ഒരു തെയ്യക്കഥ

ഒരു തെയ്യക്കഥ


ശ്രീജിത്ത് വേങ്ങര

കുട്ടിക്കാലത്ത്‌ തെയ്യങ്ങളെ വല്ലാത്ത പേടിയായിരുന്നു.
ചെണ്ടയുടെ അസുരതാളങ്ങള്‍ക്കു മേലെ കാല്‍ചിലങ്കകളുടെ കിലുകിലാരവം ഉയര്‍ത്തി ചടുല താളങ്ങളില്‍ നൃത്തമാടുന്ന അവയുടെ മുഖത്ത്‌ ഒരു വല്ലാത്ത ഭീകരതയാണ്‌ ഞാന്‍ ദര്‍ശിച്ചിരുന്നത്‌.

ചുകപ്പിന്റെ തീക്ഷണതയില്‍, കരിയെഴുതി വലുതാക്കിയ കണ്‍തടങ്ങളിലെ കൃഷ്ണമണികളുടെ തുറിച്ചു നോട്ടം എനിക്ക്‌ അസഹനീയമായിരുന്നു.

ആകാശത്തിന്റെ അതിരുകളോളം പരന്നു കിടക്കുന്ന വയലേലകള്‍ക്ക്‌ നടുവില്‍, അരയാല്‍ മരങ്ങളും, പാലകളും, പൂത്തു നില്‍ക്കുന്ന ഇലഞ്ഞി മരങ്ങളുമുള്ള പൂമാലക്കാവിന്റെ പരിസരത്ത്‌ ഒറ്റയ്ക്കു പോകാന്‍ എനിക്കെന്നും ഭയമായിരുന്നു. രാത്രി കാലങ്ങളില്‍ അവിടെയാകെ കറങ്ങി നടക്കുന്ന തെയ്യങ്ങളേയും, അവരുടെ ഭൂതഗണങ്ങളെയും കുറിച്ചുള്ള പഴമക്കാരുടെ കഥകളും എന്റെ ഭയത്തിന്‌ ആക്കം കൂട്ടി.

വീടിനും, കാവിനും ഇടയില്‍ തീവണ്ടി പാതയാണ്‌. അത്‌ മാടായിയില്‍ നിന്നും നേരെ മംഗലാപുരത്തേക്കാണെന്ന്‌ കൂട്ടുകാര്‍ പറഞ്ഞു. മാടായി പ്രതിഭാ ടാക്കീസിനപ്പുറമുള്ള റെയില്‍ ഞാനും കണ്ടിട്ടില്ലായിരുന്നു. മംഗലാപുരത്ത്‌ നിന്നും വെങ്ങരയിലേക്ക്‌ ഒറ്റ വഴിയാണെന്ന്‌ പൊട്ടന്‍ രാഘവേട്ടനും പറഞ്ഞു കേട്ടിട്ടുണ്ട്‌. ഉഡുപ്പിയില്‍ നിന്ന്‌ വരുന്ന വഴി കാശ്‌ തീര്‍ന്നപ്പോള്‍ ഒറ്റ നടത്തമായിരുന്നു. ആരോടും വഴി ചോദിക്കാതെ റെയില്‍ വഴി നേരെ വെങ്ങര എത്തി പോലും.

കുംഭമാസമായാല്‍ പൂമാലക്കാവില്‍ കളിയാട്ടം തുടങ്ങും. അതുവരെ സ്വരൂപിച്ചു വെച്ച നാണയത്തുട്ടുകള്‍ വള്ളി നിക്കറിന്റെ പോക്കറ്റിലിട്ട്‌ തെയ്യപ്പറമ്പിലേക്കോടും. പഴയങ്ങാടിയില്‍ നിന്നും പാലൈസുമായി ചെട്ട്യാര്‍ നേരത്തെ എത്തിയിരിക്കും. അത്തവണ ഞാന്‍ ഒറ്റയ്ക്കായിരുന്നു.
കളികള്‍ക്കിടയിലുണ്ടായ അടിപിടി മൂലം പ്രദീപിനോട്‌ പിണക്കാമായിരുന്നു. മറ്റൊരുത്തന്‍ ഹരി ഉത്സവക്കാലങ്ങളില്‍ വല്ലാത്ത തിരക്കായിരിക്കും. കടല വറുത്ത്‌ അമൂലിന്റെ ടിന്നിലിട്ട്‌, കടല…..കടലേ…..എന്ന്‌ പറഞ്ഞ്‌ അവിടെയാകെ നടക്കുകയാവും.
പിന്നെയുള്ള ഉമേശന്‍, അവന്റെ അച്ചന്‍ കാവുകളിലെ “കലശക്കാരന്‍” ആണ്‌. തെയ്യങ്ങളുടെ ചില കര്‍മ്മങ്ങളൊക്കെ ചെയ്യേണ്ടത്‌ അദ്ദേഹമായിരുന്നു. അതിനാല്‍ തന്നെ അവന്‍ അച്ചന്റെ സഹായിയായി നില്‍ക്കുകയാവും.
അങ്ങിനെ അപ്രാവശ്യം ഞാന്‍ തെയ്യപ്പറമ്പില്‍ ഞാന്‍ ഏകനായി.

വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടായിരുന്നു അപ്പോള്‍. എനിക്കാകെ പേടിയായി. തെയ്യം എന്റെ അരികില്‍ വന്ന്‌ അട്ടഹസിച്ചു. മൊട്ടക്കണ്ണുകളുയര്‍ത്തി “പൈതങ്ങളേ……” എന്ന് വിളിച്ചപ്പോള്‍ ഞാന്‍ കണ്ണുകളിറുക്കെ അടച്ചു. എങ്ങിനെയെങ്കിലും വീട്ടിലെത്തണമെന്നായി എന്റെ ചിന്ത. തെയ്യം പുറം തിരിഞ്ഞപ്പോള്‍ ഞാനവിടെനിന്നും ഇറങ്ങിയോടി…

നേരം സന്ധ്യ മയങ്ങിയിരുന്നു. വയലുകള്‍ക്കു നടുവിലെ വരമ്പുകളിലൂടെ ഞാന്‍ കിതച്ചോടുമ്പോള്‍ പിന്നില്‍ ചിലങ്കകളുടെ ശബ്ദം കേട്ടു..!!
എന്റമ്മേ…..ദേ വിഷ്ണുമൂര്‍ത്തിയും എന്റെ പിന്നാലെ ഓടി വരുന്നു…ഞാനുച്ചത്തില്‍ അലറിക്കരഞ്ഞു. മുന്നില്‍ മല പോലെ റെയിലാണ്‌… ഓടിക്കയറുമ്പോള്‍ ഞാന്‍ റെയിലിനു മുകളില്‍ തെറിച്ചുവീണു.
തിരിഞ്ഞുനോക്കിയപ്പോള്‍ തെയ്യം അട്ടഹസിച്ചുകൊണ്ട്‌ എന്റെ നേരെ പാഞ്ഞടുക്കുകയാണ്‌..!!!
കഴുത്ത്‌ കടിച്ച്‌ ചോര ഊറ്റിക്കുടിക്കും….രക്ഷയില്ലാ….!!
കൈയ്യില്‍ തടഞ്ഞത്‌ ട്രക്കിലെ വലിയ കല്ലുകളാണ്‌.
ചിന്തിക്കാന്‍ സമയമില്ല. തെയ്യത്തിനു നേരെ ഞാന്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. ഞാനൊരു നല്ല ഉന്നകാരനായിരുന്നില്ല. ആദ്യത്തേത്‌ തെയ്യം പരിച കൊണ്ട്‌ തടുത്തു.. ഞാന്‍ തുരുതുരാ എറിഞ്ഞു…
“ഹോയ്‌……” എന്ന അലറല്‍ മാത്രമെ കേട്ടുള്ളൂ…..
ഞാന്‍ ജീവനും കൊണ്ട്‌ പാഞ്ഞു.

വീട്ടിലെത്തി കരഞ്ഞു പറഞ്ഞപ്പോള്‍, തെയ്യം പുഴക്കരയിലുള്ള ഇലഞ്ഞിത്തറയിലേക്ക്‌ പോകുന്നതാകാമെന്ന്‌ അമ്മ പറഞ്ഞു. അവിടെ നാഗത്തറയിലെ മാല എടുക്കാനുള്ള വരവാണ്‌ പോലും…

തെയ്യത്തിനെ കല്ലെറിഞ്ഞ കാര്യം ഞാന്‍ മിണ്ടിയതേയില്ല.
എങ്കിലും വിഷ്ണുമൂര്‍ത്തി എന്നെ വെറുതെ വിടില്ല എന്നു ഞാന്‍ ഭയപ്പെട്ടു.
പണ്ട്‌ രാത്രി അതുവഴി പോയ മുട്ടത്തെ മാപ്പിളയെ പുഴയില്‍ മുക്കി കൊന്ന പോലെ…..
അല്ലെങ്കില്‍ ഗര്‍ഭിണിയായിരുന്ന യശോദേച്ചിയെ ചവിട്ടിക്കൊന്ന പോലെ….

പേടിച്ച്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കിടക്കുമ്പോഴാണ്‌ പുറത്ത്‌ ചിലങ്കകളുടെ ശബ്ദം കേട്ടത്‌. അത്‌ വീടിനടുത്തേക്ക്‌ വരികയാണ്‌..!! പേടിച്ചു വിറച്ചു കൊണ്ട്‌ തെയ്യത്തിനെ കല്ലെറിഞ്ഞ കാര്യം പറഞ്ഞു. എന്നെ പിടിക്കാന്‍ വന്നതു തന്നെ. അമ്മയും വല്ലാതെയായി.
പിന്നെ കോളിങ്ങ്‌ ബെല്ലടിക്കുന്ന ശബ്ദമായിരുന്നു.
അമ്മ പേടിയോടെ ചോദിച്ചു, “ആ..രാ..ത്‌….”
“ഞാനാ….വിഷ്ണുമൂര്‍ത്തി….” മറുപടി പെട്ടന്നായിരുന്നു.
കോളിങ്‌ ബെല്ലടിക്കുന്ന വിഷ്ണുമൂര്‍ത്തിയോ….?
അമ്മ വാതിലിനടുത്തു നിന്ന്‌ കറഞ്ഞു പറഞ്ഞു.
“എന്റെ മോന്‌ അറിയാതെ പറ്റിയ തെറ്റാണ്‌….ന്റെ കാവിലമ്മ പൊറുക്കണം..”
“ചേച്ചീ…..” തെയ്യം ദയനീയമായി വിളിക്കുകയാണ്‌.
“ഞാന്‍ രാമന്‍ പണിക്കരാണ്‌..നിങ്ങളൊന്ന്‌ വാതില്‍ തൊറക്ക്‌….”
അമ്മ മെല്ലെ വാതില്‍ തുറന്നു. പുറത്ത്‌ കോലായില്‍ വിഷ്ണുമൂര്‍ത്തി കരഞ്ഞിരിക്കുന്നു.
വാതിലിനു പിന്നില്‍ മറഞ്ഞിരുന്ന എന്നെ ചൂണ്ടി പറഞ്ഞു
“ദേ… ഇവനെന്നെ കല്ലെറിഞ്ഞപ്പോ അടിയന്റെ വാള്‌ അവിടെ വീണു പോയി…
കുനിഞ്ഞെടുക്കാന്‍ പറ്റണില്ലാ…. ഒന്നെടുത്ത്‌ താ…”
അമ്മ അറിയാതെ ചിരിച്ചുപോയി.
വാളില്ലാതെ കാവിലേക്ക്‌ തിരിച്ചു പോകാനാവില്ലല്ലോ.

തെയ്യത്തിനെ വല്ലാതെ പേടിച്ചിരുന്ന ഞാന്‍ അന്ന്‌ ആ ഇരുട്ടില്‍ തെയ്യത്തിന്റെ കൈയ്യും പിടിച്ച്‌ വാള്‍ തിരഞ്ഞ്‌ നടന്നു. ഒടുവില്‍ ആയുധം കിട്ടിയ പാടെ രാമേട്ടന്‍ വീണ്ടും വിഷ്ണുമൂര്‍ത്തിയായി.
കാവിലേക്ക്‌ പാഞ്ഞുപോകുന്നതിനിടയില്‍ പറഞ്ഞു.
“എടാ…ആരോടും പറയല്ലേ……..”

Advertisements

0 Responses to “ഒരു തെയ്യക്കഥ”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: