയമില്ല. മുടക്കുന്ന പണത്തിന് മൂല്യം ന‌‌ല്‍കുന്ന ന‌ല്ല സിനിമ. പോയി കാണുക. ശേഷം സ്ക്രീനില്‍ തന്നെ കാണുക.

3 Responses to “പ്രാഞ്ചിയേട്ട‌ന്‍”


 1. 1 baijumerikunnu സെപ്റ്റംബര്‍ 20, 2010 -ല്‍ 1:08 am

  സിനിമാ നിരൂപണത്തിന്റെ ഒരു ഒഴുക്ക് ഈ നിരൂപണത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നില്ല’
  പ്രധാനമായും പ്രഞ്ചിയെട്ടന്‍ മുന്നോട്ടു വയ്ക്കുന്ന സമകാലീക പ്രശ്നങ്ങളെ ചര്‍ച്ചക്കെടുക്കാന്‍
  സേതുനാതിനു കഴിയാതെ പോയി , സിനിമ കൊട്ടകയില്‍ ആളെ നിറക്കല്‍ അല്ല നിരൂപകന്റെ പണി ,…………

 2. 2 സേതുനാഥ് സെപ്റ്റംബര്‍ 20, 2010 -ല്‍ 6:28 am

  പ്രതികരണ‌‌ത്തിനു ന‌ന്ദി ബൈജു. ആസ്വാദന‌വും നിരൂപണ‌വും രണ്ടും രണ്ടാണല്ലോ. ഒരു സാധാരണ പ്രേക്ഷകന്റെ ആസ്വാദന‌ം മാത്രമാണിത് എന്ന് വി‌നീതമായി അറിയിക്കട്ടെ. ഇനി എഴുതുമ്പോ‌‌ള്‍ ഇത്തരം കാര്യങ്ങ‌ള്‍ ശ്രദ്ധിക്കാമെന്നും ഉറപ്പുതരു‌ന്നു.


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക്സെപ്റ്റംബര്‍ 19, 2010 -ല്‍ 11:30 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: