ജനമേജയന്‍: തുടരുന്ന ജിജ്ഞാസകള്‍

പറഞ്ഞു പറഞ്ഞാണ്‌ കഥകള്‍ ഇതിഹാസങ്ങളായത്. എത്രയെത്രെ കാലദേശങ്ങള്‍, ,വംശങ്ങള്‍, കൂട്ടിക്കിഴിക്കലുകളും വെച്ചുമാറലുകളും കൊണ്ട് നിരന്തരം പുതുക്കി നമ്മുടെ ജീവിതത്തിന്റെ അന്നന്നത്തെ ഉപ്പായി, കണ്ണീരായി, ആഖ്യാനവലയങ്ങളില്‍ കാതലുറച്ച മഹാവൃക്ഷങ്ങളായി ഭാരതവും രാമായണവും എന്നും നമ്മോടൊപ്പം നടന്നുനീങ്ങുന്നു. ഉന്നതപാഠങ്ങള്‍ മാത്രമല്ല നാട്ടുപേച്ചുകളൂടെ പുറം പാഠങ്ങളും അവയോടൊപ്പം കണ്ണിചേര്‍ക്കപ്പെടുന്നു. കൂടിയാട്ടത്തില്‍ രാമന്റെ വിഷാദത്തോടൊപ്പം വിദൂഷകന്റേതു ചേര്‍ത്തുവെക്കുന്നത് അങ്ങനെയാണ്‌. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ ലോഹക്കിലുക്കമുള്ള ഭാഷയ്ക്ക് അരവിന്ദന്‍ ഗോത്രഭൂമിയില്‍ ദൃശ്യവ്യാഖ്യാനം ചെയ്തപ്പോളും ഈ കലര്‍പ്പുകളുടെ ഊര്‍ജ്ജപ്രസാരം നാം കണ്ടു.
സനാതനമായ ഒരു ധാര്‍മ്മിക മൂല്യവ്യവസ്ഥയില്‍ നിന്ന് ഭാരതത്തെ പുനരാഖ്യാനം ചെയതപ്പോഴാണ്‌ മാരാരുടെ ഭാരതപര്യടനം പിറന്നത്. കുട്ടിക്കാലത്ത് ഭാരതം കഥ കേട്ടതുമുതല്‍ എന്റെ മനസ്സില്‍ മായാതെ നിന്നിരുന്ന അംബ എഴുതൂ കിട്ടും എന്ന് തന്നെ പ്രേരിപ്പിച്ചപ്പോഴാണ്‌ താന്‍ മഹാഭാരതം മുഴുവന്‍ വിളക്കു വെച്ചു വായിക്കാന്‍ തുടങ്ങിയത് എന്ന് കുടുകൃഷ്ണമാരാര് എഴുതിയിട്ടുണ്ട്.അവിടെ ആ ധാര്‍മ്മികവിചാരണയുടെ ഉയര്‍ച്ചയില്‍ പല വിരാട് രൂപങ്ങളും ചെറുതായി.. ചിലരുടെ നിഴലുകള്‍ക്ക് നീളം വെച്ചു. അത് മാരാരുടെ കാഴ്ചയായിരുന്നു. അങ്ങനെ എത്രയെത്ര പുനരാഖ്യാനങ്ങള്‍….
ശ്രീ കെ പി നിര്‍മ്മല്‍ കുമാറിന്റെ ‘ജനമജേയന്റെ’ ജിജ്ഞാസ ഈ തുറന്ന സം വാദപരമ്പരയിലെ ഒരു പുതിയ കണ്ണിയാണ്‌.
മുന്‍ മാതൃകകളില്‍ നിന്ന് ആദ്യമേ സ്വതന്ത്രനായി മാറിയ കാലത്തിന്റെ ഭാഷയില്‍ മൂല്യബോധത്തില്‍ ഒരു പുനര്‍ വിചാരം. ഈ വിചാരഭാഷയുടെ കാതല്‍ സമകാലിക മലയാളിയുടെ പൊതുജീവിതം ആണ്‌.ക്ലാവു പിടിച്ചതൊക്കെയും ഉരച്ചുകളഞ്ഞ് പുതിയ ലോകബോധത്തിന്റെ വെയിലില്‍ പഴയജീവിതങ്ങള്‍ പെരുമാറുന്നു. എം പി ശങ്കുണ്ണി നായരുടെ ഭാഷയില്‍ പുശ്ചലിയായ ഭാഷയെ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു. ഒരു പത്രത്തിന്റെ തിരശ്ചീനഗതിയായ വിതാനം പോലെ തോന്നിക്കുന്ന, തുടര്‍ച്ചകള്‍ക്ക് വാശിപിടിക്കാത്ത ആഖ്യാനഖണ്ഡങ്ങളിലൂടെ ഏറെ ജേര്‍ ണലിസ്റ്റിക് ആയ ഒരു ഭാഷയില്‍ പുതിയ കാലത്തില്‍ പുതിയ ലോകത്തെ ഇതിഹാസകഥാപാത്രങ്ങള്‍ അഭിമുഖീകരിക്കുന്നു. ആഖ്യാനത്തിന്റെ ഈ സൂക്ഷ്മ ശരീരം മലയാളനാട് വരും കാലത്ത് ചര്‍ച്ച ചെയ്യും എന്നുറപ്പാണ്‌.
അത്തരം ഒരു ചര്‍ച്ചയുടെ തുടക്കമാകട്ടെ ഈ ചോദ്യോത്തരം.
ശ്രീ കെ. പി. നിര്‍മ്മല്‍ കുമാര്‍ എഴുതിയ പുതിയ നോവല്‍ ജനമജേയന്റെ ജിഞാസയെ സംബന്ധിച്ച് സുനില്‍ ജി. നമ്പൂതിരി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നോവലിസ്റ്റിന്റെ മറുപടി.

 • പലപ്പോഴും chronological അല്ലാതെ സംഭവങ്ങള്‍ വരുന്നത് ഒരു തടസമായിരുന്നു. ഒരു പക്ഷെ അത് മനപൂര്‍വം താങ്കള്‍ ചെയ്തതാണെന്ന് കരുതുന്നു”

ഭാരത കഥാ സന്ദര്‍ഭങ്ങള്‍ സ്വന്തം നിലയില്‍ മനസ്സിലാക്കുകയും കഥാപാത്രങ്ങളുടെ വീക്ഷണത്തെ പറ്റി അവബോധം നില നിര്‍ത്തുകയും ചെയ്യുന്ന ആധുനിക വായനക്കാരനെ ലക്ഷ്യമിടുന്ന എന്റെ രചന തുടങ്ങുന്നത്, യുദ്ധഭൂമിയില്‍ അഭിമന്യുവിന്റെ അസ്വാഭാവിക മരണത്തെ കൊലയാളി സംഘം നിസ്സാരവല്‍ക്കരിച്ചു വിശദീകരിക്കുന്ന രീതിയാണ്. മറിച്ച്, ശന്തനു ഗംഗാതീരത്ത്‌ അലയുന്ന രംഗം തുടങ്ങുന്നത് വായനക്കാരില്‍ വിരസത ജനിപ്പിക്കും. പൊതുവായി എല്ലാവര്ക്കും അറിയുന്ന സംഭവങ്ങള്‍ കാലക്രമത്തില്‍ എന്നതിന് പകരം, കാമറ സൂം ചെയ്യുന്നത് കഥാ പാത്രങ്ങളുടെ ജീവിതാവസ്ഥകള്‍ സമകാലീന മൂല്യ ബോധത്തില്‍ (ആഗോള രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെടുന്ന വന്‍ നാട്യ സംഘം) എങ്ങനെ കാണാം എന്നായിരുന്നു. കാലക്രമം മാത്രമല്ല ഞാന്‍ രചനയില്‍ ഉപേക്ഷിച്ചത്. പരമ്പരാഗത മലയാളവും ആണ്. അലങ്കാര ജടില മായ ഒരു പതിവ് ഭാഷക്ക് പകരം, ദിവസങ്ങളോളം സ്വയം എഡിറ്റ്‌ ചെയ്ത്‌, കൃത്യം വാക്കുകള്‍ ഉപയോഗിക്കുന്ന, മലയാളം ഇതില്‍ കാണാം. സ്ഥിരം നാം കാണുന്ന ആദര്‍ശവല്‍ക്കരണം വര്‍‍ജ്ജിച്ചു . ഈ പ്രശസ്ത/കുപ്രശസ്ത കഥാപാത്രങ്ങള്‍ ജീവിച്ചതോ ഭാവനയിലോ ആകട്ടെ, അവര്‍ ഇടപെടുന്നത്, കൌരവര്‍ മാത്രമല്ല പാണ്ഡവരും, സ്വാര്‍ഥതയില്‍ മാത്രം. ഞാന്‍ പരിഗണിച്ച nonlinear കഥന രീതി പുനരാവിഷ്കരണത്തെ ബലപ്പെടുത്തി. സുനിലിന്റെ ആദ്യ ചോദ്യത്തിന് ഉത്തരമായി ഇത് കാണുക.

 • പിന്നെ തോന്നിയത് ‘ജനമേജയന്റെ ജിജ്ഞാസ’ കൂടുതല്‍ പൂവികരുടെ സ്വകാര്യതയിലൂടെയും ലൈംഗികതയിലൂടെയും പോകുന്നു എന്നതാണ്. അതിനു എന്തെങ്കിലും കാരണമുണ്ടോ?”

ഗംഗ, യമുന എന്നീ രണ്ടു നദികള്‍ വഴിയാണ് കുരുവംശം ശന്തനുവിലൂടെ വളര്‍ന്നത്‌. രാജ്യം ഭരിച്ചു തളര്‍ന്ന ചക്രവര്‍ത്തി ആയിരുന്നില്ല ശന്തനു . ഭോഗം രാജതന്ത്രതെക്കാള്‍ വലുത്. മകന്‍ വിചിത്രവീര്യന്‍ ഭോഗിച്ചു തളര്‍ന്നു കിടപ്പറയില്‍ തന്നെ കുഴഞ്ഞു വീണു മരിച്ചു. സത്യവതി വിവാഹ പൂര്‍വ രതിയില്‍ സന്തതി ഉണ്ടായവള്‍. ഒരു പ്രസവത്തില്‍ നൂറു മക്കള്‍ എന്ന അപൂര്‍വ ഇനം സന്താന സൃഷ്ടി വ്യാസ പുത്രന്‍ ധൃത രാഷ്ട്രര്‍ സംഭാവന നല്‍കി.പാണ്ടു മരിച്ചത് ചെങ്കോല്‍ പിടിച്ചായിരുന്നില്ല. അയോനിജ എന്ന് അറിയപ്പെട്ട പാഞ്ചാലി വിവാഹത്തില്‍ വഞ്ചിതയായി ഒറ്റ മുറിയില്‍ അഞ്ചു ഭര്‍ത്താക്കന്മാര്‍ക്ക് രതിയുടെ ‘പരമാനന്ദം’ നല്‍കാന്‍ വിധിക്കപ്പെട്ടു. കുന്തിദേവി ആകട്ടെ, പരപുരുഷ രതിയുടെ നീണ്ട കാല ഉപാസക.

രതി, അധികാരം പോലെ ഭാരതത്തില്‍ സര്‍വവ്യാപി. ഇത്ര പച്ച രതി നേര്‍ കാഴ്ച ഒഴിച്ച് നിര്‍ത്താന്‍ ആവില്ല. അര്‍ദ്ധ സഹോദര ഭാര്യയുടെ അരക്കെട്ടിലെ അല്പവസ്ത്രം പരസ്യമായി വലിച്ചു നീക്കാന്‍ കൊതിച്ച ദുശാസനന്‍ സ്വത്തു തര്‍ക്കതിന്നിടയില്‍ രതി, പ്രതികാരം എന്നിവയ്ക്ക് അര്‍ത്ഥ വിതാനങ്ങള്‍ നല്‍കി.
ശന്തനു:ഗംഗ, ശന്തനു:സത്യവതി, ഭീഷ്മര്‍, വിചിത്രവീര്യന്‍, കാശി രാജ കുമാരികള്‍ എന്നിങ്ങനെ പാണ്ഡവരുടെ മുന്‍ഗാമികള്‍ ചെയ്തതിന്റെ രഹസ്യ പ്രേരണ നാം അന്വേഷിക്കണം. ആദര്‍ശാത്മക പരിവേഷം ഇല്ലാതെ. വെള്ള പൂശാതെ. ഇന്നത്തെ മൂല്യ ബോധത്തില്‍.

 • ഹസ്തിനപുരിയിലെ സാംസ്കാരിക ജീര്‍ണതയാണ് താങ്കള്‍ വരച്ചു കാട്ടുന്നത്. അല്ലെ?

വിവേചന രഹിതമായ രതിയുടെയും കൌശല പൂര്‍ണമായ അധിനിവേശത്തിന്റെയും കഥകള്‍ ഇന്നും പ്രസക്തമല്ലേ? അവരോടു വെറുപ്പും വാത്സല്യവും ഇല്ലാതെ സമീപിക്കാന്‍ നമുക്ക് സാധിക്കണം . പെണ്‍ മക്കളുടെ ഭര്‍ത്താക്കന്മാര്‍ തന്നോട് വിശ്വസ്തത കാണിക്കുന്നില്ലെന്ന സംശയത്തില്‍ അവരെ ചതിയില്‍ പരസ്യ ആത്മഹത്യക്ക് ദുഷ്പ്രേരണ ചെലുത്തിയ സദ്ദാം ചിലര്‍ക്ക് ആരാധ്യനും വേറെ ചിലര്‍ക്ക് വെറുപ്പിന്റെ പ്രതീകവും ആണ്. ഇത് പോലെ കഠിനം നമ്മുടെ വികാരങ്ങള്‍ എന്ന് ഇതിലൂടെ നാം തിരിച്ചറിയുന്നു.. അഥവാ, ഒരു ഓര്‍മ്മപ്പെടുത്തല്‍.

 • ഗാന്ധാര ഭൂപതി (പൂര്‍വാശ്രമത്തില്‍ ശകുനി) ക്ക് എന്തിനു ഇത്ര പ്രാധാന്യം ഈ രചനയില്‍ കൊടുത്തു.

അച്ഛന്‍ സുബല രാജാവിന്റെ തുടയെല്ലില്‍ നിന്നുണ്ടാക്കിയ ചൂത് കരുവിന്റെ മായിക ബലത്തില്‍, ചോര വീഴ്ത്താതെ നടന്ന കൊട്ടാര വിപ്ലവം ഇന്ദ്രപ്രസ്ഥത്തിലെ ചക്രവര്‍ത്തിയും കാലന്റെ അവിഹിത സന്തതിയുമായ യുധിഷ്ഠിരനെ അധികാരത്തില്‍ നിന്ന് പുറത്തു ചാടിച്ചു, കൌശലത്തിലൂടെ സ്വത്തു, സ്ഥാവരവും ജംഗമവും, പണയം വെപ്പിച്ചു, പിന്നെയും പാഠം പഠിക്കാത്ത പാണ്ഡവരെ ഒരിക്കല്‍ കൂടി തോല്‍പ്പിച്ചു വനവാസത്തിനു അയച്ചു.
ആരാണ് ഈ ശകുനി? അഭിവന്ദ്യ വ്യാസന്‍ അത്രയൊന്നും പറയുന്നില്ല. പാണ്ഡവ മിത്രം കൃഷ്ണനെ അറിയാം, കൌരവ മിത്രം ശകുനിയെ ഗാന്ധാരത്തില്‍ നിന്ന് തന്നെ പരിചയപ്പെടുത്തുന്ന ഭാഗം ഞാന്‍ എഴുതുമ്പോള്‍ സങ്കല്‍പ്പിച്ചത്‌, ഏകലവ്യനിലെ നരേന്ദ്ര പ്രസാദിനെ ആണ്. . ആ ചിരിയും കളിയും. കുടിലത നിറഞ്ഞ മുഖ സൗന്ദര്യവും, സന്യാസിയുടെ വസ്ത്രവും, പ്രചരണം ചെയ്തു ശത്രുവിനെ നിര്‍വീര്യമാക്കുന്ന തന്ത്രവും.ഇതിലധികം ഉണ്ട് അയാളെ പറ്റി എഴുതാന്‍.
അച്ഛന്‍ സീനിയര്‍ ബുഷിനെ സദ്ദാം അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കാരണം കൊണ്ട് മകന്‍ ബുഷ്‌ നടത്തിയ ‘വേട്ട’ എങ്ങനെ പില്‍ക്കാലത്ത്‌ കോണ്ടലിസ റൈസ് തുടങ്ങിയ ബുദ്ധിജീവികളെ ഉപയോഗിച്ച് വൈറ്റ് ഹൌസ് ന്യയീകരിച്ചുവോ, അത് പോലെ കപട ന്യയീകാരങ്ങള്‍ നടത്തി, ഗാന്ധാര ഭൂപതി യുദ്ധത്തില്‍ സഹദേവ നാല്‍ കൊല്ലപ്പെടും വരെ കൌരവരില്‍ പോലും ഭീതിയും അത്ഭുതവും സൃഷ്ടിച്ച് കുരു വംശത്തിന്റെ ഭാഗധേയം സ്വന്തം കൈകളില്‍ നിര്‍ത്തി. തിന്മ അതിന്റെ ഗാന്ധാര ആഡംബരത്തില്‍ നമ്മെ ചിന്താ കുഴപ്പത്തില്‍ എത്തിക്കുന്നു.

 • കൌന്തെയര്‍ക്കും കൌരവര്‍ക്കും ഇല്ലാത്ത പ്രാധാന്യം ശകുനിക്ക് വന്നുവോ എന്ന് തോന്നി. മഹാഭാരത കഥാഗതിയെ തന്നെ മാറ്റിമറിച്ച കുടിലത കാരണമാണ് ഈ പ്രാധാന്യം എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ജ്വാലമുഖീക്ഷേത്രത്തിലെ ശകുനിയുടെ ആത്മീയ പ്രഭാഷണങ്ങള്‍ വ്യാസ ഭാരതതിലുള്ളതാണോ?

ജ്വാലാമുഖി ക്ഷേത്രവും ഭൂപതിയുടെ കപട ആത്മീയ പ്രഭാഷണങ്ങളും ഹസ്തിനപുരിയുടെ വിഷലിപ്തമായ അന്തരീക്ഷം വായനക്കാര്‍ക്ക് കിട്ടുന്നതിനു സഹായിക്കാം.വ്യാസ ഭാരതം ഇത് പറയുന്നില്ല. ഭൂപതി ആരാണെന്ന് പാണ്ഡവ ചാര മേധാവി നകുലന്‍ ഇടയ്ക്കിടെ വെളിപ്പെടുത്തും. പത്രിക ലേഖികയും.

 • കൃഷ്ണന്‍ എന്ന അവതാരപുരുഷനെ ഇങ്ങനെ അവതരിപ്പിക്കാന്‍ എന്തെകിലും ശക്തമായ കാരണമോ തെളിവോ ഉണ്ടോ?

ദേവകി നന്ദന്‍, അമ്പാടി കണ്ണന്‍, മുരളി മോഹനന്‍ എന്നിങ്ങനെ അറിയപ്പെട്ട രാധാകൃഷ്ണന്‍ അല്ല ദ്വാരക നാഥന്‍ എന്ന് ഞാന്‍ ഒരിക്കല്‍ വായിച്ചപ്പോള്‍ തോന്നിയ രോഷം ചെറുതായിരുന്നില്ല. ഇന്നത്തെ ഹര്യാനയിലെ രണ്ടു കലഹപ്രിയ കുടുംബത്തിലെ സ്വത്തു തര്‍ക്കം അഥവാ ‘ദുരഭിമാന കൊല പാതകം’ എന്ന് മഹാഭാരതത്തെ കാണുന്ന പരുക്കന്‍ ചരിത്രകാരന്മാര്‍ ഉത്തമ വായനയുടെ ഉപാസകര്‍ അല്ല. അവര്‍ പറയുന്ന പോലെ മൂന്നു വ്യതസ്ത മനുഷ്യരുടെ സങ്കലനം ആണോ കൃഷ്ണന്‍? അതോ പരക്കെ കരുതപ്പെടുന്ന പോലെ അവതാരം? ഒരു പിടിയും കിട്ടാത്ത ഈ വിസ്മയ ലോകത്തില്‍ എന്തും സാധ്യം എന്ന പരിഗണന കൊടുക്കുമ്പോള്‍ കൃഷ്ണന്‍ വേണമെങ്കില്‍ ദൈവം. ചുരുങ്ങിയ പക്ഷം ഒരു മായാ മോഹനന്‍. കവി സച്ചിദാനന്ദന്‍ പോണ്‍ സ്റാര്‍ എന്ന് കൃഷ്ണനെ മാധ്യമത്തില്‍ എഴുതി. കൃഷ്ണനെ കൌതുകത്തോടെ ഞാന്‍ ഈ രചനയില്‍ കാണുന്നു. സമ്മോഹനം ആ അവതാര ജന്മം എന്ന് സങ്കല്‍പ്പിക്കുന്നു. . ഈ രചനയില്‍ കൃഷ്ണന്‍ enigmatic വ്യക്തിത്വത്തിന്റെ ഉടമ. സ്തുതിയായിരിക്കട്ടെ. എന്നെന്നും. എക്കാലവും.

 • കൃഷ്ണന് മേല്‍ അവ്യക്തതയുടെ മുടുപടം ഇട്ടില്ലേ എന്നാണ് എന്റെ സംശയം. മാത്രമല്ല പാഞ്ചാലിയുമായും ഗോപികമാരുമായും ഉള്ള ബന്ധത്തിന് ഒരു കാമത്തിന്റെ നിറം കല്ര്‍ന്നില്ലേ എന്നും. മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് സ്വയം ന്യായീകരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ …കൃഷ്ണന് ആ അവസരവും നിഷേധിക്കപ്പെടുന്നു. ഇന്ദ്രനെ ആരാധിക്കരുത്‌ എന്ന് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കൃഷ്ണന്‍ ഒരു വിപ്ലവകാരിയല്ലേ? പിതാവോ ഭര്‍ത്താവോ പുത്രരോ സംരക്ഷിക്കാന്‍ വിമുഖത കാട്ടിയ നരകാസുരന്റെ തടവില്‍ കിടന്ന 16000 കന്യകമാരെ ഭാര്യ സ്ഥാനം നല്‍കി സംരക്ഷിച്ച കൃഷ്ണന്‍ മനുഷ്യസ്നേഹിയല്ലേ? എന്റെ സംശയം ഒരു പക്ഷെ ബാലിശമായിരിക്കാം.

കുരുക്ഷേത്രത്തിനു ശേഷം കൃഷ്ണന്‍ ഹസ്തിനപുരിയില്‍ നിന്ന് ദ്വാരകയിലേക്ക് മടങ്ങുന്നത് കൃഷ്ണന്റെ വാക്കുകളിലും പാഞ്ചാലിയുടെ ഹൃദയവികാരങ്ങള്‍ വഴിയും ഞാന്‍ എഴുതിയത് കൃഷ്ണ വ്യക്തിത്വം എത്രമേല്‍ മറ്റുള്ളവര്‍ ഓര്‍ക്കുന്നു എന്നതിന്റെ അടയാളമല്ലേ. ഗാന്ധാരീ വിലാപം പോലും എന്നോ കൃഷ്ണന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ ഗാന്ധാരി നിത്യവും ചൊല്ലി പഠിച്ചു എന്നത് പില്‍ക്കാലത്ത്‌ ശരിക്കും ഗാന്ധാരി ശപിച്ചപ്പോള്‍ കൃഷ്ണന്റെ പ്രതികരണത്തില്‍ നിന്ന് അറിയാം. ആദര്‍ശ വല്‍ക്കരണത്തിന്റെ ആഭരണ ഭാഷയില്ലാതെ തന്നെ കൃഷ്ണന്‍ നമ്മെ കീഴടക്കി. ‘ജന്മം കിട്ടിയാല്‍ ഇങ്ങനെ വേണം’ എന്ന് ത്രേതായുഗ അവതാരം ശ്രീരാമന്‍ പറയുന്ന പോലെ തോന്നും.

 • ദ്രൌപദിയുടെ സദാചാര ഭംഗം ഏതെങ്കിലും സൂചനയില്‍ നിന്നാണോ അതോ ഭാവനയാണോ? (കീചകനുമായും കൃഷ്ണനുമായും ഉള്ള ബന്ധം ഉദാഹരണത്തിന് ):

പാഞ്ചാല രാജാവിന്റെ യാഗാഗ്നിയില്‍ നിന്ന് ഉയര്‍ന്ന വളര്‍ച്ചയെത്തിയ ശ്യാമ സുന്ദരിയായിരുന്നു, പിന്നീട് സ്വയംവര മത്സരത്തില്‍ ജയിച്ച അര്‍ജുനന്റെ പ്രിയ പത്നി. വാക്കാല്‍ ചതിയിലൂടെ ഭര്‍തൃ സഹോദരന്‍ അവളെ പഞ്ച പാണ്ഡവരുടെയും പൊതു ഭാര്യയാക്കി. മരണ ദേവത കാലന്റെ അവിഹിത സന്തതി ആയിരുന്നു ധര്‍മപുത്രര്‍ എന്ന് കൌതുകപൂര്‍വ്വം അറിയപ്പെട്ട കപട ജീവി യുധിഷ്ഠിരന്‍, ഗര്‍വിഷ്ട രായ അഞ്ചു പേര്‍ക്കും വച്ച് വിളമ്പിയും കൂടെ കിടന്നും അവര്‍ കുടുംബ ജീവിതം നയിച്ചതിനു പുറമേ, കുരു വംശത്തിന്റെ പരിപൂര്‍ണ പതനത്തിനു കാരണമായ കുടുംബ സ്വത്തു തര്‍ക്കത്തിനിടയില്‍‍ അവളെ അര്‍ദ്ധ സഹോദരര്‍ കൌരവര്‍ അപമാനിച്ചു എന്ന വിശ്വാസം.
കൃഷ്ണന്‍ അവള്‍ക്കു മിത്രം, ബന്ധു, പിന്നെ മറ്റെന്തൊക്കെയോ. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു ദ്വാരകയിലേക്ക് അയാള്‍ യാത്ര തിരിക്കെ പാഞ്ചാലിയുടെ വികാരം ഞാന്‍ എഴുതിയത് വീണ്ടും വായിക്കുമ്പോള്‍ അവളുടെ പിടയുന്ന മനം വീണ്ടും അറിഞ്ഞു.

 • കാശിയിലെ ബ്രാഹ്മണയുവതി, ചാര്‍വാകന്‍ തുടങ്ങിയവരിലൂടെയാണ് താങ്കള്‍ പറയാനുള്ളത് പലതും പറയുന്നത്. അത് വളരെ നന്നായിരിക്കുന്നു.

ഗംഗ സമതലത്തിലാണ് ഹസ്തിനപുരി എങ്കിലും കിഴക്ക് മാറി ഗംഗതീരതുള്ള കാശി, സാംസ്കാരിക കേന്ദ്രമാണെന്ന് ഈ ബ്രാഹ്മണ യുവതി അഹങ്കരിക്കുന്നു. ബ്രാഹ്മണ്യം, സംസ്കൃതം, യുവത്വം, സൌന്ദര്യം പത്ര പ്രവര്‍ത്തനം ഇതൊക്കെതലക്ക് പിടിച്ച ഈ പ്രവാസി പക്ഷെ സൌകര്യങ്ങള…്‍ ഉപയോഗിച്ച് ഒരു നിറഞ്ഞ സാനിധ്യമായി ഹസ്തിനപുരി നഗരത്തിലും ഗ്രാമങ്ങളിലും, ഉപപ്ലവ്യയില്‍ പോലും പോയി അഭിമുഖങ്ങള്‍ ചെയ്യുന്നു. പാഞ്ചാലി, ഗാന്ധാര ഭൂപതി, സര്വാധികാരി ഇവരൊക്കെ അവളെ സ്വാഗതം ചെയ്യും.യുദ്ധകാര്യ ലേഖകന്റെ കൂട്ടുകാരി. ശന്തനു മുതല്‍ അവളുടെ കുടുംബത്തില്‍ ഒരാള്‍ പരമ്പരാഗതമായി കൊട്ടാരം ലേഖിക പദവിയില്‍.

ചാര്‍വാകന്‍ ഈ രചനയില്‍ വിമതനും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നവനുമായ ബ്രാഹ്മണന്‍. ഭാര്യയും കുട്ടികളും നരകിക്കുമ്പോള്‍ ചാര്‍വാകന്‍ കൊട്ടാരത്തിലെ കുത്തി തിരിപ്പുകളെ കുറിച്ച് പൊതു വേദിയില്‍ സംസാരിക്കുന്നു. ഭൂപതി അയാളെ പാണ്ടാവര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നു. ഭരണകൂടം ശിക്ഷിക്കും, ചിലപ്പോള്‍ കൊണ്ട് നടക്കും. അങ്ങനെ ഒരു കഥാപാത്രം ഭാരതയില്‍ പരാമര്‍ശിക്ക പ്പെടുന്നുണ്ട്. പൂര്‍ണമായും ഭാവനയല്ല.

വ്യാസ രചനയില്‍ ഞാന്‍ കണ്ട വൈരുദ്ധ്യങ്ങള്‍ചൂണ്ടി കാണിക്കുന്നത് ഇവരില്‍ കൂടെ.

 • വ്യാസന്റെ മഹാഭാരതം ഒരു കഥ മാത്രമാണോ അതോ ഒരു ചരിത്രമാണോ? അതോ ചരിത്രവും കഥയും കൂടിക്കലര്‍ന്നതോ?

ഡീ ഡീ കൊസംബി മഹാഭാരതത്തെ ഒരു കൂട്ട് കുടുംബ സ്വത്തു തര്‍ക്കത്തിന്റെ വൃഥാ സ്ഥൂലത എന്ന് വിശേഷിച്ചത് വായിച്ചപ്പോള്‍ വിശ്വ പ്രസിദ്ധനായ  ആ ചരിത്രകാരനോട്തോന്നിയ നീരസം ചെറുതായിരുന്നില്ല. കാര്യം ശരിയായിരിക്കാം. കഥ എന്ന നിലയിലും മഹാഭാരത കഥാപാത്രങ്ങള്‍ ഉപഭൂഖന്ടത്തില്‍ മതാതീതമായി പരിചിതര്‍. അത്രയും ശക്തമാണ് മനസ്സില്‍ നന്മ തിന്മയെ അന്ധമായി സ്വീകരിച്ചു വേരോടിയ സങ്കല്പം. കര്‍ണനെ തീവ്രമായി ആരാധിക്കുന്നവര്‍ ഉണ്ട്. സാരഥി ശല്യനുമായി കര്‍ണന്‍ നടത്തുന്ന ‘സിനി മാല’ രീതിയിലുള്ള ചളി വാരി എറിയല്‍ വായിച്ചാല്‍ കര്‍ണന്‍ എത്ര നിസ്സാര വ്യക്തിത്വമാനെന്നു മനസ്സിലാവും.. ഭീമന്‍ അസൂയാലുവായ ഒരു ‘ബാധ്യത’ മാത്രമായിരുന്നു പാഞ്ചാലിക്ക്. യുധിഷ്ടിരന്‍ കപട നാട്യ കാരന്‍. ആരെയും വാത്സല്യത്തോടെ തഴുകി വിടാതെ അവരുടെ വാക്കും പ്രവര്‍ത്തിയും ബാങ്കിംഗ് ഭാഷയില്‍ പറഞ്ഞാല്‍ reconcile ആവാതെ വരുമ്പോള്‍ നാം അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം വെറുപ്പില്ലാതെ പറയാന്‍ തയ്യാറാവണം. ഇത് ഞാന്‍ ചെയ്തു എന്ന് ഞാന്‍ കരുതുന്നു. നന്ദി. സുനില്‍, ലതിക, മറ്റു എല്ലാ മാന്യ ഫേസ് ബുക്ക്‌ മിത്രങ്ങള്‍ക്കും.

 • ഇത്ര വിശദമായി എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ താങ്കളോട് നന്ദി പറയാതെ വയ്യ. താങ്കളുടെ മറുപടിക്ക് വേണ്ടി എന്നും ഫേസ് ബുക്ക്‌ സന്ദര്‍ശിക്കുന്ന ശീലവും കഴിഞ്ഞയാഴ്ച തുടങ്ങി.
  സുഹൃത്ത്‌ ശ്രി. അലി അഷ്‌റഫ്‌ പറഞത് പോലെ എഴുത്തുകാരനും വായനക്കാരനും …സംവേദിക്കാന്‍ ഫേസ് ബുക്ക്‌ ഒരു നല്ല മാധ്യമം തന്നെ.

3 Responses to “ജനമേജയന്‍: തുടരുന്ന ജിജ്ഞാസകള്‍”


 1. 1 devaraj സെപ്റ്റംബര്‍ 24, 2010 -ല്‍ 6:09 pm

  സത്യം പറഞ്ഞാല്‍ ഇന്നാണ് ഇത് വായിച്ചത്. പ്രശ്നം, സമയം.

  “വിവേചന രഹിതമായ രതിയുടെയും കൌശല പൂര്‍ണമായ അധിനിവേശത്തിന്റെയും കഥകള്‍ ഇന്നും പ്രസക്തമല്ലേ” ………..

  “ഡീ ഡീ കൊസംബി മഹാഭാരതത്തെ ഒരു കൂട്ട് കുടുംബ സ്വത്തു തര്‍ക്കത്തിന്റെ വൃഥാ സ്ഥൂലത എന്ന് വിശേഷിച്ചത് വായിച്ചപ്പോള്‍ വിശ്വ പ്രസിദ്ധനായ ആ ചരിത്രകാരനോട്തോന്നിയ നീരസം ചെറുതായിരുന്നില്ല” ……..

  നാട്ടില്‍ പോകുന്നതിനു മുമ്പ് തന്നെ തീരുമാനിച്ചുരുന്നു പുസ്തകം വാങ്ങണം എന്ന്. പുറം ലോകം കണ്ടത് കൊച്ചി എയര്‍പോര്‍ട്ട് പിന്നെ തൃശ്ശൂ റെയില്‍വേ സ്റ്റേഷന്‍. കൊച്ചി എയര്‍പോര്‍ട്ടില്‍ (ഡോമെസ്റിക്) ഒരു മലയാള പുസ്തകം പോലും ഇല്ല എന്നത് ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ലോകത്തെവിടെയെങ്കിലും ഇത്തരം എയര്‍പോര്‍ട്ട് ഉണ്ടെങ്കില്‍ അറിയിക്കുക. ദുബായിലെ DC ബുക്സില്‍ ഇന്നും വിളിച്ചു. എത്തിയിട്ടില്ല…

 2. 2 kpnirmalkumar ഒക്ടോബര്‍ 12, 2010 -ല്‍ 4:00 am

  Hope the following link of the book review in today’s The Hindu will be of interest to readers who so warmly responded to my book.

  http://www.hindu.com/br/2010/10/12/stories/2010101251931502.htm


 1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 11:11 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: