പ്രവാസി

ഒരു പാലത്തിന്ചുവട്ടിലെ അനുഭവം

റസാക്ക് വയനാട്


ഒരുപാട് പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയാണ് സ്വര്‍ണ്ണം വിളയുന്നനാട്ടില്‍ ഞാന്‍ പ്രവാസിയായി എത്തിയത്.തിരക്കേറിയതായിരുന്നു പ്രവാസ ജീവിതം. എന്നുപറഞ്ഞാല്‍ യൂസഫലിയെ,pvവഹാബിനെ, രവിപിള്ളയെപോലെ തിരക്കേരിയതൊന്നുമല്ല.ആടിന് പുല്ലെരിഞ്ഞും വെള്ളംകൊടുത്തും ഇണചേര്‍ത്തും പ്രസവമെടുത്തും മരുഭൂമിയിലെ തിരക്കെറിയ ജീവിതപ്രയാണം.അതിനിടയില്‍ അപൂര്‍വമായി മാത്രമെ ടൗണില്‍ പോവാറുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും കിട്ടുന്ന ശമ്പളം നാട്ടിലയക്കണം,അത്യാവശ്യപച്ചക്കറി-മസാല കുസാല സാധനങ്ങള്‍ വാങ്ങണം,പറ്റിയാല്‍ കഴിഞ്ഞദിവസങ്ങലിലെ പത്രങ്ങള്‍ സംഘടിപ്പിക്കണം ഇങ്ങനെ ടൗണിലും തിരക്കെറിയ ഏതാനും മണിക്കൂറുകള്‍.നാടിനെകുറിച്ചുള്ള ഓര്‍മകളുംചിത്രങ്ങളും മായാതിരിക്കാന്‍ സഹായിക്കുന്നത് ഈ പത്രത്താളുകളാണ്. ആദ്യമാദ്യം കഫീല്‍ കത്തുകള്‍ ക്ര്യത്യമായി കൊണ്ടുതരുമായിരുന്നു.പിന്നീടത് നിര്‍ത്തിയപ്പോള്‍ കത്തെഴുതുന്നത് ഞാനുംനിര്‍ത്തി.ഇപ്പോള്‍ നാടുമായി ബന്ധപ്പെടാനും,അലാറം വെച്ചെഴുന്നേല്‍ക്കാനും,സമയം നോക്കാനും എന്തിന് ടോര്‍ച്ചിനു പകരമായ് ഉപയോഗിക്കാനും കൂടി ഒരു മൊബൈലാണുള്ളത്. അല്‍ഹംദുലില്ലാഹ്..

നാട്ടില്പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.മനം തുടിക്കാഞ്ഞിട്ടല്ല.സ്വപ്നങ്ങളുടെ ചിറകറ്റുപൊയതുകൊണ്ടോ, ആഗ്രഹങ്ങളും അഭിലാഷങ്ങളും മുരടിച്ചുപോയതുകൊണ്ടോ അല്ല. ചെറുപ്പത്തിലേ വാപ്പ നഷ്ടപ്പെട്ട എന്റെ ഇഷ്ടാനിഷ്ടങ്ങല്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഉമ്മയും,ഒന്നുമാഗ്രഹിക്കാതെ എന്നൊടൊപ്പം ഇറങ്ങിവന്ന ഭാര്യയും,ഞങ്ങള്‍ക്കിടയില്‍ സന്തോഷപ്പെരുമഴ പെയ്യിച്ച പൊന്നോമന മകളും നിരന്തരം നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ആദ്യമാദ്യം സാമ്പത്തീക പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു. യാഥാര്‍ത്യങ്ങള്‍ അവരില്‍ നിന്നും ഞാന്‍ മറച്ചുവെച്ചു.വര്‍ഷങ്ങള്‍ ഞാനറിയാതെ കടന്നുപോയി.

ഇന്ന് കഫീലിനോട് നാട്ടില്‍ പോകുന്നതിനെകുറിച്ച് പറയാന്‍തന്നെ ഭയമാണ്.കഫീല്‍ നല്ലവനാണ്.അധികം സംസാരിക്കില്ല. പിറുപിറുക്കുകയോ ചീത്തപറയുകയോ ഇല്ല. പകരം കയ്യും കാലുമുപയോഗിച്ച് തന്നാലാവുംവിധം പ്രഹരിക്കും,മര്‍ദിക്കും.ഇരുമ്പ് പൈപ്പാണ് വടിയായി ഉപയോഗിച്ചിരുന്നത്. ആദ്യനാളുകളില്‍ ഒത്തിരി കരയുമായിരുന്നു.പിന്നീടതൊരു ശീലമായിമാറിയപ്പോള്‍ കരയുന്നത് ഞാന്‍ സ്വയംനിര്‍ത്തി.കേസും ഗുലുമാലും ബുദ്ധിമുട്ടും ഓര്‍‍ത്തപ്പോള്‍ ജിദ്ദ വഴി പോകുന്നതിനെ കുറിച്ചാലോചിച്ചു.ഒരുപാടുപേര്‍ ഉപദേശം തന്നു,ധൈര്യം നല്‍കി,സമധാനിപ്പിച്ചു.ഒരു സ്വദേശിയുടെ സഹായത്താല്‍ നിര്‍ണ്ണിതലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ”കന്ദറപാലം”.

പക്ഷെ ഞാന്‍ മനസ്സിലാക്കിയ രൂപമോ,രീതിയോ,സാഹചര്യമോ ആയിരുന്നില്ല കന്ദറപാലത്തിന്ചുവട്ടില്‍. തന്നെപോലെ നാടണയാന്‍ , ഉറ്റവരെയും ഉടയവരെയും ഒരുനോക്ക് കാണാന്‍,രക്തബന്ധങ്ങലും കെട്ടുബന്ധങ്ങളും വിളക്കിച്ചേര്‍ക്കാന്‍,സ്വപ്നങ്ങളും പ്രതീക്ഷകളും കൈവെടിഞ്ഞ് മാസങ്ങളായി തമ്പടിച്ചിരുക്കുന്ന ഒരുപാട് മനുഷ്യജന്മങ്ങള്‍.വിവിധ പ്രായക്കാര്‍ ,ഭാഷക്കാര്‍,ദേശക്കാര്‍.ഒറ്റക്കും കൂട്ടമായും നിലയുറപ്പിച്ചവര്‍. സ്വയം ചിരിച്ചുംകരഞ്ഞും വികാരവിചാരങ്ങള്‍ പ്രകടിക്കുന്നവര്‍. രോഗങ്ങള്‍ ചികില്‍സകിട്ടാതെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയവര്‍, മുറിവുകള്‍ പഴുത്ത് വ്രണമായ് ദുര്‍ഗന്ധം വമിക്കുന്നവര്‍, ആലോചനകള്‍ പരിധിവിട്ട് മനസ്സിന്റെ പിടിവിട്ട്പോയ ഹതഭാഗ്യര്‍… ഒരുവേള തിരിച്ചുപോയാലൊ എന്നുപൊലും ഞാന്‍ ആലോചിച്ചു. ഇതിനിടയിലും ചീട്ട്കളിച്ചും,ഡൊമിനോസ് നിരത്തിയും,കള്ളിവരച്ച് കല്ല് നിരത്തി ആടുംപുലിയും കളിച്ചും നീറുന്ന പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവരുമുണ്ടായിരുന്നു. ഒരു എട്ടംഗ സംഗത്തില്‍ ഞാനും ചേര്‍ന്നു.എല്ലാംകൊണ്ടും സമന്മാര്‍.കയ്യില്‍ അഞ്ചിന്റെ കാശില്ല.ഒരുഗ്ലാസ് ചായയുമായി ഒരു പെപ്സിയുമായി ആരെങ്കിലും അതുവഴിപോയാല്‍ ആമുഖത്തുനോക്കി ചുണ്ടുനനക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.സാമൂഹ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളെ ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തുന്നവര്‍. അവര്‍ക്കിടയില്‍ ബില്‍ഗേറ്റ്സൊ,മുഘേഷ് അംബാനിയോ ആയിരുന്നു ഞാന്‍. കാരണം തുച്ചമെങ്കിലും രണ്ടുമാസത്തെ ശമ്പളം കയ്യിലുള്ളവന്‍. പക്ഷെ പുറത്തുകാനിച്ചില്ല.

മലയാളിയുടെ സഹജസ്വഭാവം-ഗ്രൂപ്പുകള്‍ അവിടെയും സാധാരണമായിരുന്നു.രാഷ്റ്റ്രീയക്കാരെപോലെ വാക്ഗ്വാദങ്ങലും വീറും വാശിയും വെണ്ടുവൊളമുണ്ടെങ്കിലും അതെല്ലാം തീര്‍ത്തും പ്രയോജനരഹിതമായിരുന്നു. മൂന്നുനാലുതൂണുകള്‍ക്കപ്പുറം സ്ത്രീകളുടെ ആവാസകേന്ദ്രമായിരുന്നു.മക്കള്‍ക്ക് നല്ലൊരു ഭാവി കരുപ്പിടിപ്പിക്കാന്‍, ഭര്‍ത്താവിന്റെ ചികില്‍സക്ക് പണംകണ്ടെത്താന്‍,മതാപിതാക്കളുടെ വയറിനെ വിഷപ്പറിയിക്കാതിരിക്കാന്‍ പൊന്നുവിളയുന്നനാട്ടിലേക്ക് കാലെടുത്തുവെച്ച തരുണികള്‍.മലയാളികള്‍ പൊതുവെ കുറവായിരുന്നു.ഇരുട്ടിന്റെമറവില്‍ കാമം ഉരക്കംവിട്ടുണരുമ്പോള്‍ തങ്ങളെ തെടിയെത്തുന്നവരുമായി അവരുടെചെറുത്തുനില്പ്പുകള്‍ സര്വ്വസാധാരണമായിരുന്നുഗള്‍ഫിലുള്ള ഭാര്യയുടെ ഡ്രാഫ്റ്റിനായി കാത്തിരിക്കുന്ന ഭര്‍ത്താവുദ്യോഗസ്ഥന്മാരും ഇവരില്‍ ചിലരുടെയെങ്കിലും ഈ അവസ്ഥക്ക് കാരണക്കാരായിരിക്കാം. എല്ലാം കണ്ടുംകെട്ടും ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

നോര്‍ക്ക,പ്രവാസീകാര്യം,വിദേശകാര്യം വകുപ്പുകളും മന്ത്രിമാരും ഒരുപാടുണ്ട്.എമ്പസിയും കോണ്‍സുലെറ്റുമുണ്ട്.പക്ഷെ ഇതൊന്നും കന്ദറപാലത്തിന് ബാധകമല്ല.ഏജന്റുമാരുടെ വിളയാട്ടഭൂമിയില്‍നിന്ന് മാസങ്ങളുടെ യാതനകള്‍ക്കൊടുവിലാണ് ഡീപോട്ടേഷന്‍ സെന്ററിലെത്തിയത്. അവിടെയും അവസ്ഥകള്‍ തഥൈവ.ഒരു സെല്ലില്‍ ഇരുനൂറൊളംപേര്‍. കാലങ്ങളായി അവിടെയുള്ള ബര്‍മക്കാര്‍ക്ക് 10റിയാല്‍ കൊടുത്താല്‍ ഉറങ്ങാനുള്ള സ്ഥലം തരപ്പെടും. ഇല്ലങ്കില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യാം കിടക്കരുത്.ഞാന്‍ കിടന്നു.തലയിണയായി വെച്ച കൈമുട്ടിലെ നനവാണ് ഒരിക്കലെന്നെ ഉണര്‍ത്തിയത്. അടുത്തിരുന്നയാള്‍ മരണവെപ്രാളത്തില്‍ അറിയാതെ വിസര്‍ജിച്ചതായിരുന്നു അത്.ഇങ്ങനെ എത്രപേര്‍?..

നാട്ടില്‍ ഇറങ്ങണമെങ്കില്‍ എംബസി ഇസി നല്‍കണം.അതിന് പൗരത്വം തെളിയിക്കുന്ന രേഖയായ് എന്തെങ്കിലും വേണംഎന്റെ കയ്യിലുള്ളറേഷന്‍കാര്‍ഡിന്റെ കോപ്പി സ്വീകരിക്കുകയില്ല. സ്വീകരിക്കും അതിനുള്ളില്‍ 100റിയാലിന്റെ ഒരുനോട്ട് വെച്ച് അവിടെയുള്ള ബംഗാളിയെ ഏല്പിക്കണം. അതും മലയാളി ഓഫീസര്‍. എയര്പോര്‍ട്ടില്‍ നിന്നും വീട്ടലെത്താനോ,പൊന്നുമോള്‍‍ക്ക് ഒരുജോടി ഡ്രസ്സ് വാങ്ങാനോ നിവ്ര്യത്തി ഇല്ലാതിരിക്കുമ്പോഴാണ്…. സത്യത്തില്‍ പൊട്ടിക്കരഞ്ഞ്പോയി.

10ദിവസത്തിനുശേഷം നടപടികള്‍പൂര്‍ത്തിയാക്കി ഞങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.എതിര്‍ഗ്രൂപ്പില്‍ പെട്ടവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.കറുത്ത് തടിച്ച് സുഡാനിയേപ്പോലുള്ള ഓഫീസര്‍ ഞങ്ങളോട് ചോദിച്ചു”മേന്‍ മഅലൂം ഇംഗ്ലീസി”?[ആര്‍ക്കാണ് ഇംഗ്ലീഷ് അരിയുക?]. ഞങ്ങളുടെ ലീഡര്‍ ജാഫര്‍ വയനാട് നെഞ്ചത്ത്കൈവെച്ച് പറഞ്ഞു”അന മാലൂം”[എനിക്കറിയാം].”താഅല്‍ ഹിന”[ഇവിടെ വാ]. ജാഫറിനേയുംകൂട്ടി അദ്ദേഹം പോയി.പിന്നെ ആകാംക്ഷയുടെ മണിക്കൂറുകള്‍.ഒടുവില്‍ ജാഫര്‍ ആ സത്യം ഞങ്ങലുടെ ചെവിയില്‍ പകര്‍ന്നുതന്നു.മൊത്തം 15ടിക്കറ്റ് ഏഴെണ്ണം കൊല്‍കത്ത ബാക്കി മുംബൈ.നമ്മുടെ പേര് മുംബൈലേക്ക് കൊടുത്തു. അവരെഞാന്‍ കൊല്‍കത്തയില്‍ ചേര്‍ത്തു.എന്തോ മനസ്സിനൊരു വല്ലാത്ത സംത്ര്യപ്തി. മുംബെയില്‍ നിന്നും നാട്ടിലേക്ക് ട്രെയിനില്‍ ഇരിക്കവേ കൊല്‍കത്തയിലേക്ക് പോയ ഒരാളെ അല്പ്പം അഹങ്കാരത്തോടെ കളിയാക്കാനായി വിളിച്ചു.”ബായി ഇപ്പോള്‍ എവിടേയാണുള്ളത്”?. ഞാന്‍ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നു എന്നാണ് മറുപടി കിട്ടിയത്. ഇതെന്ത് മറിമായം?.വിളിച്ച നമ്പര്‍തെറ്റിയതല്ല.തെറ്റിയത് ജാഫറിനാണ്. എന്തുചെയ്യാം ഇംഗ്ലീഷില്‍ കാലികറ്റ് എന്നെഴുതിയത് ജാഫര്‍ കല്‍കത്ത എന്നാണ് വായിച്ചത്.ജാഫറിന്റെ ഇംഗ്ലീഷ് പരിജ്ഞാനം.അപ്പോഴും ട്രെയിന്‍ കോഴിക്കോട് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു……

കന്ദറയിലെ കുഞ്ഞ്

സമീല്‍ ഇല്ലിക്കല്‍

സമീല്‍ ഇല്ലിക്കല്‍

ഒരു മാസത്തേക്ക് മാത്രമായി റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ട്രാന്‍സ്ഫറായി എത്തിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് ‘കന്ദറ പാലം’ പോയി കാണണമെന്ന്. കന്ദറ പാലം കടന്നു പോകുന്നതിന് തൊട്ടപ്പുറത്തു തന്നെയായിരുന്നു ഓഫിസും താമസവുമെങ്കിലും ഒറ്റ നോട്ടത്തില്‍ കണ്ടു തീരാനാവില്ല അതൊന്നും. കാരണം ജിദ്ദയിലെ പാലങ്ങളുടെ/ഫ്ലൈഓവറുകളുടെ തുടക്കം തേടി പോകുക എന്നത് പുഴയുടെ തുടക്കം തേടി പോകും പോലെയാണ്. ശറഫിയ്യ എന്ന ‘മലപ്പുറത്തങ്ങാടി’യുടെ നടുവിലൂടെ ഒഴുകുന്ന കന്ദറ പാലത്തിന്റെ ആദിയില്‍ ബാബ് മക്കയിലേക്ക് പോകുന്നിടത്താണ് ആ ജീവിതങ്ങളുള്ളത്. പ്രവാസത്തിന്റെ പാതിയില്‍ പൊട്ടിയ കരിമണി മാലകള്‍ പോലെ അലയുന്ന ജീവിതങ്ങള്‍. കന്ദറ പാലത്തിന്റെ അറ്റത്ത് കിടക്കുന്ന അല്‍ബെയ്ക് റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന നാട്ടുകാരനും എന്റെ വിദ്യാര്‍ഥിയുമായ നിസാറിനെ കാണാനുള്ള പോക്കിലാണ് ‘കന്ദറ ജീവിതങ്ങളെ’ കാണുന്നത്.

സ്പോണ്‍സറില്‍ നിന്ന് ഓടിപ്പോന്നവര്‍, യാത്ര രേഖകളോ, ജീവിച്ചിരിക്കുന്നു എന്നതിനു തന്നെ രേഖകളോ ഇല്ലാത്തവര്‍, പൊലീസെത്തി ‘പിടികൂടാന്‍’ കാത്തിരിക്കുന്നവര്‍, ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞ് ഏതുവിധേനയും നാടണയാന്‍ കാത്തിരിക്കുന്നവര്‍… പക്ഷേ കന്ദറയില്‍ എന്നെ കാത്തിരുന്നത് ഈ കാഴ്ചകളായിരുന്നില്ല. വടിയില്‍ പ്ലാസ്റ്റിക് കീസു കെട്ടി തെളിച്ച് കൊണ്ടുവരുന്ന താറാവു കൂട്ടങ്ങള്‍ കണക്ക് കൂട്ടമായിരിക്കുന്ന ഫിലിപ്പൈന്‍ സ്ത്രീകള്‍. ഒരു പ്രദേശമാകെ അവര്‍ മാത്രമാണ്. അപ്പുറവും ഇപ്പുറവുമായി അവരുടെ കൂടെ നാടണയാനിരിക്കുന്ന ഫിലിപ്പൈനി പുരുഷന്മാരും. ഇത്രയേറെ പേരെ കണ്ട് ഞാനും അന്തം വിട്ടു. വെറുതെയല്ല, തലങ്ങും വിലങ്ങും പായുന്ന പൊലീസുകാര്‍ ഇവരെ തിരിഞ്ഞ് നോക്കാത്തത്. എത്രയാണെന്ന് വെച്ചാണ് വിമാനം കയറ്റി വിടുക.

കാഴ്ചയുടെ ഈ വൈരുധ്യത്തിന്റെ തുരുത്തിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അതു കണ്ടത്. ഒരു തൂണിന്റെ അര ഭിത്തിയില്‍ നിന്ന് അല്‍പം ഉയരത്തില്‍ ചട്ട കൊണ്ട് ഒരു കൂടു പോലെ മറച്ചിരിക്കുന്നു. മുംബൈയില്‍ റെയില്‍വെ ട്രാക്കിനരികില്‍ ആയിരങ്ങള്‍ ജീവിക്കുന്ന ‘ചോപ്പഡ’കള്‍ പോലെ. നടന്ന് നടന്ന് ആ തൂണിനരികിലെത്തിയപ്പോഴാണ് കാണുന്നത് ചട്ട കൊണ്ട് മറക്കാത്ത ഭാഗത്ത് ഒരു ഫിലിപ്പൈനി യുവതിയുടെ മടിയില്‍ അവളുടെ പുരുഷന്‍ കിടക്കുന്നു. ചീര്‍പ്പ് കൊണ്ട് അവള്‍ അവന്റെ തലയില്‍ നിന്ന് പേനെടുക്കുകയാണ്. തൂണിന് ചുറ്റും വൃത്താകൃതിയില്‍ മറച്ച ആ കൊച്ചു വീടിന്റെ ‘കോലായി’ലാണ് അവരിരിക്കുന്നത്. ചെറിയൊരു മരക്കമ്പു കൊണ്ട് ചട്ടയേയും സിമന്റ് തൂണിനേയും ബന്ധിപ്പിക്കുന്നിടത്ത് ചുവന്ന പുള്ളികളുള്ള ഷാള്‍ തൂക്കിയിട്ട് വാതിലും തീര്‍ത്തിരിക്കുന്നു. ഹൌ… ആ ഒരൊറ്റ നിമിഷത്തില്‍ എനിക്കവരോട് അസൂയ തോന്നി. ദുരിത കാണ്ഡങ്ങള്‍ക്കിടയിലും ഇവര്‍ സ്വര്‍ഗങ്ങള്‍ തീര്‍ക്കുന്നല്ലോ.

അല്‍ബെയ്ക്കില്‍ പോയി തിരിച്ചെത്തുമ്പോള്‍ ആ കുടിലിനടുത്തെത്തിയപ്പോള്‍ മറ്റൊരാളെ കൂടി കണ്ടു. അവരുടെ ഓമന കുഞ്ഞ്. മാതാപിതാക്കള്‍ക്കരികിലിരുന്ന് അനിശ്ചിതത്വങ്ങളുടെ മഹാനഗരത്തിന്റെ ദുരിതങ്ങളറിയാതെ ആ കുഞ്ഞ് കളിച്ചു കൊണ്ടിരിക്കുന്നു…  അകലേക്ക് നടന്നു മറയുവോളം ഞാന്‍ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു… അതെ ആ കുഞ്ഞ്, അതവിടെ കളിച്ചു കൊണ്ടേയിരിക്കുകയാണ്…

ഡബിള്‍ ബെല്‍

ദിവ്യ സേവ്യര്‍


നാട്ടില്‍ നിന്നും അകന്ന് മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍  അവിടത്തെ ശീലങ്ങള്‍ ആദ്യമൊക്കെ കുറച്ചു വിചിത്രമായി തോന്നും. ഒരു വശത്ത് നാടിനോടുള്ള സ്നേഹവും, ആത്മബന്ധവും, അകന്നു നില്‍ക്കുന്നതിന്റെ ഒരു കുന്ന് വേദനയും. മറു വശത്ത്, പുതിയ ചുറ്റുപാടുകള്‍, പ്രകൃതി, കാലാവസ്ഥ, സംസ്കാരം. നാടിനു തന്നെയാണ് മേല്‍കൈ. എന്തൊക്കെ പോരായ്മകളുണ്ടായാലും എന്നെ സ്നേഹിക്കുന്ന നാടിനും അവിടത്തെ സംസ്കാരത്തിനും പകരം വെയ്ക്കാവുന്ന ഒന്നും ഇവിടെ കണ്ണില്‍ പെട്ടില്ല. ആദ്യമായി ബസ്സില്‍ കേറുന്നത് വരെ.

കാനഡയില്‍ ഒരു പതിവുണ്ട്. യാത്രക്കാര്‍ ബസില്‍  നിന്നും  ഇറങ്ങുമ്പോള്‍   ഡ്രൈവറോട് “Thank You” പറയും. മറുപടിയായി അയാള്‍ ചിരിച്ചു കൊണ്ട് “Have a nice day” എന്നോ “You’re welcome” എന്നോ പറയും. ഇനി “Thank You” പറഞ്ഞില്ലെങ്കില്‍ അടുത്ത തവണ കയറ്റാതിരിക്കത്തൊന്നുമില്ല. ഇത് ഇവിടത്തുകാരുടെ ഒരു ശീലമാണ്. മനസ്സിന് എന്തോ ഒരു സുഖമാണ് അത് കേള്‍ക്കുമ്പോള്‍ . മൂടി കെട്ടി ഇരിക്കുന്ന അപരിചിതത്വം പെയ്തോഴിഞ്ഞത് പോലെ.

സ്കൂള്‍ കുട്ടികള്‍ കേറുമ്പോഴാണ് രസം. ടീച്ചര്‍മാരുടെ അകമ്പടിയോടെ ഒരു പത്തു പതിനഞ്ചെണ്ണം കാണും. ഓരോരുത്തരും ഇറങ്ങുമ്പോള്‍ ഡ്രൈവറോട് “Thank You” പറയും. അയാള്‍ തിരിച്ചു ആശംസിച്ചു മടുക്കും. പക്ഷെ മുഖത്ത് കാണില്ല. ചിരി കൊണ്ട് വിദഗ്ദ്ധമായി മൂടിയിട്ടുണ്ടാവും.

ഇനി നാട്ടിലേക്കൊന്നു പോയി വരാം. ഈ ശീലവും പൊക്കികൊണ്ട് നാട്ടിലെ ബസ്സില്‍ കേറിയാല്‍, “താ” എന്ന് പറയുമ്പോഴേക്കും നമ്മള്‍ താഴെ കിടക്കും. ചവിട്ടുപടിയില്‍ നിന്ന് കാലു പുറത്തേക്കു കുത്താന്‍ കാത്തിരിക്കുകയാണ് ഡബിള്‍ ബെല്ലടിക്കാന്‍. എല്ലാത്തിനും വേഗത. എല്ലാവര്ക്കും ധൃതി. അതിനിടയില്‍ എന്ത് നന്ദി, എന്ത് മര്യാദ.

നമ്മുടെയൊക്കെ ജീവിതവും, നാട്ടിലെ ബസ്സ്‌ യാത്ര പോലല്ലേ ? എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍, നമ്മള്‍ ഇതുപോലുള്ള കൊച്ചു കൊച്ചു മര്യാദകള്‍ മറക്കുന്നില്ലേ ? അവസാനം വേഗത കൂടി, വണ്ടീടെ ബ്രേക്ക് പൊട്ടി എവിടെങ്കിലും ഇടിച്ചു നില്‍ക്കുമ്പോ നമ്മള്‍ പറയും “ഓടാനായി ഇനീം ജീവിതം തിരികെ തന്നതിന് നന്ദി”.

Advertisements

6 Responses to “പ്രവാസി”


 1. 1 മുജീബ് സെപ്റ്റംബര്‍ 19, 2010 -ല്‍ 12:03 pm

  ഇപ്പോഴാണ് വായിച്ചത്. നന്നായി.

 2. 2 Sathianesan സെപ്റ്റംബര്‍ 20, 2010 -ല്‍ 12:14 pm

  ഇങ്ങനെയൊരു സ്ഥലം സൗദിയില്‍ ഉണ്ടോ? ഈ ചൂടില്‍ എങ്ങിനെയാണ്യാണ് പലതിന്ടെ ചുവട്ടില്‍ കഴിയുക.മനുഷ്യാവകാശ സംഘടനകള്‍ എന്താ ഇതൊന്നും കാണാത്തത്?

 3. 3 shanid സെപ്റ്റംബര്‍ 20, 2010 -ല്‍ 8:32 pm

  അതിലും ദയനീയമായ അവസ്ഥകള്‍ അവിടെയുണ്ട് …. പറ്റുമെങ്കില്‍ ” ആടുജീവിതം ” എന്നാ പുസ്തകം വായിക്കുവാന്‍ ശ്രമിക്കുക …

 4. 4 sijimol varghese സെപ്റ്റംബര്‍ 24, 2010 -ല്‍ 11:56 pm

  today i took a decision for my brothers and sisters under the KANDARA PALAM.i will pray for them.i thought my sufferings,burdens and debits are bigger than others.now i realized that there are people with more issues and problems.THANKS A LOT to malayala nadu.

 5. 5 shamsudheen alungal സെപ്റ്റംബര്‍ 27, 2010 -ല്‍ 6:31 pm

  സൌദിയില്‍ പോയവര്‍ ജിദ്ദയിലെത്തിയാല്‍ ഒരു ഉംറ ചെയ്യാതെ തിരിച്ചു വരാറില്ല. അത്പോലെ തന്നെ അല്‍ ബേക്ക് ല്‍ നിന്ന് ഒരു ബ്രോസ്റ്റ് ചിക്കനും കഴിക്കാതിരിക്കല്‍ നഷ്ട്ടമായിരിക്കും.അല്‍ ബേക്ക് ന്‍റെ പരിസരത്ത് എത്തിയാല്‍ കുറെ അകലെ നിന്ന് തന്നെ നമുക്കത് മനസ്സിലാവും. ആ ഭാഗം മൊത്തത്തില്‍അല്‍ ബേക്ക് ന്‍റെ മണമാണ്. കന്ദ്‌റ പാല ത്തെ ചുറ്റി പറ്റി ധാരാളം കഥകള്‍ മലയാളികള്‍ ക്കിടയികുണ്ട്.നമ്മുടെ പെഴ്സോ പാസ്പോട്ടോ നഷ്ട്ട പ്പെട്ടാല്‍ അത് കന്ദ്‌റ പാലത്തിനടിയില്‍ ചെന്നാല്‍ കിട്ടുമെന്നതാണ് അതിലൊന്ന്.കന്ദ്‌റ പാലത്തിനടിയില്‍ കറുപ്പന്‍മാരെ (സോമാലിയക്കാര്‍) കയ്യില്‍ പെട്ടാല്‍ കരളും കൂടി അവര്‍ കടിച്ചെടുക്കും എന്നതാണ് വേറെ ഒന്ന്.എല്ലാ ബലാല്‍ മുസീബത്തുകളും അവിടെയുണ്ടാകും എന്നത് ഇനിയൊന്ന്. ഈ അനുഭവ കഥയിലൂടെ വായിച്ചതിനെക്കാള്‍ പരിതാപകരമാണ് അവിടുത്തെ കാര്യങ്ങള്‍.ഒരു ബോംബെ ധാരാവിയാക്കി ഒഴിച്ചിട്ടിരിക്കയാണ് അധികാരികള്‍.ഒരു നിലക്ക് പറഞ്ഞാല്‍ അവരുടെ കാരുണ്യം കൊണ്ടാണ് ബുദ്ദിമുട്ടിയിട്ടാണങ്കിലും വിസ തീര്‍ന്നവര്‍ക്കും, സ്പോണ്‍ സറില്‍ നിന്ന് ചാടി വന്നു പണി യെടുക്കുന്നവര്‍ക്കും ഉംറ വിസയിലെത്തി മുങ്ങി നടക്കുന്നവര്‍ക്കുമെല്ലാം നാട്ടില്‍ പോകാന്‍ ഒത്തുകൂടാനുള്ള സ്ഥലമാണത്.മുമ്പ് സൌദിയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലേക്ക് ഓര്‍മ്മകള്‍ തിരിച്ചു വിടുന്നതായിരുന്നു ഈകുറിപ്പുകള്‍ …


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 11:00 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: