“ഞാന്‍ ഒരു മാവിലായിക്കാരനാണ്”

“ഞാന്‍ ഒരു മാവിലായിക്കാരനാണ്”


ശ്രീജിത്ത് വി. ടി. നന്ദകുമാര്‍

മലയാളിയുടെ നര്‍മബോധത്തെ സ്ഫുടം ചെയ്തു, എഴുത്താണിക്കത്തിയുടെ മൂര്‍ച്ച കൊടുത്തവരില്‍, കേമന്‍, മാണിക്കോത്ത് രാമുണ്ണിനായര്‍ ആണ്. എം ആര്‍ നായര്‍. സഞ്ജയന്‍ എന്നറിയപ്പെട്ട ഈ ‘സാമദ്രോഹി’ ആണ്, അദ്ദേഹത്തിനു മുന്പുള്ളവരുടെയും, പിന്മുറക്കാരുടെയും, ഹാസ്യത്തിന്, കറുപ്പും, ചുവപ്പും, പച്ചയും, കത്തിയും, താടിയും മറ്റും നല്‍കിയത്. 1903 ജൂണ്‍ 13 നു തലശ്ശേരിയില്‍ ഒതയോത്ത് കുടുംബത്തില്‍, മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യര്‍ക്കും, മാണിക്കോത്ത് പാറു അമ്മയ്ക്കും ജനിച്ചു. അച്ഛന്‍, സംസ്കൃത പണ്ഡിതന്‍ ആയിരുന്നു. പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍. 42 തികയും മുന്‍പേ പോയി. പിന്നെ, അമ്മയാണ് രാമുണ്ണിയെ വളര്‍ത്തിയത്.

തിരുവങ്ങാട്ട് ഗോവെന്മേന്റ്റ് ബ്രണ്ണന്‍ സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോല്ലിജ്, ( എം കൃഷ്ണന്‍നായരെ അനുകരിക്കാന്‍ നോക്കിയതാണ് – ശരിയായ ഉച്ചാരണം, കോളേജു:) പാലക്കാട് വിക്ടോറിയ കോളെജ്, മദ്രാസ് കൃസ്ത്യന്‍ കോളെജ് ഇവിടങ്ങളില്‍ പഠിച്ചു. ഇന്ഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകള്‍ അറിയാമായിരുന്നു. അത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടായോ എന്ന് സഞ്ജയനോട് തന്നെ ചോദിക്കണം. കോഴിക്കോട്ടെ ഒരു ഹജൂരാപ്പീസില്‍ കുറച്ചു മാസം കുടുങ്ങിക്കിടന്നു പിന്നെ, രാമുണ്ണി, പൊളിച്ചടുക്കാന്‍ തുടങ്ങി. 1935 മുതല്‍, കേരളപത്രിക, സഞ്ജയന്‍, വിശ്വരൂപം എന്നിവയുടെ പത്രാധിപര്‍ ആയി. ഒപ്പം, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇന്ഗ്ലിഷ് ലെക്ചാരാച്ചാര്‍. 1943 സെപ്റ്റംബര്‍ 13 -നു മരിച്ചു. ജനിച്ചതും, മരിച്ചതും, പതിമൂന്നിനു. അന്ധവിശ്വാസികള്‍, ജാഗ്രതൈ! അതിനു മുന്‍പേ തന്നെ, ഒരേയൊരു മകന്‍ ബാബുവും, ഭാര്യ കാര്‍ത്യായനി അമ്മയും, യാത്രയായിരുന്നു.

ദുര്‍വിധി എന്ന് നാം വിളിക്കുന്ന അവസ്ഥയാവാം, ഒരുപക്ഷെ, സന്ജയനെ ചിരിപ്പിക്കാന്‍ ശീലിപ്പിച്ചത്. അനാരോഗ്യം, പ്രിയാവിരഹം, അങ്ങനെ, സ്വകാര്യ ജീവിതം എന്നും, എം ആര്‍ നായര്‍ക്ക്‌ സങ്കടങ്ങളുടെ ലിപി തെറ്റിയ കടലാസായിരുന്നു. വലിയ മടിയനായിരുന്നുവത്രേ, ഭാഗ്യം; അതുകൊണ്ട് കേരളം ഇപ്പോഴും ഒറ്റ പീസില്‍ ബാക്കി ഉണ്ട്. തുനിഞ്ഞു ഇറങ്ങിയിരുന്ണേല്‍, ഐക്യകേരളം വി കെ എന്നിനു മുന്‍പേ ജയലളിത കൊണ്ടുപോയേനെ!

അപ്പോള്‍, തിരയുയരുകയാണ്: കുറേശ്ശെ തരാം. ഒരുമിച്ചു കഴിച്ചാല്‍, അജീര്‍ണം പിടിക്കും.

“ഞാന്‍ ഒരു മാവിലായിക്കാരനാണ്” – സഞ്ജയന്‍.

ഞാന്‍ ഒരു കഥ പറയാന്‍ പോകുന്നു. മനസ്സിരുത്തി കേള്‍ക്കണം. ഇടയ്ക്കു അനാവശ്യം ആയ ചോദ്യങ്ങള്‍ ചോദിച്ചു അലട്ടരുത്. കൈ മുട്ടുന്നത് അവസാനമാക്കാം. കുറച്ചു വിട്ടു നില്‍ക്കിന്‍! – ശരി. എന്നാല്‍ പറയട്ടെ?

*

തിരുവോണദിവസം. ഓണത്തിനു ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാര്‍ കുളിക്കുകയുള്ളൂ. കുളി കഴിയുന്നത്‌ വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങനെ രണ്ടു മണിക്ക് കുളി കഴിഞ്ഞു, പാവുടുത്തു, ചന്ദനക്കുറിയും, നനഞ്ഞ തോര്‍ത്തും, കലശലായ വിശപ്പും, തെല്ലൊരു ശുണ്ഠിയും ആയി, ഒരു വലിയ തറവാട്ടിലെ രണ്ടാംകൂ൪ കാരണവര്‍ കോണിയിറങ്ങി തളത്തിലേക്ക്‌ നോക്കിയപ്പോള്‍, പന്തിപ്പായ വിരിച്ചു, ഇലയുടെ മുന്‍പില്‍ കാരണവര്‍ തുടങ്ങി വിഷുവിനു ചോറൂണ് കഴിഞ്ഞ കുട്ടി വരെ ഇരിക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്നു; ഇലയെണ്ണം മുപ്പത്തൊന്നു. പൂജ്യം അണ, പൂജ്യം പൈ; സര്‍ക്കാര്‍ കണക്കു പോലെ എന്നര്‍ത്ഥം. രണ്ടാംകൂറിനു ഇലയുമില്ല, സ്ഥലവുമില്ല; ഇരുന്നവരുടെ മുന്‍പില്‍ നിന്ന് ഇല വലിച്ചു പായുകയോ, ഭാഗത്തിന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയര്‍ക്കുകയോ, അനന്തരവന്മാരുടെ നേരെ കണ്ണുരുട്ടുകയോ, ഇല വെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാംകൂ൪ ചെയ്യുക?

*

നിങ്ങള്‍ക്കറിഞ്ഞു കൂടാ. എനിക്കും അറിഞ്ഞു കൂടാ. പക്ഷെ നമ്മുടെ വൈസ് ചേര്മാനരിയും. കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതി ആണ് അദ്ദേഹത്തിനു പറ്റിയിരിക്കുന്നത്. വൈസ് ചേര്മാന്റെ പേര് വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഇല്ല! നോക്കിന്‍, സര്‍ ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ടു ഒരു മുനിസിപ്പാലിട്ടിക്കാരെ ഞാന്‍ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. എനി നാളെ ചേര്മാന്‍ കൌണ്‍സിലില്‍ വരുമ്പോള്‍, അദ്ദേഹത്തിനു കസാല ഇല്ലെന്നു കേള്‍ക്കാം. ഇതെന്തൊരു മക്കാറാണ്!

*

നിങ്ങളുടെ മുനിസിപ്പാലിട്ടി സാക്ഷാല്‍ പരബ്രഹ്മജി താന്‍തന്നെ വിചാരിച്ചാലും നന്നാക്കാന്‍ കഴിയാത്ത മുനിസിപ്പാലിട്ടി ആണ്. ഈ ബാലിയുടെ വാലിനു സന്ജയനും കയറിപ്പിടിച്ചു എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സന്ജയനുമില്ല. നിങ്ങള്‍ നന്നായാല്‍ നിങ്ങള്ക്ക് നന്ന്; നന്നെ ബുദ്ധിമുട്ടിച്ചാല്‍ പണ്ട് മാവിലായിക്കാരന്‍ പറ െഞ്ഞാഴിഞ്ഞത് പോലെ സഞ്ജയനും ഒഴിയും.

*

നിങ്ങള്‍ അക്കഥ കേട്ടിട്ടില്ലല്ലോ? പണ്ടൊരു ദിവസം രാത്രി ആറ്റുപുറം വയലില്‍ക്കൂടി രണ്ടു കള്ളുകുടിയന്മാര്‍ പോവുകയായിരുന്നു. പൂര്‍ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. “എന്നാല്‍ സാക്ഷാല്‍ സൂര്യഭഗവാന്‍ സൂര്യഭഗവാന്‍ തന്നെ” എന്ന് പറഞ്ഞു ഒരു കുടിയന്‍ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടു കൂടി ഒന്ന് കണ്ണടച്ച് തൊഴുതു. “തനിക്കു തലയ്ക്കു പിടിച്ചിരിക്കുന്നു; അത് ചന്ദ്രനാണെടോ” എന്ന് മറ്റെക്കുടിയന്‍ വാദം ആയി. വാദം മൂത്ത് പിടിയും വലിയും തുടങ്ങി; കുത്തി വലിക്കെണ്ടുന്ന ഘട്ടം ആയി. അപ്പോഴാണ്‌ പട്ടണത്തില്‍ നിന്ന് പതിവായി നേരം വൈകി തിരിച്ചു പോകാറുള്ള ഒരു വഴിപോക്കന്‍ അവിടെയെത്തിയത്. ആ കുടിയന്മാര്‍ രണ്ടുപേരും അയാളെ കടന്നുപിടിച്ചു. “പറയെടാ, ആ കാണുന്നത് ചന്ദ്രന്‍ ആണോ? സൂര്യന്‍ അല്ലെ” എന്നൊരാള്‍; നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രന്‍ അല്ലെ അത്?” എന്ന് മറ്റെയാള്‍.

*

എന്ത് ചെയ്യും? പെരുങ്കുളം പാലയുടെ കീഴില്‍ നിന്നാണ് ചോദിക്കുന്നത്. നാല് ഭാഗത്തും പാടം പരന്ന ശാന്തസമുദ്രം പോലെ കിടക്കുന്നു. നമ്മുടെ ഡെപ്യൂട്ടി ഇന്സ്പെക്ട്ടരും കൂടി വീട്ടിലേക്കു മടങ്ങിയിരിക്കുന്നു. ഒരു നരജീവി ആ പ്രദേശ െത്താന്നുമില്ല. കുടിയന്മാരാനെങ്കില്‍, ദീര്ഘകായന്മാര്‍. വഴിപോക്കന് പെട്ടെന്ന് ഒരു യുക്തി തോന്നി. “അയ്യോ, കൂട്ടരേ, ഞാന്‍ എങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാന്‍ ഇന്നാട്ടുകാരനല്ല; മാവിലായിക്കാരന്‍ ആണ്” എന്നാണയാള്‍ പറഞ്ഞത്. “എന്നാല്‍ പോ കഴ്തെ” എന്നും പറഞ്ഞു കുടിയന്മാര്‍ അയാളെ വിട്ടു. അതുപോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാല്‍. ഞാന്‍ ഇന്നാട്ടുകാരനല്ല; മാവിലായിക്കാരന്‍ ആണ്. നിങ്ങളായി, നിങ്ങളുടെ പാടായി.

0 Responses to ““ഞാന്‍ ഒരു മാവിലായിക്കാരനാണ്””  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: