വലിയ വീട്ടില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക

വലിയ വീട്ടില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക


– മണിലാല്‍

വാതില്‍ തുറന്നു തന്നെയായിരുന്നു.
സാമഗ്രികള്‍ സസൂക്ഷ്മം താഴെ വെച്ച് വാതിലില്‍ ഒന്നു തൊട്ടതേയുള്ളു.
ചിരപരിചിതയായ അതിഥിയെപ്പോലെ വാതില്‍ വാതുറന്നതും
അകംവെളിച്ചം പുറത്തേക്ക് ചാടി,കൂട്ടില്‍ നിന്നും അഴിച്ചുവിട്ട വളര്‍ത്തുമൃഗം കണക്കെ.
ഞെട്ടി പുറകിലേക്ക് മാറി.
സ്വീകരണമുറിയും തീന്മേശയും ഒന്നിച്ചൊരു മുറിയിലാണ്.
ശബ്ദമറിഞ്ഞ നത്തെലി ഭക്ഷണപാത്രത്തില്‍ നിന്നും ഇരുട്ടിലേക്ക് ലയിച്ചു.
മേശയെ പൊതിഞ്ഞു കിടക്കുന്ന ഭക്ഷണപാത്രങ്ങള്‍.

എല്ലുംതോലും മേശയില്‍ കൂടിക്കിടപ്പുണ്ട്.
കുമിഞ്ഞ ഗന്ധം അതില്‍ നിന്നും വമിച്ചു.
പാതി തുറന്ന ഫ്രിഡ്ജില്‍നിന്നും തെറിച്ച പ്രകാശം അതില്‍ നിന്നുതന്നെ ഒഴുകിയൊലിച്ച വെള്ളത്തില്‍ തിളങ്ങി.
കണ്ണും മൂക്കുമില്ലാത്ത വീട്!
കേള്‍വിയൊട്ടുമില്ല.
വീടിന്റെ ശരീരമാണെങ്കില്‍ ചേതനയറ്റ് നാറാന്‍ തുടങ്ങിയിരിക്കുന്നു.
ഇവിടെ സുരക്ഷിതമാണ്,മറ്റൊരു വീട്ടിലുമില്ലാത്ത വിധം.
അസഹനീയവുമാണ്.
പതിഞ്ഞ കാല്‍ വെയ്പ്പുകളോടെ,നര്‍ത്തകിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ കോണിപ്പടികളില്‍ മുന്നോട്ടാഞ്ഞു.
ഒരു മുറിക്കു മുന്നില്‍ നിന്ന് കാതുകൂര്‍പ്പിച്ചു.
വെടിവെപ്പിന്റെയും വാഹനങ്ങളുടെയും ഇരമ്പം അതിൽ നിന്നും.
ആ മുറിയും തുറന്നു തന്നെയായിരുന്നു.
കമ്പ്യൂട്ടറിനുമുന്നില്‍ ആറേഴുവയസ്സുള്ള ഒരു പെണ്‍കുട്ടി.
കളിക്കുകയാണ്.
അവള്‍ തിരിഞ്ഞുനോക്കി ചിരിച്ചു.
തിരിഞ്ഞു നടക്കാനാണു തോന്നിയത്.
കോണിയിറങ്ങി
ഇനിയും മുറികള്‍ പലതുണ്ട്.
ഒന്നില്‍നിന്നു മാത്രം ഒച്ച ഉയര്‍ന്നുപൊങ്ങി,ആണ്‍കൂര്‍ക്കംവലിയുടെ.
ശ്വാസം വിഴുങ്ങി ഓരോ മുറിയും ഇഴഞ്ഞു താണ്ടി.
നൂറുവരെ എണ്ണം തികക്കാന്‍ കുളത്തില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടന്ന കുട്ടിക്കാലം ഓര്‍ത്തു.
കുപ്പത്തൊട്ടി പോലെയായിരുന്നു വീടകം.
“പുതുമ പുറത്ത്“ എന്നൊരു മുദ്രവാക്യം ആ അന്തരീക്ഷം ഉയര്‍ത്തുന്നതായി തോന്നി.
അടിവയറ്റിൽ ദുര്‍ഗന്ധം സൂക്ഷിക്കുന്ന പുരാതനമായ ഒരിടം പോലെ അവിടം തോന്നിച്ചു.
സന്ദര്‍ശകരെ പിടികൂടാന്‍ പാകത്തില്‍ അതവിടെ കാത്തിരിക്കുന്നതു പോലെ.
മുഷിഞ്ഞവ,കേടുവന്നവ,കീറിപ്പറഞ്ഞവ,വക്കും തെല്ലും പൊട്ടിയവ,കാലൊടിഞ്ഞവ,കയ്യില്ലാത്തവ,രുചി നഷ്ടപ്പെട്ടവ,സൌന്ദര്യം പൊഴിഞ്ഞവ-ഇങ്ങനെയൊരു നിലവാരത്തിലുള്ളവയായിരുന്നു ആ വീട്ടിലെ ഓരോ സാധനങ്ങളും.
തന്റെ പണിയായുധങ്ങളെ കൊഞ്ഞനം കുത്തുന്നവയായിരുന്നു അലമാരകളുള്‍പ്പെടെ എല്ലാ സാധനങ്ങളും.
വരൂ…സ്വീകരിക്കൂ എന്നൊരു പ്രഖ്യാപനത്തോടെ അവ തുറന്നു കിടന്നു.
കുശാഗ്ര ബുദ്ധിയും, നിതാന്ത ജാഗ്രതയും,നൈമിഷിക ചിന്തയും ആദ്യമായി തോല്‍ക്കുന്നൊരിടം അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി അയാള്‍ക്കു തോന്നി.
അയാള്‍ തിരിച്ചുനടന്നു.
ഒരു രാത്രി കൂടി അവസാനിക്കുകയാണ്,ഒന്നും സംഭവിക്കാതെ.
ഇനി ഒരു മുറി കൂടി ബാക്കിയുണ്ട്.
വേണോ?
മനുഷ്യരുള്ള മുറിയല്ലെ.
ഒന്നു തൊട്ടതേയുള്ളു,ആ മുറിയും വിനീതമായി തുറക്കപ്പെട്ടു.
പുറത്ത് നിലാവിന്റെ ആഘോഷം.
ജനല്‍വഴി നിലാവ് ഒരു ദാമ്പത്യത്തെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു,വിശാലമായ കിടക്കയില്‍.
കാണുക.
പാന്റും ഫുള്‍ക്കയ്യന്‍ ഷര്‍ട്ടുമിട്ട ഒരാണ്‍ രൂപം.
ഷൂസ് അഴിച്ചുവെച്ചിട്ടില്ല.
ടൈ ഇഴഞ്ഞു കിടപ്പുണ്ട്.
അപ്പുറത്തേക്ക് തിരിഞ്ഞാണു കിടപ്പ്.
കൂര്‍ക്കംവലിയില്‍ അയാളുടെ ശരീരം ഊഞ്ഞാലാടുന്നു.
മറ്റൊരു ലോകത്തേക്ക് ശരീരത്തെ ക്രമപ്പെടുത്തി ഇപ്പുറത്തൊരു പെണ്‍ രൂപം കള്ളന്റെ നേര്‍ക്ക്.
നിലാവിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന കരിവാളിപ്പ് അവരുടെ കണ്‍തടങ്ങളില്‍.
തിരിച്ചു പോരുമ്പോള്‍ മേശമേല്‍ അവശേഷിച്ച രണ്ടു ഭക്ഷണപാത്രങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് അമര്‍ത്തിയടച്ചു.
ലൈറ്റെല്ലാം കെടുത്തി.
വാതില്‍ പുറമെ നിന്നടക്കുമ്പോള്‍ ആ വീട്ടിലെ വലിയ ജീവിതത്തെക്കുറിച്ചോര്‍ത്തു.
തിരിച്ചു നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കാതിരിക്കാൻ ആ നിശാസഞ്ചാരിക്ക് കഴിഞ്ഞില്ല.

Advertisements

0 Responses to “വലിയ വീട്ടില്‍ കയറുമ്പോള്‍ ശ്രദ്ധിക്കുക”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: