പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

ബഷീര്‍

“ഒരു പെണ്ണിന് നല്ല മുസ്ലിമാകാന്‍ പര്‍ദ്ദ തന്നെ വേണമോ?”

– വേണ്ടെന്ന് കട്ടായം.

മാന്യമായ വേഷവിധാനം വേണമെന്നേ ഇസ്ലാം സ്ത്രീകളോട് പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ.

ഇനി വേണമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും:

ഒരുവള്‍ പര്‍ദ്ദ ധരിക്കാതെ, ‘എനിക്ക് അങ്ങനെ നല്ല മുസ്ലിം ആകണ്ട’ എന്നും ജീന്‍സും ടോപ്പും ആണ് തന്‍റെ ഇഷ്ടവേഷമെന്നും അത് ധരിച്ചേ നടക്കൂ എന്നും തന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം കാണുന്നവനെന്തിനു എന്നുറക്കെ ചോദിച്ചാല്‍?

– 100 % അതവളുടെ സ്വാതന്ത്ര്യം; തെരഞ്ഞെടുപ്പ്.

ഇപ്പടി കാഴ്ചക്കാരായ ഏതെങ്കിലും ‘മതവികാര’ജീവികള്‍ പര്‍ദ്ദ ധരിച്ചില്ല എന്ന പേരില്‍ ആ പെണ്‍കുട്ടിയെ ആക്രമിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താണോ മുതിര്‍ന്നാല്‍?!

– അത്തരം കഴുതകളുടെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും അവളുടെ സുരക്ഷയും ഇഷ്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നേ ഞാന്‍ പറയൂ…

മതം നിത്യജീവിതത്തില്‍ അനുശാസിക്കുന്ന സത്യസന്ധത, വിശ്വസ്തത, ഭൂതദയ, സഹജീവിസ്നേഹം തുടങ്ങി യാതൊരു മൂല്യങ്ങളും പാലിക്കണമെന്ന നിഷ്ഠയില്ലാതെ, പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങളെയൊക്കെ പര്‍ദ്ദ ഇടീക്കല്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ ബാധ്യതയാണെന്ന് ധരിച്ചു വശായി, പര്‍ദ്ദ ഇടാതെ നടക്കുന്ന മാപ്ലച്ചികളെ കാണുമ്പൊള്‍ വല്ല ചൊറിച്ചിലും വരുന്ന വങ്കന്മാര്‍ ഈ കേരളത്തിലുമുണ്ടെങ്കില്‍ ബോധമുള്ള ആണ്‍പിള്ളേര്‍ സാമാന്യം ‘പെരുമാറി’ത്തന്നെ ആ ചൊറിച്ചില്‍ നിവര്‍ത്തിച്ചു കൊടുക്കേണ്ടതാണ്.

കേരളത്തില്‍ ഏതെങ്കിലും വ്യവസ്ഥാപിത സംഘടന(കള്‍) മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ / അബായ തന്നെ ധരിക്കണമെന്നും അല്ലാത്ത പക്ഷം മതവിരുദ്ധപ്രവര്‍ത്തിയാണെന്നും ഇത് വരെയും തിട്ടൂരമിറക്കിയതായി അറിവില്ല. ഉണ്ടെങ്കില്‍ പോലും, മുസ്ലിം സമൂഹത്തില്‍ കുറഞ്ഞ പ്രാതിനിധ്യം മാത്രം അവകാശപ്പെടാവുന്ന അത്തരക്കാരുടെ സ്വാധീനം മൂലമല്ല പര്‍ദ്ദ വ്യാപകമായത്. പണ്ടേയ്ക്ക് പണ്ടേ ഒരു വേഷമെന്ന നിലയില്‍ നിലവിലുണ്ടായിരുന്നെങ്കിലും ചെറുപ്പക്കാരികള്‍ക്കിടയില്‍ വ്യാപകമായിട്ടു അധികമൊന്നുമായില്ലെന്ന് തോന്നുന്നു.

ഭക്ഷണരീതികള്‍, വേഷങ്ങള്‍ ഇവ മാറ്റത്തിനു വിധേയമാണ്. ഗള്‍ഫ് സ്വാധീനമാണ് പര്‍ദ്ദ ട്രെന്‍ഡ് ആയതിനു പിന്നില്‍ എന്നാണ് എന്റെ നിഗമനം. അത് അടിച്ചേല്‍പിക്കല്‍ കൂടാതെ തന്നെ ഒരു ഫാഷന്‍ ട്രെന്‍ഡ് എന്നോണം വ്യാപകമായതാണ്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഷവര്‍മക്കൂടുകള്‍ കാണുന്നില്ലേ, അത് പോലെ. പര്‍ദ്ദക്ക്‌ അനുകൂലമെന്നത് പോലെ വിരുദ്ധമായ വികാരമിളക്കി വിടുന്നതും, പ്രശ്നവല്‍ക്കരിക്കുന്നതും ക്രിയാത്മകമല്ല തന്നെ. ചില തീവ്രമുതലെടുപ്പുകാര്‍ക്ക് ആയുധം നല്‍കാനെ അതുപകരിക്കൂ.

വേഷങ്ങള്‍ ധരിക്കുന്നതും ധരിക്കാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം… ഒരാളുടെ ഇഷ്ടത്തിന് വിരുദ്ധമായി പര്‍ദ്ദ ധരിപ്പിക്കുന്നതും ഊരിപ്പിക്കുന്നതും ഒരേ പോലെ അപലപനീയം; അസ്വീകാര്യം.

റിയാന ഇഷ്യൂ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൂടാതെ തന്നെ കുറെ നാളുകളായി പര്‍ദ്ദ പ്രശ്നവല്‍ക്കരിക്കപ്പെടുകയും, പര്‍ദ്ദയെ പ്രതി നിരന്തരം ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നതില്‍ സാംസ്ക്കാരിക ഫാസിസത്തിന്റെതായ ഒളിയജണ്ടയുണ്ട്. ഇതൊക്കെയും നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ ആണുണ്ടാക്കുന്നത്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല. മതവിധി പാലിക്കാന്‍ പര്‍ദ്ദ തന്നെ വേണമെന്നുമില്ല.

എന്നാല്‍ തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനുയോജ്യമെന്നോ സൌകര്യപ്രദമെന്നോ കണ്ട് പര്‍ദ്ദ വേഷമായി തെരഞ്ഞെടുത്തവര്‍ക്ക് ആ സ്വാതന്ത്ര്യം വക വെച്ച് നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.

കേരളീയസമൂഹത്തിനു പ്രത്യേകിച്ച് നേട്ടമോ കോട്ടമോ ഉണ്ടാക്കുന്നില്ല എന്നതിനാല്‍ സ്ത്രീകള്‍ സ്വമേധയാ പര്‍ദ്ദ ധരിക്കുന്നത് നമ്മില്‍ അസ്വസ്ഥത ജനിപ്പിക്കേണ്ട കാര്യവുമില്ല.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ ‘സദാചാര പോലീസിംഗി’നു വിധേയമാകുന്നുവെങ്കില്‍ അത് പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നു. സ്വാഭീഷ്ടപ്രകാരം പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതും തഥൈവ. ഏതെങ്കിലും മതമൌലികവാദിസംഘത്തില്‍ നിന്ന് റിയാനക്ക് യഥാര്‍ത്ഥമായും ഭീഷണി നേരിടുന്നുവെങ്കില്‍, അവളോടൊപ്പം ആദ്യം നിലയുറപ്പിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഇതരസമൂഹവും പിന്താങ്ങണം.

ഒപ്പം തന്നെ, ഇത്തരം ഭീഷണികള്‍ യഥാര്‍ത്ഥമോ എന്നും ഉറപ്പിക്കെണ്ടതുണ്ട്. പ്രത്യേകിച്ച്, മാധ്യമങ്ങള്‍ സെന്സേഷനലിസത്തിനു പിന്നാലെ പരക്കം പായുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മറഞ്ഞിരുന്ന് ആനന്ദിക്കുന്ന മനോരോഗികളായ ക്ഷുദ്രജീവികള്‍ അവസരം മുതലാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തേണ്ടത്‌ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന സംഗതിയാണ്.

5 Responses to “പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും”


 1. 1 thankachan സെപ്റ്റംബര്‍ 20, 2010 -ല്‍ 10:55 am

  പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് കേരളത്തില്‍ പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സഹോദരിമാരുടെ എണ്ണം വളരെ തുച്ചമായിരുന്നു. ഇതു ബഷീര്‍ പറയുന്നത് പോലെ മുസ്ലിം സഹോദരിമാര്‍ അവരുടെ ഇഷ്ട പ്രകാരം തിരഞ്ഞെടുതതാണെന്ന് കരുതാന്‍ കഴിയില്ല .മതപരമായ ശാസന ഇതിന്‍റെ പിന്നില്‍ കാണാന്‍ കഴിയും . അല്ലെങ്കില്‍ അഞ്ചുവയസ്സ് പോലും തികയാത്ത പിഞ്ചു കുട്ടികളുടെ കണ്ണ് മാത്രം പുറത്തു കാണുന്ന വിധം വേഷം ധരിപ്പിച്ചു മദ്രസ്സയില്‍ അയക്കുന്നതിനു എന്ത് ന്യായീകരനമാനുള്ളത്. പിഞ്ചു കുട്ടികളെ എങ്ങനെ വേഷം കെട്ടിക്കുന്നതിനെ ഇഷ്ട വേഷം ധരിക്കാനുള്ള അവകാശമാണെന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല .നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെയും കൂടുതല്‍ കൂടുതല്‍ ഇരുട്ടിലേക് നയിക്കപ്പെട്ടു കൊണ്ടിരിക്കുയാണെന്നു കാണുന്നതില്‍ വളരെ സങ്കടമുണ്ട് .

  • 2 A.B.K. Mandayi സെപ്റ്റംബര്‍ 21, 2010 -ല്‍ 3:57 am

   ബഷീറിന്ദെ അഭിപ്രായത്തോട് യോജിക്കുന്നവെങിലും ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, പെൺകുട്ടികൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനു അവർക്കവകാശം ഉണ്ടെന്നതു സമ്മതിക്കുന്നെങിലും ഓരോ മത വിഭാഗത്തിനും അവരുടെ വിശ്വാസപ്രമാണങൾക്കനുസരണമായി ചില വസ്ത്രധാരണ രീതികൾ ഉണ്ട് അതനുസരിചു ജീവിക്കുന്നവരെ ആണു മത വിസ്വാസികൾ എന്നു പറയുന്നതു . സ്ത്രീ മാന്യം ആയി വസ്ത്രം ധരിക്കണം എന്നു മാത്രമേ ഇസ്ലാം പറയുന്നുള്ളു അതനുസരിചു അവൾ മുഖവും മുൻകൈ ഒഴികേയുല്ല തന്ദെ ശരീര ഭാഗങൾ മറക്കണം എന്നാണു ഇസ്ലാം വിഭാവനം ചെയ്യുന്നതു. അതു പർദ്ദ ആകണമെന്നില്ല. എന്നാൽ ശരീരം ഇറുകുന്ന ജീൻസും മറ്റും ധരിക്കുന്നതു ഇസ്സ്ലാമികം ആണെന്ന് പറയാൻ കഴിയില്ലല്ലോ? ഇതൊക്കെയാണെങിലും ആരേയും ഇന്ന വസ്ത്രം ധരിക്കണം അല്ലെങിൽ ധരിപ്പിക്കണം എന്ന് ആരും നിർബന്ദിക്കരുതു.

 2. 3 satheesan puthumana സെപ്റ്റംബര്‍ 23, 2010 -ല്‍ 2:41 pm

  ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച്,വ്യക്തമായ കാഴ്ചപ്പാടോടെ ബഷീര്‍ എഴുതുന്ന കുറിപ്പുകള്‍ താത്പര്യത്തോടെ വായിക്കാറുണ്ട്-ഈ ചെറുപ്പക്കാരന്‍ റ്റെ യുക്തിഭദ്രമായ വാദങ്ങള്‍ , സമൂഹം കൂടുതല്‍ ചര്‍ ച്ചകള്‍ ക്ക് വിഷയമാക്ക ണമെന്നാണെന്‍ റ്റെ അഭിപ്രായം -വേഷത്തിലായാലും പൊതുജീവിതത്തിലായാലും സ്ത്രീക്ക്, പുരുഷനുള്ള സ്വാതന്ത്ര്യം തന്നെ വേണമെന്നാണു എനിക്ക് തോന്നാറുള്ളത്-പര്‍ ദ്ദയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉയര്‍ ത്തുന്ന പ്രശ്നങ്ങള്‍ ക്ക് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താന്‍ രണ്ട് വഴികള്‍ ,എനിക്ക് തോന്നുന്നത്,പറയാം -ഒന്ന്, മതകാര്യങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ യോഗ്യതയുള്ള പണ്ഡിതന്മാര്‍ ,കാര്യകാരണങ്ങളോടെ,സം ശയങ്ങള്‍ ക്കിട കൊടുക്കാത്ത വ്യാഖ്യാനങ്ങളിലൂടെ,സാധാരണ ജനങ്ങളെ അങ്ങോട്ട് ചെന്ന് കാണുക-പ്രസം ഗങ്ങളിലൂടെ-ലേഖനങ്ങളിലൂടെ-രണ്ട്,യുക്തിയുടെ പിന്‍ ബലത്തോടെ,കാര്യങ്ങള്‍ മനസ്സിലാക്കാനും മനസ്സിലാക്കിയത് പ്രചരിപ്പിക്കാനും കരുത്തുള്ള ഒരു യുവതലമുറയെ വിദ്യാഭ്യാസത്തിലൂടെ ശക്തരാക്കുക-ഈ പറഞ്ഞതിനും ഒരു നല്ല പരിധി വരെ മത പണ്ഡിതരുടെ സഹായം ആവശ്യമായി വന്നേയ്ക്കാം –
  ബഷീറിന്‍ റ്റെ കുറിപ്പിനു പ്രതികരണമാണിതെങ്കിലും ,മറ്റു മതങ്ങളിലും ഈയിടെയായി കണ്ടു വരുന്ന അനാശാസ്യമായ മോറല്‍ പോലീസിം ഗ് പ്രവണതകളും മനസ്സിലുണ്ട്, ഇതെഴുതുമ്പോള്‍

 3. 4 shamsudheen alungal സെപ്റ്റംബര്‍ 23, 2010 -ല്‍ 7:48 pm

  വര്‍ത്തമാന കാല സാഹചര്യത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വിഷയം യുക്തി സഹമായി അവതരിപ്പിക്കാന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട്. റയാന എന്ന പെണ്‍കുട്ടിയെ പര്‍ദയിടീക്കാന്‍ കച്ച മുറുക്കി രംഗത്തിറങ്ങിയ മാന്യന്മാര്‍…?അവര്‍ സ്വന്തം മതത്തിലെ നിര്‍ബന്ദ മായ കാര്യങ്ങളില്‍ എത്രമാത്രം നിഷ്കര്‍ഷത ഉള്ളവരായിരിക്കുമെന്നു അവരെ കുറിച്ച് അന്വേഷിച്ചാലേ അറിയാനോക്കൂ. ഏതായാലും മുസ്ലിം സംഘടനകളില്‍ മുന്പന്തി യിലുള്ളവരാരും അവരെ അനുകൂലിച്ചതായി അറിവില്ല.മറ്റു സമൂഹങ്ങളില്‍ മുസ്ലികളെ കുറിച്ച് ഒരു തെറ്റായ ധാരണ ഉണ്ടാക്കാനേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കൂ


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക്സെപ്റ്റംബര്‍ 19, 2010 -ല്‍ 11:18 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: