എഡിറ്ററുടെ പേജ്

മലയാളനാട്  ബ്ലോഗ് പതിപ്പ് ലക്കം രണ്ട്
സെപ്റ്റംബര്‍  19

“തിരുവിതാം കൂറില്‍ ഒരു സര്‍വ്വകലാശാല തുടങ്ങുന്ന കാര്യത്തില്‍ അന്വേഷണങ്ങളും ആലോചനകളും നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉടനെ കമ്മീഷനെ നിയമിക്കും എന്നറിയുന്നു. ഈ വര്‍ത്തമാനം നാട്ടുകാര്‍ക്ക് എത്രമേല്‍ സന്തോഷകരമായിരിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൈസൂരില്‍ രണ്ട് കോളേജേ ഉള്ളൂ .കേരളത്തില്‍ ഏഴെണ്ണമുണ്ട്. ഈ നിലക്ക് കേരളീയര്‍ തങ്ങള്‍ക്ക് സ്വന്തമായി ഒരു സര്‍വ്വ കലാശാല ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ്‌ തെറ്റ്? തിരുവിതാകൂറ്, കൊച്ചി മലബാര് എന്നീ മൂന്ന് രാജ്യക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സാധിക്കുന്ന പക്ഷം മലയാളം മാതൃഭാഷയായുള്ള കേരളീയര്‍ക്ക് പൊതുവായ ഒരു സര്‍വകലാശാല ഉണ്ടാകുന്നത് വളരെ നല്ലതാണ്‌. ” 1917 -ല്‍ നസ്രാണിദീപിക ഈ സന്തോഷം നിറഞ്ഞ പ്രതീക്ഷക്ക് അച്ചു നിരത്തിയപ്പോള്‍ കേരളം പിറന്നിരുന്നില്ല, നാം സ്വതന്ത്രരുമായിരുന്നില്ല. ജനാധിപത്യം എന്ന പദത്തിന്‌ തന്നെ വേരുറപ്പ് കിട്ടിയിരുന്നില്ല.
1937 -ല്‍ ചിത്തിരതിരുനാളിന്റെ കാലത്താണ്‌ സര്‍ സി. പി വൈസ് ചാന്‍സലറായി തിരുവിതാംകൂര്‍ സര്‍ വകലാശാല നിലവില്‍ വരുന്നത്. പിന്നീട് അത് കേരളാ സര്‍ വകലാശാലയായി മാറിയപ്പോള്‍ ‘മലയാളഭാഷ, സംസ്കാരം എന്നിവയുടെ പഠനത്തിനും പോഷണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കണം’ എന്ന് നിഷ്കര്‍ഷിക്കപ്പെട്ടു. അക്കാലത്ത് പി. ശങ്കരന്‍ നമ്പ്യാര്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ സമീപത്തുള്ള മറ്റ് സര്‍ വ്വകലാശാലകളുടെ പഠനവിഷയങ്ങളെയും പദ്ധതികളെയും അന്ധമായി അനുകരിച്ചാവര്‍ത്തിച്ച് അപവ്യയം ചെയ്യരുത് എന്ന തത്വം മുറുകെ പിടിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിനുള്ള പ്രത്യേകതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞ് ലോകത്തിനു മുന്നില്‍ അത് അവതരിപ്പിച്ച് ,അത് ലോകോപകാരപ്രദമായി രീതിയില്‍ എങ്ങനെ പുഷ്ടിപ്പെടുത്തണം എന്ന അന്വേഷണത്തിനാണ്‌ ശ്രദ്ധ നല്‍കേണ്ടത് എന്ന് അദ്ദേഹം പറയുന്നുണ്ട്. വൈദ്യം കേരളീയ കലകള്‍, പാരമ്പര്യ മേഖലകള്‍, സാങ്കേതികവിദ്യ തുടങ്ങി പലതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ, സംഭവിച്ചതെന്ത്? കേരളത്തില്‍ പിന്നീട് കേരള സര്‍വകലാശാലയെ മാതൃകയാക്കി എത്ര സര്‍ വകലാശാലകള്‍ വന്നു! എല്ലാം വാര്‍പ്പു മാതൃകകള്‍. തങ്ങളില്‍ തങ്ങളില്‍ അനുകരിച്ച് ഉന്നത വിദ്യാഭ്യാസത്തെ, ഗവേഷണത്തെ അനുഷ്ഠാനരൂപത്തിലാക്കി. ഗവേഷണം എന്ന അജണ്ട പിന്‍ തള്ളി ബിരുദദാനശാലകളായി.. അഫിലിയേറ്റഡ് കോളേജുകളില്‍ പരീക്ഷ നടത്തുന്ന വെറും ഏജന്‍സികള്‍! കേരളത്തില്‍ പ്രമുഖ സര്‍വകലാശാലകളിലൊക്കെ പതിനായിരത്തിലധികം പരീക്ഷകള്‍ നടക്കുന്നു എന്നാണ്‌ കണക്ക്. സാമ്പ്രദായിക കോഴ്സുകള്‍ അനാകര്‍ഷകം എന്ന് പ്രഖ്യാപിച്ച ആ തൊഴുത്തുകളില്‍ തൊഴിലധിഷ്ഠിത സങ്കരകോഴ്സുകള്‍ മുട്ടയിട്ടു പെരുകി. സ്വാശ്രയമേഖല വന്നപ്പോള്‍ പുതിയ ചാകരതേടി. പിന്‍ തിരിഞ്ഞൊന്നു നോക്കാതെ സ്വയം നവീകരിക്കാതെ ഓരോ സര്‍ വകലാശാലയും കാടു കെട്ടി.
എന്നിട്ടും നൂറു വര്‍ഷം മുമ്പ് സര്‍വകലാശാല എന്ന് പരിചയിക്കും മുമ്പേ നാം ആഗ്രഹിച്ച ‘മലയാളനാടിനെ ഭാഷയെ സവിശേഷശ്രദ്ധ നല്‍കി പഠിക്കാനുള്ള ഒരു സംവിധാനം’ എവിടെയെങ്കിലും നിലവില്‍ വന്നുവോ? ഇപ്പോഴിതാ മലയാളം ക്ലാസ്സിക്കല്‍ ഭാഷയാക്കണേ എന്ന പരിദേവനങ്ങളുടെ നിഴലില്‍ ഒരു മലയാള സര്‍ വകലാശാലയുടെ പ്രഖ്യാപനം പരുങ്ങി നില്‍ക്കുന്നുണ്ട്. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആഗ്രഹങ്ങളുടെ സ്തംഭം പിടിച്ച്..വിദൂരഭാവിയില്‍ അത് യാഥാര്‍ത്ഥ്യമായാല്‍ തന്നെ നിലവിലുള്ള രാവണന്‍ കോട്ടകളില്‍ നിന്ന് വ്യത്യസ്തമാകാന്‍ തരമില്ല. സവിശേഷ മേഖലകളില്‍ ആഴത്തിലുള്ള അന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്ന, ജ്ഞാനോല്പ്പാദനം സാധ്യമാക്കുന്ന കൊച്ചു വലിയസ്ഥാപനങ്ങള്‍ ആയി സര്‍വകലാശാലയെ കാണാന്‍ ഏത് ഭരണാധികാരികളാണ്‌ തയ്യാറാകുക? പ്രത്യേകിച്ച് സ്ഥലമെടുപ്പും കെട്ടിടം പണിയും ജീവനക്കാരുടെ നിയമന മേളകളും ചേര്‍ന്ന് കറുത്ത പണം നൃത്തം ചെയ്യുന്ന ഒരു മാമാങ്കവേദി ഓരോ സര്‍വകലാശാലാ സ്വപ്നങ്ങളിലും നേരത്തേ ഒരുക്കി വെച്ചിരിക്കുമ്പോള്‍..!

മലയാളം ,മലയാളിയുടെ സംസ്കാരം  ഇവ എന്നെങ്കിലും മലയാളനാടിന്റെ പരിഗണനയില്‍ വരുമോ?

സന്തോഷ് എഛ്. കെ

10 Responses to “എഡിറ്ററുടെ പേജ്”


 1. 1 rasak wayanad സെപ്റ്റംബര്‍ 20, 2010 -ല്‍ 10:40 am

  പുതിയ സൃഷ്ടികള്‍ അയക്കേണ്ട വിലാസം അറിയിച്ചു തരണം. മറന്നുപോയത് കൊണ്ടാണ്. SORRY

 2. 2 V.R.Rajesh സെപ്റ്റംബര്‍ 20, 2010 -ല്‍ 2:10 pm

  പ്രിയ എഡിറ്റര്‍,
  മലയാള നാട് മികച്ചത് തന്നെ.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.ഇവിടെ മലയാളികള്‍ക്ക് വായിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ കുറവായത് കൊണ്ടല്ല മലയാള നാട് എന്നാ മാസിക വായിക്കാന്‍ തുടങ്ങുന്നത് എന്ന് താങ്കള്‍ക്കും അറിവുള്ള കാര്യമാണ്.ബ്ലോഗ്‌ കളുടെ ദൈര്‍ഘ്യം കുറച്ചാല്‍ കുറച്ചു കൂടി വായനക്കാര്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല.അതിനാല്‍ ഒരു നല്ല എഡിറ്റിങ്ങിനു ശേഷം ദയവായി ബ്ലോഗുകള്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു.( eg :കഴിഞ്ഞ ലക്കത്തിലെ കോട്ടയം സ്റ്റോറി പോലുള്ളവ.)കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടാങ്കില്‍ സീരിയല്‍ ആയി പ്രസിദ്ധീകരിക്കുക.മാസികക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

 3. 3 vishnu thuvayoor സെപ്റ്റംബര്‍ 22, 2010 -ല്‍ 6:48 am

  രണ്ടാം പതിപ്പും ഗംഭീരം തന്നെ …..ഒരു കാര്യം സൂചിപ്പിക്കാനുള്ളത് വായനാ ക്ഷമതക്കായി പോസ്റ്റ്‌ കളുടെ വലുപ്പം അല്പം കുറച്ചാല്‍ നന്നാകും എന്നാണ് …..മറ്റെല്ലാം നന്നായിട്ടുണ്ട് ……ആശംസകള്‍

 4. 4 പകല്‍കിനാവന്‍ | daYdreaMer സെപ്റ്റംബര്‍ 22, 2010 -ല്‍ 3:19 pm

  https://malayalanatu.wordpress.com/
  ഇവിടെ കവര്‍ പേജില്‍ കണ്ട ചിത്രം ബ്ലോഗില്‍ നിന്നും എടുത്തിട്ടുള്ളതാണ്. അതില്‍ ഫോടോഗ്രാഫെര്‍ ആരെന്നു കൊടുത്തിട്ടില്ല. കവര്‍ ഡിസൈന്‍ മറ്റാരുടെ ഒക്കെയോ പേര് ചേര്‍ത്തിട്ടുണ്ട്. This is not fair!!

 5. 7 santhoshhrishikesh സെപ്റ്റംബര്‍ 22, 2010 -ല്‍ 5:20 pm

  റസാക്ക്,fbmalayalanaadu@gmail.com എന്നതാണ്‌ മലയാളനാടിന്റെ ഇ മെയില്‍ വിലാസം. രചനകള്‍ അയക്കുമല്ലോ

 6. 8 santhoshhrishikesh സെപ്റ്റംബര്‍ 22, 2010 -ല്‍ 5:24 pm

  @VR Rajesh ദൈര്‍ഘ്യമുള്ളവ സീരിയലൈസ് ചെയ്യാം.എഡിറ്റിങ്ങിനെ സംബന്ധിച്ച നിര്‍ദ്ദേശവും ശരിയാണ്‌. എഡിറ്റോറിയല്‍ ബോര്‍ഡ് പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ അക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനാവും.

 7. 9 Ranjith Chemmad സെപ്റ്റംബര്‍ 26, 2010 -ല്‍ 3:59 pm

  വായനയുടെ സമൃദ്ധി! ആശംസകള്‍…


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക്സെപ്റ്റംബര്‍ 19, 2010 -ല്‍ 10:59 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: