ഓര്‍മ്മ

ഓര്‍മ്മ

– സന്തോഷ്‌ ഋഷികേശ്

പത്രപ്രസാധനരംഗത്തെ സ്ഥാപിതതാത്പര്യങ്ങള്‍ക്കെതിരെ വ്യവസ്ഥാപിത രീതികള്‍ക്കെതിരെ എഴുപതുകളിലും എണ്‍പതുകളിലും ഏറെ സജീവമായ ഒരു സാംസ്കാരികമുന്നേറ്റമായിരുന്നു സമാന്തരപ്രസിദ്ധീകരണങ്ങള്‍. വ്യക്തികളും ചെറുഗ്രൂപ്പുകളും നേതൃത്വം നല്‍കിയ ഈ ചെറുമാസികകളിലൂടെയാണ്‌ കലാപത്തിന്റെ ഒരു കാലം പിറന്നത്. മലയാള സാഹിത്യത്തില്‍, രാഷ്ട്രീയ കലാചിന്തയില്‍ ഒരു പുതിയ ദിശാബോധം നല്‍കിയ ചുവന്ന കാലം. സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍, വിജയന്‍, വി. പി. ശിവകുമാര്‍,ചുള്ളിക്കാട്, അയ്യപ്പന്‍,
കെ പി നിര്‍മ്മല്‍കുമാര്‍, മേതില്‍, കെ. ജി. എസ്സ്, സിവിക്ക്, ബേബി, ടി. ആര്‍, സി ആര്‍.പരമേശ്വേരന്, ‍ബി. രാജീവന്‍ കടമ്മനിട്ട എം. ഗോവിന്ദന്‍ അങ്ങനെ എത്ര എത്ര പേര്‍ അവരൊക്കെ വളര്‍ന്ന് വന്നത് ബദല്‍ മാധ്യമങ്ങളിലൂടെ. രാഷ്ട്രീയമായ ഒരു ആധുനികതയുടെ സാക്ഷാത്കാരം. ഒരോ എഴുത്തുകാരനും ഓരോ പ്രസിദ്ധീകരണമെന്ന മട്ട് ഒരു ലക്കം തൊട്ട് ഒരു പാട് വര്‍‍ഷങ്ങള്‍ വരെ ആയുസ്സുണ്ടായ എത്ര എത്ര മാസികകള്‍. വാക്ക്, സമതാളം, സംക്രമണം, അക്ഷരം, പ്രേരണ, ജയകേരളം, മലയാളം, രസന്‍, ആള്‍ക്കൂട്ടം, ശിഖ, ഉത്തരം, നിയോഗം, സപര്യ, ഈണം പാഠഭേദം, മൊഴി അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്തവ. ഗൗരവപൂര്‍ണ്ണവും പ്രതിരോധാത്മകവുമായ ഒരു സംവാദ പരിസരമാണ്‌ ഇവയൊക്കെ ചേ‍ര്‍ന്ന അന്നത്തെ സാസ്കാരികാന്തരീക്ഷം സൃഷ്ടിച്ചത്.
ആ ഉച്ചവെയിലില്‍ നിന്ന് ഏത് മരുപ്പച്ചയിലേക്കാണ്‌ നാം മാറി നിന്നത്? തൊണ്ണൂറുകള്‍ ആവുമ്പോഴേക്കും എല്ലാം പിന്‍ മടങ്ങിയിരുന്നു. വിപ്ലവകാരികള്‍ ചിലര്‍ തോറ്റുമടങ്ങി. മരണത്തിലേക്കും ജീവിതത്തിലേക്കും. ചിലരൊക്കെ ആസ്ഥാന സാംസ്കാരികനായകന്മാരായി. ഭരണകൂടങ്ങളുടെ അക്കാദമികളുടെ മാധ്യമവ്യവസായികളുടെ സാംസ്കാരിക അംബാസഡര്‍മാരായി..
ഈ ദശകം ഇന്റര്‍നെറ്റ് എന്ന പുതുമാധ്യമത്തിന്റേത്. ഇനി ഒരു സമാന്തരപ്രിന്റ് മീഡിയാ സംസ്കാരം സ്വപ്നം കാണുന്നത് തന്നെ വ്യര്‍ത്ഥം. അമേച്വര്‍ പബ്ലിഷിങ്ങിന്റെ ഒരു പുതുകാലം വന്നിരിക്കുന്നു. എന്നാല്‍ ഗൗരവപൂര്‍ണ്‍നമായ സമീപനമോ പരിഗണനയോ ഇല്ലാത്ത രാഷ്ട്രീയമായ ഇച്ഛാശക്തിയോ സംവാദ സംകാരത്തിന്റെ സര്‍ഗാത്മകഊര്‍ജ്ജമോ ഇല്ലാത്ത അവനവന്‍ ആവിഷ്കാരങ്ങള്‍ മാത്രമായി അവിടം ചുരുങ്ങിപോകുന്നു. സര്‍ഗാത്മകമായ ഒരു കൂട്ടായ്മക്ക് രാഷ്ട്രീയമായ പൊതു ഉത്കണ്ഠകള്‍ തുറന്ന വിചാരങ്ങള്‍ പങ്കു വെക്കാനാവില്ലേ. ചില ഉണര്‍ച്ചകളെ പ്രതീക്ഷികാനും .
മലയാള നാട് എന്ന പൊതു കൂട്ടായ്മ അങ്ങനെ വികസിക്കണമെന്നാണ്‌ നമ്മുടെ പ്രത്യാശ.

**************

ഇരുമ്പ് യുഗത്തിന്റെ കാലം തൊട്ടേ ഇരുമ്പയിരു സംസ്കരണത്തിന്റെ ഒരു തൊഴില്‍ സംസ്കാരവും സാങ്കേതികജ്ഞാനവും കേരളത്തില്‍ ഉടനീളം നിലന്നിരുന്നു. രണ്ട് മാസം മുമ്പാണ്‌ കോഴിക്കോട് അത്തരം ഒരു പ്രാചീനമായ ഒരു ഉലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കരുവാന്‍ കണ്ടി എന്നസ്ഥലത്ത് നിന്നും. കൊല്ലങ്കോട്, കരുവാന്‍പടി, കരുവാരക്കുണ്ട് തുടങ്ങി മലബാറില്‍ ഇരുമ്പ്പണി ചെയ്യുന്ന സമുദായത്തെ സൂചിപ്പിക്കുന്ന നിരവധി സ്ഥലനാമങ്ങള്‍ കാണാം. ഉല, കൊട്ടില, ആല തുടങ്ങിപലപേരുകള്‍ അന്നത്തെ സംസ്കരണയൂണിറ്റിനുണ്ടായിരുന്നു. കേരളത്തിലെ ഊത്താലകളെ കുറിച്ചും നമ്മുടെ നാടന്‍ ശാസ്ത്രസാങ്കേതികപാരമ്പര്യത്തെക്കുറിച്ചും ഗവേഷണസ്വഭാവംഉള്ള ഒരു പുസ്തകം ദിരാര്‍ എഴുതിയിട്ടുണ്ട്.

കേരളത്തിലേക്ക് വന്ന കൊളോണിയല്‍ ശക്തികളും ഈ പരമ്പരാഗത തൊഴിലിനെ ശ്രദ്ധിച്ചിട്ടുണ്ട്. ഐങ്കുടികമ്മാളരുടെ കുലത്തൊഴില്‍ എന്നത് വിട്ട് ഒരു ചെറു വ്യവസായമായി, സാങ്കേതികമായി കുറച്ചു മെച്ചപ്പെട്ട നിലയിലേക്ക് അന്ന് ഊത്താലകള്‍ മാറിയിരുന്നു. മുസ്ലീം പ്രമാണിമാര്‍ തന്നെ ഇത്തരം ഇരുമ്പയിര്സംസ്കരണശാലകള്‍ നടത്തിയിരുന്നു. കരുവാന്‍ അവിടെ തൊഴിലാളി ആയി മാറി.
ഇരുനൂറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ അത്തരം ആലകളെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. വൈലത്തൂരില്‍ മാത്രം ഇരുമ്പയിരു സംസ്കരിക്കുന്ന മുപ്പത്തിനാല്‌ ചൂളകളുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതികവിദ്യ മെച്ചപ്പെട്ടതാക്കാന്‍ ആലയുടെ ഉടമയായ ഒരു മാപ്പിള അദ്ദേഹത്തെ ആല കാണിക്കാന്‍ കൊണ്ടു പോകുനുണ്ട്. അയിരുരുക്കുന്ന മൂശ മെച്ചപ്പെട്ടതാണെങ്കിലും ഉല വളരെ മോശമാണെന്നാണ്‌ ബുക്കാനന്റെ അഭിപ്രായം. മലബാറിലെ കുന്നുകളില്‍ സമൃദ്ധമായി കാണുന്ന ഇരുമ്പയിര്‌ വലിയൊരു വ്യ്വസായസാധ്യതയായി അദ്ദേഹം കാണുന്നുമുണ്ട്. ചൂളകളുടെ പ്രവര്‍ത്തനവൈകല്യം മൂലം ധാരാളം ഇരുമ്പ് നഷ്ടപ്പെടുകയും കരി‍ക്കഷ്ണങ്ങള്‍ അവയില്‍ കാണപ്പെടുകയും ചെയ്യൂന്നു എന്നാണ്‌ ബുക്കാനന്‍ പറയുന്നത്. ലോഹത്തെ ശരിയായി ഉരുക്കാനുള്ള കഴിവ് തീയ്ക്ക് ഇല്ലാത്തതാണ്‌ കാരണം.. ഒരു മൂശയില്‍ നിന്ന് എട്ട് മുതല്‍ പന്ത്രണ്ട് വരെ തുലാം ഇരുമ്പ് ലഭിക്കും. ഉല്പാദന ക്ഷമത നന്നേ കുറവ്. അതാകട്ടെ ശുദ്ധമായ ഇരുമ്പും അല്ല.

എന്നാള്‍ ഉടമസ്ഥന്‌ മികച്ച ലാഭം കിട്ടുന്നുണ്ടെന്നാണ്‌ ബുക്കാനന്റെ കണക്ക്. പ്രധാനജോലിക്കാരന്‌ രണ്ട് പണമാണ്‌ കൂലി. ഉലക്കാര്‍ക്കും ചുറ്റികക്കാരനും ഒരു പണം. 27 1/2 പണമാണ്‌ ആകെ ചിലവ്. 12 തുലാം ഇരുമ്പ് കിട്ടിയാല്‍ ഉടമസ്ഥന്‌ 20 1/2 പണം വരെ ലാഭം കിട്ടും. കൊല്ലന്റെ കുടിയില്‍ നിന്ന് മുതലാളിയുടെ പരമ്പിലേക്ക് ആല മാറിയപ്പോള്‍ വിതച്ചതാര്‌? കൊയ്തതാര്‌ ? എന്ന് മനസ്സിലായല്ലോ.ഇന്‍ഡ്യയില്‍ ആദ്യ ലോകമുതലാളി വളര്‍ന്നതും ഇരുമ്പുരുക്കിയാണല്ലോ.

കൊളോണിയല്‍ അധിനിവേശം നമ്മുടെ വ്യവസായ ചിത്രം മാറ്റിയെഴുതി. പുതിയ വ്യവസായങ്ങള്‍, തൊഴില്‍ സേനകള്‍ രൂപം കൊണ്ടു. പരമ്പരാഗത കാര്‍ഷികവൃത്തി അന്യം നിന്ന് പോയിട്ടില്ലാത്തതിനാല്‍ മഴുവും മടാളും കത്തിയും കൈക്കോട്റ്റുമൊക്കെ കാച്ചി കരുവാന്‍ ദാരിദ്ര്യത്തിലും ഉലയിലെ തന്റെ തീ കെടാതെ കാത്തു. വര്‍ക്ക് ഷോപുകളുടെ വ്യാപനവും യന്ത്രവല്‍ക്കരണവും ലെയ്ത്തുകളും മെല്ലെ മെല്ലെ ആ ഉലയിലെ തീ അണച്ചത് സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നാം കണ്ടു. അവരുടെ സാങ്കേതിക ജ്ഞാനം നവീകരിച്ചില്ല. അവരെ പുതിയ തൊഴില്‍ രീതികളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നില്ല. പകുതി വെന്ത പട്ടിണി അവശേഷിപ്പിച്ച് ആ ഉത്താലകള്‍ കെട്ടടങ്ങി.

ഇന്ന് എന്റെ നാട്ടില്‍ ഏറ്റവും വലിയ വ്യവസായ ശാല ഒരു ഇരുമ്പുരുക്ക് കേന്ദ്രമാണ്‌. ഏക്കര്‍ കണക്കിന്‌ പരന്നു കിടക്കുന്ന നാല്‌ യൂണിറ്റുകള്‍. നാട്ടിന്റെ പരിസ്ഥിതിക്കും നാട്ടാരുടെ സ്വസ്ഥത്ക്കും മീതെ കരിപ്പുക പടര്‍ത്തി രാപ്പകല്‍ ഭേദമില്ലാതെ വലിയ ശബ്ദത്തോട് കൂടി പ്രവര്‍ത്തിക്കുന്നത്. പരിസരത്തുള്‍ലവര്‍ തുച്ഛമായ വിലക്ക് കമ്പനിക്ക് തന്നെ സ്ഥലം വിറ്റ് സ്വൈരജീവിതം തേടി പോയി. പാലക്കാട് ജില്ലയില്‍ ഇത്തമ് നിരവധി വ്യവസായശാലകള്‍ ഗ്രീന്‍ ചാനലിലൂടെ സ്ഥാപിക്കപ്പെട്ടു. ദിവസേന ലക്ഷക്കണക്കിന്‌ രൂപ ലാഭമുണ്ടാക്കുന്നവ. നാട്ടുകാര്‍ക്ക് തൊഴില്‍ എന്ന മുദ്രാവാക്യം വിളിച്ചാണ്‌ രാഷ്ട്രീയ പ്രമാണിമാര്‍ ഇവയെ എഴുന്നള്ളിച്ചു കൊണ്ടു വന്നത്. എതിര്‍ത്തവര്‍ വികസന വിരുദ്ധര്‍ അയി. ആയിരക്കണക്കിന്‌ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു.എല്ലാം ബീഹാറികള്‍ അല്ലെങ്കില്‍ മറ്റ് ഉത്തരേന്‍ഡ്യക്കാര്‍. ഒരു നാട്ടുകാരനും അവിടെ പണിയില്ല. സെക്യുരിറ്റി ജോലിക്ക് വരെ. പുതിയ വ്യവസായ സം രംഭം എന്ന നിലയില്‍ സബ് സിഡി നിരക്കില്‍‍ വൈദ്യുതി സര്‍കാരില്‍ നിന്നും. വന്‍ തോതില്‍ വൈദ്യുതി മോഷണം വേറെ. സബ്സിഡി കാലാവധി കഴിഞ്ഞാല്‍ കമ്പനി ഒന്നു പൂട്ടും പിന്നെ പുതിയ രജിസ്ട്രേഷനില്‍ വീണ്ടും സബ്സിഡിയോടെ പ്രവര്‍ത്തനം. കോടികളുടെ അഴിമതിചരടുകള്‍. ഇടക്കിടെ പൊട്ടിത്തെറികള്‍, അപകടമരണങ്ങള്‍ ഒന്നും വാര്‍ത്തയാകാറേ ഇല്ല.

നാലാള്‍ പൊക്കത്തിലുള്ള കമ്പനിയുടെ മതിലിനിപ്പുറം ഇപ്പോഴും കരുവാന്‍ കോളണി, വിശപ്പില്‍ അമര്‍ന്ന് ഉറങ്ങാതെ കിടപ്പുണ്ട്. ആത്മഹത്യകള്‍ ഇടക്ക് ഉണ്ടാകും. ഒളിച്ചോട്ടങ്ങളും.അവിടത്തെ ചിതലെടുത്ത ഊത്താലകളുടെ ഘന നിശബ്ദത എന്താണ്‌ വികസനം? എന്നും ആര്‍ക്കു വേണ്ടിയാണ്‌ വികസനം? എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ച ഒരു ജനതയുടെ ആവിഷ്കാരമാണ്‌.

***********

“അമരസ്ത്രീ കേവലമൊരച്ചുകൂടി ത-
നമരോച്ചുകൂടി സമരാച്ചുകൂടിയും
അമരാച്ചുകൂടിയിവളെന്‍ പ്രിയാ
മനോരമ തന്റെയമ്മ ബഹുവല്ലഭാ വരാ”
വയക്കരആര്യന്‍ നാരായണന്‍ മൂസത് 1891-ല്‍ എഴുതിയ മനോരമാവിജയം നാടകത്തിലെ ഒരു ശ്ലോകമാണത്. സംഗതി നമ്മുടെ മലയാളമനോരമയെ കുറിച്ചാണ്‌.
മാണിക്യരായരോട് ഒരു രാത്രി സ്വപ്നത്തില്‍ വന്ന് ബ്രഹ്മാവ് സരസ്വതി മനോരമ എന്ന പേരില്‍ ‍കോട്ടയത്ത് തന്റെ മകളായി പിറക്കുമെന്ന് അരുളിചെയ്തു. അപ്പോള്‍ തന്നെ അയാളുടെ ഭാര്യ അച്ചുകൂടിക്ക് ദിവ്യഗര്‍ഭമുണ്ടായി പിറ്റേന്നു തന്നെ മനോരമയെ പ്രസവിച്ചു. തന്റെ ഭാര്യയെ കാണാന്‍ പുറപ്പെട്ട മാണിക്യരായന്‍ വഴിക്ക് ചില സുഹൃത്തുക്കളെ കൂട്ടുന്നു. മനോരമയെ കല്യാണം കഴിക്കാന്‍ തയ്യാറായി പുറപ്പെട്ട ഒരു വിദ്വാനും കൂടെയുണ്ട്.അച്ചുകൂടി പ്രസവിച്ചപ്പോള്‍ ജീവനായകരനേകമുണ്ടുമെ എന്ന് അച്ചുകൂടി പറയുന്നതുകേട്ട് അവള്‍ വശപ്പിശകാനെന്നു കരുതി മാണിക്യരായന്‍ അച്ചുകൂടിയെ പ്രഹരിക്കുന്നു പിന്നെ തെറ്റിദ്ധാരണകള്‍ നീങ്ങി പുറത്തിരങ്ങിയപ്പോള്‍ അമ്പത്തഞ്ചു രാജാക്കന്മാര്‍ മനോരമക്ക് സമ്മാനം കൊടുത്തയച്ചിരിക്കുന്നു എന്നറിഞ്ഞു. പലരും മനോരമയെ മോഹിച്ചിരിക്കുന്നു.അനന്തപുരിയിലെ രാജാവിന്റെ ഹരിക്കാരന്‍ അദ്ദേഹം കൊടുത്തയച്ച പട്ടബന്ധം കൊണ്ടുവന്ന് മനോരമയെ പട്ടാഭിഷേകം ചെയ്ത് എല്ലാരും സുഖമായി വസിച്ചു എന്ന് പറയുന്നേടത്ത് നാടകം അവസാനിക്കുന്നു.
ഈ നാടകം മനോരമക്കാര്‍ ഉല്‍സാഹിച്ച് വിദ്യാവിനോദിനിക്ക് അയച്ചു. ശ്രീ. സി.പി അച്യുതമേനോന്‍ ഇതിനെഴുതിയ നിരൂപണം മലയാളത്തിലെ ഖണ്ഡനവിമര്‍ശന പാരമ്പര്യത്തിന്റെ മഹനീയ മാതൃകയാണ്‌. എഴുതിയ ആള്‍ പ്രമാണിയായ ഒരു അഷ്ടവൈദ്യനാണെന്നോ സ്പോണ്‍സര്‍ മാര്‍ മനോരമയാണെന്നോ അദ്ദേഹം പരിഗണിച്ചില്ല. മനോരമാവിജയത്തെ കുറിച്ച് പ്രശംസമായി ഒരു വാക്കു പോലും പറയുന്നതിന്‌ ഒരു മാര്‍ഗവും കാണുന്നില്ല എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ നിശിതമായ ആക്രമണം മദ്യപാനം നിര്‍ത്താന്‍ വെള്ളക്കാരില്‍ ചിലര്‍ ഉല്‍സാഹിക്കുന്നതുപോലെ ഈ വക പുസ്തകങ്ങള്‍ വില്‍ക്കുന്നതിനെ നിരോധിപ്പാന്‍ ആരും ഉല്‍സാഹിക്കാത്തതു കഷ്ടം തന്നെ എന്ന് പറഞ്ഞാണ്‌ അവസാനിപ്പിക്കുന്നത്.
നോക്കൂ.. ഇന്ന് നമ്മുടെ വിമര്‍ശനപാരമ്പര്യത്തിന്‌ നഷ്ടപ്പെട്ടുപോയ ഒരു തന്റേടവഴി അല്ലേ അത്. അഥവാ നമ്മുടെ വിമര്‍ശനപാരമ്പര്യം തന്നെ എവിറ്റെയാണ്‌ കുറ്റിയറ്റത്? ഏതെങ്കിലും മാധ്യമസിംഹങ്ങളെ അല്ലെങ്കില്‍ സാസ്ംസ്കാരികപ്രതിഷ്ഠകളെ പറ്റി തുറന്നെഴുതാന്‍ നമ്മുടെ എത്ര എഴുത്തുകാര്‍ക്ക് ചങ്കൂറ്റമുണ്ട്? നഷ്ടപ്പെടുവാന്‍ അവര്‍ക്കെത്ര വേദികള്‍, കിര്‍ത്തിപത്രങ്ങള്‍!

**********

ചിങ്ങ നാളുകളിലെ അവിട്ടം നക്ഷത്രം ജ്വലിക്കുന്ന ഒരോര്‍മ്മയുമായാണ്‌ ഉദിക്കുക. ആ ഓര്‍മ്മ പ്രതിബിംബിപ്പിക്കുന്നത് കാളവണ്ടിയില്‍ ഒരുരാജാപ്പാര്‍ട്ടുകാരനെ പോലെ ഉടുത്തൊരുങ്ങി രാജവീഥിയിലൂടെ സഞ്ചരിക്കുന്ന ആജാനുബാഹുവായ ആണൊരുത്തനെ, ശ്രീ അയ്യങ്കാളിയെ.

പുലയനും മനുഷ്യനാണ്‌ എന്ന് സവര്‍ണ്ണ മേലാളരെ കൊണ്ട് സമ്മതിപ്പിച്ച ധീരന്‍. കേരളത്തിന്റെ കര്‍ഷകതൊഴിലാളികളുടെ ചരിത്രത്തില്‍ ആദ്യത്തെ പണിമുടക്ക് നടത്തിയവന്‍. കല്ലുമാലസമരത്തിലൂടെയും മറ്റും പുലയസ്ത്രീക്കും പൊതുസമൂഹത്തില്‍ അന്തസ്സോടെ നടക്കാനുള്ള അവകാശം വാങ്ങിക്കൊടുത്തവന്‍.നിയമനിര്‍മ്മാണസഭയിലേക്ക് അധികാരത്തോടെ നടന്നു പോയവന്‍. ഭൂമിക്ക് വേണ്ടിയുള്ള പണിയെടുക്കുന്നവന്റെ അവകാശം ആദ്യമായി സ്ഥാപിച്ചവന്‍. സഹനത്തിനപ്പുറം രക്തക്ഷിതമായ ചെറുത്തുനില്പ്പിന്റെ ഉള്ളുറപ്പുള്ള സമരരീതി ദളിതനെ പഠിപ്പിച്ചവന്‍. സാധുജനപരിപാലനസ്ംഘത്തിലൂടെ ദളിതനെ സമുദായവല്‍ക്കരിക്കാന്‍ ശ്രമിച്ചവന്‍.

ശതകത്തിന്റെ അകലത്തില്‍ അയ്യങ്കാളി തുടങ്ങിവെച്ച വിമോചനസമരത്തില്‍ എത്ര വഴി മുന്നോട്ട് പോകാന്‍ ദളിതനുകഴിഞ്ഞു? ഇന്നും ഒരു പൊതു ദളിത് സ്വത്വബോധത്തിലെത്താതെ ചിതറിയ ഗോത്രങ്ങളായി വിലപേശല്‍ ശേഷിയിലാത്ത പറ്റങ്ങളായി തന്നെ അല്ലേ ദളി‍തന്റെ നില? പിറകില്‍ ഇഴയുന്ന ചൂലിന്റെ നിഴല്‍ ഇന്നും അവര്‍ പേറുന്നില്ലേ? ജനകീയജനാധിപത്യസര്‍ക്കാരുകളുടെ അമ്പതാണ്ടുകള്‍ കഴിഞ്ഞിട്ടും? അയ്യങ്കാളിയുടെ ഓര്‍മ്മ പോലും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് അങ്ങനെയാണ്‌.
ആ ജ്വലിക്കുന്ന ഓര്‍മ്മകളെ അഭിവാദ്യം ചെയ്ത് ഈ ദിനം ആരംഭിക്കാം. എല്ലാവര്‍ക്കും മലയാളനാടിന്റെ സുപ്രഭാതം!

***********************

ഗുരുജയന്തിയില്‍ ഇന്ന് കേരളം മഞ്ഞയുടുക്കും.

ശിവഗിരിയിലെ ഒരു ചുമരെഴുത്ത് നോക്കി പണ്ട് ഞാന്‍ കൗതുകം പൂണ്ടിരുന്നിട്ടുണ്ട്. ‘വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുവിന്‍ നിങ്ങള്‍ക്ക് തണല്‍ കിട്ടും, ഫലങ്ങള്‍ തിന്നുകയുമാവാം’ എന്നോ മറ്റോ ഉള്ള ഗുരുദേവവചനം. കുട്ടികള്‍ക്ക് കോപ്പിപുസ്തകത്തില്‍ എഴുതാവുന്ന അത്രയും സരളം. അത്രമേല്‍ സാധാരണം. സ്വാഭാവികം.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്, ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്,അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപംഅവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം.” എന്നിങ്ങനെ ലളിതസൂക്തികളിലൂടെ ആവിഷ്കരിക്കപ്പെട്ടതായിരുന്നു ശ്രീനാരായണ ദര്‍ശനം. ഈ ലളിതമായ പടവുകളിലൂടെയാണ്‌
“അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.” എന്ന ഗിരിശൃംഗത്തിലേക്ക് ഗുരു നടന്നടുക്കുന്നത്.ഈ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ വേണ്ടിയാണ്‌ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം രൂപീകൃമായത്. എന്നാല്‍ ഈഴവസമുദായത്തെ ഒരു രാഷ്ട്രീയശക്തിയാക്കാനായിരുന്നു ശിഷ്യരുടെ ഉദ്യമം മുഴുവനും. തുടക്കം തൊട്ടുതന്നെ ഹിന്ദു സമൂഹത്തിലെ അവഗണന മറികടക്കാന്‍ ബുദ്ധമതത്തിലേക്ക് പോണോ കൃസ്തുമതത്തിലേക്ക് പോണോ ഇസ്ലാം മതത്തിലേക്ക് പോണോ എന്നതായിരുന്നു തര്‍ക്കം. കേരളത്തിലെ ഏതൊക്കെ മണ്ഡലങ്ങളില്‍ ഏതൊക്കെ ഈഴവനെ നിര്‍ത്തണം എന്ന് നിര്‍ണ്ണയിക്കുന്ന വിലപേശല്‍ ശക്തിയായി ആ സംഘം മാറി. ഇതാദ്യമേ തിരിച്ചറിഞ്ഞ് ഗുരു പല്പ്പുവിന്‌ എഴുതി:
എന്റെ ഡോക്‍ടര്‍ അവര്‍കള്‍ക്ക്,
യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുന്‍പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന് നാരായണഗുരു.’
ഞാന്‍ ഈഴവശിവനെയാണ്‌ പ്രതിഷ്ഠിച്ചത് എന്ന് ഗുരുവിന്റെ ഐറണി പിടികിട്ടാത്ത അനുയായികള്‍ ഗുരുവിനെ കണ്ണാടിക്കൂട്ടിലെ ഈഴവദൈവമാക്കി.അയ്യങ്കാളി പറഞ്ഞപോലെ “ഒന്നാം കിട മനുഷ്യനെ അല്ല മൂന്നാം കിട ദൈവത്തെയായിരുന്നു” അവര്‍ക്കാവശ്യം.ഗുരു തോറ്റു. സംഘം ജയിച്ചു.
‘ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന്‌’ എന്നതായി സ്ഥിതി.

ലോകകപ്പ് ഫുട്ബോള്‍ കാലത്ത് വന്ന ഒരു എസ്. എം. എസ്സില്‍ ടിന്റുമോന്‍ ഗുരുവിന്റെ മഞ്ഞ പുതച്ച പ്രതിമ കണ്ട്‌ ചോദിക്കുന്നു. “പുള്ളി ബ്രസീല്‍ ഫാനാ…?”

*********************

ഏവര്‍ക്കും മലയാളനാടില്‍ സുപ്രഭാതം.

“എന്നാല്‍ ഇന്നും പരിഷ്കാരികളായ മലയാളികള്‍ യാത്ര ചെയ്യുമ്പോഴും മറ്റും തീവണ്ടിസ്റ്റേഷനിലെ പുസ്തകവില്പനസ്ഥലങ്ങളില്‍ നിന്ന് പിടിപ്പതു വില കൊടുത്ത് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങി ആകെ ഒന്ന് കണ്ണോടിച്ച് ദൂരെ മാറ്റി വെക്കുന്നത് പലപ്പോഴും കാണാറുണ്ട്. മലയാള പുസ്തകങ്ങള്‍ അപ്രകാരം വാങ്ങിക്കുന്നതും വായിക്കുന്നതും കുറേ പോരായ്മയാണെന്നുകൂടി അവര്‍ക്ക് ധാരണയുള്ളതഅയി തോന്നും. അതിനുള്ള ഒരു കാരണം മലയാളപുസ്തകങ്ങള്‍ അത്ര രസാവഹങ്ങള്‍ അല്ലാത്തതുതന്നെയായിരിക്കാം.കാഴ്ചക്കും അവ അത്ര മനോഹരങ്ങളല്ലായിരിക്കാം. മലയാള പുസ്തകങ്ങളുടെ ആകൃതിയും പ്രകൃതിയും കൂടുതല്‍ ആകര്‍ഷകങ്ങള്‍ ആക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്താല്‍ പിന്നെ ഭാഷാഭിമാനപ്രചോദിതരായി മലയാളികളെല്ലാം അവയെ വാങ്ങി വായിക്കുകയും ചെയ്യേണ്ടതാകുന്നു.”

പ്രൊഫസര്‍ പി. ശങ്കരന്‍ നമ്പ്യാര്‍ ഇങ്ങനെ എഴുതിയത് ഏതാണ്ട് എഴുപതുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌. പുസ്തകപ്രസാധനമേഖലയില്‍ വന്‍ സംരഭങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ്. ശരിയായിരുന്നു അത് . മലയാളപുസ്തകങ്ങള്‍ക്ക് റേഷനരിയുടെ കുത്തുന്ന മണം ഓര്‍മ്മിപ്പിക്കുന്ന, പഴക്കച്ചുവയുള്ള ഒരു കെട്ടും മട്ടുമായിരുന്നു പിന്നീടും ഏറെകാലം. എന്‍ ബി. എസ്സും മാതൃഭൂമിയും ഡി. സി യും പോലുള്ള വലിയേട്ടന്മാര്‍ അരങ്ങു വാഴുമ്പോഴും.

അത്രമേല്‍ സാമ്പ്രദായികമായ നമ്മുടെ പ്രസാധന രംഗത്ത് ഒരു മാറ്റം വന്നത് ഡി. ടി. പി യും ഓഫ്സെറ്റ് പ്രസ്സും ഒക്കെയായി സാങ്കേതികമേഖലയില്‍ ഏറെ മാറ്റമുണ്ടായപ്പോഴാണ്‌ , എണ്‍പതുകളുടെ അവസാനത്തില്‍. എന്നാല്‍ കെട്ടുമട്ടുകള്‍ക്കുള്ള ഒരു പുതിയ കാഴ്ചപ്പാട് മലയാളത്തില്‍ അവതരിപ്പിച്ചത് ഈ കുത്തകകള്‍ ആയിരുന്നില്ല. അതിനു മലയാളം നന്ദി പറയേണ്ടത് ഷെല്‍വി എന്ന ചെറുപ്പക്കാരനോടാണ്‌. ഗുരുവായൂരില്‍ എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ‘ശിഖ’യിലൂടെ തന്നെ തന്റെ വേറിട്ടൊരു മുദ്ര ഷെല്‍വി വെളിപ്പെടുത്തിയിരുന്നു. സെമി ചൂടന്‍ വായനക്കുള്ള മലയാളി മധ്യവര്‍ഗത്തിന്റെ നിഗൂഢതാല്പര്യത്തെ കണ്ടറിഞ്ഞ് ഇറോസ് ബുക്സ് എന്ന സംരംഭവും വന്നു. നളിനി ജമീലമാര്‍ക്കും ഡ്യൂപ്പ് ജീവിതങ്ങള്‍ക്കും പിറകേ ഡി. സി വെച്ചു പിടിക്കുന്നതിനു മൂന്ന് ദശകങ്ങള്‍ക്ക് മുമ്പാണതെന്നോര്‍ക്കണം.പിന്നീട് കോഴിക്കോട് ഒരു കുടുസ്സു മുറിയില്‍ വൈകാതെ മള്‍ബെറി എന്ന പുതിയ പ്രസാധന സംരംഭം ആരംഭിച്ചതോടെ കൈകഴുകി തൊടാന്‍ തോന്നുന്ന മലയാള പുസ്തകങ്ങളുടെ പുതുയുഗം ആരംഭിച്ചു. അരികു പറ്റി നീങ്ങിയ എഴുത്തുകളെ, നവഭാവുകത്വം സൃഷ്ടിക്കുന്ന ഒരു തലമുറയെ, പ്രവാസികളെ ഒക്കെ തൊട്ടറിഞ്ഞ് ആളെ മാടി വിളിക്കുന്ന ലേ ഔട്ടില്‍ ഒരു പുസ്തകപ്പേമാരി. ഷെല്‍വിയും കൂട്ടരും ഉറപ്പിച്ച ആ കെട്ടുമട്ടുകള്‍ക്കു പിറകെ പ്രസാധക ഭീമന്മാര്‍ മെല്ലെ ചുവടുമാറി. അത് തങ്ങളുടെ സിഗ്നേച്ചര്‍ ആകി മാറ്റി.’തലമുറകള്‍’ വന്നപ്പോള്‍ ഓരോ പുസ്തകത്തിനും ഓരോ കവര്‍ തുടങ്ങിയ പുറംപുതുമകള്‍ അവതരിപ്പിക്കപ്പെട്ടു. 2003 – ല്‍ ഒരു തുലാക്കാറ്റുപോലെ ഷെല്‍ വി സ്വയം തുലഞ്ഞപ്പോഴേക്കും മള്‍ബെറിയും ചെറുകിട പ്രസാധകരും നന്നേ മെലിഞ്ഞിരുന്നു. നാളെ നമ്മുടെ പുസ്തകപ്രസാധനചരിത്രത്തില്‍ ഷെല്‍വിയുടെ ഓര്‍മ്മയില്‍ ഒരു ഇല വെക്കുമോ നമ്മുടെ കൊട്ടാരം ചരിത്രകാരന്മാര്‍?
കഴിഞ്ഞദിവസം മുരളിയെക്കുറിച്ച് ഒലീവ് ഇറക്കിയ പുസ്തകത്തിന്റെ രൂപ സംവിധാനത്തെ പറ്റി എഡിറ്റര്‍ ഭാനുപ്രകാശ് പറഞ്ഞപ്പോള്‍ ഞാന്‍‍ ശങ്കരന്‍ നമ്പ്യാരുടെ വാക്കുകള്‍ ഓര്‍ത്തു. ഷെല്‍വിയെ ഓര്‍ത്തു. നമ്മുടെ പുസ്തകചന്ത ഇന്ന് നന്നായി അണിഞ്ഞൊരുങ്ങൊയിരിക്കുന്നു. എന്നാല്‍ നമ്മുടെ വായനാ ശീലം, മലയാള പുസ്തകങ്ങളോടുള്ള താല്പര്യം അത് ശങ്കരന്‍ നമ്പ്യാര്‍ ആഗ്രഹിച്ചതുപോലെ മാറിയോ?

റെയില്‍വേ സ്റ്റേഷനിലെ പുസ്തക വണ്ടികളെ, തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റുകളിലെ അപൂര്‍വ്വമായ അലസവായനകളെ നോക്കുമ്പോഴൊക്കെ എന്തോ വിഷാദം കനക്കുന്നു.

ഇന്നത്തെ ദിവസം മലയാളനാടില്‍ ആശയങ്ങള്‍ ജ്വലിക്കട്ടെ എന്ന് ആശംസിക്കുന്നു.

******************

മലയാളനാട്ടില്‍ സുപ്രഭാതം.
“കരിമുഖനാംഗണപതിയുംകവിമാതാവും
കാര്‍ വര്‍ണ്ണന്‍ താനുമെന്റെ ഗുരുക്കന്മാരും
ഇവിടെയൊരു സഭാ നടുവില്‍ വന്ന് നിന്ന്
സീതാ സ്വയം വരമുരപ്പാന്‍ തുണയെനിക്ക്
ആറ് മാസം മുമ്പ് പന്തല്‍ പണിതുടങ്ങി
ആലഭാരം തിങ്ങി പെരുമ്പറയുണ്ടാക്കി
ഊട്ടുപന്തല്‍ ഉറക്കും പന്തല്‍ ഉണ്ണും പന്തല്‍
ഉയര്‍ത്തി നല്ല നടപ്പന്തല്‍ നഗരപ്പന്ഋഅല്‍
പലപല രാജാകന്മാരവരിരിപ്പാന്‍ ചുറ്റും പന്തല്‍
പൂ മടലിന്‍ ഓലവെട്ടി നിറയെ തൂക്കി
പൂക്കുലയും മാല നല്ല പഴുക്ക തൂക്കി
മണിപീഠം വെച്ചതിന്മേല്‍ പൂവാട വിരിച്ച്
പാദുകങ്ങള്‍ അറിയാതെ ചെന്നു മെല്ലെ….”
ഇത് ഒരു കല്യാണപ്പാട്ടാണ്‌.വള്ളുവനാട്ടിലെ ശൂദ്രജാതികളുടെ വിവാഹവേളയില്‍ മാലയിടല്‍ നടക്കുമ്പോള്‍ പാടുന്ന പാട്ട്. പരിചമുട്ടുകളിയും ഐവര്‍കളിയുമൊക്കെയായി കല്യാണം പൊടിപൊടിക്കും പാട്ടുകൊണ്ട് കെട്ടിയായിരുന്നു കല്യാണം.ഇടക്ക് പാട്ട് കൊണ്ട് ചൂട്ട് കെട്ടി മുഖത്ത് കുത്തുകയും ചെയ്യും. ഇണങ്ങന്‍ പിണങ്ങിയേക്കും. രാത്രി കല്യാണങ്ങളായിരുന്നു പതിവ്. ഉയര്‍ന്ന ജാതിയിലാകട്ടെ പിന്നെ കല്യാണങ്ങള്‍ ആഴ്ചകള്‍ നീളുന്ന മേളമായി.നാടൊട്ടുക്കും പരക്കെ വിളിക്കല്‍ മുറ്റം ചെത്തിതേച്ച് പന്തലിടല്‍..കുളിക്കമ്വിലും അമ്പലമുറ്റത്തും ചായ പീടികയിലും ഒരു മാസം ഒരു കല്യാണം ആഘോഷിക്കും.കുടുംബക്കാര്‍ തൊട്ട് ഊണികള്‍ വരെ ദിവസങ്ങളോളം കല്യാണവീട്ടില്‍ ക്യാമ്പ് ചെയ്യും.ശ്രമക്കാരുടെയും മേല്‍നോട്ടക്കരുടെയും ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും കൊണ്ട് വീട് ആഴ്ചകളോളം മുഖരിതമാകും. വൈദ്യുതി വന്നതോടെ ഉല്‍സാഹകമ്മറ്റിക്കാരുടെ ചീട്ടുകളി രാത്രി മുഴുവന്‍ നീണ്ടു. ദിനരാത്രങ്ങള്‍ അറിയാതെ നിശബ്ദമായ ഗ്രാമത്തില്‍
വെളിച്ചത്തിന്റെ ഒരു തുരുത്ത്. ശബ്ദത്തിന്റെ ഒരു പൂരം.
ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ലോകം എത്ര മാറി. ഇന്ന് കല്യാണവീടുകളില്‍ പോലും അടക്കിപ്പിടിച്ച വൃത്തിയുള്ള വര്‍ത്തമാനങ്ങള്‍ അനുഷ്ഠാനാത്മകമഅയ കൈകൊടുക്കലുകള്‍. തീരെ ചെറിയ ആള്‍ക്കൂട്ടം വയലുകള്‍ നികത്തി പണിത കല്യാണമണ്ഡപത്തില്‍ കഷ്ടിച്ച് രണ്ട് മണിക്കൂറ് നീണ്ട ഒരു റിയാലിറ്റി ഷോ.. ആദ്യപന്തിയില്‍ ഇടിച്ചു കയറി ഒരൂണ്‌. അടുത്ത വണ്ടിക്ക് വീടുപിടിക്കല്‍. അതിനിടക്ക് ചില പരിചയ ശല്യങ്ങള്‍
ഒരു തവണ മാത്രം കാണുന്ന വീഡിയോ ആല്‍ബങ്ങളായി നമ്മുടെ കല്യാണങ്ങള്‍ എപ്പൊഴേ മാറികഴിഞ്ഞിരിക്കുന്നു.

**********************

തൃശ്ശൂരില്‍ നിന്ന് ചെറുതുരുത്തി വഴി മടങ്ങുമ്പോള്‍ മുള്ളൂര്‍ക്കരയിലെത്തുന്ന വേളയില്‍‍ വണ്ടി ഒന്ന് പതറും. ഹൃദയമിടിപ്പ് നാം കേള്‍ക്കുന്നതായി തോന്നും. തണുത്ത കാറ്റില്‍‍ യാത്ര മുഴുമിക്കാന്‍ പറ്റാതെ പോയ ആത്മാക്കളുടെ സ്പര്‍ശം നാം അറിയും. അതില്‍ മുറിഞ്ഞുപോയ ഒരു കഥകളിപദം നാം വെറിട്ട് കേള്‍ക്കും. കലാമണ്ഡലം ഹൈദരാലിയുടേ…ത്. ഇന്ന് ഓര്‍മ്മയുടെ ഒരു അകലത്തില്‍ നിന്ന് ആരായിരുന്നു ഹൈദരലി എന്ന് വീണ്ടും ചോദിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കേണ്ടതാണ്‌. പൊളിയാറായ വള്ളത്തോള്‍ കമ്പനിയിലേ ഏറ്റവും വിശേഷമായ ഒരു നിക്ഷേപം. കഥകളിപ്പാട്ടുകാരനെ നടന്റെ നിഴലില്‍ നിന്ന് മാറ്റി നിര്‍ത്തി തന്റേടമുണ്ടാക്കിയവന്‍. തുറന്ന് വെച്ച കാതു കൂടിയാണ്‌ അനുവാചകന്‍ എന്ന് ഓര്‍മ്മിപ്പിച്ചവന്‍.ആവിഷ്കരിക്കാന്‍ അനുവദിക്കാത്ത യാഥാസ്ഥിതികമായ കഥകളി അരങ്ങിനെ പൊളിച്ചുപണിയാന്‍ പ്രേരിപ്പിച്ചവന്‍. വിമര്‍ശനങ്ങളെ സൗമ്യമായി അവഗണിച്ച് ആലാപനശൈലിയില്‍ പരീക്ഷണങ്ങളുടെ വഴിയേ പോയവന്‍. അങ്ങനെ പില്‍ക്കാലം വിലയിരുത്തിയേക്കാവുന്ന എന്തൊക്കെയോ ആര്‍ജ്ജിച്ചവന്‍..
ഹൈദരാലിയുടെ ശബ്ദം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു നല്ല ആഴ്ച എല്ലാ മലയാളനാട് സുഹൃത്തുക്കള്‍ക്കും ആശംസിക്കുന്നു

************************

കര്‍ക്കിടകം തിമര്‍ക്കയാണ്‌, പല താളവേഗങ്ങളില്‍. കുറ്റിപ്പുറം പാലം പോലെയല്ല പട്ടാമ്പി. കലിതുള്ളിയ നിളക്കുമുന്നില്‍ ദിവസങ്ങളോളം അത് കമിഴ്ന്നു കിടക്കും. പെരുവെള്ളം കാലടികള്‍ക്ക് മീതെ താളം ചവിട്ടും. പട്ടാമ്പിയിലെ മഴയുടെ മേളപ്പെരുക്കത്തിന്റെ കയറ്റിറക്കങ്ങളില്‍ ചെണ്ടയുടെ അസുരമായ ഒരു നാദവും അലിഞ്ഞുചേര്‍ന്നിരിക്കുന്നു…. ചെണ്ടക്കാര്‍ക്കിത് ആത്മാര്‍പ്പണം ചെയ്യുന്ന സാധകകാലം. ഈ കാലം കേശവന്റെ നിലാസാധകത്തിന്റെ ഓര്‍മ്മകള്‍ അവരെ വിനീതരാക്കും. ഓര്‍മ്മയില്‍ വിരാട് രൂപം പോലെ തൃത്താലകേശവന്‍. ചെണ്ടയിലെ നിഷേധി. മലമക്കാവ് ശൈലിയില്‍ തന്നെ അമ്മാവന്‍ കുഞ്ഞികൃഷ്ണപൊതുവാളില്‍ നിന്ന് വ്യത്യസ്തന്‍. ജീവിച്ചിരുന്നപ്പോള്‍ തന്നെ ഒരു അവധൂതപരിവേഷം ലഭിച്ചവന്‍. ഏത് പൂരത്തിലും പുരുഷാരത്തിലും പ്രമാണി. കാറ്റായ് തുലഞ്ഞവന്‍.
ഒരു ഞായറിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ എല്ലാവര്‍ക്കും മലയാളനാട്ടില്‍ സുപ്രഭാതം. പഞ്ഞമാസമാണ്‌ പഴയ മലയാളിക്ക് കര്‍ക്കിടം. ദുരിതകാലം.പുകഞ്ഞും പുകയാതയും അടുപ്പുകള്‍ കര്‍ക്കിടകച്ചാലുകള്‍ നീന്തി ഒരു പൂവിളിക്ക് കാതോര്‍ത്തിരിക്കുന്ന കാലം. അങ്ങേതീരത്ത് ആണ്ടിലൊരിക്കലാനേലും നിറഞ്ഞുകവിയുന്ന ഒരു തൂശനിലയുണ്ട്. അവി…ടെ വിരുന്നെത്തുന്ന സദ്യവട്ടങ്ങള്‍ അതിലെത്ര പരദേശികള്‍, സ്വദേശികള്‍… അതില്‍ കരപ്രമാണി സാമ്പാറാണ്. വലിയ അക്രമി, സംഹാരരുദ്രന്‍… തോല്പ്പാവക്കൂത്തില്‍ പുലവന്മാര്‍ പറയുന്നത് നോക്കുക -“സാമ്പാര്‍ എന്റാല്‍ സാംബശിവമൂര്‍ത്തിയുടെ മുദ്രൈ അതില്‍ കണ്ടത്. സാമ്പശിവരാന പരമേശ്വരര്‍ സംഹാരമൂര്‍ത്തി. സാമ്പാറാനത് ഇലയില്‍ വിളമ്പപ്പെട്ട അന്നമെല്ലാം സംഹരിക്കും തന്മെയുണ്ട്.”
കാളന്‍ കരുമ്പനെങ്കിലും സാത്വികന്‍ “കാലന്‍ ഉയിരെ പിടിക്കും കാളന്‍ ഉരുളയെ പിടിക്കും. കാലന്‍ ഇരുന്താല്‍ മന്ത്രി ചിത്രഗുപ്തന്‍ ഉണ്ടാകും.. കാളനുണ്ടാനാല്‍ ഓലനും ഉണ്ടാകും”
ഇന്ന് സാമ്പാര്‍ ഒരു സ്വപ്ന്മല്ല. സദ്യവട്ടങ്ങളെ കുറിച്ച് കവിഭാവനയുമില്ല.അന്നവിചാരം മുന്ന വിചാരമല്ലാത്ത മലയാളി അന്നം കൊടുത്ത കൈ തിരിച്ചറിയുന്നതെങ്ങനെ? അല്ലെങ്കില്‍ എന്തൊക്കയാണ്‌ നമ്മുടെ സ്വപ്നങ്ങള്‍? മുന്നവിചാരങ്ങള്‍?

************

‘ഒന്ന് – സമീപദൃശ്യം
ഉല്‍സവപ്പറമ്പിലെ ഒഴിഞ്ഞ കോണില്‍ കതിനകുറ്റികള്‍ നിരത്തി വെച്ചിരിക്കുന്നു. വെടിക്കാരന്‍ കൈയെത്തി അവ ഓരോന്നായി തിരികാണിച്ചു പൊട്ടിച്ചു. – ഒന്ന് രണ്ട് മൂന്ന്
തുടര്‍ന്ന് വെടികള്‍ മുഴങ്ങവേ കറുത്ത പശ്ചാത്തലത്തില്‍ ആദ്യ ശീര്‍ഷകം
…’ചിത്രലേഖ അവതരിപ്പിക്കുന്നു.’
രണ്ട് – സമീപദൃശ്യം
ചെണ്ട മേളത്തിന്റെ പിന്നണിയോടെ ആചാരക്കുട കൈയിലുയര്‍ത്തി ഊരാളി ഉറഞ്ഞ് തുള്ളുകയാണ്‌.
മൂന്ന് സമീപദൃശ്യം
തോരണങ്ങള്‍ കെട്ടിയലങ്കരിച്ച എടുപ്പുകുതിര കരക്കാരുടെ ചുമലുകളില്‍ താളത്തിനൊത്ത് ഇളകിത്തുള്ളി. ആര്‍പ്പും ആരവവും ഉയര്‍ന്ന് തുടങ്ങി. ഈ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ശീര്‍ഷകം ‘കൊടിയേറ്റം’ തെളിയുകയായി
നാല്‌ – നിറഞ്ഞ പുരുഷാരത്തിനു മുന്നില്‍ കെട്ടുകാള മെലെ ആടി, തുള്ളി.’

1977 -ലാണ്‌. മലയാളി അന്ന് വരെ ശീലിച്ചിട്ടില്ലാത്ത ഒരു ദൃശ്യഭാഷയില്‍ മലയാളം സംസാരിക്കുന്ന ഒരു സിനിമ പിറന്നു. അടൂരിന്റെ ‘കൊടിയേറ്റം’. ഗോപി എന്ന അതുല്യ നടന്റെ കൊടിയേറ്റം. അതിനും ഒരു വ്യാഴവട്ടക്കാലം മുമ്പ് തന്നെ പിറന്ന ചിത്രലേഖ പുതിയ സിനിമാസംസ്കാരത്തിനുള്ള നിലമൊരുക്കിയിരുന്നു. അഞ്ച് കൊല്ലം മുമ്പ് തന്നെ സ്വയംവരം എന്ന ചിത്രത്തിലൂടെ നവസിനിമ ചലിച്ചുതുടങ്ങിയിരുന്നു.തുടര്‍ന്ന് സമാന്തരസിനിമയും മധ്യവര്‍ത്തിസിനിമയുമൊക്കെ ചേര്‍ന്ന് മലയാളസിനിമയുടെ വ്യാകരണം മറ്റൊന്നാക്കി. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും എണ്‍പതുകളായപ്പോഴേക്കും ഇടത്തരം കുടുംബത്തില്‍ കയറ്റി. അതിന്റെ ഓളക്കുത്തില്‍ മുഖ്യധാരാസിനിമക്കും വേറിട്ട മേല്‍ വിലാസം കിട്ടി. അനന്തരവും ചിദംബരവും തീയറ്ററില്‍ പച്ച കണ്ടു.
എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ മലയാളസിനിമക്ക് എന്തു സംഭവിച്ചു. നവസിനിമയും മധ്യവര്‍ത്തിസിനിമയുമൊക്കെ എങ്ങോട്ട് പോയി? ഫിലിം സൊസൈറ്റികള്‍ കടലെടുത്തു. അവശേഷിച്ചവ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളായി. പ്രായേണമലയാളപടം തമിഴിന്റെ വഴിക്ക് താന്‍ എന്ന മട്ട് മെയിന്‍ സ്ട്രീം സിനിമ എടുപ്പുകുതിരയായി മാറി. പുരുഷാരം മടങ്ങി. തീപ്പട്ടിക്കമ്പനികളെ പോലെ തീയറ്ററുകളും പൂട്ടിത്തുടങ്ങി.
അടുരോ? നാട്ടില്‍ പാര്‍ക്കാത്ത മലയാളസിനിമയെടുത്തുകോണ്ടേ ഇരിക്കുന്നു.തന്നെ തന്നെ അനാസക്തമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഏറെ അടിപിടിയുണ്ടാക്കിയ എന്റെ ഒരു ഫേസ്ബുക്ക് ചുവരെഴുത്തില്‍ ഞാന്‍ ഇങ്ങനെ ചോദിച്ചു?
ഏത് സിനിമയുടെ സന്നിധിയിലാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ആനയെ നടയിരുത്തിയിട്ടുള്ളത്?

1 Response to “ഓര്‍മ്മ”


  1. 1 മെഹെരിന്‍ സെപ്റ്റംബര്‍ 19, 2010 -ല്‍ 6:32 pm

    എന്റെ തലമുറയ്ക്ക് അന്യം നിന്ന് പോയ ഒരുപാട് അറിവുകള്‍ ..തല കുനിച്ചു പോവുകയാണ്.അജ്ഞത കൊണ്ടും അറിയാനുള്ള ആഗ്രഹം കൊണ്ടും ആദരം കൊണ്ടും.നന്ദി സര്‍.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: