പാപനാശിനി 1986

1986-ലെ പാപനാശിനിയും തിരുനെല്ലിയും

– എം. എ. ലത്തീഫ്

കാലം ബാക്കിവെച്ച ചിതലരിക്കാത്ത ഓര്‍മ്മകള്‍ക്കു മങ്ങലേറ്റിട്ടുണ്ടാവാം..എങ്കിലും2010 സപ്തംബര്‍നു വയനാട് മേപ്പാടിയിലേക്കു എത്തിയപ്പോള്‍ വയനാടന്‍ മലനിരകളും കുടകുമലകളുടെ വിദൂരദൃശ്യങ്ങളും പഴയ യാത്രയുടെ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തി.. ഓര്‍മ്മയിലെ അവ്യക്തതകള്‍ തീര്‍ക്കുന്ന തെറ്റുകള്‍ ക്ഷമിക്കുകയെന്ന മുഖവുരയോടെ തുടങ്ങാം..

1986ല്‍ പാരലല്‍ കോളേജില്‍ ജോലി ചെയ്യുന്ന കാലം.. ആഴ്ചയില്‍ ഏഴു ദിവസവും ക്ലാസ്സെടുക്കുന്ന കാലം.. ഒരു അവധി ദിവസമെന്നാല്‍ ആഘോഷമാണ്‍.. രണ്ടു ദിവസം തുടര്‍ച്ചയായി അവധി കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ മുന്‍കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യും.. പൊതുവില്‍ ഞാനും രണ്ടു സുഹൃത്തുക്കളുമാണു യാത്ര തല്പരര്‍..

തുടര്‍ച്ചയായിക്കിട്ടിയ രണ്ടുദിവസങ്ങള്‍ ഉപയുക്തമാക്കാന്‍ തീരുമാനിച്ചു.. പുതിയ മേച്ചില്പുറങ്ങളിലേക്കുള്ള അന്വേഷണം എത്തിനിന്നത് തിരുനെ എല്ലാവരും പാരലല്‍ കോളേജ് അധ്യാപകര്‍..മലപ്പുറത്തുനിന്നു ബസ്സില്‍ കോഴിക്കോട്ടേക്ക്.. അവിടെ നിന്നു ആനബസ്സില്‍ (KSRTC) വയനാട്ടിലേക്ക്..അതു എവിടെയാണു എത്തിയതെന്ന് ഓര്‍മ്മയില്ല. സുല്‍ത്താന്‍ ബത്തേരിയോ മാനന്തവാടിയോ..? എന്തായാലും അവിടെ നിന്നു ഭക്ഷണം കഴിച്ചു.. സുഭിക്ഷവും ആഘോഷത്തോടെയുമുള്ള ഭക്ഷണമായിരുന്നില്ല.. മിനിമം.. ലളിതം.. കാരണം മറ്റൊന്നുമല്ല, സാമ്പത്തികമായി ഞെരുക്കമുള്ള കാലമായിരുന്നു പാരലല്‍ കോളേജ് അധ്യാപനകാലം..അവിടെനിന്നു മുത്തങ്ങയിലേക്കുള്ള പ്രയാണം ആരംഭിച്ചു.. ആനപ്പന്തിയും കേട്ടറിഞ്ഞ സങ്കല്പം വെച്ചു ഒട്ടേറെ കാഴ്ചകളും മനസ്സില്‍ കോറിയിട്ട് ആകാംക്ഷയോടെ മുത്തങ്ങയെ പ്രതീക്ഷിച്ചു ബസ്സിലിരുന്നു വഴിയോരക്കാഴ്ചകളിലെ പച്ചപ്പുകള്‍ ആസ്വദിച്ചുകൊണ്ടിരുന്നു.. മുത്തങ്ങയില്‍ എത്തിയപ്പോള്‍ ആകെ നിരാശരാകുന്ന അനുഭവമായി.. ആനപ്പന്തിയില്‍ ആനകള്‍ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്ന രണ്ടെണ്ണത്തെ കാട്ടിനുള്ളില്‍ മറ്റെന്തോ ആവശ്യത്തിനു കൊണ്ടുപോയതാണെന്നു പറഞ്ഞു.. അതിനടുത്തുള്ള അരുവിയിലെ (അതോ കുറച്ചു അകലെയോ..?) തണുത്ത വെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ വല്ലാത്തൊരു ഉന്മേഷം..

കറങ്ങിത്തിരിഞ്ഞ് വൈകിട്ട് ഒരു ഹോട്ടലിനു മുകളിലുള്ള ലോഡ്ജില്‍ മുറിയെടുത്തു.. മാനന്തവാടിയാണെന്നു ഓര്‍മ്മ.. അടുത്ത ദിവസം രാവിലെ തിരുനെല്ലിയിലേക്ക്.. ഒരു കാലത്ത് കേരളത്തെ വിറപ്പിച്ച (ത്രസിപ്പിച്ച) വര്‍ഗ്ഗീസിനെയാണു തിരുനെല്ലിയെന്നു കേള്‍ക്കുമ്പോള്‍ അന്നത്തെ തിളക്കുന്ന യുവത്വത്തിനു ഓര്‍മ്മയില്‍ വരിക.. അന്നു തിരുനെല്ലിവരെ പോകുന്ന ഒരു ബസ് മാത്രമാണുണ്ടായിരുന്നത്.. അതു രണ്ടു ട്രിപ്പ് ഓടുകയായിരുന്നു. ആ ബസ് കിട്ടിയില്ല. മെയിന്‍ റൂട്ടില്‍ നിന്നു തിരുനെല്ലിയിലേക്കു തിരിയുന്നതുവരെയുള്ള ബസ്സാണു ഞങ്ങള്‍ക്കു കിട്ടിയത്. അതുകൊണ്ടു തന്നെ അവിടെ ഇറങ്ങി പിന്നീടുള്ള 13 കി.മീ യാത്ര എങ്ങിനെയെന്നു ഗൌരവമായി ചിന്തിക്കാനുള്ള സാധ്യതകളൊന്നുമില്ലായിരുന്നു. ബസ്സില്ല. പിന്നെയുള്ള സാധ്യത ജീപ്പ് വാടകക്കു വിളിക്കുക. അതു താങ്ങാനുള്ള ശേഷി അന്നത്തെ ഞങ്ങളുടെ കീശകള്‍ക്കുണ്ടായിരുന്നില്ല. വേറൊരു കൂട്ടര്‍ ജീപ്പു വിളിക്കാന്‍ ശ്രമം നടത്തുന്നതു കണ്ടപ്പോള്‍ അവരുടെ കൂടെ പങ്കാളികളാകാന്‍ ശ്രമം നടത്തിയെങ്കിലും മേല്പറഞ്ഞ കാരണത്താല്‍ അതും ഉപേക്ഷിച്ചു. ഇനി ഏകമാര്‍ഗ്ഗം കാല്‍നടയാത്ര. പിന്നെ കാത്തുനിന്നില്ല. വലിഞ്ഞു നടന്നു.. മടക്കത്തിലെങ്കിലും ബസ്സ് കിട്ടണമെന്ന ഉദ്ദേശമുണ്ടായിരുന്നു.. വളരെ രസകരമായ യത്ര..ഏകദേശം പകുതിയെത്തിയപ്പോള്‍ ഒരു ടെമ്പോ വാന്‍ വരുന്നതുകണ്ട് കൈ കാണിച്ചു. മണ്ണോ വിറകോ ആയിരുന്നു അതിലുണ്ടായിരുന്നത്.. അവര്‍ നിര്‍ത്തിത്തന്നു. വളരെ നിഷ്കളങ്കമായി, കയറട്ടെയെന്നു ചോദിച്ചു.തലയാട്ടേണ്ട താമസം ഞങ്ങള്‍ വാനിന്റെ പുറകില്‍ ലോഡിനു മുകളില്‍ സന്തോഷത്തോടെ കയറി. ഏകദേശം രണ്ടു കിലോമീറ്റര്‍ ബാക്കി നിര്‍ത്തി വാന്‍ തിരിഞ്ഞു പോയി. അവര്‍ പൈസ വാങ്ങിയില്ല.ഞങ്ങള്‍ നടത്തം തുടര്‍ന്നു.തിരുനെല്ലിയിലെത്തുമ്പോള്‍ 11 മണിയാണെന്നാണ് ഓര്‍മ്മ.. ഞങ്ങള്‍ ബസ് തിരിച്ചിടുന്നതിനടുത്ത് ക്ഷീണം മാറ്റാന്‍ ഇരുന്നപ്പോള്‍ ജ്യോതിപ്രകാശ് ഒരു പെട്ടിക്കടയിലേക്കു നടന്നു. തിരിച്ചു വന്നു പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. “ഭയങ്കര വെശപ്പ്.. ഒരു സോഡ ങ്ങട് കുടിച്ചു..”

പത്തു മിനുട്ടു വിശ്രമത്തിനു ശേഷം പാപനാശിനിയിലേക്കു നീങ്ങി.. പോകുന്ന വഴിയില്‍ പഞ്ചതീര്‍ത്ഥം. അതിന്റെ പടവുകളിറങ്ങി. ആ പടവുകളില്‍ കുറച്ചു വിശ്രമം.ആളുകള്‍ വളരെ കുറച്ചുമാത്രം. ഇടക്കോരോ ഫോട്ടോയും എടുക്കും. സുഹൃത്തിന്റെ ക്യാമറയില്‍ ബാക്കിയുള്ള 14 ഫിലിം ആണു ആകെയുള്ളത്. ആകെ 36 സ്നാപ്പിനുള്ള ഫിലിമില്‍ വേറെയേതോ പരിപാടി അവന്‍ ചെയ്തു ബാക്കിയുള്ള ഫിലിമാണു.. അമൂല്യമാണത്.. നിഗൂഢതയും ഔഷധഗുണവുള്ള പാപനാശിനിയിലെ കന്യാജലം ദുര്‍ഗ്ഗമങ്ങളായ രണ്ടു പാറകള്‍ക്കിടയില്‍ നിന്നു ഉത്ഭവിച്ചെത്തുന്നതു തന്നെ എവിടെനിന്നൊക്കെയോ വന്നെത്തുന്നവരുടെ വിശ്വാസവും പാപങ്ങളും നിലവിളികളും വിയര്‍പ്പും ഏറ്റുവാങ്ങാനുള്ള ദൌത്യവുമായാണ്‍.. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റുവങ്ങി സ്വയം മലിനമാവുകയും അവരെ ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന സവിശേഷതയാണു പാപനാശിനിയെ പുണ്യമാക്കുന്നത്. പാവം പാപനാശിനി.. വളരെ വീതി കുറഞ്ഞ ആ കാട്ടരുവി ജന്മം കൊള്ളുമ്പോള്‍ ഓര്‍ത്തുകാണില്ല, ഇത്രയും പാപങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നു..അത്രയും മനസ്സില്‍ കരുതിക്കൊണ്ടുതന്നെ മുങ്ങി കുളിക്കാന്‍ തയ്യാറാക്കിയതുപോലുള്ള ആ കുഞ്ഞു കയത്തില്‍ മുങ്ങിക്കുളിച്ചു.. നാലുപേരും.. സവിശേഷതയാര്‍ന്ന ഒരു തണുപ്പ്. പല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പ്. ശുദ്ധമായ തെളിഞ്ഞ വെള്ളം. ഒരു സമയം ഒരാള്‍ക്കു മാത്രമേ മുങ്ങിക്കുളിക്കാന്‍ കഴിയുമായിരുന്നുള്ളൂ.ഇന്നെങ്ങിനെയാണെന്നറിയില്ല. തൊട്ടു താഴെയുള്ള കൊച്ചുപാറയില്‍ ഇരുന്നുകൊണ്ടു തല തോര്‍ത്തി കരയിലേക്കു കയറുമ്പോള്‍ ഒരു കുടുംബം കുളിക്കാന്‍ (പാപങ്ങള്‍ കഴുകിക്കളയാന്‍) തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ കഴുകിപ്പോയോ എന്നു അറിയാന്‍ നമുക്കു മാര്‍ഗ്ഗമില്ലല്ലോ..പാപനാശിനിക്കു നാവുണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി..എങ്കില്‍ എന്നോടു പറയുമായിരുന്നു, ഞാന്‍ നിന്റെ പാപങ്ങള്‍ ഏറ്റുവാങ്ങിയെന്നു.. അല്ലെങ്കില്‍ ഏറ്റു വങ്ങാന്‍ നിന്റെ കയ്യില്‍ പാപങ്ങളില്ലെന്ന്..

ഏതായാലും ഈ പാപനാശിനി എവിടെ തുടങ്ങുന്നുവെന്ന ആകാംക്ഷ മുകളിലേക്കു കയറാനുള്ള താല്പര്യം കൂട്ടി. ഒട്ടേറെ പാറകള്‍ക്കും ഉരുളങ്കല്ലുകള്‍ക്കും ഇടയിലൂടെ വഴിഉണ്ടാക്കിക്കൊണ്ടും ഇടക്കു ഇടത്താവളങ്ങള്‍ക്കായി കുഴികള്‍ സൃഷ്ടിച്ചുകൊണ്ടും പരിശുദ്ധയായി ഒഴുകിയെത്തുകയാണ്‍. ആ ശുദ്ധജലത്തെ കല്പാത്തിയിലൂടെ ക്ഷേത്രത്തിലേക്കു എത്തിച്ചിരിക്കുന്നത് നാടന്‍ സാങ്കേതികതയുടെ ചരിത്രസാക്ഷ്യമാണു..തിരുനെല്ലി ക്ഷേത്രാങ്കണത്തില്‍ നിന്നു കാഴ്ചകള്‍ കണ്ടു..വര്‍ഗ്ഗീസിനെ വെടിവെച്ചുകൊല്ലാന്‍ രൂപരേഖയുണ്ടാക്കിയ തിരുനെല്ലി പോലീസ് സ്റ്റേഷനും കണ്ടു. വര്‍ഗ്ഗീസ് പാറയും പക്ഷിപാതാളവും ബാക്കിവെച്ചു മടക്കയാത്ര തുടര്‍ന്നു.. ഭക്ഷണത്തിനു ശേഷം മടക്കയാത്രക്കുള്ള ബസ് ചാര്‍ജ്ജ് കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയില്ലെന്നു പറയാം.

1 Response to “പാപനാശിനി 1986”  1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക്സെപ്റ്റംബര്‍ 19, 2010 -ല്‍ 11:30 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: