ആരല്ലെന്‍ ഗുരുനാഥര്‍?

അധ്യാപകര്‍ നിനവില്‍ വരുമ്പോള്‍

ഗുരു സാക്ഷാല്‍പരബ്രഹ്മ; തസ്മൈ ശ്രീ ഗുരവേ നമ…

ശ്രീജിത്ത് വി. ടി. നന്ദകുമാര്‍

പത്താം ക്ലാസ്സില്‍ ആണ് എന്നെ സുന്ദരിയായ ടീച്ചര്‍ ‘മീഡോ’ എന്ന് പഠിപ്പിച്ചത് – പുല്‍ത്തകിടി എന്നതിന്റെ ഇന്ഗ്ലിഷ്. അവര്‍ക്ക് വണക്കം. ഭൂമി എന്നല്ല, ‘ഫൂമി’ എന്നാണ് ശരിയായ ഉച്ചാരണം എന്ന് പഠിപ്പിച്ച, ഇച്ചിരെ ഭംഗി കുറവാണെങ്കിലും, സുന്ദരിയായ ടീച്ചര്‍ക്കും വണക്കം. തൂവെള്ള സാരിയില്‍, കൈയറ്റം വരെയുള്ള ബ്ലൌസുമായി, ഹിന്ദി പഠിപ്പിക്കാനെത്തുമ്പോള്‍, പടിക്കില്ലാന്നു വാശിയുമായി, പിന്‍ ബെഞ്ചില്‍, ജയനെറെയും, നസീറിന്റെയും മറ്റും തീപ്പെട്ടി പടങ്ങള്‍ വച്ച് പോസ്റ്റര്‍ ഉണ്ടാകുന്നതിനിടയില്‍, ‘ശ്രീജിത്ത്‌!’ എന്ന് ഹാജര്‍ വിളിക്കുമ്പോള്‍ എണീറ്റ്‌ നില്‍ക്കുന്ന മഴത്തുള്ളിയെ നോക്കി, തൂമഞ്ഞു പോലെ ചിരിച്ചിരുന്ന എന്റെ ബേബി ടീച്ചര്‍ക്ക്, സ്നേഹം. പൊന്തന്‍ റാഡോ വാച്ചുമായി, കണക്കു പഠിപ്പിക്കാന്‍ വന്നിരുന്ന, ജീവിതത്തിന്റെ കണക്കുപുസ്തകം പോലും, നേരാംവണ്ണം സൂക്ഷിക്കാന്‍ അറിയാത്ത വര്‍ഗീസ്‌ മാഷിനു വണക്കം. ഒന്നാം ക്ലാസ്സില്‍, അഞ്ചാം ക്ലാസുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്നാ ഭാവേന, തന്നിഷ്ട പ്രകാരം, ക്ലാസ്മേറ്റിയെ ഉമ്മ വച്ചതിനു എന്നെ തല്ലുന്നതിനു പകരം, പ്രദീപിനെയും, ശിവന്‍ കുട്ടിയേയും തള്ളിയ ജനാര്‍ദ്ദനന്‍ സാറിനു, നമസ്കാരം. ജീവിതത്തില്‍ ആദ്യം പ്രേമിച്ച ഗൌരി ടീച്ചറിന് ഉമ്മ. മീശയില്ല എന്ന കാരണം കൊണ്ട്, സെക്കന്റ്‌ യെര്‍ ഡിഗ്രീ ക്ലാസ്സില്‍ പരസ്യമായി കളിയാക്കിയ തോമസ്‌ സാറിനു, സലാം.

വര - മുരളി

‘ഇവന്റെ വെരലിനു നല്ല നീളമുണ്ടെടോ, വീ റ്റീ, പിയാനോ പഠിപ്പിക്കാം’ എന്ന് പറഞ്ഞ മാര്‍ത്തോമാ പള്ളിയിലെ വയോധികനായ ജേകബ് പാതിരിക്കു…വെസ്റ്റെന്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കിന്റെ അദ്ഭുത ഭീകര ലോകത്തേക്ക് എന്നെ തള്ളിയിട്ടു ചിരിച്ച, ടീയെന്‍ ജോയേട്ടന്…ഫുള്‍ ഫിറ്റുംപുറത്തു, സംഗീതം ആത്മാവില്‍ നിന്നാണ് വരേണ്ടത് എന്ന് പാടിത്തന്ന പീതാംബരന്‍ മാഷക്ക്…തബല എങ്ങനെ ഇടച്ചു വായിച്ചാലും, പാട്ട് നാല് കാലില്‍ വീഴണം എന്ന് പറഞ്ഞു തന്ന സുദേവന്‍ മാഷക്ക്… ഉടുക്ക് പാട്ടിനോടൊപ്പം എങ്ങനെ വീശു വലയും, പങ്കായവും, തൂമ്പായുടെ തായും പിടിക്കാം എന്ന് കാണിച്ചു തന്ന ഗുരുജി എന്നാ മറ്റേ പീതാംബരന്‍ മാഷക്ക്…

ഫുള്‍ കോണ്ടാക്റ്റ് കരാത്തെയില്‍, തല്ലാന്‍ അല്ല, തല്ലു കൊല്ലാന്‍ ആണ് ശീലിക്കേണ്ടത്‌ എന്ന് അടിച്ചു പഠിപ്പിച്ച സേന്‍സേ മോസസിനു… കളരി, അവനവന്റെ അഹന്തയെ അടിച്ചിരുത്താന്‍ ഉള്ള ധ്യാനം ആണ് എന്ന് കാണിച്ചു തന്ന മുഹമ്മദ്‌ സായവിനും, നാരായണന്‍ ആശാനും, പൂത്തറ വണങ്ങുന്നു. ശ്രീവിദ്യോപാസനയുടെ ഹൃദയം പറഞ്ഞു തന്ന വേലായുധമ്മാനു , നമസ്തേ.

അസ്സെംബ്ളി സെഷന്‍ റിപ്പോര്‍ട്ടിംഗ് ക്ലാസ്സില്‍, തട്ടുത്തരം പറഞ്ഞതിന് പുറത്താക്കി, പിന്നെ, സ്നേഹപൂര്‍വ്വം തോളിലൂടെ കൈയിട്ടു കാര്യങ്ങള്‍ പറഞ്ഞു തന്ന നരേന്ദ്രന്‍ എന്ന ഒരു പഴയ പത്രക്കാരന്; സത്യവ്രതന്‍ സാറിനു; നെടുങ്ങാടി സാറിനു; തോട്ടം സാറിനു; ബാലേട്ടനിരുന്ന ഡെസ്ക്കില്‍, വീക്ഷണത്തില്‍ എന്നെ ഇരുത്തിയ വേണുവേട്ടന്…

‘ നീ അസ്സല്‍ കപ്പിറ്റലിസ്റ്റ്‌ ആണ്!’ എന്ന് പറഞ്ഞു പരസ്യരഹസ്യം ശീലിപ്പിച്ച, ഗിരീഷിനു, സൂക്ഷ്മവില്‍പ്പനയുടെ കൌടില്ല്യം തന്ന ആനക്കര വടക്കത്ത് ഭാനുപ്രകാശിനു, ഹിയര്‍ ഈസ്‌ രെയ്സിംഗ് എ ടോസ്റ്റ്‌. കൊട്ടേഷന്‍ എടുക്കെണ്ടതെങ്ങനെ, എക്സിക്യൂട്ട് ചെയ്യുന്നതെങ്ങിനെ എന്ന് കാണിച്ചു തന്ന റോണി എന്ന കൊച്ചുമോന്‍ ചേട്ടന്റെ സുന്ദരനായ മോന്, കൊട് കൈ, ബായി!

മാംസ നിബദ്ധമല്ല രാഗം എന്ന് കാണിച്ചു തന്ന, സുരഭിലയായ ഒരു പെണ്ണിന്; സ്ത്രീ ശരീരത്തിന്റെ കാനനഭൂമികകളിലൂടെ, ആരും കാണാത്ത ശാദ്വലശൃ൦ഗങ്ങളിലൂടെ, താഴ്വാരങ്ങളിലൂടെ കയ്യ് പിടിച്ചു നടത്തി, കാമസൂത്രം പഠിപ്പിച്ച മറ്റേ പെണ്ണിന്… നീലനെ ചട്ടം പഠിപ്പിച്ച ഭാനുമതിക്ക് – എന്റെ പ്രിയക്ക്…

പിന്നെ, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍, ഫെയ്സ്ബുക്കിലൂടെ, എനിക്ക് കൈത്തുണ തന്ന, എന്റെ കൌമാര കുതൂഹലങ്ങള്‍ ഒട്ടൊരു കൌതുകത്തോടെ സഹിച്ച, സാവിത്രി ചേച്ചിക്കും, രാജീവേട്ടനും, ഇന്നലെ രാത്രി പോലും, എന്നെ വിളിച്ചു, ബംഗളൂര്‍ – തൃശൂര്‍ റോഡില്‍ തൃശൂര്‍ക്ക് തന്നെ വിട്ടാല്‍ മതി എന്ന് തീരുമാനം ആക്കി തന്ന ബാബു സാര്‍ – ബി ആര്‍ പി ഭാസ്കറിന് –

എട്ടാം ക്ലാസില്‍ കൂട്ടം തെറ്റിയ പകയില്‍, മുന്നില്‍ വന്നവരെയെല്ലാം തുമ്പി കൊണ്ടും, കൊമ്പു കൊണ്ടും കൊന്നു കൊല വിളിച്ചു അവസാനം ഓടിയെത്തിയപ്പോള്‍, ഒരു ചിരിയോടെ പഴയ ഗുരുവിന്റെ കണ്ണാടി മുന്നില്‍ നിവര്‍ത്തി, നീ അഹിംസകന്‍ ആണ്, അന്ഗുലീമാലന്‍ അല്ല എന്ന് ആത്മാവില്‍, ദിയാ കൊളുത്തി വച്ച എന്റെ മത്സ്യേന്ദ്രനാഥന്മാര്‍ക്ക് –

സര്‍വോപരി, ഇതിനെല്ലാം, ഉത്തരവാദിയായ, നിര്‍ഭയനും, പണ്ഡിതനും, അനുഭവങ്ങളിലൂടെ നടന്നു തയമ്പു വീണവനുമായ, തന്തയാര്‍, വി ടി നന്ദകുമാറിന്.

ഗുരുര്‍ ബ്രഹ്മ; ഗുരുര്‍ വിഷ്ണു; ഗുരുര്‍ദ്ദേവോ മഹേശ്വര; ഗുരു സാക്ഷാല്‍പരബ്രഹ്മ; തസ്മൈ ശ്രീ ഗുരവേ നമ…

സേതുമാധവന്‍

ഞാന്‍ ഭക്ഷണം കഴിച്ചാല്‍ ചോറ് പുറത്തു കളയുന്നു..എന്നും അമ്മയുടെ പരാതിയാണ്..

ഞാന്‍ എത്രശ്രമിച്ചാലും ഫലം തഥൈവ..

ഒരിക്കല്‍ സംസ്കൃതം മാഷ് (വിശ്വന്‍ മാഷ്.)ഒരു കഥ പറഞ്ഞു തന്നു.

ഗുരു ഭക്ഷണം കഴിക്കുന്ന സമയത്ത്,പത്രതിനടുത്തു ഒരു സൂചിയും,ഒരു പത്രത്തില്‍ കുറച്ചു വെള്ളവും വച്ചിരിക്കും.

ഗുരു എന്നും ആഹാരം കഴിച്ചു എഴുന്നേറ്റു പോകും. ശിഷ്യന്‍ സൂചിയും വെള്ളവും എടുത്തു വക്കും..

ഓരോ ദിവസവും ശിഷ്യന്‍ ഗുരുവിന്റെ സൂചി വിഴുങ്ങല്‍ കാത്തിരിക്കും.

ആകാംക്ഷ അടക്കാന്‍ വയ്യാതെ ഒരിക്കന്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു- അങ്ങ് എന്നാണ് ഈ സൂചി വിഴുങ്ങുക?

നിറഞ്ഞ പുഞ്ചിരിയോടെ ഗുരു പറഞ്ഞു -ഈ സൂചി വിഴുങ്ങാന്‍ വച്ചിരിക്കുകയല്ല.

ആഹാരം കഴിക്കുമ്പോള്‍ പുറത്തു പോകുന്ന ആഹാര ശകലങ്ങള്‍ ഈ സൂചി കൊണ്ട് കുത്തിയെടുത്തു ഈ വെള്ളത്തില്‍ കഴുകി ഭക്ഷിക്കാനാണ് എന്ന്.

ഈ കഥ വിശ്വന്‍ മാഷ് പറഞ്ഞതിന് ശേഷം ഇന്നുവരെ എന്റെ പത്രത്തില്‍ നിന്നും ഒരു വറ്റു പോലും ഞാന്‍ പുറത്തു കളഞ്ഞിട്ടില്ല!

അല്ലെങ്കില്‍ ഒരു വറ്റു പുറത്തു പോയാല്‍ അപ്പോള്‍ ഞാന്‍ മാഷെ ഓര്‍ക്കാറുണ്ട്..

എന്റെ അമ്മക്ക് മാറ്റാന്‍ കഴിയാതിരുന്നത് ഒരു കഥയിലൂടെ എന്റെ മാഷുക്ക് മാറ്റാന്‍ കഴിഞ്ഞു..

എന്റെ ഗുരുക്കന്മാര്‍ എല്ലാവരും എനിക്ക് വഴികാട്ടികളായിരുന്നു.. അന്നും ഇന്നും..

വേണുഗോപാലന്‍ നായര്‍

വൈകിവന്ന ഒരു സുഹൃത്താണെങ്കിലും ഞാനും ഒരു വാക് കൂട്ടി ചേര്‍ത്ത് കൊള്ളട്ടെ?

എന്നെ ജീവിതത്തിലെ ഓരോ പാഠവും പഠിപ്പിച്ച ഗുരുക്കന്മാര്‍ക്കുനന്ദി! അതില്‍ എന്റെ ആത്മീയ ആചാര്യരും അച്ഛനും അമ്മയും സഹോദരങ്ങളും ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരും ഉണ്ടെന്നതാണ് സത്യം. ഓരോരുത്തരോടും ഞാന്‍ എന്തെല്ലാം പഠിച്ചിരിക്കുന്നു! നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഞാനാകുമായിരുന്നില്ല, തീര്‍ച്ച!

ഇനി, സത്യത്തില്‍ ഒത്തിരി വിഷമം തോന്നാറുണ്ട് ഒരു അധ്യാപകന്‍ എന്ന നിലയില്‍. തുടക്കം മുതലേ നല്ല ലക്ഷ്യങ്ങള്‍ ഉള്ള ഒത്തിരി അധ്യാപകര്‍ നല്ല ഗുരുക്കന്മാര്‍ ആകുമ്പോഴേയ്ക്കും മിയ്ക്കവാറും പെന്‍ഷന്‍ ആകാന്‍ സമയമാകും. പക്ഷെ അവസാന കാലത്തെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടേതെന്ന പോലെ ലാളിയ്ക്കാന്‍ തോന്നുന്ന നല്ല കുറച്ചു ഓര്‍മകളും ആയി പടിയിറങ്ങാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു അനുഗ്രഹം തന്നെ ആയിരിക്കും.

എന്നാലും നേരാം വണ്ണം കൈപിടിച്ച് നടത്താന്‍ കഴിയാതെ പോയ കൌമാരങ്ങളോട് എങ്ങിനെ മാപ്പ് ചോദിക്കും? തീരെ അറിയില്ല. ചെറുപ്പത്തില്‍ തന്നെ പക്വത വന്നവര്‍ അല്ലല്ലോ പല അധ്യാപകരും. വല്ലാത്ത ദുഃഖം ഉണ്ട്! കൂടാതെ ആരും നേരത്തിനു മനശാസ്ത്രം പഠിപ്പിച്ചു തന്നില്ലല്ലോ എന്ന ദുഖവും ബാക്കി!

കോമത്ത് ഭാസ്കരന്‍

ഒരുപിടി പൂഴിമണ്ണില്‍

കൈ വിരളുകള്‍ ചേര്‍തു വെച്ചമ്മ തന്‍

മടിയിലി രുന്നാദ്യക്ഷരം കുറിച്ചു ഞാന്‍.

വിതുമ്പിയ കവിള്‍തടത്തിലൂടെ,

യുതിര്‍ന്ന കണ്ണീര്‍ ചാലില്‍

ഹരി ശ്രീ നിഴലിക്കവേ

അമ്മതന്‍ വാക്ക് :

” അക്ഷരമാല പഠിക്കണം

പക്കങ്ങള്‍ അറിയണം

മലയാള മാസവും നക്ഷത്രങ്ങളും

മന:പാഠമാക്കണം

നാമം ജപിക്കണം ചൊല്ലികൂട്ടണം”

ഒരുമണല്‍തരികൊണ്ടൊരു വേദന

തുടയിലമര്‍ന്ന മണല്‍ തരിക്കും

അമ്മതന്‍ ഹൃത്തിനും വേദന.

വീണ്ടും അമ്മതന്‍ വാക്ക് :

“ഏറെ വെളുപ്പിനെഴുന്നേറ്റു

ഉമിക്കരികൊണ്ട് പല്ലുതേച്ചു

ചമ്രംപടിഞ്ഞിരിക്കണം നീ

ഇന്നലെ ചൊല്ലിയ പാഠങ്ങള്‍

ഓര്‍ത്തോര്‍ത്തു ചൊല്ലിപ്പറയണം നീ.

സന്ധ്യക്ക്‌ വീണ്ടും ഉമ്മറത്ത്‌

ദീപം തൊഴുതിരിക്കണം നീ.

കാലത്ത് ചൊല്ലിയ പാഠങ്ങളും

നിത്യവുമോതേണ്ട പാഠങ്ങളും

ചൊല്ലികൂട്ടി എഴുന്നേല്കണം”.

ഓര്‍മിക്കയാണിന്നു ഞാന്‍ അമ്മ തന്‍ വാക്കുകള്‍;

ആദ്യാക്ഷരങ്ങളും ആദ്യശീലങ്ങളും

നല്‍കി അനുഗ്രഹിച്ചമ്മയാം ഗുരുവിനെ.

കൃഷ്ണനാശാന്‍

ജയകൃഷ്ണന്‍ കാവാലം

വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള ഒരു അനുഭവമാണ്. അമ്മയുടെ ഗര്‍ഭത്തില്‍ അങ്കുരിക്കുന്ന നിമിഷം മുതല്‍ നാം അറിഞ്ഞു തുടങ്ങുന്ന ഈ അറിവുകള്‍ മരണസമയത്തും തുടരുന്നു എന്ന് അറിവുള്ളവര്‍ പറയുന്നത് എത്ര സത്യമാണ്.

എന്‍റെ കുട്ടിക്കാലം. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ ഓര്‍ക്കുന്നു. കാവാലത്തെ വീട്ടിലെ ഓരോ മണ്‍‍തരികള്‍ക്കും സുപരിചിതമായിരുന്ന ബാല്യം. വീട്ടുമുറ്റത്തു കളിച്ചും, പൂക്കളോടും കിളികളോടും കഥ പറഞ്ഞും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ ആരും കാണാതെ പോയി നിന്ന് പരല്‍ മീനുകളെ കണ്ടും, തുമ്പിയും ചിത്രശലഭങ്ങളും, കുയിലും, കാക്കയെയുമൊക്കെപ്പോലെ പറന്നു കളിക്കാന്‍ മോഹിച്ചും, രാത്രികളില്‍ മൂങ്ങകളോട് മത്സരിച്ച് മൂളിയും ഈ മണ്ണില്‍ ജനിച്ച് വളരെ കുറച്ചു നാളത്തെ പരിചയം മാത്രമുള്ള കുഞ്ഞു ജയകൃഷ്ണന് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന എന്‍റെ കുട്ടിക്കാലം. പാട്ടുകളും, സ്വപ്നങ്ങളും, പരിലാളനങ്ങളും, പൂക്കളും, കിളികളും മാത്രം കൂട്ടുണ്ടായിരുന്ന ബാല്യകാലം…

അമ്മക്കു പേടിയായിരുന്നു എന്നും. ആരോടും ചോദിക്കാതെ വേലി ചാടി ഈ ഭൂമിയില്‍ എനിക്കും അവകാശമുണ്ടെന്ന ഭാവത്തില്‍ കറങ്ങി നടക്കുന്ന നാടന്‍ പട്ടികളോട്‌ എനിക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു എന്നതാണ് അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. അവരെ കാണുമ്പോള്‍ ഞാന്‍ ഓടി അടുത്തു ചെല്ലും. വലിയവരെ കണ്ടാല്‍ പറപറക്കുന്ന അവര്‍ കുഞ്ഞു ജയകൃഷ്ണനെ കണ്ടാല്‍ ഭയന്നോടിയിരുന്നില്ല. ചിലര്‍ വാലാട്ടി സ്നേഹം കാട്ടും, ചിലര്‍ മൈന്‍ഡ്‌ ചെയ്യാതെ തിരക്കിട്ടു സ്ഥലം വിടും, ഇനിയും ചിലര്‍ കൂടെ കളിക്കാന്‍ കൂടും. പക്ഷേ എന്‍റെ ശ്രദ്ധ മുഴുവനും അവരുടെ കറുത്ത മൂക്കില്‍ ആയിരുന്നു. വല്ലാത്ത കൌതുകമായിരുന്നു അവരുടെ മൂക്കില്‍ പിടിക്കാന്‍. മുന്‍‍പരിചയമില്ലാത്ത ശുനകവര്യന്മാരുടെ ഏറ്റവും വലിയ ജീവനോപാധി കൂടിയായ മൂക്കില്‍ പിടിച്ചാല്‍ അവര്‍ എന്നെ വെറുതേ വിടില്ല എന്ന് അമ്മ ഭയന്നു. പക്ഷേ എന്നെ ആരും ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാവര്‍ക്കും സ്നേഹം. അവരോട്‌ എനിക്കും… പിന്നെയുള്ള പേടി മഞ്ഞച്ചേരകള്‍. എവിടെ മഞ്ഞച്ചേരയെ കണ്ടാലും ഞാന്‍ അവയോടു കൂട്ടുകൂടാന്‍ ഓടിച്ചെല്ലുമായിരുന്നു. ഏഴയലത്തടുക്കാന്‍ പോലും ഇതുവരെ കഴിയാത്തത് അമ്മയുടെ ബദ്ധശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ്. സാധുക്കളായ അവയില്‍ നിന്നും എന്നെ അകറ്റാന്‍ അമ്മ പറഞ്ഞുതന്നിട്ടുള്ള ഭീകരകഥകള്‍ ഒരു രാജവെമ്പാലയെക്കുറിച്ചു പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. എന്നിട്ടും എനിക്കവയോടു പ്രണയമായിരുന്നു.

കാലം ഇങ്ങനെ കഴിയവേ ജയകൃഷ്ണനെ എഴുത്തിനിരുത്താന്‍ സമയമായി. നവരാത്രി വ്രതമെടുപ്പിച്ച് അക്ഷരത്തിന്‍റെ അവാച്യമായ ആനന്ദസാരസ്വതം നുകരുവാന്‍ ജയകൃഷ്ണനെ അമ്മ തയ്യാറാക്കി. വീടിന്‍റെ കന്നിക്കോണില്‍ പട്ടുകോണകവും കുഞ്ഞു നേര്യതുമുണ്ടും ഉടുത്ത് വല്യമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മടിയിലിരുന്ന് ആ സ്വര്‍ഗ്ഗീയമധുരം ആദ്യമായി എന്‍റെ ജിഹ്വകളെ ധന്യമാക്കി. ഒരു ജീവിതകാലത്തിന്‍റെ… അല്ല ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും, അസ്തിത്വവും, ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞാനത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള അക്ഷരം. അമൃതിന്‍റെ മധുരമുണ്ടായിരുന്നു അമ്മാവന്‍റെ മോതിരം കൊണ്ട് ഇവന്‍റെ നാവിന്‍‍തുമ്പില്‍ ഹരി ശ്രീ എന്നെഴുതിയപ്പോള്‍.

എഴുത്തിനിരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂക്കൈതയാറിന്‍റെ അക്കരെ നിന്നും കൃഷ്ണനാശാന്‍ വന്നെത്തി. കറുത്ത് കുറിയ ഒരു മനുഷ്യന്‍. ഷര്‍ട്ടിന്‍റെ എല്ലാ ബട്ടണ്‍സും പകുതി മാത്രമേ ആശാന്‍ ബട്ടണ്‍ഹോളില്‍ കയറ്റുമായിരുന്നുള്ളൂ. രണ്ടു ചെവിക്കടയിലും അമ്പലത്തിലെ പൂക്കള്‍ തിരുകി, നെറ്റിയില്‍ ചന്ദനം ചാര്‍ത്തി, കാലം മായ്ച്ചു കളയാതെ പഴമയുടെ തിരുശേഷിപ്പു പോലെ ചെവിയിലെ കടുക്കനിടുന്ന പാടുമായി ഒരു മനുഷ്യന്‍. ഒരു സന്ധ്യക്കാണ് ആശാന്‍ വീട്ടില്‍ വന്നത്. അപ്പൂപ്പനുമായി കുറച്ചു സമയം സംസാരിച്ച് ആശാന്‍ പിരിഞ്ഞു. ഇളംതിണ്ണയിലിരുന്ന് കൌതുകത്തോടെ ഞാന്‍ ആശാനെ നോക്കി. ആകെക്കൂടി അത്ഭുതം തോന്നിയിരുന്നു എനിക്ക് ആശാനെ കണ്ടപ്പോള്‍. അടിമുടി പ്രത്യേകതകളുള്ള ഒരു മനുഷ്യന്‍.

ആശാന്‍ പോയിക്കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു നാളെമുതല്‍ മോനെ അക്ഷരം പഠിപ്പിക്കാന്‍ വരുന്ന ആശാനാണതെന്ന്. രാജശ്രീക്കുഞ്ഞമ്മയെയും, ദീപച്ചേച്ചിയെയും, ദീപ്തിച്ചേച്ചിയെയും, സിന്ധുച്ചേച്ചിയെയും, ദീപു ചേട്ടനെയുമൊക്കെ അക്ഷരം പഠിപ്പിച്ചിട്ടുള്ള ആശാനാണതെന്ന്. ശരിയാണ് ആശാന്‍ വിളമ്പിയ അക്ഷരം അവരെ എല്ലാവരെയും ഉന്നതമായ നിലകളില്‍ തന്നെ എത്തിച്ചു എന്നത് പില്‍ക്കാലത്തെ അനുഭവം. രാജശ്രീച്ചേച്ചി കെമിസ്ട്രിയില്‍ പി എച്ച് ഡി ഇന്നു കോളേജ് അദ്ധ്യാപിക, ദീപച്ചേച്ചിയും ദീപ്തിച്ചേച്ചിയും അദ്ധ്യാപികമാര്‍, ദീപുച്ചേട്ടന്‍ എം ബി എ കഴിഞ്ഞ് നല്ല ജോലി അങ്ങനെ ആശാന്‍ പഠിപ്പിച്ചിട്ടുള്ള ആരും പാഴായിപ്പോയിട്ടില്ല.

പിറ്റേന്നു മുതല്‍ ആശാന്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തഴപ്പായ ആശാനും, സമചതുരാകൃതിയിലുള്ള ഒന്ന് എനിക്കും, അങ്ങനെ ഞങ്ങള്‍ വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ തോട്ടിറമ്പിലും, കമ്പിളിനാരകത്തിന്‍റെ ചുവട്ടിലും മഴയുള്ള സമയങ്ങളില്‍ നേരത്തേ വാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന മണ്ണുമായി വീടിന്‍റെ തിണ്ണയിലും, പൂജാമുറിയുടെ ഉള്ളിലും അങ്ങനെ ആ വീടിന്‍റെ ഓരോ കോണിലും, ഓരോ ബിന്ദുവിലുമിരുന്ന് അക്ഷരാമൃതമുണ്ടു. ഓരോ ദിവസവും പഠിക്കാനിരിക്കേണ്ട സ്ഥലം ഞങ്ങള്‍ ചേര്‍ന്നു തീരുമാനിക്കും. ചിലപ്പോള്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ കൊച്ചുകുഞ്ഞമ്മേ എന്നു വിളിച്ചിരുന്ന രാജശ്രീച്ചേച്ചിയും, ദീപ്തിച്ചേച്ചിയുമൊക്കെ ബോട്ടുപുരയുടെ അപ്പുറത്തെ അരമതിലില്‍ വന്നിരിക്കും. അവരെ കുഞ്ഞു കുഞ്ഞു കല്ലുകള്‍ പെറുക്കി വെള്ളത്തിലെറിഞ്ഞും മറ്റും ആശാന്‍ പറ്റിക്കുമായിരുന്നു.

ചിത്രം: സിന്ധു കെ. വി

ആശാന്‍റെ കൂടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഞാന്‍ സ്കൂളില്‍ പോകുന്നത്. വെള്ളപ്പൊക്കമാകുമ്പോള്‍ അയല്‍ വീടുകളിലെ ചേച്ചിമാര്‍ ഞങ്ങളുടെ വീട്ടിലൂടെ കയറിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. രഞ്ചി,രാജി,ഷീബ എന്നിങ്ങനെ മൂന്നു ചേച്ചിമാരും അവരുടെ ലീഡറെപ്പോലെ പ്രീതിച്ചേച്ചിയും. എല്ലാവരും നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രീതിച്ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. എന്നുവരുമ്പൊഴും കൈനിറയെ ചോക്ലേറ്റുമായി ഓടിവന്നുകൊണ്ടിരുന്ന പ്രീതിച്ചേച്ചിയെ എന്‍റെ ബാല്യകാലത്തിനു ശേഷം ഞാന്‍ കണ്ടിട്ടേയില്ല. കുഞ്ഞുന്നാളിലെ സ്നേഹം തീര്‍ത്ത സാഹോദര്യം കാലയവനികയ്ക്കുള്ളില്‍ എവിടെയോ ഇന്നും തുടരുന്നു. ഈ കുഞ്ഞനിയനെ പ്രീതിച്ചേച്ചി ഓര്‍ക്കുന്നുണ്ടാവുമോ എന്തോ…

ഈ ചേച്ചിമാരുടെ സ്കൂളില്‍ പോക്കു കാണുമ്പോള്‍ എനിക്കും കൊതിയായി. മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ക്രീം കളര്‍ ബ്ലൌസും, മെറൂണ്‍ കളര്‍ പാവാടയും, കയ്യില്‍ പുസ്തകസഞ്ചിയുമായി അവര്‍ പോകുന്നതു കാണുമ്പോള്‍ എനിക്കും പോകണമെന്ന് അടങ്ങാത്ത ആശ. അവര്‍ അതിലേ കടന്നു പോകുമ്പോള്‍ എന്നും ഞാന്‍ കരച്ചില്‍ തുടങ്ങും. ഇതുകണ്ട് പ്രീതിച്ചേച്ചി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു, ജയകൃഷ്ണനെക്കൂടെ ഞങ്ങളോടൊപ്പം അയച്ചോളൂ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം. എന്‍റെ കുസൃതിയേക്കുറിച്ചറിയുന്ന അമ്മ എന്തൊക്കെ പറഞ്ഞിട്ടും അവരുടെ നിര്‍ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം തൊട്ടപ്പുറത്തു തന്നെയുള്ള സ്കൂളില്‍ ചെന്ന് രാധാമണിടീച്ചറിനോട് അനുവാദം വാങ്ങി. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. അതുകൊണ്ട് അടുത്ത അദ്ധ്യയനവര്‍ഷമാകുന്നതു വരെ അവന്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയി ഇരുന്നോട്ടെ എന്ന് അനുവാദം കിട്ടി. അങ്ങനെ ആശാന്‍റെ വിദ്യാഭ്യാസത്തോടൊപ്പം ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെ മാറിമാറി പഠിക്കാനും തുടങ്ങി.

ആശാന്‍റെ ഒപ്പമുള്ള വിദ്യാഭ്യാസം അവസാനിച്ചതിനു ശേഷവും അതുവഴി പോകുമ്പോഴെല്ലാം ആശാന്‍ മധുരപലഹാരങ്ങളുമായി എന്നെ കാണാന്‍ വരുമായിരുന്നു. ആശാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൊച്ചുകുഞ്ഞമ്മയും, മറ്റു ചേച്ചിമാരുമെല്ലാം ആശാനോട് ഇതു പറഞ്ഞു വഴക്കുണ്ടാക്കും. ആശാന്‍ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെന്താ ഇവനുമാത്രം ഇതെല്ലാം കൊണ്ടു കൊടുക്കുന്നത് ഇതു പറ്റില്ല എന്നു പറഞ്ഞ്. പല്ലുകള്‍ പലതും കൊഴിഞ്ഞു പോയ ആ മുഖത്ത് സദാ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി ഇതിനു മറുപടിയായി ഒന്നു കൂടി ശോഭിക്കുക മാത്രം ചെയ്തിരുന്നു. എന്നൊക്കെ വരുമ്പൊഴും പൂക്കേക്കും, മിഠായികളും, പഴവും തുടങ്ങി എന്തെങ്കിലുമൊരു സമ്മാനം കരുതാതെ ആശാന്‍ വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു.

ഒരു ഓണത്തിന് ആശാന് ഞാന്‍ പറഞ്ഞിട്ട് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തു. അന്ന്‌ ആശാന്‍ കുറേ വഴക്കുണ്ടാക്കി. കുഞ്ഞിനു വേറേ പണിയൊന്നുമില്ലേ എന്നൊക്കെ ചോദിച്ച്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇനി കുഞ്ഞിനെ കാണാന്‍ വരില്ല എന്നുവരെ ആശാന്‍ പറഞ്ഞു. ആശാന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എന്‍റെ അമ്മയുടെ അനിയത്തിയുടെ കല്യാണത്തിന്‌ പങ്കെടുക്കണമെന്ന്. എന്നു വരുമ്പൊഴും ചോദിക്കും, കുഞ്ഞമ്മയുടെ കല്യാണമായില്ലേ എന്ന്. വര്‍ഷം ഒന്നു കഴിഞ്ഞു. ആശാന്‍റെ വരവ്‌ വളരെ കുറഞ്ഞു. ആഴ്ച്ചയില്‍ ഒന്നെങ്കിലും വന്നിരുന്ന ആശാന്‍റെ സന്ദര്‍ശനം ക്രമമായി കുറഞ്ഞു വന്നു. നിരവധി കുട്ടികളെ പഠിപ്പിച്ചിരുന്ന ആശാന്‍ എന്നും നല്ല തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ വിവാഹാലോചനകളും, അപ്പൂപ്പന്‍റെ അസുഖവുമൊക്കെയായി ആശാനെക്കുറിച്ച് അന്വേഷിക്കാനും എല്ലാവരും വിട്ടു പോയി. തുള്ളല്‍ കലാകാരന്‍ കൂടിയാണ് ആശാന്‍. ആശാന് അതിന്‍റെയും തിരക്കുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്.

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. അപ്പൊഴേക്കും ആശാനെ കല്യാണത്തിനു വിളിക്കുന്ന കാര്യം അമ്മ ഓര്‍മ്മിച്ചു. പൂക്കൈതയാറിന്‍റെ അപ്പുറത്താണ് ആശാന്‍റെ താമസം. പലരോടും ചോദിച്ചിട്ടും ആശാനെക്കുറിച്ചോ ആശാന്‍റെ വീടിനെക്കുറിച്ചോ ആര്‍ക്കും ഒരു പിടിയുമില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു… ആശാന്‍ പോയി…

ആശാന്‍റെ വരവിനായി വീടിന്‍റെ പൂമുഖത്തെ അഴികളില്‍ തൂങ്ങി കാത്തു നിന്നിരുന്ന, ആശാന്‍റെ സമ്മാനപ്പൊതികള്‍ അവകാശബോധത്തോടെ തട്ടിപ്പറിച്ചിരുന്ന ജയകൃഷ്ണന്‍ അറിയാതെ, കാത്തുകാത്തിരുന്ന കുഞ്ഞമ്മയുടെ കല്യാണം കൂടാതെ, ആരും അറിയാതെ പോയി…. ഇന്നും എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന എന്‍റെ അക്ഷരം എന്നില്‍ പകര്‍ന്ന എന്‍റെ ആശാന്‍റെ കാല്‍ക്കല്‍ ഒരു പൂവിതള്‍ വയ്ക്കാന്‍ ഈ മഹാപാപിക്കു കഴിയാതെ പോയി. ഒരുപക്ഷേ ആശാന് മരണമില്ലായിരിക്കും. ആ കാഴ്ച്ച ഞാന്‍ കാണേണ്ടതല്ലായിരിക്കും. അതിനാലാവാം ബോട്ടുപുരയുടെ തൂണുകളില്‍ മറഞ്ഞിരുന്ന് കുഞ്ഞു വെള്ളാരം കല്ലുകള്‍ പെറുക്കിയെറിഞ്ഞ് കൊഞ്ചിക്കുന്ന ലാഘവത്തോടെ ആശാന്‍ പോയത്. ആശാന്‍റെ ഒരു ഫോട്ടോ പോലുമില്ല എന്‍റെ കയ്യില്‍. എനിക്കതിന്‍റെ ആവശ്യമില്ല. ഹൃദയശ്രീകോവിലില്‍ ലക്ഷദീപം തെളിയിച്ച്, കണ്ണുനീര്‍ നേദിച്ച്, ഈ ജീവിതം തന്നെ സമര്‍പ്പിച്ച് ഞാന്‍ പൂജിക്കുന്നുണ്ട്‌ പുഞ്ചിരി തൂകുന്ന ആ ദേവനെ. എന്‍റെ കൃഷ്ണനാശാനെ…

ശാരദക്കുട്ടി

അല്പം മലയാളസാഹിത്യം വായിച്ചതിന്റെയും പഠിച്ചത്തിന്റെയും അഹംകാരത്തില്‍ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ആധികാരികമെന്ന മട്ടില്‍ അഭിപ്രായം പാസ്സാക്കുന്ന മലയാളം അധ്യാപകരെ കുറിച്ച് ഇന്നലെ എന്നോട് ഒരു സുഹൃത്ത് സംസാരിച്ചു.എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം പോലെ ഒരു കാവ്യം വായിച്ചു പഠിപ്പിക്കാന്‍ മാത്രം അറിവുള്ള ഒരു എഴുത്തുകാരനെയോ അധ്യാപകനെയോ കാണിച്ചു തരാമോ എന്ന് ചോദിച്ചു.ഹരിനാമാകീര്ത്തനത്തിന്റെ അര്ഥവ്യാപ്തിയും വ്യ്പുല്യവും സാഹിത്യം പഠിച്ചത് കൊണ്ട് മാത്രം പിടി കിട്ടുന്നതല്ലെന്നും താന്ത്രികവും വൈദികവും രാഷ്ട്രമീമാംസപരവും ആയ വ്യാഖ്യാനങ്ങള്‍ നടത്താന്‍ മലയാള സാഹിത്യ ക്ളാസ്സുകളുടെ ചെറിയ വൃത്തത്തിനുള്ളില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനം പോരെന്നും എളിമയോടെ ആ നല്ല സുഹൃത്ത് പറഞ്ഞു. ഓരോ ശ്ലോകത്തിനും എത്രയെത്ര അടരുകലുന്ടെന്നും അവയൊന്നും നമ്മുടെ പരിമിതമായ സാഹിത്യ ജ്ഞാനം കൊണ്ട് അളന്നുതീര്കാവുന്നതല്ലെന്നും

എഴുത്തച്ഛന്‍റെയും പൂന്താനത്തിന്റെയും കൃതികള്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇനിയും വളരാനുണ്ടെന്നും തിരിച്ചറിവ് തന്ന ആ നല്ല സുഹൃത്തിനെ സ്നേഹത്തോടെ നമിക്കുന്നു ഈ അധ്യാപകദിനത്തില്‍.”ഞാനഹംകാരത്തോടെ കയ്യിലെന്തിയതാണീ പേന താഴെ വയ്കട്ടെ ഭയന്നും വിറപൂണ്ടും..”

കെ. എം. പ്രമോദ്

നൂറുവട്ടം ഏത്തമിട്ടതും

വൈകുന്നേരം വരെ

ബഞ്ചില്‍ക്കയറി നിന്നതും

നുള്ളും അടിയും കൊണ്ടതും പോരാഞ്ഞ്

നാളെ

…അച്ഛനെയും കൂട്ടി വരണമെന്നോ?

എന്റെ മാഷേ….

എങ്ങനെ ചൊല്ലി നീ‍ട്ടിയാണ്

നിങ്ങളെയൊക്കെ ഗുരുവാക്കുക

എന്നു മാത്രമല്ലേ

ഞാന്‍ ചോദിച്ചുള്ളൂ?

(ലഘു- 2007)

മുഹമ്മദ് മാറഞ്ചേരി

വീടിനടുത്ത എല്‍ . പി. സ്കൂളില്‍ നാലാം വയസ്സില്‍ തന്നെ ഇടം പിടിക്കാന്‍ കാരണം സ്കൂള്‍ മാനേജര്‍ മുഹമ്മദ്‌ മാഷ്‌ കുടുംബക്കാരനായതോ അതോ ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍ അദ്ദേഹം കണ്ടെത്തിയ പൊടിക്കൈയോ എന്നറിയില്ല. 1B യില്‍ വാസന്തി ടീച്ചറായിരുന്നു ക്ലാസ് ടീച്ചര്‍. ഏതോ ഒരു മലയാള അക്ഷരം തെറ്റിയതിനു ടീച്ചറുടെ ചൂരല്‍ കാല്‍ മുട്ടിനു താഴെ മഴവില്ല് തീര്‍ത്തത് ഇന്നും സുഖമുള്ള ഒരു നൊമ്പരമായി മനസ്സിലുണ്ട്. അതിനു ശേഷം ഒരിക്കലും മലയാളം തെറ്റിയിട്ടില്ല ; മാത്രമല്ല നാലാം ക്ലാസ്സ് വരെ നന്നായി പഠിക്കാനും ക്ലാസ്സ്‌ ലീഡര്‍ വരെ ആകാനും കഴിഞ്ഞിരുന്നു.

കഥകള്‍ മാറുന്നത് അഞ്ചാം ക്ലാസില്‍ മാറഞ്ചേരി ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നത്‌ മുതലാണ്‌. ഇത്തിരി കുഞ്ഞനായ എനിക്കും സഹപാടികള്‍ക്കും മുന്‍പില്‍ ആജാന ബാഹുക്കളായ സീനിയര്‍ വിദ്യാര്‍ഥികള്‍. എന്നും സമരവും സംഘട്ടനങ്ങളും. അദ്ദ്യാപകരാവട്ടെ വേണമെങ്കില്‍ പഠിച്ചാല്‍ മതി , നീയൊന്നും പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല എന്ന മട്ടില്‍. നാട്ടുകാരായ അദ്ദ്യാപകര്‍ വളരെ ചുരുക്കം, എല്ലാവരും തെക്കുനിന്നും കിഴക്കുനിന്നും വന്നവര്‍ , മാസം തികഞ്ഞു ശമ്പളം വാങ്ങുക എന്നതില്‍ കവിഞ്ഞു ഈ ജന്മത്തു മറ്റു ചുമതലകള്‍ ഇല്ല എന്ന് നിരീച്ചവര്‍!

ചുരുക്കി പറഞ്ഞാല്‍ പൊട്ടന്‍ ചന്തക്കു പോയ പോലെ ! എന്നാലും മുടങ്ങാതെ സ്കൂളില്‍ പോകും. എട്ടാം ക്ലാസ്സിലെ SS ഉം അതിന്റെ അദ്ദ്യാപകനും ഇന്നും സ്കൂള്‍ ജീവിതത്തിലെ ഒരു കോമഡി ആയി മനസ്സിലുണ്ട്. അദ്ദേഹം ഒരു കൊല്ലം പഠിപ്പിച്ചിട്ടും ഞങ്ങള്‍ക്ക് ഇന്ത്യയുടെ നാല് അതിരുകള്‍ മനസ്സിലായിരുന്നില്ല. ഇന്ത്യക്ക് അങ്ങിനെ ഒരതിര് അന്നുണ്ടായിരുന്നോ എന്നുമറിയില്ല. വല്ലപ്പോഴും അദ്ദേഹം ക്ലാസ്സില്‍ വരും, അതും വൈകി മാത്രം, വന്നാല്‍ ഇന്ത്യയുടെ നാലതിര് ഏതാട.. എന്ന് ചോദിക്കും , ചിലപ്പോള്‍ തെറിയുടെ അകമ്പടിയും .. എല്ലാവരോടും ഒരേ ചോദ്യം .. ആര്‍ക്കും ഉത്തരമുണ്ടാവാറില്ല, ഇനി ഉണ്ടായാല്‍ പോലും അദ്ദേത്തിന്റെ മട്ടും ഭാവവും കണ്ടാല്‍ പുറത്തേക്കു വരില്ല ..

വളരെ കുറച്ചു പേര്‍ മാത്രം നന്നായി പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു അതില്‍ കുട്ടികളോട് എന്നും വളരെ സ്നേഹപൂര്‍വ്വം സൌമ്യമായി പെരുമാറിയിരുന്ന ഹമീദ് മാസ്റ്റര്‍ , (അദ്ദേഹം സ്കൂളില്‍ വെച്ച് തന്നെ അറ്റാക്ക്‌ വന്നു ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും മരിക്കുകകയായിരുന്നു) മറക്കാനാവാത്ത ഒരു വ്യക്തി . പിന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ജാനകി ടീച്ചര്‍, ക്രിക്കറ്റ് എന്താണെന്ന് ആദ്യം പറഞ്ഞു തന്ന മുഹമ്മദ്‌ മാസ്റ്റര്‍ , താമി മാസ്റ്റര്‍ എന്നിവര്‍ വേറിട്ട്‌ നില്‍ക്കുന്നു . 1974 ലില്‍ തുടങ്ങി 1984 ലില്‍ അവസാനിച്ച സ്കൂള്‍ ജീവിതം . അന്ന് 200 – 300 കുട്ടികള്‍ പരീക്ഷ എഴുതിയാല്‍ ജയിക്കുന്നത് 20 – 30 പേര്‍ അതും ഉയര്‍ന്ന മാര്‍ക്കൊന്നുമില്ലാതെ. അടുത്ത ടുഷന്‍ സെന്ററില്‍ പോകാന്‍ കാശുല്ലവരൊക്കെ ജയിക്കും, ഇല്ലാത്തവരും പോകാത്തവരും തോല്‍ക്കും. ആദ്യ കൊല്ലം ഭംഗിയായി തോറ്റു. പിന്നീട് അധികം പ്രയാസമില്ലാതെ തന്നെ അടുത്ത കൊല്ലം വിജയിക്കുകയും ചെയ്തു. പിന്നീടു ഒരു കൊല്ലം എടവന്ന ജാമിയ നദവിയ്യയില്‍ ..

റെഗുലര്‍ പഠന രീതി അതോടെ അവസാനിപ്പിച്ചു; പാരലല്‍ ആയി പ്രീ ഡിഗ്രി, പിന്നെ പേരിനൊരു ഡിഗ്രിയും കഴിഞ്ഞു അക്കാദമിക വിദ്യാഭ്യാസ കോലാഹലം . പറഞ്ഞു വന്നത് 1975 – 85 കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനു രക്ഷിതാക്കളും അദ്ധ്യാപകരും കാര്യമായ പരിഗണ നല്‍കിയിരുന്നില്ല, പ്രത്യേകിച്ചും മലബാറില്‍ . ചിലപ്പോള്‍ PTAമീറ്റിംഗില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാറുണ്ട്. പഴയ സ്ക്കൂളും അദ്ധ്യാപകരേയും കാണുമ്പോള്‍ നഷ്ട ബോധം തോന്നാറുണ്ട്.

Renadev Mattatholi

പഠനത്തില്‍ ഒഴപ്പനായിരുന്നെമ്കിലും സ്കൂളിലെ മലയാളം മാഷ്മര്‍ക്കൊക്കെ എന്നെ ഇഷ്ടമായിരുന്നു..സെന്റ്‌ തോമസ്ല്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്ത ക്ലാസ്സിലെ ടീച്ചറും സുന്ദരിയുമായ സാറ ജോസെഫിനെ കുറിച്ച് ഒരു വര്‍ണന എഴുതി.എഴുത്ത് എന്റെ ആദ്യപകനായ ലക്ഷി നാരായണന്‍ മാഷ് പിടിച്ചെടുത്തു..വായിച്ചു നോക്കി..അദ്ദേഹമാണ് എന്നെ കവിതയില്‍ ആദ്യം പ്രോത്സാഹിപ്പിച്ചത്

ലാസര്‍ ഷൈന്‍

ജോണി സാറിനെ മറക്കാനാവില്ല. ആ കഥ ഇങ്ങനെ. എല്‍പിഎസിലാണ് സംഭവം.ബിസന്ത് എന്റെ കൂട്ടുകാരനാണ്. അവന്‍ സ്ലറ്റില്‍ വരയ്ക്കുമായിരുന്നു. എപ്പോഴും വര. എഴുത്തില്ല. ജോണി സാറാണ് ക്ലാസ് ടീച്ചര്‍. ഒരു ദിവസം സാര്‍ ബിസന്തിന്റെ കയ്യില്‍ അച്ഛന് കൊടുക്കാന്‍ ഒരു കുറിപ്പ് കൊടുത്തുവിട്ടു. കുട്ടിക്ക് ക്രയോണ്‍സ് വാങ്ങി കൊടുക്കണമെന്നായിരുന്നു അതില്‍. ക്രയോണ്‍സ് എന്തെന്ന് ആ പാവം അച്ഛന് മനസിലായില്ല. തിന്നാനുള്ള വല്ല സാധനവുമാണോ.. അതോ വല്ല പുസ്തകമോ.. ബിസന്തിനും മനസിലായില്ല. അങ്ങിനെ, തിരക്കി നടന്ന്, പല കടകള്‍ കയറി ക്രയോണ്‍സ് വാങ്ങിയപ്പോഴാണ് അത് വരയ്ക്കാനുളള സാധനമാണെന്ന് മനസിലായത്. അതായിരുന്നു അവന്റെ വരയുടെ തുടക്കം. തികച്ചും ഗ്രാമീണമായ ഞങ്ങളുടെ ചുറ്റുപാടില്‍ നിന്ന് അവന്‍ വരച്ച് വളര്‍ന്നു. പിന്നീട് ഫൈന്‍ ആര്‍ട്‌സില്‍.. എം എഫ് എ. ഇപ്പോള്‍ മസ്‌ക്കറ്റില്‍ ലോകപ്രശസ്തമായ ആഡ് ഏജന്‍സിയില്‍ വിഷ്വലൈസര്‍. അധ്യാപകരെ ഓര്‍ക്കുമ്പോള്‍ ഈ കഥ ഞാനോര്‍ക്കും. കാരമം ബിസന്തിന് നന്നായറിയാം ആ ക്രയോണിലാണ് അവന്റെ വര തുടങ്ങിയതെന്ന്. സത്യത്തില്‍ അവനെ വരച്ചത് ജോണ്‍ എന്ന ആ അധ്യാപകനാണെന്ന്.

6 Responses to “ആരല്ലെന്‍ ഗുരുനാഥര്‍?”


 1. 1 മുജീബ് സെപ്റ്റംബര്‍ 19, 2010 -ല്‍ 12:00 pm

  ചിലത് വീണ്ടും ഒരുമിച്ചു വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഉയരട്ടെ നാടാകെ.

 2. 2 Justin സെപ്റ്റംബര്‍ 19, 2010 -ല്‍ 12:15 pm

  ഈ ഗുരു സ്മരണകള്‍ ചിലത് കണ്ടിരുന്നില്ല. അതൊന്നു വായിച്ചു. എല്ലാ ഗുരുക്കന്മാരെയും ഒന്നു കൂടി പ്രണമിക്കുന്നു.

 3. 3 RENADEV സെപ്റ്റംബര്‍ 19, 2010 -ല്‍ 1:12 pm

  really,a difference..i can feel it..the sacrifice behind this blog is admirable..wishes for more beauty and meaning

 4. 4 satheesan puthumana സെപ്റ്റംബര്‍ 23, 2010 -ല്‍ 5:46 am

  പഠിപ്പിക്കല്‍ ജീവിതവൃത്തിയായി സ്വീകരിച്ചതു കൊണ്ടാവാം ഒന്നാം ക്ളാസ് തൊട്ട് എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍ അത്രയും പേരോടും എനിക്ക് സ്നേഹമാണു-ഇവിടെ ഒലവക്കോട്ടും നാട്ടില്‍ ,പുലാപ്പറ്റയിലും ഉള്ള അവരില്‍ പലരേയും ഇപ്പോഴും പോയി കാണാറുമുണ്ട്-എന്നെ ഏറെ വാത്സല്യത്തോടെ കണ്ടിരുന്ന രണ്ട് അദ്ധ്യാപകരെ ഞാന്‍ അക്ഷരാര്‍ ത്ഥത്തില്‍ വീഴ്ത്തിയിട്ടുണ്ട്-ഇപ്പോള്‍ ഞാനവരെ ഓര്‍ ക്കട്ടെ-ഹേമാം ബിക സം സ്കൃത ഹൈസ്കൂളില്‍ എന്നെ കണക്ക് പഠിപ്പിച്ച ഉണ്ണാലച്ചന്‍ മാഷ്-സ്കൂള്‍ വിട്ടതിനു ശേഷവും ,എവിടെ വെച്ച് ,എപ്പോള്‍ കണ്ടാലും ‘വാട്ട്, സര്‍ ?’ എന്ന അന്വേഷണത്തോടെ,ഒരു കൈ കൊണ്ട് എന്നെ ആശ്ളേഷിക്കാറുണ്ടായിരു മാഷ്-ഒരിക്കല്‍ ,സ്കൂള്‍ വാര്‍ ഷികത്തിന്‍ റ്റെ ദിവസം ,ഞാന്‍ സ്കൂളിലെത്തി- മാഷ് സ്കൂള്‍ വരാന്തയില്‍ വെച്ച് എന്നെ കണ്ടു-‘വാട്ട്,സര്‍ ?’-മാഷ് ഇടം കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു-എനിക്ക് അടി തെറ്റി- ഞാനും മാഷും കൂടി ,വരാന്തയുടെ ഒരു വശത്ത് കൂട്ടിയിട്ടിരുന്ന മരപ്പലകകളുടെ മീതെ മറിഞ്ഞു വീണു-പാദത്തിനു തൊട്ടു മുകളില്‍ മാഷിനു ചെറുതായി മുറിഞ്ഞു-രക്തം വന്നു-എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നു-പിന്നീടുണ്ടായ കൂടിക്കാഴ്ച്ചകളില്‍ എന്നും ആ സം ഭവം മാഷ് ഓര്‍ മ്മിക്കുമായിരുന്നു-

  വിക്റ്റോറിയ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍ റ്റെ മോഡേണ്‍ ഫിസിക്സ് അദ്ധ്യാപകനായിരുന്നു ശര്‍ മ്മ സര്‍ -ഒരു ദിവസം ഒലവക്കോട്ടേയ് ക്ക് നടന്നു പോകുകയായിരുന്നു ഞാന്‍ -സൈക്കിളില്‍ എതിരെ വന്നു ശര്‍ മ്മ സര്‍ -മൂപ്പര്‍ ചിരിച്ചു-ഞാന്‍ കൈ ഉയര്‍ ത്തി’സുപ്രഭാതം ‘ആശം സിച്ചു- ഹാന്‍ ഡില്‍ ബാറില്‍ നിന്ന് കൈ എടുത്ത് സര്‍ എനിക്ക് നല്ല ദിവസം ആശം സിച്ചു-അടുത്ത നിമിഷം ആ മുഖത്ത് കലശലായ പരിഭ്രമം പടരുന്നതു ഞാന്‍ കണ്ടു-ഞാന്‍ തിരിഞ്ഞു നോക്കി- വൈക്കോല്‍ നിറച്ചു വരുന്ന കാളവണ്ടിയുടെ നേരെ മാഷ്, സാമാന്യം വേഗത്തില്‍ പോകുന്നതു ഞാന്‍ കണ്ടു-വണ്ടിച്ചക്രത്തില്‍ ഇടിച്ച് റോഡില്‍ മലര്‍ ന്ന് വീഴുന്നതും -ഓടിയടുക്കുന്ന ആള്‍ ക്കാരെ നോക്കി ഒരു നിമിഷം നിന്ന് ഞാന്‍ നടന്നു-വീണത് ഞാനറിഞ്ഞെന്ന് മാഷ് അറിയേണ്ടെന്ന് തോന്നി-പിറ്റേന്ന് ഫിസിക്സ് ലാബൊറട്ടറിയില്‍ വെച്ച് കണ്ടപ്പോള്‍ നെറ്റിയിലെ ബാന്ഡ് എയ്ഡ് സൂചിപ്പിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു-‘വഴിയിലൊന്നു വീണു’-
  ഓര്‍ മ്മകളില്‍ ജീവിക്കുന്ന, എന്‍ റ്റെ എല്ലാ അദ്ധ്യാപകരേയും വീണ്ടും ഓര്‍ ത്തുകൊണ്ട്-

 5. 5 Sreejith VT Nandakumar ഡിസംബര്‍ 6, 2012 -ല്‍ 9:43 am

  ചുട്ട മറുപടിയാണ് ഇതിനൊക്കെ വേണ്ടത്. എന്തുചെയ്യാം, നോര്‍വെയല്ലേ ഇപ്പോള്‍ ഭരണം! അതുകൊണ്ട് ക്ഷമിയ്ക്കുന്നു.


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 10:59 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: